Nov 30, 2013

393 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 393

സാമാന്യം പരമം ചൈവ ദ്വേ രൂപേ വിദ്ധി മേനഘാ
പാണ്യാദിയുക്തം സാമാന്യം ശംഖചക്രഗദാധരം (6/53/36)

ഭഗവാന്റെ ഉപദേശം തുടരുകയാണ്: ബ്രഹ്മത്തിന്റെ അകവും പുറവും നിശ്ശൂന്യതയാണ്. യാതൊരു വ്യതിരിക്തതകളും ഉപാധികളും ഇല്ലാത്ത കേവല വസ്തുവാണത്. അതൊരു വിഷയമല്ല. വിഷയിയില്‍ നിന്നും വിഭിന്നവുമല്ല.ലോകമെന്ന കാഴ്ച അതില്‍ ആവിര്‍ഭവിക്കുന്നത് ചെറിയൊരംശം മാത്രമായാണ്. ലോകമെന്നത് വെറും തോന്നല്‍ - കാഴ്ച – മാത്രമായതിനാല്‍ അതിന്റെ യാഥാര്‍ഥ്യം നിശ്ശൂന്യത തന്നെയാണ്. അത് അസത്താണ്. എന്നാല്‍ വിസ്മയകരമെന്നു പറയട്ടെ, ഇവയില്‍ എങ്ങിനെയോ ‘ഞാന്‍’ എന്നൊരു പരിമിത ഭാവം കടന്നുകൂടുന്നു. കാണപ്പെടുന്ന ലോകത്തില്‍നിന്നും ‘ഞാന്‍’ തുലോം ചെറുതാണെന്നുള്ള തോന്നലും ഉണ്ടാവുന്നു.  

ഇതുകൊണ്ടൊന്നും അനന്തതയ്ക്ക് മാറ്റങ്ങള്‍ ഏര്‍പ്പെടുന്നില്ല. എന്നാല്‍ ഈ ‘ഞാന്‍’ എന്ന ഭാവം അനന്തതയ്ക്ക് ആപേക്ഷികമായ ഭിന്നഭാവങ്ങള്‍ നല്‍കുന്നുണ്ട്. ‘ഞാന്‍’ എന്ന തോന്നലും അനന്തതയില്‍ നിന്നും വിഭിന്നമല്ല. ഒരു നിര്‍ജീവ പദാര്‍ത്ഥവും ജീവനുള്ള ഒരു വാനരനും എല്ലാം അനന്തതയില്‍ ഒന്നുതന്നെ. ഈ ‘ഞാന്‍’ എന്ന ഭാവത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആര്‍ക്കാണ് ആഗ്രഹമുണ്ടാവുക? എന്തിലേയ്ക്കെങ്കിലും ഒട്ടണമെങ്കില്‍ അത് അനന്തതയിലേയ്ക്കായിക്കൂടെ ? അതാണല്ലോ തന്റെ നിഗൂഢമായ ചൈതന്യത്താല്‍ പല രീതിയില്‍ പലതായും എല്ലാമായും കാണപ്പെടുന്നത്.

ഈ മാനസീകഭാവത്തോടെ തന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളില്‍ ഫലകാംക്ഷ കൂടാതെ കഴിയുന്ന അവസ്ഥയാണ് സംന്യാസം. ആശാ സങ്കല്‍പ്പങ്ങളെ ത്യജിക്കലാണ് സംന്യാസം. കാണപ്പെടുന്ന എല്ലാറ്റിലും ഭഗവല്‍ ദര്‍ശനം, ദ്വൈതഭാവത്തിന്റെ പരിപൂര്‍ണ്ണ നിരാസം, ആത്മാവിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. എല്ലാം ഭാഗവാനായി അര്‍പ്പിക്കുന്ന ഭാവതലമാണത്.
 
പ്രത്യാശകള്‍ ഞാനാകുന്നു. ലോകം ഞാനാകുന്നു. ഞാന്‍ കാലമാകുന്നു. ഞാന്‍ ഏകനും അനേകനുമാകുന്നു. അതിനാല്‍ നിന്റെ മനസ്സെന്നില്‍ അര്‍പ്പിച്ചാലും. എന്നെ നീ ഭക്തിപുരസ്സരം സേവിക്കുക. നമസ്കരിക്കുക. അങ്ങിനെ ഞാനുമായി നീ ഒന്നായിത്തീരട്ടെ. അത് നിന്റെ പരമോന്നതലക്ഷ്യമാകുമ്പോള്‍ നീയെന്നെ പ്രാപിക്കും.

‘അര്‍ജ്ജുനാ എനിയ്ക്ക് രണ്ടു തരം ഭാവങ്ങളുണ്ട്. ഒന്ന്‍ സാധാരണവും മറ്റേത് പരമവുമാണ്. ശംഖചക്രഗദാധാരിയായുള്ളത് എന്റെ സാധാരണ ഭാവമാണ്. എന്നാല്‍ പരമമായ രൂപത്തിന് ആദിയന്തങ്ങള്‍ ഇല്ല. അതല്ലാതെ മറ്റൊന്നില്ല. അദ്വൈതമാണത്. അത് ബ്രഹ്മം, പരംപൊരുള്‍ , ആത്മാവ് എന്നെല്ലാം അറിയപ്പെടുന്നു. 

ആത്മീയമായി പരിപൂര്‍ണ്ണമായും ഉണര്‍വ്വ് കൈവന്നിട്ടില്ലാത്തവര്‍ ആദ്യം പറഞ്ഞ സാധാരണ ഭാവത്തെവേണം പൂജിക്കാന്‍. അങ്ങിനെയുള്ള ആരാധനാനുഷ്ഠാനങ്ങളിലൂടെ ആത്മീയമായി ഉണര്‍ന്നുകഴിഞ്ഞാല്‍ ഒരുവന് പരംപൊരുളിനെക്കുറിച്ചുള്ള അറിവുറയ്ക്കും. പിന്നെ അയാള്‍ക്ക് പുനര്‍ജന്മങ്ങള്‍ ഇല്ല. എന്റെ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് നീ പ്രബുദ്ധനായി എന്ന് ഞാന്‍ കരുതുന്നു. ആത്മാവിനെ എല്ലാറ്റിലും കാണുക. ആത്മാവില്‍ എല്ലാറ്റിനെയും ദര്‍ശിക്കുകയും ചെയ്യുക. നിരന്തരം യോഗഭാവത്തില്‍ അടിയുറച്ചു നിലകൊള്ളുക. 

ഇങ്ങിനെ ദൃഠതയില്‍ അഭിരമിക്കുന്നവനു പുനര്‍ജനികളില്ല. എങ്കിലും ഈ ജന്മത്തിലെ നൈസര്‍ഗ്ഗിക കര്‍മ്മങ്ങള്‍ അയാള്‍ തുടര്‍ന്നുകൊണ്ടിരിക്കും.

എകാത്മകത എന്ന ധാരണ നാനാത്വമെന്ന ധാരണയെ പാടേ നിരാകരിക്കാന്‍ ഉതകുന്നതാണ്. ആത്മാവെന്ന (അനന്തതയെന്ന) ധാരണ, എകാത്മകത എന്ന ധാരണയെ നിരാകരിക്കാൻ ഉപയോഗിക്കാം. കാരണം ആത്മാവ് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിച്ചെടുക്കുക അസാദ്ധ്യം. അതെന്തെന്നു നിര്‍വചിക്കുകയും സാദ്ധ്യമല്ല. തീര്‍ച്ചയായും ജീവജാലങ്ങളിലെ ശുദ്ധമായ അനുഭവത്തിന്റെ വെളിച്ചമാണ്, അന്തര്‍പ്രഭയാണ് ഞാന്‍ എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 

Nov 27, 2013

392 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 392

അപി കുത്സിതമപ്യന്യദപ്യധര്‍മമയക്രമം
ശ്രേഷ്ഠം തേ സ്വം യഥാ കര്‍മ തഥേഹാമൃതവാന്‍ഭവ (6/53/14)

ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം ഇങ്ങിനെ തുടരുന്നു: അര്‍ജുനാ, നീയല്ല കൊല്ലുന്നത്. ഈ വൃഥാഹങ്കാരത്തെ ദൂരെക്കളഞ്ഞാലും. ജനന മരണ ജരാനരകളില്ലാത്ത ആത്മാവാണ് നീ. 

അഹംകാരമില്ലാത്ത, ബുദ്ധി യാതൊന്നുമായും സംഗത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ഒരുവന്‍ കൊല്ലുന്നില്ല. അവനാല്‍ ഈ ലോകം മുഴുവനും നശിക്കപ്പെട്ടാലും അതയാളെ ബാധിക്കുകയില്ല. അതിനാല്‍ ‘ഇത് ഞാനാണ്’, ‘ഇതെന്റെതാണ്’ എന്ന് തുടങ്ങിയ ധാരണകളെ ഇല്ലാതാക്കൂ. ഈ ധാരണകള്‍ തന്നെയാണ് ‘ഞാന്‍ നശിച്ചു’ എന്നെല്ലാം ചിന്തിച്ചു നമ്മെ പീഡിപ്പിക്കുന്നത്. ‘ഞാനാണ് ഇത് ചെയ്യുന്നത്’ എന്ന് കരുതുന്നത് കേവലം അഹംകാരത്തിനടിമയായവര്‍ മാത്രമാണ്. ഒരെയോരാത്മാവിന്റെ, അനന്തമായ അവബോധത്തിന്റെ വൈവിദ്ധ്യമാര്‍ന്ന വിഭൂതികളാണിവയെല്ലാം.

കണ്ണുകള്‍ കണ്ടുകൊള്ളട്ടെ. കാതുകള്‍ കേട്ടുകൊള്ളട്ടെ. ത്വക്ക് സ്പര്‍ശനമറിയട്ടെ. നാവ് സ്വാദറിയട്ടെ. ഇതിലൊക്കെ ‘ഞാന്‍’ എവിടെയാണുള്ളത്? മനസ്സ് പലവിധ ധാരണകളില്‍ മുങ്ങിനില്‍ക്കുമ്പോഴും ‘ഞാന്‍’ എന്ന് പറയാനുള്ള യാതൊന്നും വാസ്തവത്തില്‍ ഇല്ലതന്നെ. യോഗികള്‍ തങ്ങളുടെ സ്വാത്മശുദ്ധിക്കായി മനസാലും, ഇന്ദ്രിയങ്ങളാലും കര്‍മ്മം ചെയ്യുന്നു. അവരെ അവ ബാധിക്കുന്നില്ല. ഒരാള്‍ക്കുള്ളില്‍ അഹങ്കാരം എന്ന ചെളിപുരണ്ടിട്ടുണ്ടെങ്കില്‍ എത്ര പണ്ഡിതശിരോമണിയാണെങ്കിലും അയാള്‍ നികൃഷ്ടന്‍ തന്നെ.

എന്നാല്‍ മറിച്ച് അഹംകാരരഹിതനായ ഒരുവന്‍ സമ്പത്തിന്റെ ആശ്രയമില്ലാതെ എല്ലാവരെയും, എല്ലാറ്റിനെയും, സമചിത്തതയോടെ കണ്ടുവെങ്കില്‍ അയാള്‍ മുക്തനാണ്. അയാള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് മറ്റുള്ളവരുടെ അംഗീകാരം കിട്ടിയാലും ഇല്ലെങ്കിലും, അഹിതകര്‍മ്മങ്ങളാണെങ്കില്‍പ്പോലും അവ അയാളെ ബാധിക്കുകയില്ല. 

അതിനാല്‍ അര്‍ജുനാ, നിന്റെ ഇപ്പോഴത്തെ ധാര്‍മ്മികമായ കര്‍മ്മം ഒരു യോദ്ധാവിന്റേതാണ്. അതില്‍ ഹിംസയുണ്ടെങ്കില്‍പ്പോലും ആ കര്‍മ്മം ഉചിതവും ഉല്‍ക്കൃഷ്ടവുമാണ്. “ആ കര്‍മ്മം എത്ര നികൃഷ്ടമെന്നും അധാര്‍മ്മികമെന്നും ചിലപ്പോള്‍ തോന്നിയാലും അവ നിനക്ക് ഉചിതമത്രെ. ഈ കര്‍മ്മത്തെ സര്‍വ്വാത്മനാ അനുഷ്ടിക്കുന്നത് നിനക്ക് ശ്രേയ്സ്ക്കരവുമാണ്.”

കേവലം ഒരു മൂഢന്റെപോലും സ്വാഭാവികമായ കര്‍മ്മങ്ങള്‍ ഉല്‍ക്കൃഷ്ടം തന്നെയാണ്. അപ്പോള്‍പ്പിന്നെ ശ്രേഷ്ഠന്‍മാരുടെ കാര്യം പറയാനുണ്ടോ? യോഗമെന്ന രീതിയില്‍ നിന്റെ കര്‍മ്മം ചെയ്യുക. കര്‍മ്മത്തോട് ആസക്തിയില്ലാത്ത പക്ഷം അത് നിന്നെ ബന്ധിക്കുകയില്ല. പ്രശാന്തനായിരിക്കൂ. ബ്രഹ്മം പ്രശാന്തമാണ്. നിന്റെ കര്‍മ്മം ബ്രഹ്മഭാവത്തിലായിത്തീരട്ടെ. നിന്റെ എല്ലാ കര്‍മ്മങ്ങളും ബ്രഹ്മാര്‍ച്ചനകളാവട്ടെ. അങ്ങിനെ നീ ബ്രഹ്മം തന്നെയായിത്തീരട്ടെ.

ഈശ്വരന്‍ എല്ലാത്തിലും അധിവസിക്കുന്നു. നിന്റെ കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്ത് എല്ലാറ്റിലും അധിവസിക്കുന്ന ഭാഗവാനെപ്പോലെ നീയും പ്രശോഭിതനാവട്ടെ. എല്ലാ ചിന്തകളെയും ധാരണകളെയും ഉപേക്ഷിച്ച്‌ നീയൊരു യഥാര്‍ത്ഥ സന്യാസിയാവൂ. അങ്ങിനെ നിന്റെ ബോധത്തെ പരിമിതികളില്‍നിന്നും മുക്തമാക്കൂ. ചിന്താധാരണകളുടെ അന്ത്യം, മാനസീകോപാധികളുടെ അവസാനം, പരമാത്മാവാണ്; പരബ്രഹ്മം. ഇതിലേയ്ക്കുള്ള പ്രയത്നമാണ് യോഗം. അല്ലെങ്കില്‍ ജ്ഞാനം.

‘ഞാന’ടക്കം കാണപ്പെടുന്നതും അല്ലാത്തതുമായ എല്ലാം ബ്രഹ്മം തന്നെയാണെന്ന ഉറച്ചബോധമാണ് ‘ബ്രഹ്മാര്‍പ്പണം’.  

Nov 26, 2013

391 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 391

നപുംസ  ഇവ ജീവസ്യ സ്വപ്ന: സംഭവതി ക്വചിത്
തേനൈതേ ജാഗ്രതോ ഭാവാ ജാഗ്രസ്വപ്നകൃതോത്ര ഹി (6/52/2)
വസിഷ്ഠന്‍ തുടര്‍ന്നു: ആദ്യജീവന്റെ, പ്രഥമസ്വപ്നമാണ് സംസാരമെന്നറിയപ്പെടുന്ന, ഈ ലോകദൃശ്യം. “ജീവന്റെ സ്വപ്നം എന്നത് വ്യക്തിയുടെ സ്വപ്നം പോലെയല്ല. ജീവന്റെ സ്വപ്നം ഉണര്‍ന്നിരിക്കുമ്പോള്‍ത്തന്നെ അനുഭവവേദ്യമാവുന്നതാണ്. അതിനാല്‍ ഈ ജാഗ്രവസ്ഥതന്നെയാണ് സ്വപ്നമായി പരിഗണിക്കപ്പെടുന്നത്.”

തികച്ചും അസത്തും അടിസ്ഥാനരഹിതവും ആണെങ്കിലും ജീവന്റെ സ്വപനത്തിന്റെ മൂര്‍ത്തീകരണം അപ്പപ്പോള്‍ത്തന്നെ സംഭവിക്കുന്നു. ജീവന്‍ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് കടന്നുപോയ്ക്കൊണ്ടേയിരിക്കുന്നു. അങ്ങിനെ ആ സ്വപ്നങ്ങള്‍ കൂടുതല്‍ സാന്ദ്രതയാര്‍ന്ന് തെറ്റിദ്ധാരണകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ ഭാവം കൈവരികയാണ്‌. അങ്ങിനെ അസത്തിനെ സത്തായി കണക്കാക്കി, സത്തിനെ അസത്തായി അവഗണിക്കാന്‍ ഇടയാകുന്നു. അര്‍ജുനനെപ്പോലെ ബുദ്ധിയും വിവേകവും ആര്‍ജ്ജിച്ചു ജീവിക്കുക. ഭഗവാന്റെ ഉപദേശങ്ങളാലാണ് അര്‍ജുനന്‍ വിവേകശാലിയായി മാറാന്‍ പോവുന്നത്.

വിശ്വം മുഴുവനും വിശ്വാവബോധമെന്ന ഒരേയൊരു പ്രപഞ്ചസമുദ്രമത്രേ. അതില്‍ പതിന്നാലുതരം ജീവികള്‍ വസിക്കുന്നു. ഇതില്‍ യമന്‍, ചന്ദ്രന്‍, സൂര്യന്‍, തുടങ്ങിയ ദേവതകള്‍ നേരത്തെതന്നെ ഉണ്ടായിരുന്നു. അവര്‍ ധാര്‍മ്മികമായി അനുഷ്ഠിക്കേണ്ട കര്‍മ്മപദ്ധതികള്‍ വ്യവസ്ഥാപിച്ചിട്ടുമുണ്ട്.
എന്നാല്‍ ഈ ജീവികള്‍ പാപപങ്കിലമായ ജീവിതം നയിക്കുമ്പോള്‍ മരണദേവനായ യമന്‍, കുറച്ചുകാലത്തേയ്ക്ക് ധ്യാനനിരതനായി മാറി നില്‍ക്കുന്നു. ഈ സമയത്ത് ജനപ്പെരുപ്പമുണ്ടായി ഒരു പൊട്ടിത്തെറി സംഭവിക്കുന്നു. ദേവന്മാര്‍ ഈ സ്ഫോടനത്തെ ഭയന്ന് അതിന്റെ ആഘാതങ്ങളെ ചെറുക്കാനുള്ള വഴികള്‍ തേടുന്നു. ഇതെല്ലാം അനേകതവണ പ്രപഞ്ചത്തില്‍ നടന്നുകഴിഞ്ഞിരിക്കുന്നു.

ഇപ്പോഴത്തെ ഭരണാധികാരി വൈവസ്വതന്‍ എന്ന യമനാണ്‌. അദ്ദേഹവും കുറച്ചുനാളേയ്ക്ക് ധ്യാനത്തിനായി മാറി നില്‍ക്കും. ആ സമയം ലോകത്തെ ജനസംഖ്യ അനേകമടങ്ങ് വര്‍ദ്ധിക്കും. ദേവന്മാര്‍ ഭഗവാന്‍ വിഷ്ണുവിനെ സമീപിച്ചു സഹായം അഭ്യര്‍ത്ഥിക്കും. ഭഗവാന്‍ ശ്രീകൃഷ്ണനായി ജന്മമെടുക്കും. അദ്ദേഹത്തിന്‍റെ ആത്മമിത്രമായി അര്‍ജുനനും ജനിക്കും. അര്‍ജുനന്റെ ജ്യേഷ്ഠനായി, ധര്‍മ്മരാജാവിന്റെ പുത്രനായി, യുധിഷ്ഠിരനും ജനിക്കും. യുധിഷ്ഠിരന്‍ ധര്‍മ്മനിഷ്ഠനായി എല്ലാവര്‍ക്കും മാതൃകയാവും. അവരുടെ പിതൃസഹോദരപുത്രനായ ദുര്യോധനനുമായി അര്‍ജ്ജുനന്റെ സഹോദരന്‍ ഭീമന്‍ മല്ലയുദ്ധം ചെയ്യും. സഹോദരപുത്രന്മാര്‍തമ്മിലുള്ള യുദ്ധത്തില്‍ പതിനെട്ടക്ഷൌഹിണി പടകളും കൊന്നൊടുങ്ങും. അങ്ങിനെ വിഷ്ണുഭഗവാന്‍  ഭൂമിയുടെ അമിതഭാരം ഇല്ലാതെയാക്കും.

കൃഷ്ണനും അര്‍ജുനനും സാധാരണക്കാരുടെ വേഷം സ്വീകരിച്ചു ജീവിച്ച് ആ ‘വേഷങ്ങള്‍ ’ ഭംഗിയായി കൈകാര്യം ചെയ്യും. സഹോദരന്മാര്‍ തമ്മിലുള്ള യുദ്ധത്തില്‍ ഇരുഭാഗത്തുമുള്ള ബന്ധുമിത്രാദികളെ കണ്ട് അര്‍ജുനന്‍ വിഷാദഗ്രസ്ഥനായി യുദ്ധത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാവും. ആ സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ വിവേകോപദേശത്താല്‍ അര്‍ജ്ജുനനില്‍ ആത്മീയമായ ഉണര്‍വ്വുണര്‍ത്തും. ഭഗവാന്‍ അര്‍ജ്ജുനനെ ഇങ്ങിനെ ഉപദേശിക്കും.

“ആത്മാവ് ജനിക്കുന്നും മരിക്കുന്നുമില്ല.അത് ശാശ്വതമാണ്. ശരീരത്തിന്റെ മരണത്തോടെ അത് കൊല്ലപ്പെടുന്നില്ല. ആത്മാവ് കൊല്ലുമെന്നും കൊല്ലപ്പെടുമെന്നും കരുതുന്നവന്‍ കേവലം അജ്ഞാനിയാണ്. രണ്ടാമതൊന്ന് എന്ന സങ്കല്‍പ്പത്തിനുപോലും ഇട നല്‍കാത്ത അനന്തമായ, അദ്വയമായ  ആത്മാവിനെ ആര്‍ക്ക്, എങ്ങിനെ, നശിപ്പിക്കാനാവും? അര്‍ജ്ജുനാ, അനന്തവും അജവും ശാശ്വതവും നിത്യശുദ്ധബോധസ്വരൂപവുമായ ആത്മാവിനെ അറിയൂ. നീ ജനനമരണങ്ങളില്ലാത്ത നിത്യനിര്‍മ്മലമായ പരംപൊരുളാണ്.

Nov 24, 2013

390 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 390

ഹേമത്വകടകത്വേ ദ്വേ സത്യാസത്യ സ്വരൂപിണി
ഹേമ്നി ഭാണ്ഡഗതേ യദ്വച്ചിത്വാചിത്തേ തഥാത്മനി   (6/51/36)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ബോധം എന്തൊക്കെ ചിന്തിക്കുന്നുവോ അവ  ഉണ്മയായി കാണുന്നു. അതിന്റെ ചിന്താധാരണകള്‍ ഒരിക്കലും വന്ധ്യമല്ല.

“ഒരു സ്വര്‍ണ്ണമാലയില്‍ രണ്ടു വസ്തുക്കളുണ്ട്. ഒന്ന്‍ സ്വര്‍ണ്ണം. രണ്ടാമതുള്ളത് മാല. ആദ്യത്തേത് ഉണ്മയാണ്. സത്യത്തില്‍ ഉള്ള വസ്തു. രണ്ടാമത്തേത് മാല എന്ന രൂപത്തിന്റെ (ജഡം) കാഴ്ച. അതുപോലെ ആത്മാവിലും ബോധമെന്ന സത്യവസ്തുവും വാസ്തവത്തിന്റെ സങ്കല്‍പ്പധാരണയായ ജഡവും ഉണ്ട്.”

ബോധം സര്‍വ്വവ്യാപിയായതിനാല്‍ ഈ ധാരണകള്‍ ഉടലെടുക്കുന്ന മനസ്സിലും അതുണ്ട്. സ്വപ്നത്തിലൊരുവന്‍ കാണുന്ന ഗ്രാമത്തില്‍ അവന്‍ തല്‍ക്കാലത്തേയ്ക്ക് ജീവിക്കുന്നു. കുറച്ചുകഴിഞ്ഞ് അയാളുടെ സ്വപ്നത്തിലെ അവസ്ഥകള്‍ മാറുന്നു, പുതിയ സ്വപ്നസാഹചര്യങ്ങളില്‍ അയാള്‍ ജീവിക്കുന്നു എന്നും കരുതുന്നു. അതുപോലെ ജീവനും ഒരു ദേഹം വിട്ടു മറ്റൊന്നിലേയ്ക്ക് പോവുന്നു. ദേഹമെന്നത് ജീവന്‍ സ്വീകരിക്കുന്ന ധാരണകളുടെ പ്രതിഫലനങ്ങള്‍ മാത്രമാകുന്നു. 
‘അസത്തായ’, ജഡമായ, ദേഹത്തിനു മാത്രമേ നാശമുള്ളു. ഈ ‘അവസ്തു’വാണ് വീണ്ടും വീണ്ടും വൈവിദ്ധ്യമാര്‍ന്ന ദേഹങ്ങളില്‍ ജനിച്ചു മരിക്കുന്നത്. സ്വപ്നാനുഭവങ്ങള്‍ പോലെ, കണ്ടതും കാണാത്തതുമായ വസ്തുക്കളെ ജീവന്റെ ‘സ്വപ്നത്തില്‍’ കാണുന്നതാണ് ലോകാനുഭവങ്ങള്‍ . അതിനു വരാന്‍ പോകുന്നതിനെപ്പോലും കാണാന്‍ കഴിയുന്നു. ഇന്നലെ ചെയ്ത തെറ്റുകളെ തിരുത്തി നന്മയിലേയ്ക്ക് മാറ്റാന്‍ സ്വപ്രയത്നത്തിനു കഴിയുന്നതുപോലെ ഭൂതകാലവഴക്കങ്ങളെ ഉചിതമായ സ്വപ്രയത്നങ്ങള്‍ വഴി തരണം ചെയ്യാം. എന്നാല്‍ ജീവന്റെ ഈദൃശമായ നിലനില്‍പ്പിനും, കണ്ണുകളുടെ (ഇന്ദ്രിയങ്ങളുടെ) പ്രവര്‍ത്തനത്തിനും അറുതിവരാന്‍ മുക്തികൈവരുകതന്നെ വേണം. അതുവരെ ഈ പ്രവര്‍ത്തനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മാറിമാറി പ്രകടമായിക്കൊണ്ടിരിക്കും.

ഒരു ദേഹത്തെ പ്രകടമാക്കാന്‍ ബോധം സ്വീകരിക്കുന്ന ഒരു ധാരണമാത്രം മതി. അതിനു യോജ്യമായ സൂക്ഷ്മശരീരം അതായത് മനോ-ബുദ്ധി-അഹംകാര-പഞ്ചഭൂതാത്മകമായ അതിവാഹികം (പൂര്യഷ്ടകം) ഉടനെ സംജാതമാവുകയായി. ആത്മാവിനു രൂപഭാവങ്ങളില്ല. എന്നാല്‍ പൂര്യഷ്ടകം എന്ന സൂക്ഷ്മശരീരം  സചേതനവസ്തുക്കളിലും അചേതനവസ്തുക്കളിലും സ്വയം നിര്‍മ്മലമാവുന്നതുവരെ വിഹരിക്കുന്നു. ദീര്‍ഘസുഷുപ്തിയിലെന്നപോലെ ജീവിച്ച് ഒടുവില്‍ നിര്‍വ്വാണപദം പ്രാപിക്കുന്നു. 
   
സൂക്ഷ്മശരീരം സ്വപ്നത്തിലും ദീര്‍ഘസുഷുപ്തിയിലും എല്ലായ്പ്പോഴും നിലനില്‍ക്കുന്നു. അത് ദീര്‍ഘനിദ്രയിലെന്നപോലെ അചേതനവസ്തുക്കളില്‍ കുടികൊള്ളുന്നു. ഇതെല്ലാം മനുഷ്യദേഹത്തിന് അനുഭവവേദ്യമാണ്. അതിന്റെ ദീര്‍ഘസുഷുപ്തി ചൈതന്യരഹിതമായ ജഡാവസ്തയാണ്. സ്വപ്നാവസ്ഥയാണ് ഈ സൃഷ്ടിയെന്ന അനുഭവം. അതിന്റെ ജാഗ്രദവസ്ഥയാണ് തുരീയമെന്ന ‘അതീതാവസ്ഥ’. സത്യത്തിന്റെ സാക്ഷാത്കാരമാണ് മോക്ഷം. ജീവന്മുക്താവസ്ഥയാണ് തുരീയബോധം. അതിനുമപ്പുറം ബ്രഹ്മം. അത് തുരീയത്തിനും അതീതമത്രേ.


എല്ലാ അണുക്കളിലും പരമ്പൊരുളല്ലാതെ മറ്റൊന്നുമില്ല. എവിടെ ലോകം കാണപ്പെടുന്നുവോ അത് ലോകമെന്ന മിഥ്യയായ കാഴ്ച്ചമാത്രം. ഈ കാഴ്ച്ചയെ നിലനിര്‍ത്തുന്നത്, അതായത് ഈ ബന്ധനത്തെ ഉറപ്പിച്ചു നിര്‍ത്തുന്നത് മാനോപാധികളാണ്. ഈ ഉപാധികള്‍ ബന്ധനവും അതില്‍ നിന്നുള്ള വിടുതല്‍ മോചനവുമാണ്. ഘനസാന്ദ്രവും സ്ഥൂലവുമായ ഉപാധികള്‍ ജഡവസ്തുക്കളാവുന്നു (കല്ല്‌, മണ്ണ്, സസ്യങ്ങള്‍ മുതലായവ); ഇടത്തരം ഘനമുള്ളവ മൃഗങ്ങളാവുന്നു. സൂക്ഷ്മഘനമുള്ള ഉപാധികള്‍ മനുഷ്യരാവുന്നു. എന്നാല്‍ ഈ വിഭിന്നതകളെപ്പറ്റിയുള്ള വിവക്ഷകള്‍ ഇനി മതിയാക്കാം. കാരണം ഈ വിശ്വം എന്നത് ഏകമായ ആ അനന്തബോധത്തിന്റെ, ചൈതന്യത്തിന്റെ പ്രത്യക്ഷം മാത്രമാണല്ലോ.     

Nov 22, 2013

389 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 389

ബ്രഹ്മപൂര്യഷ്ടകസ്യാദാവര്‍ത്ഥ സംവിധ്യത്ഥോദിതാ
പൂര്യഷ്ടകസ്യ സര്‍വസ്യ തത്ഥൈവോദേതി സര്‍വദാ (6/51/2)

വസിഷ്ഠന്‍ പറഞ്ഞു: വിശ്വപ്രകൃതി ഘടകങ്ങള്‍ പ്രജ്ഞയുടെയും, ചൈതന്യത്തിന്റെയും സംഘാതത്താല്‍ ഉണ്ടാക്കിയെടുത്ത ദേഹം – പ്രഥമ പൂര്യഷ്ടകം സൂക്ഷ്മശരീരമാണ്. അതും അനന്താവബോധത്തിലെ വെറുമൊരു ധാരണയായാണ് ഉണ്ടായത്. മറ്റു പൂര്യഷ്ടകങ്ങളും (ദേഹങ്ങളും) ഇതേപോലെയാണ് ഉണ്ടായത്. ജീവന്‍, അതായത് പൂര്യഷ്ടകം എന്ന സൂക്ഷ്മ ശരീരം ഗര്‍ഭത്തില്‍വച്ച് എന്ത് സങ്കല്‍പ്പിക്കുന്നുവോ അത് ഉള്ളതായി, സത്തായി ധരിക്കുകയാണ്.

പ്രപഞ്ചത്തില്‍ വിശ്വനിര്‍മ്മിതിക്കുള്ള ഘടകപദാര്‍ത്ഥങ്ങള്‍ ഉരുത്തിരിയുന്നപോലെ ജീവനിലും അവയ്ക്ക് ചേര്‍ന്ന ഇന്ദിയങ്ങള്‍ സംജാതമാവുന്നു. എന്നാല്‍ അവയൊന്നും യഥാര്‍ഥത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇപ്പറയുന്നതെല്ലാം കാര്യങ്ങള്‍ വിശദമാക്കാനുള്ള എളുപ്പത്തിനായി മാത്രമാണ്. തുടക്കത്തില്‍ അന്വേഷണങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഇത്തരം ആശയങ്ങള്‍ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ തകര്‍ന്നുപോവുന്നു. അവിദ്യയെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ അത് താനേ ഇല്ലാതെയാവുന്നു. കാരണം മിഥ്യയുടെ അടിസ്ഥാനം മിഥ്യ തന്നെയാണ്.

മരുമരീചികയിലെ ജലത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നത്. ആ ജലം ഒരിക്കലും ഉണ്ടായിരുന്നിട്ടേയില്ലല്ലോ. സത്യത്തിന്റെ വെളിച്ചത്തില്‍ എല്ലാ വസ്തുക്കളുടെയും ഉണ്മ വെളിപ്പെടുന്നു. അപ്പോള്‍ മായക്കാഴ്ചകള്‍ ഇല്ലാതെയാവുന്നു. ആത്മാവാണ് സത്യം.
ജീവന്‍, പൂര്യഷ്ടകം, സൂക്ഷ്മശരീരം എന്നെല്ലാം അറിയപ്പെടുന്നതൊന്നും തന്നെ സത്യമല്ല. അതിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള അന്വേഷണം വാസ്തവത്തില്‍ അതിന്റെ മിഥ്യയെക്കുറിച്ചുള്ള അന്വേഷണമാണെന്നുള്ളതിനു സംശയമില്ല. ‘ജീവന്‍’ മുതലായ വാക്കുകള്‍കൊണ്ട് മിഥ്യയുടെ യഥാര്‍ഥപ്രകൃതിയെ വിവരിക്കാനുള്ള പരിശ്രമമാണീ പ്രഭാഷണം.

അനന്തത ജീവന്റെഭാവം കൈക്കൊണ്ടുകൊണ്ട് സ്വപ്രകൃതിയെ മറന്നെന്നപോലെ എന്തെന്തു അനുഭവവേദ്യമാക്കാന്‍ ഇഛിക്കുന്നുവോ അവ ഭവിക്കുന്നു. ഭൂതത്തെ ഭയക്കുന്ന കുട്ടിക്ക് ഭൂതമെന്നത് യഥാര്‍ഥത്തില്‍ ‘ഉള്ള’താണ്. അതുപോലെ ജീവന്‍ പഞ്ചഭൂതങ്ങളെ ‘ഉള്ള’തായി കണക്കാക്കി അവയുടെ അസ്തിത്വത്തെ സാധൂകരിക്കുന്നു. അവയെല്ലാം ജീവന്റെ ഭാവനകള്‍ മാത്രമാണെങ്കിലും ജീവന്‍ അവയെ തന്നില്‍ നിന്ന് ബാഹ്യമായി നിലകൊള്ളുന്ന വസ്തുക്കളായി പരിഗണിക്കുന്നു. ചിലത് ബാഹ്യമെന്നും ചിലത് ആന്തരീകമെന്നും ജീവന്‍ സ്വയം അവയെ തരംതിരിക്കുന്നു. അങ്ങിനെ അവയെ അനുഭവിക്കുന്നു.

ആകാശത്തില്‍ ശൂന്യതയെന്നപോലെ അറിവ് ബോധത്തില്‍ സഹജമാണ്. എന്നാല്‍ ബോധം സ്വയം അറിവിനെ തന്റെ ബോധത്തിന് വിഷയമായ ‘വസ്തു’വായി കരുതുന്നു. വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ വാസ്തവത്തില്‍ കാലദേശാനുബദ്ധമാണ്. അവയുടെ പരിമിതികള്‍ ബോധത്തിലെ വിഭജനംകൊണ്ടുണ്ടാവുന്നതാണ്. അതായത് അറിവും ബോധവും രണ്ടാണെന്നുള്ള തെറ്റിദ്ധാരണയില്‍ നിന്നുമാണീ ഭിന്നത ഉടലെടുക്കുന്നത്.
 

വാസ്തവത്തില്‍ ഇത്തരം വിഭജനം ആത്മാവില്‍ ഇല്ല. കാരണം അത് കാലദേശങ്ങള്‍ക്ക് അതീതമാണ്. എങ്കിലും അനന്താവബോധം സ്വയം ഈ വിഭിന്നങ്ങളായ ജീവികളെ ‘സൃഷ്ടിക്കുന്നു’.  അതാണ്‌ മായയുടെ ശക്തി. ആര്‍ക്കും അതിനെ വെല്ലാനാവില്ല. നിശ്ശൂന്യതയ്ക്ക് സ്വയം തന്നെത്തന്നെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ബ്രഹ്മം സ്വയം പ്രതിഫലിക്കുന്നു, സ്വയം ദേഹരഹിതനെങ്കിലും തന്നെ സ്വയം രണ്ടായിക്കാണുന്നു

Nov 21, 2013

388 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 388

പൂര്‍ണ്ണാത്പൂര്‍ണ്ണമിദം പൂര്‍ണ്ണം പൂര്‍ണ്ണാത്പൂര്‍ണ്ണം പ്രസൂയതേ
പൂര്‍ണ്ണേനാപൂരിതം പൂര്‍ണ്ണം സ്ഥിതാ പൂര്‍ണ്ണേ ച പൂര്‍ണ്ണതാ (6/50/2)

രാമന്‍ പറഞ്ഞു: എന്തറിയണമോ അതറിഞ്ഞിരിക്കുന്നു. എന്ത് കാണണമോ അതു നാം കണ്ടിരിക്കുന്നു. പരമസത്യത്തിന്റെ നിറവ് ഞങ്ങള്‍ക്ക് പ്രാപ്യമായിരിക്കുന്നു. അങ്ങ് പകര്‍ന്നു തന്ന ബ്രഹ്മജ്ഞാനമാണതിനു ഹേതുവായത്.

“പൂര്‍ണ്ണം പൂര്‍ണ്ണത്താല്‍ പൂരിതമായിരിക്കുന്നു. പൂര്‍ണ്ണം ഉണ്ടായത് പൂര്‍ണ്ണത്തില്‍ നിന്നാണ്. പൂര്‍ണ്ണം പൂര്‍ണ്ണത്തെ വിലയനം ചെയ്യുന്നു. പൂര്‍ണ്ണത്തില്‍ പൂര്‍ണ്ണം ഇപ്പോഴും സുസ്ഥിരമായി നിലകൊള്ളുന്നു.”

എങ്കിലും എന്റെ അവബോധത്തെ ഒന്നുകൂടി വികസിപ്പിക്കാനായി ഞാന്‍ വീണ്ടും ചോദിക്കട്ടെ. ദയവായി എന്നോടു ക്ഷമിച്ചാലും. എല്ലാ ദേഹത്തിലും  ഇന്ദ്രിയങ്ങള്‍ ഉണ്ടല്ലോ. അപ്പോള്‍പ്പിന്നെ മരണമടഞ്ഞ ഒരുവന്‍ എന്തുകൊണ്ടാണ് ഇന്ദ്രിയചോദനകള്‍ അനുഭവിക്കാത്തത്? അയാള്‍ ജീവിച്ചിരിക്കെ ഇതേ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവങ്ങളെ സ്വാംശീകരിച്ചിരുന്നുവല്ലോ.
 
വസിഷ്ഠന്‍ തുടര്‍ന്നു: ബോധമല്ലാതെ ഇന്ദ്രിയങ്ങളോ മനസ്സോ വസ്തുക്കളോ ഒന്നുമില്ല. ബോധമൊന്നുമാത്രമാണ് പ്രകൃതിയില്‍ വസ്തുക്കളായും വ്യക്തികളില്‍ ഇന്ദ്രിയങ്ങളായും കാണപ്പെടുന്നത്. അതേ ബോധം സൂക്ഷ്മശരീരമായി  (പൂര്യഷ്ടകം) ‘മാറുമ്പോള്‍ ’ അത് ബാഹ്യവസ്തുക്കളെ പ്രതിഫലിപ്പിക്കുന്നു. ശാശ്വതവും അനന്തവുമായ ബോധം എല്ലാ മാറ്റങ്ങള്‍ക്കും അതീതമത്രേ.

എന്നാല്‍ ‘ഞാന്‍ ഉണ്ട്’ എന്നൊരു ധാരണ അതില്‍ ഉയരുമ്പോള്‍ ആ ധാരണയാണ് ജീവന്‍. ഈ ജീവനാണ് ജീവിക്കുകയും ദേഹത്തില്‍ വിരാജിക്കുകയും ചെയ്യുന്നത്. ‘ഞാന്‍’ എന്ന അഹംഭാവന (ധാരണ) യാണ്  അഹംകാരം. മനനം (ചിന്തകള്‍ ) ഉണ്ടാവുമ്പോള്‍ അത് മനസ്സായി. അവബോധം ഉണ്ടാവുമ്പോള്‍ അത് ബുദ്ധിയായി. വ്യക്തിഗത ആത്മാവ് (ഇന്ദ്രന്‍) കാണുമ്പോള്‍ (ദൃശ്) അത് ഇന്ദ്രിയമായി. ദേഹം എന്ന ധാരണയുണ്ടാവുമ്പോള്‍ ദേഹമാവുന്നു. വസ്തുക്കളെപ്പറ്റി ധാരണകളുണ്ടാവുമ്പോള്‍ വസ്തുക്കളും ഉണ്ടാവുന്നു. 

ഇങ്ങിനെയുള്ള ധാരണകളുടെ സ്ഥിരപ്രവാഹം മൂലം സൂക്ഷ്മമായിരുന്ന വ്യക്തിത്വം വസ്തുനിഷ്ഠമായ ഒന്നായി ഘനീഭവിക്കുന്നു. ആ ബോധം ‘ഞാന്‍ ദേഹമാണ്’, ഞാന്‍ ഈ മരമാണ്’ എന്നെല്ലാം ചിന്തിക്കുന്നു. അങ്ങിനെ സ്വയം ഭ്രമിച്ചുവശായി ഉയര്‍ന്നും താഴ്ന്നും ജന്മങ്ങള്‍ കടന്നു പോവുന്നു. ഒടുവില്‍ ആത്മാവബോധത്തോടെ നിര്‍മ്മലമായ ഒരു ജന്മം സമാഗതമാവുന്നു. അപ്പോള്‍ സത്യത്തോടുള്ള സമര്‍പ്പണഭാവത്താല്‍ ആത്മജ്ഞാനം കരഗതമാവുന്നു.

'അത്' വസ്തുക്കളെ എങ്ങിനെ കാണുന്നുവെന്ന് ഇനി ഞാന്‍ പറയാം. ‘ഞാന്‍ ഉണ്ട്’ എന്ന ധാരണകൊണ്ടാണ് ബോധം ജീവനായി ദേഹത്തില്‍ നിവസിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. അതിന്റെ ഇന്ദ്രിയങ്ങള്‍ക്ക്  ബാഹ്യമായ സമാനദേഹങ്ങളെ കാണുമ്പോള്‍ അവയോട് സമ്പര്‍ക്കം പുലര്‍ത്താനും അവയെ കൂടുതല്‍ അറിയാനും അവയുമായി ഒന്നുചേരാനും ഉള്ള ചോദനയുണ്ടാകുന്നു. ഈ സമ്പര്‍ക്കം മൂലം  ആ വസ്തുക്കള്‍ സ്വയം ഉള്ളിലാണ് പ്രതിഫലിക്കുന്നത് എങ്കിലും ജീവന്‍ അവ ബാഹ്യമായാണ് കാണുന്നതെന്ന് തെറ്റിദ്ധരിക്കുന്നു.

ജീവന്‍ ഈ പ്രതിഫലനം മാത്രമേ കാണുന്നുള്ളു. അതായത് അതിന് സ്വയമറിയാം. എങ്കിലും ഈ സമ്പര്‍ക്കമാണ് ബാഹ്യവസ്തുക്കളെന്ന പ്രതീതിക്ക് നിദാനം.
 
ഇത് അജ്ഞാനിയായ, മനസ്സ് ഭ്രമിച്ചുപോയ ഒരുവനിലെ ഉള്ളു. പ്രബുദ്ധനായ ഋഷിക്ക് ഈ വിഭ്രമമില്ല.


തീര്‍ച്ചയായും വെറും ധാരണമാത്രമായ ജീവനും മറ്റെല്ലാ വസ്തുവകകളും വെറും ജഡവും ചൈതന്യരഹിതവുമാണ്. അനുഭവവേദ്യമായ പ്രതിഫലനങ്ങള്‍ വെറും മായക്കാഴ്ചകളും ബുദ്ധിഭ്രംശങ്ങളും മാത്രം. ആത്മാവ് എല്ലാമാണ്. എല്ലാക്കാലത്തും അതങ്ങിനെയായിരിക്കും.

Nov 20, 2013

387 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 387

സമസ്യാദ്യന്തയോര്‍യേയം ദൃശ്യതേ വികൃതി: ക്ഷണാത്
സംവിദ: സംഭ്രമം വിദ്ധി നാവികാരേസ്തി വിക്രിയാ (6/49/5)

രാമന്‍ ചോദിച്ചു: ബ്രഹ്മത്തിന് മാറ്റങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ല എങ്കില്‍ ഈ അയാഥാര്‍ഥ്യമായ പ്രത്യക്ഷലോകം അതിലെങ്ങിനെയാണുണ്ടായത്?

വസിഷ്ഠന്‍ പറഞ്ഞു: ശരിയായ മാറ്റം, അല്ലെങ്കില്‍ പരിണാമം എന്ന് പറഞ്ഞാല്‍ ഒരു വസ്തു മറ്റൊന്നായി മാറുക എന്നതാണ്. പാല് തൈരാവുന്നതുപോലെ. ഒരിക്കല്‍ തൈരായി മാറിയ പാലിന് വീണ്ടും പാലാവാന്‍ കഴിയില്ലല്ലോ. എന്നാല്‍ ബ്രഹ്മത്തിന്റെ കാര്യം അങ്ങിനെയല്ല. എന്തുകൊണ്ടെന്നാൽ  വിശ്വം പ്രത്യക്ഷമാവും മുന്‍പും പിന്‍പും ബ്രഹ്മത്തിന് മാറ്റങ്ങള്‍ ഉണ്ടായിട്ടേയില്ല.

“തുടക്കത്തിലും ഒടുക്കത്തിലും മാറ്റങ്ങള്‍ക്കു വിധേയമല്ലാത്ത ഘനസാന്ദ്രമായ ഒന്നാണത്. ബോധതലത്തിലെ ചെരിയൊരിളക്കമായേ നൈമിഷികമായ ലോകക്കാഴ്ചകളെ കാണാവൂ. വാസ്തവത്തില്‍ അത് സ്ഥായിയായ ഒരു മാറ്റമേയല്ല.”

ബ്രഹ്മത്തില്‍ ഒരു വിഷയവസ്തുവോ അതിനെ തിരിച്ചറിയുന്ന ഒരു വിഷയിയോ ഇല്ല. ആദ്യമേയുള്ളതും ഒടുക്കവും നിലനില്‍ക്കുന്നതും മാത്രമേ ഉണ്മയായുള്ളു. മാറ്റങ്ങള്‍ക്ക് വിധേയമായ ഒരാപേക്ഷിക സത്തയായി മദ്ധ്യത്തില്‍ അതിനെ കാണുന്നുവെങ്കില്‍ അത് ശരിയായ സത്തയല്ല എന്ന് നിശ്ചയം. അതിനാല്‍ ആത്മാവ് ആദിയിലും അന്തത്തിലും മാത്രമല്ല മദ്ധ്യത്തിലും ആത്മാവായിത്തന്നെ നിലകൊള്ളുന്നു. അതു പരിണാമവിധേയമല്ല.

രാമന്‍ വീണ്ടും ചോദിച്ചു: ആത്മാവ് നിര്‍മ്മലമായ ബോധമാണല്ലോ. അതില്‍ എങ്ങിനെയാണ് ‘ചെറിയ ഒരിളക്കം’ ഉണ്ടായത്‌?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഒരേയൊരു സത്ത് മാത്രമായ, അനന്തമായ ആ അവബോധത്തില്‍ വാസ്തവത്തില്‍ യാതൊരിളക്കവും ഉണ്ടായിട്ടില്ല എന്ന് എനിക്കുറപ്പാണ്. ‘ഇളക്കം’ അതിന്റെ സ്വഭാവത്തില്‍പ്പെട്ടതല്ല. ബ്രഹ്മം എന്ന വാക്ക് നാം ഉപയോഗിക്കുന്നത് ആശയം പ്രകടിപ്പിക്കാന്‍ മാത്രമാണ്. അതിനെപ്പറ്റി ധാരണകള്‍ ഉണ്ടാക്കാനല്ല. നീയും ഞാനും മറ്റെല്ലാ വസ്തുക്കളും ബ്രഹ്മം മാത്രമാണ്. വാസ്തവത്തില്‍ അവിദ്യയെന്നത് ഇല്ലാത്ത ഒന്നാണ്.

രാമന്‍ വീണ്ടും ചോദിച്ചു: പക്ഷെ കഴിഞ്ഞ പ്രഭാഷണത്തില്‍ ഈ അവിദ്യയെക്കുറിച്ചന്യോഷിക്കാനാണല്ലോ അങ്ങ് എന്നെ അനുശാസിച്ചത്?

വസിഷ്ഠന്‍ പറഞ്ഞു: ശരിയാണ്. ആ സമയത്ത്‌ നിനക്കിത്ര പ്രബുദ്ധത ഉണ്ടായിരുന്നില്ല. അവിദ്യ (അജ്ഞാനം), ജീവന്‍, തുടങ്ങിയ പദങ്ങള്‍ പൂര്‍ണ്ണപ്രബുദ്ധത ഇനിയും നേടിയിട്ടില്ലാത്തവര്‍ക്ക് വേണ്ടി പ്രയോഗിക്കുന്നവയാണ്. സത്യത്തിന്റെ പരമപ്രകാശം തെളിയിക്കുന്നതിനായി ഗുരുക്കന്മാര്‍ പലവിധ യുക്തികളും സാധകന്റെ മേല്‍ ഉപയോഗിക്കും. ഒടുവില്‍ സത്യജ്ഞാനം സ്വീകരിക്കാന്‍ തയ്യാറാവുമ്പോള്‍ മാത്രമേ ഒരു സദ്ഗുരു സാധകനത് നേരിട്ട് ഉപദേശിക്കൂ.

പ്രബുദ്ധത പ്രാപിക്കാത്ത ഒരുവനോട് ‘സര്‍വ്വവും ബ്രഹ്മമാണ്’ എന്ന് പ്രഖ്യാപിക്കുന്നത് ഒരു മരത്തോടുചെന്ന് ദുഃഖനിവൃത്തിക്കായി അപേക്ഷിക്കുന്നതുപോലെ അപഹാസ്യമാണ്. ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെയാണല്ലോ പ്രബുദ്ധതയിലേയ്ക്ക് ഒരുവന്‍ ഉയരുന്നത്. അതിനായി ഗുരുവിന് പല മാര്‍ഗ്ഗങ്ങളും അവലംബിക്കാം. സത്യമാണ് ഒരുവനെ പ്രബുദ്ധനാക്കുന്നത്.
 
നീ പ്രബുദ്ധനായതുകൊണ്ടാണ് ഈ സത്യത്തെ നിനക്ക് ഞാന്‍ ഉപദേശിച്ചത്‌. നീ ബ്രഹ്മമാകുന്നു. ഞാന്‍ ബ്രഹ്മമാകുന്നു. ഈ വിശ്വമാകെ ബ്രഹ്മം മാത്രമാകുന്നു. നീ എന്ത് ചെയ്യുമ്പോഴും ഈ സത്യത്തിന്റെ നിറവില്‍ വിരാജിക്കൂ. ആയിരം മണ്‍കുടങ്ങളുടെയും സത്ത ഒരേ കളിമണ്ണ് തന്നെയെന്നതുപോലെ ബ്രഹ്മം, അല്ലെങ്കില്‍ ആത്മാവ് തന്നെയാണ് എല്ലാ ജീവജാലങ്ങളുടെയും സത്ത. കാറ്റും അതിന്റെ ചലനവും വിഭിന്നങ്ങളല്ലാത്തതുപോലെ ബോധവും അതിന്റെ ചൈതന്യവും അഭിന്നമാണ്. അതിന്റെ എല്ലാ ആവിഷ്ക്കാരങ്ങളും അത് തന്നെയാണ്.


നിനവാകുന്ന വിത്ത്‌ ബോധത്തിന്റെ മണ്ണില്‍ വീണു മുളപൊട്ടിയാണ് കാണപ്പെടുന്നതായ, ആപേക്ഷികസത്തകള്‍ പ്രകടമാവുന്നത്. ഈ ധാരണാബീജം ഇല്ലങ്കില്‍ മനസ്സുണ്ടാവുകയില്ല.  

Nov 19, 2013

386 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 386

ന ദൃശ്യം നോപദേശാര്‍ഹം നാത്യസന്നം ന ദൂരഗം
കേവലാനുഭവപ്രാപ്യം ചിദ്രൂപം ശുദ്ധമാത്മന: (6/48/10)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ അഹംകാരവും ആകാശവും മറ്റും സത്തായ വസ്തുക്കളുടെ സ്വഭാവസവിശേഷതകള്‍ ആര്‍ജ്ജിച്ചുവെങ്കിലും അവയൊന്നും ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഒന്നും ഉണ്ടായിട്ടില്ലെങ്കില്‍ക്കൂടി അവിടെ എല്ലാം കാണായി.

അങ്ങിനെയാണ് മാമുനിമാരും ദേവതകളും ഉത്തമരായ ജീവികളും അവരവരുടെ അതീന്ദ്രിയബോധത്തില്‍ അഭിരമിക്കുന്നത്.അവരില്‍ ദ്വന്ദതയുടെ മായക്കാഴ്ച ഇല്ലേയില്ല. വിഷയവും വിഷയിയും എന്ന തരം തിരിവില്ലാത്തതിനാല്‍ അവരില്‍ ചിന്താസഞ്ചാരങ്ങള്‍ നിലച്ചിരിക്കുന്നു. അവരുടെ ദൃഷ്ടി അചഞ്ചലമാണ്. അവരുടെ ഇമകള്‍ ചിമ്മുന്നില്ല. ഈ ലോകത്ത് ചടുലതയോടെ പ്രവര്‍ത്തിക്കുമ്പോഴും അവര്‍ ഈ മായാനുഭവത്തെ വിലമതിക്കുന്നില്ല. വിഷയ-വിഷയീ ബന്ധം എന്ന ധാരണപോലും അവരിലില്ല.

അവരുടെ പ്രാണനില്‍ ആകുലതകളില്ല. ചിത്രപടങ്ങള്‍ പോലെയാണവര്‍ . ഭംഗിയായി വരച്ചുവച്ച ചിത്രങ്ങളിലെ രൂപങ്ങള്‍ക്ക്‌ മന:ശ്ചാഞ്ചല്യമുണ്ടാവുകയില്ലല്ലോ. കാരണം അവര്‍ ബോധത്തിന്റെ ധാരണാത്മകമായ ചോദനകളെ തീരെ ഇല്ലാതാക്കിയവരാണ്. ഭഗവാന്‍ ചെയ്യുന്നതുപോലെ, മനസ്സിന്റെ തുലോം ചെറിയൊരു ചലനം കൊണ്ട് ഉചിതമായ കര്‍മ്മങ്ങള്‍ അവരും അനുഷ്ഠിക്കുന്നു. അത്തരം ചെറുചലനങ്ങള്‍ പോലും അവര്‍ക്ക്‌ ആനന്ദദായകമത്രേ. കാരണം വിഷയി വസ്തുവിനെ കാണുന്ന പ്രതിഭാസത്തെ അവര്‍ നിമിഷനേരത്തേക്ക് സ്വേഛയാല്‍ അനുഭവിക്കുകയാണല്ലോ. അവരുടെ ബോധം അതിനിര്‍മ്മലമാണ്. എല്ലാ സങ്കല്‍പ്പധാരണകളാകുന്ന മാലിന്യങ്ങള്‍ക്കും അതീതമാണത്.

“ആത്മാവിന്റെ അങ്ങിനെയുള്ള നിര്‍മ്മലത, അനന്താവബോധത്തിന്റെ നൈസര്‍ഗ്ഗിക ഭാവം എന്നത് ഒരു ദര്‍ശനമോ അനുഭവമോ അല്ല. അതിനെ സ്വാധീനിക്കാന്‍ ഒന്നിനുമാവില്ല. അത് അനായാസമോ ആയാസരഹിതമോ അല്ല. അരികത്തോ അകലയോ അല്ല. നേരറിവിനാല്‍ മാത്രം പ്രാപ്യമായ ഒരവസ്ഥയത്രേ അത്.” 

‘അത്’ മാത്രമേ നിലനില്‍ക്കുന്നുള്ളു. മറ്റൊന്നിനും ഉണ്മയില്ല.ദേഹത്തിനോ ഇന്ദ്രിയങ്ങള്‍ക്കോ, പ്രാണനോ, മനസ്സിനോ സ്മരണയ്ക്കോ, വാസനയ്ക്കോ, ജീവനോ, ബോധത്തിലെ ചലനത്തിനോ, ബോധത്തിനോ, ലോകത്തിനോ ഒന്നിനും നിലനില്‍പ്പില്ല. അത് സത്തും അസത്തുമല്ല. അതിനിടയിലുള്ളതുമല്ല. ശൂന്യമോ ശൂന്യമല്ലാത്തതോ അല്ല. അത് കാലമോ, ദേശമോ, ആകാശമോ, സമൂര്‍ത്തമോ അല്ല.

ഇവയില്‍ നിന്നെല്ലാം സ്വതന്ത്രമായി, ഹൃദയത്തിലെ നൂറുകണക്കിന് മൂടുപടങ്ങള്‍ക്കും അപ്പുറം കാണപ്പെടുന്ന എല്ലാറ്റിനെയും ആത്മാവായി അനുഭവിച്ചറിയുന്ന അറിവാണ് അറിവ്. അത് ആരംഭമോ അവസാനമോ ഇല്ലാത്ത ഒന്നാണ്. അതെപ്പോഴും എവിടെയും നിറഞ്ഞതായതിനാല്‍ അത്, വന്നുചേര്‍ന്ന, അല്ലെങ്കില്‍ എത്തിച്ചേര്‍ന്ന ഒരവസ്ഥയല്ല. ആയിരക്കണക്കിനു ജീവനുകള്‍ ജനിച്ചു ജീവിച്ചു മരിക്കുന്നു. എന്നാല്‍ ആത്മാവ് ശാശ്വതമായി അകത്തും പുറത്തും യാതൊന്നിനാലും ബാധിക്കപ്പെടാതെയിരിക്കുന്നു.


അനന്തതയില്‍ നിന്നും ഒരല്‍പം വിഭിന്നമെന്നതുപോലെ അത് ദേഹാദികളില്‍ കുടികൊള്ളുന്നു. തികച്ചും ചടുലമായി, പ്രഭാവത്തോടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുകഴിയുമ്പോഴും അതിന് ‘ഞാന്‍’, ‘എന്റെ’ എന്ന ഭാവങ്ങള്‍ ഇല്ല. കാണുന്നതെല്ലാം എല്ലാവിധ വിവരണങ്ങള്‍ക്കും ഗുണഗണങ്ങള്‍ക്കും അതീതമായ ബ്രഹ്മം. അത് ശാശ്വതവും പ്രശാന്തവും നിര്‍മ്മലവും അതീവനിശ്ചലവുമത്രേ.

Nov 17, 2013

385 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 385

സനാനാതോപ്യനാനാതോ യഥാണ്ഡരസബര്‍ഹിണ:
അദ്വൈതദ്വൈതസത്താത്മാ തഥാ ബ്രഹ്മ ജഗദ്ഭ്രമം  (6/47/31)

വസിഷ്ഠന്‍ തുടര്‍ന്നു: കാലം, ദേശം എന്നുവേണ്ട സൃഷ്ടിയിലെ എല്ലാ ഘടകങ്ങളും ബോധമല്ലാതെ മറ്റൊന്നല്ല. അവയെല്ലാം ബോധത്തിന്റെ മറ്റ്  ഭാവങ്ങളാണ്. വൈവിദ്ധ്യതയാര്‍ന്ന എല്ലാമെല്ലാം ചിന്തകളും ധാരണകളും മാത്രമാണെന്നും ആത്മാവ് അവിച്ഛിന്നമായ ഒരേയൊരു സത്തയാണെന്നും അറിവുറച്ചാല്‍ അവ അസത്താണെന്ന് എങ്ങിനെ പറയും?   

എന്നാല്‍ വിത്തില്‍ വിത്തല്ലാതെ മറ്റു വൈവിദ്ധ്യമാർന്ന വസ്തുക്കള്‍ ഉണ്ടാവുക വയ്യ. എന്നാല്‍ അതില്‍ സാദ്ധ്യതകളായി പൂക്കളും കായ്കളും ഉണ്ടെന്നാണ് നമ്മുടെ ധാരണ.അതുപോലെയാണ് വിശ്വത്തിലെ നാനാത്വവും. അതും വെറും ധാരണ മാത്രം. മുന്‍പ് പറഞ്ഞ ദൃഷ്ടാന്തത്തിലെ പാറക്കല്ലില്‍ അനേകം താമരപ്പൂക്കളുള്ളത് ധാരണാപരമായി മാത്രമാണ്. കല്ല്  സ്വയം അനേകം ഭാവങ്ങളെ ആര്‍ജ്ജിച്ചിട്ടല്ലാ ആ ധാരണയെ നിലനിര്‍ത്തുന്നത്. അതുപോലെയാണ് വിശ്വവും. മരുഭൂമിയിലെ മരീചികാ ജലവും ശരിയായ ജലവും ഒരേസമയം ഉണ്ടാവുക എന്നത് അസാദ്ധ്യം. അതുപോലെയാണ് വൈവിദ്ധ്യതയും അനന്താവബോധവും. അവയ്ക്ക് ഒരേസമയം നിലനിക്കാനാവില്ല.

എല്ലാമെല്ലാം ബ്രഹ്മമാകുന്നു. അനന്തമായ ബോധമാകുന്നു. കല്ലിലെ  താമരപ്പൂക്കളുടെ ധാരണാസാന്നിദ്ധ്യം കല്ലിനെ ബാധിക്കാത്തതുപോലെ ലോകങ്ങളുടെ സാന്നിദ്ധ്യം അനന്താവബോധത്തെ ബാധിക്കുന്നില്ല. ബ്രഹ്മം ബ്രഹ്മമായി പരിലസിക്കുന്നു. ലോകവും ബ്രഹ്മവും ഉണ്മയില്‍ തമ്മില്‍ അന്തരമില്ല. അവ തുല്യാര്‍ത്ഥ സംജ്ഞകളാണ്. എന്നാല്‍ സത്യസാക്ഷാത്ക്കാരമാവുമ്പോള്‍ ബ്രഹ്മം മാത്രമേയുള്ളു. പുറമേ ജലമായി കാണപ്പെടുന്നുണ്ടെങ്കിലും ജലം വാസ്തവത്തില്‍ രണ്ടുതരം വാതകങ്ങളുടെ സംഘാതമാണല്ലോ. അതുപോലെ ഇന്ദ്രിയഗോചരമായ ഒന്നല്ല ബ്രഹ്മം.

ബഹുവര്‍ണ്ണത്തൂവലുകളായും മയില്‍പ്പേടകളുടെ ചിറകുകളായും മയിലിന്റെ മുട്ടയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാവിധ പ്രഭാവസവിശേഷതകളും സാദ്ധ്യതകളായി അനന്തബോധത്തില്‍ അടങ്ങിയിരിക്കുന്നു. ഒരേയൊരു ബോധം മനസ്സായും മലകളായും ഇരിക്കുന്നു.  


വൈവിദ്ധ്യമാര്‍ന്നതായി വിശ്വത്തില്‍ കാണപ്പെടുന്ന എല്ലാം ജ്ഞാനദൃഷ്ടികൊണ്ട് കാണുമ്പോള്‍ ബ്രഹ്മം മാത്രമാണ്. ബോധം മാത്രമാണ്. “കാരണം വിവിധമെന്നു തോന്നുന്നുവെങ്കിലും അത് അദ്വൈതമാണ്. മയിലിന്റെ മുട്ടയ്ക്കുള്ളിലെ ദ്രവാവസ്ഥയെപ്പോലെയാണ് ഈ നാനാത്വഭാവം. ബ്രഹ്മം എന്ന ധാരണയും ലോകമെന്ന ധാരണയും രണ്ടും ഒരേസമയം ദ്വൈതവും അദ്വൈതവുമാണ്.” 

ഈ അവസ്ഥകള്‍ക്ക് നിദാനമായ അടിസ്ഥാന തത്വം പരമമായ അവസ്ഥയത്രേ. വിശ്വം മുഴുവനും വ്യാപരിക്കുന്നതാണ് അനന്താവബോധം. എന്നാല്‍ ഈ വിശ്വം കുടികൊള്ളുന്നത് ഇതേ ബോധത്തിലാണ്. മയിലിന്റെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണമനോഹരമായ ശരീര ഭാഗങ്ങളോടുകൂടിയ  മയിൽപേടയെന്നപോലെയാണ് വൈവിദ്ധ്യതയും ഏകതയും ഉള്ളത്. എല്ലാം മുട്ടയെന്ന ഏകവസ്തുവില്‍ അടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ അങ്ങിനെയിരിക്കെ ഇതില്‍ വൈവിദ്ധ്യത സത്യത്തില്‍ എവിടെയാണുള്ളത്?   

Nov 16, 2013

384 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 384

ബീജം പുഷ്പഫലാന്തസ്ഥം ബീജാന്തര്‍നാന്യദാത്മകം
യദൃശീ ബീജസത്താ സാ ഭവന്തീ യാത്യഥോത്തരം (6/46/30)

വസിഷ്ഠന്‍ തുടര്‍ന്നു: ഇക്കാര്യത്തെ കുറച്ചുകൂടി വ്യക്തമാക്കാന്‍ ഒരു ദൃഷ്ടാന്തകഥ കൂടി ഞാന്‍ പറയാം. വലിയൊരു കല്ല്. അത് നിറയെ സ്നേഹവും മൃദുത്വവും നിറഞ്ഞിരിക്കുന്നു. അത് എല്ലാവര്‍ക്കും പ്രാപ്യവുമാണ്. അത് സര്‍വ്വവ്യാപിയും സനാതനവുമാണ്. അതിനുള്ളില്‍ എണ്ണമറ്റ താമരകള്‍ വിടര്‍ന്നു നില്‍ക്കുന്നു. അവയുടെ ദലങ്ങള്‍ ചിലപ്പോള്‍ പരസ്പരം തൊട്ടും ചിലപ്പോള്‍ തൊടാതെയും ചിലപ്പോള്‍ തെളിഞ്ഞും മറ്റുചിലപ്പോള്‍ മറഞ്ഞും നിലകൊള്ളുന്നു. ചിലവ താഴേയ്ക്ക് കൂമ്പിയും മറ്റുള്ളവ മുകളിലേയ്ക്ക് തിരിഞ്ഞും ചിലപ്പോള്‍ പരസ്പരം കെട്ടുപിണഞ്ഞും കാണപ്പെടുന്നു.

ചിലതിനു വേരുകളില്ല. എല്ലാം അതിനുള്ളില്‍ നിലകൊള്ളുന്നു എന്നാല്‍ അവയൊന്നും അവയിൽ ഇല്ലതാനും. രാമാ ഈ കല്ലാണ് വിശ്വാവബോധം. അതിന്റെ സാന്ദ്രത പാറയുടേതുപോലെ ഉറച്ചതാണ്. എന്നാല്‍ അതിനുള്ളിലാണ് വൈവിദ്ധ്യമാര്‍ന്ന ലോകങ്ങളെല്ലാം കാണപ്പെടുന്നത്. ഒരു ശിലയില്‍ ആര്‍ക്കും എന്ത് തരം മൂര്‍ത്തികളെയും രൂപങ്ങളെയും  വേണമെങ്കില്‍ സങ്കല്‍പ്പിച്ചുണ്ടാക്കാമല്ലോ. അതുപോലെ ഈ ലോകങ്ങളും അനന്താവബോധത്തില്‍ സങ്കല്‍പ്പിച്ചുണ്ടാക്കിയതാണ്. ശില്‍പികള്‍ ശിലയില്‍ വിവിധങ്ങളായ രൂപങ്ങള്‍ കൊത്തിയുണ്ടാക്കിയാലും ശില ശിലയല്ലാതാകുന്നില്ല.

അതുപോലെ വിശ്വാവബോധം എന്നത് ബോധത്തിന്റെ ഘനസാന്ദ്രമായ ഒരേയൊരു സത്തയാണ്. ശിലയില്‍ ശില്‍പ്പിക്ക് കൊത്തിയെടുക്കാന്‍ ഉതകുംവിധത്തില്‍ സാദ്ധ്യതാ സാന്നിദ്ധ്യമായി അനേകം രൂപങ്ങള്‍ നിലകൊള്ളുന്നു. അതുപോലെ ബോധഘനത്തില്‍ വൈവിദ്ധ്യതയാർന്ന വിശ്വങ്ങള്‍ , നാമരൂപങ്ങളായി, സാദ്ധ്യതകളായി നിലകൊള്ളുന്നു. മൂര്‍ത്തികളെ കൊത്തിയെടുത്താലും ഇല്ലെങ്കിലും കല്ലിനു കല്ലിന്റെ അസ്തിത്വം നഷ്ടപ്പെടുന്നില്ല. അതുപോലെ പ്രകടിതമായ വിശ്വങ്ങള്‍ ‘സൃഷ്ടിക്കപ്പെട്ടാലും’ ഇല്ലെങ്കിലും ബോധം ബോധമായിത്തന്നെ നിലകൊള്ളും. 

ലോകമെന്ന കാഴ്ച കേവലം വെറുമൊരു പ്രകടനം മാത്രം. അതിന്റെ പൊരുള്‍ ബോധം തന്നെയാകുന്നു. പ്രകടിതമായ കാഴ്ചകളും ഉപാധികളും എല്ലാം ബ്രഹ്മം തന്നെ. എല്ലാമെല്ലാം അനന്താവബോധം മാത്രം. ബോധത്തിന്  മാറ്റങ്ങള്‍ ഇല്ല. ബ്രഹ്മത്തില്‍ ഗോചരമായ (ഇന്ദ്രിയങ്ങളാൽ തിരിച്ചറിയാവുന്ന) ഒന്നിനും സാംഗത്യമില്ലതന്നെ. കാരണം കാണപ്പെടുന്ന മാറ്റങ്ങള്‍ ബ്രഹ്മത്തില്‍ ആരോപിക്കുന്നത് മരുഭൂമിയിലെ മരീചികാജലം പോലെയൊരു വൃഥാവ്യായാമമാണ്.

“ബീജത്തില്‍ ബീജമല്ലാതെ യാതൊന്നും ഇല്ല. അതില്‍നിന്നുണ്ടാവുന്ന പൂക്കളും കായ്കളും എല്ലാം വിത്തിന്റെ സഹജപ്രകൃതി തന്നെയാണല്ലോ. വിത്തിന്റെ സത്തായ സ്വഭാവം അതിന്റെ പിന്നീടുള്ള വികാസപരിണാമങ്ങളിലും സഹജമായിരിക്കും.” അതുപോലെ ബോധഘനത്തില്‍ നിന്നും അതിന്റെ സ്വഭാവത്തിനു യോജിക്കാത്ത യാതൊന്നും ഉണ്ടാവുക വയ്യ. 


സത്യമറിയുമ്പോള്‍ ദ്വന്ദത അവസാനിക്കുന്നു. ബോധത്തിന് ഒരിക്കലും ‘അബോധ’ മാവാന്‍ സാദ്ധ്യമല്ല. ഉപാധികളും മാറ്റങ്ങളും ഉണ്ടെങ്കില്‍ അവയും ബോധം തന്നെ. അതുകൊണ്ട് എന്തൊക്കെയുണ്ടോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടോ അതെല്ലാം ബ്രഹ്മം മാത്രം. അനന്തമായ ബോധഘനത്തില്‍ സാദ്ധ്യതകളായി എല്ലാമെല്ലാം എപ്പോഴും നിലകൊള്ളുന്നു.

Nov 15, 2013

383 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 383

ഏഷൈകി കൈവ വിവിധേവ വിഭാവ്യമാനാ
നൈകാത്മികാ ന വിവിധാ നനു സൈവ സൈവ
സത്യാസ്ഥിതാ സകലശാന്തിസമൈകരൂപാ
സര്‍വാത്മികാതിമഹതി ചിതിരൂപശക്തി:  (6/45/36)

വസിഷ്ഠന്‍ തുടര്‍ന്നു: ഇതിനെക്കുറിച്ച്‌ പറയുമ്പോള്‍ നല്ലൊരു കഥ എനിക്കോര്‍മ്മവരുന്നു. അളവറ്റ വലുപ്പത്തോടുകൂടിയ ഒരു വളാര്‍പഴം (കപിത്ഥം) ഉണ്ട്. യുഗങ്ങളായി നിലനില്‍ക്കുന്ന അതിനു നാശമോ കേടോ വരില്ല. അമര്‍ത്ത്യതയുടെയും അവിനാശത്തിന്റെയും അനശ്വരതയുടെയും സ്രോതസ്സും അടിസ്ഥാനവുമായി അത് നിലകൊണ്ടു. അത് മധുരിമയുടെ കേന്ദ്രമായിരുന്നു. ഏറ്റവും പഴക്കമേറിയതെങ്കിലും അതെപ്പോഴും ചാന്ദ്രശീതളിമപോലെ നവംനവമായി നിന്നു. അത് വിശ്വത്തിന്റെ ഹൃദയം തന്നെയായിരുന്നു. പ്രളയശക്തികള്‍ക്ക് പോലും ഇളക്കാനരുതാത്ത ഒന്നായിരുന്നു അത്.
 
ഈ കപിത്ഥഫലമായിരുന്നു സൃഷ്ടിയുടെയെല്ലാം ആദിസ്രോതസ്സ്. പൂര്‍ണ്ണമായും പഴുത്തു പാകമായാലും അത് ഞെട്ടറ്റു വീഴുന്നില്ല. എപ്പോഴും പഴുത്തുപാകമായിരിക്കുന്നുവെങ്കിലും അത് പഴുത്തഴുകുന്നില്ല. ബ്രഹ്മാദികള്‍ക്കുപോലും ഈ പഴത്തിന്റെ ഉല്‍ഭവം എവിടെനിന്നാണെന്നറിയില്ല. ആരും ആ പഴത്തിന്റെ വിത്തോ അതുണ്ടായ മരമോ ഇതുവരെ കണ്ടിട്ടില്ല. അതിനെക്കുറിച്ച് പറയാനാവുന്ന ഒരേയൊരു കാര്യം അതിനു ആദിമധ്യാന്തങ്ങള്‍ ഇല്ല എന്ന് മാത്രമാണ്. അത് മാറ്റങ്ങള്‍ക്കു വിധേയമല്ല എന്നും നമുക്കറിയാം. കപിത്ഥഫലത്തിനുള്ളില്‍ വൈവിദ്ധ്യത ഇല്ലതന്നെ. യാതൊരുവിധ ശൂന്യതയും ഇല്ലാതെ അത് സ്വയം നിറഞ്ഞു നില്‍ക്കുന്നു. എല്ലാ ആനന്ദത്തിന്റെയും ഉറവിടമാണത്. സാധാരണക്കാരനായ ഒരുവന്റെമുതല്‍ ദിവ്യദേവതകളുടെവരെ ആനന്ദസ്രോതസ്സ് ഈ ദിവ്യഫലം തന്നെയാണ്.

ഈ ഫലം വാസ്തവത്തില്‍ അനന്താവബോധത്തിന്റെ ആര്‍ജ്ജവം, അതായത് ഊര്‍ജ്ജം, മൂര്‍ത്തീകരിച്ചതാണ്. സ്വയം ഇച്ഛാമാത്രം കൊണ്ട് ഈ സൃഷ്ടികളെ എല്ലാം സംജാതമാക്കിയത് ഈ ചൈതന്യവിശേഷമാണ്. എന്നാല്‍ സ്വയം അത് യാതൊരുവിധ മാറ്റങ്ങള്‍ക്കും വിധേയമായതുമില്ല. വാസ്തവത്തില്‍ അത് സ്വയം ഇഛ പ്രകടിപ്പിച്ചു എന്ന് പറയുന്നതുപോലും ശരിയല്ല, കാരണം, ‘ഇഛ ’ എന്ന് പറയുമ്പോള്‍ അഹംകാരം ഉണ്ടായി എന്നുവരുന്നു.

എന്നാല്‍ അതില്‍നിന്നാണ് എല്ലാ മൂലഘടകങ്ങളും അവയ്ക്ക് അനുയോജ്യമായ ഇന്ദ്രിയ സങ്കല്‍പ്പങ്ങളും ഉണ്ടായത്‌. അനന്താവബോധമെന്ന അതേ ചൈതന്യവിശേഷം തന്നെയാണ് ആകാശമായും കാലമായും പ്രകൃതിനിയമമായും ചിന്താവികാസമായും ആകര്‍ഷണവികര്‍ഷണങ്ങളായും ഞാനായും നീയായും അതായും ഇതായും, താഴെയായും മുകളിലായും മറ്റു ദിശകളായും, മലകളായും, ആകാശത്തിലെ താരകളായും, അറിവായും അജ്ഞാനമായും, എല്ലാമെല്ലാമായും നിലകൊള്ളുന്നത്. എന്തൊക്കെയുണ്ടായിരുന്നുവോ, എന്തൊക്കെയിപ്പോള്‍ ഉണ്ടോ? എന്തൊക്കെയിനി ഉണ്ടാകുവാന്‍ പോകുന്നുവോ അവയെല്ലാം അനന്താവബോധം മാത്രം. അതിന്റെ ചൈതന്യം മാത്രം. അനന്താവബോധത്തിന്റെ ചൈതന്യം ബോധത്തില്‍ നിന്നും വിഭിന്നമല്ല എന്നുമറിയുക.     

അത് ഒന്നെങ്കിലും പലതായി അറിയുന്നു. അത് ഒന്നല്ല, പലതും അല്ല. അതിനെ ‘അത്‌ ’ എന്ന് നിര്‍വചിക്കുകപോലും വയ്യ. അത് ഉണ്മയില്‍ മാത്രം അതിഷ്ഠിതം. എല്ലാറ്റിനെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പരമപ്രശാന്തിയുടെ പ്രകൃതിയാണതിനുള്ളത്. അളക്കാനരുതാത്ത വിശ്വസത്വമാണത്. ആത്മാവാണ്. സത്യമാണ്. വിശ്വാവബോധത്തിന്റെ അനന്തചൈതന്യമാണ്. 

Nov 14, 2013

382 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 382

യദി തത്പദമാപ്തോസി കദാചിത്കാലപര്യയാത്
തദഹംഭാവനാരൂപം ന മങ്ക്തവ്യം ത്വ്യയാ പുന: (6/44/5)

വസിഷ്ഠന്‍ തുടര്‍ന്നു: അനാസക്തമായ മനസ്സോടെ കര്‍മ്മേന്ദ്രിയങ്ങളാല്‍ നടത്തപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ‘കര്‍മ്മങ്ങളല്ല’. ഇന്ദ്രിയസുഖങ്ങള്‍ വെറും നൈമിത്തികങ്ങളാണ് കാരണം  ഈ സുഖാനുഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സുഖം ഒരുപോലെ തീവ്രമായി ആവര്‍ത്തിക്കപ്പെടുന്നില്ലല്ലോ. അത്തരം നൈമിത്തിക സുഖങ്ങളില്‍ മന്ദബുദ്ധികള്‍ മാത്രമേ ശ്രദ്ധ പതിപ്പിക്കുകയുള്ളു. മാത്രമല്ല ഒരുവസ്തു നമുക്ക് സന്തോഷം നല്‍കണമെങ്കില്‍ നാം അതിനു വേണ്ടി ആഗ്രഹിക്കണം. അതായത്‌ സുഖമെന്നത് ആഗ്രഹത്തിന്റെ സ്വന്തമാണ്. അതിനാല്‍ ആഗ്രഹവും ആസക്തിയും ഉപേക്ഷിക്കൂ.    

“കാലക്രമത്തില്‍ നിനക്ക് ആത്മാവിന്റെ നിറവ് അനുഭവവേദ്യമായിത്തീരുകയാണെങ്കില്‍ അതിനെ നിന്റെ മനസ്സില്‍ ഒരോര്‍മ്മയായി, അഹംകാരമായി കരുതിവെയ്ക്കരുത്. കാരണം അത് വീണ്ടും ആഗ്രഹമായി പുനര്‍ജനിക്കാന്‍ സാധ്യതയുണ്ട്. ആത്മജ്ഞാനമാര്‍ജ്ജിച്ചു കഴിഞ്ഞാല്‍പ്പിന്നെ വീണ്ടും അഹംകാരത്തിന്റെ ചെളിക്കുണ്ടിലേയ്ക്ക് വീഴാന്‍ ഇടയാവരുത്‌. ആശകളൊക്കെ അവസാനിക്കട്ടെ. ധാരണകള്‍ ഇല്ലാതാവട്ടെ. മനസ്സ് 'നിര്‍മന'മെന്ന അവസ്ഥയെ പ്രാപിച്ച് അനാസക്തമായ ജീവിതം നയിച്ചാലും.

അജ്ഞാനത്തില്‍ നില്‍ക്കുമ്പോള്‍ മാത്രമേ നാം ബന്ധനത്തിലാവുന്നുള്ളു. ആത്മജ്ഞാനമുണ്ടെങ്കില്‍ നിന്നെ ബന്ധിക്കാന്‍ യാതൊന്നുമില്ല. അതിനാല്‍ ആത്മജ്ഞാനത്തില്‍ സദാ ജാഗരൂകനായി വര്‍ത്തിച്ചാലും. ഇന്ദ്രിയാനുഭവങ്ങളില്‍ മുഴുകാത്തിടത്തോളം, യാദൃശ്ചികമായി, അനിഛാപൂര്‍വ്വം  വന്നുചേരുന്ന അനുഭവങ്ങളെ നിസ്സംഗനായി സ്വീകരിച്ച് ജീവിക്കുമ്പോള്‍ നീ സമതയുടെ, സംതുലിതാവസ്ഥയില്‍ നിര്‍മലതയോടെ വിരാജിക്കുന്നു. അപ്പോള്‍ ലീനവാസനകളോ ഓര്‍മ്മകളോ നിന്നെ അലട്ടുകയില്ല. 

ആയിരക്കണക്കിന് പ്രലോഭനങ്ങളുടെ നടുവിലും നിനക്ക് ആകാശംപോലെ നിത്യശുദ്ധനായി കഴിയാം. അറിവ്, അറിയല്‍ , അറിവാളി എന്ന ത്രിപുടികള്‍ ഇല്ലാതെയായി ആത്മാവില്‍ അവ ലയിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഒരിക്കലും നിന്റെയുള്ളില്‍ വിഭാഗീയത ഉടലെടുക്കുകയില്ല. മനസ്സിന്റെ ചെറിയൊരു ഇളക്കത്തില്‍ സംസാരമെന്ന ഈ ലോകം ഉണ്ടായി മറഞ്ഞുപോകുന്നു. എന്നാല്‍ ഈ മനസ്സിനെ എല്ലാ ചാഞ്ചാട്ടങ്ങളില്‍ നിന്നും രക്ഷിക്കാന്‍ പ്രാണനിരോധത്തിനു കഴിയും എന്നറിയുക. പ്രാണന്റെ ചലനത്തില്‍ സംസാരസാഗരം ഉണ്ടായി മറയുന്നു. എന്നാല്‍ ഈ ചലനത്തെ നിസ്തന്ദ്രമായ അഭ്യാസം കൊണ്ട് നിരോധിക്കാന്‍ കഴിയും.

അജ്ഞാനത്താലാണ് സ്വയം ബന്ധിതമാവുന്ന കര്‍മ്മങ്ങള്‍ ഉണ്ടാവുന്നത്. അവ പെട്ടെന്ന് തന്നെ അവസാനിക്കുകയും ചെയ്യുന്നു. ഗുരൂപദേശം, ശാസ്ത്രപഠനം മുതലായവയുടെ പിന്‍ബലത്തോടെയുള്ള  ആത്മനിയന്ത്രണസാധനകള്‍ കൊണ്ട് കര്‍മ്മങ്ങളെ നിയന്ത്രിക്കാം. മനസ്സിന്റെ ചലനം കൊണ്ടാണല്ലോ ലോകമെന്ന ഈ മായക്കാഴ്ച ഉണ്ടായിരിക്കുന്നത്. മനസ്സിന്റെ ചലനം അവസാനിക്കുമ്പോള്‍ ഈ മായയും അവസാനിക്കുന്നു. മനസ്സ് നിര്‍മനമാവുന്നു. പ്രാണായാമത്താലും ഇത് സാദ്ധ്യമാണ്. അതാണ്‌ പരമമായ അവസ്ഥ.


നിര്‍മനാവസ്ഥയില്‍ ഉളവാകുന്ന അഹൈതുകമായ ആനന്ദം ഏറ്റവും ഉന്നതമായ സ്വര്‍ഗ്ഗത്തില്‍പ്പോലും ലഭ്യമല്ല. അതിനെ വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. അതിനെ ‘ആനന്ദാവസ്ഥ’യെന്നു പറയുന്നത് പോലും ശരിയല്ല. അത് ശുദ്ധസത്വമാണ്. ഇതറിയുന്നവന്റെ മനസ്സ് വാസ്തവത്തില്‍ നിര്‍മനമത്രേ. അങ്ങിനെ നിര്‍മനാവസ്ഥയില്‍ കുറച്ചു സമയം കഴിയുമ്പോള്‍ തുരീയാതീതമായ അവസ്ഥയായി. അതിനെ ഒരവസ്ഥയെന്ന് പറയാന്‍കൂടി വയ്യ. അതീന്ദ്രിയത്തിനും അപ്പുറമാണ് ആ തലം. 

Nov 13, 2013

381 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 381

ഗ്രാഹ്യഗ്രഹാക സംബന്ധേ സാമാന്യേ സര്‍വദേഹിനാം
യോഗിന: സാവധാനത്വം യത്തദര്‍ച്ചനമാത്മന: (6/43/8)

വസിഷ്ഠന്‍ തുടര്‍ന്നു: ‘അസത്താ’യ ജീവന്‍ ഇല്ലാത്തൊരു ലോകത്തെ,  ഇല്ലായ്മയുടെ വ്യര്‍ത്ഥമായ സ്വാധീനത്താല്‍ അറിയുന്നു! ഇതില്‍ സത്തേത്, അസത്തേത്‌ എന്നെല്ലാം എങ്ങിനെയറിയാനാണ്? സങ്കല്‍പ്പകല്‍പ്പിതമായ ഒരു വസ്തുവിനെ ചമല്‍ക്കാരത്തോടെ ആരോ വിവരിക്കുന്നതുപോലെയാണത്. എന്നിട്ട് കേള്‍ക്കുന്നയാള്‍ സ്വമനസ്സിലെ സങ്കല്‍പ്പത്തില്‍ അത് മനസ്സിലായെന്ന് സങ്കല്‍പ്പിക്കുകയാണ്.

ദ്രാവകങ്ങളിലെ ദ്രവത്വം, കാറ്റിന്റെ ചലനം, ആകാശത്തിലെ ശൂന്യത, എന്നിവയെപ്പോലെ ആത്മാവ് സര്‍വ്വവ്യാപിയാണ്. അന്ന് പരമശിവന്‍ ഉപദേശിച്ചശേഷം ഞാന്‍ അനന്തമായ പരമാത്മാവിനെ സദാ ആരാധിച്ചുവരുന്നു. ആ ആരാധനയുടെ കാരുണ്യത്താല്‍ എന്തൊക്കെ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാലും അവയുടെ കര്‍മ്മഫലങ്ങള്‍ എന്നെ ബാധിക്കുന്നതേയില്ല. എനിക്കതുകൊണ്ട് ദുഖമേതും അനുഭവിക്കേണ്ടി വരുന്നുമില്ല.

വിച്ഛിന്നമായി കാണപ്പെടുന്നുവെങ്കിലും അവിച്ഛിന്നമായ ആ പരമാത്മാവിനെ കയ്യില്‍ക്കിട്ടുന്ന എന്തും പൂക്കളായി സങ്കല്‍പ്പിച്ചു ഞാന്‍ അര്‍ച്ചിക്കുന്നു. സ്വാഭാവികമായി എന്നില്‍ ഉണരുന്ന കര്‍മ്മങ്ങള്‍ ഞാന്‍ ചെയ്യുന്നു. “മറ്റുള്ളവരുമായി ബന്ധപ്പെടുക, വസ്തുക്കളെ സ്വായത്തമാക്കുക, മറ്റുള്ളവര്‍ക്ക് സ്വായത്തമാക്കാന്‍ വിട്ടുകൊടുക്കുക, എന്നതെല്ലാം ദേഹമുള്ള ജീവനു സാധാരണമാണ്. എനാല്‍ യോഗികള്‍ വളരെ ജാഗരൂകരാണ്. അവരുടെ ജാഗ്രത തന്നെയാണ് ആത്മപൂജ.” 

ഈ മാനസീകഭാവത്തോടെ യാതൊരാസക്തികള്‍ക്കും വശംവദനാകാതെ ഞാനീ സംസാരമെന്ന കൊടുംകാട്ടില്‍ അനായാസം വിലസുകയാണ്. നീയും അങ്ങിനെ ചെയ്യുകയാണെങ്കില്‍ ദുഖിക്കേണ്ടിവരികയില്ല. പ്രിയപ്പെട്ടവരുടെ വിയോഗം, സമ്പത്തിന്റെ നാശം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നുചേരുമ്പോള്‍ സത്യത്തിനെക്കുറിച്ച് ഞാന്‍ പറഞ്ഞതുപോലെ അന്വേഷിക്കൂ. നിന്നെ സന്തോഷസന്താപങ്ങള്‍ ബാധിക്കുകയില്ല.

നിനക്കിപ്പോള്‍ കാര്യങ്ങളുടെ സ്ഥിതിഗതികള്‍ മനസ്സിലായല്ലോ. കാഴ്ചകളില്‍ ഭ്രമിച്ചുവശായ, ആത്മാന്വേഷണസ്വഭാവമില്ലാത്തവരുടെ വിധി എന്തെന്ന് ഇപ്പോള്‍ നിനക്കറിയാം. അവര്‍ നിനക്ക് യോജിച്ചവരല്ല. അവര്‍ക്ക്  നീയും അനുയോജ്യനല്ല. 

ഇതാണ് ലോകത്തിന്റെ ‘അസത്തായ’ സ്വഭാവം. അതായത് ഇല്ലാത്ത ലോകത്തിന്റെ ഇല്ലാത്ത സ്വഭാവഗുണങ്ങള്‍ ! അതുകൊണ്ട് ദുഖിക്കാതിരിക്കുക. രാമാ നീ ശുദ്ധമായ അവബോധമാണ്.

വൈവിദ്ധ്യമാര്‍ന്ന ‘സൃഷ്ടി’യുടെ മായാ പ്രതീതികള്‍ നിര്‍മ്മലമായ അവബോധത്തെ ബാധിക്കുകയില്ല. ഇത് നിനക്ക് മനസ്സിലായാല്‍പ്പിന്നെ ഇഷ്ടാനിഷ്ടധാരണകള്‍ നിന്നിലെങ്ങിനെ അങ്കുരിക്കാനാണ്? രാമാ, ഈ അറിവ് ഉള്ളില്‍ നിറച്ച് തുരീയമെന്ന നാലാമത്തെ അതീന്ദ്രിയാവസ്ഥയില്‍ സദാ നിലകൊണ്ടാലും. 
 

രാമന്‍ പറഞ്ഞു: ഗുരോ ഞാന്‍ ദ്വൈതമെന്ന മാലിന്യത്തില്‍ നിന്നും മുക്തനായിരിക്കുന്നു. ഇതെല്ലാം ബ്രഹ്മം മാത്രമെന്ന് ഞാന്‍ അറിയുന്നു. എന്റെ പ്രജ്ഞ നിര്‍മ്മലമായിരിക്കുന്നു. എന്നിലെ സംശയങ്ങള്‍ , ആശയങ്ങള്‍ , ചോദ്യങ്ങള്‍ എന്നിവയ്ക്കെല്ലാം അവസാനമായിരിക്കുന്നു. എനിക്ക് സ്വര്‍ഗ്ഗത്തില്‍ ആഗ്രഹമില്ല. എനിക്ക് നരകത്തെ ഭയവുമില്ല. ഞാന്‍ ആത്മാവില്‍ അഭിരമിക്കുന്നു. അങ്ങയുടെ അനുഗ്രഹത്താല്‍ കാണപ്പെടുന്ന ലോകമെന്ന സംസാരസാഗരത്തെ തരണം ചെയ്യാന്‍ എനിക്കായി. ആത്മജ്ഞാനത്തിന്റെ നേരറിവ് എന്നില്‍ പൂര്‍ണ്ണസാക്ഷാത്കാരത്തിന്റെ നിറവായിരിക്കുന്നു. 

Nov 12, 2013

380 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 380

സംപദ്യതേ യഥാ യോസൌ പുരുഷ: സര്‍വകാരക:
അനേനൈവ ക്രമേണേഹ കീട: സംപദ്യതേ ക്ഷണാത്   (6/42/19)

ഭഗവാന്‍ തുടര്‍ന്നു: അകമേയുള്ള നിശ്ശൂന്യതയില്‍ സ്വപ്നം കാണുന്നയാള്‍ വിവിധങ്ങളായ വസ്തുക്കളെ കാണുന്നതുപോലെ ജീവന്‍ ഈ ഘടകങ്ങള്‍കൊണ്ട് ശരീരം സംജാതമായതായി കരുതുന്നു. അതിപ്പോഴും അങ്ങിനെതന്നെയാണ്. വിശ്വബോധം അല്ലെങ്കില്‍ വിശ്വപുരുഷന്‍ ലോകത്തിന്റെ വൈവിദ്ധ്യതയെ തന്നില്‍ത്തന്നെ ദര്‍ശിക്കുകയാണ്. സ്വപ്നം കാണുന്നയാളും അങ്ങിനെയാണല്ലോ. ജീവന്‍ സ്വയം താന്‍ ബ്രഹ്മാവും വിഷ്ണുവും എല്ലാമാണെന്ന് കരുതുന്നു. എന്നാല്‍ ഇതെല്ലാം വെറും ചിന്താമൂര്‍ത്തികള്‍ മാത്രമാണ്. എന്നാല്‍ ഈ ചിന്താമൂര്‍ത്തികള്‍ മറ്റുള്ള ചിന്താമൂര്‍ത്തികളെ സങ്കല്‍പ്പിച്ചുണ്ടാക്കുന്നു. എന്നിട്ടവയെ അനുഭവിക്കുകയും ചെയ്യുന്നു. ഇവയിലെല്ലാമുള്ള അടിസ്ഥാന ധാരണ അഹംഭാവം തന്നെയാണ്. അതുണ്ടാവുന്നത് ബോധം ഒരു വസ്തുവിന്റെ തന്റെ ധാരണയ്ക്ക് വശംവദമാക്കി, അതിന്റെ പ്രതീതി തന്നില്‍ വസ്തുബോധമായി ഉണ്ടാകുന്നതായി അറിയുമ്പോഴാണ്. ബോധത്തിനത് ഒരു വിഷയമാവുകയാണ്.  

ആ നിമിഷം തന്നെ യുഗമാണ്. അനേകം യുഗങ്ങളാണ്. അവയുടെ ഭാഗങ്ങളുമാണ്. ഈ നിലനില്‍പ്പിന്റെ എല്ലാ അണുക്കളിലും അനവരതം സ്വേഛയുടെയും ആത്മജ്ഞാനത്തിന്റെയും ഈ നാടകം എല്ലാ കാലങ്ങളിലും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതെല്ലാം വിശ്വബോധത്തിലെ വെറും ചിന്താകല്‍പ്പിതങ്ങള്‍ മാത്രമാകുന്നു. ഒന്നും തന്നെ വിശ്വമനസ്സിനാല്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. കാരണം അതിനു മാറ്റങ്ങളോ ഉപാധികളോ ഇല്ലല്ലോ. സ്വപ്നത്തില്‍ ദൃശ്യമായ ഒരു പര്‍വ്വതം കാണപ്പെടുന്നത് സമയദൂരസംബന്ധിയായാണ്. എന്നാല്‍ അതുണ്ടാവാനും മറയാനും സമയമെടുക്കുന്നില്ല. അതാണീ ലോകത്തിന്റെ സ്ഥിതിയും.

കണ്‍മിഴി തുറന്നടയ്ക്കുന്ന നേരത്തിനിടയ്ക്ക് സര്‍വ്വശക്തന്‍ ഈ ലോകത്തില്‍ എങ്ങിനെ സംജാതമായോ അങ്ങിനെതന്നെയാണീ ലോകത്തില്‍ കേവലമൊരു പുഴുവും ഉണ്ടായത്‌. ഈ വിശ്വത്തില്‍ കാണപ്പെടുന്ന എല്ലാമെല്ലാം, രുദ്രദേവന്‍ മുതല്‍ വെറുമൊരു പുല്‍ക്കൊടി വരെ ഉണ്ടായിട്ടുള്ളത്‌ ഇപ്പറഞ്ഞ ഒരേ രീതിയിലാണ്. അണുരൂപിയാണെന്കിലും അതിസ്തൂലജീവിയാണെങ്കിലും വ്യത്യാസമൊന്നുമില്ല. അങ്ങിനെ ഈ സംസാരലോകത്തിന്റെ വസ്തുതയെക്കുറിച്ച് അന്വേഷണം നടത്തുമ്പോള്‍ വൈവിദ്ധ്യതയെന്ന പ്രതീതി മറയുകയും ആത്മജ്ഞാനം അങ്കുരിക്കുകയും ചെയ്യും. അതാണ്‌ ഈശ്വരസാക്ഷാത്കാരം. എന്നാല്‍ അനന്താവബോധത്തിന്റെ ഉണ്മയുടെ നിറവ് ഒരു നിമിഷാര്‍ദ്ധത്തിന്റെ നൂറിലൊന്നു സമയം നമ്മില്‍ നിന്ന് വേറിട്ടുപോയാല്‍ ഈ മായാസൃഷ്ടികള്‍ അവയുടെ ലീലകള്‍ തുടരുകയായി.

ബ്രഹ്മം എന്ന് വിജ്ഞരായ മാമുനിമാര്‍ പറയുമ്പോള്‍ അവര്‍ വിവക്ഷിക്കുന്നത് ഒരുവന്‍ അനന്താവബോധത്തില്‍ രൂഢമൂലമായി നില്‍ക്കുന്ന സമതാവസ്ഥയെക്കുറിച്ചാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഇളക്കം ഉണ്ടാവുമ്പോള്‍ ലോകം സത്യമാണ്, ഉണ്മയാണ് എന്ന തോന്നല്‍ ഒരുവനില്‍ ഉണ്ടാവുന്നു. അത് അന്തമില്ലാത്ത വൈവിദ്ധ്യങ്ങള്‍ക്ക് നിദാനമാവുന്നു. ദേവന്മാര്‍ , അസുരന്മാര്‍ , മനുഷ്യര്‍ , ഉപമനുഷ്യര്‍ , അതിമാനുഷര്‍ , ചെടികള്‍ , കീടങ്ങള്‍ , എന്നിവയെല്ലാം അങ്ങിനെയുണ്ടാവുന്നു. എന്നാല്‍ അനന്തമായ അവബോധത്തില്‍ നിന്ന് വഴിതെന്നി വീഴാത്തവര്‍ എല്ലാത്തിന്റെയും പിറകിലെ സത്യമെന്തെന്ന നിറവില്‍ സദാ പ്രസന്നരായിരിക്കും. 


വസിഷ്ഠന്‍ പറഞ്ഞു: ഇത്രയും പറഞ്ഞ പരമശിവന്‍ എന്റെ പൂജാദികള്‍ കൈക്കൊണ്ട് എന്നെ അനുഗ്രഹിച്ചു. എന്നിട്ട് തന്റെ പ്രിയപത്നിയായ പാര്‍വ്വതീദേവിയുമായി അവിടെ നിന്നും വിരമിച്ചു. ഭഗവാന്റെ പ്രഭാഷണം കേട്ട് അതില്‍ ആമഗ്നനാകയാല്‍ മുന്‍പ് ഞാന്‍ ചെയ്തിരുന്ന ആരാധനാക്രമങ്ങളെ ഉപേക്ഷിച്ചിട്ട് സര്‍വ്വവ്യാപിയും അദ്വയവുമായ ആത്മാവിനെ ഉപാസിക്കാന്‍ തുടങ്ങി.  

Nov 11, 2013

379 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 379

വാസനാവശതോ ദുഃഖം വിദ്യമാനേ ച സാ ഭവേത്
അവിദ്യമാനം ച ജഗന്‍മൃഗതൃഷ്ണാംബുഭംഗവത്‌ (6/41/52)

ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ഈ അഹംകാരമാണ് പിന്നീട് കാലദേശാദി ധാരണകള്‍ക്ക് ജന്മം നല്‍കുന്നത്. പ്രാണവായുവിന്റെ ആര്‍ജ്ജവത്തില്‍ അത് വ്യക്തിഗതജീവനായിത്തീരുന്നു. പിന്നെയങ്ങോട്ട് ഈ വ്യക്തി, ധാരണകള്‍ക്ക് വശംവദനായി അജ്ഞാനത്തിന്റെ ഇരുട്ടിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. അതാണ്‌ മനസ്സ്. പലവിധ രൂപഭാവങ്ങള്‍ സ്വാംശീകരിച്ച മാനസീകോര്‍ജ്ജങ്ങളോടെ അങ്ങിനെ മനസ്സുണ്ടാകുന്നു. ഇവയെല്ലാം കൂടി ‘അതിവാഹിക’ ദേഹം എന്നറിയപ്പെടുന്നു. ഈ സൂക്ഷ്മശരീരമാണ് ഒരനുഭവതലത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നത്.    

അതിവാഹിക ദേഹത്തിന്റെ സൂക്ഷ്മമായ ഊര്‍ജ്ജത്തിനനുസൃതമായി പ്രപഞ്ചവസ്തുക്കള്‍ സങ്കല്‍പ്പകല്‍പ്പനയാല്‍ മൂര്‍ത്തീഭവിച്ചു. അങ്ങിനെ തന്നെയാണ് മറ്റ് ഇന്ദ്രിയങ്ങളും (കാഴ്ച, സ്പര്‍ശം, കേള്‍വി, സ്വാദ്, മണം) അവയ്ക്കനുയോജ്യമായ വസ്തുക്കളും, തദ്ജന്യങ്ങളായ അനുഭവങ്ങളും ഉണ്ടായത്‌. എന്നാല്‍ വാസ്തവത്തില്‍ ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലതന്നെ. ഒന്നേയൊന്നുമാത്രമായ അനന്താവബോധത്തില്‍ ഉണ്ടായെന്നു സങ്കല്‍പ്പിക്കപ്പെട്ട വ്യതിയാനങ്ങള്‍ മാത്രമാണിവ. 

സ്വപ്നത്തിലെ വസ്തുക്കള്‍ ഒരുവന്റെ ഉള്ളില്‍ത്തന്നെ നിലകൊള്ളുന്നു. അതുപോലെ ലോകം അനന്തതയില്‍ നിന്നും വിഭിന്നമല്ല. സ്വപ്നത്തിലും നാം കാണുന്ന വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യഭാവമാണല്ലോ ഉള്ളത്. അതുപോലെയാണ് ജാഗ്രത്തിലെ കാര്യവും. എല്ലാത്തിനും വസ്തുതാപരമായ ഉണ്മ ഒരു പ്രതീതിയായി നിലകൊള്ളുന്നു. എന്നാല്‍ അവയ്ക്ക് പിന്നിലെ സത്ത തിരിച്ചറിയുമ്പോള്‍ എല്ലാമെല്ലാം ഭഗവാന്‍ മാത്രമാണെന്ന സാക്ഷാത്കാരമുണ്ടാവുന്നു.

എന്നാല്‍ അതും സത്യമല്ല. കാരണം വസ്തുക്കള്‍ വാസ്തവത്തില്‍ ഉണ്ടായിട്ടില്ല. സങ്കല്‍പ്പ ധാരണകളാണ് അവയ്ക്ക് വസ്തുതാപരമായ അസ്തിത്വം നല്‍കുന്നത്. അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയ്ക്ക് അസ്തിത്വം ഉണ്ടെന്നു തോന്നുകയാണ്. ഇങ്ങിനെ ‘യാഥാതതം’ ആയി സങ്കല്‍പ്പിക്കുന്നത് ബോധത്തിലും പ്രതിഫലിക്കാന്‍ ഇടയാകുന്നു. ഈ ധാരണകളുടെ വലയത്തില്‍പ്പെട്ട് അത് ദുരിതമനുഭവിക്കുന്നു. ഉപാധികള്‍ക്ക് വശംവദമാവുന്നു. 

“ഉപാധികള്‍ ദുഖത്തെ ക്ഷണിച്ചു വരുത്തുന്നു. എന്നാല്‍ അവ ചിന്തകളെയും ധാരണകളെയും ആശ്രയിച്ചിരിക്കുന്നു. മനസ്സേന്ദ്രിയ സംബന്ധിയാണ് ഉപാധികള്‍ . അവ നല്‍കുന്ന അനുഭവങ്ങള്‍ക്കെല്ലാം അതീതമാണ് സത്യം. ലോകം വെറുമൊരു മരീചികപോലെയൊരു മായക്കാഴ്ച മാത്രമാണ്.” സത്യം അങ്ങിനെയായിരിക്കെ ആര് ആരെ ഉപാധികള്‍ക്ക് വിധേയമാക്കുവാനാണ്? ആരാണവയാല്‍ ബാധിക്കപ്പെടുക? മരീചികയിലെ ജലം ആര്‍ക്കാണ് കുടിക്കുവാന്‍ കഴിയുക? 

അങ്ങിനെ എല്ലാമെല്ലാം ഉപേക്ഷിച്ച് കഴിയുമ്പോള്‍ സത്യം മാത്രം അവശേഷിക്കുന്നു. അവിടെ ഉപാധികളില്ല. മാറ്റങ്ങളുമില്ല. അത് ഭാവമോ അഭാവമോ ആവാം. എന്നാല്‍ ‘അത്’ മാത്രമേയുള്ളൂ. മാനസീകോപാധികള്‍ കേവലം ഭൂതപിശാചുക്കളെപ്പോലെ ഭ്രമകല്‍പ്പന മാത്രമാണ്. അതിനെ അവസാനിപ്പിക്കുമ്പോള്‍ സൃഷ്ടിയെന്ന ഭ്രമവും അവസാനിക്കുന്നു.

ഇപ്പറഞ്ഞ അഹംകാരവും സൃഷ്ടിയെന്ന ഭ്രമവുമെല്ലാം സത്യമെന്നു കരുതുന്നവന്‍ അതിഗുഹ്യമായ ജ്ഞാനത്തിനു യോഗ്യനല്ല. ഗുരുക്കന്മാര്‍ പഠിപ്പിക്കുന്നത് ജ്ഞാനദാഹികളായ, ബുദ്ധികൂര്‍മ്മതയുള്ള ശിഷ്യരെയാണ്. മന്ദബുദ്ധികളെയല്ല. രണ്ടാമത് പറഞ്ഞ കൂട്ടര്‍ അവരുടെ ഭക്തി വിശ്വാസങ്ങള്‍ ലോകമെന്ന ഈ കാഴ്ചയില്‍ സമര്‍പ്പിക്കുന്നു. അജ്ഞാനിയായ ഒരുവന്‍ താന്‍ സ്വപ്നത്തില്‍ക്കണ്ട ഒരാള്‍ക്ക് സ്വന്തം മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുംപോലെ വിഡ്ഢിത്തമാണത്.

Nov 10, 2013

378 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 378

അകാരണാന്യപി പ്രാപ്താ ഭൃശം കാരണതാം ദ്വിജ
ക്രമാ ഗുരൂപദേശാധ്യാ ആത്മജ്ഞാനസ്യ സിദ്ധയേ  (6/41/13)

ഭഗവാന്‍ തുടര്‍ന്നു: കരികൊണ്ട് കളിക്കുന്ന കുട്ടിയുടെ കയ്യില്‍ കറുത്ത നിറം പുരണ്ടിരിക്കും. പിന്നീടവന്‍ കയ്യുകഴുകി വൃത്തിയാക്കി വീണ്ടും കരികൊണ്ട് തന്നെ കളിക്കുന്ന പക്ഷം കയ്യില്‍ വീണ്ടും കരിപുരണ്ടു കറുക്കും. എന്നാല്‍ കഴുകി വൃത്തിയാക്കിയ ശേഷം അവന്‍ കരികൊണ്ടുള്ള കളി അവസാനിപ്പിച്ചാല്‍ പിന്നെ അവന്റെ കൈ വൃത്തിയായിത്തന്നെയിരിക്കുമല്ലോ. അതുപോലെ ആത്മാന്വേഷണകുതുകിയായ ഒരാള്‍ തന്റെ സാധനയ്ക്കൊപ്പം അവിദ്യാജന്യങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കുകയാണെങ്കില്‍ അജ്ഞാനത്തിന്റെ അന്ധകാരം അവനിൽ ഇല്ലാതായിത്തീരും. ആത്മാവ് തന്നെയാണ് സ്വയം ആത്മസാക്ഷാത്കാരം പ്രാപിക്കുന്നത്.

ഇക്കാണുന്ന വൈവിദ്ധ്യതകളെ ആത്മാവെന്നു ധരിക്കാതിരിക്കുക. ഗുരുമുഖത്തുനിന്നും കിട്ടുന്ന അറിവിന്റെ ഫലമായാണ് ആത്മജ്ഞാനമുണ്ടാവുന്നതെന്ന് വിചാരിക്കരുത്. ഗുരുവിനും ഇന്ദ്രിയങ്ങളും മനസ്സും ഉണ്ടല്ലോ. പരബ്രഹ്മം മനസ്സേന്ദ്രിയങ്ങള്‍ക്ക് അതീതമാണ്. ഒരു വസ്തുവിന്റെ അവസാനത്തോടെ മാത്രമേ മറ്റൊന്ന് ലഭിക്കുകയുള്ളൂ എങ്കില്‍ അതുള്ളപ്പോള്‍ അതിന്റെ സഹായത്തോടെയാണ് മറ്റേത് ലഭ്യമായത് എന്ന് പറയാന്‍ വയ്യ.

“എന്നാല്‍ ഗുരുവിന്റെ നിര്‍ദ്ദേശങ്ങളും മറ്റു പഠനങ്ങളും ആത്മജ്ഞാനത്തിനുള്ള മാര്‍ഗ്ഗങ്ങളല്ലെങ്കില്‍പ്പോലും അങ്ങിനെയാണ് കണക്കാക്കി വരുന്നത്.” ഗുരൂപദേശമോ വേദശാസ്ത്രങ്ങളോ ആത്മാവിനെ കാണിച്ചുതരുന്നില്ല. എന്നാല്‍ ഇവയെക്കൂടാതെ ആത്മാവ് വെളിപ്പെട്ടുകാണാനാകും എന്ന് പറയുകയും വയ്യ. ഇവയെല്ലാം സമ്യക്കായി ഒത്തുചേരുന്ന ഒരു സന്ധിയിലാണ് ആത്മജ്ഞാനം സംസിദ്ധമാവുന്നത്.

വേദശാസ്ത്രങ്ങളുടെ അറിവ്, ഗുരുക്കന്മാരുടെ ഉപദേശം, ഉത്തമശിഷ്യന്‍, ഇവയെല്ലാം ഒത്തുചേരുമ്പോഴാണ് ആത്മജ്ഞാനമുണരുന്നത്. എല്ലാ ഇന്ദ്രിയങ്ങളും അവയുടെ പ്രവര്‍ത്തനമവസാനിപ്പിച്ച്, സുഖദുഖാദി ചോദനകള്‍ ഇല്ലാതായശേഷം ഉള്ളതെന്തോ അതാണ് ആത്മാവ്, ശിവന്‍, ‘അത്’, ഉണ്മ, സത്ത എന്നിങ്ങനെയുള്ള പദങ്ങളാല്‍ വിവക്ഷിക്കപ്പെടുന്നത്. 

എന്നാല്‍ മനസ്സേന്ദ്രിയങ്ങള്‍ അവസാനിച്ചാൽ മാത്രമല്ല ആത്മാവിന്  നിലനില്‍പ്പുള്ളു . അവയുള്ളപ്പോഴും ആത്മാവ് ആകാശമെന്നപോലെ മാറ്റങ്ങളില്ലാതെ നിലകൊണ്ടിരുന്നു.     
അവിദ്യയില്‍ ആണ്ടുമുഴുകി ഭ്രാമചിത്തരായവരോടുള്ള കൃപാവാത്സല്യങ്ങള്‍ മൂലം അവരില്‍ ആത്മീയമായ ഉണര്‍വ്വുണ്ടാക്കാനായിട്ടാണ് വിശ്വരക്ഷകരായ ബ്രഹ്മ- രുദ്ര- ഇന്ദ്രാദികള്‍ പുരാണങ്ങളും വേദശാസ്ത്രങ്ങളും രചിച്ചിട്ടുള്ളത്‌. അവയില്‍ ബോധം, ബ്രഹ്മം, ശിവന്‍, ആത്മാവ്, ഭഗവാന്‍, പരമപുരുഷന്‍ എന്നിങ്ങനെ വിവിധ നാമങ്ങളില്‍ പറയപ്പെടുന്നത് ഒരേ പരമ സത്തിനെത്തന്നെയാണ്.


ഈ വാക്കുകള്‍ വൈവിദ്ധ്യതയെന്ന അനന്തസാദ്ധ്യതയെ ദ്യോതിപ്പിക്കുന്നു എങ്കിലും സത്യത്തില്‍ ‘ഒന്നേ’യുള്ളൂ. ബ്രഹ്മം എന്ന് പറയുന്ന സത്ത അനന്താവബോധം മാത്രമാണ്. അനന്തമായ ആകാശംപോലും അതിസൂക്ഷ്മമായ അതിനു മുന്നില്‍ മഹാപര്‍വ്വതം പോലെ സ്തൂലമത്രേ. അറിയപ്പെടാവുന്ന ഒരു വസ്തുവാണെന്ന് തോന്നലുളവാക്കിക്കൊണ്ട് അത് പ്രജ്ഞ, ബുദ്ധി മുതലായ ആശയങ്ങളെ ജനിപ്പിക്കുന്നു. എന്നാല്‍ ആത്മജ്ഞാനം അറിയേണ്ട ഒന്നല്ല. ക്ഷണികമായ ധാരണാധരണങ്ങള്‍ മൂലം ഈ ശുദ്ധബോധം ‘എനിക്കറിയാം’ എന്ന അഹംഭാവത്തിനു വഴി തെളിച്ചേക്കാം.