സര്‍ഗദാവഥ ദേഹാന്തേ ഭാതം യാദ്വേദനം യഥാ
തത്തഥാ മോക്ഷമേവാസ്തേ തദിദം സര്‍ഗ്ഗ ഉച്യതേ (6.2/143/17)
മുനി തുടര്‍ന്നു: ധര്‍മ്മ-കര്‍മ്മ ജ്ഞാനങ്ങളാകുന്ന
താമരപ്പൂക്കളെ വിടര്‍ത്തുന്ന സൂര്യനാണ് ആത്മജ്ഞാനിയായ പണ്ഡിതന്‍. ആത്മജ്ഞാനവിവേകിയായ
ഋഷിവര്യനുമായി താരതമ്യം ചെയ്‌താല്‍ ദേവരാജന്റെ സ്ഥാനം പോലും വെറും പുല്‍ത്തുരുമ്പുപോലെ
നിസ്സാരം.
ആത്മജ്ഞാനോദയത്തില്‍ ലോകമെന്ന ഭ്രമാത്മക സങ്കല്‍പ്പം
ഇല്ലാതാവുന്നു. ബ്രഹ്മം മാത്രമാണുണ്മ എന്ന സത്യം സാക്ഷാത്ക്കരിക്കപ്പെടുന്നു.
വെളിച്ചം ഇരുട്ടിനെയകറ്റുമ്പോള്‍ അതുവരെ പമ്പാണെന്നു കരുതിയിരുന്ന പൂമാല,
പൂമാലയായിത്തന്നെ പ്രഭാസിക്കുന്നു.
സ്വപ്നത്തില്‍ നാം
കാണുന്നയാളുകള്‍ക്ക് മാതാപിതാക്കളില്ല; അതുപോലെ ഈ ലോകത്തിനു നിയതമായ
കാരണമൊന്നുമില്ല. സ്വപ്നത്തിലെ ആളുകള്‍ക്ക് ഈ സ്വപ്നജന്മത്തിനു ഹേതുവായി പൂര്‍വ്വജന്മകര്‍മ്മങ്ങള്‍
ഒന്നുമില്ലല്ലോ. ആപേക്ഷികമായി സത്യമെന്ന് തോന്നുന്ന ഈ ലോകത്തിലെ ജനങ്ങള്‍ക്കും
അവരുടെ ഈ സ്വപ്നസമാന ലോകത്തിനും കാരണമൊന്നുമില്ല.
ജീവന്‍ ഈ ലോകത്തില്‍ സ്വപ്നത്തെ
എങ്ങിനെ കണ്ടും അനുഭവിച്ചും കഴിയുന്നുവോ അത് അവയെ സത്യമെന്ന് നിനയ്ക്കുകയാണ്.
സ്വന്തം വാസനയനുസരിച്ച് പൂര്‍വ്വാസ്തിത്വങ്ങളും കര്‍മ്മങ്ങളും ജീവന്‍ സങ്കല്‍പ്പിച്ചുണ്ടാക്കുകയാണ്.
സൃഷ്ടിയുടെ ആദി മുതല്‍ ദേഹത്തിന്റെ നില്നില്‍പ്പവസാനിക്കുന്നതുവരെ ജീവന്‍ ഈ
സ്വപ്നാനുഭവങ്ങളെ സ്വംശീകരിക്കുകയാണ്. എന്തെല്ലാം ജീവന് അനുഭവവേദ്യമാകുന്നുവോ
അവയെല്ലാം ഒരേസമയം സത്തും അസത്തുമാവുന്നു. സ്വപ്നത്തില്‍ നമ്മില്‍ നിന്നു വേറിട്ട
വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാവുന്നതായി തോന്നിയാലും അത് സത്യമല്ല എന്ന്
നമുക്കറിയാം.
അതുപോലെ ജാഗ്രദ് അവസ്ഥയിലും
‘ഇതര വസ്തുക്കളെ’ യാഥാര്‍ത്ഥ്യമെന്നപോലെ നാം കാണുന്നു. ജാഗ്രദ്, സ്വപ്നം എന്നീ
അവസ്ഥകള്‍ ബോധസഞ്ചാരത്തെ സൂചിപ്പിക്കുന്ന കേവലം രണ്ടു വാക്കുകള്‍ മാത്രമാകുന്നു.
എന്നാല്‍ അവ നമ്മില്‍ അവബോധമങ്കുരിപ്പിക്കാന്‍ സഹായകമാണ്.
“സര്‍ഗ്ഗാദിയിലും
ദേഹാന്തത്തിലും ഉദ്ഭൂതമാകുന്ന അവബോധം അല്ലെങ്കില്‍ അനുഭവം
മോക്ഷപ്രാപ്തിയാകുന്നതുവരെ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിനെയാണ് സൃഷ്ടിയെന്ന വാക്കുകൊണ്ട്
വിവക്ഷിക്കുന്നത്.”
കാറ്റും
അതിന്റെ ചലനവും തമ്മില്‍ അന്തരമേതുമില്ലാത്തതുപോലെ ജാഗ്രദ്-സ്വപ്ന സമയങ്ങളില്‍
കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ബോധത്തിനോ അവബോധത്തിനോ യാതൊരു വ്യത്യാസവുമില്ല.
ബ്രഹ്മം തന്നെയാണ് വസ്തുക്കളുടെ രൂപമാര്‍ജ്ജിച്ചുയരുന്നതായി കാണപ്പെടുകയും
നിലനിന്നു നശിക്കുകയും ചെയ്യുന്നത്. ശുദ്ധമായ ബോധമാണ് എല്ലാറ്റിനെയും
അനുഭവിക്കുന്നത്. എന്നാല്‍ ഈ ശുദ്ധബോധത്തില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവുന്നില്ല.
അത് നിതാന്തശാന്തവും നിര്‍മ്മലവുമാണല്ലോ.
ആ ബോധപുരുഷന്‍ (അനന്താവബോധം) സ്വയം തിരിച്ചറിയുമ്പോള്‍
അത് കാര്യവും കാരണവുമാണ്. അനന്തബോധത്തിന്റെ ഹൃദയമാണ് സര്‍ഗ്ഗം. ജീവന്റെ ഹൃദയമാണ്
സ്വപ്നം. കാര്യവും കാരണവുമാണത്. സൃഷ്ടി, അതെങ്ങിനെ തുടങ്ങിയോ അതിന്റെ
കാലദേശാനുഗതമായ പരിണാമം അണുവിടതെറ്റാതെ മുന്നേറുകയാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.