Apr 22, 2014

482 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 482

അത്യാഗം ത്യാഗമിതി യേ കുര്‍വതേ വ്യര്‍ഥബോധിന:
സാ ഭുങ്തേ താന്‍പശൂന്‍ജ്ഞാനകര്‍മത്യാഗപിശാചികാ (6.2/3/26)

രാമന്‍ ചോദിച്ചു: ഉള്ളതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഇല്ലാത്തതിനെ ഉണ്ടാക്കാനും. കാര്യങ്ങള്‍ അങ്ങിനെയായിരിക്കെ അനുഭവത്തെ (അവബോധം) എങ്ങിനെയാണ് അനവബോധവും അനനുഭവവും ആക്കി മാറ്റാന്‍ സാധിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: നീ പറഞ്ഞത് സത്യമാണ്. ഉള്ളതിനെ ഇല്ലാതാക്കുകയോ ഇല്ലാത്തതിനെ ഉണ്ടാക്കുകയോ സാദ്ധ്യമല്ല. അനുഭവവും അനുഭവമില്ലായ്മയും വേഗത്തില്‍ സാധിക്കാവുന്ന കാര്യങ്ങളാണ്. കാരണം ‘അനുഭവം’ എന്ന്‍ വിവക്ഷിക്കുന്ന വസ്തുത ഭ്രമചിന്തകളില്‍ നിന്നും ഉടലെടുത്തതാണ്. അതിനാലാണവ ദുഃഖഹേതുക്കളാവുന്നത്.

ഈ ‘അനുഭവ അവബോധത്തെ’ ഉപേക്ഷിച്ച് ഉയര്‍ന്ന ജ്ഞാനത്തിനെപ്പറ്റി അവബോധം ആര്ജ്ജിക്കുക. അതാണ്‌ നിര്‍വാണപദം. സദ്‌കര്‍മ്മങ്ങളും ദുഷ്കര്‍മ്മങ്ങളും അവയുടെ സത്യാവസ്ഥ – അവയ്ക്ക് നിലനില്പ്പില്ലെന്നകാര്യം- അറിയുമ്പോള്‍ താനേ നിലയ്ക്കുന്നു. 

അതിനാല്‍ കര്‍മ്മത്തിന്റെ മൂലമാണ് സാധകന്‍ അന്വേഷിക്കേണ്ടത്. ആ വേരുകള്‍ അറുക്കുന്നതുവരെ അന്വേഷണം തുടരണം. ഭൂമിയില്‍ നിന്നും പുറത്തുവരുന്ന എല്ലാം ഭൂമിതന്നെ എന്നതുപോലെ ബോധത്തില്‍ നിന്നും ഉദ്ഭൂതമായവ എല്ലാം ബോധം തന്നെ. ദ്രാവകത്തില്‍ നിന്നും ദ്രവാവസ്ഥ വിഭിന്നമല്ല. അതുപോലെ ബ്രഹ്മത്തില്‍ മനസ്സും ബോധവും വിഭിന്നങ്ങളല്ല.

അവബോധം എന്ന ‘പ്രവര്‍ത്തനം’ ആ ബോധത്തില്‍ ഉദിക്കുന്നതിന് കാരണം ഒന്നുമില്ല. അതിനാല്‍ അത് ‘ഇല്ലാത്ത’ ഒന്നാണെന്ന് പറയാം. അത് ബോധത്തില്‍ നിന്നും ഭിന്നമല്ല. ദേഹമാണ് കര്‍മ്മങ്ങള്‍ക്ക് മൂലമാവുന്നത്. അഹംകാരമാണ് ദേഹമൂലം. അഹംകാരമെന്ന ഭയം ഉപേക്ഷിച്ചാല്‍പ്പിന്നെ അവയുണ്ടാവുകയില്ല. അതാണ്‌ കര്‍മ്മനിരാസത്തിന്റെ മൂലം. അങ്ങിനെ കര്‍മ്മങ്ങള്‍ അവസാനിപ്പിച്ചവര്‍ക്ക് സംന്യസിക്കാനോ, സംത്യജിക്കാനോ, നേടാനോ, കൈക്കൊള്ളാനോ ഒന്നുമില്ല. അവര്‍ തങ്ങളുടെ സ്വരൂപത്തില്‍ വിരാജിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ നൈസര്‍ഗ്ഗികമാണ്. അവര്‍ വാസ്തവത്തില്‍ ഒന്നും ‘ചെയ്യുന്നില്ല.’

പ്രളയജലത്തില്‍ അകപ്പെട്ട വസ്തുക്കള്‍ അനായാസമായി ഒഴുകുന്നതുപോലെ അവര്‍ തങ്ങളുടെ കര്‍മ്മേന്ദ്രിയങ്ങളെ അവരുടെ വഴിയ്ക്ക് വിടുന്നു. അവ വെറും ഉപകരണങ്ങള്‍ മാത്രമാവുന്നു. മനസ്സിലെ ഉപാധികള്‍ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ വസ്തുക്കളുടെ പ്രലോഭനം ഇല്ലാതാവുന്നു. അത്തരം ഒരുള്ളുണര്‍വ്വ്, അല്ലെങ്കില്‍ ബുദ്ധിയാണ് കര്‍മ്മത്യാഗം. അപ്പോള്‍പ്പിന്നെ ‘ചെയ്യുന്നത്’ കൊണ്ടും ‘ചെയ്യാതിരിക്കുന്നത്’ കൊണ്ടും എന്താണൊരു പ്രത്യേകത?

കര്‍മ്മത്തെയും കര്‍മ്മത്യാഗത്തെയും പറ്റിയുള്ള അവബോധം, അവയുടെ അനുഭവങ്ങളെപ്പറ്റിയുള്ള ചിന്തകള്‍, മനോപാധികള്‍, എന്നിവ അവസാനിപ്പിച്ച് പ്രശാന്തിയും സമതാഭാവവും കൈവരുന്ന അവസ്ഥയാണ് ‘കര്‍മ്മത്യാഗം’.

“എന്നാല്‍ വ്യര്‍ത്ഥമായ കര്‍മ്മത്യാഗം ശരിയായ കര്‍മ്മത്യാഗമായി തെറ്റിദ്ധരിക്കുന്നവര്‍ അജ്ഞാനം ബാധിച്ച മൃഗങ്ങള്‍ക്ക് സമമാണ്. അവര്‍  കര്‍മ്മത്യാഗമെന്ന പിശാചിന്റെ പിടിയിലാണ്.” കര്‍മ്മത്യാഗത്തെ ശരിയായി അറിഞ്ഞവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കര്‍മ്മവും കര്‍മ്മത്യാഗവും – ക്രിയയും നിഷ്ക്രിയത്വവും ഒന്നും  ഒരു പ്രശ്നമേയല്ല. കാട്ടിലായാലും വീട്ടിലായാലും അവര്‍ പരമപ്രശാന്തത അനുഭവിക്കുന്നു.

ഉള്ളില്‍ പ്രശാന്തിയുള്ളവന്, ഗൃഹവും ഒരു വനമെന്നപോലെശാന്തസുന്ദരം; എന്നാല്‍ അശാന്തന് പ്രശാന്തവനവും ഒരു വന്‍നഗരംപോലെ  പ്രക്ഷുബ്ധം. പ്രശാന്തന് ലോകം മുഴുവന്‍ ശാന്തസുന്ദരമായ വനമാണ്. മനശാന്തിയില്ലാത്തവന്റെയുള്ളില്‍ ആയിരക്കണക്കിന് ആകുലചിന്തകള്‍ ഒരു  കടലായി ഇരമ്പിക്കൊണ്ടേയിരിക്കുന്നു. 

No comments:

Post a Comment

Note: Only a member of this blog may post a comment.