Nov 9, 2013

377 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 377

ദേശകാലപരിച്ഛിന്നോ യേഷാം സ്യാത്‌പരമേശ്വര:
അസ്മാകമുപദേശ്യാസ്തേ ന വിപശ്ചിദ്വിപശ്ചിതാം  (6/40/12)

ഭഗവാന്‍ തുടര്‍ന്നു: എന്തുതന്നെ ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴും എപ്പോഴാണെങ്കിലും അത് ശുദ്ധബോധസ്വരൂപനായ ഭഗവാനില്‍ അര്‍പ്പിക്കുക. എല്ലാമെല്ലാം ഭഗവല്‍ പൂജയായി, സ്വാത്മപൂജയായി ചെയ്യുന്നത് ആ ഭഗവാനെ സംപ്രീതനാക്കും. ആത്മാവില്‍ നിന്ന് സ്വതന്ത്രമായി, അതിന്റെ സ്വഭാവത്തില്‍  ഇഷ്ടാനിഷ്ടങ്ങളോ ആകര്‍ഷണവികര്‍ഷണങ്ങളോ ഇല്ല. അവയെല്ലാം വെറും വാചകക്കസര്‍ത്തുകള്‍ മാത്രം.

ആശയധാരണകള്‍ ഉണ്ടാക്കാന്‍ ഇടനല്‍കുന്ന പ്രജ്ഞ, ആത്മാവ് തന്നെയായതിനാല്‍ അധികാരം, ദാരിദ്ര്യം, സുഖം, വേദന, സ്വന്തം, അപരന്‍ തുടങ്ങിയ വാക്കുകളും അവയാല്‍ വിവക്ഷിക്കാവുന്ന അര്‍ത്ഥങ്ങളും എല്ലാം ഭഗവല്‍പൂജകള്‍ തന്നെയാണ്. വിശ്വത്തെക്കുറിച്ച് ജ്ഞാനമാര്‍ജ്ജിക്കുകയാണ് വിശ്വപുരുഷനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗം.

‘ഇഹലോകം’ എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കുന്നത് ആത്മാവ് അല്ലെങ്കില്‍ അനന്താവബോധത്തെ തന്നെയാണ്. എത്ര വിസ്മയകരമെന്നു നോക്കൂ, ശുദ്ധബോധവും പ്രജ്ഞയുമായ ആത്മാവ് എങ്ങിനെയോ സ്വയം മറന്ന് വെറുമൊരു ജീവന്‍ മാത്രമാണെന്ന് കരുതി വശാവുന്നു. എന്നാല്‍ ആ വിശ്വപുരുഷന്‍ മാത്രമാണെല്ലാം എന്ന് നാമറിയണം. അതില്‍ പൂജ, പൂജാരി, പൂജിക്കപ്പെടുന്ന വസ്തു എന്നീ വിവേചനങ്ങള്‍ ഇല്ലതന്നെ. ഒരിക്കലും വിഭജിച്ചിട്ടില്ലാത്ത ഈ വിശ്വത്തെ താങ്ങിനിര്‍ത്തുന്ന വിശ്വപുരുഷനെപ്പറ്റി വിവരിക്കാന്‍ വാക്കുകള്‍ക്കാവില്ല. മറ്റൊരാളെ അതിനെപ്പറ്റി പഠിപ്പിക്കുവാന്‍ ആര്‍ക്കും കഴിയുകയുമില്ല.

“കാലദേശബന്ധിതനാണ് അല്ലെങ്കില്‍ അവയാല്‍ പരിമിതപ്പെട്ടവനാണ് ദൈവം എന്ന് വിചാരിക്കുന്നവന്‍ നമ്മുടെ പാഠങ്ങള്‍ സ്വീകരിക്കാന്‍ യോഗ്യനാണെന്നു ഞാന്‍ കരുതുന്നില്ല.” അതിനാല്‍ എല്ലാ പരിമിതധാരണകളും ഉപേക്ഷിച്ച് പൂജ, പൂജാരി, പൂജനീയന്‍ എന്നീ ത്രിപുടികളെ ത്യജിച്ച് ആത്മാവിനാല്‍ ആത്മപൂജ ചെയ്താലും. ആസക്തികളൊഴിഞ്ഞു പരിശുദ്ധനും പ്രശാന്തനുമായി വര്‍ത്തിച്ചാലും. അങ്ങയുടെ അനുഭവങ്ങളും പ്രകടിതഭാവങ്ങളുമെല്ലാം ഭഗവല്‍പൂജയായി കണക്കാക്കൂ.

പരമശിവന്‍, ബ്രഹ്മം, ആത്മാവ്, എന്നിങ്ങിനെ പലവിധ നാമങ്ങളും വൈവിദ്ധ്യങ്ങളും എങ്ങിനെയുണ്ടായി എന്ന് വിശദമായി പറയാന്‍ അഭ്യര്‍ദ്ധിച്ചതിനു മറുപടിയായി ഭഗവാന്‍ തുടര്‍ന്നു: ഉണ്മയ്ക്ക് ആദിയന്തങ്ങള്‍ ഇല്ല. അത് ഒരിടത്തും പ്രതിഫലിക്കപ്പെടുന്നില്ല. അതാണ്‌ സത്യാവസ്ഥ. മനസ്സുകൊണ്ടോ ഇന്ദ്രിയങ്ങള്‍ കൊണ്ടോ അനുഭവിക്കാന്‍ ആവില്ലാത്ത ഒന്നായതുകൊണ്ട് അതിനെ ‘അസത്ത്’ ആയും ചിലര്‍ കണക്കാക്കുന്നു.


അത് മനസ്സിന് അതീതമാണെങ്കില്‍ എങ്ങിനെയാണത്‌ സാക്ഷാത്ക്കാരിക്കുക എന്ന് വസിഷ്ഠന്‍ ചോദിച്ചതിനുത്തരമായി ഭഗവന്‍ ഇങ്ങിനെ പറഞ്ഞു: വസ്ത്രം അലക്കുന്നയാള്‍ അതിലെ ചെളി കളയുന്നത് മറ്റൊരു മാലിന്യത്തിന്റെ (സോപ്പിന്റെ) സഹായത്താലാണ്. അജ്ഞാനത്തില്‍ നിന്നും വിടുതിയാഗ്രഹിക്കുന്ന സാധകന്റെയുള്ളില്‍ ‘സാത്വികാവിദ്യ’ നിലനില്‍ക്കുന്നുണ്ടാവും. വേദശാസ്ത്രങ്ങള്‍ (അവയും അവിദ്യ തന്നെ) ഉപയോഗിച്ച് ഈ സാത്വികാവിദ്യ അജ്ഞാനത്തെ ഇല്ലായ്മചെയ്യുന്നു. അജ്ഞാനമില്ലാതാക്കുന്ന രാസത്വരകപ്രവര്‍ത്തനമാണിത്. ആത്മാവിനെ ആത്മാവിനാല്‍ സാക്ഷാത്കരിക്കുന്ന, ആത്മപ്രഭയില്‍ ആത്മദര്‍ശനം സാധിതമാവുന്ന പ്രതിഭാസം.

No comments:

Post a Comment

Note: Only a member of this blog may post a comment.