Mar 3, 2013

294 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 294

പരോണുസകലാതീത രൂപോഹം ചേത്യാഹം കൃതി:
പ്രഥമാ സര്‍വ്വമേവാഹമിത്യന്യോക്താ രഘുദ്വഹ     (5/73/10)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, സ്വയം മറ്റൊരു ഭാവമാര്‍ജ്ജിക്കുന്നതിലൂടെയും നിനക്ക് ദിവ്യമായ ഉള്‍ക്കാഴ്ച്ച ഉണ്ടാക്കാനും ആത്മജ്ഞാനത്തില്‍ അടിയുറച്ചു നില്‍ക്കുവാനും സാധിക്കും. അതിങ്ങിനെപറയാം: ഞാന്‍ ആകാശമാണ്‌, ഞാന്‍ സൂര്യനാണ്, ഞാന്‍ ദിക്കുകളാണ്, ദിശകളാണ്, താഴെയും മുകളിലുമുള്ളതെല്ലാം ഞാനാണ്. ഞാനാണ് ദേവതമാര്‍ .  ഞാനാണെല്ലാ ജീവജാലങ്ങളും. ഞാനാണിരുട്ട്. ഞാന്‍ ഭൂമി, സമുദ്രം, പൊടിപടലങ്ങള്‍ , കാറ്റ്, അഗ്നി, പ്രപഞ്ചം. ഞാന്‍ സര്‍വ്വവ്യാപി. ഞാനല്ലാതെ മറ്റെന്തുണ്ടാവാനാണ്?
ഈ ചിന്തകളിലൂടെയുള്ള മനനം നിന്നെ സുഖദു:ഖങ്ങളുടെ തലത്തില്‍ നിന്നും ഉയരെ എത്തിക്കും. ഞാന്‍ പറഞ്ഞുതന്ന രണ്ടു ഭാവത്തിലുമുള്ള ധ്യാനങ്ങള്‍ ആത്മസാക്ഷാത്കാരത്തിനുതകുന്നവയാണ്. ആദ്യത്തേതില്‍ , ‘ഞാന്‍ അതിസൂക്ഷ്മമായ അതീന്ദ്രിയആത്മാവാണെന്നും’ രണ്ടാമത്തേതില്‍ ‘ഞാനാണീ പ്രപഞ്ചമെല്ലാം വികസിച്ചു നിറഞ്ഞു വിളങ്ങുന്നതെന്നും’ ആണല്ലോ മനനം ചെയ്തുറപ്പിക്കുന്നത്. ഇനിയും മൂന്നാമതൊരു ഭാവം കൂടിയുണ്ട്. അതാണ്‌ ‘ഞാനീ ശരീരമാണ്’ എന്ന പരിമിതഭാവം. ഈ ഭാവമാണ് അന്തമില്ലാത്ത ദു:ഖങ്ങളുടെ സ്രോതസ്സ്. രാമാ, ഈ മൂന്നു ഭാവങ്ങളെയും ഉപേക്ഷിക്കൂ, എന്നിട്ട് നിത്യശുദ്ധമായ ആ അനന്താവബോധത്തില്‍ അഭിരമിക്കൂ.  

ആത്മാവ് അനുഭവജ്ഞാനങ്ങള്‍ക്കെല്ലാം അതീതമാണ്. അത് സര്‍വ്വവ്യാപിയുമാണ്. എല്ലാ പ്രപഞ്ചവസ്തുക്കളുടെയും ഉള്‍വെളിച്ചം ആത്മാവാണ്. എന്നാല്‍ ഇപ്പറഞ്ഞതെല്ലാം വെറും മിഥ്യയത്രേ. വിവരണങ്ങള്‍ കൊണ്ടോ പഠനം കൊണ്ടോ, മറ്റുള്ളവരുടെ സന്ദേശങ്ങളില്‍ നിന്നോ ആത്മവിദ്യ ലഭ്യമല്ല. എല്ലായ്പ്പോഴും അറിവുണ്ടാവുന്നത് അനുഭവങ്ങളിലൂടെ മാത്രമാണ്. ഈ ലോകത്ത് അനുഭവത്തിലൂടെ അറിയുന്നതെല്ലാം ആത്മാവാണ്, ബോധമാണ്. എന്നാല്‍ ഈ ബോധം എല്ലാ ദ്വന്ദങ്ങള്‍ക്കും അതീതമാണ്. അതായത് അനുഭവം, അനുഭവിക്കുന്ന പ്രക്രിയ, അനുഭവിക്കുന്ന ആള്‍ എന്ന ത്രിപുടികള്‍ക്കതീതമാണ് ബോധം. ആത്മാവ് മാത്രമേ എല്ലായിടത്തും എപ്പോഴും നിലനില്‍‍ക്കുന്നുള്ളു. എന്നാല്‍ അതീവ സൂക്ഷ്മമായതിനാല്‍ അതു ശുദ്ധഭാവത്തില്‍ അനുഭവവേദ്യമല്ല. 
 
ജീവജാലങ്ങളില്‍ അത് ജീവാത്മാവാണ്. എല്ലാ പ്രവര്‍ത്തനങ്ങളും സൂര്യപ്രകാശത്തിലാണു നടക്കുന്നതെങ്കിലും ആ പ്രവര്‍ത്തനങ്ങള്‍  നിലയ്ക്കുന്നതുകൊണ്ട് സൂര്യനെന്താണൊരു കോട്ടം? അതുപോലെ ആത്മാവിന്റെ പ്രാഭവത്താലാണ് ശരീരാദികള്‍ പ്രവര്‍ത്തനോന്മുഖമാവുന്നത്. എന്നാല്‍ ശരീരം നശിച്ചാല്‍ ആത്മാവിനു നഷ്ടമൊന്നുമുണ്ടാവുന്നില്ല. ആത്മാവ് ജനിച്ചതല്ല. അതിനാലതിനു മരണവുമില്ല. അത് യാതൊന്നും സ്വരുക്കൂട്ടി വയ്ക്കുന്നില്ല. ഒന്നിനായും ആഗ്രഹിക്കുന്നില്ല. അത് ബന്ധനത്തിലല്ല. അതുകൊണ്ടുതന്നെ മുക്തിയെന്ന ഒരു കല്പന പോലും അതിന് ബാധകമല്ല. ആത്മാവ് എന്നുമെവിടെയും ആത്മാവായിത്തന്നെ നിലകൊള്ളുന്നു. കാലദേശങ്ങളുടെ ഉപാധികള്‍ ആത്മാവിനു ബാധകമല്ല. അതെങ്ങിനെ ബന്ധിക്കപ്പെടാനാണ്? അതാണ്‌ ആത്മാവിന്റെ മഹിമ.

എന്നാല്‍ അജ്ഞാനം- അതായത് അവിദ്യ ഹേതുവായി ആളുകള്‍ വെറുതേ വിലപിക്കുകയാണ്. ബന്ധനം, മുക്തി എന്ന രണ്ടു ധാരണകളെയും ഉപേക്ഷിക്കൂ. എന്നിട്ട് ഇവിടെ, ഇപ്പോള്‍ത്തന്നെ  പ്രബുദ്ധമായ ജീവിതം നയിക്കൂ. ആകാശത്തോ ഭൂമിയിലോ പാതാളത്തിലോ മുക്തി ലഭ്യമല്ല. മുക്തി എന്നാല്‍ നിര്‍മ്മലമായ മനസ്സ് എന്നര്‍ത്ഥം. അതാണ്‌ ആത്മജ്ഞാനം. തികച്ചും പ്രബുദ്ധമായ അവസ്ഥ. എല്ലാ പ്രത്യാശകളും മോഹങ്ങളുമൊഴിഞ്ഞ അവസ്ഥയാണ് മുക്തി.

ആത്മജ്ഞാനമാകുന്ന ഉള്ളുണര്‍വ്വുണ്ടാകുന്നതുവരെ സാധകനു സ്വയം താന്‍ ബന്ധിതനാണെന്ന് തോന്നും; അയാള്‍ മുക്തിക്കായി പരിശ്രമിക്കുകയും ചെയ്യും. രാമാ, ഇത്തരം ധാരണകളുടെ പിടിയില്‍ കുടുങ്ങാതെ സംന്യാസത്തിന്റെ  പരമമായ അവസ്ഥയില്‍ വിരാജിക്കൂ. അങ്ങിനെ ലോകം ഭരിച്ച് ഏറെക്കാലം ജീവിച്ചാലും.     

No comments:

Post a Comment

Note: Only a member of this blog may post a comment.