യസ്തു
ചിന്മാത്രഗഗനം സര്‍വമിത്യേവ ബോധവാന്‍
ദ്വേത്തേന
ബോദ്ധ്യതേ നേഹ സോഽഅംഗതിഷ്ടതി കേവല:
(6.2/147/21)
മുനി തുടര്‍ന്നു: ഞാനാ ദീര്‍ഘനിദ്രയില്‍ നിന്നും
പുറത്തുവന്നപ്പോള്‍ ഈ ലോകം എന്റെ സ്വപ്നത്തില്‍ ഒരു സമുദ്രത്തില്‍ നിന്നെന്നവണ്ണം
ഉല്‍പ്പന്നമായി. അത് ശിലയില്‍ നിന്നും ശില്‍പമെന്നപോലെയും, മരത്തില്‍ നിന്നും
പൂക്കളെന്നപോലെയും, കടലില്‍ നിന്നും തിരമാലകളെന്നപോലെയും മനസ്സില്‍ ഉയര്‍ന്നുപൊങ്ങുന്ന
ഓര്‍മ്മകളെപ്പോലെയും ആയിരുന്നു. അത് ആകാശത്തുനിന്നും ഉതിര്‍ന്നുവീണതുപോലെയും,
ഭൂമിയില്‍ നിന്നും പൊട്ടി മുളച്ചതുപോലെയും, ഹൃദയത്തില്‍ ഉയര്‍ന്നുണര്‍ന്നതുപോലെയും,
ധാന്യമണികള്‍ പാടങ്ങളില്‍ വിളഞ്ഞു വിളങ്ങുന്നതുപോലെയും, ഒരു കൊവിലിനുള്ളില്‍
നിന്നും പുറത്തുവന്നതുപോലെയും, മൂടുപടമഴിച്ച ദൃശ്യമെന്നതുപോലെയും ആയിരുന്നു.
എവിടെനിന്നാണീ ലോകം
ഉദ്ഭൂതമായത്? ആര്‍ക്കുമതറിയാന്‍ വയ്യ. അനന്താവബോധമെന്ന പടുകൂറ്റന്‍ ശിലയില്‍
നിന്നും മെനഞ്ഞെടുത്ത ശില്‍പ്പമാണത്. ശുദ്ധാകാശം അല്ലെങ്കില്‍ ശൂന്യതയാകുന്ന
ചുവരുകളാല്‍ നിര്‍മ്മിക്കപ്പെട്ട സങ്കല്‍പ്പനഗരമാണത്. അജ്ഞാനമെന്ന മായാവിയുടെ
ചെപ്പടിവിദ്യ. നോക്കുമ്പോള്‍ യഥാര്‍ത്ഥ്യമെന്ന പ്രതീതിയുണ്ടാക്കുമെങ്കിലും അത്
കാലദേശാനുബദ്ധമല്ല. വൈവിദ്ധ്യതയാര്‍ന്നതെന്നു തോന്നുമെങ്കിലും അത് അദ്വൈതവും,
വൈവിദ്ധ്യവും ശൂന്യവും എല്ലാമാണ്; അതേസമയം ഒന്നുമേ അല്ലതാനും.
വായുവില്‍പ്പണിത
കൊട്ടാരമെന്നതുപോലെ, ജാഗ്രദ് അവസ്ഥയില്‍ അത് അനുഭവവേദ്യമാകുന്നു. ഒരിക്കലും
സൃഷ്ടിക്കപ്പെടിട്ടില്ലയെങ്കിലും സൃഷ്ടമായതുപോലെയത് നിലകൊള്ളുന്നു. അത്
ശുദ്ധബോധമാകുന്നു.
അതിൽ കാലം, ദേശം, വസ്തു, കര്‍മ്മം,
സൃഷ്ടി, സംഹാരം തുടങ്ങിയ പ്രാഭവങ്ങളെല്ലാമുണ്ട്. അതില്‍ ദേവന്മാരും അസുരന്മാരും
മനുഷ്യരും വൈദ്ധ്യമാര്‍ന്ന ജീവസഞ്ചയങ്ങളുമുണ്ട്. അരുവികളും പര്‍വ്വതങ്ങളും
കാടുകളും ആകാശവും താരങ്ങളും അതിലാണ്. ഞാനീ ‘ദൃഷ്ടിതലത്തെ’ കാണുകയുണ്ടായി. അതേ സമയം പണ്ട് താമസിച്ചിരുന്ന വീടും
ബന്ധുമിത്രാദികളേയുമെല്ലാം
പണ്ടത്തേതുപോലെതന്നെ ഞാനവിടെ കണ്ടു. ഇവയെല്ലാം എന്റെ ദൃഷ്ടി പഥത്തില്‍
കൊണ്ടുവന്നത് എന്നില്‍ ലീനമായിരുന്ന വാസനകളാണ്.
എന്നിലെ വാസനകളുടെ പ്രേരണയാൽ ഈ കാഴ്ചകള്‍ ഒന്നും സത്യമല്ലെന്ന കാര്യം മറന്നുകൊണ്ട് ഞാനെന്റെ ബന്ധുമിത്രാദികളെ
ആശ്ലേഷിക്കാനും അവരുടെ കുശലമന്വേഷിക്കാനും തുടങ്ങി. ഒരു കണ്ണാടി അതിന്റെ
മുന്നിലുള്ള വസ്തുവിനെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നതുപോലെ ബോധത്തില്‍ എന്തെല്ലാം
സമര്‍പ്പിക്കപ്പെടുന്നുവോ, അവയെയെല്ലാം അവയുടെ നാമരൂപങ്ങളായി അത്
പ്രകാശിപ്പിക്കുന്നു.
എന്നാല്‍ എല്ലാം ശുദ്ധമായ ബോധം
മാത്രമാണെന്ന സാക്ഷാത്ക്കാരത്തില്‍ എത്തിയവന്‍ ഇപ്രകാരമുള്ള ആപേക്ഷികസത്യത്തില്‍പ്പെട്ടുവശാവുകയില്ല.
അയാള്‍ നിത്യസ്വതന്ത്രനാണ്, ഏകാകിയാണ്. അയാളെ യാതൊന്നും ബാധിക്കുന്നില്ല.
ഒരിക്കലും ഈ എകാത്മകതയെന്ന
അറിവ് നഷ്ടമാകാത്തവനെ നാനാത്വം, അല്ലെങ്കില്‍ വിച്ഛിന്നത എന്ന പിശാചിനു
സ്വാധീനിക്കാനാവില്ല. സത്സംഗത്തിലേര്‍പ്പെട്ട് ഈ ശാസ്ത്രം പഠിച്ച്, അറിവുറച്ചവനില്‍
അത് ഇനിയൊരിക്കലും നഷ്ടമാവുകയില്ല.
എന്നാല്‍
ആ കാലത്ത് എന്റെ അറിവിനിത്ര ദൃഢതയോ പാകതയോ ഉണ്ടായിരുന്നില്ല. ബന്ധുത്വം മുതലായ
ആശയങ്ങള്‍ അപ്പോഴും എന്നില്‍ നിന്നും വിട്ടകന്നിരുന്നില്ല. എന്നാലിപ്പോള്‍ എന്റെ
അറിവിനെയിളക്കാനോ എന്നിലെ സാക്ഷാത്കാരനിറവില്‍ നിഴല്‍ വീഴ്ത്താനോ
യാതൊന്നിനുമാവില്ല.
അല്ലയോ
വേടാ, നിന്റെ മനസ്സും ഇപ്പോള്‍ ഉറച്ചിട്ടില്ല. നിനക്ക് മഹത്തുക്കളുമായുള്ള സത്സംഗം
ഉണ്ടായിട്ടില്ലല്ലോ.
വ്യാധന്‍
പറഞ്ഞു: ശരിയാണ് മഹര്‍ഷേ. അങ്ങ് പറയുന്നതുപോലെ നടക്കട്ടെ. അങ്ങയിൽ നിന്നും അജ്ഞാനാന്ധകാരത്തെ നീക്കാനുതകുന്ന പ്രഭാപൂരിതമായ വചനങ്ങള്‍ ശ്രവിച്ചിട്ടും എന്നില്‍
സംശയം ബാക്കിയാണ്. ‘ഇതെല്ലാം സത്യം തന്നെയോ?’ എന്ന ചോദ്യമെന്നില്‍ ഇപ്പോഴും
തുടിക്കുന്നുണ്ട്. എത്ര കഷ്ടമെന്നു നോക്കൂ. ഈ അജ്ഞാനംപോലും സുവിദിതമാകുമ്പോള്‍
അതിനെ ഉന്മൂലനം ചെയ്യുകയെന്നതു ശ്രമകരം തന്നെ.
No comments:
Post a Comment
Note: Only a member of this blog may post a comment.