Apr 29, 2014

490 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 490

യം പ്രത്യുദേതി സര്‍ഗോയം സ എവൈനം ഹി ചേതതി
പദാര്‍ത്ഥ: സന്നിവേശം സ്വമിവ സ്വപ്നം പുമാനിവ (6.2/13/4)

ഭൂശുണ്ടന്‍ തുടര്‍ന്നു: ആകാശത്ത് സങ്കല്‍പ്പിച്ചുണ്ടാക്കിയ മണിമാളികയെ താങ്ങി നിര്‍ത്താന്‍ ശരിക്കുള്ള തൂണുകള്‍ ആവശ്യമില്ല. അതുപോലെ സങ്കല്‍പ്പകൽപ്പിതമായ ലോകക്കാഴ്ചകള്‍ ശരിയായ കാലദേശനിബന്ധനകളെ ആശ്രയിക്കുന്നില്ല.

കാലം, ദേശം, ലോകം, ഇവയെല്ലാം വെറും ധാരണകള്‍ മാത്രമാണെന്ന് അറിയുക. അതിസൂക്ഷമമായ ലോകമെന്ന ഈ പ്രകടനം നിലനില്‍ക്കുന്നത് മാനസീക വ്യാപാരങ്ങള്‍, അല്ലെങ്കില്‍ ചിന്തകള്‍കൊണ്ട് മാത്രമാണ്. അത് കാറ്റിലെ സുഗന്ധംപോലെയാണ്. ഒരു വ്യത്യാസമുള്ളത് കാറ്റിലെ സുഗന്ധം എല്ലാവര്‍ക്കും അനുഭവിക്കാം, എന്നാല്‍ ലോകമെന്ന കാഴ്ച കാണുന്നത് ആ കാഴ്ച്ചയെ ധരിക്കുന്ന മനസ്സുകള്‍ക്ക് മാത്രമാണ്.

“സ്വപ്നം, സ്വപ്നം കാണുന്നയാളിന്റെ അനുഭവം മാത്രമാണ്; അതുപോലെ ഈ ലോകം അനുഭവമാകുന്നത് ആരാണോ തന്റെ മനസ്സില്‍ ലോകത്തെ ഉയരാന്‍ അനുവദിക്കുന്നത്, അവനു മാത്രമാണ്.”

ഇതിനെ സംബന്ധിച്ച് പുരാതനമായ ഒരു കഥയുണ്ട്. അതില്‍ ദേവരാജനായ ഇന്ദ്രന്‍  എങ്ങിനെയാണ് ഒരു സൂക്ഷ്മാണു ഘടകത്തിന്റെ ഉദരത്തില്‍ ഒളിച്ചിരിക്കാന്‍ ഇടയായത് എന്ന് പറയുന്നുണ്ട്. എവിടെയോ ഒരിടത്ത്, ഏതോ കാലത്ത്, ഏതോ തരത്തിലുള്ള ഒരു മരമുണ്ടായിരുന്നു. ആഗ്രഹങ്ങളെയെല്ലാം സാധിപ്പിച്ച് തരുന്ന അഭീഷ്ടപ്രദായിനിയായ ഒരു വൃക്ഷം. അതിന്റെ ഒരു ശിഖരത്തില്‍ വിശ്വമെന്ന ഒരു ഫലമുണ്ടായി. ഈ ഫലം അതീവമായ പ്രത്യേകതകള്‍ ഉള്ളതും മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തവുമായിരുന്നു. ഫലത്തിനുള്ളിലെ പുഴുക്കള്‍ എന്നപോലെ എല്ലാത്തരം ജീവജാലങ്ങളും, ദേവ, മനുഷ്യ-അസുരവര്‍ഗ്ഗങ്ങളും അതിൽ വസിച്ചിരുന്നു. അതില്‍ ഭൂമിയും സ്വര്‍ഗ്ഗവും നരകവുമെല്ലാം ഉണ്ടായിരുന്നു. ഭീമാകാരമായ വലുപ്പം അതിനുണ്ടായിരുന്നു. അനന്താവബോധത്തിന്റെ വിക്ഷേപമായിരുന്ന അത് എല്ലാറ്റിനെയും ആകര്‍ഷിച്ചു. അനന്തമായ അനുഭവങ്ങള്‍ സാദ്ധ്യതകളായി അതിനുള്ളില്‍ ഉണ്ടായിരുന്നു. മേധാശക്തിയുടെ പ്രഭയില്‍ ജ്വലിച്ചിരുന്ന അതിന്റെ ഉള്ളിന്റെയുള്ളില്‍ അഹംഭാവമായിരുന്നു.

അതിനുള്ളിലെ ജീവികളില്‍ മന്ദതയിലും ആന്ധ്യത്തിലും ആണ്ടുമുങ്ങിയവര്‍ മുതല്‍ പ്രബുദ്ധതയിലെത്താന്‍ വെമ്പുന്നവര്‍വരെ ഉണ്ടായിരുന്നു. ദേവരാജനായ ഇന്ദ്രനും അതിലുണ്ടായിരുന്നു.

ഒരിക്കല്‍ ഭഗവാന്‍ വിഷ്ണുവും മറ്റും വിശ്രമിക്കുമ്പോള്‍ ആ തക്കം നോക്കി ശക്തരായ അസുരന്മാര്‍ ഇന്ദ്രനെ ആക്രമിച്ചു. ആകെ വിഷമിച്ച ഇന്ദ്രന്‍ പത്തു ദിക്കിലേയ്ക്കും പാലായനം ചെയ്തു. അവസാനം അസുരന്മാര്‍ക്ക് കീഴടങ്ങി. എന്നാല്‍ ഈ അസുരന്മാരുടെ ശ്രദ്ധയൊന്ന് പതറിയ മാത്രയില്‍ ഇന്ദ്രന്‍ അതി സൂക്ഷ്മമായ രൂപം പൂണ്ടു. തന്റെ വലുപ്പവും ഉന്നതിയും മനസാ ഉപേക്ഷിച്ച് താന്‍ അതിസൂക്ഷ്മ ജീവിയാണെന്ന ധാരണ ഉറപ്പിച്ച് ഇന്ദ്രന്‍ ഒരു സൂക്ഷമാണുവിന്റെ ഉള്ളില്‍ പ്രവേശിച്ചു. അവിടെ അദ്ദേഹം പ്രശാന്തിയും വിശ്രാന്തിയും കണ്ടെത്തി. അസുരന്മാരുമായുള്ള യുദ്ധത്തെ അദ്ദേഹം പാടെ മറന്നു.

അതിനുള്ളില്‍ അദ്ദേഹം ഒരു കൊട്ടാരം വിഭാവനം ചെയ്തു. ഒരു രാജ്യം, പട്ടണങ്ങള്‍, കാടുകള്‍, എന്നുവേണ്ട, ലോകം മുഴുവനും അവിടെ കണ്ടു. സ്വര്‍ഗ്ഗ നരകങ്ങളും എല്ലാം അവിടെ ഉണ്ട്. അദ്ദേഹം സ്വയം സ്വര്‍ഗ്ഗാധിപനായി. കുന്ദന്‍ എന്ന് പേരായ ഒരു പുത്രന്‍ അദ്ദേഹത്തിനുണ്ടായി. കുറച്ചു കഴിഞ്ഞ് എണ്ണ തീര്‍ന്ന വിളക്കുപോലെ അദ്ദേഹം ദേഹമുപേക്ഷിച്ചു നിര്‍വാണപദം പ്രാപിച്ചു. കുന്ദന്‍ പിന്നെ ഇന്ദ്രനായി. അദ്ദേഹത്തിനും യുദ്ധവീരനും തേജസ്വിയുമായ ഒരു സുപുത്രനുണ്ടായി. അങ്ങിനെ അദ്ദേഹത്തിന്‍റെ തലമുറ നിലനിന്നു. തലമുറകളിലൂടെ അതിപ്പോഴും തുടരുകയാണ്. ആ അതി സൂക്ഷ്മാണുവിന്റെയുള്ളില്‍ അങ്ങിനെയുള്ള അനേകം രാജാക്കന്മാരും അവര്‍ ഭരിക്കുന്ന  സാമ്രാജ്യങ്ങളും ഉണ്ട്.

Apr 28, 2014

489 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 489

അര്‍ഥം, സജ്ജനസമ്പര്‍ക്കാദവിദ്യായാ വിനശ്യതി
ചതുര്‍ഭാഗസ്തു ശാസ്ത്രാര്‍ത്ഥശ്ചതുര്‍ഭാഗ: സ്വയത്നത:  (6.2/12/37)
ഭൂശുണ്ടന്‍ തുടര്‍ന്നു: ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ അമൃതവര്‍ഷം സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ കാലദേശങ്ങള്‍ വാസ്തവത്തില്‍ ഉള്ളവ അല്ലാത്തതിനാല്‍ കാണപ്പെടുന്ന എല്ലാമെല്ലാം ഭഗവാനില്‍ നിന്നും വിഭിന്നമാവുക അസാദ്ധ്യം. ജലം അലകളും ചുഴികളുമായി കാണപ്പെടുന്നത് പോലെ, അകലെ നിന്ന് നോക്കുമ്പോള്‍ ആകാശത്തിലുയര്‍ന്നു പൊങ്ങുന്ന പുക കാര്‍മേഘമാണെന്ന് തോന്നുന്നതുപോലെ, ബോധം, സ്വയം അവബോധിക്കുമ്പോള്‍ ബോധം, ധാരണ എന്നിവയ്ക്കിടയ്ക്ക് സൃഷ്ടി എന്നൊരു ഘടകം കൂടി ഉടലെടുക്കുന്നു.
തൂണിലോ സ്പടികത്തിലോ പതിഞ്ഞ വാഴയുടെ നിഴല്‍പോലെ  ഇത് വെറുമൊരു വിക്ഷേപം മാത്രമാണ്. എന്നാല്‍ വേണ്ടപോലെയുള്ള അന്വേഷണം നടത്തുമ്പോള്‍ ഈ സത്യമെന്ന് തോന്നിച്ച വിഷയം തന്നെ അപ്രത്യക്ഷമാവും. ലോകമെന്ന കാഴ്ച ചിത്രപടത്തിലെ സാമ്രാജ്യത്തിനു സമം. ചിത്രത്തിലെ വിവിധ ഭാഗങ്ങള്‍ അത്യാകര്‍ഷണീയങ്ങളായ ചായക്കൂട്ടുകള്‍ കൊണ്ട് വരച്ചു വച്ചിരിക്കുന്നത്പോലെ ലോകവും വൈവിദ്ധ്യമാര്‍ന്ന ഇന്ദ്രിയാനുഭവങ്ങളിലൂടെ നമ്മെ ആകര്‍ഷിക്കുന്നു.

ഈ കാഴ്ച കാഴ്ചക്കാരന്റെ അഹംഭാവത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഈ അഹംഭാവമെന്നത് അസത്താണെന്ന് നമുക്കറിയാം. അപ്പോള്‍ അത് ആത്മാവില്‍ നിന്നും വിഭിന്നമല്ല. ജലത്തില്‍ നിന്നും നനവിനെ വേര്‍പെടുത്താന്‍ വയ്യ. ബോധപ്രകാശം തന്നെയാണ് ആത്മാവ്. ‘ഞാന്‍’ എന്ന ധാരണ  ആത്മാവില്‍ ഉയരുമ്പോഴാണ് സൃഷ്ടി ആരംഭിക്കുന്നത്. ഈ ധാരണയിലൂടെയല്ലാതെ മറ്റൊരു സൃഷ്ടിയുമില്ല; സൃഷ്ടാവുമില്ല. ജലത്തിന്റെ സ്വഭാവമാണ് ഒഴുക്ക്.  എന്നാല്‍ ജലത്തിനെ സംബന്ധിച്ചിടത്തോളം ഒഴുക്കെന്നത് ജലത്തില്‍ നിന്ന് വേറിട്ടൊരു കാര്യമല്ല. ഒഴുകുന്ന വെള്ളം, വെള്ളം തന്നെ. ആകാശംപോലെ അനന്തമാണ്‌ ബോധം. അതിനുള്ളില്‍ മറ്റൊരാകാശത്തെപ്പറ്റി അതിന് അവബോധിക്കേണ്ടതായില്ല.

ഒരേ ജലത്തിനെ പല ദേശകാലങ്ങളില്‍ കാണുമ്പോള്‍ ചലനം എന്ന ധാരണ ഉണ്ടാവുന്നു. അതുപോലെ ബോധത്തിലുണ്ടാവുന്ന അവബോധം കാലദേശധാരണകളുമായി ചേര്‍ന്ന് സൃഷ്ടിയെന്ന ധാരണയെ ഉളവാക്കുന്നു. (വാസ്തവത്തില്‍ കാലവും ദേശവും ‘ഇല്ലാത്ത’ വസ്തുക്കളാകയാല്‍ ഇത്തരം സൃഷ്ടി എന്നത് അസാദ്ധ്യമാണ്. മാത്രമല്ല, ബോധത്തെ ജലവുമായി താരതമ്യപ്പെടുത്തുന്നത് കേവലം അപര്യാപ്തവുമാണ്.)

മനസ്സിന്റെ, അഹംഭാവത്തിന്റെ, ബുദ്ധിയുടെ, എല്ലാം തലങ്ങളില്‍ നീ എന്തൊക്കെ അറിയുന്നുവോ അതെല്ലാം അജ്ഞാനം മാത്രമാണ്. എന്നാല്‍ ഈ അജ്ഞാനം സ്വപ്രയത്നത്താല്‍ ഇല്ലാതാക്കാന്‍ സാധിക്കും. ഈ അജ്ഞാനത്തിന്റെ പകുതി മഹാത്മാക്കളുമായുള്ള സത്സംഗം കൊണ്ട് ഇല്ലാതെയാക്കാം. നാലിലൊന്ന് ശാസ്ത്രപഠനം കൊണ്ടും പിന്നെയുള്ളത് സ്വപ്രയത്നം കൊണ്ടുമാണ് ഇല്ലാതാക്കാന്‍ സാധിക്കുക.

രാമന്റെ ചോദ്യത്തിനുത്തരമായി വസിഷ്ഠന്‍ വിശദീകരിച്ചു: സാധകന്‍ ജ്ഞാനികളുടെ സാന്നിദ്ധ്യം തേടി അവരുടെ കൂടെയിരുന്ന് സൃഷ്ടിയെപ്പറ്റിയുള്ള സത്യം ഗ്രഹിക്കാന്‍ ശ്രമിക്കണം. മഹാത്മാക്കളായ ഗുരുക്കന്മാരെ കണ്ടുപിടിച്ച് അവരെ പൂജിക്കണം. കാരണം ശരിയായ മഹാത്മാക്കളെ കാണുന്ന മാത്രയില്‍, ആ സത്സംഗം ഒന്നുകൊണ്ടു മാത്രം സാധകനിലെ പകുതി അവിദ്യയ്ക്കും അവസാനമായി.

അജ്ഞാനത്തിന്റെ “പിന്നീടുള്ള നാലിലൊന്ന് ഭാഗം ശാസ്ത്രപഠനം കൊണ്ടും ബാക്കി സ്വപ്രയത്നത്താലും ഇല്ലാതാവുന്നു.” മഹാത്മാക്കളുമായുള്ള സംസര്‍ഗ്ഗം സുഖാസക്തിയെ അവസാനിപ്പിക്കുന്നു. അതിനെ സ്വപ്രയത്നത്താല്‍ സുദൃഢമായി പരിത്യജിക്കുമ്പോള്‍ അജ്ഞാനത്തിന് അന്ത്യമായി. ഇതെല്ലാം ഒന്നിച്ചുണ്ടാവാം, പടിപടിയായും സാധകനില്‍ ഇവ അങ്കുരിക്കാം.

488 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 488

ന കേനചിത്കസ്യചിദേവ കശ്ചി
ദ്ദോഷോ ന ചൈവേഹ ഗുണ: കദാചിത്
സുഖേന ദുഖേന ഭവാഭവേന
ന ചാസ്തി ഭോക്താ ന ച കര്‍തൃതാ ച (6.2/11/15)

ഭൂശുണ്ടന്‍ തുടര്‍ന്നു: ആരിലാണോ മൂര്‍ച്ചയേറിയ ആയുധങ്ങളുമായുള്ള സംസര്‍ഗ്ഗവും നഗ്നസ്ത്രീകളുമായുള്ള സംസര്‍ഗ്ഗവും ഒരുപോലെയുള്ള അനുഭവങ്ങളാകുന്നത് അയാള്‍ പരമാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. നിസ്തന്ദ്രമായ ആത്മീയസാധനയില്‍ മുഴുകുന്നതിലൂടെ സാധകന് ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും വിഷയവസ്തുക്കളുമായുള്ള സംസര്‍ഗ്ഗം ഒരേപോലെ അനുഭവപ്പെടുന്നു. മാനസീകപ്രശ്നങ്ങളോ രോഗങ്ങളോ ഒന്നും ആത്മജ്ഞാനിയെ ബാധിക്കുന്നില്ല. ഒരാള്‍ വിഷം കഴിച്ചെന്നിരിക്കട്ടെ. അത് അയാളുടെ ദേഹത്തെ ബാധിക്കുമ്പോള്‍ വിഷത്തിന്റെ തനതു സ്വഭാവം നഷ്ടമാവുന്നില്ല. അതുപോലെ ആത്മാവ് ജീവഭാവം കൈക്കൊള്ളുമ്പോഴും അത് അവിഛിന്നമായ ബോധം, അല്ലെങ്കില്‍ ആത്മാവ് തന്നെ. അതുപോലെയാണ് ബോധം ജഡസ്വഭാവം കൈക്കൊള്ളുന്നത്. ബ്രഹ്മത്തില്‍ നിന്നും എന്തോ ഒന്ന് ഉയര്‍ന്നുവന്നതായി കാണപ്പെടുന്നു. എന്നാലത് ബോധത്തില്‍ നിന്നും വിഭിന്നമല്ല. വിഷം വിഷത്തിന്റെ സ്വഭാവം മാറാതെ തന്നെ ദേഹത്തിനെ വിഷലിപ്തമാക്കുന്നു. അതുപോലെ ആത്മാവ് ജനിക്കുന്നോ മരിക്കുന്നോ ഇല്ല. എന്നാല്‍ മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ അത് ഉണ്ടായി മറയുന്നതായി കാണപ്പെടുന്നുണ്ട്താനും.
ഒരുവന്റെ മേധാശക്തി വിഷയധാരണയില്‍ മുങ്ങിമുഴുകാതെയിരിക്കുമ്പോള്‍ മാത്രമേ അയാള്‍ക്ക് സംസാരസാഗരത്തെ ഒരു ഗോഷ്പദമെന്നപോലെ നിഷ്പ്രയാസം മറികടക്കാന്‍ കഴിയൂ. അതിനായി ഈശ്വരനെയൊ മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങളോ തേടേണ്ടതായിട്ടില്ല. സര്‍വ്വവ്യാപിയും സര്‍വ്വശക്തവുമായ ആത്മാവില്‍ എങ്ങിനെയാണ്‌ അഹംഭാവത്തിന് ഇരിപ്പിടമുണ്ടാവുക?

“ഒരിടത്തും ആര്‍ക്കും ഒരുകാലത്തും പാപമോ പുണ്യമോ ഇല്ല. സദ്‌വൃത്തികളോ ദുഷ്വൃത്തികളോ ഇല്ല. സുഖമോ ദുഖമോ ഇല്ല. ഐശ്വര്യമോ ദാരിദ്ര്യമോ ഇല്ല. കര്‍ത്താവോ ഭോക്താവോ ഇല്ല.”

ആത്മാവില്‍ അഹംഭാവം ഉണര്‍ന്നു എന്ന് പറയുന്നത് ദൂരത്തെ ദൂരമാക്കാന്‍ (ആകാശമാക്കാന്‍) കൊണ്ടുവന്നു എന്ന് പറയുന്നതുപോലെ അസംബന്ധം. അഹംഭാവം അസത്താണ്. വെറും ഭ്രമക്കാഴ്ച മാത്രമാണ്. ആകാശത്തിനു ‘ആകാശത്വം’ എന്ന അപാരതയാണ് സ്വരൂപം. ബോധത്തിന് അവബോധമാണ് സ്വരൂപം. ‘ഞാന്‍’ എന്ന അഹം ‘അതാ’ണെന്നോ ‘അത’ല്ലെന്നോ പറയുകവയ്യ.

ബോധം നിലകൊള്ളുന്നത് ഓരോ അണുവിലും മഹാമേരുക്കള്‍ ഉള്‍ക്കൊള്ളുന്നു എന്നതുപോലെയാണ്. കാരണം അതീവ സൂക്ഷ്മമാണത്. ഈ അതിസൂക്ഷ്മബോധം, ‘ഞാന്‍’, ‘അത്’, ഇത്യാദി ധാരണകളെ സ്വാംശീകരിച്ച് അതതു വസ്തുക്കളാവുന്നു. അലകളും ചുഴികളുമെല്ലാം ജലം തന്നെ. അഹംഭാവം, ആകാശം തുടങ്ങിയ ധാരണകളും ബോധം തന്നെയാണ്. ഇത്തരം ധാരണകളുടെ അവസാനമാണ് വിശ്വപ്രളയം. അങ്ങിനെ ഈ വിശ്വം ധാരണകളായി പ്രകടിതമായി, ധാരണകളായിത്തന്നെ ഒടുങ്ങുന്നു. ഈ മാറ്റങ്ങളൊന്നും ബോധത്തിനെ ബാധിക്കുന്നില്ല. ബോധത്തില്‍ സുഖദുഖാദി അനുഭവങ്ങളില്ല. ‘ഇത് ഞാന്‍’ എന്ന ധാരണയും ഇല്ല. ധൈര്യം, സുഖം, ഐശ്വര്യം, ഭയം, സ്മൃതി, യശസ്സ്, തേജസ്സ്, ഒന്നും ബോധത്തിന് ബാധകമല്ല. അവയെല്ലാം ആത്മാവില്‍ ആരോപിക്കുന്നത് ഇരുട്ടില്‍ സര്‍പ്പത്തിനു കാലുകള്‍ ഉണ്ടെന്നു കരുതുന്നതുപോലെയാണ്.

Apr 27, 2014

487 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 487

ബ്രഹ്മണ്യശേഷശക്തിത്വാദചിത്വം വിദ്യതേ തഥാ
അക്ഷുബ്ധേ വിമലേ തോയേ ഭാവിഫേനലവോ യഥാ (6.2/10/3)
ഭൂശുണ്ടന്‍ തുടര്‍ന്നു: അല്ലയോ ഗന്ധര്‍വ്വാ, അങ്ങ് ഇക്കാണായ ലോകക്കാഴ്ചകള്‍ അനന്താവബോധത്തിന്റെ പ്രകടിതരൂപമാണെന്ന ചിന്തകളെ ഉപേക്ഷിച്ചാലും. എന്നിട്ട് നിത്യനിര്‍മ്മലമായ ആത്മാവില്‍ അഭിരമിച്ചാലും. ബോധതലത്തില്‍ മന്ദത സ്വയം ഉണ്ടാവുന്നതാണ്. എന്നാല്‍ അത് ബോധത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നതായി കാണപ്പെടുന്നു. അഗ്നിയെ പ്രോജ്വലിപ്പിക്കുന്ന അതെ കാറ്റിനു തന്നെ അതിനെ കെടുത്താനും കഴിയുമല്ലോ. അതുപോലെയാണ് ബോധം അവബോധത്തെയും മാന്ദ്യത്തെയും പരിപോഷിപ്പിക്കുന്നത്.
അതിനാല്‍ അങ്ങയുടെ പ്രബുദ്ധമായ മേധാശക്തി അല്ലെങ്കില്‍ ബോധംകൊണ്ട്  അഹം എന്നൊന്ന് ഇല്ലേയില്ല എന്ന തിരിച്ചറിവുണ്ടാക്കി ബാക്കി ശേഷിക്കുന്നത് എന്താണോ അതില്‍ അഭിരമിക്കുക. അപ്പോള്‍ ബോധം പരമാവബോധത്തില്‍ വിലീനമാവും. അവിടെ ബോധത്തിന് വിഷയമില്ല. അതാണ്‌ അന്യാദൃശ്യമായ പരബ്രഹ്മം. വിശ്വം മുഴുവന്‍ നിറഞ്ഞു വിളങ്ങുന്ന അനന്തവും അവിച്ഛിന്നവുമായ ബോധമാണത്. ഇതിനെ സാക്ഷാത്ക്കരിച്ചശേഷം ഇഷ്ടാനുസരണം വര്‍ത്തിച്ചാലും.

അജ്ഞാനംമൂലം കണ്ണുകള്‍ മൂടപ്പെട്ടിരിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ വൈവിദ്ധ്യതയാര്‍ന്ന ലോകത്തെ കാണുന്നുള്ളു. ഈ കാഴ്ചകളെല്ലാം കണ്ണിനസുഖമുള്ളവന്‍ ആകാശത്ത് കാണുന്ന വൃക്ഷങ്ങള്‍ എന്നപോലെയാണ്. ജലത്തില്‍ പ്രതിഫലിക്കുന്ന അഗ്നി അഗ്നിയില്‍ നിന്നുമെങ്ങിനെ വിഭിന്നമല്ലയോ അപ്രകാരം വെറും ജഡമായ വിശ്വം അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ല. അതുപോലെ അവിദ്യയും വിദ്യയും തമ്മിലും വാസ്തവത്തില്‍ ഭിന്നതകള്‍ ഇല്ലതന്നെ.

“ബ്രഹ്മത്തിന്റെ സാദ്ധ്യതകള്‍ അനന്തമാകയാല്‍ മന്ദത, അല്ലെങ്കില്‍ ബോധഹീനാവസ്ഥയും ബോധത്തില്‍ പ്രകടിതമാവുന്നു. പ്രശാന്തമായ ജലോപരി അലകളും തരംഗങ്ങളും സാദ്ധ്യതകളായി ഉള്ളതുപോലെ ബ്രഹ്മത്തില്‍ മന്ദത ഒരു സാദ്ധ്യതാ സാന്നിദ്ധ്യമായി, ലീനശക്തിയായി നിലകൊള്ളുന്നുണ്ട്.

ജലത്തിന് അലകളെയുണ്ടാക്കാന്‍ യാതൊരു പ്രചോദനവും ഇല്ല. അതുപോലെ ബ്രഹ്മത്തില്‍ വിശ്വസൃഷ്ടിക്കായി യാതൊരുവിധ ചോദനകളും ഇല്ല. സൃഷ്ടിയെന്ന പ്രതിഭാസത്തിനു മതിയായ കാരണം ഇല്ലാത്തതുകൊണ്ട് സൃഷ്ടി നടന്നിട്ടുണ്ട് എന്ന് അനുമാനിക്കാന്‍ സാദ്ധ്യമല്ല. വിശ്വം ഒരു മരുമരീചികപോലെ അസത്താണ്. വസ്തുതയല്ല.
ബ്രഹ്മം മാത്രം നിലകൊള്ളുന്നു. പ്രശാന്തതയാണത്. ഉപാധിരഹിതമാണത്. ബ്രഹ്മം ഒന്നും സൃഷ്ടിക്കുന്നില്ല. അല്ലയോ ഗന്ധര്‍വ്വാ അങ്ങ് അവിച്ഛിന്നമായ, അവിഭാജ്യമായ, ആകാശസമാനമായ ഏക സ്വരൂപമാണ്. അങ്ങാണ് അറിയുന്നവന്‍. അങ്ങത് അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സംശയങ്ങള്‍ ഉപേക്ഷിക്കൂ. അങ്ങ് അജനും അനന്തനും ആണെന്ന് അറിയുമ്പോള്‍ എല്ലാ അവിദ്യയും മൂഢത്വവും അവസാനിക്കും. അതോടെ ലോകമെന്ന കേട്ടുകാഴ്ചയ്ക്കും അന്ത്യമാവും.

സര്‍വ്വ വ്യാപിയായ പരബ്രഹ്മം ഉള്ളിടത്തെല്ലാം (അതായത് എല്ലായിടത്തും) ഈ വിശ്വമെന്ന കാഴ്ചയുണ്ടാവും. പുല്‍ക്കൊടിയില്‍, മരത്തില്‍, ജലത്തില്‍, ജീവജാലങ്ങളില്‍, എല്ലായിടത്തും ഒരേയൊരു പരബ്രഹ്മം നിലകൊള്ളുന്നു. ആ പരബ്രഹ്മത്തെ വിവരിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ല.അതിനെ നിര്‍വചിക്കാനുമാവില്ല. അതില്‍ ‘മറ്റൊന്ന്’ ഇല്ല. അതിനാല്‍ അതിനോട് താരതമ്യപ്പെടുത്താന്‍ ഒന്നുമില്ല. അതിനാല്‍ ബ്രഹ്മത്തിന്റെ സ്വഭാവത്തെപ്പറ്റി പറയുന്നത് പോലും അസംബന്ധമാണ്.

അഹംഭാവം അസ്തമിക്കുമ്പോള്‍ എന്താണോ അനുഭവവേദ്യമാവുന്നത്, അത് തന്നെയാണ് അഹം നിലനില്‍ക്കെ അഹത്തിന്റെ ഉള്ളറിയാന്‍ ആത്മാന്വേഷണം നടത്തുന്നവനിലും അനുഭവപ്പെടുന്നത്. ബോധത്തില്‍ അഹം വിലീനമായിത്തീരുന്നുകയാണ്.

486 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 486

കിമജ്ഞാത്വാജ്ജഗജ്ജാതം ജഗതോഥ കിമജ്ഞതാ
വിചാര്യാപീതി നോ വിദ്മ ഏകത്വാദലമേതയോ: (6.2/7/8)
ഭൂശുണ്ടന്‍ മറുപടിയായിപ്പറഞ്ഞു: അല്ലയോ ഗഗനചാരിയായ വിദ്യാധരാ, അങ്ങ് അനുഗൃഹീതനാണ്‌. ആത്മീയമായി ഉണരാനും സ്വയം ഉയര്‍ത്താനും അങ്ങേയ്ക്ക് കഴിഞ്ഞുവല്ലോ. അങ്ങയുടെ മേധാശക്തി പൂര്‍ണ്ണമായും ഉണര്‍ന്നിരിക്കുന്നതിനാല്‍ എന്റെ ഉപദേശം അങ്ങില്‍ വേണ്ടരീതിയില്‍ത്തന്നെ അനായാസം പതിയും എന്നെനിക്കറിയാം. കാലാകാലങ്ങളായുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ പറയുന്നത്. ശ്രദ്ധിച്ചുകേട്ടാലും.
‘ഞാന്‍’, ‘നീ’, എന്നെല്ലാം പറയപ്പെടുന്ന വസ്തുതയല്ല നിന്റെ സ്വരൂപം. കാരണം അവയ്ക്കായി നീ അന്വേഷിക്കുമ്പോള്‍ നിനക്കവയെ കാണാന്‍ സാധിക്കുന്നില്ലല്ലോ. ‘ഞാന്‍’,‘നീ’,‘ലോകം, എന്നിവയെല്ലാം അസത്താണെന്ന് തിരിച്ചറിയുന്നത് ആനന്ദത്തിന് വഴിതെളിക്കുന്നു. അതുണ്ടാക്കുന്നത് തീര്‍ച്ചയായും ദുഖമല്ല. അവിദ്യയുടെ ഉറവിടം കണ്ടെത്തുക അസാദ്ധ്യം.

“ഏറെക്കാലത്തെ അന്വേഷണത്തിനു ശേഷവും ലോകമുണ്ടായത് അവിദ്യയില്‍ നിന്നാണോ, അതോ ലോകത്തില്‍ നിന്നാണോ അവിദ്യയുണ്ടായത് എന്ന് മനസ്സിലാക്കുക വയ്യ. രണ്ടും ഒരേ കാര്യത്തിന്റെ രണ്ട് വശങ്ങളാണ്.” നിലനില്‍ക്കുന്നത് ഒരേയൊരു അനന്താവബോധം (ബ്രഹ്മം) മാത്രമാണ്. ലോകമെന്ന കാഴ്‌ച, മറു മരീചികപോലെയാണ്, ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ത്ത്‌ പറയാന്‍ കഴിയില്ല.

ലോകത്തിന്റെ ബീജം അഹമാണ്.ലോകമെന്ന വടവൃക്ഷം വളരുന്നത് അഹം ഭാവത്തില്‍ നിന്നുമാണ്. ഇന്ദ്രിയങ്ങളും അവയ്ക്ക് സംവദിക്കാനുള്ള വസ്തുക്കളും, പലവിധത്തിലുള്ള ഉപാധികളും, സ്വര്‍ഗ്ഗനരകങ്ങളും, സമുദ്രശൈലാദികള്‍ നിറഞ്ഞ ഭൂമിയും, കാലഘടനയും, എല്ലാവിധ നാമരൂപങ്ങളും, ലോകമെന്ന ഈ വൃക്ഷത്തിന്റെ ശാഖകളത്രേ.    
എന്നാല്‍ ആ വിത്തിനെ തീയില്‍ എരിയിച്ച്‌ കളഞ്ഞാല്‍പ്പിന്നെ മരമെങ്ങിനെ ഉണ്ടാകാനാണ്? എന്നാല്‍ ഈ വിത്തിനെ എങ്ങിനെയാണ് ചാമ്പലാക്കുക?

അഹംഭാവത്തിന്റെ വേരന്വേഷിക്കുമ്പോള്‍ അങ്ങിനെ ഒന്നില്ല എന്ന അറിവുണ്ടാവുന്നു. ആ അറിവിന്റെ അഗ്നിയാണ് അഹമെന്ന വേരിനെ ചാമ്പലാക്കുന്നത്. അഹം എന്ന ധാരണയ്ക്ക് ഇടം നല്‍കുമ്പോള്‍ അത് ലോകത്തെ സൃഷ്ടിക്കുന്നു. ഈ മിഥ്യാധാരണയെ വര്‍ജ്ജിക്കുന്നതോടെ അഹംഭാവം അപ്രത്യക്ഷമായി ആത്മജ്ഞാനമുണരുന്നു.

പ്രത്യക്ഷലോകത്തിന്റെ ആദിയില്‍ അഹംഭാവം ഒരു വസ്തുവായി നിലനിന്നിരുന്നിട്ടേയില്ല. അപ്പോള്‍പ്പിന്നെ അഹംഭാവത്തിന്റെ സത്തയെപ്പറ്റി, ‘ഞാന്‍’, ‘നീ’, എന്നിവയെപ്പറ്റി, ദ്വൈതാദ്വൈതങ്ങളെപ്പറ്റി, എല്ലാം  നമുക്കെങ്ങിനെയാണ് വിശ്വസിക്കാനാവുക? തീവ്രമായ സാധനയോടെ, സത്യാന്വേഷണകുതുകികളായി ഗുരുമുഖത്തു നിന്നും ശാസ്ത്രജ്ഞാനം നേടിയവര്‍ അനായാസം ആത്മജ്ഞാനം പ്രാപിക്കുന്നു. ലോകമായി കാണപ്പെടുന്നത് ഒരുവന്റെ ധാരണകളും സങ്കല്‍പ്പചിന്തകളുമാണ്. അവ ബോധത്തില്‍ അധിഷ്ഠിതമാണ്. ബോധമെന്ന പൊരുളില്‍ പ്രതിഫലിക്കുന്ന ഭ്രമക്കാഴ്ചയാണ് ലോകം.
   
അതിനാല്‍ ലോകത്തെ സത്തെന്നും അസത്തെന്നും പറയാം.

സ്വര്‍ണ്ണവളയിലെ സ്വര്‍ണ്ണമാണ് ഉണ്മ. വളയെന്ന നിര്‍മ്മിതിയാണ് ധാരണ, അല്ലെങ്കില്‍ സങ്കല്പം. ലോകമെന്ന ഈ ഭ്രമക്കാഴ്ചയുടെ പ്രത്യക്ഷപ്പെടലും മറയലും ഈ സങ്കല്‍പ്പത്തിന്റെ മാറിമറയലുകള്‍ മാത്രമാണ്. ഈ അറിവുറച്ചവന് ഭൂമിയിലെയോ സ്വര്‍ഗ്ഗത്തിലെയോ സുഖങ്ങളില്‍ താല്‍പ്പര്യമേതുമില്ല. അയാള്‍ക്കിനി ജനനമരണങ്ങള്‍ ഇല്ല.

Apr 25, 2014

485 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 485

ഇന്ദ്രിയോത്തമരോഗാണാം ഭോഗാശാവര്‍ജനാദൃതേ
നൌഷധാനി ന തീര്‍ത്ഥാനി ന ച മന്ത്രാശ്ച ശാന്തയേ (6.2/6/45)

വിദ്യാധരന്‍ തുടര്‍ന്നു: അനാദിയും അനന്തവും അപരിമേയവും വളര്‍ച്ചയോ തളര്‍ച്ചയോ ഇല്ലാത്തതും നിത്യശുദ്ധവുമായ ആ സത്തയെപ്പറ്റി പറഞ്ഞു തന്നാലും. ഇത്രയും കാലം ഞാന്‍ ഉറക്കത്തിലെന്നപോലെ തമസ്സിലായിരുന്നു. അങ്ങാണ് കൃപാപൂര്‍വ്വം എന്നെ വന്നുണര്‍ത്തിയത്. എന്നെ വിഭ്രമം എന്ന കൊടുംതീയില്‍ നിന്നും മോചിപ്പിച്ചാലും.

ജീവികള്‍ ഇവിടെ ജനിച്ചു ജീവിച്ചു മരിക്കുന്നു. അതൊന്നും ധര്‍മ്മത്തിനോ മോക്ഷത്തിനോ വേണ്ടിയല്ലെന്നു തോന്നുന്നു. ഈ ഭ്രമക്കാഴ്ചയ്ക്ക് ഒരിക്കലും അന്തമില്ലതാനും. ലോകത്തിലെ സുഖാനുഭാവദാതാക്കളും അവയുടെ സ്രോതസ്സുകളും ഈ ഭ്രമത്തിന്റെ രൂക്ഷതയെ കൂട്ടുന്നതല്ലേയുള്ളു? എനിക്കവയില്‍ ആഹ്ലാദം കണ്ടെത്താനാവുന്നില്ല. സ്വര്‍ഗ്ഗീയസുഖങ്ങള്‍ എല്ലാംതന്നെ ഞാന്‍ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ വിവേകത്തിന്റെ വെളിച്ചത്തില്‍ എന്നില്‍ അത്തരം സുഖങ്ങള്‍ക്കായുള്ള ആസക്തി തീരെ ഇല്ലാതായിരിക്കുന്നു. 

പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളായ കാണല്‍, തൊടല്‍, സ്വാദറിയല്‍, മണക്കല്‍, കേള്‍ക്കല്‍ എന്നിവയെല്ലാം എന്നില്‍ എന്തൊക്കെ താറുമാറാണുണ്ടാക്കുന്നത്! ഇത്തരത്തിലുള്ള ആവര്‍ത്തനവിരസങ്ങളായ സുഖാനുഭവംകൊണ്ട് ഞാന്‍ എന്ത് നേടാനാണ്? ആയിരംകൊല്ലം അനുഭവിച്ചാലും ആരിലും ഈ സുഖാസക്തിയ്ക്ക് മതിവരുക എന്നതില്ല. ലോകത്തിന്റെ തന്റെ ചക്രവര്‍ത്തിപദം ലഭിച്ചാലും അതിലെന്താണിത്ര അസാധാരണത്വം ഉള്ളത്? എല്ലാമെല്ലാം നാശത്തിനും മരണത്തിനും വശംവദമാണല്ലോ! പറയൂ ഞാന്‍ എന്ത് നേടിയാലാണ് ഒരിക്കലും അവസാനിക്കാത്ത, ശാശ്വതമായ സംതൃപ്തി എന്നിലുണ്ടാവുക?

വിഷമയമായ ഇന്ദ്രിയാനുഭവങ്ങളുടെ സ്വഭാവം എനിക്ക് മനസ്സിലായിരിക്കുന്നു. എന്റെ ദുരിതത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുവാനേ അതുതകൂ. ഇന്ദ്രിയങ്ങളാകുന്ന അതിശക്തരായ പോരാളികളെ ചെറുത്തു നില്‍ക്കുന്നവനെ മാത്രമേ ധീരനെന്നു വിളിക്കാനാകൂ. ഈ പോരാളികളെ നയിക്കുന്നത് മനസ്സെന്ന സൈന്യാധിപനാണ്. ശരീരമെന്ന ഈ പട്ടണത്തില്‍ ചുറ്റിനടക്കാന്‍ ഈ സൈന്യത്തിനുള്ളത് ഇന്ദ്രിയാനുഭവങ്ങളാകുന്ന കുതിരകളാണ്‌. മഹാത്മാക്കള്‍ക്ക് പോലും ഇന്ദ്രിയങ്ങളുമായി മല്ലടിക്കേണ്ടിവരുന്നുണ്ട്. ഈ രണത്തില്‍ വിജയിയാവുന്നവനാണ് ശരിയായ മഹാത്മാവ്. മറ്റുള്ളവര്‍ വെറും യന്ത്രപ്പാവകള്‍ മാത്രം.

“സുഖാസക്തിയെ കര്‍ശനമായി വര്‍ജ്ജിക്കുക എന്നത് മാത്രമേ ഇന്ദ്രിയാസക്തിയെന്ന രോഗത്തിന് പ്രതിവിധിയായുള്ളു. മരുന്നുകളോ, തീര്‍ത്ഥയാത്രകളോ, മന്ത്രങ്ങളോ ഒന്നും ഇതിനുതകുകയില്ല.” കൊടുംവനത്തിലൂടെ യാത്രപോകുന്നവനെ കൊള്ളയടിച്ചു വഴിയില്‍ ഉപേക്ഷിക്കുന്ന കൊള്ളക്കാരെപ്പോലെ ഇന്ദ്രിയങ്ങള്‍ എന്നെ വഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു. വൃത്തിഹീനങ്ങളായ ഈ ഇന്ദ്രിയങ്ങള്‍ മഹാവിപത്തിലേയ്ക്കാണെന്നെ നയിക്കുന്നത്. അത് ലോഭമുണ്ടാക്കുന്നു. മറുപിറവികള്‍ക്ക്  കാരണമായ അവയെ തരണം ചെയ്യുക പ്രയാസകരമാണ്.

ജ്ഞാനിയുടെ ശത്രുവും, മൂഢന്റെ മിത്രവുമാണവ. പതിതരാണ് ഇന്ദ്രിയങ്ങളെ ആശ്രയിക്കുക. പുണ്യാത്മാക്കള്‍ അവയെ അവഗണിക്കുന്നു. അജ്ഞാനമെന്ന ഇരുട്ടില്‍ പ്രേതങ്ങളെപ്പോലെ അവര്‍ തപ്പിത്തടഞ്ഞു നടക്കുന്നു. അകംപൊള്ളയായ പാഴ്മുളപോലെ, എരിച്ചുകളയാന്‍ മാത്രം യോഗ്യമാണ് ഇന്ദ്രിയങ്ങള്‍. ഭഗവാനേ, അങ്ങാണ് സാധകനുള്ള ഏകാശ്രയം. അവനെ അങ്ങാണ് ആഴക്കയങ്ങളില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അങ്ങയുടെ പ്രബുദ്ധമായ ഉപദേശത്താല്‍ എന്നെ സംസാരമെന്ന ഈ ഘോരസാഗരത്തില്‍ നിന്നും കരകയറ്റിയാലും. ദുഖനിവാരണത്തിന് അങ്ങയേപ്പോലുള്ള മാമുനിമാരെ സേവിക്കുക മാത്രമേ കരണീയമായുള്ളു.

Apr 24, 2014

484 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 484

അനിര്‍വാണേ വിനിര്‍വാണം ശാന്തം ശാന്തേ ശിവേ ശിവം
നിര്‍വാണമപ്യ നിര്‍വാണം സനഭോര്‍ത്ഥം ന വാപി തത് (6.2/4/26)

വസിഷ്ഠന്‍ തുടര്‍ന്നു: “നിര്‍വാണം, അല്ലെങ്കില്‍ മുക്തി, എന്നത് നിര്‍വാണം തന്നെ. പ്രശാന്തിയില്‍ ശാന്തി. ദിവ്യതയില്‍ ദൈവീകത. നിര്‍വാണം അനിര്‍വാണവുമാണ്. അത് ആകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു; ബന്ധപ്പെടാതെയുമിരിക്കുന്നു.

അഹങ്കാരത്തെക്കുറിച്ചുള്ള അയാഥാര്‍ത്ഥ്യം ഉണര്‍ന്നാല്‍പ്പിന്നെ ആയുധങ്ങള്‍ കൊണ്ടോ രോഗപീഢകള്‍കൊണ്ടോ ഉള്ള ആക്രമണങ്ങള്‍ പോലും സഹിക്കാന്‍ കഴിയും. ലോകമെന്ന കാഴ്ചയുടെ വിത്ത്, അതായത് അഹംകാരം നശിച്ചാല്‍പ്പിന്നെ ലോകമെന്ന കാഴ്ചയും അതിനൊപ്പം ഇല്ലാതാകുന്നു.

കണ്ണാടിയ്ക്ക് നീരാവിപിടിച്ചു മങ്ങല്‍ ഏര്‍പ്പെടുന്നതുപോലെ ആത്മാവിനെ അയാഥാര്‍ത്ഥ്യമായ അഹങ്കാരം വന്നു മൂടുകയാണ്. ബാക്കി ലോകത്തെ മുഴുവന്‍ ഉണ്ടാക്കുന്നത് ഈ അഹമാണ്. അതില്ലാതായാല്‍പ്പിന്നെ ആത്മാവ് പ്രോജ്വലത്താകുന്നു. കാര്‍മേഘമെന്ന മറനീങ്ങിയ ആകാശത്ത് സൂര്യനെന്നപോലെ ആത്മാവ് വിളങ്ങുന്നു. കടലില്‍ വീഴുന്ന വസ്തുവിനെ കടല്‍ വിഴുങ്ങുന്നതുപോലെ ആത്മാവില്‍ ചെന്നെത്തുന്ന അഹം വിലയിച്ചില്ലാതാകുന്നു.

അഹം ഉള്ളിടത്തോളം കാലം അനന്തമായ അവബോധം, ബ്രഹ്മം, വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളും വസ്തുക്കളുമായി വിവിധ നാമരൂപങ്ങളോടെ തിളങ്ങുന്നു. എന്നാല്‍ അഹം ഒടുങ്ങുന്നതോടെ ബ്രഹ്മം ശുദ്ധാവബോധമായി പ്രോജ്വലിക്കുകയായി. അഹമാണ് വിശ്വത്തിനു ബീജമാവുന്നത്. ആ വിത്തിനെ വറുത്തുണക്കിയാല്‍പ്പിന്നെ ‘ലോകം’, ‘ബന്ധനം’, ‘അഹങ്കാരം’ എന്നീ വാക്കുകള്‍ക്കുതന്നെ സാംഗത്യമില്ലാതാകുന്നു.

മണ്‍കുടം ഉടഞ്ഞാല്‍ ബാക്കിയുള്ളത് കളിമണ്ണ്. അഹങ്കാരം പോവുമ്പോള്‍ വൈവിദ്ധ്യത ഇല്ലാതാവുന്നു. സൂര്യനുദിയ്ക്കുമ്പോള്‍ വസ്തുക്കള്‍ ദൃശ്യമാവുന്നു. പ്രകടിതലോകത്തിന്റെ വൈവിദ്ധ്യത കാണപ്പെടുന്നത് അഹംകാരത്തിന്റെ ഉദയത്തിലാണ്. രാമാ, ആത്മജ്ഞാനമൊഴികെ മറ്റൊരു മാര്‍ഗ്ഗവും ഞാന്‍ കാണുന്നില്ല. ഈ ആത്മജ്ഞാനം എന്നത് അഹംകാരത്തിന്റെ അയാഥാര്‍ത്ഥ്യം തിരിച്ചറിയുക എന്നത് തന്നെയാണ്. മറ്റൊന്നും നിനക്ക് ശ്രേയസ്കരമല്ല. അതിനാല്‍ വ്യക്തിഗതമായ അഹംകാരം ദൂരെക്കളഞ്ഞു സ്വയം ഈ വിശാലവിശ്വമായി, സ്വരൂപമായി തിരിച്ചറിയുക.

എന്നിട്ട് വിശ്വം, ആത്മാവ്, ബ്രഹ്മം, എന്നെല്ലാം പറയുന്നത് ഒന്നിനെത്തന്നെയാണെന്ന് അറിയുക. ലോകമെന്ന ധാരണയാല്‍ ഉണ്ടാവുന്ന എല്ലാ കാലുഷ്യങ്ങളെയും ഇല്ലായ്മചെയ്യുക. അഹംകാരത്തെ വെല്ലാത്തവന് പരമപദം പൂവുക എന്നത് അസാദ്ധ്യം. എന്നാല്‍ ഒരാളുടെ ഹൃദയം ശുദ്ധമാണെകില്‍ ഒരു ശുഭ്രവസ്ത്രത്തില്‍ വീഴുമ്പോള്‍ പടരുന്ന എണ്ണത്തുള്ളിപോലെ  ആത്മജ്ഞാനം അയാളില്‍ നിറയുന്നു. ഇതിനെപ്പറ്റിയുള്ള ഒരു കഥ ഞാനിനി പറയാം.

പണ്ട് ഒരു കാലത്ത് ഞാന്‍ കാകഭൂശുണ്ടനോടു ചോദിച്ചു: അങ്ങ് ആരെയാണ് മോഹവിഭ്രാന്തനെന്നും അജ്ഞാനിയെന്നും കണക്കാക്കുന്നത്?

ഭൂശുണ്ടന്‍ പറഞ്ഞു: ഒരു മലയുടെ മുകളില്‍ ഒരു വിദ്യാധരന്‍ വസിച്ചിരുന്നു. അയാള്‍ ഇന്ദ്രിയസുഖങ്ങളില്‍ അഭിരമിച്ചു കഴിഞ്ഞുവന്ന ഒരു മൂഢമതിയായിരുന്നു. എന്നാല്‍ അയാള്‍ ധര്‍മ്മിഷ്ഠമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. അതിനാല്‍ അദ്ദേഹത്തിനു ദീര്‍ഘായുസ്സ് കിട്ടിയിരുന്നു. ഏറെക്കാലം അങ്ങിനെ കഴിഞ്ഞു വന്നപ്പോള്‍ അദ്ദേഹത്തില്‍ ജനനമരണചക്രത്തില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹം വന്നു.  ആ അവസ്ഥയെ പ്രാപിക്കാനായുള്ള ഉപദേശം തേടി അദ്ദേഹം എന്റെയടുക്കല്‍ വന്നു.

ഉപചാരപൂജാദികള്‍ക്ക് ശേഷം അദ്ദേഹം ചോദിച്ചു: ഭഗവന്‍, ഇന്ദ്രിയങ്ങള്‍ ഇപ്പോഴും ആസക്തിപൂണ്ടു കാലുഷ്യത്തോടെ സ്വാഭിലാഷ്ടപൂര്‍ത്തിക്കായി നിസ്തന്ദ്രം വര്‍ത്തിക്കുന്നു. അതാണ്‌ അന്തമില്ലാത്ത ദുഖങ്ങള്‍ക്ക് കാരണം എന്ന് ഞാന്‍ അറിയുന്നു. ഞാനങ്ങയുടെ കാലടികളെ ശരണം പ്രാപിക്കുന്നു. 

Apr 23, 2014

483 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 483

യോ യോ ഭാവ ഉദേത്യന്തസ്ത്വയി സ്പന്ദ ഇവാനിലേ
നാഹമസ്മീതി ചിദ്വ്വൃത്യാ തമനാധാരതാം നയ (6.2/4/20)

വസിഷ്ഠമുനി തുടര്‍ന്നു: രാമാ, അഹങ്കാരം ശമിക്കുമ്പോള്‍ ലോകമെന്ന കാഴ്ചയ്ക്ക് അവസാനമായി. അപ്പോള്‍ എണ്ണതീര്‍ന്ന വിളക്ക് കെട്ടുപോവുന്നതുപോലെ  വിഷയപ്രതീതി പൊടുന്നനെ ഇല്ലാതാവുന്നു.
പ്രവര്‍ത്തനങ്ങളെയല്ല സംത്യജിക്കേണ്ടത്. സംന്യാസം ശരിയായ അറിവിന്റെ തലത്തിലാണ് വേണ്ടത്. അറിവിന്റെ വിളക്കിനെ അഹങ്കാരം, ഉടമസ്ഥത മുതലായ എണ്ണകളൊഴിച്ച് ആളിക്കക്കത്തിക്കാതിരുന്നാല്‍ എന്താണോ ബാക്കിയുള്ളത്, അതാണ് ആത്മജ്ഞാനം. അഹങ്കാരവും ‘എന്റെ’ എന്ന ചിന്താഗതിയും ഉപേക്ഷിക്കാത്തവര്‍ സംന്യാസമെന്തെന്നറിയുന്നില്ല. അവര്‍ക്ക് ജ്ഞാനമോ പ്രശാന്തിയോ ഉണ്ടാവുകയില്ല.

‘ഞാന്‍’ എന്ന തോന്നല്‍ അവസാനിപ്പിക്കാന്‍ ‘അഹങ്കാരം എന്നൊന്നില്ല’ എന്ന ചിന്തകൊണ്ട് അതിനെ മാറ്റിയാല്‍ മതി. ഇതില്‍ സംശയിക്കാന്‍ എന്തുണ്ട്? ‘ഞാന്‍ ഇതാണ്’, ‘ഞാന്‍ ഇതല്ല’, എന്ന തോന്നലുകള്‍ ബോധത്തില്‍ നിന്നും വേറിട്ട്‌ സ്വതന്ത്രമായല്ല നിലകൊള്ളുന്നത്. ബോധം ആകാശംപോലെയാണ്‌. നിശ്ശൂന്യതപോലെയാണത്. അതില്‍ ഭ്രമാത്മകത എങ്ങിനെ നിലനില്‍ക്കാനാണ്? അതിനാല്‍ ഭ്രമം ഇല്ലാത്തതാണ്. ചിന്താക്കുഴപ്പവും അപ്രകാരം തന്നെ ഇല്ലാത്തതാണ്. ഇതെല്ലാം ഉണ്ടാവുന്നത് സത്യത്തെക്കുറിച്ച് അറിയാത്തതുകൊണ്ട് മാത്രമാണ്.

ഇതറിയൂ.  നിശ്ശബ്ദതയുടെ പ്രശാന്തയില്‍ അഭിരമിക്കൂ. അതാണ്‌ നിര്‍വാണപദം.  അഹങ്കാരം എന്ന ധാരണയെ വച്ചുപുലര്‍ത്താന്‍ ഇടയാക്കുന്ന ആ വസ്തുതന്നെ ഇമവെട്ടുന്ന ക്ഷണനേരംകൊണ്ട് അഹങ്കാരത്തിന്റെ വ്യര്‍ത്ഥതയെപ്പറ്റി അറിവുണ്ടാക്കുകയും ചെയ്യും. അപ്പോള്‍ നീ സംസാരസാഗരത്തിന്റെ മറുകര കാണും. സ്വരൂപത്തെ അങ്ങിനെ കണ്ടെത്താന്‍ കഴിഞ്ഞവന്‍ പരമപദം പൂകുന്നു. അയാളാണ് വീരനേതാവ്.

കാമ, ക്രോധ, മദ, മാല്‍‍സര്യാദി ഷഡ് വൈരികളെ വെല്ലുന്നവന്‍ മഹാന്‍. അതിനുകഴിവില്ലാത്തവന്‍ മനുഷ്യവേഷം കെട്ടിയ കഴുത. മനസ്സിലുണരുന്ന ധാരണകളെ മറികടക്കാന്‍ കഴിയുന്നവന്‍ പുരുഷന്‍, മനുഷ്യന്‍. അയാള്‍ ജ്ഞാനിയാണ്‌. എപ്പോഴെല്ലാം വിഷയങ്ങള്‍ മനസ്സില്‍ ഉണര്‍ന്നുയരുന്നുവോ അപ്പോള്‍ ‘ഞാന്‍ ഇതല്ല’ എന്നുള്ള തിരിച്ചറിവ് ഉണ്ടാവണം. അവിദ്യാപരമായ വിഷയപ്രതീതികള്‍ അതോടെ അവസാനിക്കും. വാസ്തവത്തില്‍ ഇതില്‍ ഒന്നും അറിയേണ്ടതായി ഇല്ല. ഉണ്ടായിപ്പോയ ഭ്രമാത്മകമായ ‘അറിവിനെ’ ഉപേക്ഷിക്കാന്‍ കഴിഞ്ഞാല്‍ മതി. ഭ്രമാത്മകചിന്തകളെ വീണ്ടും വീണ്ടും പരിപോഷിപ്പിക്കാതിരുന്നാല്‍ അത് പിന്നെ ഉണരുകയില്ല. 

“കാറ്റില്‍ ചലനമെന്നതുപോലെ ഉള്ളില്‍ ധാരണകള്‍ ഉണരുന്ന മാത്രയില്‍ ‘ഇത് ഞാനല്ല’ എന്ന തിരിച്ചറിവ് ആ ധാരണകള്‍ക്ക് പ്രാബല്യം ഇല്ലാതെയാക്കുന്നു.” കാമക്രോധലോഭാദികളെ ജയിക്കാത്ത ഒരുവന് ഈ ശാസ്ത്രം കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. വെറും നേരംകൊല്ലി മാത്രമാണിത്. അഹങ്കാരം കാട്ടിലെ ചലനമെന്നതുപോലെ സ്വയമുണരുന്നതാണ്. അതിനാല്‍ അത് ആത്മാവുമായി വേറിട്ട്‌ നില്‍ക്കുന്ന ഒന്നല്ല. അഹം ജ്വലിച്ചു നിലകൊള്ളുന്നത് ആത്മാവെന്ന അടിസ്ഥാനതത്വത്തിലാണ്. ആത്മാവ് ഒരിക്കലും ഉദിച്ചുയരുകയോ അസ്തമിച്ചൊതുങ്ങുകയോ ചെയ്യുന്നില്ല. ആത്മാവല്ലാതെ മറ്റൊന്നുമില്ല. അപ്പോള്‍പ്പിന്നെ ‘അത്’, ‘ഇത്’, എന്നിങ്ങിനെയും ‘അതില്ല’, ‘ഇതില്ല’, എന്നും എങ്ങിനെയാണ് പറയാന്‍ കഴിയുക?

പരമാത്മാവ്‌ പരമാത്മാവ്‌ തന്നെ. അനന്തത അങ്ങിനെ തന്നെ. പ്രശാന്തത പ്രശാന്തത തന്നെ. അത് മാത്രമേയുള്ളൂ. ‘ഞാന്‍’, ‘ലോകം’, ‘മനസ്സ്’ എന്നുള്ള പ്രതീതികള്‍ ഒന്നും ‘ഉള്ള’വയല്ല.

Apr 22, 2014

482 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 482

അത്യാഗം ത്യാഗമിതി യേ കുര്‍വതേ വ്യര്‍ഥബോധിന:
സാ ഭുങ്തേ താന്‍പശൂന്‍ജ്ഞാനകര്‍മത്യാഗപിശാചികാ (6.2/3/26)

രാമന്‍ ചോദിച്ചു: ഉള്ളതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഇല്ലാത്തതിനെ ഉണ്ടാക്കാനും. കാര്യങ്ങള്‍ അങ്ങിനെയായിരിക്കെ അനുഭവത്തെ (അവബോധം) എങ്ങിനെയാണ് അനവബോധവും അനനുഭവവും ആക്കി മാറ്റാന്‍ സാധിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: നീ പറഞ്ഞത് സത്യമാണ്. ഉള്ളതിനെ ഇല്ലാതാക്കുകയോ ഇല്ലാത്തതിനെ ഉണ്ടാക്കുകയോ സാദ്ധ്യമല്ല. അനുഭവവും അനുഭവമില്ലായ്മയും വേഗത്തില്‍ സാധിക്കാവുന്ന കാര്യങ്ങളാണ്. കാരണം ‘അനുഭവം’ എന്ന്‍ വിവക്ഷിക്കുന്ന വസ്തുത ഭ്രമചിന്തകളില്‍ നിന്നും ഉടലെടുത്തതാണ്. അതിനാലാണവ ദുഃഖഹേതുക്കളാവുന്നത്.

ഈ ‘അനുഭവ അവബോധത്തെ’ ഉപേക്ഷിച്ച് ഉയര്‍ന്ന ജ്ഞാനത്തിനെപ്പറ്റി അവബോധം ആര്ജ്ജിക്കുക. അതാണ്‌ നിര്‍വാണപദം. സദ്‌കര്‍മ്മങ്ങളും ദുഷ്കര്‍മ്മങ്ങളും അവയുടെ സത്യാവസ്ഥ – അവയ്ക്ക് നിലനില്പ്പില്ലെന്നകാര്യം- അറിയുമ്പോള്‍ താനേ നിലയ്ക്കുന്നു. 

അതിനാല്‍ കര്‍മ്മത്തിന്റെ മൂലമാണ് സാധകന്‍ അന്വേഷിക്കേണ്ടത്. ആ വേരുകള്‍ അറുക്കുന്നതുവരെ അന്വേഷണം തുടരണം. ഭൂമിയില്‍ നിന്നും പുറത്തുവരുന്ന എല്ലാം ഭൂമിതന്നെ എന്നതുപോലെ ബോധത്തില്‍ നിന്നും ഉദ്ഭൂതമായവ എല്ലാം ബോധം തന്നെ. ദ്രാവകത്തില്‍ നിന്നും ദ്രവാവസ്ഥ വിഭിന്നമല്ല. അതുപോലെ ബ്രഹ്മത്തില്‍ മനസ്സും ബോധവും വിഭിന്നങ്ങളല്ല.

അവബോധം എന്ന ‘പ്രവര്‍ത്തനം’ ആ ബോധത്തില്‍ ഉദിക്കുന്നതിന് കാരണം ഒന്നുമില്ല. അതിനാല്‍ അത് ‘ഇല്ലാത്ത’ ഒന്നാണെന്ന് പറയാം. അത് ബോധത്തില്‍ നിന്നും ഭിന്നമല്ല. ദേഹമാണ് കര്‍മ്മങ്ങള്‍ക്ക് മൂലമാവുന്നത്. അഹംകാരമാണ് ദേഹമൂലം. അഹംകാരമെന്ന ഭയം ഉപേക്ഷിച്ചാല്‍പ്പിന്നെ അവയുണ്ടാവുകയില്ല. അതാണ്‌ കര്‍മ്മനിരാസത്തിന്റെ മൂലം. അങ്ങിനെ കര്‍മ്മങ്ങള്‍ അവസാനിപ്പിച്ചവര്‍ക്ക് സംന്യസിക്കാനോ, സംത്യജിക്കാനോ, നേടാനോ, കൈക്കൊള്ളാനോ ഒന്നുമില്ല. അവര്‍ തങ്ങളുടെ സ്വരൂപത്തില്‍ വിരാജിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ നൈസര്‍ഗ്ഗികമാണ്. അവര്‍ വാസ്തവത്തില്‍ ഒന്നും ‘ചെയ്യുന്നില്ല.’

പ്രളയജലത്തില്‍ അകപ്പെട്ട വസ്തുക്കള്‍ അനായാസമായി ഒഴുകുന്നതുപോലെ അവര്‍ തങ്ങളുടെ കര്‍മ്മേന്ദ്രിയങ്ങളെ അവരുടെ വഴിയ്ക്ക് വിടുന്നു. അവ വെറും ഉപകരണങ്ങള്‍ മാത്രമാവുന്നു. മനസ്സിലെ ഉപാധികള്‍ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ വസ്തുക്കളുടെ പ്രലോഭനം ഇല്ലാതാവുന്നു. അത്തരം ഒരുള്ളുണര്‍വ്വ്, അല്ലെങ്കില്‍ ബുദ്ധിയാണ് കര്‍മ്മത്യാഗം. അപ്പോള്‍പ്പിന്നെ ‘ചെയ്യുന്നത്’ കൊണ്ടും ‘ചെയ്യാതിരിക്കുന്നത്’ കൊണ്ടും എന്താണൊരു പ്രത്യേകത?

കര്‍മ്മത്തെയും കര്‍മ്മത്യാഗത്തെയും പറ്റിയുള്ള അവബോധം, അവയുടെ അനുഭവങ്ങളെപ്പറ്റിയുള്ള ചിന്തകള്‍, മനോപാധികള്‍, എന്നിവ അവസാനിപ്പിച്ച് പ്രശാന്തിയും സമതാഭാവവും കൈവരുന്ന അവസ്ഥയാണ് ‘കര്‍മ്മത്യാഗം’.

“എന്നാല്‍ വ്യര്‍ത്ഥമായ കര്‍മ്മത്യാഗം ശരിയായ കര്‍മ്മത്യാഗമായി തെറ്റിദ്ധരിക്കുന്നവര്‍ അജ്ഞാനം ബാധിച്ച മൃഗങ്ങള്‍ക്ക് സമമാണ്. അവര്‍  കര്‍മ്മത്യാഗമെന്ന പിശാചിന്റെ പിടിയിലാണ്.” കര്‍മ്മത്യാഗത്തെ ശരിയായി അറിഞ്ഞവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കര്‍മ്മവും കര്‍മ്മത്യാഗവും – ക്രിയയും നിഷ്ക്രിയത്വവും ഒന്നും  ഒരു പ്രശ്നമേയല്ല. കാട്ടിലായാലും വീട്ടിലായാലും അവര്‍ പരമപ്രശാന്തത അനുഭവിക്കുന്നു.

ഉള്ളില്‍ പ്രശാന്തിയുള്ളവന്, ഗൃഹവും ഒരു വനമെന്നപോലെശാന്തസുന്ദരം; എന്നാല്‍ അശാന്തന് പ്രശാന്തവനവും ഒരു വന്‍നഗരംപോലെ  പ്രക്ഷുബ്ധം. പ്രശാന്തന് ലോകം മുഴുവന്‍ ശാന്തസുന്ദരമായ വനമാണ്. മനശാന്തിയില്ലാത്തവന്റെയുള്ളില്‍ ആയിരക്കണക്കിന് ആകുലചിന്തകള്‍ ഒരു  കടലായി ഇരമ്പിക്കൊണ്ടേയിരിക്കുന്നു. 

Apr 21, 2014

481 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 481

പ്രബുദ്ധസ്യ പ്രബുദ്ധസ്യ ദേഹിനോ ദേഹഗേഹകെ
അദേഹം വിദ്യതേ ചിത്തം ത്യാഗസ്തസ്യ ന വിദ്യതേ (6.2/2/35)

വസിഷ്ഠന്‍ തുടര്‍ന്നു: കളിമണ്ണുകൊണ്ടുണ്ടാക്കിയ കാലാള്‍പ്പട്ടാളം വെറും മണ്‍പ്രതിമകള്‍ മാത്രം. അതുപോലെ ഈ വിശ്വം നിര്‍മ്മലമായ, അദ്വൈതമായ ആത്മാവ് മാത്രമാണ്. രണ്ടാമതൊന്ന് ഇല്ലാതിരിക്കുമ്പോള്‍പ്പിന്നെ വിഷയമെന്ത്? വിഷയത്തെ അനുഭവിക്കുന്നവനാര്? ആ പരമാത്മാവല്ലാതെ ‘ഞാന്‍’, ‘എന്റെ’ എന്നിങ്ങിനെ വിവക്ഷിക്കാന്‍ മറ്റൊന്നുമില്ല.

രാമന്‍ പറഞ്ഞു: അങ്ങിനെയാണെങ്കില്‍ നാം ദുഷ് പ്രവൃത്തികള്‍ എന്തിനാണ് വേണ്ടെന്നു വയ്ക്കുന്നത്? എന്തിനാണൊരുവന്‍ സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം എന്നു ശാസ്ത്രങ്ങള്‍ പറയുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, എന്താണീ കര്‍മ്മങ്ങള്‍ എന്ന് പറയൂ. എങ്ങിനെയാണ് കര്‍മ്മങ്ങള്‍ ഉണ്ടാവുന്നത്? അതിന്റെ വേരെവിടെയാണ്? കര്‍മ്മങ്ങളെ എങ്ങിനെയാണ് വേരോടെ പിഴുതെറിയാന്‍ കഴിയുക?

രാമന്‍ പറഞ്ഞു: ശരിയാണ് ഭഗവന്‍, വേരോടെ അറുത്തു കളയേണ്ടതിനെ പൂര്‍ണ്ണമായി നശിപ്പിക്കുകതന്നെ വേണം. ശരീരം നിലനില്‍ക്കുന്നിടത്തോളം കാലം കര്‍മ്മങ്ങള്‍ അനിവാര്യമാണ്. അതിന്റെ വേര് സംസാരം എന്ന പ്രത്യക്ഷലോകത്തിലാണ്. ദേഹത്തില്‍ കര്‍മ്മങ്ങള്‍ തുടങ്ങുന്നത് അവയവങ്ങളില്‍ നിന്നാണ് (കര്‍മ്മേന്ദ്രിയങ്ങള്‍). മനോപാധികള്‍ (വാസനകള്‍) ആണ് കര്‍മ്മങ്ങള്‍ക്ക് ബീജമാവുന്നത്. ഈ വാസനകള്‍ ഇന്ദ്രിയങ്ങളിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍ അവ ദൂരവ്യാപകങ്ങളായ കാര്യങ്ങളെ സ്വാംശീകരിക്കാന്‍ പര്യാപ്തമാവുന്നു.

ഇന്ദ്രിയങ്ങള്‍ മനസ്സില്‍ വേരുറപ്പിച്ചിരിക്കുന്നു. മനസ്സ് ജീവനില്‍; ജീവന്‍ ഉപാധിസ്ഥമായ ബോധത്തില്‍; ആ ബോധം ഉപാധിരഹിതമായ അനന്താവബോധത്തിലാണ് നിലകൊള്ളുന്നത്. ബ്രഹ്മമാണ് ഈ ഉപാധിരഹിതമായ ബോധത്തിന്റെ മൂലം. ബ്രഹ്മത്തിനു വേരുകളില്ല. അതായത് ബ്രഹ്മം, അല്ലെങ്കില്‍ അനന്താവബോധമാണ് എല്ലാറ്റിന്റെയും മൂലം. അപ്പോള്‍ എല്ലാ കര്‍മ്മങ്ങളും ബോധത്തെ ആശ്രയിച്ചിരിക്കുന്നു. അത് സ്വയം വസ്തുനിഷ്ഠമായിത്തീര്‍ന്നു കര്‍മ്മങ്ങള്‍ക്ക് കാരണമാവുന്നു. എന്നാലീ കര്‍മ്മങ്ങള്‍ ഉദിക്കുന്നില്ലെങ്കില്‍ അത് സ്വയം പരമമായ അവസ്ഥയില്‍ത്തന്നെയാണ്.

വസിഷ്ഠന്‍ പറഞ്ഞു: കാര്യങ്ങള്‍ അങ്ങിനെയെങ്കില്‍, രാമാ എന്താണ് കരണീയം? എന്തൊക്കെയാണ് ഗര്‍ഹണീയമായ കര്‍മ്മങ്ങള്‍? “ദേഹമുള്ളിടത്തോളം കാലം മനസ്സുമുണ്ട്. ദേഹസ്ഥനായ ആള്‍ പ്രബുദ്ധതയാര്‍ജ്ജിച്ചവനാണെങ്കിലും അജ്ഞാനിയാണെങ്കിലും ഇത് ബാധകമാണ്.” എങ്ങിനെയാണ് ജീവന്റെ വ്യക്തിത്വം ഉപേക്ഷിക്കാനാവുക? എന്നാല്‍ ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തെ ഉപേക്ഷിച്ച് സദ്‌കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതാണുചിതം.
 
അന്തരാ ബുദ്ധിയ്ക്ക് ഉണര്‍ച്ചയുണ്ടാവുമ്പോള്‍ ലോകപ്രതീതി അവസാനിയ്ക്കുന്നു. അപ്പോള്‍ അനാസക്തി മൂലം മനോസ്വാതന്ത്ര്യം പ്രാപിക്കുന്നതാണ് വിമോചനം, അല്ലെങ്കില്‍ മുക്തി. വിഷയപ്രതീതി, അല്ലെങ്കില്‍ മനോപാധികള്‍ നിലയ്ക്കുമ്പോള്‍ പ്രശാന്തിയായി. അതിനെ ബ്രഹ്മം എന്ന് വിളിക്കുന്നു.

വിഷയങ്ങളെപ്പറ്റിയുള്ള ബോധമാണ് കര്‍മ്മമാവുന്നത്. അത് ലോകം മുഴുവന്‍ വ്യാപരിക്കുന്നു. അത്തരം വിഷയബോധം ഇല്ലാതാവുന്നതാണ് മുക്തി. അതിനാല്‍ രാമാ, ദേഹമുള്ളിടത്തോളം കര്‍മ്മങ്ങളെ ഉപേക്ഷിക്കുക എന്നത് അനുചിതമാണ്. കര്‍മ്മത്യാഗം കര്‍മ്മത്തിനെയും ത്യാഗത്തിനേയും  മൂല്യമുള്ളതാക്കുന്നു. മൂല്യമുള്ളവയെ ഉപേക്ഷിക്കുക എന്നത് അസംഭവ്യം.

Apr 20, 2014

480 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 480

നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം)

ഗമ്യദേശൈക നിഷ്ഠസ്യ യഥാ പാന്ഥസ്യ പാദയോ:
സ്പന്ദോ വിഗത സങ്കല്‍പസ്ഥഥാ സ്പന്ദസ്വ കര്‍മസു (6.2/1/15)

രാമന്‍ ചോദിച്ചു: ഒരുവന്‍ എല്ലാ കര്‍മ്മങ്ങളും- കര്‍മ്മേച്ഛപോലും ഉപേക്ഷിക്കുമ്പോള്‍ ശരീരം ഇല്ലാതെയാവുന്നു. അപ്പോള്‍പ്പിന്നെ ഒരു ജീവിക്ക് അത്തരം കര്‍മ്മരഹിതാവസ്ഥയില്‍ എങ്ങിനെ നിലനില്‍ക്കാനാവും?

വസിഷ്ഠന്‍ പറഞ്ഞു: ജീവിച്ചിരിക്കുന്ന ഒരുവനില്‍ മാത്രമേ മനോപാധികളെയും പരിമിതികളെയും ഉപേക്ഷിക്കുക മുതലായ കാര്യങ്ങള്‍ ഉള്ളു. മരിച്ചുപോയ ഒരാള്‍ക്ക് അത്തരം പരിമിതികള്‍ ഇല്ല. എന്താണ് കല്പന എന്ന മനോവ്യാപാരം? അത് അഹങ്കാരം മാത്രമാണ്. കല്പന (ധാരണ)യെ നിശ്ശൂന്യതയെന്നു തിരിച്ചറിഞ്ഞാല്‍ അഹങ്കാരം ഇല്ലാതായി. ഒരുവനുള്ളില്‍ ബാഹ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന ധാരണയാണ് കല്പന.

ആ ധാരണയ്ക്ക് ശൂന്യതയുടെ, അല്ലെങ്കില്‍ ആകാശത്തിന്റെ ഭാവം വരുമ്പോള്‍ അത് ഇല്ലാതായി എന്നര്‍ത്ഥം. ഓര്‍മ്മയാണ് കല്പന. അതിനാല്‍ ജ്ഞാനികള്‍ പറയുന്നത് ‘ഓര്‍ക്കാതിരിക്കല്‍’ ഉത്തമമാണെന്നാണ്. ഓര്‍മ്മയില്‍ അനുഭവങ്ങളും ഇനിയും അനുഭവവേദ്യമായിട്ടില്ലാത്തതും ഉണ്ട്. അനുഭവിച്ചതിനെയും അനുഭവിക്കാത്തതിനെയും പറ്റിയുള്ള ഈ ‘ഓര്‍മ്മിക്കല്‍’ ഉപേക്ഷിക്കുക. എന്നിട്ട് പാതിയുണര്‍ന്നു കിടക്കുന്ന ശിശുവിനെപ്പോലെ ആത്മാവില്‍ രമിക്കുക. കുശവന്റെ ചക്രം കൂടുതല്‍ ചുറ്റിക്കാതെതന്നെ കുറെ നേരം കൂടി ചുറ്റിക്കൊണ്ടിരിക്കുമല്ലോ. അതുപോലെ കുറേക്കാലം കൂടി ഈ ലോകത്ത് കര്‍മ്മനിഷ്ഠനായി ജീവിക്കുക. യാതൊരു ധാരണകളും ഉണ്ടാക്കാതെ നിര്‍മനനായിരിക്കുക. ഇപ്പോള്‍ പൂര്‍ണ്ണസത്വമായിരിക്കുന്ന നിന്റെ മനസ്സ് ചലിപ്പിക്കേണ്ടതില്ല. 

കൈകള്‍ രണ്ടുമുയര്‍ത്തി ഞാനിതാ പ്രഖ്യാപിക്കുന്നു: ‘ധാരണകള്‍ ഇല്ലാതാക്കലാണ് പരമമായ നന്മ.’ എന്നിട്ടും എന്താണ് മനുഷ്യര്‍ അത് ശ്രദ്ധിക്കാത്തത്? മായയുടെ ലീല എത്ര ശക്തം! ഈ വിഭ്രാന്തിയുടെ വലയില്‍പ്പെട്ട് ഉള്ളംകയ്യില്‍ ആത്മവിദ്യയാകുന്ന മരതകമണി ഇരുന്നിട്ടും മനുഷ്യര്‍ അത് കാണുന്നില്ല. അവര്‍ വിഭ്രാന്തരായി ഭ്രമാത്മകതയെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല.

ഒരാള്‍ക്ക് പരമമായ നന്മയുണ്ടാകുന്നത് വിഷയപ്രതീതി അവസാനിക്കുമ്പോഴും ധാരണകള്‍ അവസാനിക്കുമ്പോഴുമാണ്. അത് അനുഭവിച്ചറിയണം. നീ ആത്മാവില്‍ വിലീനനായി പ്രശാന്തതയില്‍ രമിക്കുമ്പോള്‍ ഒരു പുല്‍ക്കൊടിയുടെ അവസ്ഥയും ഒരു ചക്രവര്‍ത്തിയുടെ പ്രതാപവും തമ്മില്‍ അന്തരമില്ല എന്ന് നീ അറിയും. “ഒരാള്‍ ഒരിടത്ത് പോവാനുറച്ചാല്‍പ്പിന്നെ അയാളുടെ കാലുകള്‍ മനസ്സിന്റെ പ്രത്യേക പ്രേരണകള്‍ കൂടാതെ തന്നെ അയാളെ ആ സ്ഥലത്തേയ്ക്ക് കൊണ്ടുപോവുമല്ലോ. അതുപോലെ നീയും ഇവിടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക”

കര്‍മ്മങ്ങളില്‍ നിന്നുള്ള പ്രതിഫലത്തിനായി ഇച്ഛിക്കാതിരിക്കുക. പാരിതോഷികങ്ങളില്‍ ആകൃഷ്ടനാവാതിരിക്കുക. ലാഭേച്ഛയോ സുഖേച്ഛയോ ഇല്ലാതിരിക്കുക. അപ്പോള്‍ ഇന്ദ്രിയവിഷയങ്ങള്‍ക്ക് നിന്നെ ആകര്‍ഷിക്കാന്‍ കഴിയുകയില്ല. എന്നാല്‍ അവ നിന്നെ ബാധിക്കാതെ അതതിന്റെ പ്രകൃതിയ്ക്കനുസരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. വിഷയവസ്തുക്കളുമായുള്ള സമ്പര്‍ക്കം സുഖാനുഭവങ്ങളെ  പ്രദാനം ചെയ്താലും അവ നിന്നെ ആത്മാഭിമുഖനാക്കിത്തീര്‍ക്കട്ടെ.  

കര്‍മ്മഫലങ്ങള്‍ക്കായി ആശിക്കാതിരിക്കുക; എന്നാല്‍ കര്‍മ്മങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയുമരുത്. കര്‍മ്മത്തിലോ അകര്‍മ്മത്തിലോ അതിയായ  താല്‍പ്പര്യവും വേണ്ട. കാരണം, കര്‍മ്മങ്ങള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ ഉള്ള ചോദനയാണ് നമ്മെ ബന്ധിക്കുന്നത്. അത്തരം ചോദനകളുടെ അഭാവമാണ് മുക്തി. നിയതമായോ അനിയതമായോ ഒന്നുമില്ല. എല്ലാം ശുദ്ധസത്വം മാത്രം. നിന്റെ ബുദ്ധി യാതൊന്നിനെയും സ്വീകരിക്കരുത്. നിന്റെ സത്യസ്വരൂപത്തില്‍, സത്യമായി മാത്രം നിലകൊള്ളുക. ‘ഞാന്‍’, ‘എന്റെ’ തുടങ്ങിയ അവബോധങ്ങള്‍ ദുഃഖത്തിന്റെ വേരുകളത്രേ. അവ ഇല്ലാത്ത അവസ്ഥയാണ് സ്വാതന്ത്ര്യം.  ഇനി നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യൂ.

479 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 479

ദര്‍ശനാസ്പര്‍ശനാച്ഛബ്ദാത്കൃപയാ ശിഷ്യദേഹകേ
ജനയേധ്യ: സമാവേശം ശംഭവം സ ഹി ദേശിക: (6/128/61)

വാല്മീകി തുടര്‍ന്നു: ശ്രീരാമന്‍ പരിപൂര്‍ണ്ണമായും ആത്മവിലീനനായി ഇരിക്കുന്നത് കണ്ട വിശ്വാമിത്രന്‍ വസിഷ്ഠമുനിയോട് ഇങ്ങിനെ പറഞ്ഞു: സൃഷ്ടാവിന്‍റെ പുത്രനായ അങ്ങ് എത്ര മഹാനാണ്! ശക്തിപാതയിലൂടെ ആത്മീയചൈതന്യം നേരിട്ട് ശിഷ്യനായി പകര്‍ന്നുകൊടുക്കാന്‍ കഴിവുള്ള ഗുരുവര്യനാണ് അവിടുന്ന്. ഒരു നോട്ടം കൊണ്ടോ സ്പര്‍ശംകൊണ്ടോ വാക്കുകൊണ്ടോ കൃപകൊണ്ടോ ശിഷ്യന്റെ ബോധത്തെ അനന്തമായ ദൈവീകാവബോധത്തിലേയ്ക്ക് ഉയര്‍ത്തി ഉണര്‍ത്താന്‍ കഴിവുള്ളയാളാണ് ശരിയായ ഗുരു.” 
എന്നാലും ശിഷ്യന്റെ മേധാശക്തി ഉണരുന്നത് സാധകന്‍ ത്രിവിധങ്ങളായ മാലിന്യങ്ങളെ ഉപേക്ഷിച്ച് അയാളുടെ ബുദ്ധി സൂക്ഷ്മതരമാവുമ്പോഴാണ്. പക്ഷെ മഹര്‍ഷേ, ശ്രീരാമനെ ലൌകീക ബോധത്തിലേയ്ക്ക് തിരികെ കൊണ്ട് വരൂ. കാരണം എന്റെയും ത്രിലോകങ്ങളുടെയും ഐശ്വര്യത്തിന് രാമനെക്കൊണ്ട് ഏറെക്കാര്യങ്ങള്‍ ചെയ്യിക്കേണ്ടതായി ഉണ്ട്. സഭയിലെ എല്ലാ മഹര്‍ഷിമാരും സഭാവാസികളും രാമനെ വന്ദിച്ചു.
വസിഷ്ഠന്‍ വിശ്വാമിത്രനോടു പറഞ്ഞു: സഭാവാസികളോടു രാമനെക്കുറിച്ചുള്ള  സത്യം തുറന്നു പറയുക തന്നെ.’

വിശ്വാമിത്രന്‍ അവരോടായി പറഞ്ഞു: “ശ്രീരാമന്‍ ഈശ്വരന്റെ പരമാവതാരമാണ്. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ രാമന്റെ ഇച്ഛയിലാണ് നടക്കുന്നത്. രാമന്‍ എല്ലാവര്‍ക്കും സുഹൃത്താണ്. എല്ലാവരുടെയും ദൈവവുമാണ്. ചിലപ്പോള്‍ പ്രബുദ്ധനായും ചിലപ്പോള്‍ അജ്ഞാനത്തില്‍ ഉഴറുന്നവനെപ്പോലെയും അദ്ദേഹം അവതരിക്കുന്നു. ദേവാദിദേവനാണ് രാമന്‍. എല്ലാ ദേവതമാരും രാമന്റെ അംശാവതാരങ്ങള്‍ മാത്രം. ഈ ദശരഥരാജാവ് എത്ര ഭാഗ്യവാന്‍! രാമനെ മകനായി കിട്ടിയല്ലോ!

രാവണനും അനുഗൃഹീതനത്രേ! രാമന്റെ കൈകള്‍കൊണ്ടാണല്ലോ രാവണന്റെ തല മണ്ണില്‍ വീഴാന്‍ പോവുന്നത്! വസിഷ്ഠ മഹാമുനേ, രാമനെ വീണ്ടും ലോകബോധത്തിലേയ്ക്ക് കൊണ്ടുവന്നാലും.

വസിഷ്ഠന്‍ രാമനോട് പറഞ്ഞു: ‘രാമാ, വിശ്രമത്തിനുള്ള സമയമല്ലിത്. ലോകകല്യാണത്തിനായി എഴുന്നേല്‍ക്കൂ. മനുഷ്യര്‍ ബന്ധനത്തില്‍ ഉഴന്നുജീവിക്കുമ്പോള്‍ ഉത്തമനായ യോഗി ആത്മാവില്‍ വിലീനനായി കഴിയുന്നത് ഉചിതമല്ല.

ഈ വാക്കുകളൊന്നും രാമനെ ബാധിച്ചില്ല. പിന്നീട് വസിഷ്ഠന്‍ സുഷുമ്നാനാഡിയിലൂടെ രാമന്റെ ഹൃദയത്തിനുള്ളില്‍ പ്രവേശിച്ചു. രാമനില്‍ പ്രാണന്റെ ചലനം ഉണ്ടായിരുന്നതിനാല്‍ മനസ്സ് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജീവന്‍ എന്നത് എല്ലാ നാഡികളെയും പ്രോജ്വലിപ്പിക്കുന്ന അന്തര്‍പ്രകാശമാണ്. രാമന്‍ കണ്ണുകള്‍ അല്പം തുറന്നു. വസിഷ്ഠനെ മുന്നില്‍ കണ്ടു.

രാമന്‍ വസിഷ്ഠനോടായി പറഞ്ഞു: എനിയ്ക്ക് അനുഷ്ഠിക്കാനോ അനുഷ്ഠിക്കാതിരിക്കാനോ യാതൊരു കര്‍മ്മങ്ങളും ഇല്ല. എന്നാലും അങ്ങയുടെ വാക്കുകള്‍ അനുസരിക്കുകയാണ് ഉചിതം’.

 ഇത്രയും പറഞ്ഞു രാമന്‍ മുനിയുടെ കാല്‍ക്കല്‍ തന്റെ തല വച്ച് ഇങ്ങിനെ പ്രസ്താവിച്ചു: “എല്ലാവരും കേട്ടാലും; ആത്മജ്ഞാനത്തെക്കാളും വലുതായ യാതൊരു ജ്ഞാനവും ഇല്ല. ഗുരുവിനേക്കാള്‍ ഉന്നതനായി വേറെ ആരുമില്ല.”

സഭാവാസികളും ആകാശചാരികളായവരും രാമനെ പുഷ്പവൃഷ്ടി ചെയ്ത് അനുഗ്രഹിച്ചു. അവര്‍ ഓരോരുത്തരായി സഭയില്‍ നിന്ന് വിടവാങ്ങി. അല്ലയോ ഭരദ്വാജാ, ഞാന്‍ ശ്രീരാമന്റെ കഥ പറഞ്ഞു തന്നു. ഈ യോഗത്തെ അഭ്യസിച്ച് നിനക്കും പരമാനന്ദം പ്രാപിക്കാം. ശ്രീരാമ വസിഷ്ഠ സംവാദരൂപത്തിലുള്ള ഈ ശാസ്ത്രം നിരന്തരം കേള്‍ക്കുന്നവന്‍ മുക്തിപദം പൂകും. ഏതൊരു ജീവിത സാഹചര്യങ്ങള്‍ ആണെങ്കിലും സാധകനില്‍ ബ്രഹ്മജ്ഞാനം ഉണര്‍ത്താന്‍ ഈ ശാസ്ത്രവിചാരത്തിനു കഴിയും. 

Apr 19, 2014

478 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 478

യഥാ തൃണാദികം ക്ഷിപ്തം രുമായാം ലവണം ഭവേത്
അചേതനം ജഗന്ന്യസ്തം ചൈതന്യേ ചേതനീഭവേത് (6/128/30)

ഭരദ്വാജന്‍ പറഞ്ഞു: ഭഗവാനേ, ഞാനിപ്പോള്‍ സൂക്ഷ്മശരീരത്തിന്റെ വരുതിയില്‍ നിന്നും സ്വതന്ത്രനായി ആനന്ദസമുദ്രത്തില്‍ ആറാടുകയാണ്. ഞാന്‍ അവിച്ഛിന്നമായ ആത്മാവാണ്. അത് തന്നെ പരമാത്മാവ്‌. അതിന്റെ രണ്ടു പ്രഭാവങ്ങളാണ് ബോധാബോധങ്ങള്‍. അഗ്നിയിലേയ്ക്ക് വലിച്ചെറിഞ്ഞ അഗ്നിശലാകകള്‍ അഗ്നിയില്‍ വേറിട്ട്‌ കാണപ്പെടുന്നില്ലല്ലോ.

“പുല്ലും വൈക്കോല്‍ത്തുരുമ്പും മറ്റും കടലിലേയ്ക്ക് വലിച്ചെറിഞ്ഞാല്‍ അത് ഉപ്പായി മാറുന്നതുപോലെ ഈ അചേതനമായ ലോകത്തെ അനന്താവബോധമെന്ന ചൈതന്യസത്തയ്ക്ക് സമര്‍പ്പിക്കുമ്പോള്‍ അവ ഒന്നായിത്തീരുന്നു.” ഉപ്പുകൊണ്ട് ഉണ്ടാക്കിയ ഒരു പാവ കടലിലേയ്ക്ക് എറിഞ്ഞാല്‍ അതിന്റെ നാമവും രൂപവും സമുദ്രവുമായി വിലയിക്കുന്നതുപോലെ, ജലം ജലവുമായി ചേരുന്നതുപോലെ, ഒരു പാത്രത്തിലെ നെയ്യ് മറ്റൊരു പാത്രത്തിലെ നെയ്യില്‍ ലയിക്കുന്നതുപോലെ ഞാന്‍ അനന്താവബോധത്തില്‍ വിലീനനത്രേ.

പ്രശാന്തവും, സനാതനവും സര്‍വ്വവ്യാപിയും നിത്യശുദ്ധവും അവിച്ഛിന്നവും അചലവുമായ പരബ്രഹ്മമാണ് ഞാന്‍. എനിക്ക് സ്വരുക്കൂട്ടിവയ്ക്കാനോ കാറ്റില്‍പ്പറത്തിക്കളയാനോ ഒന്നുമില്ല. ചിന്താമാത്രകൊണ്ടാണ് ഞാന്‍ സൃഷ്ടി നടത്തുന്നത്. ഞാന്‍ പാപപുണ്യാദികള്‍ക്ക് വശംവദനല്ല. വിശ്വത്തിന്റെ പ്രഭവസ്ഥാനം ഞാനാകുന്നു. പരമപ്രകാശം ഞാന്‍.രണ്ടാമതൊന്നില്ലാത്ത അദ്വൈതസത്യമാണ് ഞാന്‍.
 
ഇതാണൊരു സാധകനു ധ്യാനിക്കാന്‍ യോഗ്യമായ വസ്തു. മനസ്സിന്റെ ചഞ്ചലത്വം അങ്ങിനെ അവസാനിക്കട്ടെ. മനസ്സിന്റെ സഞ്ചാരം നിലയ്ക്കുമ്പോള്‍ ആത്മാവ് സ്വയം പ്രഭമായി പ്രോജ്വലിക്കുന്നു. ആ പ്രകാശധോരണിയില്‍ ആകുലതകള്‍ക്ക് അന്തമായി. ആത്മാവ് സ്വയം ആനന്ദമനുഭവിക്കുന്നു. സത്യത്തിന്റെ നേരറിവ് – ആത്മാവല്ലാതെ മറ്റൊന്നില്ല എന്ന സാക്ഷാത്കാരം സുവിദിതമാവുന്നു.

വാല്മീകി പറഞ്ഞു: സുഹൃത്തേ, അങ്ങേയ്ക്ക് ഭ്രമങ്ങള്‍ ഒടുങ്ങി സംസാരം ഇല്ലാതാവണം എന്നുണ്ടെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ച് ബ്രഹ്മോപാസകനും ബ്രഹ്മപ്രിയനുമാവുക.

ഭരദ്വാജന്‍ പറഞ്ഞു: മഹാഗുരുവേ, അങ്ങയുടെ മഹദ്വചനങ്ങള്‍ എന്നിലെ പ്രബുദ്ധതയെ ഉണര്‍ത്തിയിരിക്കുന്നു. എന്റെ മേധാശക്തിയിപ്പോള്‍ നിര്‍മ്മലമാണ്. എന്റെ മുന്നിലിപ്പോള്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ലോകമെന്ന കെട്ടുകാഴ്ചയില്ല. ആത്മസാക്ഷാത്കാരം നേടിയ പ്രബുദ്ധപുരുഷര്‍ എന്താണ് ചെയ്യുക എന്നെനിക്കറിയണമെന്നുണ്ട്. അവര്‍ക്ക് എന്തെങ്കിലും നിയതകര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതായി ഉണ്ടോ?

വാല്മീകി പറഞ്ഞു: മോക്ഷം ആഗ്രഹിക്കുന്നവര്‍ കുറ്റമറ്റ, നിസ്വാര്‍ത്ഥമായ പാവനപ്രവൃത്തികളില്‍ മാത്രമേ ഏര്‍പ്പെടാവൂ. മനസ്സിന്റെ ഗുണങ്ങള്‍ ഇല്ലാതാവുന്നതോടെ സാധകന്‍ അനന്തതയുടെ ഗുണങ്ങളെ സ്വാംശീകരിക്കുന്നു. ‘ദേഹാതീതനായ, മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ഉപരിയായിരിക്കുന്ന, ‘ഞാന്‍ കര്‍ത്താവ്’, ‘ഞാന്‍ ഭോക്താവ്’ എന്നീ ചിന്തകള്‍ക്കെല്ലാം അതീതനായ, സുഖദുഖങ്ങള്‍ക്ക് ബാധിക്കാനരുതാത്ത, സത്യമാണു ഞാന്‍ എന്ന് ധ്യാനിച്ചുറയ്ക്കുന്നതോടെ ജീവന് മുക്തിയായി. എല്ലാ ജീവനിര്‍ജ്ജീവജാലങ്ങളും ആത്മാവിലാണെന്നും അതേ ആത്മാവാണ് എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്നതെന്നും ഉള്ള നേരറിവുറച്ചവന്‍, ജാഗ്രദ്,സ്വപ്ന,സുഷുപ്തി അവസ്ഥാത്രയങ്ങളെ മറികടന്ന് അനുഭവജ്ഞാനങ്ങള്‍ക്ക് അതീതമായ ബോധതലത്തില്‍ വിരാജിക്കുന്നു. അത് അനന്താവബോധത്തിന്റെ ആനന്ദാവസ്ഥയാണ്.
       
വൈവിദ്ധ്യതയുടെ, വിഭിന്നതകളുടെ കയത്തില്‍ മുങ്ങാതെ പ്രശാന്തമായ ആ അമൃതസാഗരത്തില്‍ നീ ആമഗ്നനാവൂ.

അങ്ങിനെ വസിഷ്ഠമുനിയുടെ പ്രഭാഷണം ഞാന്‍ നിനക്കായി പറഞ്ഞു തന്നു. മനസ്സുറപ്പിച്ചു നീ സാധനചെയ്താലും. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ശ്രേഷ്ഠമായ പാത സധീരം താണ്ടി നീ ആത്മസാക്ഷാത്കാരം പ്രാപിക്കുക തന്നെ ചെയ്യും.

477 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 477

നാമരൂപവിനിര്‍മുക്തം യസ്മിന്‍സംതിഷ്ഠതേ ജഗത്
തമാഹു: പ്രകൃതിം കേചിന്‍മായാമേകേ പരേ ത്വണൂന്‍ (6/128/21)
വാല്മീകി തുടര്‍ന്നു: ഇന്ദ്രിയങ്ങളുമായുള്ള സംസര്‍ഗ്ഗം വഴി ലഭിക്കുന്ന സുഖാനുഭവങ്ങളെയും നിഷിദ്ധങ്ങളും സ്വാര്‍ത്ഥപരവുമായ കര്‍മ്മങ്ങളെയും ഉപേക്ഷിച്ച്  മനോനിയന്ത്രണത്തോടെ ഒരുവന്‍ സ്വയം പ്രശാന്തയില്‍ എത്തണം. അതിന് അവനില്‍ ഈ പ്രക്രിയയിലുള്ള വിശ്വാസം സുദൃഢമായിത്തീരണം. 
അങ്ങിനെ തയ്യാറായ ഒരുവന്‍, ഒരു സുഖാസനത്തില്‍, സമതുലിതാവസ്ഥയ്ക്ക് അനുയോജ്യമായ ഒരിടത്ത് ഇരിപ്പുറപ്പിക്കണം. പിന്നീട് മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു വരുതിയിലാക്കണം. എന്നിട്ട് ഉള്ളില്‍ ശാന്തി കൈവരുന്നതുവരെ ഓംകാരം ജപിക്കണം. തുടര്‍ന്ന് മന:ശ്ശുദ്ധിക്കായി പ്രാണായാമം പരിശീലിക്കണം. സാവധാനത്തില്‍ അയത്നലളിതമായി ഇന്ദ്രിയങ്ങളെ ബാഹ്യവസ്തുക്കളില്‍ നിന്നും പിന്‍വലിക്കണം. ശരീരം, മനസ്സ്, ഇന്ദിയങ്ങള്‍, ബുദ്ധി, എന്നിവ എവിടെനിന്നും ആവീര്‍ഭവിച്ചു എന്ന് ധ്യാനിച്ച്‌ അവയെ അതാത് ഉദ്ഭവസ്ഥാനങ്ങളിലേയ്ക്ക് മടങ്ങാന്‍ അനുവദിക്കുക.

ആദ്യമായി  പ്രത്യക്ഷവിശ്വത്തില്‍ (വിരാട്ട്) മനസ്സുറപ്പിക്കുക. പിന്നീട് അപ്രകടിതമായതിലും ഒടുവില്‍ പരമ്പൊരുളിലും ആകട്ടെ മനസ്സ്. അങ്ങിനെയാണ് എല്ലാമെല്ലാം അവയുടെ പ്രഭാവസ്ഥാനത്തേയ്ക്ക് ഉള്‍വലിയുന്നത്. ദേഹമാംസം മണ്ണുകൊണ്ട് ഉണ്ടായതിനാല്‍ അത് ഭൂമിയിലേയ്ക്ക് തിരിച്ചുപോവുന്നു. രക്തം ജലത്തിലേയ്ക്കും ദേഹത്തിലെ ചൂടും വെളിച്ചവും അഗ്നിയിലേയ്ക്കും മടങ്ങുന്നു. പ്രാണവായു വായുവിലേയ്ക്ക് മടങ്ങുന്നു. ദേഹാകാശം ആകാശത്തില്‍ വിലയിക്കുന്നു.

അതുപോലെത്തന്നെ ഇന്ദ്രിയങ്ങള്‍ അവയുടെ സ്രോതസ്സിലേയ്ക്ക് തിരിച്ചു പോവുന്നു. കേള്‍വി ആകാശത്തിലേയ്ക്ക്; സ്പര്‍ശം, വായുവിലേയ്ക്ക്; കാഴ്ച, സൂര്യനിലേയ്ക്ക്; സ്വാദ്, ജലത്തിലേയ്ക്ക്; പ്രാണവായു വായുവിലേയ്ക്ക്; വാക്ക് അഗ്നിയിലേയ്ക്ക്; കൈകള്‍ ഇന്ദ്രനിലേയ്ക്ക്; ചലനം വിഷ്ണുവിലേയ്ക്ക്; പ്രജനനം, കശ്യപനിലേയ്ക്ക്; വിസര്‍ജ്ജനം, മിത്രനിലേയ്ക്ക്; മനസ്സ് ചന്ദ്രനിലേയ്ക്ക്; ബുദ്ധി ബ്രഹ്മത്തിലേയ്ക്ക്.. ഇവയെല്ലാം അതത് അവയവങ്ങളെ ദ്യോതിപ്പിക്കുന്ന ദേവതകളാണ്. അവ അഹംകാര നിര്‍മ്മിതകളല്ല.
  
അങ്ങിനെ എല്ലാം അതതിന്റെ സ്രോതസ്സിലേയ്ക്ക് മടങ്ങിക്കഴിഞ്ഞാല്‍ നിനക്ക് സ്വയം വിരാട്ടായി കാണാന്‍ കഴിയും. ഭഗവാന്‍ ബോധചൈതന്യമായി എല്ലാത്തിനും അടിസ്ഥാനമേകി വിശ്വഹൃദയത്തില്‍ വിരാജിക്കുകയാണ്. മൂലഘടകങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവ ക്രമത്തില്‍ തൊട്ടുമുന്‍പിലുള്ള ഘടകത്തിന്റെ ഇരട്ടി അളവില്‍ വിശ്വം നിറഞ്ഞു നില്‍ക്കുന്നു. ഭൂമിയെ ജലത്തിലും; ജലത്തെ അഗ്നിയിലും; അഗ്നിയെ വായുവിലും; വായുവിനെ ആകാശത്തിലും വിലയിപ്പിക്കുക. ആകാശം വിശ്വാകാശത്തില്‍ ലയിക്കട്ടെ. അതാണല്ലോ എല്ലാറ്റിന്റെയും മൂലകാരണം. ആ സൂക്ഷ്മശരീരത്തില്‍ നിന്നുകൊണ്ട് എല്ലാ ഉപാധികളെയും ഉപേക്ഷിച്ച യോഗി ‘ഞാനാണ് എല്ലാറ്റിന്റെയും ആത്മസത്ത’ എന്ന് സ്വയം അനുഭവിക്കണം.

“വിശ്വം ഏതൊരു നാമരൂപരഹിതമായ സത്തയിലാണോ നിലകൊള്ളുന്നത്, അതാണ്‌ പ്രകൃതി. ചിലരതിനെ മായ എന്ന് വിളിക്കുന്നു. മറ്റുചിലര്‍ സൂക്ഷ്മാണു എന്ന് അതിനെ വിളിക്കുന്നു.” അവിദ്യ എന്നും അതിനു പേരുണ്ട്. ഇവയെപ്പറ്റിയുള്ള വാചകകസര്‍ത്തുകള്‍ എല്ലാവരെയും വല്ലാതെ കുഴപ്പിക്കുന്നുണ്ട്. ഒന്നറിയുക, ഈ അവസ്ഥയില്‍ എല്ലാമെല്ലാം നിലകൊള്ളുന്നത് അപ്രകടിതമായ സാദ്ധ്യാതാമാത്രമായ ഒരു തലത്തിലാണ്. സാദ്ധ്യതാമാത്രമായ ‘വസ്തുക്കള്‍ക്ക്’ തമ്മില്‍ എങ്ങിനെയാണ് ബന്ധുതയുണ്ടാവുക? ഓരോ ലോകചക്രത്തിലും വസ്തുക്കള്‍ അതില്‍ നിന്നുമുണ്ടായി നിലനിന്നു മറയുന്നു. ആകാശം, വായു, അഗ്നി, ജല, ഭൂമി എന്നിങ്ങിനെ സൂക്ഷ്മത്തില്‍ നിന്നും സ്ഥൂലത്തിലേയക്കാണ് സൃഷ്ടിയുടെ ക്രമം. എന്നാല്‍ ഇവയുടെ വിലയനം നടക്കുന്നത് വിപരീതക്രമത്തില്‍ സ്ഥൂലത്തില്‍ നിന്നും സൂക്ഷ്മത്തിലേയ്ക്കാണ്. 

ജാഗ്രദ്, സ്വപ്ന സുഷുപ്തി അവസ്ഥകളെ മറികടന്നാണ് തുരീയത്തെ പ്രാപിക്കുക. ധ്യാനാവസ്ഥയില്‍ സൂക്ഷ്മശരീരം പോലും പരംപൊരുളില്‍ വിലയിച്ചൊന്നാവുകയാണ്.

Apr 18, 2014

476 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 476

ദേവദ്വിജഗുരുശ്രദ്ധാഭരബന്ധുരചേതസാം
സദാഗമപ്രമാണാനാം മഹേശാനുഗ്രഹോ ഭവേത്. (6/127/58)
വാൽമീകി തുടര്‍ന്നു: അജ്ഞാനികള്‍ ഏകാന്തത ഇഷ്ടപ്പെടാത്തവരാണ്.  വിഷാദത്തില്‍ മുങ്ങി ജീവിക്കുന്ന അവര്‍ ചിലപ്പോള്‍ പുഞ്ചിരിച്ചുവെന്നു വരാം. എന്നാല്‍ സത്യജ്ഞാനികളോ, അവര്‍ ഇപ്പോഴും ആഹ്ളാദചിത്തരായി സദാ പുഞ്ചിരിതൂകിയാണ് കാണപ്പെടുക. സത്യം അല്ലെങ്കില്‍ ആത്മാവ് അതിസൂക്ഷ്മമാകയാല്‍ അത് അജ്ഞാനമെന്ന മൂടുപടത്താല്‍ മറയ്ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ലോകത്തിന്റെ അണുമാത്രമായ അസ്തിത്വത്തില്‍ നീ അടിയുറച്ചു വിശ്വസിക്കുന്നുവെങ്കില്‍പ്പോലും ആത്മാവ് എങ്ങും പോവുന്നില്ല. അപ്പോള്‍പ്പിന്നെ നിനക്ക് ദുഖമെന്തിനാണ്? ഇല്ലാത്തത് (അജ്ഞാനം) ഒരിക്കലും ഉണ്ടാവുകയില്ല. ഉള്ളതിനോ? (ജ്ഞാനം) അതിനൊരിക്കലും നാശവുമില്ല. **
എന്നാല്‍ പലേ കാരണങ്ങള്‍കൊണ്ട് നമ്മിൽ ചിന്താക്കുഴപ്പം ഉണ്ടാവുന്നു. അതില്‍ നിന്നും വിടുതി ലഭിക്കാന്‍ വിശ്വഗുരുവായ ഭഗവാനെ പൂജിക്കുക. നിന്റെ ദുഷ്കര്‍മ്മങ്ങള്‍ ഫലങ്ങളായി വീഴുന്നത് നിന്നില്‍ നിന്നുമകലെയല്ല. അവ നിന്നെ കുരുക്കുന്ന കൊലക്കയര്‍ തന്നെയാണ്. മനസ്സ് നിര്‍മനമാവുന്നതുവരെ (പൂര്‍ണ്ണ സത്വം) നാമരൂപങ്ങളെ സമാശ്രയിക്കുകതന്നെ വേണം. അതുകഴിഞ്ഞാല്‍ നിനക്ക് പരംപൊരുളിന്റെ ധ്യാനാവസ്ഥയില്‍ അരൂഢനാവാം. എന്നിട്ട് അനുനിമിഷം അകമേ ഉദിച്ചുയരുന്ന ജ്യോതിയായി അന്തരാത്മാവിനെ ആത്മനാ ദര്‍ശിക്കുക.
നിസ്വാര്‍ത്ഥവും ഉചിതവുമായ കര്‍മ്മങ്ങളാല്‍ ഒരുവന്‍ പരമപദം പ്രാപിക്കാന്‍ ഗുരുവിന്റെ കൃപയും ആവശ്യമാണ്‌. പൂര്‍വ്വാര്‍ജ്ജിത കര്‍മ്മഫലമായുണ്ടാവുന്ന വാസനകള്‍ ബലവത്താണ്. അത് നീക്കാന്‍ സ്വപ്രയത്നം മാത്രം മതിയാവുകയില്ല. അനിവാര്യമായ, വിധിവിഹിതമായ അനുഭവങ്ങളെ മാറ്റാന്‍ ദേവതമാര്‍ക്കുപോലും ആവില്ല. എല്ലാവരും ലോകനിയമങ്ങള്‍ക്കും നിയതിക്കും വശംവദരാണ് താനും. ഇവയെല്ലാം നമ്മുടെ വാക്കുകള്‍ക്കും ചിന്തയ്ക്കും ഉപരിയാണ് വര്‍ത്തിക്കുക. എന്നാല്‍ ജന്മങ്ങള്‍ അനവധി കഴിഞ്ഞിട്ടാണെങ്കിലും പ്രബുദ്ധതയെന്ന ആത്മസാക്ഷാത്കാരം ലഭിക്കുകതന്നെ ചെയ്യുമെന്ന് അത്മീയസാധനയില്‍ അഭിരമിക്കുന്ന ധീരന് നിശ്ചയമുണ്ട്.

ദുഷ്കര്‍മ്മങ്ങള്‍ ഒരുവനെ സംസാരത്തില്‍ തളച്ചിടുമ്പോള്‍ ഉചിതകര്‍മ്മങ്ങള്‍ മോക്ഷപ്രദമാണ്. ഇപ്പോള്‍ ചെയ്യുന്ന സദ്‌കര്‍മ്മങ്ങള്‍ക്ക് വാസനാമാലിന്യത്തെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. നിന്റെ കര്‍മ്മങ്ങളെയെല്ലാം ബ്രഹ്മത്തില്‍ സമര്‍പ്പിക്കുന്ന പക്ഷം പിന്നീട് നിനക്കൊരിക്കലും സംസാരചക്രത്തില്‍ ഉഴന്നുതിരിയേണ്ടതായി വരികയില്ല. കാലമെന്ന സംവിധായകന്റെ കയ്യിലെ വെറും കഥാപാത്രങ്ങളായി പലപല വേഷങ്ങള്‍ ആടാന്‍ വിധിക്കപ്പെട്ടവരാണ് അജ്ഞാനികള്‍ എന്ന് മറക്കാതിരിക്കുക.

കാലമാണ് സൃഷ്ടിക്കുന്നത്, സംരക്ഷിക്കുന്നത്, സംഹരിക്കുന്നത്. എന്തിനാണ് നീ സമ്പത്തിന്റെ നഷ്ടത്തിലും മറ്റും മാഴ്കുന്നത്? എന്തിനാണ് നീ സന്തോഷത്തില്‍ മതിമറന്നു തുള്ളുന്നത്? നിശ്ചലനായിനിന്ന് നീയാ വിശ്വനടനം തന്നെ കണ്ടാലും.

“ഭഗവദ്ഭക്തിയുള്ളവരും, മഹാബ്രാഹ്മണരോടും ഗുരുവിനോടുമുള്ള ഭക്തിപുരസരം വേദശാസ്ത്രാനുസാരിയായി ജീവിക്കുന്നവരുമാണ് ഭാഗവദ് കൃപയ്ക്ക് പാത്രമാവുക.”

ഭരദ്വാജന്‍ പറഞ്ഞു: ഭഗവന്‍, അറിയേണ്ടതെല്ലാം ഞാന്‍ അറിഞ്ഞിരിക്കുന്നു. വൈരാഗ്യമല്ലാതെ ഉത്തമനായ ഒരു സുഹൃത്തുമില്ല എന്ന് ഞാന്‍ അറിയുന്നു. സംസാരത്തില്‍ കവിഞ്ഞൊരു ശത്രുവുമില്ല. ഭഗവാനെ, മഹര്‍ഷി വസിഷ്ഠന്‍ അരുളിച്ചെയ്ത പ്രഭാഷണത്തിന്റെ സാരസത്ത ഇനിയും എനിക്ക് കേള്‍ക്കണമെന്നുണ്ട്. 

വാല്മീകി പറഞ്ഞു: കേട്ടാലും ഭരദ്വാജാ. ഇതിന്റെ ശ്രവണം ഒന്നുകൊണ്ടുമാത്രം നിനക്ക് ഈ സംസാരസാഗരത്തില്‍ ഇനിയൊരിക്കലും മുങ്ങേണ്ടതായി വരികയില്ല.  

** നാസതോ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത:  (ഭഗവദ് ഗീത 2:16) 

Apr 17, 2014

475 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 475

ബാലാന്‍പ്രതി വിവര്‍ത്തോയം ബ്രഹ്മണ: സകലം ജഗത്
അവിവര്‍ത്തിതമാനന്ദമാസ്ഥിതാ: കൃതിന: സദാ (6/127/28)
വാല്മീകി ഭരദ്വാജനോടു പറഞ്ഞു: പരമോന്നതജ്ഞാനത്തിന്റെ സാരസത്തയായ സത്യത്തെ ഉള്‍ക്കൊണ്ട് ശ്രീരാമന്‍ ആനന്ദസാഗരത്തില്‍ ആമഗ്നനായി. ആ ബോധലയത്തില്‍ രാമന്‍ കുറേനേരം എല്ലാം മറന്നിരുന്നു. അദ്ദേഹം ചോദ്യങ്ങള്‍ ചോദിക്കാനോ, ഉത്തരങ്ങള്‍ തേടാനോ, എന്തെങ്കിലും മനസ്സിലാക്കാനോ ഉള്ള ശ്രമങ്ങള്‍ പാടേ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. ആത്മജ്ഞാനത്തിന്റെ പരമകാഷ്ഠയില്‍ അദ്ദേഹം അരൂഢനായിരുന്നുവല്ലോ.

ഭാരദ്വാജന്‍ ചോദിച്ചു: സദ്‌ഗുരുവേ, ശ്രീരാമന്‍ പരമപദം പൂകിയ കഥ കേട്ട് ഞാനും ആഹ്ളാദിക്കുന്നു. എന്നാല്‍ ഞങ്ങളെപ്പോലെ അജ്ഞാനികളും പാപപങ്കിലരുമായ മൂഢമതികള്‍ക്ക് ആ പരമപദം പ്രാപിക്കാന്‍  എങ്ങിനെയാണ് കഴിയുക? ബ്രഹ്മാദികള്‍ക്ക് പോലും അപ്രാപ്യമാണത് എന്ന് ഞാന്‍ കേട്ടിരിക്കുന്നു.

വാല്മീകി പറഞ്ഞു: ശ്രീരാമവസിഷ്ഠസംവാദം പൂര്‍ണ്ണമായും ഞാന്‍ നിനക്ക് വിവരിച്ച് തന്നുവല്ലോ? അതിനെക്കുറിച്ച് നല്ലവണ്ണം വിചിന്തനം ചെയ്യൂ. നിനക്കുള്ള ഉപദേശവും മറ്റൊന്നല്ല. ബോധത്തില്‍ ലോകമെന്നു തരം തിരിച്ചു പറയാന്‍ ആവുന്ന യാതൊരു വിഭിന്നതകളും ഇല്ല. നിനക്ക് പറഞ്ഞു തന്ന ഗൂഢോപദേശം അനുസരിച്ച് വൈവിദ്ധ്യമെന്ന ധാരണകളെയെല്ലാം ഉപേക്ഷിക്കൂ.

ജാഗ്രദും സുഷുപ്തിയും എല്ലാം ‘ഇല്ലാത്ത ഈ സൃഷ്ടി’യുടെ ഭാഗങ്ങളാണ്. പ്രബുദ്ധതയെന്നത് അന്തരാ പ്രോജ്വലിച്ചുണരുന്ന പ്രകാശമാണ്. സൃഷ്ടി ഉണരുന്നത് നിശൂന്യതയില്‍ നിന്നാണ്. ഒടുവിലത് വിലയിക്കുന്നതും അതില്‍ത്തന്നെ. സൃഷ്ടിതന്നെ നിശൂന്യതയാണ്. അത് ഉണ്ടായിട്ടേയില്ല. അതിനു നിലനില്‍പ്പില്ല.

തുടക്കമില്ലെന്നതുകൊണ്ടും സ്വയം പരിമിതപ്പെടുത്തുന്ന ധാരണകള്‍ ഉള്ളതുകൊണ്ടും സൃഷ്ടി ഉണ്ടെന്നമട്ടില്‍ അനേകം ചിന്താക്കുഴപ്പങ്ങളെ ഉണ്ടാക്കുന്നു. നിനക്ക് വിഭ്രാന്തിയുണ്ടാവാന്‍ കാരണം  അനന്താവബോധത്തെക്കുറിച്ച് നീ വീണ്ടും വീണ്ടും ആലോചിച്ചുറച്ചു സത്യവിചാരം ചെയ്യാത്തതും സ്വപരിമിതികള്‍ എന്ന വിഷം കഴിച്ചു മനോപാധികളെ ഊട്ടി വളര്‍ത്തിയതുമാണ്. പ്രബുദ്ധരായ മാമുനിമാരുടെ പാദാരവിന്ദങ്ങള്‍ കണ്ടെത്തി അവരില്‍ നിന്നും  ആത്മവിദ്യ നേടി ശരിയായ ജ്ഞാനം ഉറയ്ക്കുന്നതുവരെ ഈ ഭ്രമം നിലനില്‍ക്കും. 

വല്‍സാ, ആരംഭത്തിലേ ഇല്ലാത്ത ഒന്നും അവസാനത്തിലും ഉണ്ടാവുകയില്ല. അതിപ്പോഴും ഇല്ല. ലോകമെന്ന കാഴ്ച വെറും സ്വപ്നമാണ്. അനന്താവബോധമെന്ന സത്തയിലാണ് ലോകം ഉണ്ടായി മറയുന്നത്. അജ്ഞാനത്തില്‍‍, അല്ലെങ്കില്‍ സംസാരസാഗരത്തില്‍ അനാദിയായ, സ്വപരിമിതികളെന്ന അപാരസാദ്ധ്യതയില്‍ ‘ഞാന്‍’ എന്ന ധാരണ ഉണരുന്നു. പിന്നീട് ‘എന്റെ’, ‘ആകര്‍ഷണം’, ‘വികര്‍ഷണം’ തുടങ്ങിയ ധാരണകള്‍ ചിന്താസഞ്ചാരത്തിലൂടെ ദൃഢതരമാവുന്നു. ഒരിക്കല്‍ അടിയുറച്ചുപോയാല്‍പ്പിന്നെ ഈ ധാരണകള്‍ അന്തമില്ലാത്ത ദുഖങ്ങളും ദുരിതങ്ങളും ക്ഷണിച്ചു വരുത്തുന്നു. 

വൈവിദ്ധ്യതയുടെ സമുദ്രോപരി നീന്താതെ, ആഴത്തില്‍ മുങ്ങി ഉള്ളിലുള്ള പ്രശാന്തതയെ പ്രാപിക്കൂ. ആരൊക്കെ ജനിച്ചു, മരിച്ചു, ആരൊക്കെ വന്നു പോയി? ഇത്തരം തെറ്റിദ്ധാരണകളില്‍ എന്തിനാണ് നീ അലയുന്നത്? ഒരേയൊരു ആത്മാവ് മാത്രം സത്തായി ഉള്ളപ്പോള്‍ മറ്റൊന്നിന് എവിടെയാണ് ഇടമുണ്ടാവുക?

“ബ്രഹ്മം ലോകമായി പ്രകടിതമാവുന്നു എന്ന സിദ്ധാന്തം, കയര്‍ പാമ്പായി കാണപ്പെടുന്നു എന്നതുപോലെ ബാലിശവും അജ്ഞാനജന്യവുമായ വെറും നേരംപോക്ക് മാത്രമാണ്. പ്രബുദ്ധതയാര്‍ജ്ജിച്ചവന്‍ സദാ വിരാജിക്കുന്നത് മറ്റൊന്നായി ഒരിക്കലും പ്രകടിതമാവാന്‍ സാദ്ധ്യമല്ലാത്ത പരമസത്യത്തിന്റെ സത്തയിലാണ്.”