Dec 28, 2013

403 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 403

യദൃച്ഛയാ സ്ഥിതോ ജീവോ ഭൂതതന്മാത്രരഞ്ജിത:
കസ്മിംശ്ചിദഭവത്സര്‍ഗേ ഭിക്ഷുരക്ഷുഭിതോഭിത: (6/63/9)
വസിഷ്ഠന്‍ തുടര്‍ന്നു: ആ അരയന്നം ഒരിക്കല്‍ താന്‍ രുദ്രനാണെന്ന് നിനച്ചു. അങ്ങിനെ അതിന്റെ ഹൃദയത്തില്‍ താന്‍ രുദ്രന്‍ തന്നെയെന്നു ദൃഢമായ വിശ്വാസം രൂഢമൂലമാവുകയും ചെയ്തു. ക്ഷണത്തില്‍ അത് തന്റെ അരയന്ന രൂപം ഉപേക്ഷിച്ച് രുദ്രനായിത്തീര്‍ന്നു. ആ രുദ്രന്‍ രുദ്രലോകത്ത് വാണരുളി.  
എന്നാല്‍ അറിവിന്റെ നിറകുടമായിരുന്നതുകൊണ്ട് രുദ്രന് ഇതുവരെ നടന്നതെല്ലാം എന്തൊക്കെയാണെന്ന് നല്ലവണ്ണം അറിയാമായിരുന്നു. അദ്ദേഹം ഇങ്ങിനെ ആലോചിച്ചു: ഈ മായയുടെ മാസ്മരികത എന്തൊക്കെയാണെന്ന് നോക്കൂ. എല്ലാവരെയും, ലോകങ്ങളെയെല്ലാം  അത് വിഭ്രാന്തിയിലാക്കുന്നു. യഥാര്‍ത്ഥ്യമല്ലെങ്കിലും കാഴ്ച്ചകള്‍ക്കെല്ലാം യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി ഉണ്ടാകുന്നത് ഈ മായ മൂലമാണ്. വിശ്വവ്യാപിയാണെങ്കിലും ആ അനന്താവബോധത്തില്‍ , അതായത് എന്നില്‍ , വസ്തുനിഷ്ഠബോധമായി മനസ്സുണ്ടായി.

“എന്നിട്ട്‍ ആകസ്മികമായി ഞാന്‍ ജീവനായി പരിണമിച്ച് വിശ്വത്തിന്റെ സൂക്ഷ്മഘടകങ്ങളുമായി ഞാന്‍ ആകര്‍ഷിതനായി. അങ്ങിനെ ഏതോ ഒരു സൃഷ്ടിചക്രത്തില്‍ ഞാന്‍ അചഞ്ചലചിത്തനും യോഗിയുമായ ഒരു പരിവ്രാജകനായി.”

അയാള്‍ എല്ലാവിധത്തിലുമുള്ള ആസക്തികളില്‍ നിന്നും വിടുതല്‍ നേടി ധ്യാനത്തില്‍ ആമഗ്നനായിക്കഴിഞ്ഞു വന്നു. വര്‍ത്തമാന കര്‍മ്മങ്ങള്‍ ഓരോന്നും അപ്പോള്‍ കഴിഞ്ഞുപോയ കര്‍മ്മകാണ്ഡത്തേക്കാള്‍ ബാലവത്താണല്ലോ. ആ യോഗി സ്വയം താന്‍ ‘ജീവട’നാണെന്നു കരുതുകയും അതാവുകയും ചെയ്തു. അതുകഴിഞ്ഞ് അയാള്‍ താനൊരു ബ്രാഹ്മണന്‍ ആണെന്നും ധരിച്ചു. കൂടുതല്‍ ബലവത്തായ ചിന്താശക്തി, തുലോം അബലമായചിന്തയെ കീഴടക്കി അയാളെ ആ പ്രബലമായ ആ ചിന്താവസ്ഥയിലേയ്ക്ക് നയിച്ചു.

പിന്നീട് തുടര്‍ച്ചയായിച്ചെയ്ത ധ്യാനസപര്യയുടെ ഫലമായി അയാള്‍ ഒരു ചക്രവര്‍ത്തിയായി. ചെടിയ്ക്കുള്ളില്‍ ആഗിരണംചെയ്ത ജലമാണല്ലോ പൂവായി പൂത്തു കായായി പുറത്തു വരുന്നതിന്റെ കാരണം. രാജകീയസുഖഭോഗങ്ങളും അപ്സരസ്ത്രീ സംസര്‍ഗവും രാജാവിനെ സ്വയമൊരപ്സരസ്സു തന്നെയാക്കി മാറ്റി. മോഹവലയത്തിലകപ്പെട്ട് അവളൊരു മാനായി മാറി. മാന്‍ ഒരു വള്ളിച്ചെടിയാവാന്‍ കാരണം, തന്നെ എന്തെങ്കിലും കുത്തിത്തുളയ്ക്കും എന്നുള്ള ചിന്തയാണ്. അതിനുതകുംവിധം തേനീച്ചയെ ധ്യാനിച്ച്‌ അതൊരു തേനീച്ചയായി. എന്നിട്ടത് വള്ളിച്ചെടിയില്‍ കുത്തി ഒരു തുളയുണ്ടാക്കി. പിന്നെ തേനീച്ച ആനയായി. 

കഴിഞ്ഞ നൂറു സൃഷ്ടിചക്രങ്ങളിലും രുദ്രനായി വാണരുളിയ ഞാന്‍ ഈ പ്രത്യക്ഷലോകത്തില്‍ ഇങ്ങിനെ അലയുകയാണ്. എന്നാല്‍ ഇതെല്ലാം വെറും മാനസീകവിഭ്രാന്തികള്‍ മാത്രമാണെന്ന് ഞാനറിയുന്നു. ഒരു സൃഷ്ടിചക്രത്തില്‍ ഞാന്‍ ജീവടനും മറ്റൊന്നില്‍ ഞാന്‍ ബ്രാഹ്മണനും ആയി. വേറൊന്നില്‍ ഞാന്‍ രാജാവും പിന്നെ അരയന്നവുമായി. മനസ്സും ദേഹവുമാകുന്ന ചക്രത്തില്‍ ഞാനിങ്ങിനെ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഞാന്‍ പരമാത്മാവില്‍നിന്നും അനന്താവബോധത്തില്‍ നിന്നും തെന്നിമാറിപ്പോയിട്ട് യുഗങ്ങളേറെക്കഴിഞ്ഞിരിക്കുന്നു. ആ പതനത്തിനു ശേഷവും യോഗശാസ്ത്രനിപുണനായ പരിവ്രാജകനായിരുന്നുവല്ലോ ഞാന്‍. എന്നിട്ട് അനേകം പുനര്‍ജന്മങ്ങളിലൂടെ കടന്നുപോയി രുദ്രകൃപയാല്‍ത്തന്നെ ഞാന്‍ അവസാനം രുദ്രനായിത്തീര്‍ന്നിരിക്കുന്നു. ഞാന്‍ രുദ്രനെ ധ്യാനിക്കാന്‍ ഇടയായി എന്നത് തന്നെയാണതിനു കാരണം.

പ്രബുദ്ധനായ ഒരാളെ കണ്ടുമുട്ടുന്ന മാത്രയില്‍ ഒരുവന്റെ ദുര്‍വ്വാസനകള്‍ക്ക് അവസാനമായി. അത് സംഭവിക്കുന്നതോ, അത്തരം സത്സംഗത്തിനായി  സാധകന്‍ നിസ്തന്ദ്രമായി ധ്യാനിക്കുന്നതുകൊണ്ടാണ്. അത്തരം നിത്യാഭ്യാസം  കൊണ്ട് ഇതെല്ലാം സുസാദ്ധ്യമാണെന്നുള്ളത് സര്‍വ്വസമ്മതമത്രേ.

Dec 27, 2013

402 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 402

തിര്യങ്ങ്കോപി പ്രപശ്യന്തി സ്വപ്നം ചിത്തസ്വഭാവത:
ദൃഷ്ടാനാം ച ശ്രുതാനാം ച ചേത:സ്മരണമക്ഷതം   (6/62/18)
വസിഷ്ഠന്‍ പറഞ്ഞു: ഇതോടനുബന്ധിച്ച് ഞാന്‍ നിനക്കൊരു കഥ പറഞ്ഞുതരാം. നല്ലവണ്ണം കേട്ടുകൊള്ളുക. ഒരിടത്ത് ധ്യാനാദികളില്‍ അതിശ്രദ്ധാലുവായ ഒരു പരിവ്രാജകന്‍ ഉണ്ടായിരുന്നു. തന്റെ ധ്യാനപരിശീലനത്തിന്റെ ഫലമായി ചിന്തകളില്‍ ഉള്ള വസ്തുക്കളെ മൂര്‍ത്തീകരിക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നു. ഒരിക്കല്‍ ധ്യാനിച്ചുകൊണ്ടിരിക്കെ അതില്‍ ക്ഷീണിതനായി. എന്നാല്‍ പൂര്‍ണ്ണമായും മനസ്സ് എകാഗ്രമായിരിക്കെത്തന്നെ അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുണ്ടായി. മനസ്സിലുദിച്ചത് അബ്രാഹ്മണകുലത്തില്‍ ജനിച്ച വിദ്യാവിഹീനനായ ഒരാളുടെ കാര്യമാണ്. പൊടുന്നനെ അയാള്‍ ആ വിധത്തിലുള്ള ഒരു കാട്ടുജാതിക്കാരനായി. ഇതിനു കാരണമായത് ‘ഞാന്‍ ജീവടന്‍ആണ് എന്ന തോന്നലാണ്.
ഈ സ്വപ്നജീവി നഗരങ്ങളില്‍ ചിലപ്പോള്‍ കറങ്ങി നടന്നു. മാത്രമല്ല അയാള്‍ സ്വപ്നവസ്തുക്കള്‍ ഉണ്ടാക്കാനും തുടങ്ങി. ഒരു ദിവസം അയാള്‍ മദ്യപിച്ചുമയങ്ങി ഉറങ്ങിപ്പോയി. അപ്പോള്‍ക്കണ്ട  സ്വപ്നത്തില്‍ അയാള്‍ വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ള ഒരു പണ്ഡിതബ്രാഹ്മണനായിരുന്നു. അങ്ങിനെ ധര്‍മ്മിഷ്ഠനായിക്കഴിഞ്ഞു വരവേ അദ്ദേഹം കണ്ട സ്വപ്നത്തില്‍ താന്‍ ഒരു പ്രബലനായ രാജാവായിരുന്നു. അതീവ പ്രതപവാനായ ഒരു ചക്രവര്‍ത്തിയായി അദ്ദേഹം നാടുവാണു.

ഒരുദിവസം രാജകീയ സുഖഭോഗങ്ങളില്‍ മുഴുകിയശേഷം ഉണ്ടായ നിദ്രാവേളയില്‍ അദ്ദേഹം ഒരപ്സരസ്ത്രീയെ സ്വപ്നം കണ്ടു. അങ്ങിനെ അയാളൊരപ്സരസ്സുമായി. ഈ അപ്സരസ്സിന്റെ സ്വപ്നം ഒരു പേടമാനിനെക്കുറിച്ചായിരുന്നു. പേടമാനിന്റെ സ്വപ്നം വള്ളിപ്പടര്‍പ്പുകളെക്കുറിച്ചായിരുന്നു. “തീര്‍ച്ചയായും മൃഗങ്ങള്‍ക്കും സ്വപ്നങ്ങളുണ്ട്. മനസ്സിന്റെ വ്യാപാരങ്ങള്‍ അങ്ങിനെയൊക്കെയാണ്. അതിനു കണ്ടതും കേട്ടതുമായ കാര്യങ്ങളെ ഓര്‍മ്മിക്കുവാന്‍ കഴിയും.”

പേടമാന്‍ വള്ളിച്ചെടിയായി. അതിന്റെയുള്ളിലെ മേധാശക്തിയില്‍ ഒരു തേനീച്ചയുടെ രൂപം തെളിഞ്ഞു. അങ്ങിനെയത് തെനീച്ചയായി. ആ വള്ളിച്ചെടിയില്‍ വിരിഞ്ഞ പൂക്കളിലൊന്നില്‍ക്കയറി അത് തേന്‍ കുടിക്കാന്‍ ആരംഭിച്ചു. 

അങ്ങിനെ സ്വയം നാശത്തിലേയ്ക്ക് നയിച്ച്‌ അത് ആ പൂവിലെ തേനിനടിമയായി. രാത്രിയില്‍ ഒരാന വന്ന്‍ വള്ളിപ്പടര്‍പ്പുകള്‍ പിച്ചിച്ചീന്തി തേനീച്ചയോടെ ആ പൂ പിഴുതെടുത്തു. എന്നിട്ടത് വായിലിട്ടു ചവച്ചുകളഞ്ഞു. എന്നാല്‍ ആനയെക്കണ്ടമാത്രയില്‍ ആനയെന്ന ഭാവന ഉള്ളില്‍ ഉണ്ടായതുകാരണം അതൊരാനയായിത്തീര്‍ന്നു.

ആനയെ ഒരു രാജാവ് പിടിച്ചെടുത്തു. ഒരുദിനം ഒരു തേനീച്ചക്കൂടു കണ്ടു പൂര്‍വ്വസ്മൃതിയുണ്ടായ ആന വീണ്ടും തേനീച്ചയായി. വനനികുഞ്ജങ്ങളിലെ പൂക്കളില്‍നിന്നും അത് തേനുണ്ണാന്‍ തുടങ്ങി. അത് വനലതകളില്‍ ഒന്നായി മാറി. 

ആ വനലതയെ ഒരാന നശിപ്പിച്ചു. എന്നാല്‍ അടുത്തുള്ളൊരു പൊയ്കയിലെ അരയന്നങ്ങളെ നോക്കിവച്ചിരുന്ന വള്ളിച്ചെടി അപ്പോഴേയ്ക്കും ഒരരയന്നമായിക്കഴിഞ്ഞിരുന്നു. ഒരു ദിനം കൂടെയുള്ള അരയന്നങ്ങളോടൊന്നിച്ചവള്‍ നടക്കാനിറങ്ങി.

ഈ അരയന്നത്തെ ധ്യാനിച്ചുകൊണ്ടിരുന്ന മാത്രയില്‍ ആ സന്യാസിയെ മരണം വരിച്ചു. അങ്ങിനെ അദ്ദേഹത്തിന്‍റെ ബോധം അരയന്നത്തിന്റെ രൂപത്തില്‍ മൂര്‍ത്തീകരിക്കപ്പെട്ടു.

Dec 22, 2013

401 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 401

ഭാവത്യാത്മനി സര്‍ഗാദി  ദൃഢപ്രത്യയമേവ തത്
നിമേഷമാത്ര: പൌരോയം സര്‍ഗസ്വപ്ന പുര: സ്ഥിത:
തസ്മിന്നിമേഷ ഏവാസ്മിന്‍ കല്പതാ പരികല്‍പ്യതേ  (6/61/11)
  
രാമന്‍ ചോദിച്ചു: മഹര്‍ഷേ, നാം സ്വപ്നത്തില്‍ കാണുന്ന നഗരങ്ങളും മറ്റും തികച്ചും അയാഥാര്‍ത്ഥ്യമാണെന്നതുപോലെ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ സ്വപ്നമാണല്ലോ ഈ ലോകം. അതും വാസ്തവത്തില്‍ ഭ്രമകൽപ്പിതമായ ഒരു സ്വപ്നക്കാഴ്ച തന്നെ. എന്നാല്‍ ആ ലോകദൃശ്യത്തിന്എങ്ങിനെയാണിത്ര ഉറപ്പും യാഥാര്‍ത്ഥ്യമാണെന്ന തോന്നലും ഉളവാക്കാന്‍ കഴിയുന്നത്? 

വസിഷ്ഠന്‍ പറഞ്ഞു: ബ്രഹ്മാവിന്റെ ആദ്യത്തെ സൃഷ്ടി തന്നെ ഇപ്പോഴും നാം അത് യഥാര്‍ത്ഥമാണെന്ന മട്ടില്‍ കണ്ടുകൊണ്ടേയിരിക്കുന്നു. ബോധം അനന്തമാകയാല്‍ ജീവന്റെ സൃഷ്ടി എല്ലാടത്തും ഉണ്ടായിക്കോണ്ടേയിരിക്കുന്നു. ഈ സൃഷ്ടിയാകട്ടെ അജ്ഞാനത്തിന്റെ സൃഷ്ടിയാണെന്നത് നിശ്ചയം! എന്നാല്‍ സൃഷ്ടിയിലുള്ള ദൃഢവിശ്വാസം അതിന്റെ യാഥാര്‍ഥ്യവസ്തുതയെ, സത്യത്തെ  മറച്ചുകളയുന്നു. വാസ്തവത്തില്‍ അസത്തായ അത് അഹംകാരത്തിന്റെ ആഗമനത്തോടെ തികച്ചും മൂര്‍ത്തീകരിച്ച സത്യമാണെന്ന ഒരു പ്രതീതി ഉളവാകുകയാണ്.  

സ്വപ്നം കാണുന്നവന്‍ ആ സ്വപ്നദൃശ്യത്തിന്റെ, അതിലെ വസ്തുക്കളുടെ,  ക്ഷണികതയെപ്പറ്റി ബോധവാനല്ലാത്തതുപോലെ ബ്രഹ്മാവും  തന്റെ വിശ്വസൃഷ്ടിയുടെ, അതായത് ലോകത്തിന്റെ ക്ഷണികതയെപ്പറ്റി ബോധവാനല്ല തന്നെ. സ്വപ്നം സ്വപ്നാടകന്റെ സ്വഭാവ വൈജാത്യങ്ങള്‍ സ്വാംശീകരിക്കുന്നു. അസത്തില്‍ നിന്നുല്‍ഭവിച്ചത് അസത്തുതന്നെയാകണമല്ലോ. അതിനാല്‍ യഥാര്‍ത്ഥ്യമെന്നു തോന്നുന്നുവെങ്കിലും ലോകമെന്നത് അസത്തായ ഒരു ധാരണയാല്‍ ഉണ്ടായ ഒന്നായതിനാല്‍ അതും അസത്താകുന്നു. ബ്രഹ്മാവിന്റെ സ്വപ്നം എന്ന അയഥാര്‍ത്ഥ സങ്കല്‍പ്പമാണല്ലോ വിശ്വനിര്‍മ്മിതിയ്ക്ക് നിദാനമാവുന്നത്. അവഗണിക്കാന്‍ മാത്രം യോഗ്യമായൊരു കല്‍പ്പനാവിശേഷമാണത്. 

“ആത്മാവില്‍ , അതായത് അനന്തബോധത്തില്‍ ഈ സൃഷ്ടി ക്ഷണനേരത്തേയ്ക്ക് കാണപ്പെട്ട്  മറയുകയാണ്. ആ ക്ഷണത്തില്‍ത്തന്നെ അതിനേറെ നേരത്തെ ആയുസ്സുള്ളതായി ഭ്രമാത്മകമായ ഒരു ധാരണ ഉടലെടുക്കുന്നു. അങ്ങിനെ ഈ ലോകസൃഷ്ടി യാഥാര്‍ത്ഥ്യമാണെന്ന തോന്നല്‍ രൂഢമൂലമാവുന്നു.”

വിശ്വം നിലകൊള്ളുന്നത് ബ്രഹ്മാവിന്റെ ബോധത്തിലെ സ്വപ്നസൃഷ്ടിയായിട്ടാണെങ്കിലും എല്ലാ ജീവജാലങ്ങളിലെ ബോധതലത്തിലും ഉണ്ടാകുന്ന സ്വപ്നങ്ങളില്‍ അതിനു ദീര്‍ഘയുസ്സാണുള്ളത്. കാരണം ഈ ജീവജാലങ്ങള്‍ ബ്രഹ്മാവിന്റെ സ്വപ്നവസ്തുക്കള്‍ മാത്രമാണല്ലോ. ഈ സ്വപ്നത്തില്‍ എന്തെന്തു കാണപ്പെടുന്നുവോ അത് ഭവിക്കുന്നു. മനസ്സ് കലുഷമായും ഭ്രമകല്‍പ്പനയില്‍ ആണ്ടുമുങ്ങിയും ഇരിക്കുമ്പോള്‍ മനസ്സിന് അനുഭവവേദ്യമല്ലാത്തതായി യാതൊന്നുമില്ല.

ഈ ലോകത്തില്‍ പല അസാധാരണ പ്രതിഭാസങ്ങളും സുവിദിതമായി കണ്ടുവരുന്നുമുണ്ട്. ജലമദ്ധ്യത്തില്‍ തീയുണ്ടാവുന്നു, ജലം ആകാശത്തു സ്തംഭിച്ചു നില്‍ക്കുന്നു, പാറക്കല്ലുകള്‍ക്കുള്ളില്‍ ജീവികള്‍ കാണപ്പെടുന്നു, അചേതനമായ യന്ത്രസാമഗ്രികള്‍ നിയന്ത്രണമില്ലാതെ പായുന്നു. തികച്ചും യാഥാര്‍ഥ്യമല്ലാ എന്നുറപ്പുള്ള കാര്യങ്ങളും സ്വപ്നത്തില്‍ നാം കാണാറുണ്ടല്ലോ. ചിലപ്പോള്‍ സ്വന്തം മരണമായിരിക്കും ഒരുവന് സ്വപ്നത്തില്‍ ദൃശ്യമാവുന്നത്. അക്കാഴ്ചകളൊന്നും സത്യമായതോ അസത്യമായതോ അല്ല. കാരണം എല്ലാം സൃഷ്ടിയെന്ന സ്വപ്നത്തിന്റെ സന്തതികളാണല്ലോ.

സ്വപ്നത്തില്‍ ഒരുവന്‍ താന്‍ കാണുന്ന അനുഭവിക്കുന്ന കാഴ്ചകള്‍ തികച്ചും സത്യമാണെന്ന് കരുതുന്നതുപോലെ ഈ സൃഷ്ടിയില്‍ (വിശ്വത്തില്‍ ) ആമഗ്നരായി   നിലകൊള്ളുന്നവരും തങ്ങളുടെ അനുഭവങ്ങളെ സത്യമാണെന്ന് കരുതുന്നു. ഉറക്കത്തില്‍ ഒരു സ്വപ്നത്തില്‍നിന്നും മറ്റൊന്നിലേയ്ക്ക് പോകുന്നതുപോലെ ഒരുവന്‍ ഒരുഭ്രമകല്‍പ്പനയില്‍ നിന്നും മറ്റൊന്നിലേയ്ക്ക് കടന്നുപോയ്ക്കൊണ്ടേയിരിക്കുന്നു. അങ്ങിനെ ലോകാനുഭവങ്ങളെ തികഞ്ഞ യാഥാര്‍ത്ഥ്യമായി സ്വാംശീകരിക്കുകയും ചെയ്യുന്നു

Dec 20, 2013

400 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 400

തത് സര്‍വഗതമാദ്ധ്യന്ത രഹിതം  സ്ഥിതമര്‍ജ്ജിതം
സത്താസാമാന്യമഖിലം വസ്തുതത്വമിഹോച്യതേ  (6/60/8)

വസിഷ്ഠന്‍ തുടര്‍ന്നു: പരംപൊരുളിന്റെ സ്വഭാവം അങ്ങിനെ അനന്തമായ അവബോധത്തിന്റേതാണ്. ബ്രഹ്മാണ്ഡമൂര്‍ത്തികളായ ബ്രഹ്മാവിഷ്ണുമഹേശ്വരാദികള്‍ ആ പരംപൊരുളില്‍ സ്ഥിരപ്രതിഷ്ഠിതരാണ്. അതിനാല്‍ അവര്‍ ലോകത്തിന്റെ പ്രഭുക്കളായി വര്‍ത്തിക്കുന്നു. അതേ പരമ്പൊരുളില്‍ പ്രതിഷ്ഠിതരാകയാല്‍ സംപൂജ്യരായ മാമുനിമാര്‍ സ്വര്‍ഗ്ഗങ്ങളില്‍ വിഹരിക്കുന്നു. ഈ അവസ്ഥയെ പ്രാപിച്ചുകഴിഞ്ഞവന് മരണമില്ല. അയാള്‍ക്ക് ദുഖങ്ങളുമില്ല.

ഒരു മിഴിയടച്ചുതുറക്കുന്ന നിമിഷത്തേക്കെങ്കിലും അനന്തതയുടെ, അപരിമേയബോധത്തിന്റെ, നിര്‍മ്മലാവസ്ഥയെ പ്രാപിച്ച സാധകന് പിന്നീടൊരിക്കലും ലോകകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടുവലയേണ്ടി വരികയില്ല.

രാമന്‍ ചോദിച്ചു: മനസ്സും, ബുദ്ധിയും അഹംകാരവും എല്ലാം നിലച്ചുകഴിയുമ്പോള്‍ ആ നിര്‍മ്മലസത്വം, അനന്താവബോധം, എങ്ങിനെയാണ് പ്രത്യക്ഷമാവുക?

വസിഷ്ഠന്‍ പറഞ്ഞു: എല്ലാത്തിലും കുടികൊള്ളുന്ന ബ്രഹ്മം, എല്ലാം കഴിക്കുന്ന, കുടിക്കുന്ന, സംസാരിക്കുന്ന, സംഭരിക്കുന്ന, നശിപ്പിക്കുന്ന, എന്ന് വേണ്ട എല്ലാം അനുഭവിക്കുന്ന- ആ സത്യവസ്തു സ്വയം ബോധാബോധങ്ങളുടെ നേരിയ വിഭജനത്തില്‍നിന്നുപോലും സര്‍വ്വസ്വതന്ത്രമാണ്. 

“സര്‍വ്വവ്യാപിയായ, ആദ്യന്തരഹിതമായ, നിര്‍മ്മലവും ഉപാധിരഹിതവുമായ അവ്യതിരക്തമായ അതിനു വസ്തുതത്വം – അതായത് സത്ത്- എന്ന് പറയുന്നു”. ആകാശത്തില്‍ അത് ആകാശമായി ഇരിക്കുന്നു. ശബ്ദത്തില്‍ ശബ്ദമായും, സ്പര്‍ശത്തില്‍ സ്പര്‍ശനമായും, ത്വക്കില്‍ ത്വക്കായും, രൂപത്തില്‍ രൂപമായും, കണ്ണുകളില്‍ കാഴ്ച്ചയായും, മൂക്കില്‍ മണമായും, സുഗന്ധത്തില്‍ സുഗന്ധമായും, ദേഹത്തില്‍ ബലമായും, ഭൂമിയില്‍ ഭൂമിയായും, പാലില്‍ പാലായും, കാറ്റില്‍ വായുവായും, അഗ്നിയില്‍ അഗ്നിയായും, മേധാശക്തിയില്‍ ബുദ്ധിയായും, മനസ്സില്‍ മനസ്സായും, അഹംകാരത്തില്‍ അഹമായും, അത് നിലകൊള്ളുന്നു.

അത് മനസ്സില്‍ ചിത്തമായി ഉണരുന്നു. മരങ്ങളില്‍ മരമായി ഇരിക്കുന്നു. ചരാചരങ്ങളില്‍ ചരങ്ങളും അചരങ്ങളുമായി നിലകൊള്ളുന്നു. ചൈതന്യവസ്തുക്കളിലെ ചൈതന്യമായും ബോധമുള്ള വസ്തുക്കളില്‍ ബോധമായും ഇരിക്കുന്നു.

ദേവതകളുടെ ദൈവീകതയായി, മനുഷ്യരില്‍ മനുഷത്വമായി അതുണ്ട്. മൃഗങ്ങളില്‍ മൃഗീയതയായി, പുഴുക്കളില്‍ പുഴുക്കളായി കാലത്തിനും ഋതുക്കള്‍ക്കും നിദാനമായി അത് നിലകൊള്ളുന്നു. കര്‍മ്മങ്ങളിലെ ചടുലതയാണത്. ക്രമവ്യവസ്ഥയിലെ ക്രമമാണത്. നിലനില്‍ക്കുന്ന വസ്തുക്കളുടെ അസ്ഥിത്വം, നാശോന്മുഖമായ വസ്തുക്കളില്‍ മരണം. ദേഹികളുടെ  ബാല്യം, യൌവനം, വാര്‍ദ്ധക്യം, മരണം, എല്ലാം അത് തന്നെ. അത് അവിച്ഛിന്നമാണ്. അതൊരിക്കലും ഭിന്നമായിരുന്നിട്ടേയില്ല. നാനാത്വം എന്നത് അസത്യമാണ്. നാനാത്വഭാവം അനന്തതയില്‍ ഒരു തെറ്റിദ്ധാരണയായി, സത്യമെന്നപോലെ കാണപ്പെടുന്നുവെങ്കിലും അതിനൊരിക്കലും ഉണ്മ ഉണ്ടായിരുന്നിട്ടില്ല. 

“ഞാന്‍ എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന സര്‍വ്വന്തര്യാമിയാണ്. ദേഹാദിയോ കാലദേശാദിയോ ആയ എല്ലാ പരിമിതികള്‍ക്കും അതീതനാണ് ഞാന്‍.” എന്നിങ്ങിനെ സാക്ഷാത്ക്കരിച്ച്, പ്രശാന്തനായി, പരമാനന്ദത്തില്‍ വിരാജിക്കൂ.


മാമുനി ഇത്രയും പറഞ്ഞപ്പോഴേയ്ക്കും ദിനാന്ത്യമായി. എല്ലാവരും സായാഹ്ന പ്രാര്‍ത്ഥനകള്‍ക്കായി പിരിഞ്ഞു.

Dec 12, 2013

399 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 399

ചിച്ചമത്കൃതിരേവേയം ജഗദിത്യവഭാസതേ
നെഹാസ്തൈക്യം  ന ച ദ്വിത്വം മമാദേശോപി തന്മയ:  (6/59/19)
വാച്യവാചക ശിഷ്യേഹാഗുരു വാക്യൈശ് ചമകൃതൈ: (6/5920)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, നീ എന്തെന്തു ചെയ്താലും എന്തൊക്കെ അനുഭവിച്ചാലും അത് സര്‍വ്വവ്യാപിയായ പരബ്രഹ്മത്തിലേയ്ക്കൊരര്‍ച്ചനയായി സംന്യാസത്തിന്റെ ആര്‍ജ്ജവത്തോടെ, ആസക്തിരഹിതനായി ചെയ്താലും. ഈയൊരു മനോഭാവം സദാ കൈക്കൊള്ളുന്നതിലൂടെ നിനക്ക് സത്യസാക്ഷാത്ക്കാരം ഉണ്ടാവും. എല്ലാ സംശയങ്ങള്‍ക്കും അപ്പോള്‍ അറുതിയാവുകയും ചെയ്യും. അതാണ്‌ പരമമായ അവസ്ഥ. ഗുരുക്കന്മാരുടെ മഹാഗുരു. ആത്മാവ്. അന്തരാ പ്രകാശം ചൊരിഞ്ഞു ലോകത്തെ പ്രദ്യോദിപ്പിക്കുന്ന തേജസ്സ്. അതാണ്‌ എല്ലാറ്റിന്റെയും സത്തായ വസ്തു. വസ്തുക്കള്‍ക്ക് അവയുടെ നൈസര്‍ഗ്ഗികഗുണങ്ങളെ പ്രദാനം ചെയ്യുന്നത് അതാണ്‌.

ലോകം എന്ന പ്രതീതി ഉണ്ടാവുന്നത് അന്വേഷണത്വര ഇല്ലാത്തപ്പോഴാണ്. എന്നാല്‍ ലോകത്തിനു മുന്‍പേ ‘ഞാന്‍’ ഉണ്ടായിരുന്നു. അപ്പോള്‍പ്പിന്നെ ലോകം മുതലായ തോന്നലുകള്‍ക്ക് എന്നെ ബന്ധിതനാക്കാന്‍ എങ്ങിനെ കഴിയുന്നു? ഇപ്രകാരം ആത്മാന്വേഷണത്താല്‍ സത്യം ഗ്രഹിച്ചവന്‍ എല്ലാ ‘ആദിയന്തങ്ങള്‍ക്കും’ അതീതനാണ്. അങ്ങിനെ അദ്വൈതചൈതന്യത്താല്‍ ഉണര്‍ന്നിരിക്കുന്നവന്‍ ജീവിതത്തില്‍ കര്‍മ്മനിരതനായിരിക്കുമ്പോഴും ദീര്‍ഘനിദ്രയിലെന്നപോലെ ‘കര്‍മ്മ’രഹിതനത്രേ. അയാള്‍ ഇപ്പോള്‍ ഇവിടെ ഈ ജീവിതത്തില്‍ത്തന്നെ മുക്തിയടഞ്ഞിരിക്കുന്നു.

ലോകമായി കാണപ്പെടുന്ന ഈ ദൃശ്യം വാസ്തവത്തില്‍ അനന്താവബോധത്തിന്റെ മഹത്തായ ഒരു മായക്കാഴ്ച്ച തന്നെയാണ്. ഇവിടെ ഏകതയോ ദ്വന്ദതയോ അനേകതയോ ഉണ്ടെന്നു പറയുക വയ്യ. ഞാനീ പറയുന്ന വാക്കുകളും അപ്രകാരമുള്ളവയത്രേ. വാക്ക്, അതിന്റെ അര്‍ത്ഥം, ശിഷ്യന്‍, ഇഛ, ശിഷ്യന്റെ സ്വപ്രയത്നം, വാക്കില്‍ അര്‍ത്ഥമിണക്കാനുള്ള ഗുരുവിന്റെ പാടവം, എന്നുവേണ്ട എല്ലാമെല്ലാം അതേ അനന്താവബോധത്തിന്റെ ചൈതന്യസ്ഫുരണം മാത്രമാണ്. 

ഒരുവന്റെ അന്ത:പ്രശാന്തതയില്‍ ബോധം പ്രകമ്പനം ചെയ്യുമ്പോള്‍ ലോകം ഉണ്ടാവുന്നു. ബോധത്തിന്റെ ഈ സ്പന്ദനം ഇല്ലെന്നുവരികില്‍ ലോകമെന്ന കാഴ്ച്ചതന്നെയില്ല. മനസ്സ് ബോധത്തിന്റെ ചലനം തന്നെയാണ്. ഈ സത്യം അറിയാതിരിക്കുന്ന അവസ്ഥയാണ് ലോകമെന്ന കാഴ്ച്ച. സത്യമറിയാതിരിക്കുമ്പോള്‍ മനസ്സാകുന്ന ബോധചലനം കൂടുതല്‍ വര്‍ദ്ധിതവീര്യമാര്‍ജ്ജിക്കുന്നു. അങ്ങിനെ മനസ്സിന്റെ ചാക്രിക ചലനത്തിനു തുടക്കമായി.

അജ്ഞാനവും മനോവ്യാപാരങ്ങളും പരസ്പരപൂരകങ്ങളാണ്. ഉള്ളിലെ പ്രജ്ഞയില്‍ ഉണര്‍വ്വുണ്ടായാല്‍പ്പിന്നെ സുഖാസക്തി ഇല്ലാതെയാവുന്നു. അതാണ്‌ ജ്ഞാനികളുടെ രീതി. അയാള്‍ക്ക് സുഖാസക്തിയുടെ നിരാസം അനായാസമാണ്. സ്വാഭാവികവുമാണ്.
ആത്മാവിന്റെ ചൈതന്യമാണെല്ലാമെല്ലാം എന്നറിയുന്നവനാണ് അനുഭവങ്ങളെ ശരിയായ വിധത്തില്‍ അനുഭവിക്കുന്നത്. എന്നാല്‍ പൊതുജനപ്രീതിക്കായി അനുഭവിക്കേണ്ടതിനെ വേണ്ടരീതിയില്‍ അനുഭവിക്കാതെ കഴിയുന്നവന്‍ ഒരു വടികൊണ്ട് ആകാശത്തില്‍ അടിക്കുന്നതുപോലെ നിരര്‍ത്ഥകമായ ജീവിതമാണ് നയിക്കുന്നത്.

ഉചിതമായ സാധനകളുടെ സഹായത്താല്‍ ചിലര്‍ക്ക് ചിലപ്പോള്‍ ആത്മസാക്ഷാത്ക്കാരം ഉണ്ടായേക്കാം. എന്നാല്‍ മോക്ഷത്തിനായുള്ള ആഗ്രഹം ആത്മാന്വേഷണത്തെ പൂര്‍ണ്ണത്വം പ്രാപിക്കുന്നതില്‍ നിന്നും പിറകൊട്ടുവലിച്ചേക്കാം. എന്നാല്‍ അത്തരം ആശകളുടെ അഭാവംപോലും ബന്ധനത്തെ കൂടുതല്‍ ബലവത്താക്കാനും മതി.

അതിനാല്‍ നിരന്തരമായ അവബോധമാണ് അഭികാമ്യം. ബന്ധനത്തിനും മുക്തിക്കും നിദാനമായിരിക്കുന്നത് ബോധസ്പന്ദനം മാത്രമാണ്. അതിനെക്കുറിച്ചുള്ള അറിവ്, ഈ സ്പന്ദനങ്ങളെ അവസാനിപ്പിക്കുന്നു. ബോധസ്പന്ദനത്തെ ‘അറിയുന്ന’ അഹങ്കാരം നിലയ്ക്കുന്നതോടെ അതിനു നിലനില്‍ക്കാന്‍ ഇടമില്ലാതെയാകുന്നു. ആപ്പോള്‍പ്പിന്നെ ആര് ആരാല്‍ ബന്ധിക്കപ്പെട്ടു? ആര് ആരാല്‍ സ്വതന്ത്രനായി?

Dec 11, 2013

398 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 398

പ്രതിബിംബം യഥാദര്‍ശേ തഥേദം ബ്രഹ്മണി സ്വയം
അഗമ്യം ഛേദഭേദാദേ രാധാരാനന്യ താവശാത്   (6/57/6)

ഭഗവാന്‍ അര്‍ജുനനോടുള്ള തന്റെ ഉപദേശം ഇങ്ങിനെ തുടരും: എത്ര അത്ഭുതകരമെന്ന് നോക്കൂ. ആദ്യം ഒരു ചിത്രപടം പ്രത്യക്ഷമാകുന്നു. പിന്നീട് അത് ഛിന്നഭിന്നമായിപ്പോകുന്നു. കാരണം പടം മനസ്സില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തൊക്കെ കര്‍മ്മങ്ങള്‍ ചെയ്താലും അത് നിശ്ശൂന്യതയില്‍ നിശ്ശൂന്യതയാല്‍ത്തന്നെ ചെയ്യപ്പെടുകയാണ്. അത് ശൂന്യതയില്‍ വിലയിക്കുകയുമാണ്. ശൂന്യത സ്വയം അതിന്റെ സ്വരൂപത്തില്‍ അഭിരമിക്കുന്നു. ശൂന്യത എല്ലാടവും വിലയിച്ചു നിറഞ്ഞിരിക്കുന്നു.

കാണപ്പെടുന്നവയെല്ലാം മാനസിലെ കാഴ്ച്ചപ്പാടുകളാണ്. അവ വാസനകളാല്‍ നിറഞ്ഞിരിക്കുന്നു. ലോകമെന്ന ഈ കാഴ്ച തുലോം ഭ്രമാത്മകമാണ്‌. “ഒരു കണ്ണാടിയില്‍ കാണപ്പെടുന്ന ദൃശ്യമെന്നപോലെ അത് ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. അപരിമേയവും അനന്തഘനവും വിള്ളലുകള്‍ ഒന്നുമില്ലാത്തതുമായ അത് ബ്രഹ്മത്തില്‍ നിന്നും വിഭിന്നമല്ല.” വാസന എന്നറിയപ്പെടുന്ന അതും അനന്തമായ അവബോധത്തിനെ ആശ്രയിച്ചിരിക്കുന്നു. അനന്തതയെ വിട്ടൊരു അസ്ഥിത്വം അതിനില്ല. 

വാസനയുടെ ബന്ധനത്തില്‍ നിന്നും വിടുതല്‍ കിട്ടാത്തവന്‍ ഭ്രമക്കാഴ്ചയില്‍ ആണ്ടു മുഴുകിയിരിക്കുന്നു. ചെറുതായെങ്കിലും ഈ വാസനയ്ക്ക്, അല്ലെങ്കില്‍ മനോപാധിക്ക് വിധേയനായിപ്പോയാല്‍പ്പിന്നെ അത് സംസാരമെന്നൊരു വന്‍വനമായി വളര്‍ന്ന്  ജനനമരണചക്രങ്ങളാകുന്ന പ്രകടിതലോകത്തിനെ പ്രതിഫലിപ്പിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ശരിയായ അറിവിന്റെ അഗ്നികൊണ്ട്, ആത്മജ്ഞാനം കൊണ്ട്, ഈ വാസനാ മാലിന്യത്തിന്റെ ബീജത്തെ എരിച്ചുണക്കിയാല്‍പ്പിന്നെ അതു വീണ്ടും മുളപൊട്ടി കൂടുതല്‍ ബന്ധനങ്ങള്‍ ഉണ്ടാവുക എന്നത് അസാദ്ധ്യം. വാസനകള്‍ ഇല്ലാതായി പ്രശാന്തനായവന്‍ സുഖദുഃഖദ്വന്ദങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്നില്ല. അയാള്‍ വെള്ളത്തില്‍ക്കിടക്കുന്ന താമരയിലയെപ്പോലെ നിസ്സംഗനായിരിക്കുന്നു.

അര്‍ജുനന്‍ പറഞ്ഞു: ഭഗവാനേ എന്നിലെ മോഹങ്ങള്‍ക്ക് അറുതിയായിരിക്കുന്നു. എന്നില്‍ സംശയങ്ങള്‍ അസ്തമിച്ചിരിക്കുന്നു. അങ്ങയുടെ കൃപയാല്‍ എന്നില്‍ പ്രജ്ഞയും ബോധവും ഉണര്‍ന്നിരിക്കുന്നു. അവിടുത്തെ ഇച്ഛയ്ക്കൊത്ത് ഞാന്‍ കര്‍മ്മനിരതനായിക്കൊള്ളാം.

ഭഗവാന്‍ തന്റെ ഉപദേശങ്ങള്‍ ഇങ്ങിനെ അവസാനിപ്പിച്ചു. മനോപാധികളെ സമാധാനിപ്പിച്ചാല്‍പ്പിന്നെ മനസ്സ് പ്രശാന്തമായി. അപ്പോള്‍ സത്വം ഉണരുകയായി. അപ്പോള്‍ ബോധം വസ്തുവില്‍ നിന്നും സ്വതന്ത്രമായി. അത് ശുദ്ധബോധമാണ്. സര്‍വ്വവ്യാപിയും എല്ലാമെല്ലാമായ ബോധം നിര്‍മ്മലവും ചിന്തകളുടെ ചലനമില്ലാത്തതുമാണ്. അതീന്ദ്രിയമാണതിന്റെ തലം. എല്ലാ വാസനകളുടെയും അന്ത്യം കൊണ്ട് മാത്രമേ അതിലെത്തനാവൂ.

മഞ്ഞിനെ ഉരുക്കുന്ന ചൂടെന്നപോലെ ബോധം അജ്ഞാനത്തെ വിലയിപ്പിച്ചില്ലാതാക്കുന്നു. വിശ്വമായി ‘ഉള്ള’ത്, ‘ഉള്ള’തെന്ന നിര്‍വചനത്തിന്റെ അപ്പുറത്തുള്ളത്, പ്രകടിതമായത്, പരം പൊരുളായത്, അങ്ങിനെയുള്ള ഒന്നിനെ എന്ത് സംജ്ഞയാലാണ് നമുക്ക് പറയുവാനാവുക?

വസിഷ്ഠന്‍ തുടര്‍ന്നു: അര്‍ജുനോപദേശം കഴിയുമ്പോള്‍ കുറച്ചുനേരം അര്‍ജുനന്‍ മൌനത്തിലിരുന്നശേഷം ഇങ്ങിനെ പറയും. “ഭഗവാനേ, അങ്ങയുടെ ഉപദേശങ്ങളുടെ സുര്യവെളിച്ചത്താല്‍  എന്നില്‍ പ്രബോധത്തിന്റെ  താമരമലര്‍  പൂര്‍ണ്ണമായി വിടര്‍ന്നിരിക്കുന്നു.” 

താമസംവിനാ അര്‍ജുനന്‍ തന്റെ ആയുധമെടുത്ത് ഒരു കായികലീലയില്‍ ആമഗ്നമാവുന്ന പ്രഗല്‍ഭനായ കളിക്കാരനെപ്പോലെ സ്വധര്‍മ്മമായ യുദ്ധത്തിലേര്‍പ്പെടും. 


Dec 8, 2013

397 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 397

ക്ഷണം കല്‍പീകരോത്യേതത് തച്ചാല്‍പ്പം കുരുതേ ബഹു
അസത്സത്കുരുതേ ക്ഷിപ്രമിതീയം ഭ്രാന്തിരുഥിതാ    (6/56/23)

ഭഗവാന്‍ അര്‍ജുനോപദേശം തുടരുന്നു: അങ്ങിനെ മനോപാധികളെ ഉപേക്ഷിച്ചിട്ട് മുക്തനാവൂ. പ്രശാന്തമനസ്സോടെ, തികഞ്ഞ അന്തര്‍ശീതളിമയുടെ നിറവില്‍  ബന്ധുത്വം കൊണ്ടുണ്ടായിട്ടുള്ള ചിന്താക്കുഴപ്പത്തെയും ശോകത്തെയും നീ ഇല്ലായ്മ ചെയ്യൂ. ജരാനരകളെപ്പറ്റിയും മരണത്തെപ്പറ്റിയുമുള്ള നിന്റെ ആശങ്കകള്‍ തീരെ അകറ്റിയാലും. ആകാശത്തോളംപോന്ന ഒരു വിശ്വദര്‍ശനം നിന്നില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കട്ടെ. നിനക്ക് ആകര്‍ഷണവികര്‍ഷണങ്ങളെ അതിജീവിക്കാന്‍ കഴിയട്ടെ. നിനക്ക് എന്തെന്തു കര്‍മ്മങ്ങളാണോ സ്വാഭാവികമായി, അനായാസേന ചെയ്യാനാകുന്നത്, അത് നീ ഭംഗിയായി ചെയ്താലും.  

ഇവിടെ ഒന്നിനും നാശമില്ല എന്നാണു മുക്തരായ മാമുനിമാരുടെ ഭാവം. വെറുമൊരു മൂഢനേ ‘ഞാനിതിപ്പോള്‍ ചെയ്തു തീര്‍ക്കും’, ഞാനിതിപ്പോള്‍ ഉപേക്ഷിക്കും’, എന്നിത്യാദി ചിന്തകള്‍ വെച്ചു പുലര്‍ത്തുകയുള്ളു. ഒരു മുക്തപുരുഷന്റെ ഇന്ദ്രിയങ്ങള്‍ ഹൃദയോന്മുഖമായി ഉള്ളിലേയ്ക്ക് തിരിഞ്ഞു നിലകൊള്ളുന്നു.

മനസ്സാണ് സര്‍വ്വവ്യാപിയായ ആ പരമസത്തയുടെ നിശ്ശൂന്യമായ തിരശ്ശീലയില്‍  ത്രിലോകങ്ങളാകുന്ന ബഹുവര്‍ണ്ണചിത്രങ്ങള്‍  വരയ്ക്കുന്നത്. മനസ്സാണ് വിഭജനചിന്തകളെയും ശിഥിലവിചാരങ്ങളെയും പരിപാലിച്ചൂട്ടി വളര്‍ത്തുന്നത്. വാസ്തവത്തില്‍ അത്തരം ശിഥിലതകള്‍ യാഥാര്‍ത്ഥ്യമല്ല. അത് മനസ്സിന്റെ സൃഷ്ടികള്‍ മാത്രമാണ്. മനസ്സ് വരച്ചുണ്ടാക്കുന്ന ചിത്രപടങ്ങള്‍ മാത്രമാണവ. ആകാശമെന്നത് പരമമായ നിശ്ശൂന്യതമാത്രം. എന്നാല്‍ മനസ്സില്‍ ലോകങ്ങളുണ്ടാകുന്നതും ഇല്ലാതാകുന്നതും ഇമചിമ്മുന്ന ഇടവേളകൊണ്ടാണ്. ലോകമെന്ന ചിത്രപടത്തെ ആലേഖനം ചെയ്യുവാന്‍ ഇടം ‘നല്‍കിയ’ ആത്മാവ് സര്‍വ്വവ്യാപിയും ശാശ്വതവുമായതിനാല്‍ സൃഷ്ടികള്‍ക്ക് സ്വയം അവ യാഥാര്‍ത്ഥ്യമാണെന്ന തോന്നലുണ്ടാവുന്നു. എന്നാല്‍ ശരിയായ അന്വേഷണത്തില്‍ ആ ‘ലോകം’ അലിഞ്ഞില്ലാതാവുന്നു. 

‘അതും’, ‘നീയും’ ഒന്നും ‘ഇല്ലാത്ത’ വസ്തുക്കളാണ്. രണ്ടിനും ശാശ്വതമായ  നിലനില്‍പ്പില്ല. അപ്പോള്‍പ്പിന്നെ നീയെന്തിനു ദുഖിക്കണം? ശുദ്ധമായ ആകാശത്തില്‍ യാതൊരുവിധമായ പ്രവര്‍ത്തനങ്ങളോ ചലനങ്ങളോ ഇല്ല. കാരണം എങ്ങും തിങ്ങിനിറഞ്ഞ ഒന്നില്‍ എങ്ങിനെ ചലനമുണ്ടാവാനാണ്? ശുദ്ധാകാശത്തെ മലീമസമാക്കാന്‍ കാലദേശാദികള്‍ക്കും കര്‍മ്മങ്ങള്‍ക്കും ആവില്ല. ലോകക്കാഴ്ച്ചകള്‍ എല്ലാം മനസ്സിലാണ്. മനസ്സാണ് ദൃശ്യങ്ങളെ വിക്ഷേപിക്കുന്നത്. വിമലാകാശം നിശ്ശൂന്യമാണ്. അതൊരിക്കലും വിച്ഛിന്നമാവുകയില്ല. അര്‍ജുനാ, ഇപ്പോള്‍ ആ സങ്കല്‍പ്പലോകത്തിന്റെ രഹസ്യം വെളിപ്പെട്ടുവല്ലോ. നൈമിഷികമായ മോഹവിഭ്രമമാണ് വിശ്വമെന്ന ഈ ‘കാഴ്ച’. തികച്ചും ഒരു മായ മാത്രമാണെങ്കിലും മനസ്സ് മാസ്മരികമായ ദൃശ്യങ്ങളെ ക്ഷണത്തില്‍ സൃഷ്ടിക്കുന്നു.

“മനസ്സ് ഒരു നിമിഷത്തെ യുഗപര്യന്തമാക്കുന്നു. സൂക്ഷ്മമായതിനെ സ്തൂലമാക്കുന്നു. ക്ഷണത്തില്‍ അത് അസത്തിനെ സത്തായി ദര്‍ശിതമാക്കുന്നു. അങ്ങിനെയാണ് വിഭ്രാന്തി സംജാതമായത്. നൈമിഷികമായ ഈ വിഭ്രാന്തി, ലോകമെന്ന കാഴ്ചയായി നിലനില്‍ക്കുന്നു. അജ്ഞാനിയെ സംബന്ധിച്ചിടത്തോളം അനിഷേദ്ധ്യമായ സത്തയാണീ ലോകം. ഇതൊക്കെയാണെങ്കിലും ലോകമെന്ന ഈ കാഴ്ചയും അനന്താവബോധത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അതിന്റെ സത്താസത്ത നിരൂപണങ്ങള്‍ വൃഥാവിലാണ്. അനന്തവും അവിച്ഛിന്നവുമായ ബോധഘനത്തില്‍ ഈ വൈവിദ്ധ്യതയുണ്ടായത് എത്ര അത്ഭുതകരം!


എന്നാല്‍ അത് ഒരു നര്‍ത്തകീ ചിത്രംപോലെയാണ്. കാണപ്പെടുന്ന പ്രതിഭാസങ്ങള്‍ അതിന്റെ വിവിധ ഭാഗങ്ങളാണ്. ദേവന്മാരും അസുരന്മാരും മറ്റു ജീവജാലങ്ങളും  ഈ നര്‍ത്തകിയുടെ കൈകാലുകള്‍ . ഇവയുടെ അടിസ്ഥാനവും സത്തയും എല്ലാം അനന്തവും അവിച്ഛിന്നവുമായ ആത്മാവുതന്നെയാണ്.

Dec 5, 2013

396 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 396

സ ജീവ: പ്രാണമൂര്‍ത്തി: ഖേ യത്ര യത്രാവതിഷ്ഠതേ
തം തം സ്വവാസനാഭ്യാസാത്പശ്യത്യാകാരമാതതം (6/55/27)

ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം തുടര്‍ന്നു: ‘ഞാന്‍ ആസ്വദിക്കുന്നു’, 'ഞാന്‍ ദുരിതമനുഭവിക്കുന്നു', എന്നിത്യാദി ചിന്തകളും അഹങ്കാരഭാവങ്ങളും ഇല്ലാതെ നീയെപ്പൊഴും സമചിത്തതയോടെ കഴിഞ്ഞാലും. അനാത്മവസ്തുവിനോട് ഇതാണാത്മാവ്എന്ന തോന്നല്‍ നിനക്കൊരിക്കലും ഉണ്ടാകാതെയിരിക്കട്ടെ.

ശരീരം നശിക്കുമ്പോള്‍ ഒന്നും നഷ്ടമാവുന്നില്ല. അനന്തവും ശാശ്വതവുമായ ഏകസത്തയാണ് ആത്മാവ്. ‘ഇതു ലഭ്യമായി’, ‘ഇതു നഷ്ടമായിഎന്നു തുടങ്ങിയ തോന്നലുകള്‍ മാത്രമാണ് നശിക്കുന്നത്. സത്യവസ്തുവായ ആത്മാവ് അനന്തവും ശാശ്വതവുമാകയാല്‍ അതിന്റെ സത്യാവസ്ഥയ്ക്ക് മാറ്റങ്ങളേതും ഉണ്ടാവുന്നില്ല. അസത്തായതിനാണെങ്കില്‍, അതിനൊരിക്കലും സത്ത ഉണ്ടായിരുന്നിട്ടുമില്ല. എല്ലായിടവും സര്‍വ്വവ്യാപിയായി വിളങ്ങുന്ന ആത്മാവിനു നാശമില്ല. ദേഹത്തിന് തുടക്കവും അവസാനവുമുണ്ട്. ആത്മാവ്, എന്ന അനന്താവബോധം ഏകമാണ്. ശാശ്വതവും അദ്വയവുമാണ്. എല്ലാവിധ ദ്വന്ദഭാവങ്ങളും ഇല്ലാതാവുമ്പോള്‍ അവശേഷിക്കുന്നത് എന്താണോ അതത്രേ പരമസത്യം. ആത്മാവ്.

അര്‍ജുനന്‍ ചോദിച്ചു: ഭഗവാനേ എന്താണു മരണമെന്നറിയപ്പെടുന്നത്? എന്താണു സ്വര്‍ഗ്ഗനരകങ്ങള്‍?

ഭഗവാന്‍ പറയുന്നു; ജീവാത്മാവ് എന്ന ജീവന്‍, നിവസിക്കുന്നത് പഞ്ചഭൂതങ്ങള്‍ (ഭൂമി, ജലം, വായു, അഗ്നി, ആകാശം) നെയ്തുവയ്ക്കുന്ന വലയ്ക്കുള്ളിലും മനസ്സിലും അഹങ്കാരത്തിലുമാണ്. ഈ ജീവനാണ് വാസനാബലത്താല്‍ ദേഹമെന്ന കൂട്ടില്‍ ബന്ധനത്തില്‍ കഴിയുന്നത്. കാലക്രമത്തില്‍ ശരീരം വാര്‍ദ്ധക്യത്തെ പുല്‍കുന്നു. ഒരിലയില്‍നിന്നും നീരു വറ്റിയുണങ്ങുന്നതുപോലെ ദേഹത്തില്‍ നിന്നും ജീവന്‍ ഒഴിഞ്ഞുപോവുന്നു. ഇന്ദ്രിയങ്ങളേയും മനസ്സിനെയും കൂടെക്കൂട്ടി സുഗന്ധം സുഗന്ധവസ്തുവില്‍ നിന്നെന്നപോലെ ജീവന്‍ ദേഹത്തില്‍ നിന്നും യാത്രയാവുന്നു.

ഈ ജീവശരീരം എന്നത് അതാര്‍ജ്ജിച്ച ലീനവാസനകള്‍ തന്നെയാണ്. ജീവന്‍ ദേഹം വെടിയുമ്പോള്‍ അതു ജഡമാവുന്നു. അതിനാല്‍ അതിനെ ജഡശരീരം എന്നു വിളിക്കുന്നു. ഈ ജീവന്‍ ആകാശങ്ങളില്‍ ഗമനം ചെയ്യുമ്പോള്‍ അതു പ്രാണനായി താന്‍ ആര്‍ജ്ജിച്ചുവച്ച വാസനകളാല്‍ സംജാതമായ രൂപങ്ങളെ കാണുന്നു. ഈ പൂര്‍വ്വാര്‍ജ്ജിതവാസനകള്‍ ഇല്ലാതാവണമെങ്കില്‍ തീവ്രമായ സാധനകള്‍ അനിവാര്യമാണ്. പര്‍വ്വതങ്ങള്‍ പൊടിഞ്ഞുതകര്‍ന്നുപോയാലും ലോകങ്ങളില്ലാതെയായാലും ഒരാള്‍ തന്റെ സ്വപ്രയത്നത്തെ ഉപേക്ഷിക്കരുത്. സ്വര്‍ഗ്ഗനരകങ്ങള്‍പോലും ഈ വാസനകളുടെ വിക്ഷേപം മാത്രമാണ്. വാസനകള്‍ ഉണ്ടായത് അജ്ഞാനത്തിലും മൂഢതയിലുമാണ്. ആത്മജ്ഞാനോദയം കൊണ്ടുമാത്രമേ അതിനൊരവസാനമുണ്ടാവൂ.

വാസനകള്‍ എന്ന മനോധാരണകള്‍ വെറും മായാകല്‍‌പ്പനകളും ചിന്താരൂപങ്ങളുമല്ലേ? ആര്‍ക്കാണ് ജീവന്‍ ദേഹത്തില്‍ കുടികൊള്ളുമ്പോള്‍ത്തന്നെ വാസനകളെ ഉപേക്ഷിക്കാന്‍ കഴിയുന്നത്, അയാള്‍ ജീവന്‍മുക്തനത്രേ. ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ വാസനകളെ ഉപേക്ഷിക്കാത്തവന്‍ എത്ര പണ്ഡിതനായാലും അയാള്‍ ബന്ധിതനാണ്.

Dec 3, 2013

395 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 395

ന കിഞ്ചിദേവ ദേഹാദി ന ച ദു:ഖാദി വിദ്യതേ
ആത്മനോ യത്പൃഥഗ്ഭൂതം കിം കേനാതോനുഭൂയതേ (6/54/12)
ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം തുടര്‍ന്നു: നീ എനിക്കേറെ പ്രിയപ്പെട്ടവനായതുകൊണ്ട് നിനക്ക് ഹിതമായ കാര്യങ്ങള്‍ ഞാന്‍ ഇനിയും പറയാം. നീ വീണ്ടുമിതു ശ്രദ്ധയോടെ കേട്ടാലും. നിന്റെ നന്മയ്ക്കായാണു ഞാനിതു പറയുന്നത്. നിനക്ക് വേദ്യമാകുന്ന ശീതോഷ്ണങ്ങളെയും സുഖദു:ഖാദികളെയും സധൈര്യം നേരിടുക. കാരണം അവ വന്നുപോയി മറയുന്നവയാണ്. അവയ്ക്ക് അനാദിമദ്ധ്യാന്തരഹിതവും അവിഛിന്നവുമായ ആത്മാവുമായി ബന്ധമേതുമില്ല.

വെറും മായ മാത്രമായ മൂലഘടകങ്ങളുമായി സമ്പര്‍ക്കത്തിലാവുകമൂലം നമ്മില്‍ ഇന്ദ്രിയാനുഭവങ്ങള്‍ വേദ്യമാവുന്നു. ഈ സത്യമറിയുകയും ചാഞ്ചല്യം ഇല്ലാതിരിക്കുകയും ചെയ്യുന്നവന്‍ മോക്ഷത്തിനു യോഗ്യനത്രേ. ആത്മാവുമാത്രം നിലനില്‍ക്കുമ്പോള്‍ സുഖദു:ഖാദികള്‍ക്ക് ഉയര്‍ന്നുവരാന്‍ മറ്റൊരിടമെവിടെ? പരമാത്മാവുമാത്രം സര്‍വ്വവ്യാപിയായി നില്‍ക്കുമ്പോള്‍ സുഖദു:ഖങ്ങള്‍ക്ക് അസ്തിത്വമില്ല. ഇല്ലാത്തത് ഉണ്ടാവുകയില്ല. ഉള്ളതാകട്ടെ ഇല്ലാതെപോവുകയുമില്ല.

സുഖത്തില്‍ ആത്മാവു സന്തോഷിക്കുകയും ദു:ഖത്തിലതു ശോകമനുഭവിക്കുകയും ചെയ്യുന്നില്ല. ശരീരത്തിന്റെ അപചയം ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവില്‍നിന്നും വേറിട്ട് ശരീരം എന്നൊരു വസ്തുതന്നെയില്ല. വേദനയും അങ്ങിനെതന്നെ. അപ്പോള്‍പ്പിന്നെ ആരാണ് എന്താണ് അനുഭവിക്കുന്നത്? അതുകൊണ്ട് പൂര്‍ണ്ണമായി പ്രബുദ്ധതയെ പ്രാപിച്ചവര്‍ എല്ലാവിധ മോഹങ്ങളില്‍ നിന്നും വിടുതല്‍ നേടിയവരാണ്.

ശരിയായ അറിവിന്റെ വെളിച്ചത്തില്‍ കയറിലുണ്ടായിരുന്ന പാമ്പ് എന്ന മോഹക്കാഴ്ച്ച ഇല്ലാതാവുന്നതുപോലെ ദേഹാദികളും, ശോകാദികളും, ആത്മീയമായി ഉണരുന്നതോടെ മാഞ്ഞുമറഞ്ഞുപോവുന്നു.

വിശ്വൈകസത്തായ ബ്രഹ്മം ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ അതിനു മരണവുമില്ല എന്ന അറിവാണ് ആത്മീയപ്രബുദ്ധത, അല്ലെങ്കില്‍ ശരിയായ അറിവ്. മോഹത്തിന്റെ, അഭിമാനത്തിന്റെ, ശോകത്തിന്റെ, ഭയത്തിന്റെ, ആശകളുടെ, സുഖദു:ഖാദികളുടെ എല്ലാം ശക്തികളെ ഇല്ലാതാക്കൂ. ഈ വിപരീതദ്വന്ദങ്ങള്‍ വെറും മായ മാത്രം. ഏകതയില്‍ നീ അഭിരമിച്ചാലും.

നീ ഏകവും അദ്വയവുമായ ബോധസമുദ്രമാണ്. സുഖദു:ഖങ്ങള്‍, ലാഭനഷ്ടങ്ങള്‍, ജയാപജയങ്ങള്‍, എന്നിവയെല്ലാം അജ്ഞാനത്തില്‍ നിന്നും ഉണ്ടായ അലകള്‍ മാത്രമാണ്. അതിനാല്‍ നീ അവയുടെ വരുതിയിലാവാതെ നിലകൊണ്ടാലും. നീ എന്തുതന്നെ ചെയ്യുന്നുവോ, ആഹരിക്കുന്നുവോ, ആരാധനയ്ക്കായി അര്‍ച്ചിക്കുന്നുവോ, ദാനം ചെയ്യുന്നുവോ, അതെല്ലാം ആത്മാവാണ്. നിന്റെ അന്തരംഗം എന്താണോ അതുതന്നെയാണ് നിനക്ക് പ്രാപ്യമാവുക. അതിനാല്‍ ബ്രഹ്മസാക്ഷാത്ക്കാരം നിദ്ധിക്കുന്നതിനായി നിന്റെ ഉള്ളം നിറയെ ബ്രഹ്മംകൊണ്ടു തന്നെ നിറച്ചാലും. അകര്‍മ്മത്തില്‍ ആരാണോ കര്‍മ്മം കാണുന്നത് അയാള്‍ ജ്ഞാനിയാണ്. അയാള്‍ക്ക് എല്ലാം പ്രാപ്യമാണ്.

എന്നാല്‍ കര്‍മ്മത്തിന്റെ ഫലത്തില്‍ സംഗമുണ്ടാകരുത്. അതുപോലെ അകര്‍മ്മത്തോടും സംഗം പാടില്ല. ‘ഞാന്‍ ചെയ്തു’, ‘ഞാന്‍ ചെയ്തില്ല’, എന്നുള്ള തോന്നല്‍ തന്നെയാണു കര്‍ത്തൃത്വഭാവം, അല്ലെങ്കില്‍ അകര്‍ത്തൃത്വഭാവം. ഇതുരണ്ടും മൂഢതയുടെ രണ്ടു വശങ്ങളാണ്. അതിനാല്‍ അവയെ ദൂരെക്കളയൂ. വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും നാനാത്വമെന്ന ധാരണയെ പാടേ നീക്കിക്കളയൂ. നിന്റെ കര്‍മ്മങ്ങളുടെ കര്‍ത്താവ് നീയല്ല.

ഏതൊരുവന്റെ കര്‍മ്മങ്ങള്‍ ജ്ഞാനാഗ്നിയില്‍ എരിഞ്ഞുതീര്‍ന്നുകഴിഞ്ഞുവോ അവന്‍ ആശകളില്‍നിന്നും മുക്തനാണ്. പുറമേയ്ക്ക് ഇന്ദ്രിയസുഖാനുഭവങ്ങള്‍ വര്‍ജ്ജിക്കുമെങ്കിലും മനസാ അത്തരം അനുഭവങ്ങള്‍ക്കായി ആസക്തിപൂണ്ടിരിക്കുന്നത് കപടതയാണ്. എന്നാല്‍ ഇന്ദ്രിയങ്ങളെ അടക്കിക്കൊണ്ട് ആസക്തികൂടാതെ ദേഹത്തെ കര്‍മ്മനിരതമാക്കുന്നവന്‍ ഉത്തമപുരുഷനത്രേ

രുവന്റെയുള്ളില്‍ ഉയര്‍ന്നുണരുന്ന ആശകള്‍ നൈസര്‍ഗ്ഗികമാണെങ്കില്‍ അതു സമുദ്രത്തിലെത്താന്‍ കൊതിക്കുന്ന നദിയുടെ ഒഴുക്കുപോലെ സ്വാഭാവികമാണ്. അയാള്‍ അനുഭവിക്കുന്ന പ്രശാന്തതയും നൈസര്‍ഗ്ഗികമാണ്

Dec 1, 2013

394 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 394

തദീഷത്സ്ഫുരിതാകാരം ബ്രഹ്മ ബ്രഹ്മൈവ തിഷ്ഠതി
അഹന്താദി ജഗത്താദി ക്രമേണ ഭവമകാരിണാ    (6/53/54)  

അര്‍ജുനനോട് ഭഗവാന്റെ ഉപദേശങ്ങള്‍ ഇങ്ങിനെ തുടരുന്നുലോകത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും വേദ്യമാകുന്ന അനുഭവം ആത്മാവുതന്നെയാണ്. സകല ചരാചരങ്ങളിലും ഉള്ള അനുഭവക്ഷമതയും സര്‍വ്വം നിറഞ്ഞുനില്‍ക്കുന്ന ആത്മാവു തന്നെ. പാലില്‍ വെണ്ണയെന്നപോലെ എല്ലാത്തിലും അതു നിലകൊള്ളുന്നു. ആയിരക്കണക്കിനു കുടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ആകാശം തന്നെയാണകത്തും പുറത്തും നിലകൊള്ളുന്നത്. ഈ ആകാശം ഒരിക്കലും വിഛിന്നമായിരുന്നിട്ടില്ല. അതിനെ ഇനി വിഭജിക്കുവാന്‍ ആവുകയുമില്ല. അതുപോലെ ആത്മാവ് മൂലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു. ഒരു മുത്തുമാലയിലെ മണികള്‍ കോര്‍ത്തൊരുക്കിയ നൂല് പുറമേ ദൃശ്യമല്ലെങ്കിലും അതിന്റെ സാന്നിദ്ധ്യം അനിവാര്യമാണല്ലോ. ഒരു പുല്‍ക്കൊടിമുതല്‍ സ്രുഷ്ടികര്‍ത്താവായ ബ്രഹ്മാവുവരെ നിറഞ്ഞു നിന്നു വിളങ്ങുന്ന ഏകസത്തയാണ് ആത്മാവെന്നു പറയുന്ന വസ്തു.

ബ്രഹ്മത്തിന്റെ തുലോം തുച്ഛമായ ചെറിയൊരു പ്രത്യക്ഷഭാവം, ‘ഞാന്‍, ഞാനെ’ന്ന് എപ്പോഴും സ്ഫുരിച്ചുകൊണ്ട്, അജ്ഞാനത്തിനും ഭ്രമത്തിനും ഹേതുവായി വര്‍ത്തിക്കുന്നു.” ഇതെല്ലാം ഒരേയൊരാത്മസത്തയാണെന്ന് അറിയുന്നവനെ സംബന്ധിച്ചിടത്തോളം അതു മരിച്ചു’, ‘അവന്‍ കൊല്ലുന്നു’, ‘നല്ലത്’, ‘ചീത്ത’, ‘അസന്തുഷ്ടി’ എന്നെല്ലാം പറയപ്പെടുന്നത് കേവലം വാക്കുകള്‍ മാത്രമാണ്. ആരാണോ, ആത്മാവ് എല്ലാ മാറ്റങ്ങള്‍ക്കും കേവല സാക്ഷിയായിരിക്കുന്ന ഏകവസ്തുവാണെന്നും ആത്മാവിനെ ഈ മാറ്റങ്ങളൊന്നും ബാധിക്കുകയില്ല എന്നും ഉറച്ചറിയുന്നത്, അവനാണു സത്യദര്‍ശി.

ഞാന്‍ വിശദീകരണത്തിനായി പല വാക്കുകളും പറയുന്നുവെങ്കിലും സത്യം അദ്വിതീയവും വിവരണാതീതവും ആണെന്നറിയുക. ഇക്കാണുന്ന പോക്കുവരത്തുകള്‍’, ‘സൃഷ്ടി-സംഹാരങ്ങള്‍ ’, എല്ലാം ആത്മാവില്‍ നിന്നും വിഭിന്നമല്ല. പാറക്കല്ലിന്റെ നൈസര്‍ഗ്ഗികഗുണം ഉറപ്പും ദൃഢതയും ആണെന്നതുപോലെ, അലകളുടെ സത്യാവസ്ഥ ജലമാണെന്നതുപോലെ ഈ കാണായ എല്ലാത്തിന്റെയും നിലനില്‍പ്പ് ആത്മാവില്‍ അധിഷ്ഠിതമത്രേ. ആത്മാവിനെ എല്ലാറ്റിലും കാണുന്നവന്‍, ആത്മാവില്‍ എല്ലാത്തിനെയും ദര്‍ശിക്കുന്നവന്‍, അദ്വൈതസത്തയായതിനാല്‍ ആത്മാവു കര്‍മ്മം ചെയ്യുന്നു എന്ന ധാരണതന്നെ വിരോധാഭാസമാണെന്നറിയുന്നവന്‍, സത്യദര്‍ശിയാകുന്നു. എത്ര വലുപ്പവിത്യാസങ്ങളുണ്ടെങ്കിലും എല്ലാ സ്വര്‍ണ്ണാഭരണങ്ങളിലെയും സത്ത അതിലെ സ്വര്‍ണ്ണമാണെന്നതുപോലെ, എത്ര വലുപ്പവ്യതിയാനങ്ങളുണ്ടെങ്കിലും സമുദ്രോപരി കാണപ്പെടുന്ന അലകളുടെയെല്ലാം സത്ത ജലമാണെന്നതുപോലെ പരമാത്മാവ്, അനന്താവബോധം എന്ന സത്തയാണു വൈവിദ്ധ്യങ്ങളും വിഭിന്നങ്ങളുമായ ജീവജാലങ്ങളായി കാണപ്പെടുന്നത്.

അപ്പോൾപ്പിന്നെ നീയെന്തിനാണു ശോചിക്കുന്നത്? ഈ മാറിക്കൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളില്‍ എന്തിനാണു നീ നിന്റെ ഹൃദയമര്‍പ്പിക്കുന്നത്? ഇത്തരം ചോദ്യങ്ങള്‍ മനനം ചെയ്തുകൊണ്ട് മുക്തിപദം പ്രാപിച്ച മഹാത്മാക്കള്‍ ലോകം മുഴുവന്‍ ചുറ്റിനടക്കുന്നത് പരിപൂര്‍ണ്ണ സ്വതന്ത്രരായാണ്. അവരില്‍ സമതാഭാവം എപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. അവരിലെ ആശകള്‍ അസ്തമിച്ചിരിക്കുന്നു. ഭ്രമചിന്തകള്‍ക്ക് അന്ത്യമായിരിക്കുന്നു. അങ്ങിനെ, ആത്മജ്ഞാനത്തിലല്ലാതെ മറ്റൊന്നിലും സംഗമില്ലാതെ സുഖദുഖദ്വന്ദങ്ങളാല്‍ പീഡിപ്പിക്കപ്പെടാതെ മാമുനിമാര്‍ പരമപദത്തെ പ്രാപിക്കുന്നു.

Nov 30, 2013

393 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 393

സാമാന്യം പരമം ചൈവ ദ്വേ രൂപേ വിദ്ധി മേനഘാ
പാണ്യാദിയുക്തം സാമാന്യം ശംഖചക്രഗദാധരം (6/53/36)

ഭഗവാന്റെ ഉപദേശം തുടരുകയാണ്: ബ്രഹ്മത്തിന്റെ അകവും പുറവും നിശ്ശൂന്യതയാണ്. യാതൊരു വ്യതിരിക്തതകളും ഉപാധികളും ഇല്ലാത്ത കേവല വസ്തുവാണത്. അതൊരു വിഷയമല്ല. വിഷയിയില്‍ നിന്നും വിഭിന്നവുമല്ല.ലോകമെന്ന കാഴ്ച അതില്‍ ആവിര്‍ഭവിക്കുന്നത് ചെറിയൊരംശം മാത്രമായാണ്. ലോകമെന്നത് വെറും തോന്നല്‍ - കാഴ്ച – മാത്രമായതിനാല്‍ അതിന്റെ യാഥാര്‍ഥ്യം നിശ്ശൂന്യത തന്നെയാണ്. അത് അസത്താണ്. എന്നാല്‍ വിസ്മയകരമെന്നു പറയട്ടെ, ഇവയില്‍ എങ്ങിനെയോ ‘ഞാന്‍’ എന്നൊരു പരിമിത ഭാവം കടന്നുകൂടുന്നു. കാണപ്പെടുന്ന ലോകത്തില്‍നിന്നും ‘ഞാന്‍’ തുലോം ചെറുതാണെന്നുള്ള തോന്നലും ഉണ്ടാവുന്നു.  

ഇതുകൊണ്ടൊന്നും അനന്തതയ്ക്ക് മാറ്റങ്ങള്‍ ഏര്‍പ്പെടുന്നില്ല. എന്നാല്‍ ഈ ‘ഞാന്‍’ എന്ന ഭാവം അനന്തതയ്ക്ക് ആപേക്ഷികമായ ഭിന്നഭാവങ്ങള്‍ നല്‍കുന്നുണ്ട്. ‘ഞാന്‍’ എന്ന തോന്നലും അനന്തതയില്‍ നിന്നും വിഭിന്നമല്ല. ഒരു നിര്‍ജീവ പദാര്‍ത്ഥവും ജീവനുള്ള ഒരു വാനരനും എല്ലാം അനന്തതയില്‍ ഒന്നുതന്നെ. ഈ ‘ഞാന്‍’ എന്ന ഭാവത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആര്‍ക്കാണ് ആഗ്രഹമുണ്ടാവുക? എന്തിലേയ്ക്കെങ്കിലും ഒട്ടണമെങ്കില്‍ അത് അനന്തതയിലേയ്ക്കായിക്കൂടെ ? അതാണല്ലോ തന്റെ നിഗൂഢമായ ചൈതന്യത്താല്‍ പല രീതിയില്‍ പലതായും എല്ലാമായും കാണപ്പെടുന്നത്.

ഈ മാനസീകഭാവത്തോടെ തന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളില്‍ ഫലകാംക്ഷ കൂടാതെ കഴിയുന്ന അവസ്ഥയാണ് സംന്യാസം. ആശാ സങ്കല്‍പ്പങ്ങളെ ത്യജിക്കലാണ് സംന്യാസം. കാണപ്പെടുന്ന എല്ലാറ്റിലും ഭഗവല്‍ ദര്‍ശനം, ദ്വൈതഭാവത്തിന്റെ പരിപൂര്‍ണ്ണ നിരാസം, ആത്മാവിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. എല്ലാം ഭാഗവാനായി അര്‍പ്പിക്കുന്ന ഭാവതലമാണത്.
 
പ്രത്യാശകള്‍ ഞാനാകുന്നു. ലോകം ഞാനാകുന്നു. ഞാന്‍ കാലമാകുന്നു. ഞാന്‍ ഏകനും അനേകനുമാകുന്നു. അതിനാല്‍ നിന്റെ മനസ്സെന്നില്‍ അര്‍പ്പിച്ചാലും. എന്നെ നീ ഭക്തിപുരസ്സരം സേവിക്കുക. നമസ്കരിക്കുക. അങ്ങിനെ ഞാനുമായി നീ ഒന്നായിത്തീരട്ടെ. അത് നിന്റെ പരമോന്നതലക്ഷ്യമാകുമ്പോള്‍ നീയെന്നെ പ്രാപിക്കും.

‘അര്‍ജ്ജുനാ എനിയ്ക്ക് രണ്ടു തരം ഭാവങ്ങളുണ്ട്. ഒന്ന്‍ സാധാരണവും മറ്റേത് പരമവുമാണ്. ശംഖചക്രഗദാധാരിയായുള്ളത് എന്റെ സാധാരണ ഭാവമാണ്. എന്നാല്‍ പരമമായ രൂപത്തിന് ആദിയന്തങ്ങള്‍ ഇല്ല. അതല്ലാതെ മറ്റൊന്നില്ല. അദ്വൈതമാണത്. അത് ബ്രഹ്മം, പരംപൊരുള്‍ , ആത്മാവ് എന്നെല്ലാം അറിയപ്പെടുന്നു. 

ആത്മീയമായി പരിപൂര്‍ണ്ണമായും ഉണര്‍വ്വ് കൈവന്നിട്ടില്ലാത്തവര്‍ ആദ്യം പറഞ്ഞ സാധാരണ ഭാവത്തെവേണം പൂജിക്കാന്‍. അങ്ങിനെയുള്ള ആരാധനാനുഷ്ഠാനങ്ങളിലൂടെ ആത്മീയമായി ഉണര്‍ന്നുകഴിഞ്ഞാല്‍ ഒരുവന് പരംപൊരുളിനെക്കുറിച്ചുള്ള അറിവുറയ്ക്കും. പിന്നെ അയാള്‍ക്ക് പുനര്‍ജന്മങ്ങള്‍ ഇല്ല. എന്റെ നിര്‍ദ്ദേശങ്ങള്‍ കൊണ്ട് നീ പ്രബുദ്ധനായി എന്ന് ഞാന്‍ കരുതുന്നു. ആത്മാവിനെ എല്ലാറ്റിലും കാണുക. ആത്മാവില്‍ എല്ലാറ്റിനെയും ദര്‍ശിക്കുകയും ചെയ്യുക. നിരന്തരം യോഗഭാവത്തില്‍ അടിയുറച്ചു നിലകൊള്ളുക. 

ഇങ്ങിനെ ദൃഠതയില്‍ അഭിരമിക്കുന്നവനു പുനര്‍ജനികളില്ല. എങ്കിലും ഈ ജന്മത്തിലെ നൈസര്‍ഗ്ഗിക കര്‍മ്മങ്ങള്‍ അയാള്‍ തുടര്‍ന്നുകൊണ്ടിരിക്കും.

എകാത്മകത എന്ന ധാരണ നാനാത്വമെന്ന ധാരണയെ പാടേ നിരാകരിക്കാന്‍ ഉതകുന്നതാണ്. ആത്മാവെന്ന (അനന്തതയെന്ന) ധാരണ, എകാത്മകത എന്ന ധാരണയെ നിരാകരിക്കാൻ ഉപയോഗിക്കാം. കാരണം ആത്മാവ് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിച്ചെടുക്കുക അസാദ്ധ്യം. അതെന്തെന്നു നിര്‍വചിക്കുകയും സാദ്ധ്യമല്ല. തീര്‍ച്ചയായും ജീവജാലങ്ങളിലെ ശുദ്ധമായ അനുഭവത്തിന്റെ വെളിച്ചമാണ്, അന്തര്‍പ്രഭയാണ് ഞാന്‍ എന്ന സംജ്ഞകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 

Nov 27, 2013

392 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 392

അപി കുത്സിതമപ്യന്യദപ്യധര്‍മമയക്രമം
ശ്രേഷ്ഠം തേ സ്വം യഥാ കര്‍മ തഥേഹാമൃതവാന്‍ഭവ (6/53/14)

ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം ഇങ്ങിനെ തുടരുന്നു: അര്‍ജുനാ, നീയല്ല കൊല്ലുന്നത്. ഈ വൃഥാഹങ്കാരത്തെ ദൂരെക്കളഞ്ഞാലും. ജനന മരണ ജരാനരകളില്ലാത്ത ആത്മാവാണ് നീ. 

അഹംകാരമില്ലാത്ത, ബുദ്ധി യാതൊന്നുമായും സംഗത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ഒരുവന്‍ കൊല്ലുന്നില്ല. അവനാല്‍ ഈ ലോകം മുഴുവനും നശിക്കപ്പെട്ടാലും അതയാളെ ബാധിക്കുകയില്ല. അതിനാല്‍ ‘ഇത് ഞാനാണ്’, ‘ഇതെന്റെതാണ്’ എന്ന് തുടങ്ങിയ ധാരണകളെ ഇല്ലാതാക്കൂ. ഈ ധാരണകള്‍ തന്നെയാണ് ‘ഞാന്‍ നശിച്ചു’ എന്നെല്ലാം ചിന്തിച്ചു നമ്മെ പീഡിപ്പിക്കുന്നത്. ‘ഞാനാണ് ഇത് ചെയ്യുന്നത്’ എന്ന് കരുതുന്നത് കേവലം അഹംകാരത്തിനടിമയായവര്‍ മാത്രമാണ്. ഒരെയോരാത്മാവിന്റെ, അനന്തമായ അവബോധത്തിന്റെ വൈവിദ്ധ്യമാര്‍ന്ന വിഭൂതികളാണിവയെല്ലാം.

കണ്ണുകള്‍ കണ്ടുകൊള്ളട്ടെ. കാതുകള്‍ കേട്ടുകൊള്ളട്ടെ. ത്വക്ക് സ്പര്‍ശനമറിയട്ടെ. നാവ് സ്വാദറിയട്ടെ. ഇതിലൊക്കെ ‘ഞാന്‍’ എവിടെയാണുള്ളത്? മനസ്സ് പലവിധ ധാരണകളില്‍ മുങ്ങിനില്‍ക്കുമ്പോഴും ‘ഞാന്‍’ എന്ന് പറയാനുള്ള യാതൊന്നും വാസ്തവത്തില്‍ ഇല്ലതന്നെ. യോഗികള്‍ തങ്ങളുടെ സ്വാത്മശുദ്ധിക്കായി മനസാലും, ഇന്ദ്രിയങ്ങളാലും കര്‍മ്മം ചെയ്യുന്നു. അവരെ അവ ബാധിക്കുന്നില്ല. ഒരാള്‍ക്കുള്ളില്‍ അഹങ്കാരം എന്ന ചെളിപുരണ്ടിട്ടുണ്ടെങ്കില്‍ എത്ര പണ്ഡിതശിരോമണിയാണെങ്കിലും അയാള്‍ നികൃഷ്ടന്‍ തന്നെ.

എന്നാല്‍ മറിച്ച് അഹംകാരരഹിതനായ ഒരുവന്‍ സമ്പത്തിന്റെ ആശ്രയമില്ലാതെ എല്ലാവരെയും, എല്ലാറ്റിനെയും, സമചിത്തതയോടെ കണ്ടുവെങ്കില്‍ അയാള്‍ മുക്തനാണ്. അയാള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് മറ്റുള്ളവരുടെ അംഗീകാരം കിട്ടിയാലും ഇല്ലെങ്കിലും, അഹിതകര്‍മ്മങ്ങളാണെങ്കില്‍പ്പോലും അവ അയാളെ ബാധിക്കുകയില്ല. 

അതിനാല്‍ അര്‍ജുനാ, നിന്റെ ഇപ്പോഴത്തെ ധാര്‍മ്മികമായ കര്‍മ്മം ഒരു യോദ്ധാവിന്റേതാണ്. അതില്‍ ഹിംസയുണ്ടെങ്കില്‍പ്പോലും ആ കര്‍മ്മം ഉചിതവും ഉല്‍ക്കൃഷ്ടവുമാണ്. “ആ കര്‍മ്മം എത്ര നികൃഷ്ടമെന്നും അധാര്‍മ്മികമെന്നും ചിലപ്പോള്‍ തോന്നിയാലും അവ നിനക്ക് ഉചിതമത്രെ. ഈ കര്‍മ്മത്തെ സര്‍വ്വാത്മനാ അനുഷ്ടിക്കുന്നത് നിനക്ക് ശ്രേയ്സ്ക്കരവുമാണ്.”

കേവലം ഒരു മൂഢന്റെപോലും സ്വാഭാവികമായ കര്‍മ്മങ്ങള്‍ ഉല്‍ക്കൃഷ്ടം തന്നെയാണ്. അപ്പോള്‍പ്പിന്നെ ശ്രേഷ്ഠന്‍മാരുടെ കാര്യം പറയാനുണ്ടോ? യോഗമെന്ന രീതിയില്‍ നിന്റെ കര്‍മ്മം ചെയ്യുക. കര്‍മ്മത്തോട് ആസക്തിയില്ലാത്ത പക്ഷം അത് നിന്നെ ബന്ധിക്കുകയില്ല. പ്രശാന്തനായിരിക്കൂ. ബ്രഹ്മം പ്രശാന്തമാണ്. നിന്റെ കര്‍മ്മം ബ്രഹ്മഭാവത്തിലായിത്തീരട്ടെ. നിന്റെ എല്ലാ കര്‍മ്മങ്ങളും ബ്രഹ്മാര്‍ച്ചനകളാവട്ടെ. അങ്ങിനെ നീ ബ്രഹ്മം തന്നെയായിത്തീരട്ടെ.

ഈശ്വരന്‍ എല്ലാത്തിലും അധിവസിക്കുന്നു. നിന്റെ കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്ത് എല്ലാറ്റിലും അധിവസിക്കുന്ന ഭാഗവാനെപ്പോലെ നീയും പ്രശോഭിതനാവട്ടെ. എല്ലാ ചിന്തകളെയും ധാരണകളെയും ഉപേക്ഷിച്ച്‌ നീയൊരു യഥാര്‍ത്ഥ സന്യാസിയാവൂ. അങ്ങിനെ നിന്റെ ബോധത്തെ പരിമിതികളില്‍നിന്നും മുക്തമാക്കൂ. ചിന്താധാരണകളുടെ അന്ത്യം, മാനസീകോപാധികളുടെ അവസാനം, പരമാത്മാവാണ്; പരബ്രഹ്മം. ഇതിലേയ്ക്കുള്ള പ്രയത്നമാണ് യോഗം. അല്ലെങ്കില്‍ ജ്ഞാനം.

‘ഞാന’ടക്കം കാണപ്പെടുന്നതും അല്ലാത്തതുമായ എല്ലാം ബ്രഹ്മം തന്നെയാണെന്ന ഉറച്ചബോധമാണ് ‘ബ്രഹ്മാര്‍പ്പണം’.  

Nov 26, 2013

391 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 391

നപുംസ  ഇവ ജീവസ്യ സ്വപ്ന: സംഭവതി ക്വചിത്
തേനൈതേ ജാഗ്രതോ ഭാവാ ജാഗ്രസ്വപ്നകൃതോത്ര ഹി (6/52/2)
വസിഷ്ഠന്‍ തുടര്‍ന്നു: ആദ്യജീവന്റെ, പ്രഥമസ്വപ്നമാണ് സംസാരമെന്നറിയപ്പെടുന്ന, ഈ ലോകദൃശ്യം. “ജീവന്റെ സ്വപ്നം എന്നത് വ്യക്തിയുടെ സ്വപ്നം പോലെയല്ല. ജീവന്റെ സ്വപ്നം ഉണര്‍ന്നിരിക്കുമ്പോള്‍ത്തന്നെ അനുഭവവേദ്യമാവുന്നതാണ്. അതിനാല്‍ ഈ ജാഗ്രവസ്ഥതന്നെയാണ് സ്വപ്നമായി പരിഗണിക്കപ്പെടുന്നത്.”

തികച്ചും അസത്തും അടിസ്ഥാനരഹിതവും ആണെങ്കിലും ജീവന്റെ സ്വപനത്തിന്റെ മൂര്‍ത്തീകരണം അപ്പപ്പോള്‍ത്തന്നെ സംഭവിക്കുന്നു. ജീവന്‍ ഒരു സ്വപ്നത്തില്‍ നിന്നും മറ്റൊന്നിലേയ്ക്ക് കടന്നുപോയ്ക്കൊണ്ടേയിരിക്കുന്നു. അങ്ങിനെ ആ സ്വപ്നങ്ങള്‍ കൂടുതല്‍ സാന്ദ്രതയാര്‍ന്ന് തെറ്റിദ്ധാരണകള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ ഭാവം കൈവരികയാണ്‌. അങ്ങിനെ അസത്തിനെ സത്തായി കണക്കാക്കി, സത്തിനെ അസത്തായി അവഗണിക്കാന്‍ ഇടയാകുന്നു. അര്‍ജുനനെപ്പോലെ ബുദ്ധിയും വിവേകവും ആര്‍ജ്ജിച്ചു ജീവിക്കുക. ഭഗവാന്റെ ഉപദേശങ്ങളാലാണ് അര്‍ജുനന്‍ വിവേകശാലിയായി മാറാന്‍ പോവുന്നത്.

വിശ്വം മുഴുവനും വിശ്വാവബോധമെന്ന ഒരേയൊരു പ്രപഞ്ചസമുദ്രമത്രേ. അതില്‍ പതിന്നാലുതരം ജീവികള്‍ വസിക്കുന്നു. ഇതില്‍ യമന്‍, ചന്ദ്രന്‍, സൂര്യന്‍, തുടങ്ങിയ ദേവതകള്‍ നേരത്തെതന്നെ ഉണ്ടായിരുന്നു. അവര്‍ ധാര്‍മ്മികമായി അനുഷ്ഠിക്കേണ്ട കര്‍മ്മപദ്ധതികള്‍ വ്യവസ്ഥാപിച്ചിട്ടുമുണ്ട്.
എന്നാല്‍ ഈ ജീവികള്‍ പാപപങ്കിലമായ ജീവിതം നയിക്കുമ്പോള്‍ മരണദേവനായ യമന്‍, കുറച്ചുകാലത്തേയ്ക്ക് ധ്യാനനിരതനായി മാറി നില്‍ക്കുന്നു. ഈ സമയത്ത് ജനപ്പെരുപ്പമുണ്ടായി ഒരു പൊട്ടിത്തെറി സംഭവിക്കുന്നു. ദേവന്മാര്‍ ഈ സ്ഫോടനത്തെ ഭയന്ന് അതിന്റെ ആഘാതങ്ങളെ ചെറുക്കാനുള്ള വഴികള്‍ തേടുന്നു. ഇതെല്ലാം അനേകതവണ പ്രപഞ്ചത്തില്‍ നടന്നുകഴിഞ്ഞിരിക്കുന്നു.

ഇപ്പോഴത്തെ ഭരണാധികാരി വൈവസ്വതന്‍ എന്ന യമനാണ്‌. അദ്ദേഹവും കുറച്ചുനാളേയ്ക്ക് ധ്യാനത്തിനായി മാറി നില്‍ക്കും. ആ സമയം ലോകത്തെ ജനസംഖ്യ അനേകമടങ്ങ് വര്‍ദ്ധിക്കും. ദേവന്മാര്‍ ഭഗവാന്‍ വിഷ്ണുവിനെ സമീപിച്ചു സഹായം അഭ്യര്‍ത്ഥിക്കും. ഭഗവാന്‍ ശ്രീകൃഷ്ണനായി ജന്മമെടുക്കും. അദ്ദേഹത്തിന്‍റെ ആത്മമിത്രമായി അര്‍ജുനനും ജനിക്കും. അര്‍ജുനന്റെ ജ്യേഷ്ഠനായി, ധര്‍മ്മരാജാവിന്റെ പുത്രനായി, യുധിഷ്ഠിരനും ജനിക്കും. യുധിഷ്ഠിരന്‍ ധര്‍മ്മനിഷ്ഠനായി എല്ലാവര്‍ക്കും മാതൃകയാവും. അവരുടെ പിതൃസഹോദരപുത്രനായ ദുര്യോധനനുമായി അര്‍ജ്ജുനന്റെ സഹോദരന്‍ ഭീമന്‍ മല്ലയുദ്ധം ചെയ്യും. സഹോദരപുത്രന്മാര്‍തമ്മിലുള്ള യുദ്ധത്തില്‍ പതിനെട്ടക്ഷൌഹിണി പടകളും കൊന്നൊടുങ്ങും. അങ്ങിനെ വിഷ്ണുഭഗവാന്‍  ഭൂമിയുടെ അമിതഭാരം ഇല്ലാതെയാക്കും.

കൃഷ്ണനും അര്‍ജുനനും സാധാരണക്കാരുടെ വേഷം സ്വീകരിച്ചു ജീവിച്ച് ആ ‘വേഷങ്ങള്‍ ’ ഭംഗിയായി കൈകാര്യം ചെയ്യും. സഹോദരന്മാര്‍ തമ്മിലുള്ള യുദ്ധത്തില്‍ ഇരുഭാഗത്തുമുള്ള ബന്ധുമിത്രാദികളെ കണ്ട് അര്‍ജുനന്‍ വിഷാദഗ്രസ്ഥനായി യുദ്ധത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാവും. ആ സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ വിവേകോപദേശത്താല്‍ അര്‍ജ്ജുനനില്‍ ആത്മീയമായ ഉണര്‍വ്വുണര്‍ത്തും. ഭഗവാന്‍ അര്‍ജ്ജുനനെ ഇങ്ങിനെ ഉപദേശിക്കും.

“ആത്മാവ് ജനിക്കുന്നും മരിക്കുന്നുമില്ല.അത് ശാശ്വതമാണ്. ശരീരത്തിന്റെ മരണത്തോടെ അത് കൊല്ലപ്പെടുന്നില്ല. ആത്മാവ് കൊല്ലുമെന്നും കൊല്ലപ്പെടുമെന്നും കരുതുന്നവന്‍ കേവലം അജ്ഞാനിയാണ്. രണ്ടാമതൊന്ന് എന്ന സങ്കല്‍പ്പത്തിനുപോലും ഇട നല്‍കാത്ത അനന്തമായ, അദ്വയമായ  ആത്മാവിനെ ആര്‍ക്ക്, എങ്ങിനെ, നശിപ്പിക്കാനാവും? അര്‍ജ്ജുനാ, അനന്തവും അജവും ശാശ്വതവും നിത്യശുദ്ധബോധസ്വരൂപവുമായ ആത്മാവിനെ അറിയൂ. നീ ജനനമരണങ്ങളില്ലാത്ത നിത്യനിര്‍മ്മലമായ പരംപൊരുളാണ്.

Nov 24, 2013

390 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 390

ഹേമത്വകടകത്വേ ദ്വേ സത്യാസത്യ സ്വരൂപിണി
ഹേമ്നി ഭാണ്ഡഗതേ യദ്വച്ചിത്വാചിത്തേ തഥാത്മനി   (6/51/36)

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ബോധം എന്തൊക്കെ ചിന്തിക്കുന്നുവോ അവ  ഉണ്മയായി കാണുന്നു. അതിന്റെ ചിന്താധാരണകള്‍ ഒരിക്കലും വന്ധ്യമല്ല.

“ഒരു സ്വര്‍ണ്ണമാലയില്‍ രണ്ടു വസ്തുക്കളുണ്ട്. ഒന്ന്‍ സ്വര്‍ണ്ണം. രണ്ടാമതുള്ളത് മാല. ആദ്യത്തേത് ഉണ്മയാണ്. സത്യത്തില്‍ ഉള്ള വസ്തു. രണ്ടാമത്തേത് മാല എന്ന രൂപത്തിന്റെ (ജഡം) കാഴ്ച. അതുപോലെ ആത്മാവിലും ബോധമെന്ന സത്യവസ്തുവും വാസ്തവത്തിന്റെ സങ്കല്‍പ്പധാരണയായ ജഡവും ഉണ്ട്.”

ബോധം സര്‍വ്വവ്യാപിയായതിനാല്‍ ഈ ധാരണകള്‍ ഉടലെടുക്കുന്ന മനസ്സിലും അതുണ്ട്. സ്വപ്നത്തിലൊരുവന്‍ കാണുന്ന ഗ്രാമത്തില്‍ അവന്‍ തല്‍ക്കാലത്തേയ്ക്ക് ജീവിക്കുന്നു. കുറച്ചുകഴിഞ്ഞ് അയാളുടെ സ്വപ്നത്തിലെ അവസ്ഥകള്‍ മാറുന്നു, പുതിയ സ്വപ്നസാഹചര്യങ്ങളില്‍ അയാള്‍ ജീവിക്കുന്നു എന്നും കരുതുന്നു. അതുപോലെ ജീവനും ഒരു ദേഹം വിട്ടു മറ്റൊന്നിലേയ്ക്ക് പോവുന്നു. ദേഹമെന്നത് ജീവന്‍ സ്വീകരിക്കുന്ന ധാരണകളുടെ പ്രതിഫലനങ്ങള്‍ മാത്രമാകുന്നു. 
‘അസത്തായ’, ജഡമായ, ദേഹത്തിനു മാത്രമേ നാശമുള്ളു. ഈ ‘അവസ്തു’വാണ് വീണ്ടും വീണ്ടും വൈവിദ്ധ്യമാര്‍ന്ന ദേഹങ്ങളില്‍ ജനിച്ചു മരിക്കുന്നത്. സ്വപ്നാനുഭവങ്ങള്‍ പോലെ, കണ്ടതും കാണാത്തതുമായ വസ്തുക്കളെ ജീവന്റെ ‘സ്വപ്നത്തില്‍’ കാണുന്നതാണ് ലോകാനുഭവങ്ങള്‍ . അതിനു വരാന്‍ പോകുന്നതിനെപ്പോലും കാണാന്‍ കഴിയുന്നു. ഇന്നലെ ചെയ്ത തെറ്റുകളെ തിരുത്തി നന്മയിലേയ്ക്ക് മാറ്റാന്‍ സ്വപ്രയത്നത്തിനു കഴിയുന്നതുപോലെ ഭൂതകാലവഴക്കങ്ങളെ ഉചിതമായ സ്വപ്രയത്നങ്ങള്‍ വഴി തരണം ചെയ്യാം. എന്നാല്‍ ജീവന്റെ ഈദൃശമായ നിലനില്‍പ്പിനും, കണ്ണുകളുടെ (ഇന്ദ്രിയങ്ങളുടെ) പ്രവര്‍ത്തനത്തിനും അറുതിവരാന്‍ മുക്തികൈവരുകതന്നെ വേണം. അതുവരെ ഈ പ്രവര്‍ത്തനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും മാറിമാറി പ്രകടമായിക്കൊണ്ടിരിക്കും.

ഒരു ദേഹത്തെ പ്രകടമാക്കാന്‍ ബോധം സ്വീകരിക്കുന്ന ഒരു ധാരണമാത്രം മതി. അതിനു യോജ്യമായ സൂക്ഷ്മശരീരം അതായത് മനോ-ബുദ്ധി-അഹംകാര-പഞ്ചഭൂതാത്മകമായ അതിവാഹികം (പൂര്യഷ്ടകം) ഉടനെ സംജാതമാവുകയായി. ആത്മാവിനു രൂപഭാവങ്ങളില്ല. എന്നാല്‍ പൂര്യഷ്ടകം എന്ന സൂക്ഷ്മശരീരം  സചേതനവസ്തുക്കളിലും അചേതനവസ്തുക്കളിലും സ്വയം നിര്‍മ്മലമാവുന്നതുവരെ വിഹരിക്കുന്നു. ദീര്‍ഘസുഷുപ്തിയിലെന്നപോലെ ജീവിച്ച് ഒടുവില്‍ നിര്‍വ്വാണപദം പ്രാപിക്കുന്നു. 
   
സൂക്ഷ്മശരീരം സ്വപ്നത്തിലും ദീര്‍ഘസുഷുപ്തിയിലും എല്ലായ്പ്പോഴും നിലനില്‍ക്കുന്നു. അത് ദീര്‍ഘനിദ്രയിലെന്നപോലെ അചേതനവസ്തുക്കളില്‍ കുടികൊള്ളുന്നു. ഇതെല്ലാം മനുഷ്യദേഹത്തിന് അനുഭവവേദ്യമാണ്. അതിന്റെ ദീര്‍ഘസുഷുപ്തി ചൈതന്യരഹിതമായ ജഡാവസ്തയാണ്. സ്വപ്നാവസ്ഥയാണ് ഈ സൃഷ്ടിയെന്ന അനുഭവം. അതിന്റെ ജാഗ്രദവസ്ഥയാണ് തുരീയമെന്ന ‘അതീതാവസ്ഥ’. സത്യത്തിന്റെ സാക്ഷാത്കാരമാണ് മോക്ഷം. ജീവന്മുക്താവസ്ഥയാണ് തുരീയബോധം. അതിനുമപ്പുറം ബ്രഹ്മം. അത് തുരീയത്തിനും അതീതമത്രേ.


എല്ലാ അണുക്കളിലും പരമ്പൊരുളല്ലാതെ മറ്റൊന്നുമില്ല. എവിടെ ലോകം കാണപ്പെടുന്നുവോ അത് ലോകമെന്ന മിഥ്യയായ കാഴ്ച്ചമാത്രം. ഈ കാഴ്ച്ചയെ നിലനിര്‍ത്തുന്നത്, അതായത് ഈ ബന്ധനത്തെ ഉറപ്പിച്ചു നിര്‍ത്തുന്നത് മാനോപാധികളാണ്. ഈ ഉപാധികള്‍ ബന്ധനവും അതില്‍ നിന്നുള്ള വിടുതല്‍ മോചനവുമാണ്. ഘനസാന്ദ്രവും സ്ഥൂലവുമായ ഉപാധികള്‍ ജഡവസ്തുക്കളാവുന്നു (കല്ല്‌, മണ്ണ്, സസ്യങ്ങള്‍ മുതലായവ); ഇടത്തരം ഘനമുള്ളവ മൃഗങ്ങളാവുന്നു. സൂക്ഷ്മഘനമുള്ള ഉപാധികള്‍ മനുഷ്യരാവുന്നു. എന്നാല്‍ ഈ വിഭിന്നതകളെപ്പറ്റിയുള്ള വിവക്ഷകള്‍ ഇനി മതിയാക്കാം. കാരണം ഈ വിശ്വം എന്നത് ഏകമായ ആ അനന്തബോധത്തിന്റെ, ചൈതന്യത്തിന്റെ പ്രത്യക്ഷം മാത്രമാണല്ലോ.     

Nov 22, 2013

389 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 389

ബ്രഹ്മപൂര്യഷ്ടകസ്യാദാവര്‍ത്ഥ സംവിധ്യത്ഥോദിതാ
പൂര്യഷ്ടകസ്യ സര്‍വസ്യ തത്ഥൈവോദേതി സര്‍വദാ (6/51/2)

വസിഷ്ഠന്‍ പറഞ്ഞു: വിശ്വപ്രകൃതി ഘടകങ്ങള്‍ പ്രജ്ഞയുടെയും, ചൈതന്യത്തിന്റെയും സംഘാതത്താല്‍ ഉണ്ടാക്കിയെടുത്ത ദേഹം – പ്രഥമ പൂര്യഷ്ടകം സൂക്ഷ്മശരീരമാണ്. അതും അനന്താവബോധത്തിലെ വെറുമൊരു ധാരണയായാണ് ഉണ്ടായത്. മറ്റു പൂര്യഷ്ടകങ്ങളും (ദേഹങ്ങളും) ഇതേപോലെയാണ് ഉണ്ടായത്. ജീവന്‍, അതായത് പൂര്യഷ്ടകം എന്ന സൂക്ഷ്മ ശരീരം ഗര്‍ഭത്തില്‍വച്ച് എന്ത് സങ്കല്‍പ്പിക്കുന്നുവോ അത് ഉള്ളതായി, സത്തായി ധരിക്കുകയാണ്.

പ്രപഞ്ചത്തില്‍ വിശ്വനിര്‍മ്മിതിക്കുള്ള ഘടകപദാര്‍ത്ഥങ്ങള്‍ ഉരുത്തിരിയുന്നപോലെ ജീവനിലും അവയ്ക്ക് ചേര്‍ന്ന ഇന്ദിയങ്ങള്‍ സംജാതമാവുന്നു. എന്നാല്‍ അവയൊന്നും യഥാര്‍ഥത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഇപ്പറയുന്നതെല്ലാം കാര്യങ്ങള്‍ വിശദമാക്കാനുള്ള എളുപ്പത്തിനായി മാത്രമാണ്. തുടക്കത്തില്‍ അന്വേഷണങ്ങള്‍ക്ക് പ്രചോദനം നല്‍കിയ ഇത്തരം ആശയങ്ങള്‍ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ തകര്‍ന്നുപോവുന്നു. അവിദ്യയെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ അത് താനേ ഇല്ലാതെയാവുന്നു. കാരണം മിഥ്യയുടെ അടിസ്ഥാനം മിഥ്യ തന്നെയാണ്.

മരുമരീചികയിലെ ജലത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നത്. ആ ജലം ഒരിക്കലും ഉണ്ടായിരുന്നിട്ടേയില്ലല്ലോ. സത്യത്തിന്റെ വെളിച്ചത്തില്‍ എല്ലാ വസ്തുക്കളുടെയും ഉണ്മ വെളിപ്പെടുന്നു. അപ്പോള്‍ മായക്കാഴ്ചകള്‍ ഇല്ലാതെയാവുന്നു. ആത്മാവാണ് സത്യം.
ജീവന്‍, പൂര്യഷ്ടകം, സൂക്ഷ്മശരീരം എന്നെല്ലാം അറിയപ്പെടുന്നതൊന്നും തന്നെ സത്യമല്ല. അതിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള അന്വേഷണം വാസ്തവത്തില്‍ അതിന്റെ മിഥ്യയെക്കുറിച്ചുള്ള അന്വേഷണമാണെന്നുള്ളതിനു സംശയമില്ല. ‘ജീവന്‍’ മുതലായ വാക്കുകള്‍കൊണ്ട് മിഥ്യയുടെ യഥാര്‍ഥപ്രകൃതിയെ വിവരിക്കാനുള്ള പരിശ്രമമാണീ പ്രഭാഷണം.

അനന്തത ജീവന്റെഭാവം കൈക്കൊണ്ടുകൊണ്ട് സ്വപ്രകൃതിയെ മറന്നെന്നപോലെ എന്തെന്തു അനുഭവവേദ്യമാക്കാന്‍ ഇഛിക്കുന്നുവോ അവ ഭവിക്കുന്നു. ഭൂതത്തെ ഭയക്കുന്ന കുട്ടിക്ക് ഭൂതമെന്നത് യഥാര്‍ഥത്തില്‍ ‘ഉള്ള’താണ്. അതുപോലെ ജീവന്‍ പഞ്ചഭൂതങ്ങളെ ‘ഉള്ള’തായി കണക്കാക്കി അവയുടെ അസ്തിത്വത്തെ സാധൂകരിക്കുന്നു. അവയെല്ലാം ജീവന്റെ ഭാവനകള്‍ മാത്രമാണെങ്കിലും ജീവന്‍ അവയെ തന്നില്‍ നിന്ന് ബാഹ്യമായി നിലകൊള്ളുന്ന വസ്തുക്കളായി പരിഗണിക്കുന്നു. ചിലത് ബാഹ്യമെന്നും ചിലത് ആന്തരീകമെന്നും ജീവന്‍ സ്വയം അവയെ തരംതിരിക്കുന്നു. അങ്ങിനെ അവയെ അനുഭവിക്കുന്നു.

ആകാശത്തില്‍ ശൂന്യതയെന്നപോലെ അറിവ് ബോധത്തില്‍ സഹജമാണ്. എന്നാല്‍ ബോധം സ്വയം അറിവിനെ തന്റെ ബോധത്തിന് വിഷയമായ ‘വസ്തു’വായി കരുതുന്നു. വൈവിദ്ധ്യമാര്‍ന്ന വസ്തുക്കള്‍ വാസ്തവത്തില്‍ കാലദേശാനുബദ്ധമാണ്. അവയുടെ പരിമിതികള്‍ ബോധത്തിലെ വിഭജനംകൊണ്ടുണ്ടാവുന്നതാണ്. അതായത് അറിവും ബോധവും രണ്ടാണെന്നുള്ള തെറ്റിദ്ധാരണയില്‍ നിന്നുമാണീ ഭിന്നത ഉടലെടുക്കുന്നത്.
 

വാസ്തവത്തില്‍ ഇത്തരം വിഭജനം ആത്മാവില്‍ ഇല്ല. കാരണം അത് കാലദേശങ്ങള്‍ക്ക് അതീതമാണ്. എങ്കിലും അനന്താവബോധം സ്വയം ഈ വിഭിന്നങ്ങളായ ജീവികളെ ‘സൃഷ്ടിക്കുന്നു’.  അതാണ്‌ മായയുടെ ശക്തി. ആര്‍ക്കും അതിനെ വെല്ലാനാവില്ല. നിശ്ശൂന്യതയ്ക്ക് സ്വയം തന്നെത്തന്നെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ബ്രഹ്മം സ്വയം പ്രതിഫലിക്കുന്നു, സ്വയം ദേഹരഹിതനെങ്കിലും തന്നെ സ്വയം രണ്ടായിക്കാണുന്നു