ഭുക്ത്വാ ഭോഗാനനേകാന്‍ഭുവി സകല
മഹീപാലചൂഡാമണിത്വേ
സ്ഥിത്വാവൈ ദീര്‍ഘകാലം
പരമാമൃതപദം പ്രാപ്തവാന്‍സത്ത്വശേഷ:
ഏവം രാമാഗതം ത്വം പ്രകൃതമനുസരന്‍കാര്യജാതം
വിശോക-
സ്തിഷ്ഠോത്തിഷ്ഠ സ്വയം വാ
പ്രസഭമനുഭവന്‍ഭോഗമോക്ഷാദിലക്ഷ്മീ: (6/110/30)
വസിഷ്ഠന്‍ തുടര്‍ന്നു:
സൂര്യോദയമായപ്പോള്‍ ആ ദമ്പതികള്‍ ഉണര്‍ന്ന് പ്രഭാതാനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെട്ടു.
ചൂഡാല തന്റെ ദിവ്യശക്തികൊണ്ട് സപ്തസമുദ്രങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥം സ്വര്‍ണ്ണകലശങ്ങളില്‍
വരുത്തിച്ചു. ആ ജലത്തില്‍ രാജാവിനെ കുളിപ്പിച്ച് കിരീടധാരിയാക്കി.
രാജ്ഞി പറഞ്ഞു: വിശ്വം
ഭരിക്കുന്ന അഷ്ടദിക്പാലകരും അവരുടെ ദിവ്യ പ്രഭയാല്‍ അങ്ങില്‍ അനുഗ്രഹം ചൊരിയട്ടെ.
അതുപോലെ രാജാവ് ചൂഡാലയെ
രാജ്ഞിയായി അവരോധിച്ചു.
തന്റെ ചിന്താശക്തികൊണ്ട് ഒരു
സൈന്യത്തെ തയ്യാറാക്കാന്‍ രാജാവ് ചൂഡാലയോട് അഭ്യര്‍ഥിച്ചു. രാജ്ഞി അങ്ങിനെ ഒരു
സൈന്യത്തെ സൃഷ്ടിച്ചു. ആനപ്പുറത്തിരിക്കുന്ന ഈ രാജദമ്പതികളുടെ നേതൃത്ത്വത്തില്‍
സൈന്യം രാജധാനിയിലേയ്ക്ക് അടിവെച്ചു നീങ്ങി. വഴിയില്‍ താന്‍ തപശ്ചര്യയില്‍
ചിലവഴിച്ച ഇടങ്ങള്‍ ശിഖിധ്വജന്‍ ചൂഡാലയ്ക്ക് കാട്ടിക്കൊടുത്തു. അവര്‍
നഗരപ്രാന്തത്തില്‍ എത്തിയപ്പോഴേയ്ക്കും പ്രജകള്‍ അവരെ തിരിച്ചറിഞ്ഞു സ്വീകരണവും
ആഘോഷവും തുടങ്ങി. അവരങ്ങിനെ രാജധാനിയില്‍ പുനപ്രവേശിച്ചു. ചൂഡാലയുടെ സഹായത്തോടെ
ശിഖിധ്വജന്‍ പതിനായിരം കൊല്ലം രാജ്യം ഭരിച്ച് ഒടുവില്‍ നിര്‍വാണപദം പൂകി.
കാറ്റില്ലാത്തിടത്ത് കത്തിച്ചുവച്ച ദീപനാളംപോലെ, അക്ഷോഭ്യമായ, ഇനിയൊരു പുനര്‍ജ്ജന്മം ഇല്ലാത്ത
അനന്തതയത്രേ നിര്‍വാണപദം.
“രാജാക്കന്മാരില്‍ അഗ്രഗണ്യനായ
അദ്ദേഹം ലോകസുഖങ്ങളെല്ലാം അനുഭവിച്ച് ഏറെക്കാലം ജീവിച്ച് പരമപദം പ്രാപിച്ചു.
അദ്ദേഹത്തില്‍ ചെറിയൊരു ‘സത്വ’ ഗുണം മാത്രമേ ശേഷിച്ചിരുന്നുള്ളു. അതുപോലെ രാമാ,
നീയും നൈസര്‍ഗ്ഗികമായി ചേതനയില്‍ ഉണരുന്ന
കര്‍മ്മങ്ങളെ ആകുലമില്ലാതെ ചെയ്തു തീര്‍ക്കൂ. ഉണരൂ. ലോകസുഖങ്ങളെ ആസ്വദിക്കൂ.
അവസാനം പരമപദത്തെ പ്രാപിക്കൂ.”
രാമാ
ഇതാണ് ശിഖിധ്വജന്റെ കഥ. ഈ പാത പിന്തുടരുന്നത് നിന്നെ ദുഃഖവിമുക്തനാക്കും.
അദ്ദേഹത്തെപ്പോലെ രാജ്യഭരണം കയ്യാളൂ. ലോകസുഖങ്ങളെ ഉപേക്ഷിക്കാതെതന്നെ നിനക്ക് നിര്‍വാണപദം
പ്രാപിക്കാം. ബൃഹസ്പതിയുടെ പുത്രനായ കചന്‍ ഈ മാര്‍ഗ്ഗത്തിലൂടെ പ്രബുദ്ധതയെ
പ്രാപിച്ച കഥയും പ്രശസ്തമാണ്.
രാമന്‍
പറഞ്ഞു: ബൃഹസ്പതീസുതനായ കചന്റെ കഥ കേള്‍ക്കാനും എനിക്കാഗ്രഹമുണ്ട്.
വസിഷ്ഠന്‍
പറഞ്ഞു: ശിഖിധ്വജനെപ്പോലെ കചനും പ്രബുദ്ധനായി. ചെറുതായിരിക്കുമ്പോള്‍ത്തന്നെ
അദ്ദേഹത്തിന് സംസാരത്തില്‍ നിന്നും മുക്തിവേണം എന്ന ആഗ്രഹം ഉണ്ടായി. ഒരുദിവസം
അദ്ദേഹം അച്ഛനായ ബൃഹസ്പതിയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു: അങ്ങ് എല്ലാമറിയുന്ന
ആളാണല്ലോ. ‘എങ്ങിനെയാണ് ഒരുവന്‍ സംസാരമെന്ന കാരാഗ്രഹത്തില്‍ നിന്നും മുക്തി
നേടുന്നത്?’
No comments:
Post a Comment
Note: Only a member of this blog may post a comment.