Nov 24, 2013

390 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 390

ഹേമത്വകടകത്വേ ദ്വേ സത്യാസത്യ സ്വരൂപിണി
ഹേമ്നി ഭാണ്ഡഗതേ യദ്വച്ചിത്വാചിത്തേ തഥാത്മനി   (6/51/36)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ബോധം എന്തൊക്കെ ചിന്തിക്കുന്നുവോ അവ  ഉണ്മയായി കാണുന്നു. അതിന്റെ ചിന്താധാരണകള്‍ ഒരിക്കലും വന്ധ്യമല്ല.

“ഒരു സ്വര്‍ണ്ണമാലയില്‍ രണ്ടു വസ്തുക്കളുണ്ട്. ഒന്ന്‍ സ്വര്‍ണ്ണം. രണ്ടാമതുള്ളത് മാല. ആദ്യത്തേത് ഉണ്മയാണ്. സത്യത്തില്‍ ഉള്ള വസ്തു. രണ്ടാമത്തേത് മാല എന്ന രൂപത്തിന്റെ (ജഡം) കാഴ്ച. അതുപോലെ ആത്മാവിലും ബോധമെന്ന സത്യവസ്തുവും വാസ്തവത്തിന്റെ സങ്കല്‍പ്പധാരണയായ ജഡവും ഉണ്ട്.”

ബോധം സര്‍വ്വവ്യാപിയായതിനാല്‍ ഈ ധാരണകള്‍ ഉടലെടുക്കുന്ന മനസ്സിലും അതുണ്ട്. സ്വപ്നത്തിലൊരുവന്‍ കാണുന്ന ഗ്രാമത്തില്‍ അവന്‍ തല്‍ക്കാലത്തേയ്ക്ക് ജീവിക്കുന്നു. കുറച്ചുകഴിഞ്ഞ് അയാളുടെ സ്വപ്നത്തിലെ അവസ്ഥകള്‍ മാറുന്നു, പുതിയ സ്വപ്നസാഹചര്യങ്ങളില്‍ അയാള്‍ ജീവിക്കുന്നു എന്നും കരുതുന്നു. അതുപോലെ ജീവനും ഒരു ദേഹം വിട്ടു മറ്റൊന്നിലേയ്ക്ക് പോവുന്നു. ദേഹമെന്നത് ജീവന്‍ സ്വീകരിക്കുന്ന ധാരണകളുടെ പ്രതിഫലനങ്ങള്‍ മാത്രമാകുന്നു. 
‘അസത്തായ’, ജഡമായ, ദേഹത്തിനു മാത്രമേ നാശമുള്ളു. ഈ ‘അവസ്തു’വാണ് വീണ്ടും വീണ്ടും വൈവിദ്ധ്യമാര്‍ന്ന ദേഹങ്ങളില്‍ ജനിച്ചു മരിക്കുന്നത്. സ്വപ്നാനുഭവങ്ങള്‍ പോലെ, കണ്ടതും കാണാത്തതുമായ വസ്തുക്കളെ ജീവന്റെ ‘സ്വപ്നത്തില്‍’ കാണുന്നതാണ് ലോകാനുഭവങ്ങള്‍ . അതിനു വരാന്‍ പോകുന്നതിനെപ്പോലും കാണാന്‍ കഴിയുന്നു. ഇന്നലെ ചെയ്ത തെറ്റുകളെ തിരുത്തി നന്മയിലേയ്ക്ക് മാറ്റാന്‍ സ്വപ്രയത്നത്തിനു കഴിയുന്നതുപോലെ ഭൂതകാലവഴക്കങ്ങളെ ഉചിതമായ സ്വപ്രയത്നങ്ങള്‍ വഴി തരണം ചെയ്യാം. എന്നാല്‍ ജീവന്റെ ഈദൃശമായ നിലനില്‍പ്പിനും, കണ്ണുകളുടെ (ഇന്ദ്രിയങ്ങളുടെ) പ്രവര്‍ത്തനത്തിനും അറുതിവരാന്‍ മുക്തികൈവരുകതന്നെ വേണം. അതുവരെ ഈ പ്രവര്‍ത്തനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മാറിമാറി പ്രകടമായിക്കൊണ്ടിരിക്കും.

ഒരു ദേഹത്തെ പ്രകടമാക്കാന്‍ ബോധം സ്വീകരിക്കുന്ന ഒരു ധാരണമാത്രം മതി. അതിനു യോജ്യമായ സൂക്ഷ്മശരീരം അതായത് മനോ-ബുദ്ധി-അഹംകാര-പഞ്ചഭൂതാത്മകമായ അതിവാഹികം (പൂര്യഷ്ടകം) ഉടനെ സംജാതമാവുകയായി. ആത്മാവിനു രൂപഭാവങ്ങളില്ല. എന്നാല്‍ പൂര്യഷ്ടകം എന്ന സൂക്ഷ്മശരീരം  സചേതനവസ്തുക്കളിലും അചേതനവസ്തുക്കളിലും സ്വയം നിര്‍മ്മലമാവുന്നതുവരെ വിഹരിക്കുന്നു. ദീര്‍ഘസുഷുപ്തിയിലെന്നപോലെ ജീവിച്ച് ഒടുവില്‍ നിര്‍വ്വാണപദം പ്രാപിക്കുന്നു. 
   
സൂക്ഷ്മശരീരം സ്വപ്നത്തിലും ദീര്‍ഘസുഷുപ്തിയിലും എല്ലായ്പ്പോഴും നിലനില്‍ക്കുന്നു. അത് ദീര്‍ഘനിദ്രയിലെന്നപോലെ അചേതനവസ്തുക്കളില്‍ കുടികൊള്ളുന്നു. ഇതെല്ലാം മനുഷ്യദേഹത്തിന് അനുഭവവേദ്യമാണ്. അതിന്റെ ദീര്‍ഘസുഷുപ്തി ചൈതന്യരഹിതമായ ജഡാവസ്തയാണ്. സ്വപ്നാവസ്ഥയാണ് ഈ സൃഷ്ടിയെന്ന അനുഭവം. അതിന്റെ ജാഗ്രദവസ്ഥയാണ് തുരീയമെന്ന ‘അതീതാവസ്ഥ’. സത്യത്തിന്റെ സാക്ഷാത്കാരമാണ് മോക്ഷം. ജീവന്മുക്താവസ്ഥയാണ് തുരീയബോധം. അതിനുമപ്പുറം ബ്രഹ്മം. അത് തുരീയത്തിനും അതീതമത്രേ.


എല്ലാ അണുക്കളിലും പരമ്പൊരുളല്ലാതെ മറ്റൊന്നുമില്ല. എവിടെ ലോകം കാണപ്പെടുന്നുവോ അത് ലോകമെന്ന മിഥ്യയായ കാഴ്ച്ചമാത്രം. ഈ കാഴ്ച്ചയെ നിലനിര്‍ത്തുന്നത്, അതായത് ഈ ബന്ധനത്തെ ഉറപ്പിച്ചു നിര്‍ത്തുന്നത് മാനോപാധികളാണ്. ഈ ഉപാധികള്‍ ബന്ധനവും അതില്‍ നിന്നുള്ള വിടുതല്‍ മോചനവുമാണ്. ഘനസാന്ദ്രവും സ്ഥൂലവുമായ ഉപാധികള്‍ ജഡവസ്തുക്കളാവുന്നു (കല്ല്‌, മണ്ണ്, സസ്യങ്ങള്‍ മുതലായവ); ഇടത്തരം ഘനമുള്ളവ മൃഗങ്ങളാവുന്നു. സൂക്ഷ്മഘനമുള്ള ഉപാധികള്‍ മനുഷ്യരാവുന്നു. എന്നാല്‍ ഈ വിഭിന്നതകളെപ്പറ്റിയുള്ള വിവക്ഷകള്‍ ഇനി മതിയാക്കാം. കാരണം ഈ വിശ്വം എന്നത് ഏകമായ ആ അനന്തബോധത്തിന്റെ, ചൈതന്യത്തിന്റെ പ്രത്യക്ഷം മാത്രമാണല്ലോ.     

No comments:

Post a Comment

Note: Only a member of this blog may post a comment.