അവശ്യം ഭാവിപര്യന്തദുഖത്വാത്സകലാന്യപി
സുഖാന്യേവാതിദുഖാനി വരം ദുഃഖാന്യതോ മുനേ (6.2/24/5)
മാങ്കി പറഞ്ഞു: ഭഗവാനെ, എന്റെ സംശയങ്ങളെ നിവാരണം ചെയ്യാന്‍
വേണ്ടി പത്തുദിക്കുകളും ഞാന്‍ അലഞ്ഞു. ഇതുവരെ അതിനു യോഗ്യനായ ഒരാളെ കണ്ടു
കിട്ടിയിട്ടില്ല. എന്നാല്‍ അങ്ങയുടെ സത്സംഗം ഏറ്റവും ഭാഗ്യശാലികളായവര്‍ക്ക് മാത്രം
കിട്ടുന്ന ഒരനുഗ്രഹമായി ഞാന്‍ കണക്കാക്കുന്നു. ഈ ലോകത്തില്‍ വിഷയവസ്തുക്കള്‍
ഉണ്ടായി നശിച്ച് പോകുന്നു. അനുഭവങ്ങളോ, ആകുലതകളുടെ ആവര്‍ത്തനം മാത്രമാണ്.
“എല്ലാ സുഖാനുഭവങ്ങളും ഒടുവില്‍
ചെന്നെത്തുന്നത് ദുഖത്തിലാണ്. അതിനാല്‍ ഞാന്‍ ദുഖദായിയായ സുഖത്തെക്കാള്‍
ദുഖത്തെയാണ് ശ്രേഷ്ഠമായി കണക്കാക്കുന്നത്.” സുഖദുഖങ്ങളുടെ ആവര്‍ത്തനം എന്നില്‍
വികലഭാവനകള്‍ ഉണ്ടാക്കുന്നു. അതെന്റെ ആത്മവികാസത്തിനു തടസ്സം നില്‍ക്കുന്നു. അവ
ആത്മചൈതന്യത്തെ പ്രതിഫലിക്കുന്നില്ല. അജ്ഞാനിയുടെ ജീവിതം നയിക്കുകയാല്‍ ആര്‍ജ്ജിച്ച
വാസനകള്‍ എന്നെ പാപപങ്കിലമായ കര്‍മ്മങ്ങളിലേക്കാണ് ആനയിക്കുന്നത്.
ഇതുവരെ
ഞാനെന്റെ ജീവിതകാലം പാഴാക്കിക്കളഞ്ഞു. സുഖാസക്തിക്ക് ഒരിക്കലും ഒരു സഫലീകരണം,
അല്ലെങ്കില്‍ പൂര്‍ണ്ണത ഉണ്ടാവുന്നില്ല. സംതൃപ്തി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്കൊന്നിനും
വിജയം കൈവരിക്കാനാവുന്നില്ല. എന്നാല്‍, ഈ ആസക്തികളോ അവ ഒടുങ്ങുന്നുമില്ല.
ശിശിരകാലത്ത് ഇലകള്‍ കൊഴിഞ്ഞ് പോകുന്നു. എന്നാല്‍ ഈ ആശകള്‍ ഒഴിയുന്നില്ല.
ഹൃദയത്തില്‍ ഉയരുന്ന ആശങ്കകള്‍ മറ്റനേകം അത്യാഹിതങ്ങളെ ക്ഷണിച്ചുവരുത്തുന്നു.
ഐശ്വര്യങ്ങളോടെ
അനുഗൃഹീതജീവിതം നയിക്കുന്നവരുടെ വാഴ്ചപോലും ദുരിതപൂരിതമാവുന്നു. പലപ്പോഴും
അത്തരം ഐശ്വര്യങ്ങള്‍ ദുഖത്തിന്റെ പടുകുഴിയില്‍ വീഴാത്താനുള്ള കെണികളാവുന്നു.
എന്റെ ഹൃദയം പാപപങ്കിലമായ വാസനകളാല്‍ ഇളകിമറിഞ്ഞുകിടക്കുന്നതിനാല്‍,
ഇന്ദ്രിയസുഖങ്ങള്‍ക്ക് പിറകേ നടക്കുന്ന ആളെന്നനിലയില്‍ മഹാത്മാക്കള്‍ എന്റെ നേരെ
നോക്കുന്നുപോലുമില്ല. ഇതൊക്കെയാണെങ്കിലും എന്റെ മനസ്സ് വീണ്ടും നാശത്തിന്റെ പാതയില്‍ത്തന്നെയാണ്.
അതിനിയും മരിച്ചിട്ടില്ലല്ലോ.
എന്നിലെ
അജ്ഞാനാന്ധതയിലാണ് അഹങ്കാരം തഴച്ചുവളരുന്നത്. അതിലേയ്ക്ക് ശാസ്ത്രപഠനമെന്ന
ചാന്ദ്രപ്രകാശം വീഴ്ത്താന്‍, മഹാത്മാക്കളുമായുള്ള സത്സംഗത്തിന്റെ വെളിച്ചം
പരത്താന്‍ ഇനിയും എനിക്കായിട്ടില്ല. എന്നിലെ അജ്ഞാനമെന്ന ആന, ആത്മജ്ഞാനമെന്ന
സിംഹത്തെ ഇനിയും കണ്ടുമുട്ടിയിട്ടില്ല. എന്നിലെ കര്‍മ്മത്തിന്റെ കാട്ടുപുല്ല്
അതിനെ എരിച്ചു കളയാനുള്ള അഗ്നിയെ ഇനിയും വരിച്ചിട്ടില്ല.
എന്നിലെ
മനോപാധികളുടെ തമസ്സിനെ നശിപ്പിക്കുവാന്‍ ആത്മാന്വേഷണമെന്ന പ്രകാശം എന്നില്‍ ഇനിയും പ്രോജ്വലിച്ചിട്ടില്ല. മഹാമുനേ, ബുദ്ധികൊണ്ട് എനിയ്ക്ക് നിശ്ശൂന്യമെന്ന് മനസ്സിലാവുന്ന
കാര്യം എന്റെമുന്നില്‍ യഥാര്‍ത്ഥ്യമെന്നപോലെ തെളിഞ്ഞു നില്‍ക്കുന്നു. എന്റെ
ഇന്ദ്രിയങ്ങള്‍ എന്നെ കാര്‍ന്നു തിന്നുന്നു.
ശാസ്ത്രസംബന്ധിയായ
അറിവുകള്‍ പോലും നിലവിലുള്ള ആവരണങ്ങളുടെ
മറനീക്കാന്‍ എന്നെ സഹായിക്കുന്നതിനുപകരം മറ്റൊരു മൂടുപടമെന്നെ
അണിയിക്കുകയാണോ എന്ന് ഞാന്‍ സംശയിക്കുന്നു. ഞാന്‍ ആകെ ചിന്താക്കുഴപ്പത്തിലാണ്.
ഭഗവന്‍, പറയൂ എന്താണെനിക്ക് സത്യമായും അഭികാമ്യമായുള്ളത്?
No comments:
Post a Comment
Note: Only a member of this blog may post a comment.