Nov 11, 2013

379 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 379

വാസനാവശതോ ദുഃഖം വിദ്യമാനേ ച സാ ഭവേത്
അവിദ്യമാനം ച ജഗന്‍മൃഗതൃഷ്ണാംബുഭംഗവത്‌ (6/41/52)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ഈ അഹംകാരമാണ് പിന്നീട് കാലദേശാദി ധാരണകള്‍ക്ക് ജന്മം നല്‍കുന്നത്. പ്രാണവായുവിന്റെ ആര്‍ജ്ജവത്തില്‍ അത് വ്യക്തിഗതജീവനായിത്തീരുന്നു. പിന്നെയങ്ങോട്ട് ഈ വ്യക്തി, ധാരണകള്‍ക്ക് വശംവദനായി അജ്ഞാനത്തിന്റെ ഇരുട്ടിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. അതാണ്‌ മനസ്സ്. പലവിധ രൂപഭാവങ്ങള്‍ സ്വാംശീകരിച്ച മാനസീകോര്‍ജ്ജങ്ങളോടെ അങ്ങിനെ മനസ്സുണ്ടാകുന്നു. ഇവയെല്ലാം കൂടി ‘അതിവാഹിക’ ദേഹം എന്നറിയപ്പെടുന്നു. ഈ സൂക്ഷ്മശരീരമാണ് ഒരനുഭവതലത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.    

അതിവാഹിക ദേഹത്തിന്റെ സൂക്ഷ്മമായ ഊര്‍ജ്ജത്തിനനുസൃതമായി പ്രപഞ്ചവസ്തുക്കള്‍ സങ്കല്‍പ്പകല്‍പ്പനയാല്‍ മൂര്‍ത്തീഭവിച്ചു. അങ്ങിനെ തന്നെയാണ് മറ്റ് ഇന്ദ്രിയങ്ങളും (കാഴ്ച, സ്പര്‍ശം, കേള്‍വി, സ്വാദ്, മണം) അവയ്ക്കനുയോജ്യമായ വസ്തുക്കളും, തദ്ജന്യങ്ങളായ അനുഭവങ്ങളും ഉണ്ടായത്‌. എന്നാല്‍ വാസ്തവത്തില്‍ ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലതന്നെ. ഒന്നേയൊന്നുമാത്രമായ അനന്താവബോധത്തില്‍ ഉണ്ടായെന്നു സങ്കല്‍പ്പിക്കപ്പെട്ട വ്യതിയാനങ്ങള്‍ മാത്രമാണിവ. 

സ്വപ്നത്തിലെ വസ്തുക്കള്‍ ഒരുവന്റെ ഉള്ളില്‍ത്തന്നെ നിലകൊള്ളുന്നു. അതുപോലെ ലോകം അനന്തതയില്‍ നിന്നും വിഭിന്നമല്ല. സ്വപ്നത്തിലും നാം കാണുന്ന വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യഭാവമാണല്ലോ ഉള്ളത്. അതുപോലെയാണ് ജാഗ്രത്തിലെ കാര്യവും. എല്ലാത്തിനും വസ്തുതാപരമായ ഉണ്മ ഒരു പ്രതീതിയായി നിലകൊള്ളുന്നു. എന്നാല്‍ അവയ്ക്ക് പിന്നിലെ സത്ത തിരിച്ചറിയുമ്പോള്‍ എല്ലാമെല്ലാം ഭഗവാന്‍ മാത്രമാണെന്ന സാക്ഷാത്കാരമുണ്ടാവുന്നു.

എന്നാല്‍ അതും സത്യമല്ല. കാരണം വസ്തുക്കള്‍ വാസ്തവത്തില്‍ ഉണ്ടായിട്ടില്ല. സങ്കല്‍പ്പ ധാരണകളാണ് അവയ്ക്ക് വസ്തുതാപരമായ അസ്തിത്വം നല്‍കുന്നത്. അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയ്ക്ക് അസ്തിത്വം ഉണ്ടെന്നു തോന്നുകയാണ്. ഇങ്ങിനെ ‘യാഥാതതം’ ആയി സങ്കല്‍പ്പിക്കുന്നത് ബോധത്തിലും പ്രതിഫലിക്കാന്‍ ഇടയാകുന്നു. ഈ ധാരണകളുടെ വലയത്തില്‍പ്പെട്ട് അത് ദുരിതമനുഭവിക്കുന്നു. ഉപാധികള്‍ക്ക് വശംവദമാവുന്നു. 

“ഉപാധികള്‍ ദുഖത്തെ ക്ഷണിച്ചു വരുത്തുന്നു. എന്നാല്‍ അവ ചിന്തകളെയും ധാരണകളെയും ആശ്രയിച്ചിരിക്കുന്നു. മനസ്സേന്ദ്രിയ സംബന്ധിയാണ് ഉപാധികള്‍ . അവ നല്‍കുന്ന അനുഭവങ്ങള്‍ക്കെല്ലാം അതീതമാണ് സത്യം. ലോകം വെറുമൊരു മരീചികപോലെയൊരു മായക്കാഴ്ച മാത്രമാണ്.” സത്യം അങ്ങിനെയായിരിക്കെ ആര് ആരെ ഉപാധികള്‍ക്ക് വിധേയമാക്കുവാനാണ്? ആരാണവയാല്‍ ബാധിക്കപ്പെടുക? മരീചികയിലെ ജലം ആര്‍ക്കാണ് കുടിക്കുവാന്‍ കഴിയുക? 

അങ്ങിനെ എല്ലാമെല്ലാം ഉപേക്ഷിച്ച് കഴിയുമ്പോള്‍ സത്യം മാത്രം അവശേഷിക്കുന്നു. അവിടെ ഉപാധികളില്ല. മാറ്റങ്ങളുമില്ല. അത് ഭാവമോ അഭാവമോ ആവാം. എന്നാല്‍ ‘അത്’ മാത്രമേയുള്ളൂ. മാനസീകോപാധികള്‍ കേവലം ഭൂതപിശാചുക്കളെപ്പോലെ ഭ്രമകല്‍പ്പന മാത്രമാണ്. അതിനെ അവസാനിപ്പിക്കുമ്പോള്‍ സൃഷ്ടിയെന്ന ഭ്രമവും അവസാനിക്കുന്നു.

ഇപ്പറഞ്ഞ അഹംകാരവും സൃഷ്ടിയെന്ന ഭ്രമവുമെല്ലാം സത്യമെന്നു കരുതുന്നവന്‍ അതിഗുഹ്യമായ ജ്ഞാനത്തിനു യോഗ്യനല്ല. ഗുരുക്കന്മാര്‍ പഠിപ്പിക്കുന്നത് ജ്ഞാനദാഹികളായ, ബുദ്ധികൂര്‍മ്മതയുള്ള ശിഷ്യരെയാണ്. മന്ദബുദ്ധികളെയല്ല. രണ്ടാമത് പറഞ്ഞ കൂട്ടര്‍ അവരുടെ ഭക്തി വിശ്വാസങ്ങള്‍ ലോകമെന്ന ഈ കാഴ്ചയില്‍ സമര്‍പ്പിക്കുന്നു. അജ്ഞാനിയായ ഒരുവന്‍ താന്‍ സ്വപ്നത്തില്‍ക്കണ്ട ഒരാള്‍ക്ക് സ്വന്തം മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുംപോലെ വിഡ്ഢിത്തമാണത്.

No comments:

Post a Comment

Note: Only a member of this blog may post a comment.