Mar 30, 2013

319 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 319

ഭാവാഭാവേ പദാര്‍ത്ഥാനാം ഹര്‍ഷാമര്‍ഷവികാരദാ
മലിനാ വാസനാ യൈഷാ സാ സംഗ ഇതി കഥ്യതേ  (5/93/84)

രാമന്‍ ചോദിച്ചു: ഭഗവന്‍, എന്താണ് സംഗം എന്ന് ദയവായി പറഞ്ഞു തന്നാലും.

വസിഷ്ഠന്‍ പറഞ്ഞു: “പ്രപഞ്ചവസ്തുക്കളുടെ ആപേക്ഷികമായ ഭാവാഭാവങ്ങള്‍ക്കനുസരിച്ച് സുഖദുഃഖാനുഭവങ്ങളെ ആവര്‍ത്തിച്ചു വേദ്യമാക്കി മനോപാധികളെ കൂടുതല്‍ സാന്ദ്രവും ബലവത്തുമാക്കുന്നതെന്തോ അതാണ്‌ സംഗം.” അതുമൂലം അനുഭവവേദ്യമായ വസ്തുക്കളുമായുള്ള ബന്ധുത്വം അനിവാര്യമായ ഒന്നാണെന്ന് മനസ്സ് ഉറച്ചു വിശ്വസിക്കുന്നു. സുഖാനുഭാവങ്ങളുമായി അങ്ങിനെ ഒടുങ്ങാത്ത ആസക്തി സംജാതമാവുന്നു.   

എന്നാല്‍ മുക്തിപദം പ്രാപിച്ച മുനിക്കും മനോപാധികള്‍ ഉണ്ടാകാമെങ്കില്‍പ്പോലും അവയ്ക്ക് സുഖദുഖാനുഭവങ്ങളുമായി ബന്ധമില്ല. അവ ശുദ്ധമാണ്. ക്ഷീണിച്ചതോ നാശപ്രായമായതോ ആയ ഉപാധികളാണവ. ശരീരം വീണടിയുന്നത് വരെ ഈ മനോപാധികള്‍ നിലനില്‍ക്കുന്നുവെങ്കിലും അവ കര്‍മ്മങ്ങള്‍ക്ക് കാരണമാകുന്നുവെങ്കിലും അവയുടെ പരിശുദ്ധി ഹേതുവായി ആ കര്‍മ്മങ്ങള്‍ക്ക് പുനര്‍ജന്മാദിഫലങ്ങളെ ഉണ്ടാക്കുവാന്‍ കഴിയില്ല. എന്നാല്‍ അജ്ഞാനിയിലെ കട്ടിപിടിച്ചുറച്ച മനോപാധികള്‍ സംഗം തന്നെയാണ്.

വികലമായ ധാരണാസങ്കല്‍പ്പങ്ങളെ നിന്നിലങ്കുരിപ്പിക്കുന്ന ഈ സംഗത്തെ  ഉപേക്ഷിച്ച് നിന്നില്‍ സഹജമായും പ്രവര്‍ത്തോനോന്മുഖമാകുന്ന പ്രവർത്തനങ്ങള്‍ ചെയ്യുമ്പോള്‍ അവ നിന്നെ ബാധിക്കുകയില്ല. സുഖദു:ഖങ്ങളെ ഒരുപോലെ കണ്ട്, ആകര്‍ഷണ വികര്‍ഷണങ്ങളില്‍ നിന്നും സ്വതന്ത്രനായി, ഭീതിരഹിതനായിരിക്കുമ്പോള്‍ നിന്നില്‍ സംഗമില്ല. ദുഖത്തില്‍ വ്യാകുലപ്പെടാതെയും സന്തോഷത്തില്‍ അമിതാഹ്ലാദിയാകാതേയും ആശകളിലും പ്രത്യാശകളിലും പെട്ടുഴറാതെയുമിരിക്കുമ്പോള്‍ നിന്നില്‍ സംഗമില്ല. ഇവിടെ, വ്യവഹാരലോകത്തില്‍ നിന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോഴും സത്യസ്വരൂപത്തെപ്പറ്റിയുള്ള അവബോധം നിന്നിലുണ്ടെങ്കില്‍ നിനക്ക് സംഗമില്ല. ആത്മജ്ഞാനനിരതനായി സമതാദര്‍ശനത്തോടെ ആകസ്മികവും ഉചിതവുമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ നിന്നില്‍ സംഗമില്ല.
 
പ്രയാസരഹിതമായി, അനാസക്തനായി, ഒന്നിനോടും സംഗം കൂടാതെ മുക്തനായ ഒരു മുനിയെപ്പോലെ നിനക്കും ഇവിടെ വിരാജിക്കാം. മുനി തന്റെ അന്ത:പ്രശാന്തതയില്‍ അഭിമാനമോ അഹങ്കാരമോ അസൂയയോ വെച്ച്പുലര്‍ത്താതെ ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായും തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തി ജീവിക്കുന്നു. ലോകത്തുള്ള സകല വസ്തുക്കളും മുന്നിലുള്ളപ്പോഴും അനാസക്തനായ മുക്തപുരുഷനെ അവയൊന്നും പ്രലോഭിപ്പിക്കുന്നില്ല. അയാള്‍ തനിക്ക് നൈസര്‍ഗ്ഗികവും സ്വാഭാവികവുമായ കര്‍മ്മങ്ങളില്‍ മാത്രം വ്യാപൃതനായിക്കഴിയുന്നു. 
അനിവാര്യമായതും ഉചിതവുമാണയാളുടെ കര്‍മ്മങ്ങള്‍.  അയാള്‍ ആനന്ദം കണ്ടെത്തുന്നത് തന്റെയുള്ളില്‍ നിന്നുമാണ്. പ്രത്യക്ഷലോകം അയാളെ യാതൊരുവിധത്തിലും ബന്ധിപ്പിക്കുന്നില്ല. തിളച്ചുമറിയുമ്പോഴും പാലിന്റെ നിറം മാറുന്നില്ലാത്തതുപോലെ മുക്തപുരുഷന്റെ ജ്ഞാനം എത്ര ദുരിതങ്ങള്‍ നേരിടേണ്ടിവന്നാലും അചഞ്ചലമായിരിക്കും. ഏറ്റവും വലിയ ദു:ഖമനുഭവിക്കുമ്പോഴും സ്വര്‍ഗ്ഗചക്രവര്‍ത്തിയായി അവരോധിക്കുമ്പോഴും അദ്ദേഹത്തില്‍ ഭാവവ്യത്യാസങ്ങളില്ല. എപ്പോഴും അയാള്‍ സമതയില്‍ അഭിരമിക്കുന്നു.

അതുകൊണ്ട് രാമാ നീയും ആത്മവിചാരം തുടരുക. ആത്മജ്ഞാനത്തില്‍ ദൃഢചിത്തനാവുക. പിന്നീട് നിനക്കൊരിക്കലും ജനനമരണ ബന്ധനങ്ങള്‍ ഉണ്ടാവുകയില്ല.

(വിചാരം എന്ന് പറയുന്നത് വെറും അന്വേഷണമല്ല. അന്ത:പ്രജ്ഞയുടെ ചലനമാണത്. എന്നാലത് ബുദ്ധിപരമായ വ്യായാമവുമല്ല. തന്റെ തന്നെ ഉള്ളിലേയ്ക്ക് നടത്തുന്ന നിരീക്ഷണവും നേരറിവുമാണത്.)

ഉപശമപ്രകരണം എന്ന അഞ്ചാം ഭാഗം അവസാനിച്ചു.

Mar 29, 2013

318 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 318


കിംചിത്പ്രൌഢവിചാരം തു നരം വൈരാഗ്യപൂര്‍വകം
സംശ്രയന്തി ഗുണാ: ശുദ്ധാ: സര: പൂര്‍ണ്ണമിവാണ്ഡജ: (5/93/3)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരുവന്‍ ആത്മാന്വേഷണത്താല്‍ അല്‍പ്പമെങ്കിലും മനോനിയന്ത്രണം കൈവരിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ ജീവിതം ഫലവത്തായി എന്നുപറയാം. കാരണം ആത്മാന്വേഷണം അയാളുടെ ഹൃദയത്തെ വിശാലമാക്കും. “അത്തരം അന്വേഷണം അനാസക്തിയുടെ പിന്‍ബലത്തോടെയാണെങ്കില്‍ , അത് അഭ്യാസംകൊണ്ട് അടിയുറച്ചിട്ടുണ്ടെങ്കില്‍ ,  പവിത്രമായ ഗുണങ്ങള്‍ സ്വാഭാവികമായും സാധകനില്‍ വന്നുചേരും.”

ആത്മാന്വേഷണനിരതനായി, വസ്തുക്കളെ അതിന്റെ ഉണ്മയിൽ ദർശിക്കുന്ന ഒരുവനെ അവിദ്യയും അതിന്റെ കൂട്ടാളികളും ശല്യപ്പെടുത്തുകയില്ല. ആത്മീയപാതയില്‍ സ്വയമുറപ്പിച്ച കാലടികളോടെ സഞ്ചരിക്കുന്നവനെ ഇന്ദ്രിയസുഖാദികളാകുന്ന കള്ളന്മാര്‍ക്ക് കീഴടക്കാനാവില്ല. എന്നാല്‍ ആത്മാന്വേഷണത്തില്‍ അടിയുറക്കാത്തവരെ ഇന്ദ്രിയസുഖങ്ങള്‍ എളുപ്പത്തില്‍ കീഴടക്കും. ആത്മാന്വേഷണത്തില്‍ താല്‍പ്പര്യമില്ലാതെയും അതുകൊണ്ട് ആത്മാവിനെപ്പറ്റി അറിയാതെയും ഇരിക്കുന്നവന്‍ മരിച്ചതിനു തുല്യമാണ്.

അതിനാല്‍ രാമാ, ഈ ആത്മാന്വേഷണം തുടരുക തന്നെ വേണം. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി സത്യത്തെ കാണിച്ചുതരുന്നത് ഈ അന്വേഷണമാണ്. സത്യജ്ഞാനം ദു:ഖത്തെ ദൂരീകരിക്കുന്നു. ജ്ഞാനത്തിനൊപ്പം അതിന്റെ അനുഭവവും വേദ്യമാവും. എന്നാല്‍ വേദശാസ്ത്രപഠനത്തിന്റെ ഫലമായുണ്ടാകുന്ന ആന്തരീകമായ വെളിച്ചത്തില്‍ ജ്ഞാനവും അതിന്റെ അനുഭവവും സമഗ്രമായി വെളിപ്പെടുന്നു. ഈ അന്ത:പ്രകാശം തന്നെയാണ് ആത്മജ്ഞാനം. അതിന്റെ അനുഭവമോ, ജ്ഞാനത്തിൽ നിന്ന് വേറിട്ട ഒന്നല്ല. അവതമ്മില്‍ ഭേദമില്ല. അദ്വയമാണത്.

ആത്മജ്ഞാനം നേടിയ ആള്‍ അതില്‍ സദാ ആനന്ദമഗ്നനായിരിക്കുന്നു. ജീവിച്ചിരിക്കുമ്പോഴേ മുക്തനാണയാൾ. ലോകത്തിന്റെ ചക്രവര്‍ത്തിയെന്നപോലെ അയാള്‍ വിരാജിക്കുന്നു. വൈവിദ്ധ്യങ്ങളായ അനുഭവങ്ങള്‍ -സുഖമോ ദു:ഖമോ ആയിക്കൊള്ളട്ടെ- അവ അയാളെ അലട്ടുന്നില്ല. സുഖങ്ങള്‍ അയാളെ കീഴടക്കുന്നില്ല. അയാളില്‍ സുഖത്തിനായി യാതൊരാസക്തിയും അവശേഷിക്കുന്നുമില്ല. അയാള്‍ സ്വയം സംപ്രീതനാണ്. ആരുമായും അടുപ്പമോ ഒട്ടലോ ഇല്ലാത്തതിനാല്‍ അയാള്‍ക്ക്‌ എല്ലാവരും സുഹൃത്താണ്. അയാളില്‍ ആരോടും ശത്രുതയില്ല. പടയില്‍ ശത്രുവിന്റെ അലര്‍ച്ചയോ കാട്ടിലെ സിംഹഗര്‍ജനമോ അയാളെ നടുക്കുന്നില്ല.
നന്ദനോദ്യാനങ്ങള്‍ അയാളില്‍ പ്രഹര്‍ഷമോ, മരുഭൂമികള്‍ വിഷാദമോ ഉണ്ടാക്കുന്നില്ല. അകമേ പ്രശാന്തനാണെങ്കിലും ബാഹ്യമായി അതത് സമയത്തെ ആവശ്യമനുസരിച്ച് ഉചിതമായ കര്‍മ്മപരിപാടികളില്‍ സദാ നിരതനാണയാൾ. കൊലപാതകിയോടും ഉദാരശീലനോടും അയാള്‍ക്ക്‌ ഒരേ മനോഭാവമാണുള്ളത്. അയാളുടെ വിശ്വവീക്ഷണത്തില്‍ ചെറുതും വലുതുമായ എല്ലാറ്റിനും ഒരേ മൂല്യമാണുള്ളത്. എല്ലാമെല്ലാം ശുദ്ധമായ അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല എന്നയാള്‍ അറിഞ്ഞിട്ടുണ്ടല്ലോ. 

ആരൊരുവന്‍ ആസക്തിലേശമില്ലാതെ അവയവങ്ങളെ  ഉചിതമായി ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവോ അവനെ യാതൊന്നും –സുഖങ്ങളോ ദുഃഖങ്ങളോ ബാധിക്കുകയില്ല. അവന്റെ പ്രവര്‍ത്തനങ്ങള്‍ അനിഛാപൂര്‍വ്വം നടക്കുകയാണ്. അവന്‍ കാണുന്നില്ല; അവന്റെ കണ്ണുകള്‍ കാണുന്നു.അവൻ കേള്‍ക്കുന്നില്ല; അവന്റെ കാതുകള്‍ കേള്‍ക്കുന്നു. അവന്‍ സ്പര്‍ശിക്കുന്നില്ല; അവന്റെ ശരീരം തൊടുന്നു.

തീര്‍ച്ചയായും ആസക്തിയാണ് ലോകമെന്ന ഈ ഭ്രമാത്മകമായ പ്രകടിതദൃശ്യങ്ങള്‍ക്ക് കാരണം. വസ്തുക്കളെ സൃഷ്ടിക്കുന്നതും അതാണ്‌.. ആസക്തിയാണ് ബന്ധനങ്ങളും ഒടുങ്ങാത്ത ദു:ഖങ്ങളും ഉണ്ടാക്കുന്നത്. അതിനാലാണ് മഹാത്മാക്കള്‍ അനാസക്തിയാണ് മുക്തി എന്ന് പറയുന്നത്. രാമാ, നീയും  ആസക്തികളെ ഉപേക്ഷിച്ച് ജീവന്മുക്തനായ ഒരു ഋഷിയാവൂ.

Mar 28, 2013

317 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 317


അദ്ധ്യാത്മവിദ്യാധിഗമ: സാധുസംഗമ ഏവ ച
വാസനാസംപരിത്യാഗ: പ്രാണസ്പന്ദനിരോധനം  (35/92/35)

രാമന്‍ ചോദിച്ചു: ഭഗവന്‍, എങ്ങിനെയാണൊരുവന്‍ തന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാരണങ്ങളെ എല്ലാമകറ്റി പരമമായ ആ അവസ്ഥയെ പ്രാപിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഈ ദു:ഖത്തിന്റെ വിത്തുകള്‍ ഓരോന്നോരോന്നായി, ഒന്നിനൊന്നു കാരണമായവയെ നശിപ്പിച്ച് ഇല്ലാതാക്കാം. എന്നാല്‍ മാനസീകോപാധികളെ എല്ലാം ഒരൊറ്റയടിക്ക് നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ , സ്വപരിശ്രമത്താല്‍ ആ പരമസത്തയില്‍ അഭിരമിക്കാനായാല്‍ , അതില്‍ ഒരു മാത്രയെങ്കിലും വിശ്രാന്തിയടയാന്‍ കഴിഞ്ഞാല്‍ , നിനക്കാ പരമാവസ്ഥയിൽ ശാശ്വതമായി നിവസിക്കാം. എന്നാല്‍ ആ നിര്‍മലമായ പരമസത്തയുടെ പൊരുള്‍ അറിയാനായി മാത്രമാണ് നീയാഗ്രഹിക്കുന്നതെങ്കില്‍ അശ്രാന്തപരിശ്രമം കൊണ്ട് നിനക്കതിനും കഴിയും.   

അതുപോലെ അനന്താവബോധത്തെപ്പറ്റി ധ്യാനം ചെയ്തും നിനക്കാ സത്തയില്‍ അഭിരമിക്കാം.   എങ്കിലും അത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു പാതയാണ്. അനുഭവങ്ങളെ പ്രദാനം ചെയ്യുന്ന വസ്തുക്കള്‍ ധ്യാനത്തിനുതകുകയില്ല. കാരണം അവ ബോധത്തില്‍ അല്ലെങ്കില്‍ ആത്മാവില്‍ മാത്രം നിലകൊള്ളുന്നവയാണല്ലോ. എന്നാല്‍ നീ ധാരണകള്‍ , സങ്കല്‍പ്പങ്ങള്‍ , ശീലങ്ങള്‍ തുടങ്ങിയ മനോപാധികളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ക്ഷണനേരംകൊണ്ട് എല്ലാ സ്ഖലിതങ്ങളും മാഞ്ഞുപോവും. പക്ഷെ മുന്‍പ് പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ നിന്നുമൊക്കെ ഇത് കഠിനതരമാണ്.   

മനസ്സില്‍ ചിന്താസഞ്ചാരങ്ങള്‍ ഇല്ലാതാവും വരെ ഉപാധികള്‍ നശിക്കുക എന്നതസാദ്ധ്യം. നേരേ തിരിച്ചും അങ്ങിനെതന്നെയാണ്. സത്യസാക്ഷാത്കാരം പ്രാപിക്കാതെ മനോവ്യാപാരങ്ങള്‍ അവസാനിക്കില്ല. തിരിച്ചും അങ്ങിനെതന്നെ. അതുപോലെ തന്നെയാണ് ഉപാധികള്‍ അവസാനിച്ചാലല്ലാതെ അനുപാധികമായ സത്യം വെളിപ്പെടുകയില്ല എന്ന കാര്യവും. സത്യസാക്ഷാത്കാരം, മനോനിഗ്രഹം, മനോപാധികളുടെ അന്ത്യം എന്നിവ അതീവരഹസ്യമായി പരസ്പരം ഇഴപാകി ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവയെ ഓരോന്നോരോന്നായി വേറിട്ട്‌ കൈകാര്യം ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് രാമാ, അവയെ ഒന്നിച്ചു സമഗ്രമായി കീഴടക്കുക. അതിനായി എല്ലാ ശക്തിയുമുപയോഗിച്ചു നിന്നിലെ സുഖാന്വേഷണത്വരകളെ സംത്യജിച്ചാലും. കുറെയേറെക്കാലം ഇതഭ്യസിച്ചാല്‍ മാത്രമേ ഫലമുണ്ടാവുകയുള്ളു.

രാമാ, ഈ ലോകമെന്ന പ്രത്യക്ഷപ്രപഞ്ചം ഏറെക്കാലമായി നാം സത്യമെന്നു വിശ്വസിച്ചു പോരുന്നു. അതിനാല്‍ തുടര്‍ച്ചയായ അഭ്യാസത്താല്‍ മാത്രമേ, ഇപ്പറഞ്ഞ മൂന്നും ഒരുമിച്ചു മറികടക്കാന്‍ നിനക്ക് കഴിയൂ. ജ്ഞാനികള്‍ പറയുന്നത് പ്രാണനിയന്ത്രണവും മനോപാധികളെ അടക്കുന്നതും ഒരേ ഫലമാണുണ്ടാക്കുന്നതെന്നാണ്. അതുകൊണ്ട് നീ അവ രണ്ടും ഒരുമിച്ചു പരിശീലിക്കൂ. ഒരു യോഗഗുരുവിന്റെ നിര്‍ദ്ദേശാനുസരണം പ്രാണയാമത്തിലൂടെ പ്രാണവായുവിനെ നിനക്ക് നിയന്ത്രിക്കാന്‍ കഴിയും.

അനുഭവദാദാക്കളായ വസ്തുക്കള്‍ മുന്നില്‍ കാണുമ്പോഴും മനസ്സില്‍ ആശയോ വെറുപ്പോ, ആസക്തിയോ ഉദിക്കുന്നില്ലെങ്കില്‍ മനോപാധികള്‍ക്ക് ക്ഷീണം ബാധിച്ചിരിക്കുന്നു എന്നര്‍ത്ഥം. അപ്പോള്‍ വിവേകമുദിക്കുന്നു. അതും ഉപാധികളെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നു. അങ്ങിനെ മനസ്സ് ഇല്ലാതാവുന്നു. ഉചിതമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചാലല്ലാതെ മനസ്സിനെ കൊല്ലാന്‍ കഴിയില്ല.

“ആത്മജ്ഞാനം, മഹത്പുരുഷന്മാരുടെ സത്സംഗം, മനോപാധികളെ ത്യജിക്കല്‍ , പ്രാണനിയന്ത്രണം എന്നിവയാണ് മനസ്സിനെ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗങ്ങൾ.” ഈ സത്യം മനസ്സിലാക്കാതെ കൂടുതല്‍ തീക്ഷ്ണമായ തപശ്ചര്യകള്‍ ചെയ്യുന്നതും, ഹഠയോഗം മുതലായ യോഗമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും, തീര്‍ത്ഥയാത്രകള്‍ , യഗാദികള്‍ എന്നിവയില്‍ ആമ്ഗനമാവുന്നതും വൃഥാവ്യായാമങ്ങളാണ്. ആത്മജ്ഞാനം മാത്രമേ നിനക്ക്‌  അന്തമില്ലാത്ത ആനന്ദത്തെ പ്രദാനം ചെയ്യുകയുള്ളൂ. ആത്മജ്ഞാനമാര്‍ജ്ജിച്ചവന്‍ മാത്രമേ ശരിയായി ജീവിക്കുന്നുളളു. രാമാ, അതിനാല്‍ നീയും ആത്മജ്ഞാനം നേടൂ.

Mar 27, 2013

316 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 316


ബാദ്ധ്വാത്മാനം രുദിത്വാ കോശകാരകൃമിര്‍യഥാ
ചിരാത്കേവലതാമേപി സ്വയം സംവിത്സ്വഭാവത: (5/91/93)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ പറഞ്ഞ ആ അവസ്ഥയെ പ്രാപിക്കുക എത്രകണ്ട് ദുഷ്കരമാണെങ്കിലും രാമാ, അതിനു വേണ്ടി നാം പരിശ്രമിക്കുകതന്നെ വേണം. അങ്ങിനെ ഈ ദു:ഖസാഗരം തരണം ചെയ്യണം. അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള ആശ ബോധത്തിലെ ഒരു ചിന്താശകലമായാണ് ആദ്യം ഉദിച്ചുയരുന്നത്. എന്നാല്‍ ആ ചിന്തയുടെ ആവര്‍ത്തനം അതിനെ ദൃഢതരമാക്കുന്നു. അതങ്ങിനെ പ്രബലമാകുന്നു. 

അങ്ങിനെ ഈ ഭ്രമാത്മകമായ സൃഷ്ടിസഞ്ചയത്തെ സ്വയമുണ്ടാക്കി, ബോധം തന്നെത്താന്‍ മുക്തിപദത്തിലേയ്ക്ക് നയിക്കപ്പെടുന്നു. ബോധം എന്ത് ഇഛിക്കുന്നുവോ അത് മൂര്‍ത്തമായി, പ്രത്യക്ഷമായി നടപ്പിലാവുന്നു. “പട്ടുനൂല്‍പ്പുഴു സ്വയം തന്റെതന്നെ നൂലുകൊണ്ട് നിര്‍മ്മിച്ചൊരു കൂട്ടില്‍ ബന്ധനത്തിലാകുന്നതുപോലെ ആത്മാവ് ദു:ഖാനുഭവങ്ങളെ സ്വാംശീകരിച്ച് സ്വയം അവയില്‍ ബന്ധിക്കുന്നു. ഈ പുഴു കൂടുപൊട്ടിച്ചു ചിത്രശലഭമായി മുക്തിപ്രാപിക്കുന്നതുപോലെ  കാലക്രമത്തില്‍ ആത്മാവ് സംസാരദു:ഖത്തില്‍ നിന്നും മുക്തിപ്രാപിക്കുന്നു. അനന്താവബോധം അതിന്റെ സഹജഭാവമാണല്ലോ” എന്തൊക്കെ ഈ വിശ്വത്തില്‍ കാണപ്പെടുന്നുവോ അതെല്ലാം അനന്താവബോധം മാത്രമാണ് രാമാ. അനന്താവബോധത്തിന്റെ മൂലമോ, ശുദ്ധമായ അസ്തിത്വവുമാണ്. അവ സൂര്യനും സൂര്യരശ്മിയും പോലെ അവിഭാജ്യങ്ങളാണ്. 

ശുദ്ധമായ അസ്തിത്വത്തിന് രണ്ടു തലങ്ങളുണ്ട്. ഒന്ന് നാനാത്വം. മറ്റേത് ഏകത്വം. ‘അത്’, ‘ഇത്’, ‘ഞാന്‍’, ‘നീ’ എന്നൊക്കെ വിവക്ഷിക്കുന്നത് നാനാത്വമാണ്. ഈ വൈവിദ്ധ്യങ്ങളെ ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാവുന്ന ശുദ്ധമായ അസ്തിത്വത്തെ, ഏകമായ അന്തസ്സത്തയെന്ന്‍ അറിഞ്ഞാലും. നാനാത്വം ഉപേക്ഷിച്ച് ഏകതയെ പുല്‍കുമ്പോള്‍ പിന്നെ ‘അനുഭവം’ ഇല്ല. അതിനാല്‍ ഏകത്വം എന്നത് അനുഭവയോഗ്യമായ ഒരു ‘വസ്തു’ അല്ല. ഈ ഏകത ശാശ്വതവും നാശരഹിതവുമാണ്.

അതുകൊണ്ട് രാമാ, കാലത്തിന്റെയോ, ഘടകങ്ങളുടെയോ, വസ്തുക്കളുടെയോ ഫലമായുണ്ടാകാവുന്ന എല്ലാത്തരം വിഭജനങ്ങളെയും ഉപേക്ഷിക്കൂ. കാരണം അവയെല്ലാം ധാരണാസങ്കല്‍പ്പകല്‍പ്പിതങ്ങള്‍ മാത്രമാണ്. അവ അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ല. അവ വസ്തുതകളുമല്ല. വിഭജന-വിഘടന ചിന്തകളോ അവയെക്കുറിച്ചുള്ള മനനമോ നമ്മുടെ ദര്‍ശനങ്ങളെ നിര്‍മലമാക്കുകയില്ല.

ഇതുവരെ നാം പറഞ്ഞ എല്ലാത്തിനും മൂലകാരണമായിരിക്കുന്നത് നിര്‍മലമായ ശുദ്ധാസ്തിത്വമാണല്ലോ. അതാണ് കേവല സത്ത. എന്നാല്‍ ഈ സത്തിന് ബീജമായി വേറെ കാരണങ്ങള്‍ ഒന്നുമില്ല. സ്വയം എല്ലാറ്റിന്റെയും ഹേതുവായിരിക്കുമ്പോഴും അത് അഹൈതുകമാണ്. അതിലാണ് എല്ലാമെല്ലാം പ്രതിഫലിക്കുന്നത്. നാക്ക് വൈവിദ്ധ്യമാര്‍ന്ന സ്വാദുകള്‍ രുചിക്കുന്നതുപോലെ ഈ സത്തിലാണ് വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങള്‍ പ്രതിഫലിക്കുന്നത്. അനന്തകോടി പ്രപഞ്ചങ്ങള്‍ ഉണ്ടായി നിലനിന്ന് തമ്മില്‍ത്തമ്മില്‍ കാലദേശാനുസാരിയായി ചില ബന്ധങ്ങള്‍ സ്ഥാപിച്ച് ഒടുവില്‍ നശിച്ചുപോകുന്നു.

ഈ ശുദ്ധസത്ത ഭാരമുള്ള വസ്തുക്കളുടെ ഘനമാണ്. എല്ലാ വെളിച്ചത്തിന്റെയും  പ്രഭയാണ്. സൂക്ഷ്മവും സ്ഥൂലവും ആയ എല്ലാമതാണ്. ഒന്നാമന്മാരില്‍ ഒന്നാമനും അവസാനക്കാരില്‍ ഒടുവിലത്തെതും അതാണ്‌.. വിളക്കിന്റെ വെളിച്ചവും ഇരുട്ടിന്റെ ഇരുട്ടുമാണത്. പദാര്‍ത്ഥങ്ങളുടെ വസ്തുതയും ആകാശവും ഈ സത്തയാണ്. അത് യാതൊന്നുമല്ല. എന്നാല്‍ എല്ലാമാണ്താനും. അത് ഭാവവും അഭാവവുമാണ്. അത് കാണപ്പെടുന്നതും കാണപ്പെടാത്തതുമാണ്. അത് ഞാനാണ്. എന്നാല്‍ ഞാനല്ല.

അതുകൊണ്ട് രാമാ, നിന്റെ എല്ലാ പരിശ്രമവും ഉപയോഗിച്ച് ആ പരമമായ അവസ്ഥയെ പ്രാപിക്കൂ. എന്നിട്ട് എന്താണുചിതമെന്നു വച്ചാല്‍ അത് നടപ്പിലാക്കുക. നിത്യശുദ്ധമുക്തസ്വരൂപമായ, ആത്മാവായ ആ പരമസത്തയെ പ്രാപിച്ചയാള്‍ പരമപ്രശാന്തിയിലാണ് നിലകൊള്ളുന്നത്. ആ തലത്തില്‍ എത്തുന്നതോടെ ഈ പ്രത്യക്ഷലോകത്തിന്റെ എല്ലാവിധ ഭയാശങ്കകളില്‍ നിന്നും നിനക്ക് സംപൂര്‍ണ്ണമുക്തിയായി.  

Mar 26, 2013

315 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 315


ഹൃദി സംവേദ്യമാപ്യൈവ പ്രാണസ്പന്ദോഥ വാസനാ
ഉദേതി തസ്മാത്സംവേദ്യം കഥിതം ബീജമേതയോ:  (5/91/64)

വസിഷ്ഠന്‍ തുടര്‍ന്നു: “രാമാ, വസ്തുധാരണകള്‍ , അനുഭവധാരണകള്‍ എന്നിവ പ്രാണന്റെ ചലനത്തിനും ദൃഢഭാവനയ്ക്കും ബീജമാകുന്നു. കാരണം അത്തരം അനുഭവങ്ങള്‍ക്കായി ഹൃദയത്തില്‍ ആഗ്രഹം ഉദിക്കുമ്പോള്‍ മാത്രമാണ് പ്രാണസഞ്ചാരവും മനോപാധികളും സംഭവിക്കുന്നത്.” ഇത്തരം അനുഭവങ്ങള്‍ക്കായുള്ള ആഗ്രഹത്തെ പാടേയുപേക്ഷിച്ചാല്‍ ഇവ രണ്ടും ക്ഷണത്തില്‍ ഇല്ലാതെയാവും. തീര്‍ച്ചയായും അന്തര്യാമിയായ ബോധമാണീ ആഗ്രഹങ്ങളുടെ വിത്ത്. ബോധത്തിന്റെ അഭാവത്തില്‍  അത്തരം അനുഭവങ്ങള്‍ക്കായുള്ള ആഗ്രഹങ്ങള്‍ എങ്ങിനെ ഉദിച്ചുയരാനാണ്?

എന്നാല്‍ ബോധത്തിന് അകത്തോ പുറത്തോ അനുഭവങ്ങള്‍ക്കായി മാത്രം പ്രത്യേകമൊരു വസ്തു അതില്‍നിന്നും വ്യതിരിക്തമായി ഇല്ല. ചിന്തകളുടെ ചലനം ഹേതുവായി ബോധം സ്വയം ഒരു വസ്തുഅനുഭവം (വിഷയാനുഭവം) ആര്‍ജ്ജിക്കാന്‍ ഇഛിക്കുകയാണ്. ഒരാള്‍ തന്റെ മരണത്തെപ്പറ്റിയോ തന്റെ വിദേശയാത്രയെപ്പറ്റിയോ സ്വപ്നം കാണുന്നതുപോലെ ബോധം അതിന്റെ സ്വന്തം നിപുണതകൊണ്ട് സ്വയമൊരു വിഷയാനുഭവമായി തീരുകയാണ്. രാമാ അത്തരം അനുഭവങ്ങളുടെ സാക്ഷാത്കാരമാണ് പ്രത്യക്ഷലോകമായി കാണപ്പെടുന്നത്. ഈ സത്യം അറിയുമ്പോള്‍ ഭ്രമചിന്തകള്‍ ഒടുങ്ങുന്നു.
 
എന്താണ് സത്യം? ഇതെല്ലാം ഒരേയൊരു അനന്താവബോധം മാത്രമല്ലാതെ മറ്റൊന്നുമല്ല എന്നതാണ് ഉണ്മ. ബോധമല്ലാതെ മറ്റൊന്നും ഇല്ലതന്നെ. കാണപ്പെടുന്നതും കാണപ്പെടാത്തതുമെല്ലാം അതേ അവബോധം തന്നെ. ജ്ഞാനി ഇതറിയുന്നു. അയാളുടെ വീക്ഷണം നിര്‍മലമാവുന്നു. ഇനിയും നിര്‍മലമാകാത്ത ദൃഷ്ടിയാലാണ് വെറും പ്രതീതി മാത്രമായ 'ലോക'ത്തെ അയാൾ കാണുന്നത്. എന്നാല്‍ ദൃഷ്ടി നിര്‍മലമായി അനന്താവബോധത്തെ അറിയുന്നതാണ് മുക്തി. അതുകൊണ്ട് രാമാ, ഈ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനുള്ള ആഗ്രഹത്തെ നിന്നില്‍ നിന്നും നിര്‍മാര്‍ജ്ജനം ചെയ്താലും. മന്ദതയെ ദൂരെക്കളയൂ. എല്ലാ അനുഭവങ്ങളില്‍ നിന്നും അവയ്ക്കായുള്ള ആഗ്രഹങ്ങളിൽ നിന്നും പൂര്‍ണ്ണസ്വതന്ത്രനാവൂ.

രാമന്‍ ചോദിച്ചു: ഭഗവാനേ, ഈ രണ്ടും തമ്മില്‍ എങ്ങിനെ പൊരുത്തപ്പെടും? കര്‍മ്മാനുഭവങ്ങളില്‍ നിന്നും നൈഷ്കര്‍മ്മ്യത്തില്‍ നിന്നും എനിക്ക് മുക്തിപദം പ്രാപിക്കാനാവുമോ ? 

വസിഷ്ഠന്‍ പറഞ്ഞു: യാതൊന്നിനായും ഉള്ള പ്രത്യാശയോ ആഗ്രഹമോ വെച്ചുപുലര്‍ത്താത്ത, കര്‍മ്മരഹിതമായ വിശ്രമാവസ്ഥയ്ക്കായി  ഇഛിക്കാത്ത ഒരുവന്‍ ജീവഭാവത്തില്‍ നിലനില്‍ക്കുകയില്ല. അങ്ങിനെ ജീവഭാവത്തിലല്ലാത്ത അയാള്‍ കര്‍മ്മരഹിതനാണെന്ന് പറയുക വയ്യ. അയാള്‍ അനുഭവങ്ങള്‍ക്കായി ആഗ്രഹിക്കുകയും ഇല്ല. എന്നാല്‍ അനുഭവങ്ങള്‍ക്കായോ ദൃശ്യപ്രതീതികള്‍ക്കായോ ആശിക്കാതെ അന്തമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു സദാ കര്‍മ്മനിരതനായി ജീവിക്കുന്നയാള്‍ യാതൊന്നും ‘ചെയ്യുന്നില്ല’. ആ കര്‍മ്മങ്ങള്‍ അയാളില്‍ യാതൊന്നും ശേഷിപ്പിക്കുന്നില്ലാത്തതിനാല്‍ അയാള്‍  യാതൊന്നും അനുഭവിക്കുന്നുമില്ല. അയാള്‍ കര്‍മ്മരഹിതനുമല്ല എന്ന് നിശ്ചയം. അനുഭവം എന്ന വസ്തുത അയാളുടെ ഹൃദയത്തെ ബാധിക്കുന്നതേയില്ല എന്നതാണ് വാസ്തവം. അതിനാല്‍ ആരുടെ ബോധതലമാണോ കര്‍മ്മരഹിതമല്ലാതെയിരിക്കുന്നത്, അയാള്‍ ഇവിടെ, ഇപ്പോള്‍ മുക്തിതലത്തില്‍ എത്തിയവനാണ്.

എല്ലാ ഉപാധികളില്‍ നിന്നും സ്വതന്ത്രനായി, അവിഛിന്നമായ ബോധസ്വരൂപത്തില്‍ സുദൃഢമായി നിലകൊള്ളുന്ന യോഗി ഒരു കൊച്ചു കുട്ടിയെപ്പോലെയോ മന്ദബുദ്ധിയെപ്പോലെയോ ചിലപ്പോള്‍ പ്രവര്‍ത്തിച്ചുവെന്നിരിക്കും. എന്നാല്‍ ആകാശത്തിന്റെ നീലിമപോലെ അയാളില്‍ നൈസര്‍ഗ്ഗികമായി ആനന്ദമുണ്ട്. ഈ ആനന്ദം വെറുമൊരനുഭവമല്ല. അത് ബോധത്തിന്റെ സഹജമായ ഗുണമാണ്. അതിനാല്‍ ഈ ആനന്ദം ബോധത്തില്‍ നിന്ന് വേറിട്ട്‌ ഒരു ശല്യമായി (അഭികാമ്യമോ അല്ലാത്തതോ ആയ അനുഭവമായി) നില്‍ക്കുന്ന ഒന്നല്ല. അത് ബോധത്തില്‍ അവിഭാജ്യമത്രേ. അപ്പോള്‍ എല്ലാ അനുഭവങ്ങളില്‍ നിന്നുമുള്ള മുക്തിയായി. യോഗി എപ്പോഴും നിസ്തന്ദ്രമായി കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട് കഴിയുന്നതുകൊണ്ട് അദ്ദേഹം അകര്‍മ്മത്തില്‍ നിന്നും സദാ സ്വതന്ത്രനുമാണ്.  

Mar 25, 2013

314 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 314


ദൃഢഭാവനയാ ത്യക്തപൂര്‍വ്വാപരവിചാരണം
യദാദാനം പദാര്‍ത്ഥസ്യ വാസനാ സാ പ്രകീര്‍ത്തിതാ  (5/91/29)

വസിഷ്ഠന്‍ തുടര്‍ന്നു: “ദൃഢമായൊരു ഭാവനാസങ്കല്‍പ്പത്തില്‍ ബലമായി ഒട്ടിചേർന്നുനിന്നുകൊണ്ട് സത്യത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ നിന്നും സ്വയം വിമുഖനാവുമ്പോള്‍ ഒരുവനില്‍ ആ ഭാവനാവസ്തുവിനെപ്പറ്റി പ്രത്യക്ഷമായ ഒരറിവ് അങ്കുരിക്കുന്നു. ഈ അറിവിനെയാണ് ഉപാധികള്‍ അല്ലെങ്കില്‍ പരിമിതികള്‍ എന്നുപറയുന്നത്.” ഈ അറിവില്‍ തീവ്രമായും തുടര്‍ച്ചയായും അഭിരമിക്കുമ്പോള്‍ പ്രത്യക്ഷലോകമെന്ന ഒരു പ്രതീതി (പെർസെപ്ഷൻ) ബോധതലത്തില്‍ ഉദിച്ചുയരുന്നു. അവനവന്‍ തന്നെയുണ്ടാക്കിയ ആ ദൃശ്യവിസ്മയത്തില്‍ ആണ്ടുമുങ്ങി അവന്‍ തന്റെ സ്വരൂപത്തെ മറന്നു പോകുന്നു. പ്രതീതിയാണ് സത്യമെന്ന് അവന്‍ ഭ്രമിച്ചു വശാവുന്നു. അപ്പോൾ അവന്റെ ബോധസീമയില്‍ ഭ്രമാത്മകമായ, വെറും പ്രതീതിമാത്രമായ  ഈ ലോകം മാത്രമേയുള്ളു.  

ഇതെല്ലാം അജ്ഞാനിക്ക് മാത്രം സംഭവിക്കുന്നതാണ്. വികലമായ പ്രതീതിയാണ് മനസെന്നറിയപ്പെടുന്നത്.  മനസ്സ്‌ തന്നിലെ വികല്‍പങ്ങളെ തന്നില്‍ത്തന്നെ സങ്കൽപ്പിച്ചുറപ്പിക്കുന്നതാണ് ആവര്‍ത്തിച്ചുള്ള ജനനങ്ങള്‍ക്കും ജരാനരകള്‍ക്കും മരണത്തിനും ഹേതുവാകുന്നത്. 

അഭികാമ്യം, അനഭികാമ്യം എന്നിങ്ങിനെയുള്ള ഇഷ്ടാനിഷ്ടവിവേചനം ഉള്ളിലുയരുന്നില്ലെങ്കില്‍ മനസ്സില്ല എന്ന് നിശ്ചയം. അവിടെയുള്ളത് പരമപ്രശാന്തി മാത്രം. ആശയം, ധാരണ, സങ്കല്‍പ്പം, ചിന്ത, ഓര്‍മ്മ എന്നിവയാണ് മനസ്സിന്റെ ഘടകവസ്തുക്കള്‍ .  ഘടകവസ്തുക്കളുടെ അഭാവത്തില്‍ മനസ്സെങ്ങിനെയുണ്ടാവാനാണ്? 
  
അഭാവ അവസ്ഥയിലുള്ള ഒരുവന്‍, തന്റെ അവസ്ഥയെപ്പറ്റി, അതായത്‌ താന്‍  ഭാവ-അവസ്ഥയെ പ്രാപിച്ചിട്ടില്ലാ എന്ന അറിവില്‍ അഭിരമിക്കുന്നതായാല്‍ അയാള്‍ കാര്യങ്ങളെ അതേപടി, സത്യത്തില്‍ നിറഭേദം ചേര്‍ക്കാതെ കാണുന്നവനാണ്. അത് നിര്‍മനമാണ്. അമനസ്സാണ്.
മാനസീകമായ ഉപാധികളും വാസനകളും അത്രയധികം സാന്ദ്രമല്ലെങ്കില്‍ , അവ സുതാര്യമാണെങ്കില്‍ , ഒരുവന്‍ ജീവന്‍മുക്തനായി ജീവിക്കുന്നത് പൂര്‍വ്വാര്‍ജ്ജിതകര്‍മ്മങ്ങളുടെ ചാലകശക്തിയാലാണ്. ആ ചാലകശക്തി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്തതിനാലാണ്.  പുതിയ ചാലകശക്തിയൊന്നും ചെലുത്തിയില്ലെങ്കിലും കുശവന്റെ ചക്രം കുറച്ചു നേരംകൂടി കറങ്ങുന്നതു പോലെയാണിത്. അങ്ങിനെയുള്ള ജീവന്മുക്തനു പുനര്‍ജനിയില്ല. വറുത്തുണക്കിയ വിത്തിന് മുളപൊട്ടാന്‍ കഴിയാത്തതുപോലെ ലോകമെന്ന വിഭ്രമദൃശ്യം അവനെയിനി അലട്ടുകയില്ല. അവന്റെ ദേഹം പതിക്കുമ്പോള്‍ ജീവന്‍ അനന്താവബോധത്തില്‍ വിലീനമാവുന്നു.

ലോകദൃശ്യമെന്ന വിഭ്രമത്തിനു കാരണമായ ദൃഢഭാവന, പ്രാണശക്തി, എന്നിവയില്‍ ഒരെണ്ണം ഇല്ലാതായാല്‍ മറ്റേതും താനേ ഇല്ലാതാവുന്നു. കാരണം അവ പരസ്പരപൂരകങ്ങളാണ്. മനസ്സാണ് ലോകമുണ്ടാക്കിയത്. മനസ്സിനെ ഉണ്ടാക്കിയതോ, പ്രാണന്റെ ഉപാധികളിലൂടെയുള്ള സഞ്ചാരവുമാണ്. ഭാവന കാരണമാണ് പ്രാണന് ചാലകശക്തി ഉണ്ടായത്‌..  ഇതൊരു ദുര്‍വൃത്ത ചക്രമാണ്. ഒന്ന് മറ്റേതിനു വളമാകുന്നു. അങ്ങിനെ പരസ്പരം പരിപോഷിപ്പിച്ച് അവ തഴച്ചുവളരുന്നു. ഒന്ന് മറ്റേതിനെ കർമ്മനിരതമാക്കുന്നു.

ചലനം പ്രാണന് സഹജമാണ്. അത് ബോധത്തില്‍ ചലിക്കുമ്പോള്‍ മനസ്സുദിക്കുന്നു. ഉപാധികള്‍ പ്രാണനു വേണ്ട ചാലകശക്തി നല്‍കുന്നു. അവയില്‍ ഒരെണ്ണം നിര്‍ത്തുമ്പോള്‍ മറ്റേതും താനേ നില്‍ക്കുന്നു. മാനസീകമായുള്ള ഉപാധികളാണ് പറയാനരുതാത്ത വേദനകളേയും ദുരിതങ്ങളേയും ക്ഷണിച്ചു വരുത്തുന്നത്. അതാണ്‌ അവിദ്യയുടെ മൂലം. എന്നാല്‍ ഈ ഉപാധികള്‍ ഇല്ലാതാവുന്നതോടെ മനസ്സും ഇല്ലാതാവുന്നു. അതിനാല്‍ പ്രാണന്റെ നിയന്ത്രണം (പ്രാണായാമം) വഴി മനസ്സിനെ ലോകദൃശ്യങ്ങളില്‍ ഭ്രമിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്താന്‍ നമുക്ക് കഴിയും.   

Mar 24, 2013

313 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 313


ദ്വേ ബീജേ ചിത്തവൃക്ഷസ്യ വൃത്തിവൃതതിധാരിണ:
ഏകം പ്രാണപരിസ്പന്ദോ ദ്വിതീയം ദൃഢഭാവനാ (5/91/14)

രാമന്‍ ചോദിച്ചു: ഭഗവാനേ. ഈ മനസ്സെന്ന ഭീകരവൃക്ഷത്തിന്റെ വിത്തെന്താണ്? ആ വിത്തിന്റെ ബീജമായ വിത്തും അങ്ങിനെയങ്ങിനെ അതിന്റെ ഏറ്റവും അറ്റത്തെ ആദിമമൂലമായിരിക്കുന്നതെന്താണ്?

വസിഷ്ഠന്‍ പറഞ്ഞു: ഈ പ്രത്യക്ഷലോകത്തിന്റെ ബീജമെന്നത് ഈ ദേഹം തന്നെയാണ്. അതിനുള്ളിലെ നന്മതിന്മകളെക്കുറിച്ചുള്ള ചിന്തകള്‍ , ധാരണകള്‍ , എന്നിവയാണിതിനു  മൂലമാകുന്നത്.

ഈ ദേഹത്തിനൊരു ബീജമുണ്ട്. അത് മനസ്സാകുന്നു. ആശകളുടെയും പ്രത്യാശകളുടെയും പിറകേ ഓടുന്ന മനസ്സ്. ഭാവാഭാവങ്ങളെക്കുറിച്ചുള്ള ധാരണകള്‍ക്ക് ഇടം നല്‍കുന്നതും തജ്ജന്യമായ ദു:ഖങ്ങളെ ജനിപ്പിക്കുന്നതും ഈ മനസ്സാണ്. പ്രത്യക്ഷലോകം മനസ്സിന്റെ സൃഷ്ടിയാണല്ലോ. സ്വപ്നാവസ്ഥതന്നെ ഒരുദാഹരണം. നാം ഇവിടെ കാണുന്നതൊക്കെ മനസ്സിന്റെ വികാസം മാത്രമാണ്. മണ്‍കുടം എന്നത് മണ്ണിന്റെ ഒരു വകഭേദം മാത്രമാണല്ലോ. 

“അസംഖ്യം ധാരണകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും ഇടം നല്‍കുന്ന മനസ്സെന്ന വൃക്ഷത്തിനു രണ്ടു വിത്തുകളാണുള്ളത്. ഒന്ന് പ്രാണശക്തി; രണ്ട് ദൃഢഭാവന.” ശരിയായ പാതകളിലൂടെ പ്രാണവായു സഞ്ചരിക്കുമ്പോള്‍ ബോധത്തിന്‍റെ ചലനവും അങ്ങിനെ മനസ്സിന്റെ ഉദയവും സംഭവിക്കുന്നു. പ്രാണന്റെ ഈ സഞ്ചാരമാണ് മനസ്സ് പ്രത്യക്ഷലോകമായി അറിയുന്നത്. അത് ആകാശത്തിന്റെ നീലനിറംപോലെ ‘സത്യ’മത്രേ.  സര്‍വ്വവ്യാപിയായ ബോധത്തിന് പ്രാണസഞ്ചാരം മൂലം പുതിയൊരു ‘ഉണര്‍വ്വു’ണ്ടാവുന്നു എന്നപോലെയാണത്. ഇതുണ്ടായില്ലെങ്കില്‍ എത്ര നന്നായിരുന്നു! പ്രാണവായുവിന്റെ ചലനം നിലയ്ക്കുമ്പോള്‍ ലോകമില്ലാതാകുന്നു.

ഇങ്ങിനെ ബോധത്തിന് ‘ഉണര്‍വ്വു’ണ്ടായിക്കഴിഞ്ഞാല്‍ അത് പദാര്‍ത്ഥങ്ങളെ അറിയാനും ആശയങ്ങളെ ഉണ്ടാക്കാനും അങ്ങിനെ ദു:ഖങ്ങളെ സമാഹരിക്കാനും തുടങ്ങുന്നു. എന്നാല്‍ ഈ ബോധം സ്വരൂപത്തില്‍ പ്രശാന്തമായി ദീര്‍ഘനിദ്രയിലെന്നപോലെ വിശ്രാന്തിയടയുകയാണെങ്കില്‍ ഏറ്റവും അഭികാമ്യമായ പരമപദം പ്രാപിക്കുന്നു. 
അതിനാല്‍ പ്രാണന്റെ നിയന്ത്രണം വഴി, ധാരണകളെ ഉയരാന്‍ അനുവദിക്കാതെ  ഇനിയും ജനിച്ചിട്ടില്ലാത്ത ബോധത്തിന്‍റെ അഭൌമതലം നിനക്ക് സാക്ഷാത്ക്കരിക്കാം. അല്ലെങ്കില്‍ ബോധത്തിന്റെ സാന്ദ്രഭാവത്തെ ശല്യപ്പെടുത്താതിരുന്നാലും മതി. ഈ ബോധസാന്ദ്രതയില്‍ ഉണ്ടാവുന്ന അശാന്തിയാണ് മനസ്സിനെ ജനിപ്പിച്ച് വൈവിദ്ധ്യത അനുഭവവേദ്യമാക്കുന്നത്. ഈ മാനസീകവ്യാപാരങ്ങള്‍ കര്‍മ്മങ്ങളില്‍ ചെന്നെത്തിച്ചേരുന്നു. 

മനസ്സിനെ പ്രശാന്തമാക്കാനായി യോഗികള്‍ ഉചിതമായ അഭ്യാസക്രമത്തില്‍ പ്രാണായാമം, ധ്യാനം എന്നിവയില്‍ ഏര്‍പ്പെടുന്നു. മഹാന്മാരായ യോഗികള്‍ പലരും പ്രാണായാമമാണ് മനശാന്തിക്ക് ഏറ്റവും ഉചിതമെന്ന് കരുതുന്നു.

ഇനി ഞാന്‍ മറ്റൊരു മാര്‍ഗ്ഗം പറയാം. അത് ജ്ഞാനികള്‍ അവരുടെ നേരറിവിന്റെ, അനുഭവത്തിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയതാണ്. അവര്‍ പറയുന്നത് മനസ്സുണ്ടാവുന്നത് ഒരുവന്റെ ദൃഢഭാവനകൊണ്ടും ഭ്രമാത്മകസങ്കല്‍പ്പങ്ങള്‍ മൂലവുമാണെന്നാണ്

Mar 23, 2013

312 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 312


മനസ്താം മൂഢതാം വിദ്ധി യദാ നശ്യതി സാനഘ
ചിത്തനാശാഭിദാനം ഹി തദാ സത്വമുദേത്യലം  (5/90/16)

വസിഷ്ഠന്‍ തുടര്‍ന്നു: വീതഹവ്യന്റെ മനസ്സ്‌ ആത്മാന്വേഷണസാധനയാല്‍ അനാസക്തവും പരിപൂര്‍ണ്ണസ്വതന്ത്രവും ആയപ്പോള്‍ അദ്ദേഹത്തില്‍ സര്‍വ്വഭൂതസുഹൃദ്‌ഭാവം മുതലായ പവിത്രഗുണങ്ങള്‍ സ്വയമേവ അങ്കുരിക്കാന്‍ തുടങ്ങി.

രാമന്‍ ചോദിച്ചു: മനസ്സ്‌ ബ്രഹ്മത്തില്‍ വിലീനമായിക്കഴിഞ്ഞു എന്ന് പറഞ്ഞുവല്ലോ? അപ്പോള്‍പ്പിന്നെ ആര്‍ക്കാണ് ഈ സര്‍വ്വഭൂതസൌഹൃദവും മറ്റും ഉണ്ടായത്‌?

വസിഷ്ഠന്‍ പറഞ്ഞു. മനസ്സ്‌ ഇല്ലാതാവുന്നത് രണ്ടു തരത്തിലാണ്. ഒന്നില്‍ മനസ്സിന്റെ രൂപം നിലനില്‍ക്കും, മറ്റേതില്‍ മനസ്സിന്റെ രൂപം പോലും  ഇല്ലാതെയാവും. മഹര്‍ഷി ജീവനോടെയുള്ളപ്പോള്‍ മനസ്സിന്റെ രൂപം നിലനില്‍ക്കുന്നു. എന്നാല്‍ ദേഹം ഇല്ലാതാകുന്നതോടെ മനസ്സും നശിക്കുന്നു. മനസ്സിന്റെ നിലനില്‍പ്പ്‌ ദു:ഖത്തിനു കാരണമാകുമ്പോള്‍ മനസ്സിന്റെ നാശം ആനന്ദത്തെ വരവേല്‍ക്കുന്നു. മനസ്സ് ഉപാധികളാല്‍ ബാദ്ധമാകുന്നതാണ് ദു:ഖങ്ങള്‍ക്കു കാരണം. അത് ആവര്‍ത്തിച്ചുള്ള ജനനമരണങ്ങള്‍ക്ക് ബീജമാകുന്നു. അത്തരം മനസ്സ് അസന്തുഷ്ടിയെ പ്രദാനം ചെയ്യുന്നു.

‘എന്റെ’ എന്ന ബോധം അങ്കുരിക്കുന്ന വസ്തുവാണ് ആദിരഹിതമായ ജീവന്‍. ആത്മജ്ഞാനം സിദ്ധിച്ചിട്ടില്ലാത്ത മനസ്സില്‍ ഇതുദയം ചെയ്യുന്നതാണ് ദു:ഖത്തിനു കാരണം. മനസ്സുള്ളിടത്തോളം ദു:ഖമൊടുങ്ങുകയില്ല. മനസ്സൊടുങ്ങുമ്പോള്‍ പ്രത്യക്ഷലോകമെന്ന പ്രകടനവും ഒടുങ്ങുന്നു. മനസ്സാണ് ദു:ഖത്തിനു ബീജം.

മനസ്സെങ്ങിനെ ഒടുങ്ങുന്നു എന്നിനി ഞാന്‍ പറഞ്ഞു തരാം. സുഖാനുഭവങ്ങളോ ദുഖാനുഭവങ്ങളോ ഒരുവന്റെ സമതാഭാവത്തെ ബാധിക്കുന്നില്ലെങ്കില്‍ അയാളുടെ മനസ്സ് ഒടുങ്ങി എന്നറിയുക. ബോധത്തെ പരിമിതപ്പെടുത്തുന്ന ചിന്തകളായ ‘ഞാനിതാണ്’, ‘ഞാനിതല്ല’, എന്ന് തുടങ്ങിയ ധാരണകള്‍ ആരില്‍ ഉദിക്കുന്നില്ലയോ അവന്റെ മനസ്സ്‌ മരിച്ചിരിക്കുന്നു. ആരുടെ ഉള്ളിലാണോ ദുരിതങ്ങള്‍ , പട്ടിണി, സന്തോഷം, അഭിമാനം, മന്ദത, ഉത്തേജനം തുടങ്ങിയ ധാരണകള്‍ ഉദിച്ചുയരാത്തത് അയാളുടെ മനസ്സ് മരിച്ചുകഴിഞ്ഞു. അയാള്‍ ജീവിച്ചിരിക്കെ മുക്തിപദം പ്രാപിച്ചവനാണ്.

“മനസ്സിന്റെ സ്വഭാവംതന്നെ മൂഢതയാണ്. അതിനാല്‍ മനസ്സ് മരിക്കുമ്പോള്‍ പവിത്രഗുണങ്ങള്‍ മറനീക്കി പുറത്തുവരുന്നു.” ചില ജ്ഞാനികളുടെ അഭിപ്രായത്തില്‍ “നിര്‍മലമനസ്സ്‌’ എന്നത് മനസ്സ് നിലച്ച, മുക്തിപദപ്രാപ്തിയിലെത്തിയ മുനിയുടെ അവസ്ഥയാണ്. അത് പവിത്രമായൊരു ബോധതലമാണ്. അങ്ങിനെയുളള മുനിയുടെ മനസ്സില്‍ സര്‍വഭൂതസൗഹൃദം മുതലായ പവിത്രഗുണങ്ങള്‍ വിളയാടുക തന്നെ ചെയ്യും.  

ജീവന്മുക്തനിലെ ഈദൃശഗുണങ്ങള്‍ക്ക് സത്വഗുണം, നിര്‍മലത എന്നൊക്കെയാണ് പേര്. ഇത് മനസ്സ് മരിച്ച അവസ്ഥയാണെങ്കിലും മനസ്സെന്ന രൂപം അപ്പോഴും നിലനില്‍ക്കുന്നുണ്ട്. ദേഹം ഉപേക്ഷിച്ച മുനിയില്‍ മനസ്സെന്ന രൂപം പോലും ബാക്കിയില്ല. അവിടെ മനസ്സിന്റെ സൂചനപോലും അവശേഷിക്കുന്നില്ല. ഈ അവസ്ഥയെ വസ്തുനിഷ്ഠമായി വിശദീകരിക്കാനാവില്ല. കാരണം യാതൊരുഗുണഗണങ്ങളും അവശേഷിപ്പിക്കാത്ത ഒരു തലത്തില്‍ ഗുണങ്ങളുടെ സാന്നിധ്യമോ അസാന്നിധ്യമോ എങ്ങിനെ പറയാനാവും? അവിടെ ഇരുട്ടും വെളിച്ചവുമില്ല. ധാരണകളില്ല. ഉപാധികളില്ല. അസ്തിത്വമോ അനസ്തിത്വമോ അവിടെയില്ല. അതാണ്‌ പരമമായ സമത. സമ്യക്ഭാവത്തിന്റെ പരകോടി. പരമപ്രശാന്തി. മനോബുദ്ധികളുടെ സീമകള്‍ക്കപ്പുറം താണ്ടിയവര്‍ ഈ പ്രശാന്തിയെ പ്രാപിക്കുന്നു. 

Mar 22, 2013

311 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 311


അവിദ്യാമാപി യേ യുക്ത്യാ സാധയന്തി സുഖാത്മികം
തേ ഹ്യവിധ്യാമയാ ഏവ നത്വാത്മജ്ഞാസ്തധാക്രമാ: (5/89/15)

രാമന്‍ ചോദിച്ചു: ഭഗവാനേ, ഇത്തരം ജീവന്മുക്തരായ മഹര്‍ഷിമാര്‍ ആകാശഗമനം ചെയ്യുന്നത് നാമിപ്പോള്‍ കാണാത്തതെന്തുകൊണ്ടാണ്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ആകാശഗമനം മുതലായ സിദ്ധികള്‍ ചില ജീവികള്‍ക്ക് നൈസര്‍ഗ്ഗികമായി ഉണ്ടാവുന്ന കഴിവാണ്. എന്നാല്‍ ഇങ്ങിനെയുള്ള അസാധാരണമായ കഴിവുകള്‍ മറ്റു ചിലര്‍ക്കുമുണ്ടാവും. അവര്‍ എല്ലാവരും ആത്മജ്ഞാനം ആര്‍ജ്ജിച്ച മാമുനിമാരല്ല. സിദ്ധികള്‍ സ്വായത്തമാക്കിയവര്‍ പൊതുവേ ആത്മജ്ഞാനം പ്രാപിച്ചിട്ടില്ലാത്തവരാണ്. അവര്‍ മുക്തരുമല്ല. അവര്‍ ചില പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിയതമായ സാധനാമാര്‍ഗ്ഗങ്ങളിലൂടെയാണ് ഈ കഴിവുകള്‍ നേടുന്നത്. എന്നാല്‍ ആത്മജ്ഞാനിക്ക് ഇതിലൊന്നും താല്‍പര്യമില്ല. കാരണം അയാള്‍ സ്വയം പൂര്‍ണ്ണതയെ പ്രാപിച്ചവനാണ്. സ്വയം സംപ്രീതനുമാണ്. സിദ്ധികളുടെ പ്രലോഭനങ്ങൾക്ക്  അയാളെ വശീകരിക്കുവാൻ കഴിയില്ല. 

“അജ്ഞാനത്തിന്റെ വരുതിയില്‍പ്പെട്ട് സുഖാനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനായി ചിലര്‍ ഇത്തരം സിദ്ധികള്‍ വശത്താക്കുന്നു. ആത്മജ്ഞാനി ചരിക്കുന്നത് ഈ പാതയിലല്ല.” സത്യസാക്ഷാത്കാരം പ്രാപിച്ചയാളാണെങ്കിലും അല്ലെങ്കിലും ചില സാധനകള്‍ കൃത്യമായി അനുഷ്ടിക്കുന്ന ആര്‍ക്കും ആകാശഗമനം പോലുള്ള സിദ്ധികള്‍ വശമാക്കാം. എന്നാല്‍ ആത്മജ്ഞാനിയായ ഋഷിക്ക് ഈ നേട്ടങ്ങളില്‍ താല്‍പര്യമില്ല. ഇത്തരം കാര്യങ്ങള്‍ അഭ്യാസംകൊണ്ട് ആര്‍ക്കും നേടാവുന്നതേയുള്ളു. അതാണവയുടെ സ്വഭാവം.

വിഷം എല്ലാവരെയും കൊല്ലുന്നു. വീഞ്ഞ് എല്ലാവരെയും മദോന്മത്തരാക്കുന്നു. ഉചിതമായ അഭ്യാസങ്ങള്‍ പറക്കാനുള്ള കഴിവും മറ്റും നല്‍കുന്നു. അത്രയേയുള്ളു. ആത്മജ്ഞാനിക്ക് ഇതിലൊന്നും ആശയില്ല. സിദ്ധികള്‍ നേടുന്നത് ആശകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. എന്നാല്‍ ഋഷിയില്‍ ആശകള്‍ എല്ലാം അസ്തമിച്ചിരിക്കുന്നുവല്ലോ. ആത്മജ്ഞാനമാണ് ഏറ്റവും വലിയ നേട്ടം. അപ്പോള്‍ ജ്ഞാനസാക്ഷാത്കാരം പ്രാപിച്ചയാള്‍ മറ്റെന്തെങ്കിലും ആശകള്‍ വെച്ചുപുലര്‍ത്തുന്നതെന്തിനാണ്?

വീതഹവ്യന്റെ കാര്യത്തില്‍ അദ്ദേഹം യാതൊരുവിധ ആശകളും ബാക്കി വെച്ചിട്ടുണ്ടായിരുന്നില്ല. ചോദിക്കാതെയാണ് സിദ്ധികള്‍ അദ്ദേഹത്തെ തേടിയെത്തിയത്‌...

രാമന്‍ ചോദിച്ചു: ഗുഹയിലെ സ്ഥിരവാസക്കാരായ കൃമികീടങ്ങള്‍ എന്തുകൊണ്ടാണ് സമാധിസ്ഥനായിരുന്ന വീതഹവ്യന്റെ ചലനരഹിതമായ ശരീരം തിന്നു നശിപ്പിക്കാതിരുന്നത്? എന്തുകൊണ്ടാണ് വീതഹവ്യനു വിദേഹമുക്തി ആദ്യമേതന്നെ  ലഭിക്കാതിരുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: അജ്ഞാനിയുടെ ദേഹം അയാളുടെ മാനസീകോപാധികളനുസരിച്ചു പുഷ്ടിപ്രാപിച്ചും അപചയിച്ചും ക്ഷയിച്ചും ഇരിക്കും. എന്നാല്‍ മാനസീകോപാധികള്‍ ഇല്ലാത്തവരില്‍ ചലനം ഇല്ല. ചാലകശക്തിയില്ലാത്തതിനാല്‍ ദേഹത്തിനു യാതൊരുവിധ അപചയവും ഇല്ല.

ജീവജാലങ്ങളുടെ മനസ്സ് അത് സമ്പര്‍ക്കപ്പെടുന്ന വസ്തുക്കളുടെ സ്വഭാവങ്ങളുമായി സംവദിക്കുമല്ലോ. അക്രമസ്വഭാവമുള്ള ഒരു ജീവി അതീവ സൌമ്യനും സമത്വഭാവനയില്‍ അഭിരമിക്കുന്നവനുമായ ഒരുവനുമായി ബന്ധപ്പെടുമ്പോള്‍ താല്‍ക്കാലികമായി ആ ജീവിയും സൌമ്യത മുതലായ ഗുണങ്ങള്‍ ആര്‍ജ്ജിക്കും. അതുപോലെ വീതഹവ്യന്റെ ദേഹം ജീര്‍ണ്ണിക്കാതെയും  കൃമികീടശല്യങ്ങളില്ലാതെയും ഏറെക്കാലം നിലനിന്നു.  ഇത്, ഭൂമി, മരം, തുടങ്ങിയ എല്ലാ പദാര്‍ത്ഥവസ്തുക്കള്‍ക്കും ബാധകമാണ്. കാരണം ബോധം സര്‍വ്വവ്യാപിയാണല്ലോ. വീതഹവ്യന്റെ ബോധത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാതിരുന്നതിനാല്‍ ദേഹത്തിനും മാറ്റങ്ങള്‍ ഉണ്ടായില്ല. ദേഹത്തിലെ പ്രാണന്റെ സഞ്ചാരം നിലച്ചിരുന്നതിനാല്‍ ജീര്‍ണ്ണതയും അതിനെ ബാധിച്ചില്ല. 

ഋഷിക്ക് തന്റെ ദേഹം നിലനിര്‍ത്താനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടദ്ദേഹം കുറേക്കാലം ദേഹത്തെ ഉപേക്ഷിക്കാതെ വച്ചു. എന്നാല്‍ പിന്നീട് തികച്ചും ആകസ്മികമായി ദേഹത്തെ ഉപേക്ഷിക്കാന്‍ ഇടയാവുകയും ചെയ്തു. അതദ്ദേഹത്തിന്റെ കര്‍മ്മവുമായി ബന്ധപ്പെടുത്താം എന്ന് നമുക്ക് തോന്നും. എന്നാല്‍ അദ്ദേഹം കര്‍മ്മങ്ങള്‍ക്ക് അതീതനായിരുന്നു. വിധിക്കും നിയതിക്കുമൊന്നും അദ്ദേഹത്തെ  സ്വാധീനിക്കാന്‍ കഴിയില്ല. ഇതും ‘കാകതാലീയ’മായ (കാക്ക വന്നിരുന്നപ്പോള്‍ പനമ്പഴം വീണു എന്ന് പറയുന്നതുപോലെ) ഒരാകസ്മികത മാത്രം.

Mar 21, 2013

310 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 310


അചിന്മയം ചിന്മയം കാ നേതി നേതി യദുച്യതേ
തതസ്തത്സംബഭൂവാസൌ യദ്ഗിരാമപ്യഗോചര:  (5/87/16)

വസിഷ്ഠന്‍ തുടര്‍ന്നു: ആസക്തികളൊടുങ്ങിയ മനസ്സോടെ അദ്വൈതമായ ആ അവബോധതലത്തില്‍ സ്വയം ദൃഢമായുറച്ച് വീതഹവ്യമഹര്‍ഷി ഓംകാരമന്ത്രം ജപിച്ചു. ഓംകാരത്തിന്റെ അഭൌമമായ പ്രാധാന്യത്തെപ്പറ്റി ധ്യാനിച്ചുകൊണ്ട് ബാഹ്യമായ കാഴ്ചയും ആന്തരസത്തയായ ഉണ്മയും തമ്മില്‍ ഉണ്ടാകാവുന്ന ചിന്താക്കുഴപ്പത്തെപ്പറ്റി അദ്ദേഹം മനനം ചെയ്തു. എല്ലാ ധാരണകളെയും ആശയസങ്കേതങ്ങളെയും ഉപേക്ഷിച്ച് അദേഹം മൂന്നു ലോകങ്ങളെയും സംത്യജിച്ചു. കുശവന്റെ പണിച്ചക്രം ചുറ്റിത്തിരിഞ്ഞു തിരിഞ്ഞ് അവസാനം കൂടുതല്‍ ചാലകശക്തി എങ്ങുനിന്നും വരാനില്ലാത്തതിനാല്‍ ക്രമാനുഗതമായി ചലനരഹിതമാവുന്നതുപോലെ അദ്ദേഹം പരമശാന്തിയെ പ്രാപിച്ചു. 

കാറ്റ് ഗന്ധത്തെ നീക്കംചെയ്യുന്നതുപോലെ ഓംകാരജപത്തോടെ അദ്ദേഹത്തിലെ ഇന്ദ്രിയങ്ങളും അവയുടെ വലയത്തിലുള്ള വസ്തുക്കളും പൂര്‍ണ്ണമായും ഇല്ലാതായി. അതുകഴിഞ്ഞപ്പോള്‍ അദ്ദേഹം അജ്ഞാനത്തിന്റെ ഇരുട്ടിനെ തുളച്ചു പുറത്തുകടന്നു. ആന്തരീകമായി പെട്ടെന്ന്‌ കാണായ ജാജ്വല്യമാനമായ ഒരു മിന്നല്‍പിണരിനെ ഒരു നിമിഷം വീക്ഷിച്ചശേഷം അതിനെയും അദ്ദേഹം ഉപേക്ഷിച്ചു. അദ്ദേഹം ഇരുട്ടിനും വെളിച്ചത്തിനും അതീതനായി. അവിടെ ഒരു ചിന്താശകലത്തിന്റെ നിഴല്‍ മാത്രം അവശേഷിച്ചിരുന്നു. അതും കണ്ണുചിമ്മുന്ന വേഗതയില്‍ അദ്ദേഹം അറുത്തുമാറ്റി.   

ഇപ്പോള്‍ മുനി നിത്യശുദ്ധമായ പരമാവബോധത്തിന്റെ തലത്തിലാണുള്ളത്. ഉപാധികളില്ലാത്ത, സീമാതീതമായ അവബോധം മാത്രമാണപ്പോൾ. ഇപ്പോള്‍പ്പിറന്നുവീണ കുഞ്ഞിന്റെ ബോധതലമെന്നപോലെ പവിത്രമായിരുന്നു അത്. എല്ലാ വസ്തുബോധവും ബോധത്തിന്റെ നേരിയ ചലനസാദ്ധ്യതപോലും ഉപേക്ഷിച്ച അദ്ദേഹം ‘പശ്യന്തി’ എന്ന അവസ്ഥയിലെത്തി, ദീര്‍ഘസുഷുപ്തിയിലെ ബോധതലം പ്രാപിച്ചു. അവിടെനിന്നും വീണ്ടും അദ്ദേഹം അതീന്ദ്രിയമായ ‘തുരീയ’ത്തില്‍ എത്തി. ഈ അവസ്ഥയ്ക്ക് നിര്‍വചനങ്ങളില്ല. അത് സത്താണെന്നും അസത്താണെന്നും അവയൊന്നുമല്ലെന്നും; ഇരുട്ടാണെന്നും വെളിച്ചമാണെന്നും, അത് രണ്ടുമല്ലെന്നും പറയാം. പറയാതെയുമിരിക്കാം. 

“അത് മുഴുവന്‍ ബോധവസ്തുവില്ലാത്ത അവബോധം മാത്രമാണ്. നേതി, നേതി (ഇതല്ല, ഇതല്ല) എന്ന മട്ടില്‍ മാത്രമേ അതിനെ സൂചിപ്പിക്കാനാവൂ. അദ്ദേഹം എല്ലാ വിവരണങ്ങള്‍ക്കും അതീതനായിത്തീര്‍ന്നു.” ഇതാണ് നിശ്ശൂന്യമായ  ബ്രഹ്മാവസ്ഥ; അവബോധം; ആത്മാവ്, അനാത്മാവ്, സാംഖ്യയോഗികള്‍ പറയുന്ന പുരുഷന്‍; യോഗികള്‍ വിവക്ഷിക്കുന്ന ഈശ്വരന്‍; ശിവന്‍, കാലം എന്നിങ്ങിനെയെല്ലാം വിവിധരീതിയില്‍ മഹാത്മാക്കള്‍ പറയാന്‍ ശ്രമിക്കുന്ന ഉണ്മ. സത്യദര്‍ശികളായ എല്ലാ മഹാത്മാക്കളും വൈവിദ്ധ്യമാര്‍ന്ന ആത്മീയ ചിന്താസരണികളും സൂചിപ്പിക്കുന്ന, എല്ലാത്തിന്റെയും എല്ലാമെല്ലാമായ ആ അനന്തമായ അവബോധത്തില്‍ ഋഷി അഭിരമിച്ചു. ഇങ്ങിനെ സത്തയുമായി എകാത്മതയെ പ്രാപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദേഹം വിഘടിച്ച് പഞ്ചഭൂതഘടകങ്ങളിലേയ്ക്ക് തിരിച്ചുപോയി വിലയിച്ചു.
 
ഇതാണ് രാമാ വീതഹവ്യമുനിയുടെ കഥ. അതെക്കുറിച്ച് മനനം ചെയ്താലും. ഞാനിപ്പോള്‍ നിന്നോടു പറഞ്ഞതും ഇനി പറയാന്‍ പോകുന്നതുമെല്ലാം എന്റെ ധ്യാനസപര്യയുടെയും നേരറിവിന്റെയും പിന്‍ബലത്തോടെയുളളതാണെന്നറിയുക. ഇതേക്കുറിച്ച് ധ്യാനിച്ച്‌ ജ്ഞാനിയാവൂ, കാരണം മുക്തിയെന്നത് ആത്മജ്ഞാനത്താല്‍ മാത്രം ലഭ്യമായതാണ്. ആ വിവേകവിജ്ഞാനത്തിനാല്‍ മാത്രമേ ഒരുവന് ദു:ഖത്തിന്റെ മറുകര കാണുവാന്‍ കഴിയൂ; അജ്ഞാനം നശിപ്പിച്ചു പൂര്‍ണ്ണതയെ പുല്‍കാന്‍ കഴിയൂ. വീതഹവ്യന്‍ എന്ന് നാം വിവരിച്ച ആള്‍ നമ്മുടെ മനസ്സിന്റെ ഒരു ധാരണ മാത്രം, നീയും ഞാനും അങ്ങിനെതന്നെയാണ്. മനസ്സിന്റെ ധാരണകള്‍.  ഇന്ദ്രിയങ്ങളും ഇക്കാണുന്ന ലോകവുമെല്ലാം മനസ്സല്ലാതെ മറ്റൊന്നുമല്ല. രാമാ, അവ മറ്റൊന്നും ആവുക സാദ്ധ്യമല്ലതന്നെ.

Mar 20, 2013

309 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 309


മിത്രകായ മായാ യത്വം ത്യജ്യസേ ചിരബാന്ധവ:
ത്വയൈവാത്മന്യുപാനീതാ സാത്മജ്ഞാനവശാത്‌ക്ഷതി: (5/86/36)

വസിഷ്ഠന്‍ തുടര്‍ന്നു: ഒരിക്കല്‍ വീതഹവ്യനു തന്റെ ദേഹം ഉപേക്ഷിക്കാനും ഇനിയൊരിക്കലും ജനനം ഉണ്ടാകാതിരിക്കാനും ആഗ്രഹം തോന്നി. സഹ്യപര്‍വ്വതത്തിലുള്ള ഒരു ഗുഹയില്‍ പത്മാസനസ്ഥനായിരുന്ന് അദ്ദേഹമിങ്ങിനെ മനനം ചെയ്തു: ആകര്‍ഷണങ്ങളേ, നിങ്ങളുടെ ആകര്‍ഷണസ്വഭാവം നിര്‍ത്തിയാലും. വെറുപ്പുകളേ. നിങ്ങള്‍ വെറുക്കല്‍ എല്ലാം അവസാനിപ്പിക്കൂ. നിങ്ങള്‍ ഏറെക്കാലം എന്നെ കളിപ്പിച്ചുവല്ലോ. ഇനി നിങ്ങൾക്കതിനാവില്ല. 

സുഖങ്ങളേ, നിങ്ങള്‍ക്ക് നമോവാകം. ഇത്രയും കാലം നിങ്ങള്‍ ‘എന്നെ’ ‘സംരക്ഷിച്ചു’. ആത്മാവിനെ മറക്കാന്‍പോലും നിങ്ങളാണ് കാരണക്കാരന്‍ദു:ഖങ്ങളേ, നിങ്ങള്‍ക്കു നമസ്കാരം. എന്റെ ആത്മാന്വേഷണത്തിനു നീയാണ് വഴിമരുന്നിട്ടത്. നിന്റെ കൃപയാലാണ് എനിക്ക് ആത്മജ്ഞാനം പ്രാപിക്കാനായത്‌.. നീയാണ് പ്രകാശവും വഴികാട്ടിയും.

ശരീരമേ, സുഹൃത്തേ, ആത്മജ്ഞാനത്തിന്റെ ശാശ്വത സവിധമണയാന്‍ എന്നെ അനുവദിക്കൂ. അതാണ്‌ പ്രകൃതി നിയമം. എല്ലാവരും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ ഈ ദേഹം ഉപേക്ഷിക്കുക തന്നെ വേണം. “ദേഹമേ, നീയുമായി ഈ ബന്ധത്തിലായിട്ട് ഏറെക്കാലമായി; ഞാനിതാ നിന്നെയിപ്പോള്‍ ഉപേക്ഷിക്കുന്നു. എത്ര വിസ്മയകരമെന്നു നോക്കൂ. ഈ വേര്‍പിരിയലിന് കാരണമായ ആത്മസാക്ഷാത്കാരത്തിന്റെ പാതയിലേക്ക് നീയാണ് എന്നെ നയിച്ചത്.” എനിക്ക് ആത്മജ്ഞാനമുദിക്കാനായി നീ സ്വയം നശിച്ചു.!   

ആസക്തികളേ, എനിക്ക് വിട തരൂ. നിങ്ങൾ ഇനി ഒറ്റയ്ക്കാണ്. കാരണം എന്നില്‍ പരമശാന്തി ഉണര്‍ന്നിരിക്കുന്നു. അല്ലയോ കാമമേ, നിന്നെ അകറ്റാനായി നിന്റെ ശത്രുവായ അനാസക്തിയുമായി ഞാന്‍ സൗഹൃദത്തിലായി. എന്നോടു ക്ഷമിക്കുമല്ലോ. ഞാന്‍ സ്വാതന്ത്ര്യത്തിലേയ്ക്ക് നീങ്ങുകയാണ്. അനുഗൃഹിച്ചാലും.

അല്ലയോ പുണ്യമേ, നിനക്ക് നമോവാകം. നീയാണെന്നെ നരകത്തില്‍ നിന്നും രക്ഷിച്ചു സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിച്ചത്. പാപമേ, ശിക്ഷകള്‍ക്കും വേദനകള്‍ക്കും കാരണമായ നിനക്കും നമസ്കാരം. ഇപ്പോഴും എനിക്ക് കൃത്യമായി ദൃശ്യമല്ലാത്ത ഭ്രമങ്ങളേ, നിങ്ങള്‍ക്കും നന്ദി.

ധ്യാനസമാധികള്‍ക്ക് ഒത്താശ ചെയ്യുന്ന ഈ ഗുഹയ്ക്കും എന്റെ കൂപ്പുകൈ. ഇഹലോകവാഴ്‌വിന്റെ വേദനകളില്‍ നീയാണെനിക്ക് സുരക്ഷിതമായ ഒരിടം തന്നത്. പാമ്പ് മുതലായ ജീവികളില്‍ നിന്നുമെന്നെ കാത്തുസൂക്ഷിച്ചും കുണ്ടുകുഴികളില്‍ ചാടാതെ കാത്തും സഹായിച്ച ദണ്ഡിനും എന്റെ നമസ്കാരം. 

ശരീരമേ, നിന്നെ സംയോജിപ്പിച്ചുണ്ടാക്കിയ പഞ്ചഭൂതങ്ങളിലേയ്ക്ക് തിരിച്ചുപോയി ലയിച്ചാലും. സ്നാനാദി അനുഷ്ഠാനങ്ങള്‍ക്ക് നമസ്കാരം. ലോകത്തിലെ എല്ലാ പരിശ്രമങ്ങള്‍ക്കും നമസ്കാരം. എന്റെ കൂടെപ്പിറന്ന പ്രാണനു നമസ്കാരം. ഞാന്‍ എന്തൊക്കെ ചെയ്തുവോ അതെല്ലാം നിന്റെ ചൈതന്യത്താലാണ് സാധ്യമായത്. ദയവായി നിന്റെ ഉറവിടത്തിലേയ്ക്ക് തിരിച്ചുപോയാലും. ഞാനിതാ പരബ്രഹ്മത്തിലേയ്ക്ക്, അനന്താവബോധത്തിലേയ്ക്ക്, വിലയിക്കാന്‍ പോകുന്നു. ഈ ലോകത്ത് ഒത്തുചേര്‍ന്നുണ്ടായ വസ്തുക്കളെല്ലാം അതാതിന്റെ ഘടകങ്ങളിലേയ്ക്ക് തിരിച്ചു പോവുകതന്നെ വേണം. അതാണ്‌ പ്രകൃതിനിയമം.

ഇന്ദ്രിയങ്ങളേ, നിങ്ങളുടെ മൂലഘടകങ്ങളിലേയ്ക്ക് മടങ്ങിയാലും. ഞാനിനി ആത്മാവിന്റെ പ്രഭാവത്താല്‍, ആത്മാവില്‍ത്തന്നെ ഓംകാരനാദത്തോടെ അലിഞ്ഞു ചേരാന്‍ പോവുന്നു. എണ്ണയില്ലാതെ കത്തുന്ന ദീപനാളമെന്നപോലെയാണത്. 

ഞാന്‍ ലോകത്തിന്റെ എല്ലാ കര്‍മ്മബന്ധങ്ങളില്‍ നിന്നും സ്വതന്ത്രനാണ്. ധാരണകള്‍ക്കും അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും അതീതനാണ് ഞാന്‍.. ഓംകാരത്തിന്റെ അനുരണനം സൂചിപ്പിക്കുന്ന പരമപ്രശാന്തിയാല്‍ ഇപ്പോൾ എന്റെ ഹൃദയം മുഖരിതമാണ്. എല്ലാ ഭ്രമങ്ങളും തെറ്റിദ്ധാരണകളും എന്നില്‍  ഇല്ലാതായിരിക്കുന്നു.   

Mar 19, 2013

308 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 308


വിസ്മൃതിര്‍വിസ്മൃതാ ദൂരം സ്മൃതി: സ്ഫുടമനുസ്മൃതാ
സത്സജ്ജാതമസച്ചാസത്ക്ഷതം ക്ഷീണം സ്ഥിതം സ്ഥിതം  (5/86/22)

വസിഷ്ഠന്‍ തുടര്‍ന്നു: സായാഹ്നസമയങ്ങളില്‍ തീവ്രധ്യാനത്തിനായി അദ്ദേഹം തനിക്ക് ചിരപരിചിതമായ വനത്തിനുള്ളിലേയ്ക്ക് കയറി. അദ്ദേഹം ആലോചിച്ചു: ഇന്ദ്രിയങ്ങളുടെ കാപട്യം എന്തെന്ന് ഞാന്‍ അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനിയും അതെപ്പറ്റി മനനം ചെയ്യുന്നത് വിരോധാഭാസമാണ്. ‘ഇത് അതാണ്‌, ഇത് അതല്ലാ’, തുടങ്ങിയ എല്ലാവിധ മിഥ്യാസങ്കല്‍പ്പങ്ങളും ഉപേക്ഷിച്ച്, പത്മാസനത്തില്‍ വീണ്ടും ഇരുന്ന്‌ ധ്യാനിക്കെ ‘ഞാന്‍ പരിപൂര്‍ണ്ണസംതുലിതാവസ്ഥയെ പ്രാപിച്ച ബോധസ്വരൂപമാണ്; ഞാന്‍ ഉണര്‍ന്നിരിക്കുന്നു; ദീര്‍ഘസുഷുപ്തിയിലെന്നപോലെ പ്രശാന്തനാണ് ഞാന്‍; ഈ ശരീരം ഇല്ലാതാവുന്നതുവരെ അതീന്ദ്രിയമായ അവബോധത്തില്‍ ഞാനുറച്ചവനാണ്', എന്നിങ്ങിനെയുള്ള സുദൃഢമായ ബോധം അദ്ദേഹത്തില്‍ തെളിവോടെ ഉദിച്ചുണര്‍ന്നു.
    
ഈവിധമായ ആത്മദൃഢതയോടെ മുനി ആറുദിവസം ധ്യാനിച്ചു. ആ സമയമത്രയും  ക്ഷണത്തില്‍ കടന്നുപോയി. അതിനുശേഷം അദ്ദേഹം പ്രബുദ്ധനായ ഒരു മഹര്‍ഷിയായി, ജീവന്‍മുക്തനായി ഏറെക്കാലം ജീവിച്ചു. സന്തോഷസന്താപങ്ങള്‍ക്കതീതനായിരുന്നു അദ്ദേഹം. ഇടയ്ക്ക് മനസ്സിനെ അദ്ദേഹമിങ്ങിനെ അഭിസംബോധന ചെയ്തു: 'മനസ്സേ നീയെത്ര ധന്യം! നിനക്ക് സമതുലിതാവസ്ഥയാണല്ലോ ഇപ്പൊഴുള്ളത്. അതിനു മാറ്റങ്ങള്‍ ഒന്നും വേണ്ട. അങ്ങിനെത്തന്നെ തുടര്‍ന്നാലും'.

അദ്ദേഹം തന്റെ ഇന്ദ്രിയങ്ങളെ ഇങ്ങിനെ ശാസിച്ചു സംബോധനചെയ്തു: 'ആത്മാവ് നിങ്ങളുടേതല്ല. നിങ്ങള്‍ ആത്മാവിന്റെതുമല്ല. നിങ്ങള്‍ ഇല്ലാതെപോകട്ടെ.! നിങ്ങളുടെ ആര്‍ത്തിത്വരകള്‍ എല്ലാം തീര്‍ന്നില്ലേ? നിങ്ങള്‍ക്കിനി എന്നെ ഭരിക്കാന്‍ ആവില്ല. ആത്മാവിനെക്കുറിച്ചുള്ള അജ്ഞാനത്താല്‍ മാത്രമാണ് നീയെന്നൊരു വസ്തു ഉണ്ടായതായി തോന്നിയത്‌. . കയറിനെപ്പറ്റി അറിയാതിരിക്കുന്നതിനാലാണ് പാമ്പ്‌ എന്ന അവിദ്യ നിലനില്‍ക്കാനിടയാവുന്നത്. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇല്ലാതാവുന്ന അന്ധകാരം മാത്രമാണീ അവിദ്യ.

ഇന്ദ്രിയങ്ങളേ, നിങ്ങള്‍ ആത്മാവില്‍ നിന്നും വിഭിന്നമാണ്. കര്‍ത്താവും ഭോക്താവും എല്ലാം നിങ്ങളില്‍ നിന്നും വിഭിന്നമാണ്. അനന്താവബോധമോ അവയില്‍ നിന്നെല്ലാം വ്യതിരിക്തം. അപ്പോള്‍പ്പിന്നെ ഈ തെറ്റിദ്ധാരണ എങ്ങിനെ സംജാതമായി? ഇതിങ്ങിനെയാണ്: കാട്ടില്‍ മരം വളരുന്നു. നാരുകള്‍ കൂട്ടിപ്പിരിച്ചു കയറുണ്ടാക്കുന്നു. കൊല്ലന്‍ മഴുവുണ്ടാക്കുന്നു. മഴുകൊണ്ട് വെട്ടിവീഴ്ത്തി മുറിച്ച മരം, കയറുകൊണ്ട് കെട്ടിമുറുക്കി, നാട്ടിലെത്തിച്ച് ആശാരി ഒരു വീടുണ്ടാക്കുന്നു. വീടുണ്ടാക്കുക എന്നതല്ല അയാളുടെ ലക്ഷ്യം. അതയാളുടെ ജീവിതമാര്‍ഗ്ഗമാണ് എന്ന് മാത്രം.

അതുപോലെ ഈ ലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഒന്നില്‍നിന്ന് മറ്റൊന്ന് സ്വതന്ത്രമായി, ആകസ്മികമായി സംഭവിക്കുന്നതാണ്. കാക്കയും പനമ്പഴവും പോലെ- കാക്ക തെങ്ങോലയില്‍ വന്നിരിക്കുമ്പോഴേക്കും താഴെ വീഴുന്ന തേങ്ങ എന്നപോലെ പരസ്പരബന്ധമില്ലാത്ത സംഭവങ്ങള്‍ക്ക് ആരെയാണ് ഉത്തരവാദിയാക്കുക? “എന്നാല്‍ സത്യമറിയുമ്പോള്‍ ജ്ഞാനം കൂടുതല്‍ തെളിമയാര്‍ന്നു നിലകൊള്ളും. ഉണ്മ ഉണ്മയായും, അസത്ത് അസത്തായും, നശിപ്പിക്കപ്പെട്ടവ അങ്ങിനെ തന്നെയും, ബാക്കി വന്നവ അപ്രകാരവും തെളിഞ്ഞുവരും.” 

ഇങ്ങിനെ മനനം ചെയ്തും ആത്മജ്ഞാനത്തില്‍ അഭിരമിച്ചും മഹര്‍ഷി ഏറെക്കാലം ജീവിച്ചു. അജ്ഞാനവും തെറ്റിദ്ധാരണകളും ഇങ്ങിനി വരാത്തവണ്ണം  ഒടുങ്ങിയിരുന്നതിനാല്‍ അദ്ദേഹത്തിന് വീണ്ടും ജനിമൃതിചക്രത്തിലേയ്ക്ക് മടങ്ങേണ്ടതായി വരില്ല. ഇന്ദ്രിയവസ്തുക്കളുമായി സമ്പര്‍ക്കപ്പെടേണ്ടതായി വരുമ്പോഴെല്ലാം അദ്ദേഹം പ്രശാന്തമായ ധ്യാനാവസ്ഥയില്‍ ഇരുന്ന് ആത്മാനന്ദം അനുഭവിച്ചു. അനിഛാപൂര്‍വ്വം തന്നെത്തേടിവന്ന അനുഭവങ്ങളെ    അദ്ദേഹത്തിന്‍റെ ഹൃദയം ആകര്‍ഷണവികര്‍ഷണങ്ങളാല്‍ ചഞ്ചലപ്പെടാതെ നിര്‍മമനായി സ്വീകരിച്ചു.

Mar 18, 2013

307 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 307


ഉപാദേയോ ഹി ദേവസ്യ ന മേ ത്യാഗോ ന സംശ്രയ:
യാദൃശോ ദേഹസംത്യാഗസ്താദൃശോ ദേഹസംശ്രയ: (5/85/12)

രാമന്‍ ചോദിച്ചു: ഭഗവന്‍, വീതഹവ്യമുനി ആ ഗുഹയില്‍വെച്ച് തന്റെ ദേഹം വീണ്ടെടുത്തതെങ്ങിനെയാണ്?

വസിഷ്ഠന്‍ പറഞ്ഞു: മഹര്‍ഷി അനന്താവബോധസാക്ഷാത്കാരം പ്രാപിച്ചിരുന്നുവല്ലോ. വീതഹവ്യന്‍ എന്ന ‘മനസ്സ്‌’ ബോധത്തില്‍ നടത്തുന്ന ഒരു മായാവിദ്യ മാത്രമാണിതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഒരിക്കല്‍ താൻ പരമശിവന്റെ ഭൂതഗണങ്ങളില്‍ ഒരാളായിരുന്നപ്പോള്‍ വീതഹവ്യനായുള്ള തന്റെ ശരീരമെങ്ങിനെയായിരുന്നു എന്നൊന്നു കാണാന്‍ അദ്ദേഹത്തില്‍ ചിന്തയുദിച്ചു. ആ ചിന്തയാല്‍ അദ്ദേഹത്തിന്‍റെ ബോധമണ്ഡലത്തില്‍ വീതഹവ്യനായുള്ള തന്റെ ദേഹം മാത്രമല്ല, താന്‍ ഇതിനുമുന്‍പ്‌ സ്വീകരിച്ചിട്ടുള്ളതും ഇനി ഉണ്ടാകാന്‍ പോകുന്നതുമായ പലപല ദേഹരൂപങ്ങളും കാണുകയുണ്ടായി. അവയില്‍ ചിലത് അപ്പോഴും പ്രവര്‍ത്തനനിരതവുമായിരുന്നു.

വീതഹവ്യന്റെ ശരീരം ഒരു പുഴുവിനെപ്പോലെ ചെളിക്കുണ്ടില്‍ ആണ്ട് കിടക്കുന്നതായി അദ്ദേഹം കണ്ടു. അദ്ദേഹമിങ്ങിനെ അത്ഭുതപ്പെട്ടു: ഈ ദേഹത്തിനു തീര്‍ച്ചയായും ജീവനില്ലാത്തതുകൊണ്ട് യാതൊരു പ്രവര്‍ത്തനങ്ങളും സ്വയം നടത്തുവാന്‍ കഴിയുകയില്ല. ഈ ദേഹം ഞാനെന്തുചെയ്യണം? ഒന്നുകില്‍ സൂര്യമണ്ഡലത്തില്‍ കയറി പിംഗള എന്ന സൂര്യശക്തിയുടെ സഹായത്താല്‍ ഞാന്‍ ഈ ശരീരത്തില്‍ പ്രവേശിക്കണം. അല്ലെങ്കില്‍ ഈ ശരീരം ഉപേക്ഷിച്ചുകളയാം. ഈ ജീർണ്ണപ്രായമായ വീതഹവ്യശരീരംകൊണ്ട് ഞാന്‍ എന്ത് ചെയ്യാനാണ്?

“അല്ലെങ്കില്‍ ഈ ശരീരം പുനരുജ്ജീവിപ്പിക്കുന്നതിലും ഉപേക്ഷിക്കുന്നതിലും കാര്യമൊന്നുമില്ല. ഇത് സ്വീകരിച്ചാലും ഉപേക്ഷിച്ചാലും എനിക്കതൊന്നുപോലെയാണ്.” എന്നാല്‍പ്പോലും ഈ ദേഹം പഞ്ചഭൂതങ്ങളിലേയ്ക്ക് അപചയിച്ചു മടങ്ങുന്നതിന്നുമുന്‍പ്‌ കുറച്ചുനാള്‍ അതിനുള്ളില്‍ കയറി പ്രവര്‍ത്തിക്കുകയും ആവാമല്ലോ. മഹര്‍ഷിയുടെ സൂക്ഷ്മശരീരം സൌരപഥത്തില്‍ പ്രവേശിച്ചു. മഹര്‍ഷിയുടെ ഉദ്ദേശശുദ്ധി അറിഞ്ഞുകൊണ്ട് അതിനായി ഉചിതമെന്ന് കരുതിയ പ്രക്രിയകള്‍ നടപ്പിലാക്കാന്‍ സൂര്യന്‍ തന്റെ ചൈതന്യത്തെ നിയോഗിച്ചു. മുനിയുടെ സൂക്ഷ്മശരീരം സൂര്യനെ വന്ദിച്ചു. സൂര്യചൈതന്യത്തിന്റെ സഹായത്താല്‍ ആ തേജസ്സ് സൌരപഥത്തില്‍ നിന്നും വിന്ധ്യാതടങ്ങളില്‍  താഴ്ന്നിറങ്ങി.

ആ തേജസ്സ് മണ്ണില്‍ പുതച്ചു കിടന്നിരുന്ന മുനിയുടെ ദേഹത്തില്‍ കടന്നുകൂടി അതിനെ പുറത്തുകൊണ്ടുവന്നു. പിന്നീട് വീതഹവ്യന്റെ സൂക്ഷ്മശരീരം ദേഹത്തില്‍ പ്രവേശിച്ചു. ദേഹം ഉടനെതന്നെ പ്രവര്‍ത്തനനിരതമായി. വീതഹവ്യന്‍ സൂര്യചൈതന്യമായ പിംഗളയെ നമസ്കരിച്ചു. പിംഗള തിരികെയും നമസ്കരിച്ചതിനുശേഷം സൌരമണ്ഡലത്തിലേയ്ക്ക് തിരികെപ്പോയി. വീതഹവ്യന്‍ സന്ധ്യാവന്ദനത്തിനായി തടാകതീരത്തേയ്ക്കു വന്ന് കുളിയും തേവാരവും കഴിഞ്ഞു സൂര്യനെ നമസ്കരിച്ചു. അവിടെ വീതഹവ്യമഹര്‍ഷി പണ്ടേതുപോലെതന്നെ തന്റെ ജീവിതം നയിച്ചു. അദ്ദേഹത്തിന്‍റെ ജീവിതം പ്രബുദ്ധമായിരുന്നു. സര്‍വ്വഭൂതസൌഹൃദത്താല്‍ സമസംതുലിതവും, പ്രശാന്തവും, ആനന്ദപ്രദവും കൃപാനിര്‍ഭരവുമായിരുന്നു ആ പവിത്രജീവിതം. 

Mar 16, 2013

306 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 306


യഥാസ്ഥിതമിദം വിശ്വം ശാന്തമാകാശ നിര്‍മലം
ബ്രഹ്മൈവ ജീവന്‍മുക്താനാം ബന്ധമോക്ഷദൃശ: കുത: (5/84/30)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ആത്മാന്വേഷണത്തിന്റെ അവസാനം വീതഹവ്യമുനി പരമശാന്തനായി സമാധി അവസ്ഥയെ പ്രാപിച്ചു. അദ്ദേഹത്തില്‍ പ്രാണന്റെ സ്പന്ദനംപോലും ദൃശ്യമായിരുന്നില്ല. അദ്ദേഹത്തിന്‍റെ ബോധം അകത്തോ പുറത്തോ ഉള്ള വസ്തുക്കളില്‍ കേന്ദ്രീകരിച്ചിരുന്നില്ല. തന്റെ ദൃഷ്ടി നാസാഗ്രത്ത് മൃദുവായി പതിപ്പിച്ച് അദ്ദേഹം ഒരു ശിലാവിഗ്രഹമെന്നപോലെ ശരീരം അനക്കാതെ നീണ്ടുനിവര്‍ന്നിരുന്നു. മുന്നൂറുകൊല്ലം ശരീരമുപേക്ഷിക്കാതെതന്നെ അദ്ദേഹം സമാധിയില്‍ കഴിഞ്ഞു. പ്രകൃതിയോ മനുഷ്യരോ, മനുഷ്യരിലും താഴ്ന്ന ജീവിവര്‍ഗ്ഗങ്ങളോ (കൃമി കീടങ്ങൾ ഒന്നും) ആ സമാധിയെ ശല്യപ്പെടുത്താന്‍ തുനിഞ്ഞില്ല. മുന്നൂറുകൊല്ലം ഒരു മണിക്കൂറുപോലെ പെട്ടെന്ന് കഴിഞ്ഞു.

ബോധത്തില്‍ പ്രതിഫലിച്ച ദേഹം ബോധത്തിനാല്‍ത്തന്നെ സംരക്ഷിക്കപ്പെട്ടിരുന്നു. സമാധികഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ചെറിയ ചലനങ്ങള്‍ ഉണ്ടായി. മനസ്സുണര്‍ന്നു. സൃഷ്ടിക്കായുള്ള ധാരണകള്‍ മനസ്സിലുണര്‍ന്നു. പിന്നീടദ്ദേഹം ഒരു നൂറുകൊല്ലം കൈലാസപര്‍വ്വതത്തില്‍ ഒരു മഹര്‍ഷിയായി വാണു. മറ്റൊരു നൂറുകൊല്ലം അദ്ദേഹം ദേവന്മാരിലൊരാളായി കഴിഞ്ഞു. പിന്നീട് അഞ്ചു ലോകചക്രങ്ങള്‍ അദ്ദേഹം ദേവരാജാവായ ഇന്ദ്രനായും  കഴിഞ്ഞു.  

രാമന്‍ ചോദിച്ചു: മഹര്‍ഷേ, ഇന്ദ്രാദിദേവകളുടെ സമയക്രമീകരണത്തെ എങ്ങിനെയാണ് സ്വാധീനിക്കാന്‍ സാധിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: അനന്താവബോധത്തിന്റെ ചൈതന്യം സര്‍വ്വവ്യാപകമാണ്. അതിന് എവിടെ, എപ്പോള്‍ , എങ്ങിനെ വേണമെങ്കില്‍ സ്വയം പ്രകടമാകാം. അത് സ്വയമെന്ത്‌ ഇച്ഛിക്കുന്നുവോ അപ്രകാരം സംഭവിക്കുന്നു. അതിനാല്‍ മുനി തന്റെയുള്ളില്‍ എന്തൊക്കെ ദര്‍ശിച്ചുവോ അതപ്രകാരം തന്നെ ഭവിക്കുകയാണുണ്ടായത് . ഉപാധികളൊഴിഞ്ഞ ഹൃദയത്തില്‍ അദ്ദേഹം ഇതെല്ലാം ദർശിച്ചു .

സ്വയം അനന്താവബോധത്തില്‍ ആമഗ്നമാകയാല്‍ മുനിയില്‍ ഉണ്ടായ ധാരണകള്‍ അനിച്ഛാപൂര്‍വ്വം ആയിരുന്നു. പിന്നീട് ഒരു യുഗം മുഴുവന്‍ അദ്ദേഹം പരമശിവന്റെ പാര്‍ഷദന്‍മാരില്‍ ഒരാളായി മാറി. വീതഹവ്യന്‍ എന്ന മഹാമുനി ഇങ്ങിനെയുള്ള വൈവിദ്ധ്യമായ അനുഭവങ്ങളിലൂടെ കടന്നുപോയി.

രാമന്‍ ചോദിച്ചു: ജീവന്‍മുക്തനായ വീതഹവ്യമുനിക്ക് ഇപ്രകാരമുള്ള അനുഭവങ്ങള്‍ ഉണ്ടായി എന്ന് വെച്ചാല്‍ ബന്ധനവും മുക്തിയും മഹര്‍ഷിമാര്‍ക്ക് പോലും ഉണ്ടെന്നാണല്ലോ അര്‍ത്ഥം!

വസിഷ്ഠന്‍ പറഞ്ഞു: “ജീവന്മുക്തന്റെ ദൃഷ്ടിയില്‍ ഈ ലോകം അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി, പ്രശാന്തവും പരിപൂര്‍ണ്ണവുമായ ബ്രഹ്മമായി, അനന്തമായി നിലനില്‍ക്കുമ്പോള്‍ എവിടെയാണ് ബന്ധനവും മുക്തിയും?” സ്വയം അനന്താവബോധസ്വരൂപമായതിനാല്‍ വീതഹവ്യനു എല്ലാവരുടെയും- സമഷ്ടിയുടെ - അനുഭവങ്ങള്‍ സ്വായത്തമാണ്. ഇപ്പോഴും അദ്ദേഹമങ്ങിനെ കഴിയുന്നു.

രാമന്‍ ചോദിച്ചു: ഈ മഹര്‍ഷിയുടെ ജന്മം പോലും വെറും മിഥ്യയും സങ്കല്‍പ്പവുമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ബോധതലത്തിലെ സമൂര്‍ത്തദേഹങ്ങള്‍ എങ്ങിനെയാണ് ചൈതന്യവത്തും ബോധമുള്ളതും ആയിത്തീര്‍ന്നത്? 

വസിഷ്ഠന്‍ പറഞ്ഞു: വീതഹവ്യന്റെ സൃഷ്ടി വെറും സങ്കല്‍പ്പമായിരുന്നുവെങ്കില്‍ രാമാ, നീയിപ്പറഞ്ഞ കാര്യങ്ങളും വെറും മിഥ്യയായിരുന്നു. ‘അതും, ഇതും’ എല്ലാം ശുദ്ധമായ അവബോധം മാത്രം. മനസ്സിന്റെ ഭ്രമമാണ് പ്രകടിതരൂപങ്ങള്‍ക്ക് കാരണം. വാസ്തവത്തില്‍ സൃഷ്ടിയെന്ന പ്രതിഭാസം ഉണ്ടായിട്ടേയില്ല. ഇനിയുണ്ടാവുകയുമില്ല.! മൂന്നു കാലങ്ങളിലും ബ്രഹ്മം മാത്രമേ നിലനില്‍ക്കുന്നതായി ഉള്ളു. ഈ സത്യം സാക്ഷാത്കരിക്കുംവരെ ദൃഷ്ടാവിന് ഈ ലോകം ഉണ്മയായി കാണപ്പെടും.

Mar 15, 2013

305 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 305


സ്വാത്മഭാവസ്തവ സുഖം മന്യേ മാനവതാം വര
തമേവ ഭാവയാഭാവം സുഖത്യാഗോ ഹി മൂഢതാ(5/83/28) 

വീതഹവ്യന്റെ മനനം തുടര്‍ന്നു: അല്ലയോ ഇന്ദ്രിയങ്ങളെ, നിങ്ങള്‍ എന്റെ പഴി കേട്ട് പാടേ മാഞ്ഞു പോയിക്കഴിഞ്ഞു അല്ലെ? അതിൽ അത്ഭുതമെന്തുണ്ട്?  അല്ലെങ്കിലും നിങ്ങള്‍ വെറും അവിദ്യാന്ധകാരജന്യങ്ങളാണല്ലോ.

മനസേ, നീ ഒരു പ്രകടിതഭാവമായി പ്രത്യക്ഷപ്പെടുന്നത് നിന്റെ തന്നെ ദു:ഖത്തിനും അപചയത്തിനുമായാണ്. എണ്ണമറ്റ ജീവജാലങ്ങള്‍ അവരുടെ ഐശ്വര്യസമൃദ്ധികള്‍ക്കിടയിലും, ദുരിതങ്ങള്‍ക്കിടയിലും, ജരാനരകള്‍ക്കും രോഗപീഢകള്‍ക്കുമിടയിലും, ഭ്രമത്തോടെ ദു:ഖസാഗരത്തില്‍ നിമഗ്നമാവുമ്പോഴാണു നീ നിലനില്‍ക്കുന്നത്. ലോഭമോഹാദികള്‍ അവരുടെ സദ്‌ഗുണങ്ങളെ കാര്‍ന്നു നശിപ്പിക്കുമ്പോഴും, കാമാസക്തികള്‍ സ്വലക്ഷ്യങ്ങളില്‍ നിന്നവരെ പിന്തിരിപ്പിച്ചു ചൈതന്യഹീനമാക്കുമ്പോഴും മനസ്സേ, നീയുണ്ട്. നീയൊന്നവസാനിച്ചാല്‍പ്പിന്നെ ഹൃദയത്തില്‍ പ്രശാന്തിയും നിര്‍മലതയും മറ്റെല്ലാ പവിത്രഗുണങ്ങളും പൂവിട്ടുണരും. അപ്പോള്‍പ്പിന്നെ ജീവികള്‍ സംശയഗ്രസ്ഥരായി താഴോട്ടു പതിക്കുകയില്ല.        

അപ്പോള്‍ ആകുലതകളും ആശങ്കകളും ഉണങ്ങിവരണ്ടില്ലാതാകുന്നു. അജ്ഞതയുടെ ഇരുട്ട് ഇല്ലാതാകുന്നത് അറിവിന്റെ ഉള്‍വെളിച്ചം ജ്വലിച്ചു പരക്കുമ്പോള്‍ മാത്രമാണ്. കാറ്റൊടുങ്ങുമ്പോള്‍ സമുദ്രോപരിയുണ്ടാകുന്ന അലകള്‍ ശാന്തമാകുന്നതുപോലെ മനസ്സിലെ അസ്വസ്ഥതകളും അങ്ങിനെ ഇല്ലാതാകുന്നു. ആത്മജ്ഞാനത്തിന്റെ നിറവില്‍ സത്യം സാക്ഷാത്കരിക്കപ്പെടുന്നു. അതോടെ ലോകമെന്ന ഈ മിഥ്യാപ്രകടനങ്ങള്‍ക്ക് അവസാനമാകുന്നു. അനന്തമായ അവബോധം മാത്രം തെളിഞ്ഞു വിളങ്ങുന്നു. ആശകള്‍ക്ക് വശംവദനായ അജ്ഞാനിക്ക് ആനന്ദമെങ്ങിനെ കിട്ടാനാണ്? കരിഞ്ഞുണങ്ങിയ ഇലകളില്‍നിന്നും പുതുനാമ്പുകള്‍ വളരാം എന്നതുപോലെ ഇതില്‍ നിന്നും പുതുതായൊരു ജീവിതം ഉണ്ടാകാം. ഏതായാലും ആത്മജ്ഞാനത്തില്‍ നിലകൊള്ളുന്ന സാധകന്‍ ഇനിയുമൊരു കെട്ടുപാടിന്റെ ബന്ധനം വേണ്ടെന്നുവയ്ക്കുകതന്നെ ചെയ്യും. മനസ്സേ നീയില്ലെങ്കില്‍ ഇതും ഇതിനപ്പുറവും എണ്ണമില്ലാത്ത പലേ ഗുണങ്ങളുമുണ്ട്.  

മനസ്സേ, നിന്നിലെ എല്ലാ ആശകള്‍ക്കും പ്രത്യാശകള്‍ക്കും നീ തന്നെയാണ് കാരണമാകുന്നത്. സത്യവുമായി ഒന്നുകില്‍ നിനക്ക് താതാത്മ്യം പ്രാപിക്കാം അല്ലെങ്കില്‍ സ്വതന്ത്രമായി നിലനില്‍ക്കാം. ഏതാണ് വേണ്ടതെന്ന് നിനക്ക് തീരുമാനിക്കാം. “ആത്മാവുമായി താതാത്മ്യം പ്രാപിച്ച് ആത്മാവില്‍ നിന്നും വിഭിന്നമല്ല താനെന്നുറയ്ക്കുന്നത് നിന്നില്‍ സന്തുഷ്ടിയുണ്ടാക്കും. അതിനാല്‍ നിന്റെ അനസ്തിത്വത്തെപ്പറ്റി നീ സ്വയം ഉറപ്പിക്കുക. കാരണം സന്തുഷ്ടി വേണ്ടെന്നു വെയ്ക്കുന്നത് മൂഢത്വമാണല്ലോ.”

മനസ്സേ, നീ അന്തര്യാമിയും ബോധവുമാണെങ്കില്‍പ്പിന്നെ ആരുനിന്നെ വേണ്ടെന്നുവയ്ക്കും? എന്നാല്‍ നീ ഉണ്മയല്ലാത്തതിനാല്‍ നിന്റെ സന്തോഷവും വെറും മിഥ്യയാണല്ലോ. നീയുണ്ടായത് അജ്ഞാനത്താലും ഭ്രമകല്‍പ്പനകളാലും മാത്രമാണ്. എന്നാല്‍ അന്വേഷണത്തിലൂടെ നിന്റെയും ഇന്ദ്രിയങ്ങളുടെയും ആത്മാവിന്റെയും സ്വഭാവം ആരാഞ്ഞറിഞ്ഞപ്പോള്‍ നീ മിഥ്യയാണെന്നു വീണ്ടും ഉറപ്പായിരിക്കുന്നു. അന്വേഷണത്തിനു മുതിരാത്തിടത്തോളം കാലമേ നിനക്ക് നിലനില്‍പ്പുളളു. ആത്മാന്വേഷണത്വര സംജാതമാവുമ്പോള്‍ ഉള്ളില്‍ പൂര്‍ണ്ണമായ സംതുലനാവസ്ഥയാണ്. 

അജ്ഞാനം നിനക്ക് ജന്മനാ ഉള്ളതാണ്. അതായത്‌ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും അഭാവമാണ് നീ. എന്നാല്‍ ജ്ഞാനോദയമാവുമ്പോള്‍ നിന്റെ അസ്തിത്വം തന്നെ ഇല്ലാതാവുന്നു. 
അതിനാല്‍ ജ്ഞാനമേ നിനക്ക് നമോവാകം. മനസ്സേ നിന്നെയുണര്‍ത്താന്‍ പലതാണ് മാര്‍ഗ്ഗങ്ങള്‍.  നിന്റെ ഭാവഹാവാദികള്‍ എല്ലാം നശിച്ചപ്പോള്‍ നീയില്ലാതായി. ഉള്ളതോ പരം പൊരുള്‍ മാത്രം; യാതൊരുവിധ പരിമിതികളും ഉപാധികളും ഇല്ലാത്ത അനന്തമായ അവബോധമാണത്. അവിദ്യയില്‍ ഉദയം ചെയ്ത് ജ്ഞാനത്തില്‍ നീ ഇല്ലാതാകുന്നു. നിന്റെ സഹായം കൂടാതെ തന്നെ ആത്മാന്വേഷണം നിന്നില്‍ ഉദിച്ചത് എത്ര ആനന്ദപ്രദം!.

മനസ്സ്‌ ഇല്ലാത്ത ഒന്നാണ്. ആത്മാവ് മാത്രമേ ഉണ്മയായുളളു. മറ്റൊന്നും സത്യമല്ല. ഞാനാണാ ആത്മാവ്. അതിനാല്‍ ഞാനല്ലാതെ പ്രപഞ്ചത്തില്‍ യാതൊന്നുമില്ല. ഞാന്‍ അനന്തമായ അവബോധമാണ്. ഈ ബോധത്തിന്റെ പ്രകമ്പനമാണ് പ്രപഞ്ചമായി, പ്രത്യക്ഷമായി, കാണപ്പെടുന്നത്.  

Mar 14, 2013

304 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 304


ക്രിയതേ യത്തു യച്ഛത്തയാ തത്തേനൈവ കൃതം ഭവേത്
ലുനാതി ദാത്രം പുംശക്ത്യാ ലാവക: പ്രോച്യതേ പുമാന്‍ (5/82/39)

വീതഹവ്യന്‍ തന്റെ മനനം തുടര്‍ന്നു: മനസ്സേ, നീ കര്‍ത്താവും ഭോക്താവും അല്ലെന്നുള്ള സത്യം നിന്നെ ഞാന്‍ കഴിയുന്നത്ര സൌമ്യമായി മനസ്സിലാക്കിത്തരാം. നീ തീര്‍ച്ചയായും ജഡമാണ്, ചൈതന്യരഹിതമായ ഒന്നാണ്. കല്ലുകൊണ്ട് നിര്‍മ്മിച്ച പ്രതിമയ്ക്ക് നൃത്തം ചെയ്യാന്‍ എങ്ങിനെ കഴിയും?

നിന്റെ ബുദ്ധിശക്തി അനന്താവബോധത്തെ പൂര്‍ണ്ണമായും സമാശ്രയിച്ചു നില്‍ക്കുകയാണെങ്കില്‍ നീ ദീര്‍ഘായുസായിരിക്കട്ടെ. “അരിവാളുകൊണ്ടാണൊരു കര്‍ഷകന്‍ വിള കൊയ്തെടുക്കുന്നത്. എന്നാല്‍ അരിവാളിനെയല്ല, കര്‍ഷകനെയാണ് നാം വിളവെടുക്കുന്നവന്‍ ആയി കരുതുന്നത്. അതുപോലെ മറ്റൊരാളുടെ ചൈതന്യം മൂലം അല്ലെങ്കില്‍ ഊര്‍ജ്ജം കൊണ്ട് ഒരാള്‍ ഒരു കാര്യം ചെയ്‌താല്‍ അതിന്റെ കര്‍തൃത്വം ചൈതന്യം പകര്‍ന്നു കൊടുത്തവനാണ്.” 

‘വാളാണ്’ തലകൊയ്യുന്നതെങ്കിലും ‘ആളാണ്‌’ കൊലയാളി. മനസ്സേ നിന്റെ ബുദ്ധിശക്തി ബോധത്തില്‍ നിന്നും പ്രതിഫലിക്കുന്നത് മാത്രമാണ്. സ്വയം നീ ചൈതന്യരഹിതനാണ്.

ആത്മാവ്,അല്ലെങ്കില്‍ അനന്താവബോധം, സ്വയം ആത്മാവില്‍ത്തന്നെ ആത്മാവിനെ അറിയുന്നു. ആത്മാവായി സ്വയം അനുഭവിക്കുന്നു. ബോധമാകുന്ന ഭഗവാന്‍ നിന്നെ പ്രബുദ്ധനാക്കാന്‍ എപ്പോഴും ശ്രമിക്കുന്നു, കാരണം അജ്ഞാനിയെ പലേ വിധത്തിലും ജ്ഞാനമാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക എന്നത് ജ്ഞാനിയുടെ കര്‍ത്തവ്യമാണ്. ആത്മാവിന്റെ വെളിച്ചം മാത്രമേ ബോധമായും മേധാശക്തിയായും നിലനില്‍ക്കുന്നുള്ളു. എന്നാലത് ചിലപ്പോള്‍ മനസ്സ്‌ എന്നറിയപ്പെടുന്നു. നിനക്കീ സത്യം പിടികിട്ടിയാല്‍ ആ നിമിഷം നീ സ്വയമില്ലാതെയാവും. മൂഢാ, സ്വയം അനന്താവബോധമായിരിക്കെ എന്തിനാണ് നീ ദു:ഖിക്കുന്നത്? സര്‍വ്വവ്യാപിയാണു നീ. എല്ലാമെല്ലാം നീയാണ്‌. ഈ സത്യമറിയുമ്പോള്‍ നീ സ്വയം 'അതാ'വും, ബോധസ്വരൂപമാവും.
   
വ്യതിരിക്തമായി നീയില്ല, നിന്റെ ദേഹമില്ല. ഒരേയൊരു അനന്തബോധം മാത്രമാണെല്ലാം. അതുമാത്രം നിലനില്‍ക്കുന്നു. ഈ അഖണ്ഡസത്യത്തില്‍ ‘നീ, ഞാന്‍’, തുടങ്ങിയ നാനാവിധങ്ങളായ ധാരണകള്‍ നിലകൊള്ളുന്നതായി തോന്നുന്നു എന്ന് മാത്രം. നീ ആത്മാവാണെങ്കില്‍ പിന്നെ വേറൊരു 'നീ'യില്ല. ആത്മാവ് മാത്രമേയുള്ളൂ. നീ ജഡവും  ആത്മാവില്‍ നിന്നും വിഭിന്നവുമാണെന്നു വരികില്‍ നിനക്ക് അസ്തിത്വവുമില്ല. കാരണം ആത്മാവ്-അനന്താവബോധം, മാത്രമാണല്ലോ സത്തായി ഉള്ളത് ! മറ്റൊന്നും ഇല്ലതന്നെ. ബോധവും ജഡവും അല്ലാതെ മറ്റൊരുവസ്തു മൂന്നാമതായി ഉണ്ടാവാന്‍ സാധ്യതപോലുമില്ല.

അതുകൊണ്ട് മനസ്സേ നീ കര്‍ത്താവും ഭോക്താവുമല്ല. എന്നാല്‍ ജ്ഞാനികള്‍ അജ്ഞാനികളുമായി സംവദിക്കാന്‍ വേണ്ടി നിന്നെയൊരു മാദ്ധ്യമമായി ഉപയോഗിക്കുന്നുണ്ട്. ആ മാദ്ധ്യമം ജഡവും ചൈതന്യരഹിതവുമാണ്. ആത്മാവ് മാത്രമാണ് സത്ത. കര്‍ഷകന്‍ അരിവാള്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിനു സ്വയം  വിളയെടുക്കാനാവുമോ? വാളിനു സ്വയം ആരെയെങ്കിലും വധിക്കാന്‍ കഴിയുമോ? മനസ്സേ നീ സ്വയം ഒന്നും ചെയ്യുന്നില്ല, അനുഭവിക്കുന്നില്ല. പിന്നെയെന്തിനാണ് നീ ദു:ഖിക്കുന്നത്? 

ഭഗവാന്‍ (ബോധം) നിന്നെപ്പോലെയല്ല. അദ്ദേഹത്തിനുവേണ്ടി നീ ദു:ഖിക്കണ്ട. അദ്ദേഹത്തിനു എന്തെങ്കിലും ചെയ്യേണ്ടതായോ ചെയ്യാതിരിക്കേണ്ടതായോ ഇല്ല. അദ്ദേഹമാണെല്ലാടവും നിറഞ്ഞു വിളങ്ങുന്നത്. മറ്റൊന്നുമല്ല. അപ്പോള്‍പ്പിന്നെ അദ്ദേഹത്തിനു ആശിക്കാന്‍ എന്തുണ്ട്? ചെയ്യാന്‍ എന്തുണ്ട്?
 
പുഷ്പവും സുഗന്ധവും പോലുള്ള ഒരു ബന്ധമല്ലാതെ നിനക്ക് ആത്മാവുമായി മറ്റൊരു ബന്ധവുമില്ല. സമാന സ്വഭാവങ്ങള്‍ ഉള്ള രണ്ട് സ്വതന്ത്രസത്തകള്‍ ചേര്‍ന്ന് ഒന്നായിത്തീരാന്‍ ശ്രമിക്കുമ്പോഴാണ് അവ തമ്മില്‍ ബന്ധുത്വം ഉടലെടുക്കുന്നത്. മനസ്സേ നീ എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. ആത്മാവോ എപ്പോഴും പ്രശാന്തയില്‍ അഭിരമിക്കുന്നു. നിങ്ങള്‍ തമ്മില്‍ ബന്ധുത്വം അസാദ്ധ്യം. എന്നാല്‍ സമാധി സ്ഥിതിയില്‍ , സമതുലനാവസ്ഥയില്‍ , ബോധത്തില്‍ അടിയുറച്ച്, വൈവിദ്ധ്യങ്ങളുടെ വര്‍ണ്ണക്കാഴ്ചകളില്‍ ആകൃഷ്ടനാവാതെ, സത്തയെന്നത് ഒന്നാണെന്നോ അനേകമാണെന്നോ ഉള്ള ധാരണകളില്‍ പെട്ടുഴറാതെ ഇരിക്കുമ്പോള്‍ ആത്മാവല്ലാതെ ഒന്നും ഇല്ലന്നും അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങളാണ് ഇക്കാണുന്ന എണ്ണമറ്റ ജീവജാലങ്ങള്‍ എന്നും നിനക്കറിവാകും.