Apr 11, 2014

469 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 469

വര്‍ണ്ണധര്‍മ്മാശ്രമാചാര ശാസ്ത്രയന്ത്രണയോജ്ഝിത:
നിര്‍ഗഛതി ജഗജ്ജാലാത് പഞ്ജരാദിവ കേസരീ (6/122/2)
മനു തുടര്‍ന്നു: ജീവന്‍മുക്തനായ ഋഷി ചിലപ്പോള്‍ സര്‍വ്വസംഗപരിത്യാഗിയായ സന്യാസിയോ, അല്ലെങ്കില്‍ ഒരു ഗൃഹസ്ഥനോ ആവാം. എന്നാല്‍ ‘ഞാന്‍ ഒന്നും ചെയ്യുന്നില്ല’ എന്ന അറിവുള്ളതുകൊണ്ട് അയാള്‍ക്ക് ദുഖങ്ങളില്ല. ‘എന്റെ മനസ്സിനു  നിറഭേദമുന്ടാണ്ടാക്കാന്‍ യാതൊരുപാധികള്‍ക്കും കഴിയില്ല, ഞാന്‍ സര്‍വ്വസ്വതന്ത്രനായ അനന്താവബോധമാണ്’ എന്ന അറിവുള്ളതിനാല്‍ അയാള്‍ക്ക് ദുഖങ്ങളില്ല. ‘ഞാന്‍’, ‘അവന്‍’, എന്നിങ്ങിനെ വിഭജിച്ചതായ ഒരു ലോകമവനില്‍ ഇല്ലാത്തതിനാല്‍ അവനു ദുഖങ്ങളില്ല.
സമൂഹത്തില്‍ എവിടെയായിരുന്നാലും എന്തായിരുന്നാലും എല്ലാറ്റിന്റെയും ഉണ്മയെപ്പറ്റി അയാള്‍ക്ക് ഉത്തമബോദ്ധ്യമുള്ളതിനാല്‍ അയാള്‍ക്ക് ആകുലതകളില്ല. ദിക്കുകളെല്ലാം ആത്മജ്യോതിയുടെ പ്രഭാപൂരമാണെന്നും അത് ശാശ്വതമാണെന്നും അറിയുന്നവന് ദുഖമെവിടെ? തീര്‍ച്ചയായും അജ്ഞാനം മൂലം സ്വയം സങ്കല്‍പ്പിച്ചുണ്ടാക്കിയ പരിമിതികളാണ് ദുഖഹേതു. അജ്ഞാനജന്യമായ സ്വപരിമിതികള്‍ പരിക്ഷീണമാവുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോള്‍ അമിതാഹ്ളാദമോ അതീവദുഖങ്ങളോ ഉണ്ടാവുകയില്ല. അത്തരം ക്ഷീണവാസനകളുടെ ഫലമായുണ്ടാവുന്ന കര്‍മ്മങ്ങള്‍ ‘അകര്‍മ്മങ്ങള്‍’ ആണ്. കാരണം ആ കര്‍മ്മങ്ങളുടെ ബീജത്തിന് ഇനിയും മുളപൊട്ടി വളരാനുള്ള കരുത്തില്ല. മനസ്സും ഹൃദയവും പരമാത്മാവില്‍ വിലീനമായതിനാല്‍ ദേഹാവയവങ്ങള്‍ അതാതിന്റെ കര്‍മ്മം പ്രകൃത്യാ അനുഷ്ഠിക്കുന്നു എന്ന് മാത്രം.

സ്വായത്തമാക്കിയ എല്ലാ കഴിവുകളും വീണ്ടും വീണ്ടും ഉപയോഗിച്ച് മിനുക്കിയെടുത്തില്ലെങ്കില്‍ അവയിലുള്ള നമ്മുടെ മിടുക്ക് കൈമോശം വരും. എന്നാല്‍ ആത്മജ്ഞാനമെന്ന ഈ അറിവ് ദിനം തോറും വളര്‍ന്നുകൊണ്ടേയിരിക്കുന്നതത്രേ. സുഖാന്യോഷണത്വര ഉള്ളിടത്തോളം മാത്രമേ വ്യക്തിഗതജീവന് നിലനില്‍പ്പുള്ളൂ. ഈ ആശ പോലും അജ്ഞാനജന്യമാണ്. ആത്മജ്ഞാനം ഉണരുന്നതോടെ ആശകള്‍ വിട്ടകലുന്നു; വ്യക്തിത്വമെന്ന സങ്കല്പം തന്നെ ഇല്ലാതാവുന്നു; ആത്മാവിന്റെ അനന്തത സാക്ഷാത്ക്കരിക്കപ്പെടുന്നു.  

‘ഇതെന്റെത്’, 'ഞാന്‍ ഇതാണ്’, എന്നിത്യാദി ചിന്തകള്‍ ഉള്ളവര്‍ അജ്ഞാനത്തിന്റെ പടുകുഴിയില്‍ വീണു പോവുന്നു. അത്തരം ധാരണകളെ മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും നീക്കം ചെയ്തവര്‍ ഉയരങ്ങളിലേയ്ക്ക് ഉത്തരോത്തരം കയറിപ്പോവുന്നു. എല്ലാറ്റിനെയും ജാജ്വല്യമാനമാക്കുന്ന സ്വയംപ്രഭമായ ആത്മജ്യോതിയെ കാണൂ. സര്‍വ്വവ്യാപിയായ ബോധസ്വരൂപത്തെ ആരൊരുവാന്‍ ഒരു മാത്രയെങ്കിലും സാക്ഷാത്ക്കരിച്ചുവെങ്കില്‍ അവന്‍ സംസാരസാഗരത്തെ തരണം ചെയ്തു എന്നര്‍ത്ഥം.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ എന്തൊക്കെ ചെയ്തുവോ അതെല്ലാം ചെയ്തത് നീയാണ്. എന്തെല്ലാം എവിടെയെല്ലാം എപ്പോഴെല്ലാം കാണപ്പെടുന്നുവോ അതെല്ലാം ആത്മാവാണ്, അനന്തമായ ബോധമാണ്. നീയാണാ ബോധം.

അതിനെ എന്തുമായാണ് താരതമ്യപ്പെടുത്താനാവുക? നീ നിശ്ശൂന്യതയല്ല. അതിന്റെ അഭാവവും അല്ല. ബോധമോ അബോധമോ അല്ല. ആത്മാവോ മറ്റെന്തെങ്കിലുമോ അല്ല.

അറിവില്‍ അഭിരമിക്കൂ. മുക്തിപദമെന്ന ‘ഒരിട’മോ മറ്റൊരിടമോ വാസ്തവത്തില്‍ ഇല്ല.

അഹംകാരം ഇല്ലാതാവുമ്പോള്‍ അജ്ഞാനം നശിക്കുന്നു. അത് തന്നെയാണ് മുക്തി. ആത്മജ്ഞാനം നേടിയവന്‍ കൂടു പൊട്ടിച്ചിറങ്ങിയ സിംഹത്തെപ്പോലെ  ‘ജാതിവര്‍ണ്ണങ്ങള്‍ക്കും ധര്‍മ്മശാസ്ത്രങ്ങള്‍ക്കും, നിബന്ധനകള്‍ക്കും, പുരുഷാര്‍ത്ഥങ്ങള്‍ക്കും അതീതനായി വര്‍ത്തിക്കുന്നു.

അയാളുടെ പ്രവര്‍ത്തനങ്ങള്‍ ഇച്ഛാനുസരണമല്ല. യാതൊരുവിധത്തിലുള്ള ആഗ്രഹങ്ങളും ആ കര്‍മ്മങ്ങള്‍ക്ക് പിറകില്‍ ഇല്ല. അതുകൊണ്ട് അവയുടെ പുണ്യപാപവിവേചനങ്ങള്‍ അയാളെ കളങ്കപ്പെടുത്തുന്നില്ല. നിന്ദാസ്തുതികള്‍ക്ക് അയാള്‍ വിലകൊടുക്കുന്നില്ല. അയാള്‍ ആരെയും പൂജിക്കുന്നില്ല, അയാള്‍ ആരുടെയും പൂജകള്‍ ആഗ്രഹിക്കുന്നുമില്ല. അയാള്‍ മറ്റുള്ളവരെ സംഭ്രമിപ്പിക്കുകയോ സ്വയം സംഭ്രമിക്കുകയോ ചെയ്യുന്നില്ല.

അങ്ങിനെയുള്ളവര്‍ മാത്രമാണ് പൂജാര്‍ഹരായുള്ളത്. അവരാണ് ബഹുമാനമര്‍ഹിക്കുന്നത്. അവരെയാണ് നമസ്കരിക്കേണ്ടത്. യജ്ഞകര്‍മ്മാദികളല്ല, ഇങ്ങിനെയുള്ള മഹാത്മാക്കളെ പൂജിക്കുകയെന്നതാണ് കൂടുതല്‍ അഭികാമ്യം.

No comments:

Post a Comment

Note: Only a member of this blog may post a comment.