ന കിഞ്ചിദേവ ദേഹാദി ന ച ദു:ഖാദി
വിദ്യതേ
ആത്മനോ യത്പൃഥഗ്ഭൂതം കിം കേനാതോഽനുഭൂയതേ
(6/54/12)
ഭഗവാന്‍ അര്‍ജുനനോടുള്ള ഉപദേശം തുടര്‍ന്നു: നീ
എനിക്കേറെ പ്രിയപ്പെട്ടവനായതുകൊണ്ട് നിനക്ക് ഹിതമായ കാര്യങ്ങള്‍ ഞാന്‍ ഇനിയും
പറയാം. നീ വീണ്ടുമിതു ശ്രദ്ധയോടെ കേട്ടാലും. നിന്റെ നന്മയ്ക്കായാണു ഞാനിതു പറയുന്നത്. നിനക്ക്
വേദ്യമാകുന്ന ശീതോഷ്ണങ്ങളെയും സുഖദു:ഖാദികളെയും സധൈര്യം
നേരിടുക. കാരണം അവ വന്നുപോയി മറയുന്നവയാണ്. അവയ്ക്ക് അനാദിമദ്ധ്യാന്തരഹിതവും അവിഛിന്നവുമായ ആത്മാവുമായി ബന്ധമേതുമില്ല.
വെറും മായ മാത്രമായ മൂലഘടകങ്ങളുമായി സമ്പര്‍ക്കത്തിലാവുകമൂലം നമ്മില്‍ ഇന്ദ്രിയാനുഭവങ്ങള്‍
വേദ്യമാവുന്നു. ഈ സത്യമറിയുകയും ചാഞ്ചല്യം
ഇല്ലാതിരിക്കുകയും ചെയ്യുന്നവന്‍ മോക്ഷത്തിനു യോഗ്യനത്രേ. ആത്മാവുമാത്രം
നിലനില്‍ക്കുമ്പോള്‍ സുഖദു:ഖാദികള്‍ക്ക് ഉയര്‍ന്നുവരാന്‍
മറ്റൊരിടമെവിടെ? പരമാത്മാവുമാത്രം സര്‍വ്വവ്യാപിയായി നില്‍ക്കുമ്പോള്‍
സുഖദു:ഖങ്ങള്‍ക്ക് അസ്തിത്വമില്ല. ഇല്ലാത്തത്
ഉണ്ടാവുകയില്ല. ഉള്ളതാകട്ടെ ഇല്ലാതെപോവുകയുമില്ല.
സുഖത്തില്‍ ആത്മാവു സന്തോഷിക്കുകയും ദു:ഖത്തിലതു
ശോകമനുഭവിക്കുകയും ചെയ്യുന്നില്ല. ശരീരത്തിന്റെ അപചയം
ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവില്‍നിന്നും വേറിട്ട്
ശരീരം എന്നൊരു വസ്തുതന്നെയില്ല. വേദനയും അങ്ങിനെതന്നെ.
അപ്പോള്‍പ്പിന്നെ ആരാണ് എന്താണ് അനുഭവിക്കുന്നത്? അതുകൊണ്ട് പൂര്‍ണ്ണമായി പ്രബുദ്ധതയെ പ്രാപിച്ചവര്‍ എല്ലാവിധ മോഹങ്ങളില്‍ നിന്നും
വിടുതല്‍ നേടിയവരാണ്.
ശരിയായ അറിവിന്റെ വെളിച്ചത്തില്‍ കയറിലുണ്ടായിരുന്ന
പാമ്പ് എന്ന മോഹക്കാഴ്ച്ച ഇല്ലാതാവുന്നതുപോലെ ദേഹാദികളും, ശോകാദികളും, ആത്മീയമായി ഉണരുന്നതോടെ
മാഞ്ഞുമറഞ്ഞുപോവുന്നു.
വിശ്വൈകസത്തായ ബ്രഹ്മം ജനിച്ചിട്ടില്ല, അതുകൊണ്ടുതന്നെ അതിനു മരണവുമില്ല എന്ന അറിവാണ്
ആത്മീയപ്രബുദ്ധത, അല്ലെങ്കില്‍ ശരിയായ അറിവ്. മോഹത്തിന്റെ,
അഭിമാനത്തിന്റെ, ശോകത്തിന്റെ, ഭയത്തിന്റെ, ആശകളുടെ, സുഖദു:ഖാദികളുടെ എല്ലാം ശക്തികളെ ഇല്ലാതാക്കൂ. ഈ
വിപരീതദ്വന്ദങ്ങള്‍ വെറും മായ മാത്രം. ഏകതയില്‍ നീ
അഭിരമിച്ചാലും.
നീ ഏകവും അദ്വയവുമായ ബോധസമുദ്രമാണ്. സുഖദു:ഖങ്ങള്‍, ലാഭനഷ്ടങ്ങള്‍,
ജയാപജയങ്ങള്‍, എന്നിവയെല്ലാം അജ്ഞാനത്തില്‍
നിന്നും ഉണ്ടായ അലകള്‍ മാത്രമാണ്. അതിനാല്‍ നീ അവയുടെ
വരുതിയിലാവാതെ നിലകൊണ്ടാലും. നീ എന്തുതന്നെ ചെയ്യുന്നുവോ,
ആഹരിക്കുന്നുവോ, ആരാധനയ്ക്കായി അര്‍ച്ചിക്കുന്നുവോ,
ദാനം ചെയ്യുന്നുവോ, അതെല്ലാം ആത്മാവാണ്.
നിന്റെ അന്തരംഗം എന്താണോ അതുതന്നെയാണ് നിനക്ക് പ്രാപ്യമാവുക.
അതിനാല്‍ ബ്രഹ്മസാക്ഷാത്ക്കാരം നിദ്ധിക്കുന്നതിനായി നിന്റെ ഉള്ളം
നിറയെ ബ്രഹ്മംകൊണ്ടു തന്നെ നിറച്ചാലും. അകര്‍മ്മത്തില്‍ ആരാണോ
കര്‍മ്മം കാണുന്നത് അയാള്‍ ജ്ഞാനിയാണ്. അയാള്‍ക്ക് എല്ലാം
പ്രാപ്യമാണ്.
എന്നാല്‍ കര്‍മ്മത്തിന്റെ ഫലത്തില്‍ സംഗമുണ്ടാകരുത്. അതുപോലെ അകര്‍മ്മത്തോടും സംഗം പാടില്ല. ‘ഞാന്‍ ചെയ്തു’, ‘ഞാന്‍ ചെയ്തില്ല’, എന്നുള്ള തോന്നല്‍ തന്നെയാണു കര്‍ത്തൃത്വഭാവം, അല്ലെങ്കില്‍
അകര്‍ത്തൃത്വഭാവം. ഇതുരണ്ടും മൂഢതയുടെ രണ്ടു വശങ്ങളാണ്.
അതിനാല്‍ അവയെ ദൂരെക്കളയൂ. വൈവിദ്ധ്യമാര്‍ന്ന
കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും നാനാത്വമെന്ന ധാരണയെ പാടേ നീക്കിക്കളയൂ.
നിന്റെ കര്‍മ്മങ്ങളുടെ കര്‍ത്താവ് നീയല്ല.
ഒരുവന്റെയുള്ളില്‍ ഉയര്‍ന്നുണരുന്ന ആശകള്‍ നൈസര്‍ഗ്ഗികമാണെങ്കില്‍
അതു സമുദ്രത്തിലെത്താന്‍ കൊതിക്കുന്ന നദിയുടെ ഒഴുക്കുപോലെ സ്വാഭാവികമാണ്. അയാള്‍ അനുഭവിക്കുന്ന പ്രശാന്തതയും നൈസര്‍ഗ്ഗികമാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.