ഭാവാഭാവവിരുദ്ധോഽപി വിചിത്രോഽപി
മഹാനപി
നാനന്ദായ ന ഖേദായ സതാം സംസൃതിവിഭ്രമ:
(6/116/10)
രാമന്‍ ചോദിച്ചു: ഭഗവാനേ
അങ്ങേയ്ക്ക് സത്യം എന്തെന്നറിയാം. അഹംകാരം മനസ്സില്‍ വിലീനമായിക്കഴിഞ്ഞാല്‍
സത്വമുണരുന്നതായി എങ്ങിനെയാണൊരുവന് തിരിച്ചറിയാനാവുക?
വസിഷ്ഠന്‍ പറഞ്ഞു: അങ്ങിനെയുള്ള
മനസ്സിനെ അങ്ങേയറ്റത്തെ സ്വാധീനങ്ങള്‍ക്ക്പോലും, ലോഭമോഹാദികളാല്‍ മലീമസമാക്കാന്‍
കഴിയില്ല. മറ്റുള്ളവരുടെ ഐശ്വര്യസമ്പന്നതയില്‍ ആ മനസ്സ് ആഹ്ളാദഭരിതമായിരിക്കും.
മാനസീകോപാധികളുടെയും ധാരണാവാസനകളുടെയും
കെട്ടുപാടുകള്‍ ആ മനസ്സില്‍ നിന്നും അറുത്തു മാറ്റിയിരിക്കുന്നു. ക്രോധം ആ മനസ്സിലില്ല.
മോഹഭ്രമങ്ങള്‍ ആ മനസ്സിനെ അലട്ടുന്നില്ല. ആശകള്‍ക്ക് ആ മനസ്സില്‍ സ്ഥാനമില്ല. ലോഭം
അവിടം വിട്ടുപോയിരിക്കുന്നു. ഇന്ദ്രിയങ്ങള്‍ സമചിത്തതയോടെ വര്‍ത്തിക്കുന്നു.
അമിതാഹ്ളാദമോ ആകുലതകളോ അവയെ വലയ്ക്കുന്നില്ല. അങ്ങിനെയുള്ള സാധകന്റെ മുഖത്ത്
സുഖദുഃഖങ്ങള്‍ പ്രകടമായാലും മനസ്സിലേയ്ക്കവയ്ക്ക്
പ്രവേശനമില്ല. ആ ഹൃദയം സമതയില്‍ അഭിരമിച്ചു കഴിയുന്നു.
പ്രബുദ്ധനായ മനുഷ്യന്‍ ഇത്തരം
സദ്‌ഗുണങ്ങളെ ആയാസരഹിതമായി തന്റെ ശരീരത്തില്‍ ആഭരണമായി അണിയുന്നു.
“ഭാവാഭാവങ്ങളും ഐശ്വര്യാനൈശ്വര്യങ്ങളും
പരസ്പരം പിന്തുടര്‍ന്നു വിവിധങ്ങളായ വിരോധാഭാസങ്ങളെ സൃഷ്ടിക്കുമ്പോഴും മഹാത്മാവില്‍
അവ ആഹ്ളാദമോ നിരാശയോ ഉണ്ടാക്കുന്നില്ല.”
സമഗ്രമായ ആത്മജ്ഞാനത്തിന്റെ
പാതയിലേയ്ക്ക് സ്വബുദ്ധിയെ തിരിച്ചു വിടാത്തവന്‍ ഗര്‍ഹണീയനാണ്.
സംസാരസാഗരത്തെ
(ജനനമരണചക്രത്തെ) തരണം ചെയ്യുവാനും അതുവഴി പരമപ്രശാന്തിയടയുവാനുമുള്ള മാര്‍ഗ്ഗം
‘ഞാന്‍ ആര്?’, ‘ഈ ലോകമെന്ത്?’, ‘സത്യമെന്താണ്?’ തുടങ്ങിയ ആത്മാന്വേഷണം മാത്രമാണ്.
നിന്റെ പൂര്‍വ്വികനായ ഇഷ്വാകു ചക്രവര്‍ത്തി ഒരു ദിവസം ഇങ്ങിനെ ആലോചിച്ചു:
‘ജരാനരകള്‍, മരണം, സുഖം, ദുഃഖം, വിഭ്രമങ്ങള്‍ എന്നിങ്ങിനെ വൈവിദ്ധ്യമാര്‍ന്ന
ആകുലതകളും കഷ്ടപ്പാടുകളും നിറഞ്ഞ ഈ ലോകത്തിന്റെ തുടക്കം എവിടെയാണ്?’
അദ്ദേഹത്തിനതിന്റെ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ബ്രഹ്മാവിന്റെ പുത്രനായ
മനുവാണല്ലോ ചക്രവര്‍ത്തിയുടെ പിതാവ്. അദ്ദേഹം തന്റെ അച്ഛനോട് ചോദിച്ചു: ഭഗവാനേ,
അങ്ങയുടെ മുന്നില്‍ ഒരു പ്രശ്നം അവതരിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. ഈ ലോകത്തിന്റെ
ആരംഭം എന്താണ്? എങ്ങിനെയാണ്? എനിക്കീ സംസാരത്തില്‍ നിന്നും അങ്ങിനെ മുക്തനാകാം?
No comments:
Post a Comment
Note: Only a member of this blog may post a comment.