Mar 12, 2013

302 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 302


വിചാരാകാരകോ മൌര്‍ഖ്യാദഹമാസം മിതസ്ഥിതി:
വിചാരേണാമിതാകാര: ക്വ നാമാഹം വിചാരക: (5/81/14)

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ ചിന്തിച്ച് ജ്ഞാനികള്‍ തുടര്‍ന്നും ഈ വിധത്തില്‍ മനനം ചെയ്തു മുന്നേറണം. 'മനസ്സ് പൂര്‍ണ്ണമായും പരിശുദ്ധമായി ഇക്കാണുന്നതെല്ലാം ആത്മാവ് മാത്രം (ബോധം) ആണെന്ന് ഉറപ്പാവുമ്പോള്‍ ആ അറിവിന്റെ വെളിച്ചത്തില്‍ മനസ്സ്‌ പിന്നെ എന്താണ്? അത് ഇല്ലാത്ത ഒന്നാണെന്ന് നിശ്ചയം.'

അതിനെ കാണാനാകില്ല, അത് നിര്‍മനമാണ്, ഭ്രമക്കാഴ്ചയാണ്, എന്നൊക്കെ പറയാം. ഒന്ന് തീര്‍ച്ച. ഒന്നുകില്‍ അതൊരു ഭ്രമം, അല്ലെങ്കില്‍ അതിനു സത്തയില്ല. ഇപ്പോള്‍ എന്നില്‍ ദുഷ് പ്രവണതകളൊന്നുമില്ല. വിഭ്രാന്തിയുമില്ല. പിന്നെ മനസ്സ് എവിടെ? എന്റെ സംശയങ്ങള്‍ക്കെല്ലാം അറുതി വന്നിരിക്കുന്നു. എന്നില്‍ ചാഞ്ചല്യങ്ങള്‍ ഒന്നുമില്ല. ഞാന്‍ ആരുതന്നെയായിരുന്നാലും എന്നിലിനി യാതൊരു വിധത്തിലുമുള്ള ആസക്തികളും അവശേഷിക്കുന്നില്ല. മനസ്സ് നശിച്ചപ്പോള്‍ എല്ലാ ആസക്തികളും ഇല്ലാതായി. 

മനസ്സൊടുങ്ങി, ആസക്തികള്‍ ഇല്ലാതെയായി, ഭ്രമചിന്തകള്‍ അസ്തമിച്ച് ഒടുവില്‍ എന്നിലുണ്ടായത് അഹംകാരമില്ലാത്ത ഒരവസ്ഥയാണ്. അതില്‍ ഞാന്‍ ജാഗരൂകനായി ഉണര്‍ന്നിരിക്കുന്നു. ഒരേയൊരു സത്യം മാത്രം ഉണ്മയായി അവശേഷിക്കുമ്പോള്‍ വൈവിദ്ധ്യതയ്ക്ക്‌ എവിടെയാണസ്തിത്വം? ഇനി എനിക്കെന്താണ് അന്വേഷിക്കാനുള്ളത്? സനാതനമായ ആത്മാവാണ് ഞാന്‍. അതിസൂക്ഷ്മവും സര്‍വ്വവ്യാപിയുമായ ഉണ്മയാണു ഞാന്‍. യാതൊന്നിനാലും പ്രതിഫലിക്കാനരുതാത്ത സത്യസ്വരൂപത്തിന്റെ തലത്തിലാണിപ്പോള്‍ ഞാന്‍ നിലകൊള്ളുന്നത്. ആദ്യന്തഹീനവും അതിനിര്‍മ്മലവുമായ ഒരഭൌമതലമാണത്.

എന്തൊക്കെ ഉണ്ടോ, ഇല്ലയോ, അതെല്ലാം കൂടാതെ മനസ്സും അന്തര്യാമിയും ഒക്കെ ഒരേയൊരു അനന്താവബോധം മാത്രമാണ്. മനസ്സ്‌ വേണമെങ്കില്‍ തുടര്‍ന്നോട്ടെ, അല്ലെങ്കില്‍ അവസാനിച്ചോട്ടെ! ആത്മാവ് സമതയില്‍ അഭിരമിക്കുമ്പോള്‍ ഈ കാര്യങ്ങളെപ്പറ്റി അന്വേഷിക്കുന്നതില്‍ എന്തര്‍ത്ഥം? 

“മൂഢത്വമാര്‍ന്ന ഈ അന്വേഷണത്തില്‍ മുഴുകിയിരിക്കുന്നിടത്തോളം കാലം ഞാന്‍ ഉപാധികള്‍ക്ക് വിധേയനാണ്. ഇപ്പോള്‍ ഞാന്‍ ആത്മാന്വേഷണത്തിലൂടെ ഉപാധിരഹിതമായ സത്യസ്വരൂപമായി സ്വയമറിഞ്ഞിരിക്കുന്നു. ഇനി ഈ അന്വേഷകന്‍ ആരാണ്?” ഇത്തരം ആലോചനകള്‍ തന്നെ അനാവശ്യം. മനസ്സ് മരിച്ചുകഴിഞ്ഞ സ്ഥിതിക്ക് ആ ദുര്‍ഭൂതങ്ങളെ ഇനി അന്വേഷണത്തിലൂടെ വിളിച്ചു വരുത്താതിരിക്കുകയാണ് നല്ലത്.  അതുകൊണ്ട് ഞാന്‍ എല്ലാ ചിന്തകളേയും ധാരണകളേയും ഉപേക്ഷിക്കുന്നു. ആത്മനിഷ്ഠനായി ഓംകാരത്തെ ഉപാസിച്ചുകൊണ്ട് അകമേ സമ്പൂര്‍ണ്ണമൌനം അവലംബിച്ചുകൊണ്ട് ഞാനിരിക്കട്ടെ.  

അങ്ങിനെ, എന്തുചെയ്യുമ്പോഴും സത്യത്തിന്റെ സ്വരൂപത്തെപ്പറ്റി ജ്ഞാനി സദാ അന്വേഷണകുതുകിയായിരിക്കണം. അതുമൂലം എല്ലാ ചാഞ്ചല്യങ്ങളും ഒഴിഞ്ഞ് ജ്ഞാനിയുടെ ഉള്ളം സദാ ആത്മാവില്‍ അഭിരമിക്കുന്നു. അപ്പോള്‍ സ്വാഭാവികമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ജ്ഞാനിക്കു ഭംഗിയായിത്തന്നെ ചെയ്യാം. മഹാത്മാക്കള്‍ സത്യാന്വേഷണനിരതന്മാരായി ഉപാധികളില്ലാത്ത ബോധസത്തയുമായി അഹങ്കാരമോ അഭിമാനമോ ഭ്രമചിന്തകളോ ഇല്ലാതെ ഇവിടെ ജീവിക്കുന്നു. അവരുടെ ഹൃദയം നിറയെ ആനന്ദമാണെപ്പോഴും. സ്വാഭാവികവും സാധാരണവുമായ കാര്യങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മുഖം പ്രസാദമധുരമത്രേ.
ഇപ്പറഞ്ഞ തരത്തിലുള്ള അന്വേഷണത്തെപ്പറ്റി എനിക്കൊരിക്കല്‍ പറഞ്ഞു തന്നത്  മഹാനായ സംവര്‍ത്തമുനിയാണ്.  

No comments:

Post a Comment

Note: Only a member of this blog may post a comment.