Oct 28, 2014

634 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 634

കര്‍മകല്പനയാ സംവിത്സ്വകര്‍മഫല ഭാഗിനീ
കര്‍മകല്പനയോന്മുക്താ ന കര്‍മഫലഭാഗിനീ  (6.2/149/23)
മുനി തുടര്‍ന്നു: ഞാന്‍ മറ്റേയാളുടെ ഹൃദയത്തില്‍ ഇരുന്നപ്പോള്‍ എന്റെ ബന്ധുമിത്രാദികളെ കണ്ടു എന്ന് പറഞ്ഞല്ലോ. ഒരു നിമിഷം ഞാനവയെല്ലാം എന്റെ സങ്കല്‍പ്പ സൃഷ്ടികളാണെന്നുള്ള കാര്യം ഞാന്‍ മറന്നു. ആ ചിന്തകളുമായി ഞാന്‍ പതിനാറുകൊല്ലം കഴിഞ്ഞു.

അങ്ങിനെയിരിക്കെ ഒരു ദിനം മഹാനായ ഒരു മുനി ഞങ്ങളുടെ ഭവനത്തില്‍ വന്നു. ശ്രദ്ധാഭക്തിപുരസ്സരം ഞാന്‍ അദ്ദേഹത്തെ ഉപചരിച്ചു. ഞാന്‍ അദ്ദേഹത്തോട് ഇങ്ങിനെ ചോദിച്ചു: ഈ ലോകത്ത് ജനങ്ങള്‍, തങ്ങള്‍ ചെയ്ത സദ്‌കര്‍മ്മങ്ങളുടെയും ദുഷ്കര്‍മ്മങ്ങളുടെയും ഫലം തദനുസൃതമായി അനുഭവിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. എല്ലാവരുടെ കാര്യത്തിലും ഇത് ശരിയാകുമോ?

മുനി ഈ ചോദ്യം കേട്ട് ആദ്യം ആശ്ചര്യപ്പെട്ടു. എന്നിട്ടെന്നോട് ചോദിച്ചു: ആട്ടെ, നിന്നിലുള്ള എന്താണ് നല്ലതിനെയും ചീത്തയും വേര്‍തിരിച്ചു കാണുന്നത്? ആരാണ് നീ? എവിടെയാണ് നീ? ഞാന്‍ ആരാണ്? എന്താണീ ലോകം? ഇതെല്ലാം വെറുമൊരു സ്വപ്നം.

ഞാന്‍ നിന്റെ സ്വപ്നത്തിലെ ഒരു വസ്തുവാണ്. നീ എന്റെ സ്വപ്നത്തിലേയും. വാസ്തവത്തില്‍ യാതൊരു വസ്തുവിനും നിയതമായ രൂപമില്ല. എന്നാല്‍ ബോധം ഒരു വസ്തുവിന് രൂപമുണ്ടെന്ന് സങ്കല്‍പ്പിക്കുമ്പോള്‍ ആ രൂപമാര്‍ജ്ജിക്കുന്നു. ‘എല്ലാറ്റിനും ഒരു കാരണമുണ്ട്’ എന്ന ചിന്ത ‘കാര്യ-കാരണ’ ബന്ധുത്വത്തെ ഉണ്ടാക്കുന്നു. എന്നാല്‍ ‘കാരണമൊന്നും ഇല്ല’ എന്ന ധാരണ ഉള്ളപ്പോള്‍ ഹേതുകത്വം ഇല്ല. 

നാമെല്ലാം സങ്കല്‍പ്പിക്കുന്ന സമഷ്ടി നിറഞ്ഞു വിളങ്ങുന്ന വിശ്വപുരുഷന്റെ ഹൃദയത്തിനുള്ളില്‍ നാമെല്ലാമിരിക്കുന്നു. മറ്റുല്ലാവര്‍ക്കും  സമഷ്ടിഎന്നത് അപ്രകാരമാണ്. ഈ വിശ്വസത്വമാണ് എല്ലാ സുഖദുഖാനുഭവങ്ങളുടെയും വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളുടെയും ‘കാരണം’. ഈ സമഷ്ടിസത്വത്തിന്റെ ഓജസ്സില്‍ കാലുഷ്യമുണ്ടാവുമ്പോള്‍ അതിന്റെ ഹൃദയത്തില്‍ നിവസിക്കുന്ന നമുക്കെല്ലാവര്‍ക്കും അതിന്റെ ഫലം അനുഭവവേദ്യമാവുന്നു.
 
നാം പ്രകൃതിദുരന്തങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ ഹൃദയത്തില്‍ സമഭാവനയുദിക്കുന്നതോടെ അതിന്റെ ഫലമപ്രത്യക്ഷമാവുന്നു. ചിലയാളുകള്‍ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍  അതിന്റെ തിക്തഫലം അസന്തുഷ്ടിയായി എല്ലാവരിലും നിപതിക്കുന്നതും ആക്സ്മികമത്രേ.

“ഒരുവന്‍ തന്റെയുള്ളില്‍ ‘ഞാന്‍ ഇത് ചെയ്തു’ എന്ന ഭാവനയോടെ സദ്‌കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവ അയാളെ സമ്മാനിതനാക്കിയേക്കാം. എന്നാല്‍ ബോധം ആശയങ്ങളില്‍ നിന്നും സ്വതന്ത്രമായാല്‍ അത്തരം കര്‍മ്മങ്ങളെ ഫലങ്ങള്‍ പിന്തുടരണമെന്നില്ല.” 
 
ഉചിതമായ കാരണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തെല്ലാം ആശയങ്ങള്‍ ഉദിക്കുന്നുവോ എന്തെന്തു തരത്തില്‍, എന്തെന്തു തോതില്‍ അവ ഉല്‍പ്പന്നമാവുന്നുവോ അവ അപ്രകാരം നടക്കുന്നു. സ്വപ്നത്തിലെന്നപോലെ ഒരു കര്‍മ്മത്തിന്റെ ഫലം നിയന്ത്രിക്കുന്നത് അതിന്റെ കാരണമല്ല. ചിലപ്പോള്‍ സ്വപ്നാനുഭാവത്തിനു കാരണം ഉണ്ടാവാം. മറ്റുചിലപ്പോള്‍ അവയ്ക്ക് യാതൊരു കാരണവും ഇല്ലെന്നും വരാം. ഇവയെല്ലാം തികച്ചും ആകസ്മികം എന്നേ പറയാവൂ.
ജാഗ്രദിലെ അനുഭവങ്ങള്‍ക്ക് നിയതമായ കാരണങ്ങള്‍ ഉണ്ടെന്നാണ് കാണുന്നത്. എന്നാല്‍ ആ ആശയംപോലും ഒരു സ്വപ്നമാകുന്നു. കാരണം ഇതെല്ലാം അനന്തബോധത്തിനെ പ്രകടനം മാത്രമാണല്ലോ?

എന്താണ് അവിദ്യയുടെ പ്രഥമഹേതു? വിരിഞ്ചനായ ബ്രഹ്മാവിന്റെ  ജനനത്തിന് ഹേതുവെന്താണ്? വായു, അഗ്നി, ജലം, ആകാശം എന്നിവയുടെയെല്ലാം ആദി കാരണം എന്താണ്? എന്തുകൊണ്ടാണ് ജനങ്ങള്‍ ജനിച്ചു മരിച്ച് സൂക്ഷ്മശരീരത്തെ സ്വീകരിക്കുന്നത്? അവയ്ക്കൊന്നും കാരണങ്ങളില്ല. ഇവയെല്ലാം തുടക്കം മുതലേ ഇങ്ങിനെതന്നെ സംഭവിച്ചുവന്നു. കാലക്രമത്തില്‍ ഈ സംഭവപരമ്പരയ്ക്ക് യഥാര്‍ത്ഥ്യഭാവം കൈവന്നു. ബോധത്തില്‍ ആദ്യമായി എന്തെന്തു ധാരണകള്‍ ഉല്‍പ്പന്നമായോ അവയെല്ലാം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇവിടെ, ഇപ്പോള്‍ ചെയ്യുന്ന പുതുപ്രവര്‍ത്തങ്ങളാല്‍ ബോധത്തിന് ഇതിനെല്ലാം മാറ്റമുണ്ടാക്കാം. 

No comments:

Post a Comment

Note: Only a member of this blog may post a comment.