തത് സര്‍വഗതമാദ്ധ്യന്ത
രഹിതം സ്ഥിതമര്‍ജ്ജിതം
സത്താസാമാന്യമഖിലം
വസ്തുതത്വമിഹോച്യതേ (6/60/8)
വസിഷ്ഠന്‍ തുടര്‍ന്നു:
പരംപൊരുളിന്റെ സ്വഭാവം അങ്ങിനെ അനന്തമായ അവബോധത്തിന്റേതാണ്. ബ്രഹ്മാണ്ഡമൂര്‍ത്തികളായ
ബ്രഹ്മാവിഷ്ണുമഹേശ്വരാദികള്‍ ആ പരംപൊരുളില്‍ സ്ഥിരപ്രതിഷ്ഠിതരാണ്. അതിനാല്‍ അവര്‍
ലോകത്തിന്റെ പ്രഭുക്കളായി വര്‍ത്തിക്കുന്നു. അതേ പരമ്പൊരുളില്‍ പ്രതിഷ്ഠിതരാകയാല്‍
സംപൂജ്യരായ മാമുനിമാര്‍ സ്വര്‍ഗ്ഗങ്ങളില്‍ വിഹരിക്കുന്നു. ഈ അവസ്ഥയെ
പ്രാപിച്ചുകഴിഞ്ഞവന് മരണമില്ല. അയാള്‍ക്ക് ദുഖങ്ങളുമില്ല.
ഒരു മിഴിയടച്ചുതുറക്കുന്ന
നിമിഷത്തേക്കെങ്കിലും അനന്തതയുടെ, അപരിമേയബോധത്തിന്റെ, നിര്‍മ്മലാവസ്ഥയെ പ്രാപിച്ച
സാധകന് പിന്നീടൊരിക്കലും ലോകകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടുവലയേണ്ടി വരികയില്ല.
രാമന്‍ ചോദിച്ചു: മനസ്സും,
ബുദ്ധിയും അഹംകാരവും എല്ലാം നിലച്ചുകഴിയുമ്പോള്‍ ആ നിര്‍മ്മലസത്വം, അനന്താവബോധം,
എങ്ങിനെയാണ് പ്രത്യക്ഷമാവുക?
വസിഷ്ഠന്‍ പറഞ്ഞു: എല്ലാത്തിലും
കുടികൊള്ളുന്ന ബ്രഹ്മം, എല്ലാം കഴിക്കുന്ന, കുടിക്കുന്ന, സംസാരിക്കുന്ന,
സംഭരിക്കുന്ന, നശിപ്പിക്കുന്ന, എന്ന് വേണ്ട എല്ലാം അനുഭവിക്കുന്ന- ആ സത്യവസ്തു
സ്വയം ബോധാബോധങ്ങളുടെ നേരിയ വിഭജനത്തില്‍നിന്നുപോലും സര്‍വ്വസ്വതന്ത്രമാണ്.
“സര്‍വ്വവ്യാപിയായ,
ആദ്യന്തരഹിതമായ, നിര്‍മ്മലവും ഉപാധിരഹിതവുമായ അവ്യതിരക്തമായ അതിനു വസ്തുതത്വം –
അതായത് സത്ത്- എന്ന് പറയുന്നു”. ആകാശത്തില്‍ അത് ആകാശമായി ഇരിക്കുന്നു. ശബ്ദത്തില്‍
ശബ്ദമായും, സ്പര്‍ശത്തില്‍ സ്പര്‍ശനമായും, ത്വക്കില്‍ ത്വക്കായും, രൂപത്തില്‍
രൂപമായും, കണ്ണുകളില്‍ കാഴ്ച്ചയായും, മൂക്കില്‍ മണമായും, സുഗന്ധത്തില്‍
സുഗന്ധമായും, ദേഹത്തില്‍ ബലമായും, ഭൂമിയില്‍ ഭൂമിയായും, പാലില്‍ പാലായും, കാറ്റില്‍
വായുവായും, അഗ്നിയില്‍ അഗ്നിയായും, മേധാശക്തിയില്‍ ബുദ്ധിയായും, മനസ്സില്‍
മനസ്സായും, അഹംകാരത്തില്‍ അഹമായും, അത് നിലകൊള്ളുന്നു.
അത് മനസ്സില്‍ ചിത്തമായി
ഉണരുന്നു. മരങ്ങളില്‍ മരമായി ഇരിക്കുന്നു. ചരാചരങ്ങളില്‍ ചരങ്ങളും അചരങ്ങളുമായി
നിലകൊള്ളുന്നു. ചൈതന്യവസ്തുക്കളിലെ ചൈതന്യമായും ബോധമുള്ള വസ്തുക്കളില്‍ ബോധമായും
ഇരിക്കുന്നു.
ദേവതകളുടെ
ദൈവീകതയായി, മനുഷ്യരില്‍ മനുഷത്വമായി അതുണ്ട്. മൃഗങ്ങളില്‍ മൃഗീയതയായി,
പുഴുക്കളില്‍ പുഴുക്കളായി കാലത്തിനും ഋതുക്കള്‍ക്കും നിദാനമായി അത് നിലകൊള്ളുന്നു.
കര്‍മ്മങ്ങളിലെ ചടുലതയാണത്. ക്രമവ്യവസ്ഥയിലെ ക്രമമാണത്. നിലനില്‍ക്കുന്ന
വസ്തുക്കളുടെ അസ്ഥിത്വം, നാശോന്മുഖമായ വസ്തുക്കളില്‍ മരണം. ദേഹികളുടെ ബാല്യം, യൌവനം, വാര്‍ദ്ധക്യം, മരണം, എല്ലാം അത്
തന്നെ. അത് അവിച്ഛിന്നമാണ്. അതൊരിക്കലും ഭിന്നമായിരുന്നിട്ടേയില്ല. നാനാത്വം
എന്നത് അസത്യമാണ്. നാനാത്വഭാവം അനന്തതയില്‍ ഒരു തെറ്റിദ്ധാരണയായി, സത്യമെന്നപോലെ
കാണപ്പെടുന്നുവെങ്കിലും അതിനൊരിക്കലും ഉണ്മ ഉണ്ടായിരുന്നിട്ടില്ല.
“ഞാന്‍
എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന സര്‍വ്വന്തര്യാമിയാണ്. ദേഹാദിയോ കാലദേശാദിയോ ആയ
എല്ലാ പരിമിതികള്‍ക്കും അതീതനാണ് ഞാന്‍.” എന്നിങ്ങിനെ സാക്ഷാത്ക്കരിച്ച്,
പ്രശാന്തനായി, പരമാനന്ദത്തില്‍ വിരാജിക്കൂ.
മാമുനി
ഇത്രയും പറഞ്ഞപ്പോഴേയ്ക്കും ദിനാന്ത്യമായി. എല്ലാവരും സായാഹ്ന പ്രാര്‍ത്ഥനകള്‍ക്കായി
പിരിഞ്ഞു.
No comments:
Post a Comment
Note: Only a member of this blog may post a comment.