Oct 28, 2014

637 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 637

നാഭിവാഞ്ഝാമി മരണം നാഭിവാഞ്ഝാമി ജീവിതം
യഥാ സ്ഥിതോസ്മി തിഷ്ഠാമി തഥൈവ വിഗതജ്വരം (6.2/153/11)
മുനി തുടര്‍ന്നു: നമ്മള്‍ രണ്ടാളും തുടര്‍ന്നും ഈ വനത്തില്‍ താമസിച്ചു തപശ്ചര്യകള്‍ കുറെയേറെക്കാലം കൂടി തുടരും. അവിടെ ഒരു വേടന്‍ നായാട്ടിനായി എത്തിച്ചേരും. അങ്ങ് അയാളെ കഥകള്‍ കൊണ്ടും സദുപദേശങ്ങള്‍കൊണ്ടും പ്രബുദ്ധനാക്കും.
അയാളും ലോകത്തെ സംത്യജിച്ചു സന്യാസം സ്വീകരിച്ചു തപശ്ചര്യകളില്‍ ഏര്‍പ്പെടും. ആത്മാന്വേഷണത്വരയോടെ അയാള്‍ അങ്ങയോട് സ്വപ്നങ്ങളുടെ സ്വഭാവത്തെപ്പറ്റി ചോദിക്കും. അങ്ങ് ആത്മജ്ഞാനത്തെപ്പറ്റി അയാള്‍ക്ക് ഉപദേശം നല്‍കും. അങ്ങിനെ അങ്ങ് അയാള്‍ക്ക് ഗുരുവാകും. അതുകൊണ്ടാണ് അങ്ങയെ ഞാന്‍ 'വ്യാധന്റെ ഗുരുവെന്ന്' അഭിസംബോധന ചെയ്തത്.

എന്നെക്കുറിച്ചും അങ്ങയെക്കുറിച്ചും ഞാന്‍ വിശദമായി പറഞ്ഞു തന്നു. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും ഞാന്‍ പറഞ്ഞു.

ഞാനിതെല്ലാം കേട്ട് വിസ്മയത്തോടെയിരുന്നു. മറ്റേ മുനി അതേ വീട്ടില്‍ത്തന്നെ തുടര്‍ന്നും ജീവിച്ചുവന്നു. ഞാന്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിചരിച്ചു. ഒരു മാമലപോലെ, വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ വേദിച്ചുകൊണ്ട് ഞാന്‍ അവിടെക്കഴിഞ്ഞു.

“ഞാന്‍ മരണം കാംക്ഷിക്കുന്നില്ല; ഞാന്‍ ജീവിതവും ആഗ്രഹിക്കുന്നില്ല. മാനസീകമായ യാതൊരുവിധ വിഹ്വലതകളുമില്ലാതെ ഞാന്‍ ഞാനായി നിലകൊള്ളുന്നു. 

പിന്നീട് ഞാന്‍ വിഷയലോകത്തിന്റെ സ്വഭാവത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. എന്താണീ ലോകത്തിനു കാരണം? എന്താണ് ലോകം? ആരാണീ ലോകത്തെ അവബോധിക്കുന്നത്? തീര്‍ച്ചയായും ഒരേയൊരനന്തബോധം മാത്രമാണല്ലോ സത്തായുള്ളത്!

ചക്രവാളം, ഭൂമി, വായു, ആകാശം, പര്‍വ്വതങ്ങള്‍, നദികള്‍, ദിക്കുകള്‍, എല്ലാമെല്ലാം അവിഭാജ്യമായ ബോധം തന്നെ. അവയെല്ലാം ബോധത്തില്‍ ധാരണകളായി നില്‍ക്കുന്നു. അതില്‍ യാതൊരുവിധ വൈരുദ്ധ്യങ്ങളോ വിഭജനങ്ങളോ ഇല്ലതന്നെ. ഇവയൊന്നും മലകളോ, ഭൂമിയോ, ആകാശമോ ഒന്നുമല്ല. അവയൊന്നും ‘ഞാനും’ അല്ല. ഇവയെല്ലാം ബോധത്തിലെ വിക്ഷേപങ്ങള്‍ മാത്രമാണ്.

ഈ ദേഹത്തിന്റെ കാരണം എന്താണ്? കാരണമില്ലാതെ കാര്യത്തിന് നിലനില്‍പ്പുണ്ടോ? എന്നാല്‍ ഇതെല്ലാം വെറും മതിഭ്രമമാണെന്ന് പറഞ്ഞാല്‍ എന്താണീ മതിഭ്രമത്തിന് ഹേതു? ആരാണീ മതിഭ്രമത്തെ കാണുന്നത്? ആരാണതിനെപ്പറ്റി ചിന്തിക്കുന്നത്? ഞാന്‍ ആരുടെ ഹൃദയത്തിലാണോ അനുഭവമായി ജീവിച്ചിരുന്നത് അയാളും ഞാനും ഇപ്പോള്‍ ചാരമായിക്കഴിഞ്ഞു. അതിനാല്‍ ഞാന്‍ ശുദ്ധബോധത്തില്‍ നിലകൊള്ളുന്നു. അതില്‍ കര്‍മ്മമില്ല. കര്‍മ്മിയില്ല. കര്‍മ്മവസ്തുക്കളുമില്ല.

നിലനില്‍ക്കുന്ന വസ്തുവിനെ ബോധത്തിന്റെ വിക്ഷേപം എന്നും പറയുക വയ്യ. അത് ശുദ്ധമായ ബോധം തന്നെയാകുന്നു. അതിനെങ്ങിനെയാണ് വെറും വിക്ഷേപം മാത്രമാവാന്‍ കഴിയുക? ആരാണീ കാഴ്ച്ചയെ അവബോധിക്കുന്നത്? അങ്ങിനെ ഞാനീ ലോകത്തില്‍, ആകുലതകള്‍ ഒന്നുമില്ലാതെ ആരുടെയും സഹായമില്ലാതെ, ഉപാധിരഹിതനായി, സര്‍വ്വസ്വതന്ത്രനായി തുടരുന്നു. ഉചിതസമയങ്ങളില്‍ സമുചിതമായി ഞാന്‍ വര്‍ത്തിക്കുന്നു, എന്നാല്‍ ഞാന്‍ ഒന്നുമേ ചെയ്യുന്നില്ല.

എന്തൊക്കെ സംഭവിക്കേണമോ അതങ്ങിനെ സംഭവിക്കുന്നു. ആകാശം, ഭൂമി, വായു മുതലായവഎല്ലാം വാസ്തവത്തില്‍ ഒരേയോരാത്മാവാണ്. എല്ലാ ഘടകങ്ങളും ബോധത്തിന്റെ അവയവങ്ങളാണ്. ഞാന്‍ ശാസ്ത്രപ്രോക്തങ്ങളായ യമനിയമാദികളില്‍ നിന്നും സ്വതന്ത്രനാകുന്നു. ബാഹ്യമോ ആന്തരീകമോ എന്ന തരംതിരിവുപോലുംഎനിക്കില്ല. ഞാനിങ്ങിനെ ജീവിക്കവേ അങ്ങ് ആകസ്മികമായി എന്നെ കാണാന്‍ വന്നു. ഞാന്‍ സ്വപ്നങ്ങളെപ്പറ്റിയും, നമ്മെപ്പറ്റിയും, ‘സൃഷ്ടി’യെപ്പറ്റിയും പറയുകയുണ്ടായി. അങ്ങ് ഇതെല്ലാമറിഞ്ഞു പ്രശാന്തനായി ഇരിക്കൂ. അങ്ങ് നിര്‍വ്വാണപദം പൂകിയേക്കാം. യാതൊന്നും സംഭവിച്ചില്ലെന്നും വരാം.

വ്യാധന്‍ പറഞ്ഞു: അങ്ങിനെയെങ്കില്‍ നാമെല്ലാം അയാതാര്‍ത്ഥ്യം തന്നെയായിത്തീരും!


മുനി തുടര്‍ന്നു: സത്യമാണ്! ഈ ജീവികളെല്ലാം ആപേക്ഷികമായി മാത്രം സത്യമാണ്. ഓരോരുത്തര്‍ക്കും പരസ്പരമുണ്ടാകുന്ന പ്രതീതിയാലാണ് അവര്‍ പരസ്പരം സാമീപ്യമനുഭവിക്കുന്നത്. അങ്ങ് ഇതൊക്കെ കേട്ടാലും സത്യത്തില്‍ ഇനിയും അഭിരമിക്കുകയില്ല. നിസ്തന്ദ്രമായ അഭ്യാസം കൊണ്ട് മാത്രമേ ഈ സത്യം പൂര്‍ണ്ണമായും സുദൃഢമാവൂ.  

No comments:

Post a Comment

Note: Only a member of this blog may post a comment.