ബ്രഹ്മപൂര്യഷ്ടകസ്യാദാവര്‍ത്ഥ സംവിധ്യത്ഥോദിതാ
പൂര്യഷ്ടകസ്യ സര്‍വസ്യ
തത്ഥൈവോദേതി സര്‍വദാ (6/51/2)
വസിഷ്ഠന്‍ പറഞ്ഞു: വിശ്വപ്രകൃതി
ഘടകങ്ങള്‍ പ്രജ്ഞയുടെയും, ചൈതന്യത്തിന്റെയും സംഘാതത്താല്‍ ഉണ്ടാക്കിയെടുത്ത ദേഹം –
പ്രഥമ പൂര്യഷ്ടകം സൂക്ഷ്മശരീരമാണ്. അതും അനന്താവബോധത്തിലെ വെറുമൊരു ധാരണയായാണ്
ഉണ്ടായത്. മറ്റു പൂര്യഷ്ടകങ്ങളും (ദേഹങ്ങളും) ഇതേപോലെയാണ് ഉണ്ടായത്. ജീവന്‍,
അതായത് പൂര്യഷ്ടകം എന്ന സൂക്ഷ്മ ശരീരം ഗര്‍ഭത്തില്‍വച്ച് എന്ത് സങ്കല്‍പ്പിക്കുന്നുവോ
അത് ഉള്ളതായി, സത്തായി ധരിക്കുകയാണ്.
പ്രപഞ്ചത്തില്‍
വിശ്വനിര്‍മ്മിതിക്കുള്ള ഘടകപദാര്‍ത്ഥങ്ങള്‍ ഉരുത്തിരിയുന്നപോലെ ജീവനിലും അവയ്ക്ക്
ചേര്‍ന്ന ഇന്ദിയങ്ങള്‍ സംജാതമാവുന്നു. എന്നാല്‍ അവയൊന്നും യഥാര്‍ഥത്തില്‍
സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇപ്പറയുന്നതെല്ലാം കാര്യങ്ങള്‍ വിശദമാക്കാനുള്ള
എളുപ്പത്തിനായി മാത്രമാണ്. തുടക്കത്തില്‍ അന്വേഷണങ്ങള്‍ക്ക് പ്രചോദനം നല്‍കിയ
ഇത്തരം ആശയങ്ങള്‍ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ തകര്‍ന്നുപോവുന്നു. അവിദ്യയെ
സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ അത് താനേ ഇല്ലാതെയാവുന്നു. കാരണം മിഥ്യയുടെ
അടിസ്ഥാനം മിഥ്യ തന്നെയാണ്.
മരുമരീചികയിലെ
ജലത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നത്. ആ ജലം ഒരിക്കലും
ഉണ്ടായിരുന്നിട്ടേയില്ലല്ലോ. സത്യത്തിന്റെ വെളിച്ചത്തില്‍ എല്ലാ വസ്തുക്കളുടെയും
ഉണ്മ വെളിപ്പെടുന്നു. അപ്പോള്‍ മായക്കാഴ്ചകള്‍ ഇല്ലാതെയാവുന്നു. ആത്മാവാണ് സത്യം.
ജീവന്‍,
പൂര്യഷ്ടകം, സൂക്ഷ്മശരീരം എന്നെല്ലാം അറിയപ്പെടുന്നതൊന്നും തന്നെ സത്യമല്ല.
അതിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള അന്വേഷണം വാസ്തവത്തില്‍ അതിന്റെ
മിഥ്യയെക്കുറിച്ചുള്ള അന്വേഷണമാണെന്നുള്ളതിനു സംശയമില്ല. ‘ജീവന്‍’ മുതലായ
വാക്കുകള്‍കൊണ്ട് മിഥ്യയുടെ യഥാര്‍ഥപ്രകൃതിയെ വിവരിക്കാനുള്ള പരിശ്രമമാണീ
പ്രഭാഷണം.
അനന്തത
ജീവന്റെഭാവം കൈക്കൊണ്ടുകൊണ്ട് സ്വപ്രകൃതിയെ മറന്നെന്നപോലെ എന്തെന്തു
അനുഭവവേദ്യമാക്കാന്‍ ഇഛിക്കുന്നുവോ അവ ഭവിക്കുന്നു. ഭൂതത്തെ ഭയക്കുന്ന കുട്ടിക്ക്
ഭൂതമെന്നത് യഥാര്‍ഥത്തില്‍ ‘ഉള്ള’താണ്. അതുപോലെ ജീവന്‍ പഞ്ചഭൂതങ്ങളെ ‘ഉള്ള’തായി
കണക്കാക്കി അവയുടെ അസ്തിത്വത്തെ സാധൂകരിക്കുന്നു. അവയെല്ലാം ജീവന്റെ ഭാവനകള്‍
മാത്രമാണെങ്കിലും ജീവന്‍ അവയെ തന്നില്‍ നിന്ന് ബാഹ്യമായി നിലകൊള്ളുന്ന
വസ്തുക്കളായി പരിഗണിക്കുന്നു. ചിലത് ബാഹ്യമെന്നും ചിലത് ആന്തരീകമെന്നും ജീവന്‍
സ്വയം അവയെ തരംതിരിക്കുന്നു. അങ്ങിനെ അവയെ അനുഭവിക്കുന്നു.
ആകാശത്തില്‍
ശൂന്യതയെന്നപോലെ അറിവ് ബോധത്തില്‍ സഹജമാണ്. എന്നാല്‍ ബോധം സ്വയം അറിവിനെ തന്റെ
ബോധത്തിന് വിഷയമായ ‘വസ്തു’വായി കരുതുന്നു. വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍
വാസ്തവത്തില്‍ കാലദേശാനുബദ്ധമാണ്. അവയുടെ പരിമിതികള്‍ ബോധത്തിലെ വിഭജനംകൊണ്ടുണ്ടാവുന്നതാണ്.
അതായത് അറിവും ബോധവും രണ്ടാണെന്നുള്ള തെറ്റിദ്ധാരണയില്‍ നിന്നുമാണീ ഭിന്നത
ഉടലെടുക്കുന്നത്.
വാസ്തവത്തില്‍
ഇത്തരം വിഭജനം ആത്മാവില്‍ ഇല്ല. കാരണം അത് കാലദേശങ്ങള്‍ക്ക് അതീതമാണ്. എങ്കിലും
അനന്താവബോധം സ്വയം ഈ വിഭിന്നങ്ങളായ ജീവികളെ ‘സൃഷ്ടിക്കുന്നു’. അതാണ് മായയുടെ ശക്തി. ആര്‍ക്കും അതിനെ
വെല്ലാനാവില്ല. നിശ്ശൂന്യതയ്ക്ക് സ്വയം തന്നെത്തന്നെ പ്രതിഫലിപ്പിക്കാന്‍
കഴിയുന്നില്ല. എന്നാല്‍ ബ്രഹ്മം സ്വയം പ്രതിഫലിക്കുന്നു, സ്വയം ദേഹരഹിതനെങ്കിലും
തന്നെ സ്വയം രണ്ടായിക്കാണുന്നു
No comments:
Post a Comment
Note: Only a member of this blog may post a comment.