പ്രതിബിംബം യഥാദര്‍ശേ തഥേദം
ബ്രഹ്മണി സ്വയം
അഗമ്യം ഛേദഭേദാദേ രാധാരാനന്യ
താവശാത് (6/57/6)
ഭഗവാന്‍ അര്‍ജുനനോടുള്ള തന്റെ
ഉപദേശം ഇങ്ങിനെ തുടരും: എത്ര അത്ഭുതകരമെന്ന് നോക്കൂ. ആദ്യം ഒരു ചിത്രപടം
പ്രത്യക്ഷമാകുന്നു. പിന്നീട് അത് ഛിന്നഭിന്നമായിപ്പോകുന്നു. കാരണം പടം മനസ്സില്‍
മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്തൊക്കെ കര്‍മ്മങ്ങള്‍ ചെയ്താലും അത് നിശ്ശൂന്യതയില്‍
നിശ്ശൂന്യതയാല്‍ത്തന്നെ ചെയ്യപ്പെടുകയാണ്. അത് ശൂന്യതയില്‍ വിലയിക്കുകയുമാണ്.
ശൂന്യത സ്വയം അതിന്റെ സ്വരൂപത്തില്‍ അഭിരമിക്കുന്നു. ശൂന്യത എല്ലാടവും വിലയിച്ചു
നിറഞ്ഞിരിക്കുന്നു.
കാണപ്പെടുന്നവയെല്ലാം മാനസിലെ
കാഴ്ച്ചപ്പാടുകളാണ്. അവ വാസനകളാല്‍ നിറഞ്ഞിരിക്കുന്നു. ലോകമെന്ന ഈ കാഴ്ച തുലോം
ഭ്രമാത്മകമാണ്. “ഒരു കണ്ണാടിയില്‍ കാണപ്പെടുന്ന ദൃശ്യമെന്നപോലെ അത് ബ്രഹ്മത്തില്‍
നിലകൊള്ളുന്നു. അപരിമേയവും അനന്തഘനവും വിള്ളലുകള്‍ ഒന്നുമില്ലാത്തതുമായ അത്
ബ്രഹ്മത്തില്‍ നിന്നും വിഭിന്നമല്ല.” വാസന എന്നറിയപ്പെടുന്ന അതും അനന്തമായ
അവബോധത്തിനെ ആശ്രയിച്ചിരിക്കുന്നു. അനന്തതയെ വിട്ടൊരു അസ്ഥിത്വം അതിനില്ല.
വാസനയുടെ
ബന്ധനത്തില്‍ നിന്നും വിടുതല്‍ കിട്ടാത്തവന്‍ ഭ്രമക്കാഴ്ചയില്‍ ആണ്ടു
മുഴുകിയിരിക്കുന്നു. ചെറുതായെങ്കിലും ഈ വാസനയ്ക്ക്, അല്ലെങ്കില്‍ മനോപാധിക്ക്
വിധേയനായിപ്പോയാല്‍പ്പിന്നെ അത് സംസാരമെന്നൊരു വന്‍വനമായി വളര്‍ന്ന് ജനനമരണചക്രങ്ങളാകുന്ന പ്രകടിതലോകത്തിനെ
പ്രതിഫലിപ്പിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ശരിയായ അറിവിന്റെ അഗ്നികൊണ്ട്,
ആത്മജ്ഞാനം കൊണ്ട്, ഈ വാസനാ മാലിന്യത്തിന്റെ ബീജത്തെ എരിച്ചുണക്കിയാല്‍പ്പിന്നെ
അതു വീണ്ടും മുളപൊട്ടി കൂടുതല്‍ ബന്ധനങ്ങള്‍ ഉണ്ടാവുക എന്നത് അസാദ്ധ്യം. വാസനകള്‍ ഇല്ലാതായി
പ്രശാന്തനായവന്‍ സുഖദുഃഖദ്വന്ദങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്നില്ല. അയാള്‍
വെള്ളത്തില്‍ക്കിടക്കുന്ന താമരയിലയെപ്പോലെ നിസ്സംഗനായിരിക്കുന്നു.
അര്‍ജുനന്‍
പറഞ്ഞു: ഭഗവാനേ എന്നിലെ മോഹങ്ങള്‍ക്ക് അറുതിയായിരിക്കുന്നു. എന്നില്‍ സംശയങ്ങള്‍
അസ്തമിച്ചിരിക്കുന്നു. അങ്ങയുടെ കൃപയാല്‍ എന്നില്‍ പ്രജ്ഞയും ബോധവും ഉണര്‍ന്നിരിക്കുന്നു.
അവിടുത്തെ ഇച്ഛയ്ക്കൊത്ത് ഞാന്‍ കര്‍മ്മനിരതനായിക്കൊള്ളാം.
ഭഗവാന്‍
തന്റെ ഉപദേശങ്ങള്‍ ഇങ്ങിനെ അവസാനിപ്പിച്ചു. മനോപാധികളെ സമാധാനിപ്പിച്ചാല്‍പ്പിന്നെ
മനസ്സ് പ്രശാന്തമായി. അപ്പോള്‍ സത്വം ഉണരുകയായി. അപ്പോള്‍ ബോധം വസ്തുവില്‍ നിന്നും
സ്വതന്ത്രമായി. അത് ശുദ്ധബോധമാണ്. സര്‍വ്വവ്യാപിയും എല്ലാമെല്ലാമായ ബോധം നിര്‍മ്മലവും
ചിന്തകളുടെ ചലനമില്ലാത്തതുമാണ്. അതീന്ദ്രിയമാണതിന്റെ തലം. എല്ലാ വാസനകളുടെയും
അന്ത്യം കൊണ്ട് മാത്രമേ അതിലെത്തനാവൂ.
മഞ്ഞിനെ
ഉരുക്കുന്ന ചൂടെന്നപോലെ ബോധം അജ്ഞാനത്തെ വിലയിപ്പിച്ചില്ലാതാക്കുന്നു. വിശ്വമായി
‘ഉള്ള’ത്, ‘ഉള്ള’തെന്ന നിര്‍വചനത്തിന്റെ അപ്പുറത്തുള്ളത്, പ്രകടിതമായത്, പരം
പൊരുളായത്, അങ്ങിനെയുള്ള ഒന്നിനെ എന്ത് സംജ്ഞയാലാണ് നമുക്ക് പറയുവാനാവുക?
വസിഷ്ഠന്‍
തുടര്‍ന്നു: അര്‍ജുനോപദേശം കഴിയുമ്പോള്‍ കുറച്ചുനേരം അര്‍ജുനന്‍
മൌനത്തിലിരുന്നശേഷം ഇങ്ങിനെ പറയും. “ഭഗവാനേ, അങ്ങയുടെ ഉപദേശങ്ങളുടെ
സുര്യവെളിച്ചത്താല്‍ എന്നില്‍
പ്രബോധത്തിന്റെ താമരമലര്‍ പൂര്‍ണ്ണമായി വിടര്‍ന്നിരിക്കുന്നു.”
താമസംവിനാ
അര്‍ജുനന്‍ തന്റെ ആയുധമെടുത്ത് ഒരു കായികലീലയില്‍ ആമഗ്നമാവുന്ന പ്രഗല്‍ഭനായ കളിക്കാരനെപ്പോലെ
സ്വധര്‍മ്മമായ യുദ്ധത്തിലേര്‍പ്പെടും.
No comments:
Post a Comment
Note: Only a member of this blog may post a comment.