ചിദാത്മാന ഇമാ
ഇത്ഥം പ്രസ്ഫുരന്തീഹ ശക്തയ:
ഇത്യസ്യാശ്ചര്യജാലേഷു
നാഭ്യുദേതി കുതൂഹലം (5/77/30)
വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഈ
ലോകങ്ങളെല്ലാം പരബ്രഹ്മത്തില്‍ നിലകൊള്ളുന്നുവെങ്കിലും അവയ്ക്ക് സ്വതന്ത്രമായ
ഒരസ്തിത്വം നാം കല്‍പ്പിക്കാനിടയാവുന്നത് നമ്മില്‍ രൂഢമൂലമായ അവിദ്യയാലാണ്.
എന്നാല്‍ ജ്ഞാനോദയത്തില്‍ അവിദ്യയെന്ന ഈ അജ്ഞാനാന്ധകാരം അവസാനിക്കും.
തെറ്റിദ്ധാരണയാണ് ഈ ലോകമെന്ന കാഴ്ച്ചക്കെല്ലാം ഹേതുവാകുന്നത്. എന്നാല്‍ ശരിയായ
കാഴ്ച്ചപ്പാട് ഉണ്ടാകുന്നതോടെ തെറ്റിദ്ധാരണയ്ക്ക് അവസാനമാകും. ശരിയായ ഭാവം,
ശരിയായ പരിശ്രമം, ശരിയായ ജ്ഞാനം എന്നിവയിലൂടെ മാത്രമേ ഇതില്‍ നിന്നും കരകേറാനാവൂ.
ഇതിനുള്ള സദവസരം ഉണ്ടായിട്ടും അതിനു വേണ്ടി പരിശ്രമിക്കാതെ വെറും ഭ്രമദൃശ്യം മാത്രമായ ഈ ലോകത്ത് അലഞ്ഞു വലയുന്നവന്റെ കാര്യം കഷ്ടം എന്നേ പറയാവൂ.
രാമാ നീ അനുഗ്രഹീതനാണ്.
നിന്നില്‍ ശരിയായ ആത്മാന്വേഷണത്വര ഈ ചെറുപ്രായത്തില്‍ത്തന്നെ ഉണര്‍ന്നുവല്ലോ.
അന്വേഷണത്തിലൂടെ സത്യം തെളിഞ്ഞുണരുമ്പോള്‍ ഒരുവനില്‍ ശക്തിയും ബുദ്ധിയും
ഐശ്വര്യവും ഉത്തരോത്തരം പ്രഭാസിക്കും. ഇങ്ങിനെ ലോകസത്യം അറിഞ്ഞ ഋഷി ധാരണകളില്‍
നിന്നും മുക്തനാണ്. അയാള്‍ ദീര്‍ഘസുഷുപ്തിയില്‍ എന്നപോലെ ലോകത്തെ കാണുന്നു.
അയാളില്‍ പ്രകടമായ ആസക്തികള്‍ ഒന്നുമില്ല.
സ്വയം ആഗ്രഹിക്കാതെതന്നെ തന്റെ മേധാശക്തിയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വസ്തുക്കളേയോ
അനുഭവങ്ങളേയോ സിദ്ധികളെയോ അയാള്‍
സ്വന്തമാക്കുന്നില്ല. അയാളുടെ ഹൃദയം ആത്മാവിലേയ്ക്ക് ഉള്‍വലിഞ്ഞിരിക്കുന്നു.
അയാളില്‍ ഭാവിയെപ്പറ്റിയുള്ള ആകാംക്ഷയോ ഭൂതകാലത്തെപ്പറ്റിയുള്ള ഓര്‍മ്മകളോ വര്‍ത്തമാനകാലത്തെ
പ്രവര്‍ത്തനങ്ങളോ ചലനമുണ്ടാക്കുന്നില്ല. എന്നാല്‍ അയാള്‍ എല്ലാക്കാര്യങ്ങളും
ഭംഗിയായി ചെയ്യുന്നുമുണ്ട്. ഉറങ്ങുമ്പോള്‍ അയാള്‍ ഉള്ളില്‍ ഉണര്‍ന്നിരിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോള്‍
അയാള്‍ ഉറങ്ങുന്നു. അയാള്‍ എല്ലാം ചെയ്യുന്നു. എന്നാല്‍ ഒന്നും ചെയ്യുന്നില്ല.
അകമേ എല്ലാം സംത്യജിച്ച് പുറമേ തികച്ചും കര്‍മ്മനിരതനായി അയാള്‍ സമതാഭാവത്തില്‍
അചഞ്ചലനായി വര്‍ത്തിക്കുന്നു.
അയാളുടെ കര്‍മ്മങ്ങള്‍ സ്വേഛയാ
നടക്കുന്നവയാണ്. ഋഷി ആരോടും അടുപ്പമോ അകല്‍ച്ചയോ ഇല്ലാത്തവനാണ്. അതിനാല്‍ അയാളുടെ
പെരുമാറ്റം സൌമ്യഭാവക്കാരോടങ്ങിനെയും അല്ലാത്തവരോട് പരുഷവും ആകാം. കുട്ടികളുടെ
ഇടയില്‍ അയാള്‍ കുട്ടിയാണ്. വൃദ്ധരുടെ കൂട്ടത്തില്‍ അവരിലൊരാള്‍ . വീരനായകന്മാരിലും
യുവാക്കളിലും കൂട്ടത്തിലൊരാള്‍ . ദു:ഖിതര്‍ക്ക് കൂടെക്കരയാന്‍ ഒരാള്‍ . അയാളുടെ വചനം
മധുരം, അത് ജ്ഞാനസമ്പന്നമാണ് . പവിത്രകര്‍മ്മങ്ങള്‍ കൊണ്ട് നേടിയെടുക്കേണ്ടുന്നതായി അയാള്‍ക്കൊന്നുമില്ല.
എങ്കിലും അയാളുടെ കര്‍മ്മങ്ങള്‍ പവിത്രം തന്നെയാണ്. സുഖങ്ങളോട് പ്രത്യേകിച്ചൊരു ആസക്തിയുമില്ലാത്തതിനാല്‍ അത്തരം അനുഭവങ്ങള്‍ക്ക് അയാളെ സ്വാധീനിക്കാനാവില്ല. അയാള്‍ക്ക് ബന്ധനങ്ങളായോ മുക്തിയായോ
പോലും യാതൊരു സംഗവുമില്ല.
അവിദ്യയുടെയും
തെറ്റിദ്ധാരണയുടെയും വലകള്‍ ജ്ഞാനാഗ്നികൊണ്ട് എരിച്ചു കളഞ്ഞതിനാല്‍ അയാളിലെ
ബോധസത്തയ്ക്ക് യഥേഷ്ടം പറന്നു നടക്കാം. സ്വന്തം പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാവുമ്പോള്‍ അമിതാഹ്ലാദമോ അല്ലാത്തപ്പോള്‍ അമിതദു:ഖമോ അയാള്‍ക്കില്ല. കൊച്ചുകുട്ടികള്‍
കളിപ്പാട്ടങ്ങളെ എടുത്തും കളഞ്ഞും കളിക്കുന്നതുപോലെ അയാള്‍ എപ്പോഴും ഉല്ലാസവാനാണ്.
സുര്യപ്രകാശത്തിനു തണുപ്പുണ്ടായാലും ചാന്ദ്രപ്രഭയ്ക്ക് ചൂടുണ്ടായാലും അയാളില്‍
അതത്ഭുതമുളവാക്കുന്നില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.