Oct 12, 2014

623 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 623

യഥാ സ്വപ്നേഷു ദൃഷ്ടാനാം ന പ്രാക്കര്‍മ്മ നൃണാം ഭവേത്
ആദിസര്‍ഗ്ഗേഷു ജീവാനാം തഥാ ചിന്മാത്രരൂപിണാം. (6.2/142/40)
വ്യാധന്‍ ചോദിച്ചു: ഭഗവാനേ, ആരൊക്കെയാണ് പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലഭോക്താക്കള്‍? ആര്‍ക്കൊക്കെയാണ് അതില്‍ നിന്നും വിടുതല്‍ കിട്ടുക?
മുനി പറഞ്ഞു: സൃഷ്ടിയുടെ ആദ്യനിമിഷത്തില്‍ ഉണ്ടായവര്‍ക്ക്- ബ്രഹ്മാവ്‌ മുതലായവര്‍ക്ക് ജനനമോ അതിനാല്‍ത്തന്നെ കര്‍മ്മഫലങ്ങളോ ഇല്ല. അവരില്‍ ദ്വന്ദതയെന്ന ആശയം പോലുമില്ല. അതിനാല്‍ത്തന്നെ സംസാരമില്ല, ധാരണകളില്ല. അവരുടേത് ശുദ്ധബോധം മാത്രമാണ്. തീര്‍ച്ചയായും സൃഷ്ടിസര്‍ഗ്ഗത്തിന്റെ ആരംഭത്തില്‍ ആര്‍ക്കും കര്‍മ്മങ്ങളുടെ കെട്ടുപാടുകള്‍ ഉണ്ടായിരുന്നില്ല. കാരണം അതിനുമുന്‍പ്‌ അനന്തമായ ബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരബ്രഹ്മം മാത്രമായിരുന്നു അപ്പോള്‍. 
സൃഷ്ടി കര്‍ത്താവായ ബ്രഹ്മാവും മറ്റും ഉരുവായതുപോലെ മറ്റനേകം ജീവാത്മാക്കളും അപ്പോള്‍ സംജാതമായി. എന്നാല്‍ അവരില്‍ ചിലര്‍ അവിദ്യമൂലം സ്വയം ബ്രഹ്മേതരരായി കണക്കാക്കിയതോടെ ദ്വന്ദതയുണ്ടായി. അവരുടെ കാര്യത്തില്‍ ജനനനവും കര്‍മ്മവും സ്വയംകൃതമാണ്. കാരണം ഈ ജീവികള്‍ അസത്തിനെയാണ് സ്വത്വമായി കരുതിയത്.

എന്നാല്‍ ബ്രഹ്മത്തില്‍ നിന്നും വിഭിന്നമായ ധാരണകള്‍ ഒന്നുമില്ലാത്ത ബ്രഹ്മാ-വിഷ്ണു-ശിവാദികള്‍ക്ക് കര്‍മ്മപാശത്തിന്റെ ബന്ധനമില്ല.

അനന്താവബോധം തികച്ചും ശുദ്ധം. ബ്രഹ്മം സ്വയം വിരാജിക്കുന്നു. ജീവനെന്ന ധാരണ ഉയരുന്നതോടെ അജ്ഞാനം ഉണ്ടാവുന്നു. എന്നാല്‍ ഈ അജ്ഞാനവും അതേ ബോധത്തിന്റെ സന്തതിയത്രേ. ഈ സ്വയാവബോധം തന്നെയാണ് ജീവനില്‍ താനെന്നും നിത്യ-ശുദ്ധ-ബുദ്ധ-സ്വരൂപമാണെന്ന തിരിച്ചറിവ് നിറയ്ക്കുന്നതും. 

ജലധികളില്‍ അലകളായും ചുഴികളായും നിമിഷനേരത്തേയ്ക്ക് വിരാജിക്കുന്നതും ജലം തന്നെയാണല്ലോ. ബ്രഹ്മം തന്നെയാണ് സൃഷ്ടിജാലങ്ങളായി പ്രകടമാവുന്നത്. സൃഷ്ടിയെന്നത് പ്രത്യക്ഷമായ, പ്രകടമായ ബ്രഹ്മമാണ്. അത് സ്വപ്നമോ ജാഗ്രദോ അല്ല. കാര്യങ്ങള്‍ അങ്ങിനെയിരിക്കുമ്പോള്‍ കര്‍മ്മം ആരെ എങ്ങിനെയെല്ലാം ബാധിക്കുന്നു? കര്‍മ്മങ്ങള്‍ എത്ര തരമുണ്ട്?

വാസ്തവത്തില്‍ കര്‍മ്മം എന്ന് പറയുന്നതും സത്തല്ല. ഉള്ളതല്ല. അവിദ്യയും സത്തല്ല.സൃഷ്ടിയും മിഥ്യയാണ്. ഈ ധാരണകള്‍ എല്ലാം ഉണ്ടാവുന്നത് ഒരുവന്റെ അനുഭവത്തിന്റെ രൂപത്തിലാണ്. ബ്രഹ്മം മാത്രമാണ് സൃഷ്ടിയായും വ്യക്തിഗതജീവനായും, കര്‍മ്മങ്ങളായും ജനനാദിധാരണകളായും തോന്നുന്നത്. ഭഗവാന്‍ ഈ അനുഭവങ്ങളെ സ്വാംശീകരിക്കുന്നതിനാല്‍ അവയ്ക്കെല്ലാം യഥാര്‍ഥ്യ പ്രതീതിയുണ്ടാവുകയാണ്.

സൃഷ്ട്യാരംഭത്തില്‍ ജീവന് യാതൊരു കര്‍മ്മപാശങ്ങളുമില്ല. പിന്നീട് അത് സ്വാംശീകരിക്കുന്ന ധാരണകളനുസരിച്ച് അത് കര്‍മ്മവശഗതമാവുന്നു. എന്താണീ ദേഹം? എന്താണൊരു ചുഴിയുടെ വ്യക്തിത്വം? എന്താണതിന്റെ കര്‍മ്മബന്ധങ്ങള്‍? തീര്‍ച്ചയായും അത് ജലമാണ്. അതുപോലെ എല്ലാമെല്ലാം ബ്രഹ്മം മാത്രമാണ്.

“സ്വപ്നത്തില്‍ കാണുന്ന ആളുകള്‍ക്ക് പൂര്‍വ്വ കര്‍മ്മങ്ങള്‍ ഒന്നുമില്ല. അതുപോലെ സര്‍ഗ്ഗാരംഭത്തില്‍ ഉല്‍പ്പന്നമായ ജീവനുകള്‍ക്ക് കര്‍മ്മങ്ങള്‍ ഇല്ല.അവര്‍ ശുദ്ധബോധം മാത്രമാകുന്നു.”

ലോകമെന്ന കാഴ്ചയെ സത്യമെന്ന് കരുതി അതിലുറച്ചുനില്‍ക്കുമ്പോള്‍ മാത്രമേ കര്‍മ്മങ്ങള്‍ ഉയരുകയുള്ളൂ. അങ്ങിനെ ജീവന്‍ കർമ്മചക്രത്തില്‍ കറങ്ങി ഇവിടെ അലയുന്നു.

എന്നാല്‍ ഈ സൃഷ്ടിയെന്ന് പറയുന്ന കാര്യം തന്നെ സത്യമല്ല എന്നറിഞിട്ട്  ബ്രഹ്മം മാത്രമേ സത്തായിട്ടുള്ളു എന്ന് ഉറപ്പിച്ചാല്‍പ്പിന്നെ കര്‍മ്മം എവിടെ? ആര്‍ക്കാണീ കര്‍മ്മം ബാധകമാവുക? ആരുടേതാണ് കര്‍മ്മം?

അജ്ഞാനത്തില്‍ മാത്രമേ കര്‍മ്മമുള്ളു. ശരിയായ അറിവുദിക്കുന്ന നിമിഷം കര്‍മ്മപാശമില്ലാതെയാവുന്നു. 

No comments:

Post a Comment

Note: Only a member of this blog may post a comment.