Apr 19, 2014

478 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 478

യഥാ തൃണാദികം ക്ഷിപ്തം രുമായാം ലവണം ഭവേത്
അചേതനം ജഗന്ന്യസ്തം ചൈതന്യേ ചേതനീഭവേത് (6/128/30)

ഭരദ്വാജന്‍ പറഞ്ഞു: ഭഗവാനേ, ഞാനിപ്പോള്‍ സൂക്ഷ്മശരീരത്തിന്റെ വരുതിയില്‍ നിന്നും സ്വതന്ത്രനായി ആനന്ദസമുദ്രത്തില്‍ ആറാടുകയാണ്. ഞാന്‍ അവിച്ഛിന്നമായ ആത്മാവാണ്. അത് തന്നെ പരമാത്മാവ്‌. അതിന്റെ രണ്ടു പ്രഭാവങ്ങളാണ് ബോധാബോധങ്ങള്‍. അഗ്നിയിലേയ്ക്ക് വലിച്ചെറിഞ്ഞ അഗ്നിശലാകകള്‍ അഗ്നിയില്‍ വേറിട്ട്‌ കാണപ്പെടുന്നില്ലല്ലോ.

“പുല്ലും വൈക്കോല്‍ത്തുരുമ്പും മറ്റും കടലിലേയ്ക്ക് വലിച്ചെറിഞ്ഞാല്‍ അത് ഉപ്പായി മാറുന്നതുപോലെ ഈ അചേതനമായ ലോകത്തെ അനന്താവബോധമെന്ന ചൈതന്യസത്തയ്ക്ക് സമര്‍പ്പിക്കുമ്പോള്‍ അവ ഒന്നായിത്തീരുന്നു.” ഉപ്പുകൊണ്ട് ഉണ്ടാക്കിയ ഒരു പാവ കടലിലേയ്ക്ക് എറിഞ്ഞാല്‍ അതിന്റെ നാമവും രൂപവും സമുദ്രവുമായി വിലയിക്കുന്നതുപോലെ, ജലം ജലവുമായി ചേരുന്നതുപോലെ, ഒരു പാത്രത്തിലെ നെയ്യ് മറ്റൊരു പാത്രത്തിലെ നെയ്യില്‍ ലയിക്കുന്നതുപോലെ ഞാന്‍ അനന്താവബോധത്തില്‍ വിലീനനത്രേ.

പ്രശാന്തവും, സനാതനവും സര്‍വ്വവ്യാപിയും നിത്യശുദ്ധവും അവിച്ഛിന്നവും അചലവുമായ പരബ്രഹ്മമാണ് ഞാന്‍. എനിക്ക് സ്വരുക്കൂട്ടിവയ്ക്കാനോ കാറ്റില്‍പ്പറത്തിക്കളയാനോ ഒന്നുമില്ല. ചിന്താമാത്രകൊണ്ടാണ് ഞാന്‍ സൃഷ്ടി നടത്തുന്നത്. ഞാന്‍ പാപപുണ്യാദികള്‍ക്ക് വശംവദനല്ല. വിശ്വത്തിന്റെ പ്രഭവസ്ഥാനം ഞാനാകുന്നു. പരമപ്രകാശം ഞാന്‍.രണ്ടാമതൊന്നില്ലാത്ത അദ്വൈതസത്യമാണ് ഞാന്‍.
 
ഇതാണൊരു സാധകനു ധ്യാനിക്കാന്‍ യോഗ്യമായ വസ്തു. മനസ്സിന്റെ ചഞ്ചലത്വം അങ്ങിനെ അവസാനിക്കട്ടെ. മനസ്സിന്റെ സഞ്ചാരം നിലയ്ക്കുമ്പോള്‍ ആത്മാവ് സ്വയം പ്രഭമായി പ്രോജ്വലിക്കുന്നു. ആ പ്രകാശധോരണിയില്‍ ആകുലതകള്‍ക്ക് അന്തമായി. ആത്മാവ് സ്വയം ആനന്ദമനുഭവിക്കുന്നു. സത്യത്തിന്റെ നേരറിവ് – ആത്മാവല്ലാതെ മറ്റൊന്നില്ല എന്ന സാക്ഷാത്കാരം സുവിദിതമാവുന്നു.

വാല്മീകി പറഞ്ഞു: സുഹൃത്തേ, അങ്ങേയ്ക്ക് ഭ്രമങ്ങള്‍ ഒടുങ്ങി സംസാരം ഇല്ലാതാവണം എന്നുണ്ടെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ച് ബ്രഹ്മോപാസകനും ബ്രഹ്മപ്രിയനുമാവുക.

ഭരദ്വാജന്‍ പറഞ്ഞു: മഹാഗുരുവേ, അങ്ങയുടെ മഹദ്വചനങ്ങള്‍ എന്നിലെ പ്രബുദ്ധതയെ ഉണര്‍ത്തിയിരിക്കുന്നു. എന്റെ മേധാശക്തിയിപ്പോള്‍ നിര്‍മ്മലമാണ്. എന്റെ മുന്നിലിപ്പോള്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ലോകമെന്ന കെട്ടുകാഴ്ചയില്ല. ആത്മസാക്ഷാത്കാരം നേടിയ പ്രബുദ്ധപുരുഷര്‍ എന്താണ് ചെയ്യുക എന്നെനിക്കറിയണമെന്നുണ്ട്. അവര്‍ക്ക് എന്തെങ്കിലും നിയതകര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതായി ഉണ്ടോ?

വാല്മീകി പറഞ്ഞു: മോക്ഷം ആഗ്രഹിക്കുന്നവര്‍ കുറ്റമറ്റ, നിസ്വാര്‍ത്ഥമായ പാവനപ്രവൃത്തികളില്‍ മാത്രമേ ഏര്‍പ്പെടാവൂ. മനസ്സിന്റെ ഗുണങ്ങള്‍ ഇല്ലാതാവുന്നതോടെ സാധകന്‍ അനന്തതയുടെ ഗുണങ്ങളെ സ്വാംശീകരിക്കുന്നു. ‘ദേഹാതീതനായ, മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ഉപരിയായിരിക്കുന്ന, ‘ഞാന്‍ കര്‍ത്താവ്’, ‘ഞാന്‍ ഭോക്താവ്’ എന്നീ ചിന്തകള്‍ക്കെല്ലാം അതീതനായ, സുഖദുഖങ്ങള്‍ക്ക് ബാധിക്കാനരുതാത്ത, സത്യമാണു ഞാന്‍ എന്ന് ധ്യാനിച്ചുറയ്ക്കുന്നതോടെ ജീവന് മുക്തിയായി. എല്ലാ ജീവനിര്‍ജ്ജീവജാലങ്ങളും ആത്മാവിലാണെന്നും അതേ ആത്മാവാണ് എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്നതെന്നും ഉള്ള നേരറിവുറച്ചവന്‍, ജാഗ്രദ്,സ്വപ്ന,സുഷുപ്തി അവസ്ഥാത്രയങ്ങളെ മറികടന്ന് അനുഭവജ്ഞാനങ്ങള്‍ക്ക് അതീതമായ ബോധതലത്തില്‍ വിരാജിക്കുന്നു. അത് അനന്താവബോധത്തിന്റെ ആനന്ദാവസ്ഥയാണ്.
       
വൈവിദ്ധ്യതയുടെ, വിഭിന്നതകളുടെ കയത്തില്‍ മുങ്ങാതെ പ്രശാന്തമായ ആ അമൃതസാഗരത്തില്‍ നീ ആമഗ്നനാവൂ.

അങ്ങിനെ വസിഷ്ഠമുനിയുടെ പ്രഭാഷണം ഞാന്‍ നിനക്കായി പറഞ്ഞു തന്നു. മനസ്സുറപ്പിച്ചു നീ സാധനചെയ്താലും. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ശ്രേഷ്ഠമായ പാത സധീരം താണ്ടി നീ ആത്മസാക്ഷാത്കാരം പ്രാപിക്കുക തന്നെ ചെയ്യും.

No comments:

Post a Comment

Note: Only a member of this blog may post a comment.