വിസ്മൃതിര്‍വിസ്മൃതാ ദൂരം
സ്മൃതി: സ്ഫുടമനുസ്മൃതാ
സത്സജ്ജാതമസച്ചാസത്ക്ഷതം ക്ഷീണം
സ്ഥിതം സ്ഥിതം (5/86/22)
വസിഷ്ഠന്‍ തുടര്‍ന്നു: സായാഹ്നസമയങ്ങളില്‍
തീവ്രധ്യാനത്തിനായി അദ്ദേഹം തനിക്ക് ചിരപരിചിതമായ വനത്തിനുള്ളിലേയ്ക്ക് കയറി.
അദ്ദേഹം ആലോചിച്ചു: ഇന്ദ്രിയങ്ങളുടെ കാപട്യം എന്തെന്ന് ഞാന്‍
അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയും അതെപ്പറ്റി മനനം ചെയ്യുന്നത് വിരോധാഭാസമാണ്.
‘ഇത് അതാണ്, ഇത് അതല്ലാ’, തുടങ്ങിയ എല്ലാവിധ മിഥ്യാസങ്കല്‍പ്പങ്ങളും
ഉപേക്ഷിച്ച്, പത്മാസനത്തില്‍ വീണ്ടും ഇരുന്ന് ധ്യാനിക്കെ ‘ഞാന്‍ പരിപൂര്‍ണ്ണസംതുലിതാവസ്ഥയെ
പ്രാപിച്ച ബോധസ്വരൂപമാണ്; ഞാന്‍ ഉണര്‍ന്നിരിക്കുന്നു; ദീര്‍ഘസുഷുപ്തിയിലെന്നപോലെ
പ്രശാന്തനാണ് ഞാന്‍; ഈ ശരീരം ഇല്ലാതാവുന്നതുവരെ അതീന്ദ്രിയമായ അവബോധത്തില്‍
ഞാനുറച്ചവനാണ്', എന്നിങ്ങിനെയുള്ള സുദൃഢമായ ബോധം അദ്ദേഹത്തില്‍ തെളിവോടെ ഉദിച്ചുണര്‍ന്നു.
ഈവിധമായ ആത്മദൃഢതയോടെ മുനി
ആറുദിവസം ധ്യാനിച്ചു. ആ സമയമത്രയും
ക്ഷണത്തില്‍ കടന്നുപോയി. അതിനുശേഷം അദ്ദേഹം പ്രബുദ്ധനായ ഒരു മഹര്‍ഷിയായി,
ജീവന്‍മുക്തനായി ഏറെക്കാലം ജീവിച്ചു. സന്തോഷസന്താപങ്ങള്‍ക്കതീതനായിരുന്നു അദ്ദേഹം.
ഇടയ്ക്ക് മനസ്സിനെ അദ്ദേഹമിങ്ങിനെ അഭിസംബോധന ചെയ്തു: 'മനസ്സേ നീയെത്ര ധന്യം!
നിനക്ക് സമതുലിതാവസ്ഥയാണല്ലോ ഇപ്പൊഴുള്ളത്. അതിനു മാറ്റങ്ങള്‍ ഒന്നും വേണ്ട.
അങ്ങിനെത്തന്നെ തുടര്‍ന്നാലും'.
അദ്ദേഹം തന്റെ ഇന്ദ്രിയങ്ങളെ
ഇങ്ങിനെ ശാസിച്ചു സംബോധനചെയ്തു: 'ആത്മാവ് നിങ്ങളുടേതല്ല. നിങ്ങള്‍
ആത്മാവിന്റെതുമല്ല. നിങ്ങള്‍ ഇല്ലാതെപോകട്ടെ.! നിങ്ങളുടെ ആര്‍ത്തിത്വരകള്‍ എല്ലാം
തീര്‍ന്നില്ലേ? നിങ്ങള്‍ക്കിനി എന്നെ ഭരിക്കാന്‍ ആവില്ല. ആത്മാവിനെക്കുറിച്ചുള്ള
അജ്ഞാനത്താല്‍ മാത്രമാണ് നീയെന്നൊരു വസ്തു ഉണ്ടായതായി തോന്നിയത്. . കയറിനെപ്പറ്റി
അറിയാതിരിക്കുന്നതിനാലാണ് പാമ്പ് എന്ന അവിദ്യ നിലനില്‍ക്കാനിടയാവുന്നത്.
ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇല്ലാതാവുന്ന അന്ധകാരം മാത്രമാണീ അവിദ്യ.
ഇന്ദ്രിയങ്ങളേ, നിങ്ങള്‍
ആത്മാവില്‍ നിന്നും വിഭിന്നമാണ്. കര്‍ത്താവും ഭോക്താവും എല്ലാം നിങ്ങളില്‍ നിന്നും
വിഭിന്നമാണ്. അനന്താവബോധമോ അവയില്‍ നിന്നെല്ലാം വ്യതിരിക്തം. അപ്പോള്‍പ്പിന്നെ ഈ
തെറ്റിദ്ധാരണ എങ്ങിനെ സംജാതമായി? ഇതിങ്ങിനെയാണ്: കാട്ടില്‍ മരം വളരുന്നു. നാരുകള്‍
കൂട്ടിപ്പിരിച്ചു കയറുണ്ടാക്കുന്നു. കൊല്ലന്‍ മഴുവുണ്ടാക്കുന്നു. മഴുകൊണ്ട്
വെട്ടിവീഴ്ത്തി മുറിച്ച മരം, കയറുകൊണ്ട് കെട്ടിമുറുക്കി, നാട്ടിലെത്തിച്ച് ആശാരി
ഒരു വീടുണ്ടാക്കുന്നു. വീടുണ്ടാക്കുക എന്നതല്ല അയാളുടെ ലക്ഷ്യം. അതയാളുടെ
ജീവിതമാര്‍ഗ്ഗമാണ് എന്ന് മാത്രം.
അതുപോലെ ഈ ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം
തന്നെ ഒന്നില്‍നിന്ന് മറ്റൊന്ന് സ്വതന്ത്രമായി, ആകസ്മികമായി സംഭവിക്കുന്നതാണ്.
കാക്കയും പനമ്പഴവും പോലെ- കാക്ക തെങ്ങോലയില്‍ വന്നിരിക്കുമ്പോഴേക്കും താഴെ വീഴുന്ന തേങ്ങ എന്നപോലെ പരസ്പരബന്ധമില്ലാത്ത സംഭവങ്ങള്‍ക്ക് ആരെയാണ് ഉത്തരവാദിയാക്കുക?
“എന്നാല്‍ സത്യമറിയുമ്പോള്‍ ജ്ഞാനം കൂടുതല്‍ തെളിമയാര്‍ന്നു നിലകൊള്ളും. ഉണ്മ
ഉണ്മയായും, അസത്ത് അസത്തായും, നശിപ്പിക്കപ്പെട്ടവ അങ്ങിനെ തന്നെയും, ബാക്കി വന്നവ
അപ്രകാരവും തെളിഞ്ഞുവരും.”
ഇങ്ങിനെ
മനനം ചെയ്തും ആത്മജ്ഞാനത്തില്‍ അഭിരമിച്ചും മഹര്‍ഷി ഏറെക്കാലം ജീവിച്ചു. അജ്ഞാനവും
തെറ്റിദ്ധാരണകളും ഇങ്ങിനി വരാത്തവണ്ണം
ഒടുങ്ങിയിരുന്നതിനാല്‍ അദ്ദേഹത്തിന് വീണ്ടും ജനിമൃതിചക്രത്തിലേയ്ക്ക്
മടങ്ങേണ്ടതായി വരില്ല. ഇന്ദ്രിയവസ്തുക്കളുമായി സമ്പര്‍ക്കപ്പെടേണ്ടതായി
വരുമ്പോഴെല്ലാം അദ്ദേഹം പ്രശാന്തമായ ധ്യാനാവസ്ഥയില്‍ ഇരുന്ന് ആത്മാനന്ദം അനുഭവിച്ചു.
അനിഛാപൂര്‍വ്വം തന്നെത്തേടിവന്ന അനുഭവങ്ങളെ
അദ്ദേഹത്തിന്‍റെ ഹൃദയം ആകര്‍ഷണവികര്‍ഷണങ്ങളാല്‍ ചഞ്ചലപ്പെടാതെ നിര്‍മമനായി
സ്വീകരിച്ചു.
No comments:
Post a Comment
Note: Only a member of this blog may post a comment.