ബാദ്ധ്വാത്മാനം രുദിത്വാ
കോശകാരകൃമിര്‍യഥാ
ചിരാത്കേവലതാമേപി സ്വയം
സംവിത്സ്വഭാവത: (5/91/93)
വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍
പറഞ്ഞ ആ അവസ്ഥയെ പ്രാപിക്കുക എത്രകണ്ട് ദുഷ്കരമാണെങ്കിലും രാമാ, അതിനു വേണ്ടി നാം പരിശ്രമിക്കുകതന്നെ
വേണം. അങ്ങിനെ ഈ ദു:ഖസാഗരം തരണം ചെയ്യണം. അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള ആശ ബോധത്തിലെ
ഒരു ചിന്താശകലമായാണ് ആദ്യം ഉദിച്ചുയരുന്നത്. എന്നാല്‍ ആ ചിന്തയുടെ ആവര്‍ത്തനം
അതിനെ ദൃഢതരമാക്കുന്നു. അതങ്ങിനെ പ്രബലമാകുന്നു.
അങ്ങിനെ ഈ ഭ്രമാത്മകമായ
സൃഷ്ടിസഞ്ചയത്തെ സ്വയമുണ്ടാക്കി, ബോധം തന്നെത്താന്‍ മുക്തിപദത്തിലേയ്ക്ക്
നയിക്കപ്പെടുന്നു. ബോധം എന്ത് ഇഛിക്കുന്നുവോ അത് മൂര്‍ത്തമായി, പ്രത്യക്ഷമായി നടപ്പിലാവുന്നു.
“പട്ടുനൂല്‍പ്പുഴു സ്വയം തന്റെതന്നെ നൂലുകൊണ്ട് നിര്‍മ്മിച്ചൊരു കൂട്ടില്‍
ബന്ധനത്തിലാകുന്നതുപോലെ ആത്മാവ് ദു:ഖാനുഭവങ്ങളെ സ്വാംശീകരിച്ച് സ്വയം അവയില്‍
ബന്ധിക്കുന്നു. ഈ പുഴു കൂടുപൊട്ടിച്ചു ചിത്രശലഭമായി
മുക്തിപ്രാപിക്കുന്നതുപോലെ കാലക്രമത്തില്‍
ആത്മാവ് സംസാരദു:ഖത്തില്‍ നിന്നും മുക്തിപ്രാപിക്കുന്നു. അനന്താവബോധം അതിന്റെ
സഹജഭാവമാണല്ലോ” എന്തൊക്കെ ഈ വിശ്വത്തില്‍ കാണപ്പെടുന്നുവോ അതെല്ലാം അനന്താവബോധം
മാത്രമാണ് രാമാ. അനന്താവബോധത്തിന്റെ മൂലമോ, ശുദ്ധമായ അസ്തിത്വവുമാണ്. അവ സൂര്യനും
സൂര്യരശ്മിയും പോലെ അവിഭാജ്യങ്ങളാണ്.
ശുദ്ധമായ
അസ്തിത്വത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്ന് നാനാത്വം. മറ്റേത് ഏകത്വം. ‘അത്’, ‘ഇത്’,
‘ഞാന്‍’, ‘നീ’ എന്നൊക്കെ വിവക്ഷിക്കുന്നത് നാനാത്വമാണ്. ഈ വൈവിദ്ധ്യങ്ങളെ
ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന ശുദ്ധമായ അസ്തിത്വത്തെ, ഏകമായ അന്തസ്സത്തയെന്ന്‍
അറിഞ്ഞാലും. നാനാത്വം ഉപേക്ഷിച്ച് ഏകതയെ പുല്‍കുമ്പോള്‍ പിന്നെ ‘അനുഭവം’ ഇല്ല.
അതിനാല്‍ ഏകത്വം എന്നത് അനുഭവയോഗ്യമായ ഒരു ‘വസ്തു’ അല്ല. ഈ ഏകത ശാശ്വതവും
നാശരഹിതവുമാണ്.
അതുകൊണ്ട്
രാമാ, കാലത്തിന്റെയോ, ഘടകങ്ങളുടെയോ, വസ്തുക്കളുടെയോ ഫലമായുണ്ടാകാവുന്ന എല്ലാത്തരം
വിഭജനങ്ങളെയും ഉപേക്ഷിക്കൂ. കാരണം അവയെല്ലാം ധാരണാസങ്കല്‍പ്പകല്‍പ്പിതങ്ങള്‍
മാത്രമാണ്. അവ അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ല. അവ വസ്തുതകളുമല്ല.
വിഭജന-വിഘടന ചിന്തകളോ അവയെക്കുറിച്ചുള്ള മനനമോ നമ്മുടെ ദര്‍ശനങ്ങളെ നിര്‍മലമാക്കുകയില്ല.
ഇതുവരെ
നാം പറഞ്ഞ എല്ലാത്തിനും മൂലകാരണമായിരിക്കുന്നത് നിര്‍മലമായ ശുദ്ധാസ്തിത്വമാണല്ലോ. അതാണ് കേവല സത്ത. എന്നാല്‍ ഈ സത്തിന് ബീജമായി വേറെ കാരണങ്ങള്‍ ഒന്നുമില്ല. സ്വയം
എല്ലാറ്റിന്റെയും ഹേതുവായിരിക്കുമ്പോഴും അത് അഹൈതുകമാണ്. അതിലാണ് എല്ലാമെല്ലാം
പ്രതിഫലിക്കുന്നത്. നാക്ക് വൈവിദ്ധ്യമാര്‍ന്ന സ്വാദുകള്‍ രുചിക്കുന്നതുപോലെ ഈ
സത്തിലാണ് വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ പ്രതിഫലിക്കുന്നത്. അനന്തകോടി
പ്രപഞ്ചങ്ങള്‍ ഉണ്ടായി നിലനിന്ന് തമ്മില്‍ത്തമ്മില്‍ കാലദേശാനുസാരിയായി ചില ബന്ധങ്ങള്‍
സ്ഥാപിച്ച് ഒടുവില്‍ നശിച്ചുപോകുന്നു.
ഈ
ശുദ്ധസത്ത ഭാരമുള്ള വസ്തുക്കളുടെ ഘനമാണ്. എല്ലാ വെളിച്ചത്തിന്റെയും പ്രഭയാണ്. സൂക്ഷ്മവും സ്ഥൂലവും ആയ എല്ലാമതാണ്.
ഒന്നാമന്മാരില്‍ ഒന്നാമനും അവസാനക്കാരില്‍ ഒടുവിലത്തെതും അതാണ്.. വിളക്കിന്റെ
വെളിച്ചവും ഇരുട്ടിന്റെ ഇരുട്ടുമാണത്. പദാര്‍ത്ഥങ്ങളുടെ വസ്തുതയും ആകാശവും ഈ
സത്തയാണ്. അത് യാതൊന്നുമല്ല. എന്നാല്‍ എല്ലാമാണ്താനും. അത് ഭാവവും അഭാവവുമാണ്. അത്
കാണപ്പെടുന്നതും കാണപ്പെടാത്തതുമാണ്. അത് ഞാനാണ്. എന്നാല്‍ ഞാനല്ല.
അതുകൊണ്ട്
രാമാ, നിന്റെ എല്ലാ പരിശ്രമവും ഉപയോഗിച്ച് ആ പരമമായ അവസ്ഥയെ പ്രാപിക്കൂ. എന്നിട്ട്
എന്താണുചിതമെന്നു വച്ചാല്‍ അത് നടപ്പിലാക്കുക. നിത്യശുദ്ധമുക്തസ്വരൂപമായ, ആത്മാവായ
ആ പരമസത്തയെ പ്രാപിച്ചയാള്‍ പരമപ്രശാന്തിയിലാണ് നിലകൊള്ളുന്നത്. ആ തലത്തില്‍
എത്തുന്നതോടെ ഈ പ്രത്യക്ഷലോകത്തിന്റെ എല്ലാവിധ ഭയാശങ്കകളില്‍ നിന്നും നിനക്ക് സംപൂര്‍ണ്ണമുക്തിയായി.
No comments:
Post a Comment
Note: Only a member of this blog may post a comment.