സംവിന്മാത്രം തു ഹൃദയമുപാദേയം
സ്ഥിതം സ്മൃതം
നദന്തരേ ച ബാഹ്വേ ച ന ച ബാഹ്വേ
ന ചാന്തരേ (5/78/35)
രാമന്‍ ചോദിച്ചു: അങ്ങിപ്പോള്‍
പറഞ്ഞ ഹൃദയം എന്താണ്?
വസിഷ്ഠന്‍ പറഞ്ഞു. രാമാ, ഞാന്‍
രണ്ടു ഹൃദയങ്ങളെപ്പറ്റി ഇവിടെ പറഞ്ഞു. ഒന്ന് നമുക്ക് പൊതുവെ സ്വീകാര്യമാണ്. മറ്റേത്
അവഗണിക്കാം എന്ന് വയ്ക്കുക. ശരീരത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന, ഭൌതീകദേഹത്തിന്റെ ഭാഗമായ
ഹൃദയത്തെ നമുക്കവഗണിക്കാം. “നമുക്ക് സ്വീകാര്യമായ ഹൃദയം എന്നത് ശുദ്ധമായ
ബോധത്തിന്റെ സ്വരൂപമാണ്. അത് അകത്തും പുറത്തുമാണ്. എന്നാല്‍ അകത്തും
പുറത്തുമല്ല.” അതാണ് ഹൃദയം എന്ന തത്വം. അതിലാണ് പ്രപഞ്ചം പ്രതിഫലിക്കുന്നത്.
എല്ലാ ഐശ്വര്യസമ്പത്തുകളുടെയും ഇരിപ്പിടമാണത്.
ബോധമാണ്
ജീവജാലങ്ങളുടെ ഹൃദയം. അല്ലാതെ സദാ തുടിക്കുന്ന ഒരു കഷണം മാംസമല്ല. അപ്പോള്‍ പറഞ്ഞു
വന്നതുപോലെ, മനസ്സ് ഉപാധികള്‍ ഒഴിഞ്ഞ് ബോധത്തിലേയ്ക്ക് കേന്ദ്രീകൃതമായാല്‍ പ്രാണന്‍
നിയന്ത്രിതമായി. യോഗവിദ്യാവിശാരദന്മാരായ ഗുരുക്കന്മാര്‍ പലേവിധ മാര്‍ഗ്ഗങ്ങളും
പ്രാണനിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുണ്ട്. അവയിലേതു മാര്‍ഗ്ഗവും നമുക്ക്
സ്വീകരിക്കാം. ഈ യോഗവിദ്യകള്‍ അഭ്യസിക്കുമ്പോള്‍ യാതൊരുവിധ ബലപ്രയോഗവും
പാടില്ല. എങ്കില്‍ മാത്രമേ അവ ഫലപ്രദമാവുകയുള്ളു. അത്തരം ഒരു വിദ്യ അടിയുറച്ചു
പഠിച്ചഭ്യസിക്കുന്ന ഒരുവനില്‍ അനാസക്തിയും മനോപാധികളുടെ നിയന്ത്രണവും ഒരുമിച്ചു
സംഭവിക്കുന്നു. അത് പ്രാണനിയന്ത്രണത്തില്‍ കലാശിക്കുന്നു. അഭ്യാസത്തിനായി
പുരികമദ്ധ്യമോ, അണ്ണാക്കോ, മൂക്കിന്‍തുമ്പോ, ശിരസ്സിന്റെ മുകളില്‍ മൂക്കിന്‍തുമ്പില്‍
നിന്നുമൊരടി ദൂരത്തുള്ള ബിന്ദുവോ ശ്രദ്ധയെ കേന്ദ്രീകരിക്കാന്‍ ഉപയോഗിക്കാം.
നിരന്തരമായ അഭ്യാസപരിശീലനത്തിലൂടെ നാക്കിന്‍തുമ്പ് അണ്ണാക്കില്‍ മുട്ടിക്കാനായാല്‍
പ്രാണനിരോധനം സാദ്ധ്യമാണ്.
ഇപ്പറഞ്ഞ
അഭ്യാസപരിശീലങ്ങളെല്ലാം സാധനയുടെ പാതയില്‍ ഏകാഗ്രതയ്ക്ക് തടസ്സങ്ങളാണെങ്കിലും അവയുടെ ക്രമമായ അഭ്യാസവും
അവയിലെ പ്രാവീണ്യവും ഏകാഗ്രതയെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുന്നു. ഈ പരിശീലനം
കൊണ്ട് മാത്രമേ ദു:ഖമൊഴിഞ്ഞ് ആനന്ദം അനുഭവവേദ്യമാക്കാന്‍ സാധകന് സാധിക്കൂ.
അതുകൊണ്ടാണ് യോഗാഭ്യാസത്തിനിത്ര പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. പ്രാണനെ
ഇങ്ങിനെ നിരോധിച്ചു കഴിഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നത് നിര്‍വ്വാണം മാത്രമാണ്.
അതിലാണെല്ലാം. അതില്‍നിന്നാണെല്ലാം. അത് തന്നെയാണെല്ലാം. എല്ലാടവും അത് തന്നെ.
ലോകമെന്ന ഈ പ്രത്യക്ഷപ്രകടനം അതല്ല, അതില്‍ നിന്നല്ല ലോകം ഉരുത്തിരിഞ്ഞത്. ലോകം
അതുപോലെയല്ല. ഈ ഉള്‍ക്കാഴ്ച സുദൃഢമായുള്ളവനാണ് ജീവന്‍മുക്തന്‍.. . യോഗാഭ്യാസത്തിലൂടെ
പ്രശാന്തിയെ പ്രാപിച്ചവന്‍ സത്യത്തെ സാക്ഷാത്ക്കരിച്ചിരിക്കുന്നു.
പരമാത്മാവ്
ആദ്യന്തഹീനമാണെന്നും അതില്‍ കാണപ്പെടുന്ന എണ്ണമറ്റ ജീവ നിര്‍ജീവജാലങ്ങള്‍ എല്ലാം
ആത്മാവല്ലാതെ മറ്റൊന്നുമല്ല എന്നും ഉള്ള അറിവാണ് ശരിയായ ദര്‍ശനം. എന്നാല്‍ ദര്‍ശനത്തിലെ
വീഴ്ച ആവര്‍ത്തിച്ചുള്ള ജനനമരണങ്ങള്‍ക്ക് ഹേതുവാകുന്നു. ശരിയായ ദര്‍ശനം പുനര്‍ജന്മത്തിനെ
ഇല്ലാതാക്കുന്നു. അതില്‍ വിഷയ-വിഷയീ ബന്ധമോ അവ തമ്മില്‍ വ്യത്യാസമോ ഇല്ല. കാരണം ആത്മാവു (ബോധം)
തന്നെയാണ് അറിവും, അറിയപ്പെടുന്ന വസ്തുവും അറിവാളിയും. അറിയപ്പെടാനുള്ളവയും ഈ ബോധം
തന്നെ. ഇവ തമ്മില്‍ ഭിന്നതയുണ്ടെന്നുള്ള
തോന്നലാണ് അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം. നേരറിവിന്റെ നിറവില്‍ ബന്ധനവും മുക്തിയും
ഒന്നുമില്ല. ഋഷി സ്വാത്മനിരതനായി പ്രജ്ഞയെ അന്തരാത്മാവില്‍ രൂഢമൂലമാക്കി
സ്ഥാപിച്ചുകഴിഞ്ഞു. അദ്ദേഹത്തെ സ്വാധീനിക്കാന്‍ ഏതു സുഖാനുഭാവങ്ങള്‍ക്കാണിനി
കഴിയുക?
No comments:
Post a Comment
Note: Only a member of this blog may post a comment.