Nov 10, 2013

378 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 378

അകാരണാന്യപി പ്രാപ്താ ഭൃശം കാരണതാം ദ്വിജ
ക്രമാ ഗുരൂപദേശാധ്യാ ആത്മജ്ഞാനസ്യ സിദ്ധയേ  (6/41/13)

ഭഗവാന്‍ തുടര്‍ന്നു: കരികൊണ്ട് കളിക്കുന്ന കുട്ടിയുടെ കയ്യില്‍ കറുത്ത നിറം പുരണ്ടിരിക്കും. പിന്നീടവന്‍ കയ്യുകഴുകി വൃത്തിയാക്കി വീണ്ടും കരികൊണ്ട് തന്നെ കളിക്കുന്ന പക്ഷം കയ്യില്‍ വീണ്ടും കരിപുരണ്ടു കറുക്കും. എന്നാല്‍ കഴുകി വൃത്തിയാക്കിയ ശേഷം അവന്‍ കരികൊണ്ടുള്ള കളി അവസാനിപ്പിച്ചാല്‍ പിന്നെ അവന്റെ കൈ വൃത്തിയായിത്തന്നെയിരിക്കുമല്ലോ. അതുപോലെ ആത്മാന്വേഷണകുതുകിയായ ഒരാള്‍ തന്റെ സാധനയ്ക്കൊപ്പം അവിദ്യാജന്യങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയാണെങ്കില്‍ അജ്ഞാനത്തിന്റെ അന്ധകാരം അവനിൽ ഇല്ലാതായിത്തീരും. ആത്മാവ് തന്നെയാണ് സ്വയം ആത്മസാക്ഷാത്കാരം പ്രാപിക്കുന്നത്.

ഇക്കാണുന്ന വൈവിദ്ധ്യതകളെ ആത്മാവെന്നു ധരിക്കാതിരിക്കുക. ഗുരുമുഖത്തുനിന്നും കിട്ടുന്ന അറിവിന്റെ ഫലമായാണ് ആത്മജ്ഞാനമുണ്ടാവുന്നതെന്ന് വിചാരിക്കരുത്. ഗുരുവിനും ഇന്ദ്രിയങ്ങളും മനസ്സും ഉണ്ടല്ലോ. പരബ്രഹ്മം മനസ്സേന്ദ്രിയങ്ങള്‍ക്ക് അതീതമാണ്. ഒരു വസ്തുവിന്റെ അവസാനത്തോടെ മാത്രമേ മറ്റൊന്ന് ലഭിക്കുകയുള്ളൂ എങ്കില്‍ അതുള്ളപ്പോള്‍ അതിന്റെ സഹായത്തോടെയാണ് മറ്റേത് ലഭ്യമായത് എന്ന് പറയാന്‍ വയ്യ.

“എന്നാല്‍ ഗുരുവിന്റെ നിര്‍ദ്ദേശങ്ങളും മറ്റു പഠനങ്ങളും ആത്മജ്ഞാനത്തിനുള്ള മാര്‍ഗ്ഗങ്ങളല്ലെങ്കില്‍പ്പോലും അങ്ങിനെയാണ് കണക്കാക്കി വരുന്നത്.” ഗുരൂപദേശമോ വേദശാസ്ത്രങ്ങളോ ആത്മാവിനെ കാണിച്ചുതരുന്നില്ല. എന്നാല്‍ ഇവയെക്കൂടാതെ ആത്മാവ് വെളിപ്പെട്ടുകാണാനാകും എന്ന് പറയുകയും വയ്യ. ഇവയെല്ലാം സമ്യക്കായി ഒത്തുചേരുന്ന ഒരു സന്ധിയിലാണ് ആത്മജ്ഞാനം സംസിദ്ധമാവുന്നത്.

വേദശാസ്ത്രങ്ങളുടെ അറിവ്, ഗുരുക്കന്മാരുടെ ഉപദേശം, ഉത്തമശിഷ്യന്‍, ഇവയെല്ലാം ഒത്തുചേരുമ്പോഴാണ് ആത്മജ്ഞാനമുണരുന്നത്. എല്ലാ ഇന്ദ്രിയങ്ങളും അവയുടെ പ്രവര്‍ത്തനമവസാനിപ്പിച്ച്, സുഖദുഖാദി ചോദനകള്‍ ഇല്ലാതായശേഷം ഉള്ളതെന്തോ അതാണ് ആത്മാവ്, ശിവന്‍, ‘അത്’, ഉണ്മ, സത്ത എന്നിങ്ങനെയുള്ള പദങ്ങളാല്‍ വിവക്ഷിക്കപ്പെടുന്നത്. 

എന്നാല്‍ മനസ്സേന്ദ്രിയങ്ങള്‍ അവസാനിച്ചാൽ മാത്രമല്ല ആത്മാവിന്  നിലനില്‍പ്പുള്ളു . അവയുള്ളപ്പോഴും ആത്മാവ് ആകാശമെന്നപോലെ മാറ്റങ്ങളില്ലാതെ നിലകൊണ്ടിരുന്നു.     
അവിദ്യയില്‍ ആണ്ടുമുഴുകി ഭ്രാമചിത്തരായവരോടുള്ള കൃപാവാത്സല്യങ്ങള്‍ മൂലം അവരില്‍ ആത്മീയമായ ഉണര്‍വ്വുണ്ടാക്കാനായിട്ടാണ് വിശ്വരക്ഷകരായ ബ്രഹ്മ- രുദ്ര- ഇന്ദ്രാദികള്‍ പുരാണങ്ങളും വേദശാസ്ത്രങ്ങളും രചിച്ചിട്ടുള്ളത്‌. അവയില്‍ ബോധം, ബ്രഹ്മം, ശിവന്‍, ആത്മാവ്, ഭഗവാന്‍, പരമപുരുഷന്‍ എന്നിങ്ങനെ വിവിധ നാമങ്ങളില്‍ പറയപ്പെടുന്നത് ഒരേ പരമ സത്തിനെത്തന്നെയാണ്.


ഈ വാക്കുകള്‍ വൈവിദ്ധ്യതയെന്ന അനന്തസാദ്ധ്യതയെ ദ്യോതിപ്പിക്കുന്നു എങ്കിലും സത്യത്തില്‍ ‘ഒന്നേ’യുള്ളൂ. ബ്രഹ്മം എന്ന് പറയുന്ന സത്ത അനന്താവബോധം മാത്രമാണ്. അനന്തമായ ആകാശംപോലും അതിസൂക്ഷ്മമായ അതിനു മുന്നില്‍ മഹാപര്‍വ്വതം പോലെ സ്തൂലമത്രേ. അറിയപ്പെടാവുന്ന ഒരു വസ്തുവാണെന്ന് തോന്നലുളവാക്കിക്കൊണ്ട് അത് പ്രജ്ഞ, ബുദ്ധി മുതലായ ആശയങ്ങളെ ജനിപ്പിക്കുന്നു. എന്നാല്‍ ആത്മജ്ഞാനം അറിയേണ്ട ഒന്നല്ല. ക്ഷണികമായ ധാരണാധരണങ്ങള്‍ മൂലം ഈ ശുദ്ധബോധം ‘എനിക്കറിയാം’ എന്ന അഹംഭാവത്തിനു വഴി തെളിച്ചേക്കാം.    

No comments:

Post a Comment

Note: Only a member of this blog may post a comment.