Mar 13, 2013

303 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 303


ത്യജദേവാനുഗൃഹ്ണാദി വൃത്തീരിന്ദ്രിയവര്‍ദ്ധിതാ:
യസ്മാന്നിവാര്യതേ തസ്മിന്‍പ്രോന്‍മത്ത ഇവ ധാവതി  (5/82/14)

വസിഷ്ഠന്‍ തുടര്‍ന്നു: വീതഹവ്യന്‍ എന്ന മഹാമുനി സ്വീകരിച്ച മറ്റൊരന്വേഷണരീതിയും നിലവിലുണ്ട്. ഈ മുനി വിന്ധ്യപര്‍വ്വതസാനുക്കളില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു. ഒരിക്കല്‍ ലൌകീകകാര്യങ്ങളില്‍  തീരെ താല്‍പ്പര്യം നശിച്ച് ധാരണാസങ്കല്‍പ്പാദികളെ ധ്യാനസപര്യയിലൂടെ നശിപ്പിച്ച്  എല്ലാമെല്ലാം വെറും ഭ്രമചിന്തകള്‍ മാത്രമാണെന്നുറപ്പിച്ച് അദ്ദേഹം ലോകത്തെ ഉപേക്ഷിച്ചു. ഒരു കുടിലില്‍ കയറി പര്‍വ്വതംപോലെ ഉള്ളുറച്ച് പത്മാസനസ്ഥനായിരുന്നു. ഇന്ദ്രിയങ്ങളെ പിന്‍വലിച്ച് മനസ്സിന്റെ ശ്രദ്ധയെ അവയില്‍നിന്നും അകറ്റി അദ്ദേഹമിങ്ങിനെ മനനം ചെയ്തു തുടങ്ങി.

എന്റെ മനസ്സെത്ര ചഞ്ചലം! മനസ്സ്‌ അധോമുഖമാണെങ്കിലും സ്ഥിരമല്ല. കടലിലെ തിരകളെപ്പോലെ അത് സദാ അസ്വസ്ഥമാണല്ലോ. കണ്ണ് മുതലായ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട് മനസ്സൊരു പന്തുപോലെ ആടിക്കളിക്കുന്നു. “ഇങ്ങിനെ ഇന്ദ്രിയങ്ങളാല്‍ അനവരതം പരിപോഷിപ്പിക്കപ്പെട്ട്, മനസ്സ്‌ ഒരിക്കല്‍ ഉപേക്ഷിച്ചതിനെ വീണ്ടും പിടികൂടി സ്വന്തമാക്കുന്നു. മറവിരോഗം ബാധിച്ചവനെപ്പോലെ അത് തന്നെ ബന്ധിപ്പിച്ച അതേ വസ്തുക്കളിലെയ്ക്ക് സ്വയം ആകര്‍ഷിക്കപ്പെട്ട്‌ ഓടിയടുക്കുന്നു.” ഒരു വസ്തുവില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ഒരു വാനരനെപ്പോലെ മനസ്സ് ചാടിക്കളിക്കുന്നു. മനസ്സിനെ ചഞ്ചലപ്പെടുത്തുന്ന പഞ്ചേന്ദ്രിയങ്ങളുടെ സ്വഭാവങ്ങള്‍ എന്തെന്ന് നോക്കാം.   

അല്ലയോ ഇന്ദ്രിയങ്ങളെ, നിങ്ങള്‍ക്ക്‌ ആത്മജ്ഞാനം നേടാന്‍ സമയമിനിയും ആയില്ലേ? നീ സുഖാസ്വാദനത്തിനായി ഉഴറി നടന്നതിന്റെ തിക്തഫലങ്ങളെപ്പറ്റി നിന്നക്കോര്‍മ്മയില്ലേ? ഈ വൃഥാവേശം ഉപേക്ഷിച്ചാലും. സത്യമായും നീ വെറുമൊരു മിഥ്യയാണ്. ചൈതന്യരഹിതം. എന്നാല്‍ നീയാണ് മനസ്സിനെ വസ്തുക്കളിലേയ്ക്ക് നയിച്ച്‌ വസ്തുബോധത്തിനു കാരണമുണ്ടാക്കുന്നത്. എന്നാല്‍ ഞാനാണ് ബോധം, നിന്റെയെല്ലാം പ്രഭുവാണ് ഞാന്‍...  ശുദ്ധമായ മേധാശക്തിയാല്‍ ഞാനാണിതെല്ലാം ചെയ്യുന്നത്. ഇന്ദ്രിയങ്ങളേ നിങ്ങള്‍ വെറും അസത്തുക്കള്‍ . ആത്മാവ് എന്നറിയപ്പെടുന്ന ബോധവും നിങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല.   ബോധത്തിന്റെ വെളിച്ചത്തില്‍ അനിച്ഛാപൂര്‍വ്വമായി മാത്രമാണ് നിനക്ക് പ്രവര്‍ത്തിക്കുവാനാവുക. സൂര്യന്റെ വെളിച്ചത്തിലാണല്ലോ ആളുകള്‍ പലവിധ കര്‍മ്മങ്ങളിലേര്‍പ്പെടുന്നത്. അതുകൊണ്ട് ‘ഞാന്‍ ബുദ്ധിമാനാണ്’ എന്നൊരു തോന്നല്‍ നിന്റെ ഉള്ളില്‍ നിന്നും അകറ്റിയാലും. നിനക്ക് ബുദ്ധിയില്ല. ‘ഞാന്‍ ജീവിച്ചിരിക്കുന്നു’ എന്ന് നീ സ്വയം കരുതുന്നുവെങ്കില്‍ അതും ദു:ഖത്തെ ക്ഷണിച്ചു  വരുത്തും. ആദ്യന്തഹീനമായ ബോധം മാത്രമേ സത്യമായുള്ളൂ. അല്ലയോ ദുഷ്ടമനസ്സേ നീ പിന്നെ എന്താണ്?

‘ഞാന്‍ അത് ചെയ്തു’, ‘ഞാന്‍ ഇതാസ്വദിച്ചു’, തുടങ്ങിയ കര്‍ത്തൃത്വ ഭോക്ത്രുത്വ ‘ഉത്തേജകവസ്തുക്കള്‍ ’ വാസ്തവത്തില്‍ വിഷമാണെന്നറിയുക. മനസ്സേ വെറുതെ നീ ഭ്രമിക്കാതെ. സത്യത്തില്‍ നീ യാതൊന്നിന്റെയും കര്‍ത്താവോ, ഭോക്താവോ അല്ല. നീ വെറും മിഥ്യ. നിനക്ക് ബുദ്ധിയുണ്ടെങ്കില്‍ അത് മറ്റൊന്നില്‍ നിന്നും കടംകൊണ്ട താല്‍ക്കാലികബുദ്ധി മാത്രമാണ്. സുഖാനുഭവങ്ങള്‍ നീയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? നിന്റെ അസ്തിത്വം പോലും സ്ഥിരീകരിച്ചിട്ടില്ലാത്ത സ്ഥിതിക്ക് നിന്റെ ബന്ധുക്കള്‍ക്ക് എന്ത് അസ്തിത്വമാണുള്ളത്? ‘ഞാനാണ് ശുദ്ധബോധം’ എന്ന അറിവുറച്ചുകഴിഞ്ഞാല്‍ പിന്നെ നീ ആത്മാവ് തന്നെയാണ്. സ്വയം അപരിമിതവും ഉപാധിരഹിതവുമായ ബോധസ്വരൂപമായിരിക്കെ നിന്നിലെങ്ങിനെയാണ് ദു:ഖം സംജാതമാവുക?  

No comments:

Post a Comment

Note: Only a member of this blog may post a comment.