Nov 14, 2013

382 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 382

യദി തത്പദമാപ്തോസി കദാചിത്കാലപര്യയാത്
തദഹംഭാവനാരൂപം ന മങ്ക്തവ്യം ത്വ്യയാ പുന: (6/44/5)

വസിഷ്ഠന്‍ തുടര്‍ന്നു: അനാസക്തമായ മനസ്സോടെ കര്‍മ്മേന്ദ്രിയങ്ങളാല്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ‘കര്‍മ്മങ്ങളല്ല’. ഇന്ദ്രിയസുഖങ്ങള്‍ വെറും നൈമിത്തികങ്ങളാണ് കാരണം  ഈ സുഖാനുഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സുഖം ഒരുപോലെ തീവ്രമായി ആവര്‍ത്തിക്കപ്പെടുന്നില്ലല്ലോ. അത്തരം നൈമിത്തിക സുഖങ്ങളില്‍ മന്ദബുദ്ധികള്‍ മാത്രമേ ശ്രദ്ധ പതിപ്പിക്കുകയുള്ളു. മാത്രമല്ല ഒരുവസ്തു നമുക്ക് സന്തോഷം നല്‍കണമെങ്കില്‍ നാം അതിനു വേണ്ടി ആഗ്രഹിക്കണം. അതായത്‌ സുഖമെന്നത് ആഗ്രഹത്തിന്റെ സ്വന്തമാണ്. അതിനാല്‍ ആഗ്രഹവും ആസക്തിയും ഉപേക്ഷിക്കൂ.    

“കാലക്രമത്തില്‍ നിനക്ക് ആത്മാവിന്റെ നിറവ് അനുഭവവേദ്യമായിത്തീരുകയാണെങ്കില്‍ അതിനെ നിന്റെ മനസ്സില്‍ ഒരോര്‍മ്മയായി, അഹംകാരമായി കരുതിവെയ്ക്കരുത്. കാരണം അത് വീണ്ടും ആഗ്രഹമായി പുനര്‍ജനിക്കാന്‍ സാധ്യതയുണ്ട്. ആത്മജ്ഞാനമാര്‍ജ്ജിച്ചു കഴിഞ്ഞാല്‍പ്പിന്നെ വീണ്ടും അഹംകാരത്തിന്റെ ചെളിക്കുണ്ടിലേയ്ക്ക് വീഴാന്‍ ഇടയാവരുത്‌. ആശകളൊക്കെ അവസാനിക്കട്ടെ. ധാരണകള്‍ ഇല്ലാതാവട്ടെ. മനസ്സ് 'നിര്‍മന'മെന്ന അവസ്ഥയെ പ്രാപിച്ച് അനാസക്തമായ ജീവിതം നയിച്ചാലും.

അജ്ഞാനത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമേ നാം ബന്ധനത്തിലാവുന്നുള്ളു. ആത്മജ്ഞാനമുണ്ടെങ്കില്‍ നിന്നെ ബന്ധിക്കാന്‍ യാതൊന്നുമില്ല. അതിനാല്‍ ആത്മജ്ഞാനത്തില്‍ സദാ ജാഗരൂകനായി വര്‍ത്തിച്ചാലും. ഇന്ദ്രിയാനുഭവങ്ങളില്‍ മുഴുകാത്തിടത്തോളം, യാദൃശ്ചികമായി, അനിഛാപൂര്‍വ്വം  വന്നുചേരുന്ന അനുഭവങ്ങളെ നിസ്സംഗനായി സ്വീകരിച്ച് ജീവിക്കുമ്പോള്‍ നീ സമതയുടെ, സംതുലിതാവസ്ഥയില്‍ നിര്‍മലതയോടെ വിരാജിക്കുന്നു. അപ്പോള്‍ ലീനവാസനകളോ ഓര്‍മ്മകളോ നിന്നെ അലട്ടുകയില്ല. 

ആയിരക്കണക്കിന് പ്രലോഭനങ്ങളുടെ നടുവിലും നിനക്ക് ആകാശംപോലെ നിത്യശുദ്ധനായി കഴിയാം. അറിവ്, അറിയല്‍ , അറിവാളി എന്ന ത്രിപുടികള്‍ ഇല്ലാതെയായി ആത്മാവില്‍ അവ ലയിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒരിക്കലും നിന്റെയുള്ളില്‍ വിഭാഗീയത ഉടലെടുക്കുകയില്ല. മനസ്സിന്റെ ചെറിയൊരു ഇളക്കത്തില്‍ സംസാരമെന്ന ഈ ലോകം ഉണ്ടായി മറഞ്ഞുപോകുന്നു. എന്നാല്‍ ഈ മനസ്സിനെ എല്ലാ ചാഞ്ചാട്ടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പ്രാണനിരോധത്തിനു കഴിയും എന്നറിയുക. പ്രാണന്റെ ചലനത്തില്‍ സംസാരസാഗരം ഉണ്ടായി മറയുന്നു. എന്നാല്‍ ഈ ചലനത്തെ നിസ്തന്ദ്രമായ അഭ്യാസം കൊണ്ട് നിരോധിക്കാന്‍ കഴിയും.

അജ്ഞാനത്താലാണ് സ്വയം ബന്ധിതമാവുന്ന കര്‍മ്മങ്ങള്‍ ഉണ്ടാവുന്നത്. അവ പെട്ടെന്ന് തന്നെ അവസാനിക്കുകയും ചെയ്യുന്നു. ഗുരൂപദേശം, ശാസ്ത്രപഠനം മുതലായവയുടെ പിന്‍ബലത്തോടെയുള്ള  ആത്മനിയന്ത്രണസാധനകള്‍ കൊണ്ട് കര്‍മ്മങ്ങളെ നിയന്ത്രിക്കാം. മനസ്സിന്റെ ചലനം കൊണ്ടാണല്ലോ ലോകമെന്ന ഈ മായക്കാഴ്ച ഉണ്ടായിരിക്കുന്നത്. മനസ്സിന്റെ ചലനം അവസാനിക്കുമ്പോള്‍ ഈ മായയും അവസാനിക്കുന്നു. മനസ്സ് നിര്‍മനമാവുന്നു. പ്രാണായാമത്താലും ഇത് സാദ്ധ്യമാണ്. അതാണ്‌ പരമമായ അവസ്ഥ.


നിര്‍മനാവസ്ഥയില്‍ ഉളവാകുന്ന അഹൈതുകമായ ആനന്ദം ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗത്തില്‍പ്പോലും ലഭ്യമല്ല. അതിനെ വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. അതിനെ ‘ആനന്ദാവസ്ഥ’യെന്നു പറയുന്നത് പോലും ശരിയല്ല. അത് ശുദ്ധസത്വമാണ്. ഇതറിയുന്നവന്റെ മനസ്സ് വാസ്തവത്തില്‍ നിര്‍മനമത്രേ. അങ്ങിനെ നിര്‍മനാവസ്ഥയില്‍ കുറച്ചു സമയം കഴിയുമ്പോള്‍ തുരീയാതീതമായ അവസ്ഥയായി. അതിനെ ഒരവസ്ഥയെന്ന് പറയാന്‍കൂടി വയ്യ. അതീന്ദ്രിയത്തിനും അപ്പുറമാണ് ആ തലം. 

No comments:

Post a Comment

Note: Only a member of this blog may post a comment.