Nov 21, 2013

388 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 388

പൂര്‍ണ്ണാത്പൂര്‍ണ്ണമിദം പൂര്‍ണ്ണം പൂര്‍ണ്ണാത്പൂര്‍ണ്ണം പ്രസൂയതേ
പൂര്‍ണ്ണേനാപൂരിതം പൂര്‍ണ്ണം സ്ഥിതാ പൂര്‍ണ്ണേ ച പൂര്‍ണ്ണതാ (6/50/2)

രാമന്‍ പറഞ്ഞു: എന്തറിയണമോ അതറിഞ്ഞിരിക്കുന്നു. എന്ത് കാണണമോ അതു നാം കണ്ടിരിക്കുന്നു. പരമസത്യത്തിന്റെ നിറവ് ഞങ്ങള്‍ക്ക് പ്രാപ്യമായിരിക്കുന്നു. അങ്ങ് പകര്‍ന്നു തന്ന ബ്രഹ്മജ്ഞാനമാണതിനു ഹേതുവായത്.

“പൂര്‍ണ്ണം പൂര്‍ണ്ണത്താല്‍ പൂരിതമായിരിക്കുന്നു. പൂര്‍ണ്ണം ഉണ്ടായത് പൂര്‍ണ്ണത്തില്‍ നിന്നാണ്. പൂര്‍ണ്ണം പൂര്‍ണ്ണത്തെ വിലയനം ചെയ്യുന്നു. പൂര്‍ണ്ണത്തില്‍ പൂര്‍ണ്ണം ഇപ്പോഴും സുസ്ഥിരമായി നിലകൊള്ളുന്നു.”

എങ്കിലും എന്റെ അവബോധത്തെ ഒന്നുകൂടി വികസിപ്പിക്കാനായി ഞാന്‍ വീണ്ടും ചോദിക്കട്ടെ. ദയവായി എന്നോടു ക്ഷമിച്ചാലും. എല്ലാ ദേഹത്തിലും  ഇന്ദ്രിയങ്ങള്‍ ഉണ്ടല്ലോ. അപ്പോള്‍പ്പിന്നെ മരണമടഞ്ഞ ഒരുവന്‍ എന്തുകൊണ്ടാണ് ഇന്ദ്രിയചോദനകള്‍ അനുഭവിക്കാത്തത്? അയാള്‍ ജീവിച്ചിരിക്കെ ഇതേ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവങ്ങളെ സ്വാംശീകരിച്ചിരുന്നുവല്ലോ.
 
വസിഷ്ഠന്‍ തുടര്‍ന്നു: ബോധമല്ലാതെ ഇന്ദ്രിയങ്ങളോ മനസ്സോ വസ്തുക്കളോ ഒന്നുമില്ല. ബോധമൊന്നുമാത്രമാണ് പ്രകൃതിയില്‍ വസ്തുക്കളായും വ്യക്തികളില്‍ ഇന്ദ്രിയങ്ങളായും കാണപ്പെടുന്നത്. അതേ ബോധം സൂക്ഷ്മശരീരമായി  (പൂര്യഷ്ടകം) ‘മാറുമ്പോള്‍ ’ അത് ബാഹ്യവസ്തുക്കളെ പ്രതിഫലിപ്പിക്കുന്നു. ശാശ്വതവും അനന്തവുമായ ബോധം എല്ലാ മാറ്റങ്ങള്‍ക്കും അതീതമത്രേ.

എന്നാല്‍ ‘ഞാന്‍ ഉണ്ട്’ എന്നൊരു ധാരണ അതില്‍ ഉയരുമ്പോള്‍ ആ ധാരണയാണ് ജീവന്‍. ഈ ജീവനാണ് ജീവിക്കുകയും ദേഹത്തില്‍ വിരാജിക്കുകയും ചെയ്യുന്നത്. ‘ഞാന്‍’ എന്ന അഹംഭാവന (ധാരണ) യാണ്  അഹംകാരം. മനനം (ചിന്തകള്‍ ) ഉണ്ടാവുമ്പോള്‍ അത് മനസ്സായി. അവബോധം ഉണ്ടാവുമ്പോള്‍ അത് ബുദ്ധിയായി. വ്യക്തിഗത ആത്മാവ് (ഇന്ദ്രന്‍) കാണുമ്പോള്‍ (ദൃശ്) അത് ഇന്ദ്രിയമായി. ദേഹം എന്ന ധാരണയുണ്ടാവുമ്പോള്‍ ദേഹമാവുന്നു. വസ്തുക്കളെപ്പറ്റി ധാരണകളുണ്ടാവുമ്പോള്‍ വസ്തുക്കളും ഉണ്ടാവുന്നു. 

ഇങ്ങിനെയുള്ള ധാരണകളുടെ സ്ഥിരപ്രവാഹം മൂലം സൂക്ഷ്മമായിരുന്ന വ്യക്തിത്വം വസ്തുനിഷ്ഠമായ ഒന്നായി ഘനീഭവിക്കുന്നു. ആ ബോധം ‘ഞാന്‍ ദേഹമാണ്’, ഞാന്‍ ഈ മരമാണ്’ എന്നെല്ലാം ചിന്തിക്കുന്നു. അങ്ങിനെ സ്വയം ഭ്രമിച്ചുവശായി ഉയര്‍ന്നും താഴ്ന്നും ജന്മങ്ങള്‍ കടന്നു പോവുന്നു. ഒടുവില്‍ ആത്മാവബോധത്തോടെ നിര്‍മ്മലമായ ഒരു ജന്മം സമാഗതമാവുന്നു. അപ്പോള്‍ സത്യത്തോടുള്ള സമര്‍പ്പണഭാവത്താല്‍ ആത്മജ്ഞാനം കരഗതമാവുന്നു.

'അത്' വസ്തുക്കളെ എങ്ങിനെ കാണുന്നുവെന്ന് ഇനി ഞാന്‍ പറയാം. ‘ഞാന്‍ ഉണ്ട്’ എന്ന ധാരണകൊണ്ടാണ് ബോധം ജീവനായി ദേഹത്തില്‍ നിവസിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. അതിന്റെ ഇന്ദ്രിയങ്ങള്‍ക്ക്  ബാഹ്യമായ സമാനദേഹങ്ങളെ കാണുമ്പോള്‍ അവയോട് സമ്പര്‍ക്കം പുലര്‍ത്താനും അവയെ കൂടുതല്‍ അറിയാനും അവയുമായി ഒന്നുചേരാനും ഉള്ള ചോദനയുണ്ടാകുന്നു. ഈ സമ്പര്‍ക്കം മൂലം  ആ വസ്തുക്കള്‍ സ്വയം ഉള്ളിലാണ് പ്രതിഫലിക്കുന്നത് എങ്കിലും ജീവന്‍ അവ ബാഹ്യമായാണ് കാണുന്നതെന്ന് തെറ്റിദ്ധരിക്കുന്നു.

ജീവന്‍ ഈ പ്രതിഫലനം മാത്രമേ കാണുന്നുള്ളു. അതായത് അതിന് സ്വയമറിയാം. എങ്കിലും ഈ സമ്പര്‍ക്കമാണ് ബാഹ്യവസ്തുക്കളെന്ന പ്രതീതിക്ക് നിദാനം.
 
ഇത് അജ്ഞാനിയായ, മനസ്സ് ഭ്രമിച്ചുപോയ ഒരുവനിലെ ഉള്ളു. പ്രബുദ്ധനായ ഋഷിക്ക് ഈ വിഭ്രമമില്ല.


തീര്‍ച്ചയായും വെറും ധാരണമാത്രമായ ജീവനും മറ്റെല്ലാ വസ്തുവകകളും വെറും ജഡവും ചൈതന്യരഹിതവുമാണ്. അനുഭവവേദ്യമായ പ്രതിഫലനങ്ങള്‍ വെറും മായക്കാഴ്ചകളും ബുദ്ധിഭ്രംശങ്ങളും മാത്രം. ആത്മാവ് എല്ലാമാണ്. എല്ലാക്കാലത്തും അതങ്ങിനെയായിരിക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.