Dec 8, 2013

397 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 397

ക്ഷണം കല്‍പീകരോത്യേതത് തച്ചാല്‍പ്പം കുരുതേ ബഹു
അസത്സത്കുരുതേ ക്ഷിപ്രമിതീയം ഭ്രാന്തിരുഥിതാ    (6/56/23)

ഭഗവാന്‍ അര്‍ജുനോപദേശം തുടരുന്നു: അങ്ങിനെ മനോപാധികളെ ഉപേക്ഷിച്ചിട്ട് മുക്തനാവൂ. പ്രശാന്തമനസ്സോടെ, തികഞ്ഞ അന്തര്‍ശീതളിമയുടെ നിറവില്‍  ബന്ധുത്വം കൊണ്ടുണ്ടായിട്ടുള്ള ചിന്താക്കുഴപ്പത്തെയും ശോകത്തെയും നീ ഇല്ലായ്മ ചെയ്യൂ. ജരാനരകളെപ്പറ്റിയും മരണത്തെപ്പറ്റിയുമുള്ള നിന്റെ ആശങ്കകള്‍ തീരെ അകറ്റിയാലും. ആകാശത്തോളംപോന്ന ഒരു വിശ്വദര്‍ശനം നിന്നില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കട്ടെ. നിനക്ക് ആകര്‍ഷണവികര്‍ഷണങ്ങളെ അതിജീവിക്കാന്‍ കഴിയട്ടെ. നിനക്ക് എന്തെന്തു കര്‍മ്മങ്ങളാണോ സ്വാഭാവികമായി, അനായാസേന ചെയ്യാനാകുന്നത്, അത് നീ ഭംഗിയായി ചെയ്താലും.  

ഇവിടെ ഒന്നിനും നാശമില്ല എന്നാണു മുക്തരായ മാമുനിമാരുടെ ഭാവം. വെറുമൊരു മൂഢനേ ‘ഞാനിതിപ്പോള്‍ ചെയ്തു തീര്‍ക്കും’, ഞാനിതിപ്പോള്‍ ഉപേക്ഷിക്കും’, എന്നിത്യാദി ചിന്തകള്‍ വെച്ചു പുലര്‍ത്തുകയുള്ളു. ഒരു മുക്തപുരുഷന്റെ ഇന്ദ്രിയങ്ങള്‍ ഹൃദയോന്മുഖമായി ഉള്ളിലേയ്ക്ക് തിരിഞ്ഞു നിലകൊള്ളുന്നു.

മനസ്സാണ് സര്‍വ്വവ്യാപിയായ ആ പരമസത്തയുടെ നിശ്ശൂന്യമായ തിരശ്ശീലയില്‍  ത്രിലോകങ്ങളാകുന്ന ബഹുവര്‍ണ്ണചിത്രങ്ങള്‍  വരയ്ക്കുന്നത്. മനസ്സാണ് വിഭജനചിന്തകളെയും ശിഥിലവിചാരങ്ങളെയും പരിപാലിച്ചൂട്ടി വളര്‍ത്തുന്നത്. വാസ്തവത്തില്‍ അത്തരം ശിഥിലതകള്‍ യാഥാര്‍ത്ഥ്യമല്ല. അത് മനസ്സിന്റെ സൃഷ്ടികള്‍ മാത്രമാണ്. മനസ്സ് വരച്ചുണ്ടാക്കുന്ന ചിത്രപടങ്ങള്‍ മാത്രമാണവ. ആകാശമെന്നത് പരമമായ നിശ്ശൂന്യതമാത്രം. എന്നാല്‍ മനസ്സില്‍ ലോകങ്ങളുണ്ടാകുന്നതും ഇല്ലാതാകുന്നതും ഇമചിമ്മുന്ന ഇടവേളകൊണ്ടാണ്. ലോകമെന്ന ചിത്രപടത്തെ ആലേഖനം ചെയ്യുവാന്‍ ഇടം ‘നല്‍കിയ’ ആത്മാവ് സര്‍വ്വവ്യാപിയും ശാശ്വതവുമായതിനാല്‍ സൃഷ്ടികള്‍ക്ക് സ്വയം അവ യാഥാര്‍ത്ഥ്യമാണെന്ന തോന്നലുണ്ടാവുന്നു. എന്നാല്‍ ശരിയായ അന്വേഷണത്തില്‍ ആ ‘ലോകം’ അലിഞ്ഞില്ലാതാവുന്നു. 

‘അതും’, ‘നീയും’ ഒന്നും ‘ഇല്ലാത്ത’ വസ്തുക്കളാണ്. രണ്ടിനും ശാശ്വതമായ  നിലനില്‍പ്പില്ല. അപ്പോള്‍പ്പിന്നെ നീയെന്തിനു ദുഖിക്കണം? ശുദ്ധമായ ആകാശത്തില്‍ യാതൊരുവിധമായ പ്രവര്‍ത്തനങ്ങളോ ചലനങ്ങളോ ഇല്ല. കാരണം എങ്ങും തിങ്ങിനിറഞ്ഞ ഒന്നില്‍ എങ്ങിനെ ചലനമുണ്ടാവാനാണ്? ശുദ്ധാകാശത്തെ മലീമസമാക്കാന്‍ കാലദേശാദികള്‍ക്കും കര്‍മ്മങ്ങള്‍ക്കും ആവില്ല. ലോകക്കാഴ്ച്ചകള്‍ എല്ലാം മനസ്സിലാണ്. മനസ്സാണ് ദൃശ്യങ്ങളെ വിക്ഷേപിക്കുന്നത്. വിമലാകാശം നിശ്ശൂന്യമാണ്. അതൊരിക്കലും വിച്ഛിന്നമാവുകയില്ല. അര്‍ജുനാ, ഇപ്പോള്‍ ആ സങ്കല്‍പ്പലോകത്തിന്റെ രഹസ്യം വെളിപ്പെട്ടുവല്ലോ. നൈമിഷികമായ മോഹവിഭ്രമമാണ് വിശ്വമെന്ന ഈ ‘കാഴ്ച’. തികച്ചും ഒരു മായ മാത്രമാണെങ്കിലും മനസ്സ് മാസ്മരികമായ ദൃശ്യങ്ങളെ ക്ഷണത്തില്‍ സൃഷ്ടിക്കുന്നു.

“മനസ്സ് ഒരു നിമിഷത്തെ യുഗപര്യന്തമാക്കുന്നു. സൂക്ഷ്മമായതിനെ സ്തൂലമാക്കുന്നു. ക്ഷണത്തില്‍ അത് അസത്തിനെ സത്തായി ദര്‍ശിതമാക്കുന്നു. അങ്ങിനെയാണ് വിഭ്രാന്തി സംജാതമായത്. നൈമിഷികമായ ഈ വിഭ്രാന്തി, ലോകമെന്ന കാഴ്ചയായി നിലനില്‍ക്കുന്നു. അജ്ഞാനിയെ സംബന്ധിച്ചിടത്തോളം അനിഷേദ്ധ്യമായ സത്തയാണീ ലോകം. ഇതൊക്കെയാണെങ്കിലും ലോകമെന്ന ഈ കാഴ്ചയും അനന്താവബോധത്തെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അതിന്റെ സത്താസത്ത നിരൂപണങ്ങള്‍ വൃഥാവിലാണ്. അനന്തവും അവിച്ഛിന്നവുമായ ബോധഘനത്തില്‍ ഈ വൈവിദ്ധ്യതയുണ്ടായത് എത്ര അത്ഭുതകരം!


എന്നാല്‍ അത് ഒരു നര്‍ത്തകീ ചിത്രംപോലെയാണ്. കാണപ്പെടുന്ന പ്രതിഭാസങ്ങള്‍ അതിന്റെ വിവിധ ഭാഗങ്ങളാണ്. ദേവന്മാരും അസുരന്മാരും മറ്റു ജീവജാലങ്ങളും  ഈ നര്‍ത്തകിയുടെ കൈകാലുകള്‍ . ഇവയുടെ അടിസ്ഥാനവും സത്തയും എല്ലാം അനന്തവും അവിച്ഛിന്നവുമായ ആത്മാവുതന്നെയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.