Mar 30, 2013

319 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 319

ഭാവാഭാവേ പദാര്‍ത്ഥാനാം ഹര്‍ഷാമര്‍ഷവികാരദാ
മലിനാ വാസനാ യൈഷാ സാ സംഗ ഇതി കഥ്യതേ  (5/93/84)

രാമന്‍ ചോദിച്ചു: ഭഗവന്‍, എന്താണ് സംഗം എന്ന് ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: “പ്രപഞ്ചവസ്തുക്കളുടെ ആപേക്ഷികമായ ഭാവാഭാവങ്ങള്‍ക്കനുസരിച്ച് സുഖദുഃഖാനുഭവങ്ങളെ ആവര്‍ത്തിച്ചു വേദ്യമാക്കി മനോപാധികളെ കൂടുതല്‍ സാന്ദ്രവും ബലവത്തുമാക്കുന്നതെന്തോ അതാണ്‌ സംഗം.” അതുമൂലം അനുഭവവേദ്യമായ വസ്തുക്കളുമായുള്ള ബന്ധുത്വം അനിവാര്യമായ ഒന്നാണെന്ന് മനസ്സ് ഉറച്ചു വിശ്വസിക്കുന്നു. സുഖാനുഭാവങ്ങളുമായി അങ്ങിനെ ഒടുങ്ങാത്ത ആസക്തി സംജാതമാവുന്നു.   

എന്നാല്‍ മുക്തിപദം പ്രാപിച്ച മുനിക്കും മനോപാധികള്‍ ഉണ്ടാകാമെങ്കില്‍പ്പോലും അവയ്ക്ക് സുഖദുഖാനുഭവങ്ങളുമായി ബന്ധമില്ല. അവ ശുദ്ധമാണ്. ക്ഷീണിച്ചതോ നാശപ്രായമായതോ ആയ ഉപാധികളാണവ. ശരീരം വീണടിയുന്നത് വരെ ഈ മനോപാധികള്‍ നിലനില്‍ക്കുന്നുവെങ്കിലും അവ കര്‍മ്മങ്ങള്‍ക്ക് കാരണമാകുന്നുവെങ്കിലും അവയുടെ പരിശുദ്ധി ഹേതുവായി ആ കര്‍മ്മങ്ങള്‍ക്ക് പുനര്‍ജന്മാദിഫലങ്ങളെ ഉണ്ടാക്കുവാന്‍ കഴിയില്ല. എന്നാല്‍ അജ്ഞാനിയിലെ കട്ടിപിടിച്ചുറച്ച മനോപാധികള്‍ സംഗം തന്നെയാണ്.

വികലമായ ധാരണാസങ്കല്‍പ്പങ്ങളെ നിന്നിലങ്കുരിപ്പിക്കുന്ന ഈ സംഗത്തെ  ഉപേക്ഷിച്ച് നിന്നില്‍ സഹജമായും പ്രവര്‍ത്തോനോന്മുഖമാകുന്ന പ്രവർത്തനങ്ങള്‍ ചെയ്യുമ്പോള്‍ അവ നിന്നെ ബാധിക്കുകയില്ല. സുഖദു:ഖങ്ങളെ ഒരുപോലെ കണ്ട്, ആകര്‍ഷണ വികര്‍ഷണങ്ങളില്‍ നിന്നും സ്വതന്ത്രനായി, ഭീതിരഹിതനായിരിക്കുമ്പോള്‍ നിന്നില്‍ സംഗമില്ല. ദുഖത്തില്‍ വ്യാകുലപ്പെടാതെയും സന്തോഷത്തില്‍ അമിതാഹ്ലാദിയാകാതേയും ആശകളിലും പ്രത്യാശകളിലും പെട്ടുഴറാതെയുമിരിക്കുമ്പോള്‍ നിന്നില്‍ സംഗമില്ല. ഇവിടെ, വ്യവഹാരലോകത്തില്‍ നിന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോഴും സത്യസ്വരൂപത്തെപ്പറ്റിയുള്ള അവബോധം നിന്നിലുണ്ടെങ്കില്‍ നിനക്ക് സംഗമില്ല. ആത്മജ്ഞാനനിരതനായി സമതാദര്‍ശനത്തോടെ ആകസ്മികവും ഉചിതവുമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ നിന്നില്‍ സംഗമില്ല.
 
പ്രയാസരഹിതമായി, അനാസക്തനായി, ഒന്നിനോടും സംഗം കൂടാതെ മുക്തനായ ഒരു മുനിയെപ്പോലെ നിനക്കും ഇവിടെ വിരാജിക്കാം. മുനി തന്റെ അന്ത:പ്രശാന്തതയില്‍ അഭിമാനമോ അഹങ്കാരമോ അസൂയയോ വെച്ച്പുലര്‍ത്താതെ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തി ജീവിക്കുന്നു. ലോകത്തുള്ള സകല വസ്തുക്കളും മുന്നിലുള്ളപ്പോഴും അനാസക്തനായ മുക്തപുരുഷനെ അവയൊന്നും പ്രലോഭിപ്പിക്കുന്നില്ല. അയാള്‍ തനിക്ക് നൈസര്‍ഗ്ഗികവും സ്വാഭാവികവുമായ കര്‍മ്മങ്ങളില്‍ മാത്രം വ്യാപൃതനായിക്കഴിയുന്നു. 
അനിവാര്യമായതും ഉചിതവുമാണയാളുടെ കര്‍മ്മങ്ങള്‍.  അയാള്‍ ആനന്ദം കണ്ടെത്തുന്നത് തന്റെയുള്ളില്‍ നിന്നുമാണ്. പ്രത്യക്ഷലോകം അയാളെ യാതൊരുവിധത്തിലും ബന്ധിപ്പിക്കുന്നില്ല. തിളച്ചുമറിയുമ്പോഴും പാലിന്റെ നിറം മാറുന്നില്ലാത്തതുപോലെ മുക്തപുരുഷന്റെ ജ്ഞാനം എത്ര ദുരിതങ്ങള്‍ നേരിടേണ്ടിവന്നാലും അചഞ്ചലമായിരിക്കും. ഏറ്റവും വലിയ ദു:ഖമനുഭവിക്കുമ്പോഴും സ്വര്‍ഗ്ഗചക്രവര്‍ത്തിയായി അവരോധിക്കുമ്പോഴും അദ്ദേഹത്തില്‍ ഭാവവ്യത്യാസങ്ങളില്ല. എപ്പോഴും അയാള്‍ സമതയില്‍ അഭിരമിക്കുന്നു.

അതുകൊണ്ട് രാമാ നീയും ആത്മവിചാരം തുടരുക. ആത്മജ്ഞാനത്തില്‍ ദൃഢചിത്തനാവുക. പിന്നീട് നിനക്കൊരിക്കലും ജനനമരണ ബന്ധനങ്ങള്‍ ഉണ്ടാവുകയില്ല.

(വിചാരം എന്ന് പറയുന്നത് വെറും അന്വേഷണമല്ല. അന്ത:പ്രജ്ഞയുടെ ചലനമാണത്. എന്നാലത് ബുദ്ധിപരമായ വ്യായാമവുമല്ല. തന്റെ തന്നെ ഉള്ളിലേയ്ക്ക് നടത്തുന്ന നിരീക്ഷണവും നേരറിവുമാണത്.)

ഉപശമപ്രകരണം എന്ന അഞ്ചാം ഭാഗം അവസാനിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.