യത: കുതശ്ചിദാനീയ
ജ്ഞാനശാസ്ത്രാണ്യവേക്ഷതേ
ഏവം വിചാരവാന്യ:
സ്യാത്സംസാരോത്താരണം പ്രതി (6/126/13)
രാമന്‍ ചോദിച്ചു: എങ്ങിനെയാണ്
ഒരുവന്‍ യോഗത്തിന്റെ ഏഴുപടികള്‍ താണ്ടുന്നത്? ആ പടികളുടെ പ്രത്യേകതകള്‍
എന്തൊക്കെയാണ്?
വസിഷ്ഠന്‍ തുടര്‍ന്നു: മനുഷ്യന്‍
ഒന്നുകില്‍ ലോകത്തെ അംഗീകരിക്കുന്ന
പ്രവൃത്തിനിരതനോ ലോകത്തെ നിരാകരിക്കുന്ന നിവൃത്തനോ ആണല്ലോ. പ്രവൃത്തിനിരതന്‍
ചിന്തിക്കുന്നത് ഇങ്ങിനെയാണ്. ‘എന്താണീ മുക്തി? എനിക്ക് സംസാരവും ജീവിതവും മതി.
അത് തന്നെയാണ് എനിക്ക് ശേയസ്കരം.’ എന്ന് പറഞ്ഞ് അയാള്‍ ലൌകീകമായ പ്രവൃത്തികളില്‍
മുഴുകി ജീവിക്കുന്നു. അയാള്‍ക്ക് പലപല ജന്മങ്ങള്‍ക്ക് ശേഷം ജ്ഞാനമുണ്ടാവുന്നു.
ലോകകര്‍മ്മങ്ങളെല്ലാം വെറും അര്‍ത്ഥരഹിതമായ ആവര്‍ത്തനങ്ങള്‍ മാത്രമാണെന്ന്
പോകെപ്പോകെ അയാളറിയുന്നു. ഇനി അത്തരം വൃഥാ പ്രയത്നങ്ങള്‍
വേണ്ട എന്നയാള്‍ തീരുമാനിക്കുന്നു.
‘എന്താണിതിന്റെയൊക്കെ അര്‍ത്ഥം? ഞാനിതില്‍
നിന്നുമൊക്കെ വിരമിക്കട്ടെ.’ എന്ന് കരുതുന്ന അയാളാണ് നിവൃത്തന്‍.
ഞാനെങ്ങിനെയാണ് നിര്‍മമതയെന്ന
അനാസക്തി വളര്‍ത്തിയെടുത്ത് ഈ സംസാരസാഗരം കടക്കുക? എന്നയാള്‍ അനുസ്യൂതം
ചിന്തിക്കുന്നു. ഈ ചിന്ത ദിനംതോറും അയാളില്‍ അനാസക്തി വളര്‍ത്തുന്നു. ഹൃദയത്തില്‍
പ്രശാന്തിയും ആനന്ദവും ഉദിച്ചുയരുന്നു. ലോകവ്യാപാരങ്ങളില്‍ അയാള്‍ക്ക് താല്‍പര്യം
നശിക്കുന്നു. പുണ്യപ്രവൃത്തികള്‍ക്ക് അയാള്‍ സമയം കണ്ടെത്തുന്നു. പാപപ്രവര്‍ത്തങ്ങള്‍
ചെയ്യാന്‍ അയാള്‍ക്ക് ഭയമാണ്. അയാളുടെ വാക്കുകള്‍ സൌമ്യവും സമയോചിതവും സത്യവും
മധുരവുമായിരിക്കും.
അയാള്‍ യോഗത്തിന്റെ ആദ്യപടി
എത്തിയിരിക്കുന്നു. മാമുനിമാരെ പരിചരിക്കുന്നതില്‍ അയാള്‍ ശ്രദ്ധാലുവാണ്. “എവിടെ
നിന്നെങ്കിലും എന്ത് ശാസ്ത്രഗ്രന്ഥങ്ങള്‍ കിട്ടിയാലും അയാളത് പഠിക്കാന്‍
ശ്രമിക്കുന്നു. സംസാരസാഗരതരണമാണ് അയാളുടെ നിരന്തരമായ ചിന്ത.”
അയാളാണ്
സാധകന്‍. മറ്റുള്ളവര്‍ സ്വാര്‍ത്ഥന്മാര്‍ മാത്രമാണ്. അയാള്‍ യോഗസാധനയുടെ
രണ്ടാമത്തെ പടി കയറുന്നു. അത് ആത്മവിചാരമാണ്. ആത്മാന്വേഷണം. ശാസ്ത്രജ്ഞാനമുള്ള
മഹാന്മാരുടെ സത്സംഗമാണ് അയാള്‍ തേടുന്നത്. സാധനാമാര്‍ഗ്ഗങ്ങളില്‍ വഴികാട്ടിയായി
ഒരു ഗുരുവിനെ അയാള്‍ തേടുന്നു. എന്താണ് കരണീയം, എന്താണ് ചെയ്യരുതാത്തത് എന്നൊക്കെ
അയാള്‍ക്ക് നല്ല നിശ്ചയമുണ്ട്. എല്ലാ പൊങ്ങച്ചങ്ങളും, ദുരഭിമാനങ്ങളും, അസൂയ, ഡംഭ്,
ലോഭം, അത്യാഗ്രഹം എന്നിത്യാദിയും അയാള്‍ ഉപേക്ഷിക്കുന്നു. യോഗാഭ്യാസത്തിന്റെ
രഹസ്യം അയാള്‍ ഗുരുക്കന്മാരില്‍ നിന്നും പഠിക്കുന്നു. അങ്ങിനെ ക്രമേണ അയാള്‍
യോഗത്തിന്റെ മൂന്നാമത്തെ അവസ്ഥയായ അസംഗംവും അനാസക്തവുമായ അവസ്ഥയില്‍ സ്വാതന്ത്ര്യം
അനുഭവിക്കുന്നു. വനങ്ങളിലെ ഏകാന്തതയില്‍ മനശ്ശാന്തി തേടി അയാള്‍ അലയുന്നു.
ശാസ്ത്രോക്തികള്‍
പിന്തുടര്‍ന്നു പാവനചരിതനായി വര്‍ത്തിക്കുന്നതിനാല്‍ അയാള്‍ക്ക് സത്യം കാണാകുന്നു.
അനാസക്തന്റെ ഈ സ്വാതന്ത്ര്യം രണ്ടു തരമാണ് – സാധാരണമായതും പരമമായതും. “ഞാന്‍ കര്‍ത്താവും ഭോക്താവുമല്ല, ഞാന്‍
മറ്റുള്ളവരെ ബാധിക്കുന്നില്ല. അവരാല്‍ ഞാനും ബാധിക്കപ്പെടുന്നില്ല. എല്ലാം പൂര്‍വ്വകര്‍മ്മങ്ങളുടെ
ഫലമായാണ്, ദൈവഗത്യായാണ് സംഭവിക്കുന്നത്. സുഖമോ ദുഖമോ ഒന്നും ഞാന്‍ ചെയ്യുന്നതല്ല.
ഭാഗ്യദൌര്‍ഭാഗ്യങ്ങള്‍ എന്റെ വരുതിയിലല്ല. പരസ്പരം കണ്ടുമുട്ടി പിരിയലും
മനോവ്യഥകളും, രോഗങ്ങളും, എല്ലാം കാലത്തിന്റെ വരുതിയിലാണ്.” എന്നിങ്ങിനെ ചിന്തിച്ച്
അയാള്‍ സത്യത്തെ തേടുന്നു. ഇത് കേവലമായ അനാസക്തിയാണ്. അല്ലെങ്കില്‍
സ്വാതന്ത്ര്യമാണ്.
** വിചാരം
എന്നാല്‍ നേരിട്ടുള്ള നിരീക്ഷണം, കാഴ്ച എന്നൊക്കെ അര്‍ത്ഥമുണ്ട്.
No comments:
Post a Comment
Note: Only a member of this blog may post a comment.