ന രാജന്‍ മമ ഭോഗേഷു വാന്‍ഛ നാ
പി വിഭൂതിഷു
സ്വഭാവസ്യ വാസ ദേവ യഥാ
പ്രപ്ത്യേന മി സ്ഥിതി: (6/109/68)
ചൂഡാല പറഞ്ഞു: പ്രിയനേ, അങ്ങ്
അര്‍ത്ഥരഹിതമായ തപശ്ചര്യകള്‍ ചെയ്യുന്നത് കണ്ട് എന്റെ ഹൃദയം തപിച്ചു. ആ മനോവേദന
തീര്‍ക്കാനാണ് ഞാന്‍ അങ്ങയെ ഇവിടെ വന്നുകണ്ട് അങ്ങിലെ ആത്മചൈതന്യത്തെ ഉണര്‍ത്താന്‍
ശ്രമിച്ചത്. അതെന്റെ ആനന്ദത്തിനും ആഹ്ളാദത്തിനും വേണ്ടിത്തന്നെയാണ് ചെയ്തത്.
യാതൊരു അഭിനന്ദനങ്ങളും ഞാനര്‍ഹിക്കുന്നില്ല.
ശിഖിധ്വജന്‍ പറഞ്ഞു: ഇന്നുമുതല്‍
നീ ചെയ്തതുപോലെ എല്ലാ ഭാര്യമാര്‍ക്കും അവരുടെ സ്വാര്‍ത്ഥം സഫലമാവാന്‍
വേണ്ടിയാണെങ്കിലും സ്വഭര്‍ത്താക്കന്മാരെ പ്രബുദ്ധരാക്കാന്‍ സാധിക്കുമാറാകട്ടെ.
ചൂഡാല പറഞ്ഞു:
പണ്ടുണ്ടായിരുന്നതുപോലെയുള്ള തുച്ഛമായ ആഗ്രഹങ്ങളോ ചിന്തകളോ വികാരങ്ങളോ അങ്ങയെ
അലട്ടുന്നതായി ഞാന്‍ കാണുന്നില്ല. പറയൂ, അങ്ങിപ്പോള്‍ ആരാണ്? എന്തിലാണ് അങ്ങ്
അടിയുറച്ചു നില്‍ക്കുന്നത്? അങ്ങ് കാണുന്നതെന്താണ്?
ശിഖിധ്വജന്‍ പറഞ്ഞു: എന്നിൽ നീ
ഉള്ളിലുണര്‍ത്തിയ ആത്മസത്തയിലാണ് ഞാന്‍ അഭിരമിക്കുന്നത്. എന്നില്‍ ആസക്തികളിലല്ല.
ഞാന്‍ അനന്തമായ ആകാശംപോലെ അവിച്ഛിന്നമായി നിലകൊള്ളുന്നു. ഞാന്‍ പ്രശാന്തിയാണ്.
വിഷ്ണുവിനും ശിവനും കൂടി സാക്ഷാത്ക്കരിക്കാന്‍ തുലോം പ്രയാസമായ ഇടത്തിലാണ്
ഞാനിപ്പോള്‍ ഉള്ളത്. എന്നിലിനി മോഹങ്ങളോ ചിന്താകാലുഷ്യമോ അവശേഷിക്കുന്നില്ല.
ഞാനിപ്പോള്‍ സന്തോഷമോ സന്താപമോ
അനുഭവിക്കുന്നില്ല. ‘അത്’ എന്നും ‘ഇത്’ എന്നും ഒന്നിനെയും ഞാന്‍ വേര്‍തിരിച്ചു
കാണുന്നില്ല. ഞാന്‍ എല്ലാ ആവരണങ്ങളില്‍ നിന്നും പൂര്‍ണ്ണമുക്തനാണ്. അതുകൊണ്ട്തന്നെ
എന്നിലെ അന്തര്യാമിയിലൂടെ ഞാന്‍ ആനന്ദം അനുഭവിക്കുന്നു. ഞാന്‍ ഞാനാണ്. വാക്കുകള്‍ക്ക്
വിവരിക്കാന്‍ ആവാത്ത ഒരു തലമാണത്. നീയെന്റെ ഗുരുവാണ്. നിനക്ക് നമസ്കാരം. പ്രിയേ,
നിന്റെ കൃപയാലാണ് ഞാനീ സംസാരസാഗരത്തെ തരണം ചെയ്തത്. ഇനിയും ഞാന്‍ ആ
മായാസമുദ്രത്തില്‍ വീഴുകയില്ല.
ചൂഡാല ചോദിച്ചു:
അങ്ങിനെയെങ്കില്‍ ഇനി എന്താണ് അങ്ങ് ചെയ്യാനാഗ്രഹിക്കുന്നത്?
ശിഖിധ്വജന്‍ പറഞ്ഞു: എനിക്ക്
യാതൊരു നിബന്ധനകളും ഇല്ല. നീ എന്ത് ചെയ്യുന്നുവോ അവ ഉചിതമാവും
എന്നെനിക്കുറപ്പുണ്ട്. നീ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കൂ. ഞാന്‍ നിന്നെ അനുധാവനം
ചെയ്യാം.
ചൂഡാല പറഞ്ഞു: പ്രഭോ നാമിപ്പോള്‍
മുക്തരായ മാമുനിമാരുടെ പ്രബുദ്ധമായ അവസ്ഥയിലാണ്. നമുക്ക് ആഗ്രഹങ്ങളും അതിന്റെ നേര്‍വിപരീതമായ
അവസ്ഥയും തമ്മില്‍ മാറ്റമേതുമില്ല. ഇനിയിപ്പോള്‍ പ്രാണായാമം, ആത്മധ്യാനം മുതലായ
അനുഷ്ഠാനങ്ങള്‍ കൊണ്ടെന്താണ് പ്രയോജനം? അതിനാല്‍ നാം ആദിയിലെപ്പോലെത്തന്നെ
മദ്ധ്യത്തിലും അന്ത്യത്തിലും നിലകൊണ്ട് അവസാനം ബാക്കിയാവുന്ന വസ്തുവിനെയും പരിത്യജിക്കണം.
നാം ആദ്യവും മദ്ധ്യത്തിലും അവസാനവും രാജാ-രാജ്ഞിമാരാണ്. പിന്നെ ബാക്കിയുള്ളത്
മോഹവിഭ്രമങ്ങളാണ്. അതാണ് ഉപേക്ഷിക്കേണ്ടത്. അതുകൊണ്ട് നമുക്ക്
കൊട്ടാരത്തിലേയ്ക്ക് തിരിച്ചു പോകാം. നാടിന് ഒരുത്തമചക്രവര്‍ത്തിയുടെ ആവശ്യമുണ്ട്.
ശിഖിധ്വജന്‍ ചോദിച്ചു: അങ്ങിനെയെങ്കില്‍
നമുക്കെന്തുകൊണ്ട് ഇന്ദ്രന്‍ നമുക്കായി വെച്ച്നീട്ടിയ സ്വര്‍ഗ്ഗം സ്വീകരിച്ചുകൂടാ?
ചൂഡാല പറഞ്ഞു: “രാജാവേ, ഞാന്‍
രാജ്ഞിയുടെ പദവിയോ സുഖാനുഭവങ്ങളോ ആഗ്രഹിക്കുന്നില്ല. എന്റെ സ്വരൂപത്തിന്റെ പ്രകൃതി
എന്താണോ അതില്‍ ഞാന്‍ അചഞ്ചലയായി അഭിരമിക്കുകയാണ്.” ‘ഇത് സുഖം’ എന്ന ചിന്തയും
അതിനെതിരായി, ‘ഇതല്ല സുഖം’ എന്ന ചിന്ത ഉയരുന്നതോടെ രണ്ടും ഇല്ലാതാവുന്നു. ഇതിനെ
അതിജീവിക്കുന്ന പ്രശാന്തതയിലാണെന്റെ നിവാസം.
No comments:
Post a Comment
Note: Only a member of this blog may post a comment.