അപി കുത്സിതമപ്യന്യദപ്യധര്‍മമയക്രമം
ശ്രേഷ്ഠം തേ സ്വം യഥാ കര്‍മ
തഥേഹാമൃതവാന്‍ഭവ (6/53/14)
ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം
ഇങ്ങിനെ തുടരുന്നു: അര്‍ജുനാ, നീയല്ല കൊല്ലുന്നത്. ഈ വൃഥാഹങ്കാരത്തെ
ദൂരെക്കളഞ്ഞാലും. ജനന മരണ ജരാനരകളില്ലാത്ത ആത്മാവാണ് നീ.
അഹംകാരമില്ലാത്ത, ബുദ്ധി
യാതൊന്നുമായും സംഗത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ഒരുവന്‍ കൊല്ലുന്നില്ല. അവനാല്‍ ഈ
ലോകം മുഴുവനും നശിക്കപ്പെട്ടാലും അതയാളെ ബാധിക്കുകയില്ല. അതിനാല്‍ ‘ഇത് ഞാനാണ്’,
‘ഇതെന്റെതാണ്’ എന്ന് തുടങ്ങിയ ധാരണകളെ ഇല്ലാതാക്കൂ. ഈ ധാരണകള്‍ തന്നെയാണ് ‘ഞാന്‍
നശിച്ചു’ എന്നെല്ലാം ചിന്തിച്ചു നമ്മെ പീഡിപ്പിക്കുന്നത്. ‘ഞാനാണ് ഇത്
ചെയ്യുന്നത്’ എന്ന് കരുതുന്നത് കേവലം അഹംകാരത്തിനടിമയായവര്‍ മാത്രമാണ്.
ഒരെയോരാത്മാവിന്റെ, അനന്തമായ അവബോധത്തിന്റെ വൈവിദ്ധ്യമാര്‍ന്ന വിഭൂതികളാണിവയെല്ലാം.
കണ്ണുകള്‍ കണ്ടുകൊള്ളട്ടെ.
കാതുകള്‍ കേട്ടുകൊള്ളട്ടെ. ത്വക്ക് സ്പര്‍ശനമറിയട്ടെ. നാവ് സ്വാദറിയട്ടെ.
ഇതിലൊക്കെ ‘ഞാന്‍’ എവിടെയാണുള്ളത്? മനസ്സ് പലവിധ ധാരണകളില്‍ മുങ്ങിനില്‍ക്കുമ്പോഴും
‘ഞാന്‍’ എന്ന് പറയാനുള്ള യാതൊന്നും വാസ്തവത്തില്‍ ഇല്ലതന്നെ. യോഗികള്‍ തങ്ങളുടെ
സ്വാത്മശുദ്ധിക്കായി മനസാലും, ഇന്ദ്രിയങ്ങളാലും കര്‍മ്മം ചെയ്യുന്നു. അവരെ അവ
ബാധിക്കുന്നില്ല. ഒരാള്‍ക്കുള്ളില്‍ അഹങ്കാരം എന്ന ചെളിപുരണ്ടിട്ടുണ്ടെങ്കില്‍
എത്ര പണ്ഡിതശിരോമണിയാണെങ്കിലും അയാള്‍ നികൃഷ്ടന്‍ തന്നെ.
എന്നാല്‍ മറിച്ച് അഹംകാരരഹിതനായ
ഒരുവന്‍ സമ്പത്തിന്റെ ആശ്രയമില്ലാതെ എല്ലാവരെയും, എല്ലാറ്റിനെയും, സമചിത്തതയോടെ
കണ്ടുവെങ്കില്‍ അയാള്‍ മുക്തനാണ്. അയാള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക്
മറ്റുള്ളവരുടെ അംഗീകാരം കിട്ടിയാലും ഇല്ലെങ്കിലും, അഹിതകര്‍മ്മങ്ങളാണെങ്കില്‍പ്പോലും അവ
അയാളെ ബാധിക്കുകയില്ല.
അതിനാല്‍ അര്‍ജുനാ, നിന്റെ
ഇപ്പോഴത്തെ ധാര്‍മ്മികമായ കര്‍മ്മം ഒരു യോദ്ധാവിന്റേതാണ്. അതില്‍ ഹിംസയുണ്ടെങ്കില്‍പ്പോലും
ആ കര്‍മ്മം ഉചിതവും ഉല്‍ക്കൃഷ്ടവുമാണ്. “ആ കര്‍മ്മം എത്ര നികൃഷ്ടമെന്നും അധാര്‍മ്മികമെന്നും
ചിലപ്പോള്‍ തോന്നിയാലും അവ നിനക്ക് ഉചിതമത്രെ. ഈ കര്‍മ്മത്തെ സര്‍വ്വാത്മനാ അനുഷ്ടിക്കുന്നത്
നിനക്ക് ശ്രേയ്സ്ക്കരവുമാണ്.”
കേവലം
ഒരു മൂഢന്റെപോലും സ്വാഭാവികമായ കര്‍മ്മങ്ങള്‍ ഉല്‍ക്കൃഷ്ടം തന്നെയാണ്. അപ്പോള്‍പ്പിന്നെ
ശ്രേഷ്ഠന്‍മാരുടെ കാര്യം പറയാനുണ്ടോ? യോഗമെന്ന രീതിയില്‍ നിന്റെ കര്‍മ്മം ചെയ്യുക.
കര്‍മ്മത്തോട് ആസക്തിയില്ലാത്ത പക്ഷം അത് നിന്നെ ബന്ധിക്കുകയില്ല. പ്രശാന്തനായിരിക്കൂ. ബ്രഹ്മം പ്രശാന്തമാണ്. നിന്റെ കര്‍മ്മം
ബ്രഹ്മഭാവത്തിലായിത്തീരട്ടെ. നിന്റെ എല്ലാ കര്‍മ്മങ്ങളും ബ്രഹ്മാര്‍ച്ചനകളാവട്ടെ.
അങ്ങിനെ നീ ബ്രഹ്മം തന്നെയായിത്തീരട്ടെ.
ഈശ്വരന്‍
എല്ലാത്തിലും അധിവസിക്കുന്നു. നിന്റെ കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്ത്
എല്ലാറ്റിലും അധിവസിക്കുന്ന ഭാഗവാനെപ്പോലെ നീയും പ്രശോഭിതനാവട്ടെ. എല്ലാ
ചിന്തകളെയും ധാരണകളെയും ഉപേക്ഷിച്ച് നീയൊരു യഥാര്‍ത്ഥ സന്യാസിയാവൂ. അങ്ങിനെ
നിന്റെ ബോധത്തെ പരിമിതികളില്‍നിന്നും മുക്തമാക്കൂ. ചിന്താധാരണകളുടെ അന്ത്യം,
മാനസീകോപാധികളുടെ അവസാനം, പരമാത്മാവാണ്; പരബ്രഹ്മം. ഇതിലേയ്ക്കുള്ള പ്രയത്നമാണ്
യോഗം. അല്ലെങ്കില്‍ ജ്ഞാനം.
No comments:
Post a Comment
Note: Only a member of this blog may post a comment.