Nov 3, 2013

375 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 375

യഥാപ്രാപ്ത ക്രമോത്ഥേന സര്‍വാത്ഥേന സമര്‍ച്ചയേത്
മനാഗപി ന കര്‍ത്തവ്യോ യത്നോത്രാപൂര്‍വവസ്തുനി (6/39/31)

ഭഗവാന്‍ തുടര്‍ന്നു: ഭാഗവാനാണ് ദേഹത്തിലെ പ്രജ്ഞയെന്നു ധ്യാനിച്ചുറപ്പിക്കണം. ശരീരത്തിലെ വിവിധ ധര്‍മ്മങ്ങളും പ്രവര്‍ത്തനക്ഷമതയും ആ ഭഗവാന്റെ പ്രിയതോഴികളെന്നും കരുതണം. മൂന്നു ലോകങ്ങളെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഭഗവാനു മുന്നിലെത്തിക്കുന്ന സന്ദേശവാഹകനാണ് മനസ്സ്. ജ്ഞാനശക്തി, ക്രിയാശക്തി  എന്നീ ചൈതന്യവിശേഷങ്ങള്‍ ആ ഭഗവാന്റെ ആര്‍ജ്ജവമാര്‍ന്ന രണ്ടു പ്രിയതമമാരത്രേ. അറിവിന്റെ വൈവിദ്ധ്യമാര്‍ന്ന വശങ്ങള്‍ അവിടുത്തെ ആഭരണങ്ങളാണ്.  കര്‍മ്മേന്ദ്രിയങ്ങളാകുന്ന വാതിലുകളിലൂടെയാണ് ഭഗവാന്‍ ബാഹ്യലോകത്തിലേയ്ക്ക് പ്രവേശിക്കുന്നത്. 

‘അവിച്ഛിന്നമായ ആത്മാവാണ് ഞാന്‍. അനന്തവും പൂര്‍ണ്ണവുമായി ഞാന്‍ നിലകൊള്ളുന്നു’ എന്ന അവബോധത്തോടെ പ്രജ്ഞ എന്നില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഈ വിധത്തില്‍ ധ്യാനനിരതനായി നില്‍ക്കുന്നവന്‍ സമതാഭാവത്തെ കൈക്കൊള്ളുന്നു. സമദര്‍ശനമാണയാള്‍ക്ക് വഴികാട്ടുന്നത്. അയാള്‍ ആന്തരശുദ്ധിയുടെ നിര്‍മ്മലതയില്‍ സ്വാഭാവികമായി എത്തിച്ചേര്‍ന്നിരിക്കുന്നു. എല്ലാ രീതിയിലും അദ്ദേഹം സൌന്ദര്യമാര്‍ന്നു പ്രശോഭിക്കുന്നു. തന്റെ ദേഹം മുഴുവന്‍ നിറഞ്ഞു പ്രഭചൊരിയുന്ന പ്രജ്ഞയെ അയാള്‍ ആരാധിച്ചു ധന്യനാകുന്നു. അയാള്‍ ഭഗവല്‍പൂജ ചെയ്യുന്നത് രാവെന്നോ പകലെന്നോ ഇല്ലാതെ നിസ്തന്ദ്രമായാണ്. അയത്നലളിതമായാണ്. ശരിയായ ഭാവത്തോടെ മനസ്സ് സമതയില്‍ ഉറച്ച് യദൃശ്ചയാ ലഭിക്കുന്ന വസ്തുക്കളെ ഭാഗവാനര്‍പ്പിച്ചുകൊണ്ടാണ് അയാള്‍ പൂജിക്കുന്നത്.  

“അയത്നലളിതമായി, യദൃശ്ചയാ ലഭിക്കുന്ന എല്ലാമെല്ലാം   പൂജാവസ്തുക്കളായുപയോഗിച്ചുവേണം ഭഗവല്‍പൂജ നടത്താന്‍. അതിനായി സ്വന്തമുടമസ്ഥതയില്‍ ഇല്ലാത്ത വസ്തുക്കളെ നേടാന്‍ യാതൊരു പരിശ്രമവും നാം നടത്തേണ്ടതില്ല.”

ദേഹം, സുഖം കണ്ടെത്തുന്ന എല്ലാ വസ്തുക്കളും ഭഗവല്‍ പൂജക്കും ഉപയോഗിക്കാം. ആഹാരം, നീഹാരം, മൈഥുനം ഇത്യാദി സുഖങ്ങളും ഇതില്‍ വര്‍ജ്യമല്ല. ഭഗവാനെ ദേഹത്തിന്റെ ദുഖങ്ങളാലും പൂജിക്കാം. എല്ലാ ദുഖാനുഭവങ്ങളും ഭഗവാനുള്ള അര്‍ച്ചനകളായി കരുതണം.

ഭഗവാനെ തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൊണ്ടും, ജനനമരണങ്ങള്‍ കൊണ്ടും പൂജിക്കണം. തന്റെ ദാരിദ്ര്യവും ഐശ്വര്യസമ്പല്‍സമൃദ്ധിയും കൊണ്ടും ഭഗവല്‍ പൂജ ചെയ്യാം. വഴക്കും വക്കാണവും, കായികവിനോദങ്ങളും, മറ്റു ലീലകളുമെല്ലാം ഇഷ്ടാനിഷ്ടങ്ങളോടെ, അവയുടെ വൈകാരികതലങ്ങളോടെ ഭഗവാനു സമര്‍പ്പിക്കാനുള്ളതാണ്. ഭഗവാനെ പവിത്രമായ ഹൃദയത്തിന്റെ പരമോന്നതഗുണങ്ങളോടെ, സൌഹൃദത്തോടെ, കൃപയോടെ, സന്തോഷത്തോടെ, നിഷ്പക്ഷതയോടെ പൂജിക്കണം. 
 

ചോദിക്കാതെ തന്നെ ഒരുവന് വന്നുചേരുന്ന സുഖാനുഭവങ്ങള്‍ കൊണ്ട് അവ ശാസ്ത്രാനുസാരമാണെങ്കിലും അല്ലെങ്കിലും- ഭഗവാനെ പൂജിക്കാം. ഭഗവല്‍ പൂജയ്ക്കായി അഭിമതവും അനഭിമതവുമായ എന്തും ഉപയോഗിക്കാം. അതുപോലെ ഉചിതാനുചിതവിവേചനമൊന്നും ഭഗവല്‍പൂജക്കായി ആവശ്യമില്ല. ഇതിനായി എന്ത് വന്നുചേരുന്നുവോ അതുപയോഗിക്കുക. എന്ത് ലഭിക്കുന്നില്ലയോ അതിനെക്കുറിച്ചു വേവലാതിപ്പെടാതെയും ഇരിക്കുക. 

(ആയാതമായാതമലംഘനീയം, ഗതം ഗതം സര്‍വ്വമുപേക്ഷണീയം)

No comments:

Post a Comment

Note: Only a member of this blog may post a comment.