Mar 15, 2013

305 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 305


സ്വാത്മഭാവസ്തവ സുഖം മന്യേ മാനവതാം വര
തമേവ ഭാവയാഭാവം സുഖത്യാഗോ ഹി മൂഢതാ(5/83/28) 

വീതഹവ്യന്റെ മനനം തുടര്‍ന്നു: അല്ലയോ ഇന്ദ്രിയങ്ങളെ, നിങ്ങള്‍ എന്റെ പഴി കേട്ട് പാടേ മാഞ്ഞു പോയിക്കഴിഞ്ഞു അല്ലെ? അതിൽ അത്ഭുതമെന്തുണ്ട്?  അല്ലെങ്കിലും നിങ്ങള്‍ വെറും അവിദ്യാന്ധകാരജന്യങ്ങളാണല്ലോ.

മനസേ, നീ ഒരു പ്രകടിതഭാവമായി പ്രത്യക്ഷപ്പെടുന്നത് നിന്റെ തന്നെ ദു:ഖത്തിനും അപചയത്തിനുമായാണ്. എണ്ണമറ്റ ജീവജാലങ്ങള്‍ അവരുടെ ഐശ്വര്യസമൃദ്ധികള്‍ക്കിടയിലും, ദുരിതങ്ങള്‍ക്കിടയിലും, ജരാനരകള്‍ക്കും രോഗപീഢകള്‍ക്കുമിടയിലും, ഭ്രമത്തോടെ ദു:ഖസാഗരത്തില്‍ നിമഗ്നമാവുമ്പോഴാണു നീ നിലനില്‍ക്കുന്നത്. ലോഭമോഹാദികള്‍ അവരുടെ സദ്‌ഗുണങ്ങളെ കാര്‍ന്നു നശിപ്പിക്കുമ്പോഴും, കാമാസക്തികള്‍ സ്വലക്ഷ്യങ്ങളില്‍ നിന്നവരെ പിന്തിരിപ്പിച്ചു ചൈതന്യഹീനമാക്കുമ്പോഴും മനസ്സേ, നീയുണ്ട്. നീയൊന്നവസാനിച്ചാല്‍പ്പിന്നെ ഹൃദയത്തില്‍ പ്രശാന്തിയും നിര്‍മലതയും മറ്റെല്ലാ പവിത്രഗുണങ്ങളും പൂവിട്ടുണരും. അപ്പോള്‍പ്പിന്നെ ജീവികള്‍ സംശയഗ്രസ്ഥരായി താഴോട്ടു പതിക്കുകയില്ല.        

അപ്പോള്‍ ആകുലതകളും ആശങ്കകളും ഉണങ്ങിവരണ്ടില്ലാതാകുന്നു. അജ്ഞതയുടെ ഇരുട്ട് ഇല്ലാതാകുന്നത് അറിവിന്റെ ഉള്‍വെളിച്ചം ജ്വലിച്ചു പരക്കുമ്പോള്‍ മാത്രമാണ്. കാറ്റൊടുങ്ങുമ്പോള്‍ സമുദ്രോപരിയുണ്ടാകുന്ന അലകള്‍ ശാന്തമാകുന്നതുപോലെ മനസ്സിലെ അസ്വസ്ഥതകളും അങ്ങിനെ ഇല്ലാതാകുന്നു. ആത്മജ്ഞാനത്തിന്റെ നിറവില്‍ സത്യം സാക്ഷാത്കരിക്കപ്പെടുന്നു. അതോടെ ലോകമെന്ന ഈ മിഥ്യാപ്രകടനങ്ങള്‍ക്ക് അവസാനമാകുന്നു. അനന്തമായ അവബോധം മാത്രം തെളിഞ്ഞു വിളങ്ങുന്നു. ആശകള്‍ക്ക് വശംവദനായ അജ്ഞാനിക്ക് ആനന്ദമെങ്ങിനെ കിട്ടാനാണ്? കരിഞ്ഞുണങ്ങിയ ഇലകളില്‍നിന്നും പുതുനാമ്പുകള്‍ വളരാം എന്നതുപോലെ ഇതില്‍ നിന്നും പുതുതായൊരു ജീവിതം ഉണ്ടാകാം. ഏതായാലും ആത്മജ്ഞാനത്തില്‍ നിലകൊള്ളുന്ന സാധകന്‍ ഇനിയുമൊരു കെട്ടുപാടിന്റെ ബന്ധനം വേണ്ടെന്നുവയ്ക്കുകതന്നെ ചെയ്യും. മനസ്സേ നീയില്ലെങ്കില്‍ ഇതും ഇതിനപ്പുറവും എണ്ണമില്ലാത്ത പലേ ഗുണങ്ങളുമുണ്ട്.  

മനസ്സേ, നിന്നിലെ എല്ലാ ആശകള്‍ക്കും പ്രത്യാശകള്‍ക്കും നീ തന്നെയാണ് കാരണമാകുന്നത്. സത്യവുമായി ഒന്നുകില്‍ നിനക്ക് താതാത്മ്യം പ്രാപിക്കാം അല്ലെങ്കില്‍ സ്വതന്ത്രമായി നിലനില്‍ക്കാം. ഏതാണ് വേണ്ടതെന്ന് നിനക്ക് തീരുമാനിക്കാം. “ആത്മാവുമായി താതാത്മ്യം പ്രാപിച്ച് ആത്മാവില്‍ നിന്നും വിഭിന്നമല്ല താനെന്നുറയ്ക്കുന്നത് നിന്നില്‍ സന്തുഷ്ടിയുണ്ടാക്കും. അതിനാല്‍ നിന്റെ അനസ്തിത്വത്തെപ്പറ്റി നീ സ്വയം ഉറപ്പിക്കുക. കാരണം സന്തുഷ്ടി വേണ്ടെന്നു വെയ്ക്കുന്നത് മൂഢത്വമാണല്ലോ.”

മനസ്സേ, നീ അന്തര്യാമിയും ബോധവുമാണെങ്കില്‍പ്പിന്നെ ആരുനിന്നെ വേണ്ടെന്നുവയ്ക്കും? എന്നാല്‍ നീ ഉണ്മയല്ലാത്തതിനാല്‍ നിന്റെ സന്തോഷവും വെറും മിഥ്യയാണല്ലോ. നീയുണ്ടായത് അജ്ഞാനത്താലും ഭ്രമകല്‍പ്പനകളാലും മാത്രമാണ്. എന്നാല്‍ അന്വേഷണത്തിലൂടെ നിന്റെയും ഇന്ദ്രിയങ്ങളുടെയും ആത്മാവിന്റെയും സ്വഭാവം ആരാഞ്ഞറിഞ്ഞപ്പോള്‍ നീ മിഥ്യയാണെന്നു വീണ്ടും ഉറപ്പായിരിക്കുന്നു. അന്വേഷണത്തിനു മുതിരാത്തിടത്തോളം കാലമേ നിനക്ക് നിലനില്‍പ്പുളളു. ആത്മാന്വേഷണത്വര സംജാതമാവുമ്പോള്‍ ഉള്ളില്‍ പൂര്‍ണ്ണമായ സംതുലനാവസ്ഥയാണ്. 

അജ്ഞാനം നിനക്ക് ജന്മനാ ഉള്ളതാണ്. അതായത്‌ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അഭാവമാണ് നീ. എന്നാല്‍ ജ്ഞാനോദയമാവുമ്പോള്‍ നിന്റെ അസ്തിത്വം തന്നെ ഇല്ലാതാവുന്നു. 
അതിനാല്‍ ജ്ഞാനമേ നിനക്ക് നമോവാകം. മനസ്സേ നിന്നെയുണര്‍ത്താന്‍ പലതാണ് മാര്‍ഗ്ഗങ്ങള്‍.  നിന്റെ ഭാവഹാവാദികള്‍ എല്ലാം നശിച്ചപ്പോള്‍ നീയില്ലാതായി. ഉള്ളതോ പരം പൊരുള്‍ മാത്രം; യാതൊരുവിധ പരിമിതികളും ഉപാധികളും ഇല്ലാത്ത അനന്തമായ അവബോധമാണത്. അവിദ്യയില്‍ ഉദയം ചെയ്ത് ജ്ഞാനത്തില്‍ നീ ഇല്ലാതാകുന്നു. നിന്റെ സഹായം കൂടാതെ തന്നെ ആത്മാന്വേഷണം നിന്നില്‍ ഉദിച്ചത് എത്ര ആനന്ദപ്രദം!.

മനസ്സ്‌ ഇല്ലാത്ത ഒന്നാണ്. ആത്മാവ് മാത്രമേ ഉണ്മയായുളളു. മറ്റൊന്നും സത്യമല്ല. ഞാനാണാ ആത്മാവ്. അതിനാല്‍ ഞാനല്ലാതെ പ്രപഞ്ചത്തില്‍ യാതൊന്നുമില്ല. ഞാന്‍ അനന്തമായ അവബോധമാണ്. ഈ ബോധത്തിന്റെ പ്രകമ്പനമാണ് പ്രപഞ്ചമായി, പ്രത്യക്ഷമായി, കാണപ്പെടുന്നത്.  

No comments:

Post a Comment

Note: Only a member of this blog may post a comment.