Apr 29, 2014

490 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 490

യം പ്രത്യുദേതി സര്‍ഗോയം സ എവൈനം ഹി ചേതതി
പദാര്‍ത്ഥ: സന്നിവേശം സ്വമിവ സ്വപ്നം പുമാനിവ (6.2/13/4)

ഭൂശുണ്ടന്‍ തുടര്‍ന്നു: ആകാശത്ത് സങ്കല്‍പ്പിച്ചുണ്ടാക്കിയ മണിമാളികയെ താങ്ങി നിര്‍ത്താന്‍ ശരിക്കുള്ള തൂണുകള്‍ ആവശ്യമില്ല. അതുപോലെ സങ്കല്‍പ്പകൽപ്പിതമായ ലോകക്കാഴ്ചകള്‍ ശരിയായ കാലദേശനിബന്ധനകളെ ആശ്രയിക്കുന്നില്ല.

കാലം, ദേശം, ലോകം, ഇവയെല്ലാം വെറും ധാരണകള്‍ മാത്രമാണെന്ന് അറിയുക. അതിസൂക്ഷമമായ ലോകമെന്ന ഈ പ്രകടനം നിലനില്‍ക്കുന്നത് മാനസീക വ്യാപാരങ്ങള്‍, അല്ലെങ്കില്‍ ചിന്തകള്‍കൊണ്ട് മാത്രമാണ്. അത് കാറ്റിലെ സുഗന്ധംപോലെയാണ്. ഒരു വ്യത്യാസമുള്ളത് കാറ്റിലെ സുഗന്ധം എല്ലാവര്‍ക്കും അനുഭവിക്കാം, എന്നാല്‍ ലോകമെന്ന കാഴ്ച കാണുന്നത് ആ കാഴ്ച്ചയെ ധരിക്കുന്ന മനസ്സുകള്‍ക്ക് മാത്രമാണ്.

“സ്വപ്നം, സ്വപ്നം കാണുന്നയാളിന്റെ അനുഭവം മാത്രമാണ്; അതുപോലെ ഈ ലോകം അനുഭവമാകുന്നത് ആരാണോ തന്റെ മനസ്സില്‍ ലോകത്തെ ഉയരാന്‍ അനുവദിക്കുന്നത്, അവനു മാത്രമാണ്.”

ഇതിനെ സംബന്ധിച്ച് പുരാതനമായ ഒരു കഥയുണ്ട്. അതില്‍ ദേവരാജനായ ഇന്ദ്രന്‍  എങ്ങിനെയാണ് ഒരു സൂക്ഷ്മാണു ഘടകത്തിന്റെ ഉദരത്തില്‍ ഒളിച്ചിരിക്കാന്‍ ഇടയായത് എന്ന് പറയുന്നുണ്ട്. എവിടെയോ ഒരിടത്ത്, ഏതോ കാലത്ത്, ഏതോ തരത്തിലുള്ള ഒരു മരമുണ്ടായിരുന്നു. ആഗ്രഹങ്ങളെയെല്ലാം സാധിപ്പിച്ച് തരുന്ന അഭീഷ്ടപ്രദായിനിയായ ഒരു വൃക്ഷം. അതിന്റെ ഒരു ശിഖരത്തില്‍ വിശ്വമെന്ന ഒരു ഫലമുണ്ടായി. ഈ ഫലം അതീവമായ പ്രത്യേകതകള്‍ ഉള്ളതും മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തവുമായിരുന്നു. ഫലത്തിനുള്ളിലെ പുഴുക്കള്‍ എന്നപോലെ എല്ലാത്തരം ജീവജാലങ്ങളും, ദേവ, മനുഷ്യ-അസുരവര്‍ഗ്ഗങ്ങളും അതിൽ വസിച്ചിരുന്നു. അതില്‍ ഭൂമിയും സ്വര്‍ഗ്ഗവും നരകവുമെല്ലാം ഉണ്ടായിരുന്നു. ഭീമാകാരമായ വലുപ്പം അതിനുണ്ടായിരുന്നു. അനന്താവബോധത്തിന്റെ വിക്ഷേപമായിരുന്ന അത് എല്ലാറ്റിനെയും ആകര്‍ഷിച്ചു. അനന്തമായ അനുഭവങ്ങള്‍ സാദ്ധ്യതകളായി അതിനുള്ളില്‍ ഉണ്ടായിരുന്നു. മേധാശക്തിയുടെ പ്രഭയില്‍ ജ്വലിച്ചിരുന്ന അതിന്റെ ഉള്ളിന്റെയുള്ളില്‍ അഹംഭാവമായിരുന്നു.

അതിനുള്ളിലെ ജീവികളില്‍ മന്ദതയിലും ആന്ധ്യത്തിലും ആണ്ടുമുങ്ങിയവര്‍ മുതല്‍ പ്രബുദ്ധതയിലെത്താന്‍ വെമ്പുന്നവര്‍വരെ ഉണ്ടായിരുന്നു. ദേവരാജനായ ഇന്ദ്രനും അതിലുണ്ടായിരുന്നു.

ഒരിക്കല്‍ ഭഗവാന്‍ വിഷ്ണുവും മറ്റും വിശ്രമിക്കുമ്പോള്‍ ആ തക്കം നോക്കി ശക്തരായ അസുരന്മാര്‍ ഇന്ദ്രനെ ആക്രമിച്ചു. ആകെ വിഷമിച്ച ഇന്ദ്രന്‍ പത്തു ദിക്കിലേയ്ക്കും പാലായനം ചെയ്തു. അവസാനം അസുരന്മാര്‍ക്ക് കീഴടങ്ങി. എന്നാല്‍ ഈ അസുരന്മാരുടെ ശ്രദ്ധയൊന്ന് പതറിയ മാത്രയില്‍ ഇന്ദ്രന്‍ അതി സൂക്ഷ്മമായ രൂപം പൂണ്ടു. തന്റെ വലുപ്പവും ഉന്നതിയും മനസാ ഉപേക്ഷിച്ച് താന്‍ അതിസൂക്ഷ്മ ജീവിയാണെന്ന ധാരണ ഉറപ്പിച്ച് ഇന്ദ്രന്‍ ഒരു സൂക്ഷമാണുവിന്റെ ഉള്ളില്‍ പ്രവേശിച്ചു. അവിടെ അദ്ദേഹം പ്രശാന്തിയും വിശ്രാന്തിയും കണ്ടെത്തി. അസുരന്മാരുമായുള്ള യുദ്ധത്തെ അദ്ദേഹം പാടെ മറന്നു.

അതിനുള്ളില്‍ അദ്ദേഹം ഒരു കൊട്ടാരം വിഭാവനം ചെയ്തു. ഒരു രാജ്യം, പട്ടണങ്ങള്‍, കാടുകള്‍, എന്നുവേണ്ട, ലോകം മുഴുവനും അവിടെ കണ്ടു. സ്വര്‍ഗ്ഗ നരകങ്ങളും എല്ലാം അവിടെ ഉണ്ട്. അദ്ദേഹം സ്വയം സ്വര്‍ഗ്ഗാധിപനായി. കുന്ദന്‍ എന്ന് പേരായ ഒരു പുത്രന്‍ അദ്ദേഹത്തിനുണ്ടായി. കുറച്ചു കഴിഞ്ഞ് എണ്ണ തീര്‍ന്ന വിളക്കുപോലെ അദ്ദേഹം ദേഹമുപേക്ഷിച്ചു നിര്‍വാണപദം പ്രാപിച്ചു. കുന്ദന്‍ പിന്നെ ഇന്ദ്രനായി. അദ്ദേഹത്തിനും യുദ്ധവീരനും തേജസ്വിയുമായ ഒരു സുപുത്രനുണ്ടായി. അങ്ങിനെ അദ്ദേഹത്തിന്‍റെ തലമുറ നിലനിന്നു. തലമുറകളിലൂടെ അതിപ്പോഴും തുടരുകയാണ്. ആ അതി സൂക്ഷ്മാണുവിന്റെയുള്ളില്‍ അങ്ങിനെയുള്ള അനേകം രാജാക്കന്മാരും അവര്‍ ഭരിക്കുന്ന  സാമ്രാജ്യങ്ങളും ഉണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.