Oct 28, 2014

640 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 640

യേന യേന യഥാത്മീയാ പ്രാര്‍ത്ഥ്യതേ സ്വയമേവ സാ
പ്രയഛതി തഥൈവാശു തസ്മാച്ചിദനുഭൂയതേ (6.2/156/26)
വ്യാധന്‍ ചോദിച്ചു: അത് കഴിഞ്ഞ് എനിക്കെന്താണ് സംഭവിക്കുക?
മുനി പറഞ്ഞു: അങ്ങയുടെ ജീവന്‍ ലോകത്തെ മുഴുവനും ഒരു സ്വപ്നദൃശ്യമെന്നതുപോലെ കാണും. എന്നിട്ട് അതിന്റെ രാജാവായി സ്വയം കരുതും. ‘സിന്ധു എന്ന പേരില്‍ സര്‍വ്വാദരണീയനായ ഒരു രാജാവാണ് ഞാന്‍ എന്നപ്പോള്‍ ചിന്തിക്കും. ‘എന്റെ പിതാവ് വാനപ്രസ്ഥനായപ്പോള്‍ എട്ടു വയസ്സില്‍ ഞാന്‍ രാജാവായതാണ്. എന്റെ രാജ്യാതിര്‍ത്തിക്കപ്പുറം വിധുരഥനെന്നപേരില്‍ അതിശക്തനായ ഒരു രാജാവുണ്ട്. അദ്ദേഹത്തെ വെല്ലാന്‍ സാദ്ധ്യമല്ല. ഇക്കാലമത്രയും, നൂറുകൊല്ലത്തിലേറെ ഞാനീ രാജ്യം ഭരിച്ചു. രാജാധികാരത്തിന്റെ സൌഭാഗ്യങ്ങള്‍ അനുഭവിക്കുകയും ചെയ്തു. ഇപ്പോളിതാ വിധുരഥന്റെ സൈന്യം എന്റെ രാജ്യത്തെ ആക്രമിക്കുകയാണ്!’
ഇങ്ങിനെ ചിന്തിക്കയാല്‍ ആ രാജാവും അങ്ങും തമ്മില്‍ കൊടിയ യുദ്ധം നടക്കും. എന്നാല്‍ നീ വിധുരഥനെ വധിക്കും. അങ്ങിനെ നീ ലോകത്തിന്റെയെല്ലാം ചക്രവര്‍ത്തിയാകും.
മന്ത്രിമാരാല്‍ പരിസേവിക്കപ്പെട്ട നീ ഇങ്ങിനെയുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടും:
മത്രിമാർ പറയും: എത്ര അത്ഭുതകരം! അങ്ങേയ്ക്ക് വിധുരഥനെ വെല്ലാന്‍ കഴിഞ്ഞുവല്ലോ!

അതിനുത്തരമായി അങ്ങ് പറയും: ഞാന്‍ സമ്പന്നനനും ശക്തിമാനുമല്ലേ? അപ്പോള്‍പ്പിന്നെ അതില്‍ അതിശയമെന്താണുള്ളത്?

മന്ത്രി പറയും: അദ്ദേഹത്തിന്‍റെ പത്നി ലിസ തന്റെ തപശ്ചര്യയാലും ഭക്തിയാലും സരസ്വതീദേവിയെ പ്രസാദിപ്പിച്ചിരുന്നു. മാത്രമല്ല, ദേവി, രാജ്ഞിയെ തന്റെ മകളായി കണക്കാക്കി എല്ലാ അഭീഷ്ടങ്ങളും സാധിപ്പിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അങ്ങയെ നശിപ്പിക്കാന്‍ രാജ്ഞിക്ക് നിഷ്പ്രയാസം കഴിയുമായിരുന്നല്ലോ!

അപ്പോള്‍ അങ്ങ് പറയും: ശരിയാണ് അങ്ങിനെയെങ്കില്‍ എനിക്ക് വിധുരഥനെ വെല്ലാന്‍ കഴിഞ്ഞത് അത്ഭുതകരം തന്നെയാണ്. എന്തായിരിക്കും അദ്ദേഹം ദേവിയുടെ സഹായത്തോടെ എന്നെ കീഴടക്കാന്‍ തുനിയാഞ്ഞത്?

മന്ത്രി പറയും: സംസാരബന്ധനത്തില്‍ നിന്നുമുള്ള മോചനമാണ് വിധുരഥന്‍ കാംഷിച്ചിരുന്നത്. അതിനായി അദ്ദേഹം അങ്ങയുടെ കൈകൊണ്ടു മരണപ്പെടാന്‍ പ്രാര്‍ത്ഥിച്ചിരുന്നു.

അപ്പോള്‍ അങ്ങ് പറയും: അങ്ങിനെയെങ്കില്‍ ഞാനും എന്തുകൊണ്ട് സരസ്വതീദേവിയെ പൂജിച്ചു മോക്ഷത്തിനായി ശ്രമിച്ചുകൂടാ?

മന്ത്രി പറയും: എല്ലാ ഹൃദയത്തിലും വിരാജിച്ചരുളുന്ന ജ്ഞാനംതന്നെയാണ് ആ ദേവി. എല്ലാ ബുദ്ധിശക്തികളുടെയും സാരമായി, രസമായിരിക്കുന്നതിനാല്‍ ആ ദേവിയെ ‘സരസ്വതി’ എന്ന് പേരിട്ടു വിളിക്കുന്നു. “എന്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അതെല്ലാം നിവൃത്തിച്ചുതരാന്‍ എപ്പോഴും തയാറാണ് ആ ദേവി. അവള്‍ എല്ലാവരിലെയും ആത്മസത്തയാണ്. അതിനാല്‍ ഒരുവന്റെ പ്രാര്‍ത്ഥനയുടെ ഫലം അവനവന്റെയുള്ളില്‍ത്തന്നെ പൂവണിയുന്നു.”

അങ്ങ് മോക്ഷത്തിനായി ആഗ്രഹിച്ചില്ല. ആഗ്രഹിച്ചത് ശത്രുനാശം മാത്രമാണ്.

അപ്പോള്‍ ആങ്ങ്‌ ചോദിക്കും: എന്തുകൊണ്ടാണ് ഞാന്‍ മോക്ഷത്തിനായി പ്രാരത്ഥിക്കാതിരുന്നത്? എന്റെ അന്തരംഗത്തിലായിരുന്നല്ലോ ആ ദേവി കുടി പാര്‍ത്തിരുന്നത്? എന്തുകൊണ്ടാണ് ദേവി എന്നില്‍ മോക്ഷത്തിനായുള്ള ഇഛയെ പ്രചോദിപ്പിക്കാതിരുന്നത്?

മന്ത്രി പറയും: അങ്ങയുടെ ഹൃദയത്തില്‍ ശത്രുനാശത്തിനായുള്ള ആഗ്രഹത്തിന്റെ മാലിന്യം ഉണ്ടായിരുന്നതുകൊണ്ടാണ് മോക്ഷേഛ അങ്ങില്‍ ഉല്‍പ്പന്നമാവാതിരുന്നത്. അതിനാല്‍ അങ്ങ് മോക്ഷമാഗ്രഹിക്കുന്നതിനുപകരം ശത്രുനാശമാണ് ഇഛിച്ചത്.


ചിത്തത്തില്‍ എന്താണോ ഉണരുന്നത്, അതാണനുഭവമാകുന്നത്. കൊച്ചുകുട്ടിക്ക്പോലും ഇതാണനുഭവം. സ്വഹൃദയത്തില്‍ എന്തറിയുന്നുവോ അത് ആവര്‍ത്തിച്ചുള്ള അനുഭവമാകുന്നു. അപ്പോളത് സ്വഭാവമോ ആചാരമോ ആകുന്നു. പിന്നെയത് നല്ലതാണെങ്കിലും അല്ലെങ്കിലും അനുഭവമായി പ്രകടമാവുന്നു.

639 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 639

അവശ്യം ഭവിതവ്യോര്‍ത്ഥോ ന കദാചന കേനചിത്
വിദ്യാതുമന്യഥാ ശക്യസ്തന്ന ക്ഷരതി യത്നത: (6.2/155/53)

മുനി തുടര്‍ന്നു: ഭഗവാന്‍ അപ്രത്യക്ഷനായിക്കഴിഞ്ഞും നിന്റെ തപശ്ചര്യകള്‍ തുടരും. നിന്റെ ദേഹം അപ്പോഴെയ്ക്ക് വെരുമൊരസ്ഥിപഞ്ജരം മാത്രമായിത്തീര്‍ന്നിരിക്കും. എന്നാല്‍ ഭഗവാന്റെ വരപ്രസാദത്തിനാല്‍ ആ ദേഹത്തൊരപൂര്‍വ്വ കാന്തി വിളയാടുന്നതാണ്. നീയെന്നെ നമസ്കരിക്കുന്നതോടെ നിന്റെ ശരീരം ദിവ്യതയെ പ്രാപിക്കും.
അപ്പോള്‍ അത് ഗരുഡനേക്കാള്‍ വേഗതയില്‍ പറക്കാന്‍ തുടങ്ങും. അത് ക്രമാനുഗതമായി വികസ്വരമായി ആകാശവസ്തുക്കളെക്കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാവും. ഇങ്ങിനെ വികാസംപ്രാപിക്കുന്ന ദേഹത്തില്‍, സമുദ്രത്തിലെ തിരകളെന്നപോലെ എണ്ണമറ്റ വിശ്വങ്ങളെ നിനക്ക് കാണാകും. ആദിയിലെപ്പോലെ ഈ വിശ്വങ്ങള്‍ അനന്തബോധത്തില്‍ ഉണ്ടായതാണ്. എങ്കിലും ആ സമയത്ത് അവ നിന്റെ ദൃഷ്ടിപഥത്തിന്റെ പരിധിയില്‍ നിനക്ക് കാണാനാകും.

അവ അജ്ഞാനിയ്ക്ക് എത്രമാത്രം അസത്തും വൈവിദ്ധ്യവുമാണോ അപ്രകാരം ജ്ഞാനിക്കവ സത്തും അവിഭാജ്യവുമാണെന്ന് നിനക്ക് അറിയാനാകും. അങ്ങിനെ ഉയര്‍ന്നും താഴ്ന്നും, വിക്ഷേപമായും ആവരണമാര്‍ന്നും എണ്ണമറ്റ ലോകങ്ങള്‍ ഉണ്ടായിമറയുന്നത് കണ്ടു കണ്ടു നീ ഏറെക്കാലം ചിലവഴിക്കും. അപ്പോള്‍ നിന്നില്‍ അനന്തമായ ധിഷണയുടെ പ്രാഭാവഗരിമയെപ്പറ്റി അതിയായ മതിപ്പുണ്ടാകും.

താമസിയാതെ നിന്നില്‍ ദേഹബോധമുണ്ടായി നീയിങ്ങിനെ ആലോചിക്കാന്‍ തുടങ്ങും. ‘എന്താണീ ദേഹമിങ്ങിനെ സ്ഥൂലവും ഭാരിച്ചതുമായി നിലകൊള്ളുന്നത്?’ അതിന്റെ വ്യാപ്തം അളവറ്റതാണിപ്പോള്‍. കാരണം അത് ആകാശം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇനി ഞാനെന്താണ് ചെയ്യേണ്ടതെന്ന് എനിക്കൊരു നിശ്ചയവുമില്ല.

എനിക്ക് തോന്നുന്നത് അജ്ഞാനത്തിനും ഈ ലോകമെന്ന വിക്ഷേപത്തിനും അളവില്ല എന്നാണ്. ബ്രഹ്മജ്ഞാനമില്ലാതെ അതിനെ അറിയാന്‍ ആവില്ല. ഞാനീ ദേഹത്തെ ഉപേക്ഷിക്കട്ടെ. ഇതുകൊണ്ടിനി എന്താണ് പ്രയോജനം?

എന്റെയീ ദേഹം വളരെ സ്ഥൂലവും ആധാരരഹിതവുമാണ്. ഇതിന്റെ സഹായത്തോടെ എനിയ്ക്ക് മഹാപുരുഷന്മാരുമായുള്ള സത്സംഗം പോലും കിട്ടുകയില്ലല്ലോ.’ ഇങ്ങിനെ പറഞ്ഞ് നീ നിന്റെ ദേഹത്തെ ത്യജിക്കും. നിന്റെ ജീവന്‍ പ്രാണശക്തി മാത്രം കൈമുതലായിട്ട് വായുവിനേക്കാള്‍ അതിസൂക്ഷ്മദേഹമായിത്തീരും. 

ജീവനാല്‍ ഉപേക്ഷിക്കപ്പെട്ട ദേഹം ഒന്നു ചുരുങ്ങിയെങ്കിലും അത് ഭൂമിയെ തകര്‍ത്തലച്ചു വീഴും. എന്നാൽ കാളീദേവി ആ ദേഹത്തെ ആഹരിച്ച് ഭൂമിയെ പവിത്രമാക്കി നിലനിര്‍ത്തും. ഇതാണ് നിന്നെ കാത്തിരിക്കുന്ന ഭാവി.

വ്യാധന്‍ ചോദിച്ചു: ഭഗവന്‍, ഞാന്‍ അനുഭവിക്കെണ്ടുന്ന ആധികള്‍ എത്ര കഷ്ടതരം! അതുകൊണ്ട് പ്രയോജനമൊന്നും ഇല്ല താനും. എന്നാലീ വിധിയെ മാറ്റിമറിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളുണ്ടോ?

മുനി പറഞ്ഞു: “അനിവാര്യതയെ ചെറുക്കാന്‍ ആര്‍ക്കും ഒരുകാലത്തും സാധിക്കുകയില്ല. അത് മാറ്റാന്‍ എത്ര പരിശ്രമങ്ങള്‍ക്കും ആവില്ല.” വലത്തേ കയ്യ് വലത്തേതും ഇടത്തെ കയ്യ് ഇടത്തേതും തന്നെയാണ്. അതിനെയാര്‍ക്കും മാറ്റാന്‍ സാധിക്കില്ല. ഒരുവന്റെ കാലും തലയും തമ്മില്‍ മാറ്റി വയ്ക്കാനും കഴിയില്ല. എന്തൊക്കെയാണോ, അതങ്ങിനെതന്നെ നിലകൊള്ളുന്നു.


ജ്യോതിഷത്തിനു ഭാവിയെ പ്രവചിക്കുവാനേ  കഴിയൂ. അതിന് ഭാവിയെ മാറ്റിമറിക്കാന്‍, അനിവാര്യമായതിനെ തടയാന്‍ ആവില്ല. എന്നാല്‍ ആത്മജ്നാനനിഷ്ഠരായ യോഗികള്‍ ഈ ലോകത്ത് ദീര്‍ഘനിദ്രയിലെന്നപോലെയാണ് കഴിയുന്നത്. അവര്‍ പൂര്‍വ്വ കര്‍മ്മഫലങ്ങള്‍ അനുഭവിക്കുന്നു. അവരുടെ അന്തര്‍ബോധത്തെ കലുഷമാക്കാന്‍ അനുഭവങ്ങളെ അവര്‍ അനുവദിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം ദേഹം അഗ്നിയില്‍ എരിഞ്ഞാലും ഇതില്‍ മാറ്റമില്ല. അവര്‍ കര്‍മ്മത്തെ വെന്നവരത്രേ.

638 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 638

ജ്ഞാനം തദുപദിഷ്ടം തേ ജീര്‍ണ്ണദാര്‍വല്പകാഗ്നിവത്
സംസ്ഥിതം ഹൃദയേ കിന്തു ദഹ്യമാക്രമ്യ നോചിതം (6.2/155/12)
അഗ്നിദേവന്‍ പറഞ്ഞു: മുനിയുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചിരുന്ന വ്യാധന്‍  കാറ്റിലാടുന്ന ഒരു ചിത്രപടം പോലെ അവിടെ ഇരുന്നു. എന്നാല്‍ അദ്ദേഹം മുനിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ജീവിതം നയിച്ചില്ല. അദ്ദേഹത്തിന്‍റെ ഹൃദയം പൂര്‍ണ്ണമായും പരമാവസ്ഥയെ പ്രാപിച്ചിരുന്നില്ലല്ലോ. അയാള്‍ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു യന്ത്രത്തിന്റെ മുകളില്‍ തുള്ളിക്കളിക്കുന്ന എണ്ണത്തുള്ളിയെപ്പോലെ അങ്ങുമിങ്ങും നീങ്ങിക്കൊണ്ടിരുന്നു.
തന്നെയൊരു മുതല ആക്രമിക്കാന്‍ വരുന്നതുപോലെ, സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത ഒരുവനെപ്പോലെ അയാളില്‍ മുഴുവന്‍ സംശയങ്ങളായിരുന്നു. ‘ഇതാണോ നിര്‍വാണം?’ എന്നയാള്‍ എപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരുന്നു. ‘ഒരുപക്ഷേ ഇതാവില്ല നിര്‍വാണപദം, മറ്റെന്തെങ്കിലും അവസ്ഥയാകാം അത്.’

‘ലോകമെന്ന വിക്ഷേപം ഉണ്ടായത് അജ്ഞതയില്‍ ആകയാലാവാം മുനിയുടെ ഉപദേശങ്ങള്‍ എന്നില്‍ രൂഢമൂലമായിട്ടില്ല.’ ഞാനിതില്‍ നിന്ന് വിട്ടുനിന്നേ പറ്റൂ. തപശ്ചര്യകളില്‍ ഏര്‍പ്പെട്ട് ഒരു സൂക്ഷ്മദേഹം ഉണ്ടാക്കിയെടുക്കണം. എന്നിട്ട് ദൂരെ ദൂരെ, അകാശംപോലും ഇല്ലാത്ത ഇടത്തില്‍ എനിക്കെത്തണം.’

അങ്ങിനെ അയാള്‍ സ്വയം അജ്നാനിയാണെന്ന് ഉറപ്പിച്ചു. മുനിയുടെ ഉപദേശങ്ങള്‍ വ്യര്‍ത്ഥമായി. കാരണം അത് ആ വ്യാധന്റെയുള്ളില്‍ നിറവായി, അനുഭവമായി മാറിയിരുന്നില്ല. അയാള്‍ നായാട്ട് ഉപേക്ഷിച്ചു. മുനിയുമായിച്ചേര്‍ന്നദ്ദേഹം തീവ്രമായ തപസ്സു തുടങ്ങി. അനേകായിരം വര്‍ഷങ്ങള്‍ അദ്ദേഹം തപസ്സു ചെയ്തു. തീവ്രതാപസര്‍ക്കുചിതമായ ജീവിതശൈലി അദ്ദേഹവും പിന്തുടര്‍ന്നു.
ഒരുദിവസം അദ്ദേഹം മുനിയോടു ചോദിച്ചു: എങ്ങിനെയാണ് എനിക്ക് ആത്മാവില്‍ അഭിരമിക്കാന്‍ കഴിയുക?

മുനി പറഞ്ഞു: “ഞാന്‍ നിനക്കായി ഉപദേശിച്ച ജ്ഞാനം നിന്റെ ഹൃദയത്തില്‍ തുലോം ക്ഷീണപ്രായത്തിലാണുള്ളത്. പഴയൊരു മരക്കഷണത്തില്‍ ലീനമായിരിക്കുന്ന അഗ്നിയെന്നപോലെ ആ ജ്ഞാനത്തിന്റെ അഗ്നിയ്ക്ക് ജ്വലിക്കാനോ നിന്നിലെ അജ്ഞാനാന്ധകാരത്തെ ഇല്ലാതാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.”

നീ ഭഗവാനില്‍ ലയിക്കാത്തതിനുകാരണം നിന്നിലെ അറിവ് അനുഭവമാകാത്തതാണ്. ജ്ഞാനം സുദൃഢമാകാന്‍  അനുഭവം കൂടിയേ തീരൂ. അങ്ങിനെ ജ്ഞാനം സ്വായത്തമായി നിനക്കും ഭഗവാനില്‍ വിലീനനാവാന്‍ സാധിക്കുന്നതാണ്. ഞാന്‍ നിന്റെ ഭാവി കാര്യങ്ങള്‍ പറയാം ശ്രദ്ധിച്ചാലും.

നീ ആത്മജ്ഞാനത്തിന്റെ പാതയിലാണ് എന്നാല്‍ അറിവിന്റെ അടിത്തറ നിന്നിലിനിയും ഭദ്രമായിട്ടില്ല. അതിനാലാണ് നീ അങ്ങുമിങ്ങും ആടിയുലയുന്നത്. നിനക്ക് ഈ ലോകമെന്ന പ്രതീതിയില്‍ നിന്നും രക്ഷപ്പെടണമെന്നുണ്ട്. അതിനായി ലോകത്തിന്റെ അതിരുകള്‍ അറിയാനാണ് നിന്റെ ശ്രമം. അതിനാണല്ലോ നീയീ തപസ്സു ചെയ്യുന്നത്. അനേകം ലോകചക്രങ്ങള്‍ നീയീ തപം തുടരും. നിന്നില്‍ സംപ്രീതനായി ഭഗവാന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

അപ്പോള്‍ നിയീ വരമായിരിക്കും ചോദിക്കുക. ‘ഭഗവാനേ, ഈ ലോകം മുഴുവന്‍ ഉല്‍പ്പന്നമാകുന്നത് അവിദ്യയാലാണ് എന്ന്  ഞാന്‍ അറിയുന്നു. അതില്‍ എനിക്ക് ശുദ്ധവും അദ്വയവുമായ ജ്ഞാനത്തെ അനുഭവിക്കാന്‍ ആവുന്നില്ലല്ലോ. എവിടെയാണ് ഈ ലോകത്തിന്റെ അതിരുകള്‍? അതിനുമപ്പുറം എന്താണുള്ളത്? ഈയറിവെന്നിലുദിക്കാന്‍ ഞാനീ വരമാണ് ആവശ്യപ്പെടുന്നത്. – എന്റെ മരണം സ്വഛന്തമാകണം, ദേഹം രോഗവിമുക്തമായിരിക്കണം. എനിക്ക് ഗരുഡന്റെ വേഗതയുണ്ടാവണം. എന്റെ ആകാശഗമനത്തിനു വിഘ്നങ്ങള്‍ ഉണ്ടാവരുത്.
എന്റെ ദേഹം വിനാഴികയ്ക്കൊരു കാതമെന്ന മട്ടില്‍ വളരണം. അങ്ങിനെയെനിക്ക് ലോകത്തേക്കാള്‍ വലുതാകാമല്ലോ. അങ്ങിനെയെനിക്ക് സൃഷ്ടിയുടെ അതിരറ്റങ്ങള്‍ കാണാന സാധിക്കണം.


ഭഗവാൻ നിനക്കീ അഭീഷ്ടവരങ്ങള്‍ നല്‍കി അപ്രത്യക്ഷനാകും. 

637 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 637

നാഭിവാഞ്ഝാമി മരണം നാഭിവാഞ്ഝാമി ജീവിതം
യഥാ സ്ഥിതോസ്മി തിഷ്ഠാമി തഥൈവ വിഗതജ്വരം (6.2/153/11)
മുനി തുടര്‍ന്നു: നമ്മള്‍ രണ്ടാളും തുടര്‍ന്നും ഈ വനത്തില്‍ താമസിച്ചു തപശ്ചര്യകള്‍ കുറെയേറെക്കാലം കൂടി തുടരും. അവിടെ ഒരു വേടന്‍ നായാട്ടിനായി എത്തിച്ചേരും. അങ്ങ് അയാളെ കഥകള്‍ കൊണ്ടും സദുപദേശങ്ങള്‍കൊണ്ടും പ്രബുദ്ധനാക്കും.
അയാളും ലോകത്തെ സംത്യജിച്ചു സന്യാസം സ്വീകരിച്ചു തപശ്ചര്യകളില്‍ ഏര്‍പ്പെടും. ആത്മാന്വേഷണത്വരയോടെ അയാള്‍ അങ്ങയോട് സ്വപ്നങ്ങളുടെ സ്വഭാവത്തെപ്പറ്റി ചോദിക്കും. അങ്ങ് ആത്മജ്ഞാനത്തെപ്പറ്റി അയാള്‍ക്ക് ഉപദേശം നല്‍കും. അങ്ങിനെ അങ്ങ് അയാള്‍ക്ക് ഗുരുവാകും. അതുകൊണ്ടാണ് അങ്ങയെ ഞാന്‍ 'വ്യാധന്റെ ഗുരുവെന്ന്' അഭിസംബോധന ചെയ്തത്.

എന്നെക്കുറിച്ചും അങ്ങയെക്കുറിച്ചും ഞാന്‍ വിശദമായി പറഞ്ഞു തന്നു. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും ഞാന്‍ പറഞ്ഞു.

ഞാനിതെല്ലാം കേട്ട് വിസ്മയത്തോടെയിരുന്നു. മറ്റേ മുനി അതേ വീട്ടില്‍ത്തന്നെ തുടര്‍ന്നും ജീവിച്ചുവന്നു. ഞാന്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിചരിച്ചു. ഒരു മാമലപോലെ, വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളെ വേദിച്ചുകൊണ്ട് ഞാന്‍ അവിടെക്കഴിഞ്ഞു.

“ഞാന്‍ മരണം കാംക്ഷിക്കുന്നില്ല; ഞാന്‍ ജീവിതവും ആഗ്രഹിക്കുന്നില്ല. മാനസീകമായ യാതൊരുവിധ വിഹ്വലതകളുമില്ലാതെ ഞാന്‍ ഞാനായി നിലകൊള്ളുന്നു. 

പിന്നീട് ഞാന്‍ വിഷയലോകത്തിന്റെ സ്വഭാവത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. എന്താണീ ലോകത്തിനു കാരണം? എന്താണ് ലോകം? ആരാണീ ലോകത്തെ അവബോധിക്കുന്നത്? തീര്‍ച്ചയായും ഒരേയൊരനന്തബോധം മാത്രമാണല്ലോ സത്തായുള്ളത്!

ചക്രവാളം, ഭൂമി, വായു, ആകാശം, പര്‍വ്വതങ്ങള്‍, നദികള്‍, ദിക്കുകള്‍, എല്ലാമെല്ലാം അവിഭാജ്യമായ ബോധം തന്നെ. അവയെല്ലാം ബോധത്തില്‍ ധാരണകളായി നില്‍ക്കുന്നു. അതില്‍ യാതൊരുവിധ വൈരുദ്ധ്യങ്ങളോ വിഭജനങ്ങളോ ഇല്ലതന്നെ. ഇവയൊന്നും മലകളോ, ഭൂമിയോ, ആകാശമോ ഒന്നുമല്ല. അവയൊന്നും ‘ഞാനും’ അല്ല. ഇവയെല്ലാം ബോധത്തിലെ വിക്ഷേപങ്ങള്‍ മാത്രമാണ്.

ഈ ദേഹത്തിന്റെ കാരണം എന്താണ്? കാരണമില്ലാതെ കാര്യത്തിന് നിലനില്‍പ്പുണ്ടോ? എന്നാല്‍ ഇതെല്ലാം വെറും മതിഭ്രമമാണെന്ന് പറഞ്ഞാല്‍ എന്താണീ മതിഭ്രമത്തിന് ഹേതു? ആരാണീ മതിഭ്രമത്തെ കാണുന്നത്? ആരാണതിനെപ്പറ്റി ചിന്തിക്കുന്നത്? ഞാന്‍ ആരുടെ ഹൃദയത്തിലാണോ അനുഭവമായി ജീവിച്ചിരുന്നത് അയാളും ഞാനും ഇപ്പോള്‍ ചാരമായിക്കഴിഞ്ഞു. അതിനാല്‍ ഞാന്‍ ശുദ്ധബോധത്തില്‍ നിലകൊള്ളുന്നു. അതില്‍ കര്‍മ്മമില്ല. കര്‍മ്മിയില്ല. കര്‍മ്മവസ്തുക്കളുമില്ല.

നിലനില്‍ക്കുന്ന വസ്തുവിനെ ബോധത്തിന്റെ വിക്ഷേപം എന്നും പറയുക വയ്യ. അത് ശുദ്ധമായ ബോധം തന്നെയാകുന്നു. അതിനെങ്ങിനെയാണ് വെറും വിക്ഷേപം മാത്രമാവാന്‍ കഴിയുക? ആരാണീ കാഴ്ച്ചയെ അവബോധിക്കുന്നത്? അങ്ങിനെ ഞാനീ ലോകത്തില്‍, ആകുലതകള്‍ ഒന്നുമില്ലാതെ ആരുടെയും സഹായമില്ലാതെ, ഉപാധിരഹിതനായി, സര്‍വ്വസ്വതന്ത്രനായി തുടരുന്നു. ഉചിതസമയങ്ങളില്‍ സമുചിതമായി ഞാന്‍ വര്‍ത്തിക്കുന്നു, എന്നാല്‍ ഞാന്‍ ഒന്നുമേ ചെയ്യുന്നില്ല.

എന്തൊക്കെ സംഭവിക്കേണമോ അതങ്ങിനെ സംഭവിക്കുന്നു. ആകാശം, ഭൂമി, വായു മുതലായവഎല്ലാം വാസ്തവത്തില്‍ ഒരേയോരാത്മാവാണ്. എല്ലാ ഘടകങ്ങളും ബോധത്തിന്റെ അവയവങ്ങളാണ്. ഞാന്‍ ശാസ്ത്രപ്രോക്തങ്ങളായ യമനിയമാദികളില്‍ നിന്നും സ്വതന്ത്രനാകുന്നു. ബാഹ്യമോ ആന്തരീകമോ എന്ന തരംതിരിവുപോലുംഎനിക്കില്ല. ഞാനിങ്ങിനെ ജീവിക്കവേ അങ്ങ് ആകസ്മികമായി എന്നെ കാണാന്‍ വന്നു. ഞാന്‍ സ്വപ്നങ്ങളെപ്പറ്റിയും, നമ്മെപ്പറ്റിയും, ‘സൃഷ്ടി’യെപ്പറ്റിയും പറയുകയുണ്ടായി. അങ്ങ് ഇതെല്ലാമറിഞ്ഞു പ്രശാന്തനായി ഇരിക്കൂ. അങ്ങ് നിര്‍വ്വാണപദം പൂകിയേക്കാം. യാതൊന്നും സംഭവിച്ചില്ലെന്നും വരാം.

വ്യാധന്‍ പറഞ്ഞു: അങ്ങിനെയെങ്കില്‍ നാമെല്ലാം അയാതാര്‍ത്ഥ്യം തന്നെയായിത്തീരും!


മുനി തുടര്‍ന്നു: സത്യമാണ്! ഈ ജീവികളെല്ലാം ആപേക്ഷികമായി മാത്രം സത്യമാണ്. ഓരോരുത്തര്‍ക്കും പരസ്പരമുണ്ടാകുന്ന പ്രതീതിയാലാണ് അവര്‍ പരസ്പരം സാമീപ്യമനുഭവിക്കുന്നത്. അങ്ങ് ഇതൊക്കെ കേട്ടാലും സത്യത്തില്‍ ഇനിയും അഭിരമിക്കുകയില്ല. നിസ്തന്ദ്രമായ അഭ്യാസം കൊണ്ട് മാത്രമേ ഈ സത്യം പൂര്‍ണ്ണമായും സുദൃഢമാവൂ.  

636 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 636

തദേവം സ്വപ്ന ഏവായം ജാഗ്രദ്ഭാവമുപാഗത:
സര്‍വേ വയമിഹ സ്വപ്നപുരുഷാസ്തവ സുവ്രത (6.2/151/9)
മുനി തുടര്‍ന്നു: അങ്ങിനെ ഉറങ്ങിക്കിടന്നിരുന്ന രണ്ടു ദേഹങ്ങളും  അഗ്നിയില്‍ എരിഞ്ഞു പോയെങ്കിലും അവ ബോധം മാത്രമായി തുടര്‍ന്നും സ്പന്ദിച്ചുകൊണ്ടിരുന്നു. ഓജസ്സും ദേഹത്തോടൊപ്പം നശിച്ചുപോയിരുന്നു. ദേഹം ഓജസ്സിന്റേതായതിനാല്‍ പുറത്തുപോവാനുള്ള വഴി അങ്ങേയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ആ രണ്ടു ദേഹങ്ങളും കണ്ടുപിടിക്കാതെ അങ്ങ് ഈ ലോകത്ത് നിലകൊള്ളുന്നു.
“അങ്ങിനെ നമ്മുടെ സ്വപ്നം ജാഗ്രദായി സാക്ഷാത്ക്കരിക്കപ്പെട്ടു. നാമെല്ലാം ഇവിടെ നിലകൊള്ളൂന്നത് അങ്ങയുടെ സ്വപ്നവസ്തുക്കളായി മാത്രമാണ്.” അതുപോലെ അങ്ങ് ഞങ്ങളുടെ സ്വപ്നവസ്തുക്കളാണ്.

ഇതെല്ലാം സംഭവിക്കുന്നത് ശുദ്ധബോധമെന്ന ചിദാകാശത്തിലാണ്. അതാണ്‌ എല്ലായിടത്തും എല്ലായ്പ്പോഴും നിലനില്‍ക്കുന്നത്. നീ പണ്ടും ഒരു സ്വപ്നവസ്തുവായിരുന്നു. എന്നാല്‍ നീയീജാഗ്രദ് ലോകത്തെ സങ്കല്‍പ്പിക്കുക മൂലം ബന്ധുമിത്രാദികളെല്ലാമുള്ള ഒരു ഗൃഹസ്ഥനായിത്തീര്‍ന്നു. ഇതെങ്ങിനെ സംഭവിച്ചുവെന്നിപ്പോള്‍ മനസ്സിലായല്ലോ?

മുനി പറഞ്ഞു: ഇതാണ് സ്വപനത്തിന്റെ സ്വഭാവമെങ്കില്‍ അതിനെ ഞാന്‍ സത്യമായി കണക്കാക്കുന്നു.

മറ്റേ മുനി പറഞ്ഞു: സത്യവസ്തുവിനു ജീവനാവാം എങ്കില്‍ മറ്റു പലതിനും സത്യമാവാന്‍ കഴിയുമല്ലോ? ആദ്യവസ്തുവിന്റെ സത്യാവസ്ഥയെപ്പറ്റിത്തന്നെ ഉറപ്പില്ലാത്തപ്പോള്‍ അതെത്തുടര്‍ന്നു വരുന്നതിന്റെ സത്യാവസ്ഥ എങ്ങിനെ നിശ്ചയിക്കാനാകും? വാസ്തവത്തില്‍ ആദ്യസൃഷ്ടിതന്നെ സ്വപ്നം പോലെയാണല്ലോ? എന്നാല്‍ ഇതെല്ലാം മായക്കാഴ്ചകളാണ് എന്നറിയുക.

അല്ലയോ വ്യാധന്റെ ഗുരുവായ മഹാത്മന്‍, ഭൂമി മുതലായ യാതൊന്നും ഇല്ലെങ്കില്‍പ്പോലും മായക്കാഴ്ചയില്‍ ഭൂമി, മുതലായ എല്ലാമുണ്ടെന്നു തോന്നുകയാണ്. വാസ്തവത്തില്‍ നാം രണ്ടും മിഥ്യയാണ്. ഇപ്പോഴത്തെ സ്വപ്നത്തില്‍ നേരത്തേ കണ്ടിട്ടുള്ള വസ്തുക്കളാണുള്ളത്. മുന്‍പേ കണ്ടിട്ടുള്ളത്പോലുള്ള ആകാശത്തിലാണ് സ്വപ്നത്തിലെന്നപോലത്തെ സൃഷ്ടി സംഭവിക്കുന്നത്. എന്തുകൊണ്ടാണ് ‘സ്വപ്നം സത്യമാണെന്ന് തോന്നുന്നു’ എന്ന് അങ്ങ് സംശയത്തോടെ, മടിച്ചുമടിച്ച് പറയുന്നത്? ഈ ലോകത്തെ സത്യമെന്ന മട്ടില്‍ അനുഭവിക്കുമ്പോള്‍ എങ്ങിനെയാണ് അതിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള സംശയം ഉള്ളിലുദിക്കുന്നത്?

മഹര്‍ഷി വ്യാധനോടു പറഞ്ഞു: പെട്ടെന്ന് ഞാന്‍ മഹര്‍ഷി പറഞ്ഞതിനിടയ്ക്ക് കയറി ചോദിച്ചു: അങ്ങെന്തിനാണ് എന്നെ ‘വ്യാധന്റെ ഗുരു’ എന്ന് സംബോധന ചെയ്തത്? അതെങ്ങിനെ ശരിയാകും ?

മുനി പറഞ്ഞു: ഞാന്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതെന്താണെന്ന് പറഞ്ഞു തരാം. ഞാന്‍ ഏറെനാളായി തപസ്സനുഷ്ടിക്കുന്നു. അങ്ങാണെങ്കില്‍ ധര്‍മ്മിഷ്ഠനുമാണ്. അതിനാല്‍ സത്യമറിയുമ്പോള്‍ അങ്ങേയ്ക്ക് സന്തോഷമാവും. നാം രണ്ടുപേരും ഇവിടെ തുടര്‍ന്നും ഉണ്ടാവും. ഞാന്‍ അങ്ങയെ പിരിയുകയില്ല. ഏറെക്കാലം കഴിയുമ്പോള്‍ വലിയൊരു ക്ഷാമം ഉണ്ടാവും അതില്‍ അങ്ങയുടെ ബന്ധുമിത്രാദികള്‍ എല്ലാവരും നശിക്കും. ദുഷ്ടരാജാക്കന്മാര്‍ പരസ്പരം പോരടിച്ചു സ്വയം നശിക്കുക മാത്രമല്ല മറ്റുള്ളവരെക്കൂടി അവർ നാശത്തിലേയ്ക്ക് നയിക്കും. എന്നും നമുക്ക് ആകുലതകള്‍ ഒന്നും അനുഭവിക്കേണ്ടി വരികയില്ല. കാരണം നാം സത്യജ്ഞാനികളാണല്ലോ. നമുക്ക് ഒന്നിനോടും ആസക്തിയുമില്ല. എല്ലാറ്റില്‍ നിന്നും നാം പൂര്‍ണ്ണ സ്വതന്ത്രരാണ്.


കാലക്രമത്തില്‍ നല്ലൊരു കാടിവിടെ തഴച്ചു വളരും. അത് സ്വര്‍ഗ്ഗത്തിലെ നന്ദനോദ്യാനങ്ങളെപ്പോലെ കമനീയമായിരിക്കും. 

635 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 635

ആസ്താമേതദവിദ്യൈഷാ വ്യര്‍ത്ഥരൂപാ കിമേതയാ
ഭ്രാന്ത്യാ ഭ്രാന്തിരസദ്‌രൂപാ ത്യക്തൈവൈഷാ മായാധുനാ  (6.2/150/20)
മുനി തുടര്‍ന്നു: ആ ഋഷിയുടെ ഉപദേശത്താല്‍  എന്നില്‍ ആ നിമിഷം പ്രബുദ്ധതയുളവായി. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ വിട്ടുപോയില്ല. എന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്നോടൊപ്പം ജീവിച്ചുവന്നു. ആ ഋഷിവര്യനാണിപ്പോള്‍ നിന്റെയടുത്ത് ഇരിക്കുന്നത്.
വ്യാധന്‍ അത്യദ്ബുധത്തോടെ പറഞ്ഞു: ഇത് വളരെ വിസ്മയകരമായിരിക്കുന്നു! സ്വപ്നമാണെന്ന് കരുതിയ സംഗതി ഇപ്പോളിതാ ജാഗ്രദ് അവസ്ഥയില്‍ യഥാര്‍ത്ഥ്യമായിരിക്കുന്നു. അതെങ്ങിനെയാണ് അങ്ങയുടെ സ്വപ്നത്തിലെയാൾ  ജാഗ്രദില്‍ നേരേ മുന്നില്‍ വന്നു നില്‍ക്കുന്നത്?

മുനി തുടര്‍ന്നു: ധൃതി കൂട്ടാതിരിക്കൂ. ഞാനെല്ലാം വിശദമാക്കിത്തരാം. ഞാന്‍ ഈ മഹാമുനിയുടെ അനുശാസനം ചെവിയോര്‍ത്തിരിക്കുമ്പോള്‍ ഞാന്‍ ഇങ്ങിനെ ചിന്തിച്ചു: കഷ്ടം! ജ്ഞാനിയാണെങ്കിലും  എന്നിലെ ഇന്ദ്രിയ സുഖത്വരയും വിഷയവസ്തുക്കളോടുള്ള ആശയും കാരണം ഞാന്‍ എന്റെ പാതയില്‍ നിന്നും വ്യതിചലിച്ചു പോയി! ‘ഇത് ഞാന്‍’ എന്നാ ധാരണ എത്ര യാഥാർത്ഥ്യമാണെങ്കിലും ഒരിക്കല്‍ അതുളവായാല്‍പ്പിന്നെ ആയിരക്കണക്കിന് സംഭവവികാസങ്ങളെ ഉണ്ടാക്കാന്‍ അതിനു കഴിയും! ‘ഞാന്‍ ഇതല്ല, എന്നാല്‍ ഇതെല്ലാം ഭവിച്ചതാണ്’ എന്ന് സങ്കല്‍പ്പിച്ചാലും അതേ ഫലമാണ്. ഇനി എന്താണെനിക്ക് കരണീയം? എന്നില്‍ വിഭജനാത്മകതയുടെ വിത്ത് ഞാന്‍ കാണുന്നുണ്ട്. ഏതുവിധേനെയും ഞാനത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

“ഈ മായക്കാഴ്ച എന്ന അജ്ഞാനം അങ്ങിനെതന്നെ നില്‍ക്കട്ടെ. ഇത് വെറും പ്രകടനം മാത്രമല്ലേ? എന്താണിതിനു ചെയ്യാന്‍ കഴിയുക? ഞാന്‍ മോഹവിഭ്രമത്തെ ഉപേക്ഷിക്കുന്നു”.

എന്നെ ഉപദേശിച്ച മഹാമുനിയും ഈ മോഹത്തിന്റെ ഭാഗമത്രേ. ഞാന്‍ അനന്തവും പരംപൊരുളുമായ ബ്രഹ്മമാകുന്നു. അദ്ദേഹവും അതുതന്നെ. ഈ ആപേക്ഷികമായ, താല്‍ക്കാലികമായ പ്രതിഭാസം ആകാശത്തു നീങ്ങുന്ന മേഘം പോലെയാണ്.

ഈ അറിവില്‍ ഞാന്‍ മുനിയോടു പറഞ്ഞു: മഹാമുനേ, ഞാന്‍ എന്റെ ദേഹം കാണാന്‍ പോവുകയാണ്. മാത്രമല്ല, ഞാന്‍ അന്വേഷണവിധേയമാക്കിയ ദേഹവും എനിക്ക് കാണണം.

ഇതു കേട്ടദ്ദേഹം പുഞ്ചിരിച്ചു. ‘എവിടെയാണീ ദേഹങ്ങള്‍?’ അവ ദൂരെ ദൂരേയ്ക്ക് പോയിക്കഴിഞ്ഞു! എന്നാല്‍ നിനക്കതു സ്വയം പരീക്ഷിച്ചറിയണമെങ്കില്‍ അങ്ങിനെയാകട്ടെ!’

ഞാന്‍ അദ്ദേഹത്തോടപേക്ഷിച്ചു: ‘ഞാന്‍ മടങ്ങി വരുന്നതുവരെ ഇവിടെയിരുന്നാലും’. എന്നിട്ട് ഞാനൊരു വിമാനത്തിലേറി ഏറെനേരം പറന്നു. എന്നിട്ടും ആ മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്കൊരു വഴി കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ അതീവഖിന്നനായിത്തീര്‍ന്നു. ഞാനാ ഗേഹത്തില്‍ ബന്ധിക്കപ്പെട്ടു എന്നെനിക്കു മനസ്സിലായി.

ഞാന്‍ തിരികെ വന്നു മുനിയോടു ചോദിച്ചു: ദയവായി ഇതൊക്കെ എന്താണെന്ന് എന്നോടു പറഞ്ഞു തരിക. ഞാന്‍ കയറിക്കൂടിയ ദേഹവും എന്റെ ദേഹവും ഇപ്പോള്‍ എവിടെയാണ്? എന്താണ് ഒരു വഴികാണാതെ ഞാനിങ്ങിനെ അലയാന്‍ കാരണം?

മുനി പറഞ്ഞു: നിന്റെ അന്തര്‍നേത്രംകൊണ്ട് നോക്കിയാല്‍ നിനക്കെല്ലാം അറിയാനാകും. നീയീ ചെറിയ വ്യക്തിത്വമല്ല. നീയാ സമഷ്ടി-വിശ്വ-പുരുഷന്‍ തന്നെയാണ്. ഒരിക്കല്‍ ഒരു ജീവിയുടെ ഹൃദയത്തില്‍ക്കയറി അയാളുടെ സ്വപ്നം എന്തെന്ന് മനസ്സിലാക്കാന്‍ നീയാഗ്രഹിച്ചുവല്ലോ? നീ കയറിക്കൂടിയത് സൃഷ്ടിയെന്ന മായാവലയത്തിലാണ്.  നീയാ ദേഹത്തിലിരുന്നു സ്വപ്നം തുടര്‍ന്നപ്പോള്‍ വലിയൊരഗ്നിയുണ്ടായി. അത് നിന്റെ ദേഹമിരുന്ന കാടുമുഴുവന്‍ എരിച്ചുകളഞ്ഞു. നിന്റെ ദേഹവും നീ കയറിയ ദേഹവും ആതീയില്‍ എരിഞ്ഞുപോയി.


വ്യാധന്‍ വീണ്ടും ചോദിച്ചതിനുത്തരമായി മഹര്‍ഷി പറഞ്ഞു: “അഗ്നിയുണ്ടാവാന്‍ കാരണം ബോധത്തിലെ ചിന്താസഞ്ചാരമാണ്. ലോകമെന്ന വിക്ഷേപണത്തിന്റെ കാരണം അനന്തബോധത്തിലെ ചിന്തകളുടെ ചലനവും സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്റെ ബോധത്തിലുണ്ടാകുന്ന ചിന്തകളുമാണെന്നതുപോലെയാണിതും. 

634 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 634

കര്‍മകല്പനയാ സംവിത്സ്വകര്‍മഫല ഭാഗിനീ
കര്‍മകല്പനയോന്മുക്താ ന കര്‍മഫലഭാഗിനീ  (6.2/149/23)
മുനി തുടര്‍ന്നു: ഞാന്‍ മറ്റേയാളുടെ ഹൃദയത്തില്‍ ഇരുന്നപ്പോള്‍ എന്റെ ബന്ധുമിത്രാദികളെ കണ്ടു എന്ന് പറഞ്ഞല്ലോ. ഒരു നിമിഷം ഞാനവയെല്ലാം എന്റെ സങ്കല്‍പ്പ സൃഷ്ടികളാണെന്നുള്ള കാര്യം ഞാന്‍ മറന്നു. ആ ചിന്തകളുമായി ഞാന്‍ പതിനാറുകൊല്ലം കഴിഞ്ഞു.

അങ്ങിനെയിരിക്കെ ഒരു ദിനം മഹാനായ ഒരു മുനി ഞങ്ങളുടെ ഭവനത്തില്‍ വന്നു. ശ്രദ്ധാഭക്തിപുരസ്സരം ഞാന്‍ അദ്ദേഹത്തെ ഉപചരിച്ചു. ഞാന്‍ അദ്ദേഹത്തോട് ഇങ്ങിനെ ചോദിച്ചു: ഈ ലോകത്ത് ജനങ്ങള്‍, തങ്ങള്‍ ചെയ്ത സദ്‌കര്‍മ്മങ്ങളുടെയും ദുഷ്കര്‍മ്മങ്ങളുടെയും ഫലം തദനുസൃതമായി അനുഭവിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. എല്ലാവരുടെ കാര്യത്തിലും ഇത് ശരിയാകുമോ?

മുനി ഈ ചോദ്യം കേട്ട് ആദ്യം ആശ്ചര്യപ്പെട്ടു. എന്നിട്ടെന്നോട് ചോദിച്ചു: ആട്ടെ, നിന്നിലുള്ള എന്താണ് നല്ലതിനെയും ചീത്തയും വേര്‍തിരിച്ചു കാണുന്നത്? ആരാണ് നീ? എവിടെയാണ് നീ? ഞാന്‍ ആരാണ്? എന്താണീ ലോകം? ഇതെല്ലാം വെറുമൊരു സ്വപ്നം.

ഞാന്‍ നിന്റെ സ്വപ്നത്തിലെ ഒരു വസ്തുവാണ്. നീ എന്റെ സ്വപ്നത്തിലേയും. വാസ്തവത്തില്‍ യാതൊരു വസ്തുവിനും നിയതമായ രൂപമില്ല. എന്നാല്‍ ബോധം ഒരു വസ്തുവിന് രൂപമുണ്ടെന്ന് സങ്കല്‍പ്പിക്കുമ്പോള്‍ ആ രൂപമാര്‍ജ്ജിക്കുന്നു. ‘എല്ലാറ്റിനും ഒരു കാരണമുണ്ട്’ എന്ന ചിന്ത ‘കാര്യ-കാരണ’ ബന്ധുത്വത്തെ ഉണ്ടാക്കുന്നു. എന്നാല്‍ ‘കാരണമൊന്നും ഇല്ല’ എന്ന ധാരണ ഉള്ളപ്പോള്‍ ഹേതുകത്വം ഇല്ല. 

നാമെല്ലാം സങ്കല്‍പ്പിക്കുന്ന സമഷ്ടി നിറഞ്ഞു വിളങ്ങുന്ന വിശ്വപുരുഷന്റെ ഹൃദയത്തിനുള്ളില്‍ നാമെല്ലാമിരിക്കുന്നു. മറ്റുല്ലാവര്‍ക്കും  സമഷ്ടിഎന്നത് അപ്രകാരമാണ്. ഈ വിശ്വസത്വമാണ് എല്ലാ സുഖദുഖാനുഭവങ്ങളുടെയും വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളുടെയും ‘കാരണം’. ഈ സമഷ്ടിസത്വത്തിന്റെ ഓജസ്സില്‍ കാലുഷ്യമുണ്ടാവുമ്പോള്‍ അതിന്റെ ഹൃദയത്തില്‍ നിവസിക്കുന്ന നമുക്കെല്ലാവര്‍ക്കും അതിന്റെ ഫലം അനുഭവവേദ്യമാവുന്നു.
 
നാം പ്രകൃതിദുരന്തങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ ഹൃദയത്തില്‍ സമഭാവനയുദിക്കുന്നതോടെ അതിന്റെ ഫലമപ്രത്യക്ഷമാവുന്നു. ചിലയാളുകള്‍ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍  അതിന്റെ തിക്തഫലം അസന്തുഷ്ടിയായി എല്ലാവരിലും നിപതിക്കുന്നതും ആക്സ്മികമത്രേ.

“ഒരുവന്‍ തന്റെയുള്ളില്‍ ‘ഞാന്‍ ഇത് ചെയ്തു’ എന്ന ഭാവനയോടെ സദ്‌കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവ അയാളെ സമ്മാനിതനാക്കിയേക്കാം. എന്നാല്‍ ബോധം ആശയങ്ങളില്‍ നിന്നും സ്വതന്ത്രമായാല്‍ അത്തരം കര്‍മ്മങ്ങളെ ഫലങ്ങള്‍ പിന്തുടരണമെന്നില്ല.” 
 
ഉചിതമായ കാരണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തെല്ലാം ആശയങ്ങള്‍ ഉദിക്കുന്നുവോ എന്തെന്തു തരത്തില്‍, എന്തെന്തു തോതില്‍ അവ ഉല്‍പ്പന്നമാവുന്നുവോ അവ അപ്രകാരം നടക്കുന്നു. സ്വപ്നത്തിലെന്നപോലെ ഒരു കര്‍മ്മത്തിന്റെ ഫലം നിയന്ത്രിക്കുന്നത് അതിന്റെ കാരണമല്ല. ചിലപ്പോള്‍ സ്വപ്നാനുഭാവത്തിനു കാരണം ഉണ്ടാവാം. മറ്റുചിലപ്പോള്‍ അവയ്ക്ക് യാതൊരു കാരണവും ഇല്ലെന്നും വരാം. ഇവയെല്ലാം തികച്ചും ആകസ്മികം എന്നേ പറയാവൂ.
ജാഗ്രദിലെ അനുഭവങ്ങള്‍ക്ക് നിയതമായ കാരണങ്ങള്‍ ഉണ്ടെന്നാണ് കാണുന്നത്. എന്നാല്‍ ആ ആശയംപോലും ഒരു സ്വപ്നമാകുന്നു. കാരണം ഇതെല്ലാം അനന്തബോധത്തിനെ പ്രകടനം മാത്രമാണല്ലോ?

എന്താണ് അവിദ്യയുടെ പ്രഥമഹേതു? വിരിഞ്ചനായ ബ്രഹ്മാവിന്റെ  ജനനത്തിന് ഹേതുവെന്താണ്? വായു, അഗ്നി, ജലം, ആകാശം എന്നിവയുടെയെല്ലാം ആദി കാരണം എന്താണ്? എന്തുകൊണ്ടാണ് ജനങ്ങള്‍ ജനിച്ചു മരിച്ച് സൂക്ഷ്മശരീരത്തെ സ്വീകരിക്കുന്നത്? അവയ്ക്കൊന്നും കാരണങ്ങളില്ല. ഇവയെല്ലാം തുടക്കം മുതലേ ഇങ്ങിനെതന്നെ സംഭവിച്ചുവന്നു. കാലക്രമത്തില്‍ ഈ സംഭവപരമ്പരയ്ക്ക് യഥാര്‍ത്ഥ്യഭാവം കൈവന്നു. ബോധത്തില്‍ ആദ്യമായി എന്തെന്തു ധാരണകള്‍ ഉല്‍പ്പന്നമായോ അവയെല്ലാം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇവിടെ, ഇപ്പോള്‍ ചെയ്യുന്ന പുതുപ്രവര്‍ത്തങ്ങളാല്‍ ബോധത്തിന് ഇതിനെല്ലാം മാറ്റമുണ്ടാക്കാം. 

633 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 633

അത: സ്വപ്ന: ക്വചിത്സത്യ: ക്വചിച്ചാസത്യ ഏവ വാ
അബുദ്ധാനാം പ്രബുദ്ധാനാം നാസദ്രൂപോ ന സന്മയ: (6.2/148/14)
വ്യാധന്‍ ചോദിച്ചു: എന്നില്‍ ഒരു വലിയ സംശയമുണ്ട് മഹര്‍ഷേ. എങ്ങിനെയാണീ  സ്വപ്നവസ്തുവിനെ ഒരേസമയം സത്തായും അസത്തായും കണക്കാക്കാന്‍ കഴിയുക?
മുനി മറുപടി പറഞ്ഞു: സ്വപ്നത്തില്‍ കാലം, ദേശം, കര്‍മ്മം, വസ്തു എന്നിവ കാണപ്പെടുന്നു. ഇവ കാണാനുള്ള കാരണം ബോധത്തില്‍ അവയുടെ ആശയം ആകസ്മികമായി ഉദ്ഭൂതമായതുകൊണ്ടാണ്. അതിനാലാണ് ഈ കാഴ്ചകള്‍ സ്വപ്നത്തില്‍ യഥാര്‍ത്ഥ്യമായി തോന്നുന്നത്. മന്ത്രവടികള്‍ കൊണ്ടോ കല്ലുകള്‍കൊണ്ടോ, മന്ത്രങ്ങള്‍കൊണ്ടോ, മരുന്നുകള്‍കൊണ്ടോ  ഉണ്ടാക്കുന്ന മോഹക്കാഴ്ച്ചകള്‍, ചിലപ്പോള്‍ സത്യവും അല്ലാത്തപ്പോള്‍ വെറും മിഥ്യയും ആവാം. എന്നാല്‍ സ്വപ്നത്തില്‍ ഒരുവന്‍ യഥാര്‍ത്ഥ്യം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് തികച്ചും ആകസ്മികം മാത്രമാണ്.
ബോധത്തില്‍ എന്തെന്താശയങ്ങള്‍ ശക്തമായി ഉല്‍പ്പന്നമാവുന്നുവോ അതപ്രകാരം അനുഭവമാകുന്നത് ബോധത്തിന് അതിനുള്ള പ്രാഭവം ഉള്ളതുകൊണ്ടാണ്.  
ഈ വസ്തുരൂപവല്‍ക്കരണത്തെ സ്വാധീനിക്കാന്‍ മറ്റൊരു വസ്തുവിന് കഴിയുമെങ്കില്‍ ബോധത്തില്‍ ഉണരുന്ന ആശയത്തിന് ദൃഢതയുണ്ടായിരുന്നു എന്നെങ്ങിനെ പറയാന്‍ കഴിയും? വാസ്തവത്തില്‍ ബോധത്തിലെ ആശയ രൂപവല്‍ക്കരണം (ഇച്ഛാ സാക്ഷാത്കാരം) അല്ലാതെ പ്രാപഞ്ചികത എന്നൊന്ന് ആന്തരീകമായോ ബാഹ്യമായോ സത്തായ ഒന്നല്ല. ഇത് സ്വപ്നം’ എന്ന ആശയം ഉള്ളില്‍ ഉണരുമ്പോള്‍ ആ സ്വപ്നം സത്യമാവുന്നു. എന്നാല്‍ ആ ആശയത്തില്‍ സംശയം ജനിച്ചാല്‍ സ്വപ്നവും സംശയഗ്രസ്ഥമായി അസത്തായിത്തീരുന്നു.
  
സ്വപ്നം കാണുന്നയാള്‍ ആ സ്വപ്നവുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങള്‍ പോലും അനുഭവിക്കുകയും അവയും ആ സ്വപ്നത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യാറുണ്ട്. അതായത് തികച്ചും ആകസ്മികമായി ബോധത്തില്‍ ഉല്‍പ്പന്നമാവുന്ന  ലോകമെന്ന ഈ കാഴ്ചയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് ഇപ്പോഴാവാം, കുറേക്കാലം കഴിഞ്ഞുമാവാം.

സൃഷ്ടിയെന്ന ആശയം ബോധത്തില്‍ ആദ്യം ഉയര്‍ന്നുവന്നു. അത് സാക്ഷാത്ക്കരിച്ച് പ്രത്യക്ഷലോകമായി. ഈ രൂപവല്‍ക്കരണവും ബോധം മാത്രമാകുന്നു.

ബോധമൊഴികെ എല്ലാം സത്തും അസത്തുമാണ്. അവ ക്രമീകമോ അക്രമീകമോ ആണ്. “അതിനാല്‍ അജ്ഞാനിയെ സംബന്ധിച്ചിടത്തോളം സ്വപ്നം ചിലപ്പോള്‍ സത്യമായും ചിലപ്പോള്‍ അസത്യമായും കാണപ്പെടുന്നു. എന്നാല്‍ ജ്ഞാനിയെ സംബന്ധിച്ചിടത്തോളം അത് സത്തോ അസത്തോ അല്ല.”

ലോകമെന്ന കാഴ്ച ബോധത്തില്‍ ഉയരുന്ന വിക്ഷേപപ്രകടനം മാത്രമാണ്. പ്രകടനം എന്ന വാക്കില്‍ത്തന്നെ അത് യാഥാര്‍ത്ഥ്യമില്ല എന്ന് ധ്വനിക്കുന്നുണ്ടല്ലോ.

സ്വപ്നം കഴിയുമ്പോഴും ജാഗ്രദവസാനിക്കുമ്പോഴും ഒരുവന്‍ ഉറങ്ങുന്നു. അതിനാല്‍ ജാഗ്രദും സ്വപ്നവും തമ്മില്‍ അന്തരമില്ല എന്ന് വരുന്നു. ബോധം എന്ന് വിളിക്കുന്ന ‘നിശ്ചേതന’മായ വസ്തു തന്നെയാണ് ജാഗ്രദും, സ്പ്നവും, സുഷുപ്തിയും എല്ലാമായി നിലകൊള്ളുന്ന അവസ്ഥാത്രയങ്ങള്‍. വാസ്തവത്തില്‍ ഈ വാക്കുകള്‍ക്കൊന്നുമൊരര്‍ത്ഥവുമില്ല. 
 
ഈ നീണ്ട സ്വപ്നത്തില്‍ ക്രമീകതയോ ക്രമരാഹിത്യമോ ഇല്ല. എന്തെന്തെല്ലാം സ്വപ്നത്തില്‍ ഉദിച്ചുയരുന്നുവോ അത് അപ്രകാരം തന്നെ, കാറ്റില്‍ ചലനമെന്നപോലെ കാരണരഹിതമായി നിലകൊള്ളുന്നു. കാരണമില്ലാതെയുണ്ടാവുന്ന കാര്യത്തിന്റെ ക്രമീകതയ്ക്ക് സാംഗത്യമെന്തുള്ളൂ?
അതുപോലെയാണ് ഈ സൃഷ്ടികളും. കാരണരഹിതമാണ് അതിന്റെ തുടക്കം. എന്തൊക്കെ എങ്ങിനെയൊക്കെ കാണപ്പെടുന്നുവോ അതൊക്കെത്തന്നെയാണ് ഈ ‘സൃഷ്ടി’യുടെ, ലോകത്തിന്റെ ക്രമം 
സ്വപ്‌നങ്ങള്‍ ചിലപ്പോള്‍ സത്തായും ചിലപ്പോള്‍ അസത്തായും കാണപ്പെടുന്നു. അവയ്ക്ക് നിയതമായ ക്രമമോ പ്രമാണമോ മൂലസൂത്രമോ ഇല്ല. എല്ലാം ശുദ്ധമായ ആകസ്മികത മാത്രമാകുന്നു.

മന്ത്രത്താലും മരുന്നിനാലും മായാജാലത്താലും ഉണ്ടാവുന്ന ദൃശ്യങ്ങള്‍ ജാഗ്രദവസ്ഥയിലും ഉണ്ടാവുന്നുണ്ട്. അതിനാല്‍ ജാഗ്രദ്സ്വപ്നസുഷുപ്തിയവസ്ഥകളെന്ന ഉപാധികളാല്‍ ബാധിക്കപ്പെടാത്ത ശുദ്ധബോധം മാത്രമാകുന്നു സത്യം.    

632 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 632

യസ്തു ചിന്മാത്രഗഗനം സര്‍വമിത്യേവ ബോധവാന്‍
ദ്വേത്തേന ബോദ്ധ്യതേ നേഹ സോഅംഗതിഷ്ടതി കേവല: (6.2/147/21)
മുനി തുടര്‍ന്നു: ഞാനാ ദീര്‍ഘനിദ്രയില്‍ നിന്നും പുറത്തുവന്നപ്പോള്‍ ഈ ലോകം എന്റെ സ്വപ്നത്തില്‍ ഒരു സമുദ്രത്തില്‍ നിന്നെന്നവണ്ണം ഉല്‍പ്പന്നമായി. അത് ശിലയില്‍ നിന്നും ശില്‍പമെന്നപോലെയും, മരത്തില്‍ നിന്നും പൂക്കളെന്നപോലെയും, കടലില്‍ നിന്നും തിരമാലകളെന്നപോലെയും മനസ്സില്‍ ഉയര്‍ന്നുപൊങ്ങുന്ന ഓര്‍മ്മകളെപ്പോലെയും ആയിരുന്നു. അത് ആകാശത്തുനിന്നും ഉതിര്‍ന്നുവീണതുപോലെയും, ഭൂമിയില്‍ നിന്നും പൊട്ടി മുളച്ചതുപോലെയും, ഹൃദയത്തില്‍ ഉയര്‍ന്നുണര്‍ന്നതുപോലെയും, ധാന്യമണികള്‍ പാടങ്ങളില്‍ വിളഞ്ഞു വിളങ്ങുന്നതുപോലെയും, ഒരു കൊവിലിനുള്ളില്‍ നിന്നും പുറത്തുവന്നതുപോലെയും, മൂടുപടമഴിച്ച ദൃശ്യമെന്നതുപോലെയും ആയിരുന്നു.    
എവിടെനിന്നാണീ ലോകം ഉദ്ഭൂതമായത്? ആര്‍ക്കുമതറിയാന്‍ വയ്യ. അനന്താവബോധമെന്ന പടുകൂറ്റന്‍ ശിലയില്‍ നിന്നും മെനഞ്ഞെടുത്ത ശില്‍പ്പമാണത്. ശുദ്ധാകാശം അല്ലെങ്കില്‍ ശൂന്യതയാകുന്ന ചുവരുകളാല്‍ നിര്‍മ്മിക്കപ്പെട്ട സങ്കല്‍പ്പനഗരമാണത്. അജ്ഞാനമെന്ന മായാവിയുടെ ചെപ്പടിവിദ്യ. നോക്കുമ്പോള്‍ യഥാര്‍ത്ഥ്യമെന്ന പ്രതീതിയുണ്ടാക്കുമെങ്കിലും അത് കാലദേശാനുബദ്ധമല്ല. വൈവിദ്ധ്യതയാര്‍ന്നതെന്നു തോന്നുമെങ്കിലും അത് അദ്വൈതവും, വൈവിദ്ധ്യവും ശൂന്യവും എല്ലാമാണ്; അതേസമയം ഒന്നുമേ അല്ലതാനും.  

വായുവില്‍പ്പണിത കൊട്ടാരമെന്നതുപോലെ, ജാഗ്രദ് അവസ്ഥയില്‍ അത് അനുഭവവേദ്യമാകുന്നു. ഒരിക്കലും സൃഷ്ടിക്കപ്പെടിട്ടില്ലയെങ്കിലും സൃഷ്ടമായതുപോലെയത് നിലകൊള്ളുന്നു. അത് ശുദ്ധബോധമാകുന്നു.

അതിൽ കാലം, ദേശം, വസ്തു, കര്‍മ്മം, സൃഷ്ടി, സംഹാരം തുടങ്ങിയ പ്രാഭവങ്ങളെല്ലാമുണ്ട്. അതില്‍ ദേവന്മാരും അസുരന്മാരും മനുഷ്യരും വൈദ്ധ്യമാര്‍ന്ന ജീവസഞ്ചയങ്ങളുമുണ്ട്. അരുവികളും പര്‍വ്വതങ്ങളും കാടുകളും ആകാശവും താരങ്ങളും അതിലാണ്. ഞാനീ ‘ദൃഷ്ടിതലത്തെ’ കാണുകയുണ്ടായി.  അതേ സമയം പണ്ട് താമസിച്ചിരുന്ന വീടും ബന്ധുമിത്രാദികളേയുമെല്ലാം  പണ്ടത്തേതുപോലെതന്നെ ഞാനവിടെ കണ്ടു. ഇവയെല്ലാം എന്റെ ദൃഷ്ടി പഥത്തില്‍ കൊണ്ടുവന്നത് എന്നില്‍ ലീനമായിരുന്ന വാസനകളാണ്.

എന്നിലെ വാസനകളുടെ പ്രേരണയാൽ ഈ കാഴ്ചകള്‍ ഒന്നും സത്യമല്ലെന്ന കാര്യം മറന്നുകൊണ്ട് ഞാനെന്റെ ബന്ധുമിത്രാദികളെ ആശ്ലേഷിക്കാനും അവരുടെ കുശലമന്വേഷിക്കാനും തുടങ്ങി. ഒരു കണ്ണാടി അതിന്റെ മുന്നിലുള്ള വസ്തുവിനെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നതുപോലെ ബോധത്തില്‍ എന്തെല്ലാം സമര്‍പ്പിക്കപ്പെടുന്നുവോ, അവയെയെല്ലാം അവയുടെ നാമരൂപങ്ങളായി അത് പ്രകാശിപ്പിക്കുന്നു.

എന്നാല്‍ എല്ലാം ശുദ്ധമായ ബോധം മാത്രമാണെന്ന സാക്ഷാത്ക്കാരത്തില്‍ എത്തിയവന്‍ ഇപ്രകാരമുള്ള ആപേക്ഷികസത്യത്തില്‍പ്പെട്ടുവശാവുകയില്ല. അയാള്‍ നിത്യസ്വതന്ത്രനാണ്, ഏകാകിയാണ്‌. അയാളെ യാതൊന്നും ബാധിക്കുന്നില്ല.

ഒരിക്കലും ഈ എകാത്മകതയെന്ന അറിവ് നഷ്ടമാകാത്തവനെ നാനാത്വം, അല്ലെങ്കില്‍ വിച്ഛിന്നത എന്ന പിശാചിനു സ്വാധീനിക്കാനാവില്ല. സത്സംഗത്തിലേര്‍പ്പെട്ട് ഈ ശാസ്ത്രം പഠിച്ച്, അറിവുറച്ചവനില്‍ അത് ഇനിയൊരിക്കലും നഷ്ടമാവുകയില്ല. 

എന്നാല്‍ ആ കാലത്ത് എന്റെ അറിവിനിത്ര ദൃഢതയോ പാകതയോ ഉണ്ടായിരുന്നില്ല. ബന്ധുത്വം മുതലായ ആശയങ്ങള്‍ അപ്പോഴും എന്നില്‍ നിന്നും വിട്ടകന്നിരുന്നില്ല. എന്നാലിപ്പോള്‍ എന്റെ അറിവിനെയിളക്കാനോ എന്നിലെ സാക്ഷാത്കാരനിറവില്‍ നിഴല്‍ വീഴ്ത്താനോ യാതൊന്നിനുമാവില്ല.

അല്ലയോ വേടാ, നിന്റെ മനസ്സും ഇപ്പോള്‍ ഉറച്ചിട്ടില്ല. നിനക്ക് മഹത്തുക്കളുമായുള്ള സത്സംഗം ഉണ്ടായിട്ടില്ലല്ലോ.


വ്യാധന്‍ പറഞ്ഞു: ശരിയാണ് മഹര്‍ഷേ. അങ്ങ് പറയുന്നതുപോലെ നടക്കട്ടെ. അങ്ങയിൽ നിന്നും  അജ്ഞാനാന്ധകാരത്തെ നീക്കാനുതകുന്ന പ്രഭാപൂരിതമായ വചനങ്ങള്‍ ശ്രവിച്ചിട്ടും എന്നില്‍ സംശയം ബാക്കിയാണ്. ‘ഇതെല്ലാം സത്യം തന്നെയോ?’ എന്ന ചോദ്യമെന്നില്‍ ഇപ്പോഴും തുടിക്കുന്നുണ്ട്. എത്ര കഷ്ടമെന്നു നോക്കൂ. ഈ അജ്ഞാനംപോലും സുവിദിതമാകുമ്പോള്‍ അതിനെ ഉന്മൂലനം ചെയ്യുകയെന്നതു ശ്രമകരം തന്നെ. 

631 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 631

ജാഗ്രദ്സ്വപ്ന സുഷുപ്താദി പരമാര്‍ത്ഥവിദാം വിദാം 
ന വിദ്യതേ കിഞ്ചിദപി യഥാസ്ഥിതമവസ്ഥിതം  (6.2/146/21)

മുനി തുടര്‍ന്നു: ഞാന്‍ മറ്റെയാളുടെ ഓജസ്സില്‍ ആയിരുന്നപ്പോള്‍ അവിടെ വിശ്വപ്രളയത്തിന്റെ നാന്ദിയായ ചില ലക്ഷണങ്ങള്‍ കാണുകയുണ്ടായി. ആകാശത്തുനിന്നും പര്‍വ്വതങ്ങള്‍ വര്‍ഷിക്കാന്‍ തുടങ്ങി. ഞാനത് മറ്റെയാളിന്റെ ഓജസ്സില്‍ ഇരിക്കുമ്പോഴാണ് കണ്ടത്. അയാളുടെ ദേഹത്തിലെ രക്തക്കുഴലുകളില്‍ക്കൂടി ഭക്ഷണത്തിന്റെ അംശങ്ങള്‍ ഒഴുകിയൊഴുകി വരുന്നതാണ് മലകള്‍ ഇരുണ്ട ആകാശത്തുനിന്നും ചൊരിയുന്നതുപോലുള്ള മായക്കാഴ്ച എനിക്ക് നല്‍കിയത്. ആ ഇരുട്ട് വാസ്തവത്തില്‍ അയാളിലെ നിദ്രയുടെ അന്ധകാരമായിരുന്നു. ഞാനും ദീര്‍ഘനിദ്രയെ പുല്‍കി.

കുറച്ചുനേരം കഴിയെ ഞാന്‍ എന്റെ ബോധത്തിലൊരു പുത്തനുണര്‍വ്വുണ്ടാവുന്നതായി തിരിച്ചറിഞ്ഞു. ഉറക്കത്തില്‍ നിന്നും ഞാനുണരാന്‍ തുടങ്ങവേ എന്നില്‍ സ്വപ്നാനുഭവം ഉണരുകയായി. അതേ ഓജസ്സില്‍ ഞാന്‍ എന്നെപ്പോലെ തോന്നിച്ച ഒരു മഹാസമുദ്രത്തെയും കണ്ടു. ആ ഓജസ്സില്‍ ഞാന്‍ എന്തൊക്കെ കണ്ടുവോ അതെന്റെ അനുഭവമണ്ഡലമായി. എന്റെ ബോധം അചലമായി അവികലഗരിമയില്‍ നിലകൊണ്ടിരുന്നതിനാല്‍ എനിക്കാ ദൃശ്യങ്ങളെ കൃത്യമായി തെളിഞ്ഞു കാണാന്‍ കഴിഞ്ഞു.

ബോധം എല്ലായിടവും നിറഞ്ഞു വിളങ്ങുന്നു. നാമതിലാണ്, നാമതാണ്. അതിലാണ് ലോകമെന്ന പ്രക്ഷേപണപ്രകടനം കാണപ്പെടുന്നത്. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയുണ്ടായി പുറത്തു വരുന്നതുപോലെ സുദീര്‍ഘനിദ്രയില്‍നിന്നും ലോകമുണ്ടാവുന്നു.

വ്യാധന്‍ ചോദിച്ചു: ദീര്‍ഘനിദ്രയില്‍നിന്നാണ് ലോകമെന്ന പ്രകടനം ഉണ്ടാവുന്നതെന്ന് അങ്ങ് പറഞ്ഞുവല്ലോ? എന്താണ് ഒരുവന്‍ ദീര്‍ഘനിദ്രയില്‍ അനുഭവിക്കുന്നത്?

മുനി തുടര്‍ന്നു: ‘ഉല്‍പ്പന്നമായി’, ‘പ്രത്യക്ഷമായി’, ‘ലോകമായി ഉയിര്‍ക്കൊണ്ടു’, എന്നെല്ലാം ഉള്ള വാക്കുകള്‍ ദ്വൈതാത്മകമായ വാചോടാപങ്ങള്‍ മാത്രമാണ്. അവ തീര്‍ത്തും അര്‍ത്ഥരഹിതങ്ങളുമാണ്.

‘ജാതം’ എന്ന് പറഞ്ഞാല്‍ എന്താണെന്ന് ഞാന്‍ പറഞ്ഞു തരാം. ആ വാക്കിനാല്‍ വിവക്ഷിക്കുന്നത് ‘ഭവിച്ചു’ എന്നാണ്. അതായത് ശാശ്വതമായതെന്തോ, നിതാന്തമായ അസ്തിത്വമുള്ള അത് കാണപ്പെട്ടു എന്നര്‍ത്ഥം. ‘സൃഷ്ടി’ എന്ന വാക്കിനും ഇതേയര്‍ത്ഥമെടുക്കാം. അതായത് സര്‍ഗ്ഗം അസ്തിത്വത്തെക്കുറിക്കുന്നു. പ്രബുദ്ധരായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് സൃഷ്ടിയില്ല. മരണമില്ല, അവസാനമില്ല, എല്ലാമെല്ലാം നിത്യം, അജം, പ്രശാന്തം.

ബ്രഹ്മം എന്നത് ശുദ്ധമായ അസ്തിത്വമാണ്. ലോകം ശുദ്ധമായ അസ്തിത്വം തന്നെയാണ്. ആരെയാണ് യമനിയമാദികള്‍ ബാധിക്കുക? മായയുടെ മായികപ്രഭാവം മാത്രമാണ് ചര്‍ച്ചാവിഷയം. ‘അതു’ണ്ട്, എന്നാല്‍ ‘അതില്ല’ താനും. ഇത്തരം വാദങ്ങള്‍ അജ്ഞാനികള്‍ ഏറ്റെടുക്കുന്നു. കാരണം അവരത്തരം വാഗ്വാദങ്ങള്‍ ബ്രഹ്മത്തിലേയ്ക്കും അനന്തബോധത്തിലേയ്ക്കും വലിച്ചിഴയ്ക്കുന്നു.

സത്യത്തെ സാക്ഷാത്ക്കരിച്ചവരില്‍, പരംപോരുളിനെ അവബോധിച്ചവരില്‍ ജാഗ്രദും സ്വപ്നവും നിദ്രയും ഒന്നും നിലനില്‍ക്കുന്നില്ല. എന്തെല്ലാം എങ്ങിനെയെല്ലാമാണോ അതങ്ങിനെതന്നെ യഥാതഥമായി നിലകൊള്ളുന്നു.

അനുഭവങ്ങളുടെ അതതു സമയത്ത് സത്യമെന്ന് തോന്നിയാലും ഒരുവനിലെ സ്വപ്നലോകവും അവന്റെ സങ്കല്‍പ്പത്തില്‍ മെനഞ്ഞുണ്ടാക്കുന്ന ലോകവും ഒന്നും സത്യമല്ല. അതുപോലെ ലോകത്തിന്റെ ആദിയില്‍ ‘അതു’ണ്ടാവുകയോ ഭവിക്കുകയോ ചെയ്തിട്ടില്ല. ലോകത്തെ ശുദ്ധബോധമായി സാക്ഷാത്ക്കരിച്ചാല്‍പ്പിന്നെയത് നമ്മിലെ പ്രതീതികള്‍ക്ക് വിഷയമല്ല. അതായത് വിഷയമോ വിഷയിയോ ഇല്ല, അനുഭവമോ അനുഭവിക്കുന്നവനോ ഇല്ല. 

Oct 23, 2014

630 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 630

ക്ഷുബ്ദൈരന്തര്‍ബഹിശ്ചൈവ സ്വല്‍പൈ: സ്വല്പം പ്രപശ്യതി
സമൈ: സമമിദം ദൃശ്യം വാതപിത്തകഫാദിനാ (6.2/145/59)
മുനി തുടര്‍ന്നു: ജീവന്‍ വാതം, പിത്തം, ശ്ലേഷ്മം എന്നിവയാല്‍ നിറഞ്ഞിരിക്കുമ്പോള്‍ അവന്‍ വായുവിന്റെ സ്വാധീനത്തില്‍പ്പെട്ട് ആകുലതകള്‍ അനുഭവിക്കുന്നു. മലകളും പാറകളും മഴപോലെ ആകാശത്തു നിന്നും വര്‍ഷിക്കുന്നതായി അവന്‍ കാണുന്നു.ഭീകരനാദങ്ങള്‍ അവനു കേള്‍ക്കാകുന്നു. ഭൂമിയുടെ ഉദരത്തില്‍ വന്മരങ്ങള്‍ ഉരുണ്ടു പിരളുന്നു.
കാട്ടിലെ മൃഗസഞ്ചയത്തോടൊപ്പം കാടും ചുറ്റിത്തിരിയുന്നു. മരങ്ങള്‍ക്ക് തീ പിടിച്ചിരിക്കുന്നു. ഗുഹകളില്‍ നിന്നും തീയാളുന്നതിന്നതിന്റെ ഘോരനിനാദം കേള്‍ക്കുന്നു. മാമലകള്‍ പൊട്ടിത്തകര്‍ന്നു നിലംപൊത്തുന്നു. ആകാശംവരെ ഉയരത്തില്‍ കടലലകള്‍ പൊങ്ങുന്നു. ഈ അലകള്‍ കാടുകളേയും മേഘങ്ങളെപ്പോലും ഉയര്‍ത്തിയെടുത്ത് ബ്രഹ്മലോകത്തേയ്ക്ക് എത്തിക്കുന്നു. 

ഈദൃശമായ ഉരസലും ഘര്‍ഷണവും തുടരുന്നതുകൊണ്ട് ആകാശം ശുഭ്രമായും തെളിമയാര്‍ന്നും കാണപ്പെടുന്നു. സേനകളുടേയും രണവീരന്മാരുടേയും രോദനം കൊണ്ട് മൂലോകങ്ങളും നിറഞ്ഞതുപോലെ തോന്നുന്നു.

ഇങ്ങിനെയുള്ള ഭയാനകമായ കാഴ്ചകള്‍ കണ്ടു വിവശമായി അവന്‍ മോഹാലസ്യപ്പെടുന്നു. ഭൂമിക്കടിയില്‍ക്കിടക്കുന്ന പുഴുവിനെപ്പോലെ, പാറയ്ക്കുള്ളില്‍ ഒതുങ്ങിയ തവളയെപ്പോലെ, ഗര്‍ഭപാത്രത്തിലെ ശിശുവിനെപ്പോലെ, കായ്ക്കുള്ളിലെ വിത്തിനെപ്പോലെ, വിത്തിനുള്ളിലെ ഇനിയും മുളപൊട്ടിയിട്ടില്ലാത്ത കൂമ്പുപോലെ, തന്മാത്രയ്ക്കുള്ളിലെ അണുപോലെ, ശിലയിലെ ഇനിയും കൊത്തിയെടുത്തിട്ടില്ലാത്ത ശില്‍പംപോലെ അയാള്‍ സ്വയം വിശ്രമത്തിലാണപ്പോള്‍. അവിടെ പ്രാണന്റെ സഞ്ചാരമില്ല. പ്രാണന് സഞ്ചരിക്കാന്‍ അതില്‍ തുളകളോ നിര്‍ഗമനമാര്‍ഗ്ഗങ്ങളോ ഇല്ല.

അന്ധകൂപത്തില്‍ ഇറങ്ങുന്നതുപോലെയോ പാറയ്ക്കുള്ളില്‍ ഒതുങ്ങുന്നതുപോലെയോ ആണ് ഒരുവന്‍ ദീര്‍ഘനിദ്രയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ആ പൂര്‍ണ്ണവിശ്രമാവസ്ഥയില്‍ മാനസീകവ്യാപരത്താല്‍ ഒരു ‘തുള’ വീഴുമ്പോള്‍ അവന് സ്വപ്നലോകത്തെ അറിയാനാകുന്നു. കാരണം പ്രാണവായുവിന്റെ സഞ്ചാരം ഇതിനുമുന്പേ അവന്‍ അനുഭവിച്ചവബോധിച്ചിട്ടുണ്ടല്ലോ. പ്രാണശക്തി ഒരു നാഡിയില്‍ നിന്നും മറ്റൊന്നിലേയ്ക്ക് സംക്രമിക്കുമ്പോള്‍ മാമലകള്‍ വര്‍ഷിക്കുന്നതിന്റെ ദൃശ്യം കാണാകുന്നു.

വാത-പിത്ത-കഫങ്ങളുടെ ചലനം കൂടുന്നതനുസരിച്ച് ഇത്തരം അനുഭവങ്ങളും കൂടുതലായി ഉണ്ടാവും. ഒരുവന്‍ ഈ മൂന്നു രസങ്ങളാല്‍ ഉല്‍പ്പന്നമായ അനുഭവങ്ങള്‍ അകമേ എന്തെന്തെല്ലാം ഉണ്ടാകുന്നുവോ അവയൊക്കെ ബാഹ്യമായും അവനനുഭവപ്പെടുന്നു. അതിനനുസരണമായി അവന്റെ കര്‍മ്മേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനനിരതമാവുകയാണ് ചെയ്യുന്നത്.

ജീവന്‍ അകമെയോ പുറമേയോ കലുഷമായിത്തീരുമ്പോള്‍ വാതപിത്തകഫങ്ങളുടെ ചലനം നേരിയതോതിലാണെങ്കില്‍ അവനില്‍ ചെറിയ വൈരുദ്ധ്യങ്ങളേ പ്രകടമാവുകയുള്ളു. ഈ മൂന്നും സമസംതുലമായി നിലകൊള്ളുമ്പോള്‍ ജീവനില്‍ സമതാഭാവത്തിന്റെ പ്രശാന്തതയായി അത് പ്രകടമാവുന്നു.
   
എരിഞ്ഞു നീറ്റല്‍, മുങ്ങിത്താഴല്‍, പറക്കല്‍, മലകളിലും പാറകളിലും വിശ്രമിക്കല്‍, നരകാനുഭവങ്ങള്‍, ആകാശത്തുയര്‍ന്നും താഴ്ന്നും ചലിക്കല്‍, കളിസ്ഥലത്ത് മുങ്ങിത്താഴുന്നതുപോലെയുള്ള മോഹവിഭ്രമങ്ങള്‍, പാതിരാവില്‍ക്കാണുന്ന സൂര്യപ്രകാശം, ബുദ്ധിയിലുളവാകുന്ന വികലവിഭ്രമങ്ങള്‍, സ്വന്തക്കാരെ ശത്രുക്കളായും ശത്രുക്കളെ മിത്രങ്ങളായും കാണല്‍, എന്നിവയെല്ലാം ജീവനില്‍   അനുഭവമാകുന്നത് ഈ മൂന്നുരസങ്ങളും ഇളകിവശായി കാലുഷ്യമാര്‍ന്നു നിലകൊള്ളുമ്പോഴാണ്.

കണ്ണടച്ചാല്‍ ഇവയെല്ലാം ഉള്ളില്‍ക്കാണാം; കണ്ണുതുറന്നാല്‍ ഇവയെല്ലാം പുറത്തും കാണാം. എന്നാല്‍ ഇവയെല്ലാം ഈ മൂന്നു രസങ്ങളുടെ സമതാ ഭാവത്തിലുണ്ടായ വ്യതിയാനംമൂലം സംഭവിച്ചതാണ്. എന്നാല്‍ വാതപിത്തകഫങ്ങള്‍ സമസംതുലിതമാകുമ്പോള്‍ ലോകത്തെ ബ്രഹ്മത്തില്‍ നിന്നും വേറിടാത്ത ഒന്നായി, യഥാര്‍ത്ഥ്യമായി, സത്തായി ജീവനില്‍ കാണാകുന്നു.

629 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 629

യദേന്ദ്രിയാണി തിഷ്ടന്തി ബാഹ്യതശ്ച സമാകുലം
തദാ മ്ലാനാനുഭവന: സംകല്‍പാര്‍ത്ഥോനുഭൂയതേ (6.2/145/2)
മുനി തുടര്‍ന്നു: ജീവന്‍ ബാഹ്യലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും ബാഹ്യമായ ഇന്ദ്രിയങ്ങളാലാണ്. എന്നാല്‍ അന്തരേന്ദ്രിയങ്ങളാലാണ് ജീവന്‍ ഉള്ളിലുണരുന്ന സ്വപ്നലോകത്തെ അറിയുന്നത്.
“ഇന്ദ്രിയങ്ങള്‍ ബാഹ്യലോകത്തെ അനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഉള്ളിലുള്ള ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വ്യക്തതയുണ്ടാവുകയില്ല. അവയുടെ തലം പുകമൂടിമങ്ങിയിരിക്കും.   
എന്നാല്‍ ധ്യാനവേളയില്‍ ഇന്ദ്രിയങ്ങള്‍ അകത്തേയ്ക്ക് തിരിക്കുമ്പോള്‍ സാധകന്‍ അവനില്‍ത്തന്നെയുള്ള ലോകത്തെ തെളിമയോടെ കാണുന്നു. വാസ്തവത്തില്‍ ലോകമെന്ന ഈ പ്രകടിത ദൃശ്യത്തില്‍ വൈരുദ്ധ്യങ്ങള്‍ ഒന്നുമില്ല. അതെങ്ങിനെ കാണപ്പെടുന്നോ, അതപ്രകാരം തന്നെയാകുന്നു. അതിനാല്‍ കണ്ണുകള്‍ തുറന്നു പുറത്തേയ്ക്ക് നോക്കുമ്പോള്‍ ഈ ലോകം അനന്തബോധത്തിനു ബാഹ്യമായാണ് കാണപ്പെടുന്നത്.

എല്ലാ ഇന്ദ്രിയ സംവേദനങ്ങളും – സ്പര്‍ശനം, ദര്‍ശനം, ഘ്രാണനം, ശ്രവണം, സ്വാദറിയല്‍, ആശകള്‍, എല്ലാം ചേര്‍ന്ന സംഘാതമാണ്‌ ജീവന്‍ എന്നറിയപ്പെടുന്നത്. അത് ജീവശക്തിയുള്ള ശുദ്ധബോധം തന്നെയാകുന്നു. ഈ ജീവനാണ് എല്ലാമായി, എല്ലാറ്റിലും നിലകൊണ്ട് എല്ലായിടത്തും എപ്പോഴും എറ്റിനെയും അനുഭവിക്കുന്നത്.

ജീവനില്‍ അല്ലെങ്കില്‍ ഓജസ്സ് എന്ന അടിസ്ഥാന സത്തയില്‍ ശ്ലേഷ്മരസം (വാത-പിത്ത കഫങ്ങളിലെ കഫം) നിറയുമ്പോള്‍ അതിന്റെ ഫലം ഉടനെതന്നെ അവിടെ കാണപ്പെടുന്നു. അവന്‍ പാല്‍ക്കടലില്‍ ഉയര്‍ന്നു പൊങ്ങുന്നതായി സ്വയം കാണുന്നു. ആകാശത്ത് ചന്ദ്രന്‍ പ്ലവിക്കുന്നതായും അവന്‍ ‘കാണുന്നു’. താമരകള്‍ നിറഞ്ഞ പൊയ്കകളും, പൂവാടികളും പൂക്കളും, സ്ത്രീജനങ്ങള്‍ നൃത്തംവയ്ക്കുന്ന ആഘോഷങ്ങളും ഉത്സവങ്ങളും, ആഹാരപാനീയങ്ങളാല്‍ സമൃദ്ധമായ സദ്യകളും, കടലിലേയ്ക്കൊഴുകിയെത്തുന്ന അരുവികളും, ശുഭ്രനിറം ചാര്‍ത്തിയ കൊട്ടാരങ്ങളും നറുമഞ്ഞണിഞ്ഞ പാടങ്ങളും, മാന്‍പേടകള്‍ മയങ്ങുന്ന നന്ദനോദ്യാനങ്ങളും മലഞ്ചെരിവുകളും അവന്‍ ‘കാണുന്നു’.
     
ജീവനില്‍ പിത്തരസം നിറയുമ്പോള്‍ അതിന്റെ ഫലം അവന്‍ അപ്പോള്‍ത്തന്നെ അനുഭവിക്കുന്നു. അതിസുന്ദരങ്ങളായ അഗ്നിജ്വാലകളും ഞരമ്പുകളെ സ്വേദപൂരിതമാക്കുന്ന തരം ഉഷ്ണജ്വാലകളും അപ്പോള്‍ അവന്‍ കാണുന്നു. ഈ ഉഷ്ണജ്വാലകള്‍ ആകാശത്തെ ഇരുട്ടിലാഴ്ത്തുന്ന കറുത്തപുകയാണ് വമിക്കുന്നത്. പ്രഭാപൂരം പൊഴിക്കുന്ന സൂര്യന്മാര്‍ ആ പ്രകാശത്തിനോടൊപ്പം തീഷ്ണതാപവും പുറത്തുവിടുന്നു. കടലും കടലില്‍ നിന്നും ആകാശത്തുയര്‍ന്നു പൊങ്ങുന്ന നീരാവിയും, അപ്രതിരോദ്ധ്യങ്ങളായ കാടുകളും മരുമരീചികകളും അവയില്‍ നീന്തുന്ന മരാളങ്ങളും അവന്‍ ‘കാണുന്നു’. നിറയെ ചൂടുള്ള പൊടിയണിഞ്ഞു വിവശനായി പാതയോരത്തുകൂടി ഓടി തളരുന്ന അവനെത്തന്നെയും അവന്‍ ‘കാണുന്നു’. ഭൂമി ചുട്ടുപഴുത്തു വരണ്ടുണങ്ങിയതായും അവന്‍ ‘കാണുന്നു’. കണ്ണ് കാണുന്നതെല്ലാം തീപിടിച്ചു കാണപ്പെടുന്നു. മേഘങ്ങള്‍ വര്‍ഷിക്കുന്നത് തീയാണ്. എല്ലായിടത്തും തീ നിറഞ്ഞിരിക്കുന്നതിനാല്‍ എല്ലാടവും ജാജ്വല്യമാനമാണ്.

എന്നാല്‍ ജീവനില്‍ വാതരസം നിറയുമ്പോള്‍ അവന്‍ ലോകത്തെ പുതുമയോടെ ദര്‍ശിക്കുന്നു. താന്‍ മാത്രമല്ല കേവലം കല്ലും മലകളും പോലും പാറി നടക്കുന്നതായി അവന്‍ കാണുന്നു. എല്ലാം ചുറ്റിത്തിരിഞ്ഞും വട്ടംകറങ്ങിയും കാണുന്നു. ആകാശത്ത് പാറിപ്പറക്കുന്ന മാലാഖമാരും കിന്നരന്മാരും അവനു കാണാകുന്നു. ഭൂമിയും അതിലുണ്ടാകുന്ന ഭൂമികുലുക്കം പോലുള്ള ക്ഷോഭങ്ങളും അവന്‍ കാണുന്നു. ആഴമേറിയ അന്ധകൂപത്തില്‍ വീഴുന്നതായോ അതിഭീകരമായ ആപത്തുണ്ടാകുന്നതായോ സ്വയം കാണുന്നു. മലമുകളിലെ മാമരത്തിന്റെ തുഞ്ചത്തു നിന്നു വിഷണ്ണനായി താഴോട്ടു നോക്കുന്നതായും അവന്‍ ‘കാണുന്നു’ 

628 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 628

ഭാത്യകാരണകം ബ്രഹ്മ സര്‍ഗാത്മാപ്യബുധം പ്രതി
തം പ്രത്യേവ ച ഭാത്യേഷ കാര്യകാരണദൃഗ്ഭ്രമ: (6.2/144/49)
മുനി തുടര്‍ന്നു: അനന്തബോധത്തിന്റെ അണുക്കള്‍ക്കുള്ളില്‍ ലോകമെന്ന അനുഭവപ്രതീതിയുണ്ട്. എന്നാല്‍ കണ്ണാടിയിലെ പ്രതിബിംബം കണ്ണാടി തന്നെയെന്നപോലെ ലോകമെന്ന കാഴ്ചയും ബോധത്തില്‍ നിന്നും വിഭിന്നമല്ല. അനന്തബോധം ആദിയന്തങ്ങള്‍ ഉള്ളതല്ല. അതുതന്നെയാണ് സൃഷ്ടിയെന്നറിയുന്നതും.
ബോധം പ്രഭാസിക്കുന്നയിടത്തെല്ലാം സൃഷ്ടിയുണ്ട്. ദേഹത്തില്‍ നിന്നും വേറിട്ടല്ലല്ലോ അവയവങ്ങളുടെ അസ്തിത്വം. ഞാനും നീയും ഈ ലോകം മുഴുവനും ബോധമാകുന്നു. ഈ അറിവിന്റെ നിറവില്‍ സൃഷ്ടിയെ മുഴുവന്‍ ബോധത്തിന്റെ സഹജഭാഗമായി കാണുന്നതിനാല്‍ ഒന്നും ‘സൃഷ്ടമായിട്ടില്ല’ എന്ന് വരുന്നു.

അതിനാല്‍ ഞാന്‍ ഒരേസമയം അണുരൂപിയും അനന്തരൂപിയുമായ ബോധമാണ്. സര്‍വ്വവ്യാപിയാണ് ഞാന്‍. അതിനാല്‍ ഞാന്‍ എവിടെയാണെങ്കിലും അവിടെയിരുന്ന് എനിക്കെല്ലാം കാണാം. വെള്ളത്തുള്ളിതന്നെയാണ് കടലിലെ ജലം എന്നതുപോലെ ഞാന്‍ ബോധാണുവാണ്. ഞാനാണ് അനന്തമായ ബോധമുള്ളവന്‍. 

അതിനാല്‍ ഓജസ്സില്‍ പ്രവേശിച്ച് എനിക്ക് മൂന്നു ലോകങ്ങളെയും അനുഭവിക്കുവാന്‍ കഴിയും. ത്രിലോകങ്ങള്‍, എല്ലാമെല്ലാം ഞാന്‍ എന്റെയുള്ളിലാണ് ദര്‍ശിച്ചത്. അവ ബാഹ്യ ദര്‍ശനമായിരുന്നില്ല. അവയെ സ്വപ്നമെന്ന് വിളിച്ചാലും ജാഗ്രദെന്നു പറഞ്ഞാലും അകത്തെന്നോ പുറത്തെന്നോ കരുതിയാലും അവ അനന്താവബോധം തന്നെയാകുന്നു.

വ്യാധന്‍ (വേടന്‍) ചോദിച്ചു: ഈ സൃഷ്ടി ഹേതുരഹിതമാണെങ്കില്‍ അതെങ്ങിനെയാണുണ്ടായത്? അല്ല, അതിനൊരു കാരണമുണ്ടെങ്കില്‍ ആ സ്വപ്നസൃഷ്ടിക്ക് ഹേതുവായിരുന്നതെന്താണ്?

മുനി പറഞ്ഞു: ആദിയില്‍ സൃഷ്ടിക്ക് യാതൊരു കാരണവും ഉണ്ടായിരുന്നില്ല. സൃഷ്ടിവിഷയങ്ങള്‍ക്ക് ആദിയില്‍ കാരണങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട്‌ സൃഷ്ടികള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യങ്ങളും വൈവിദ്ധ്യഭാവങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ പരസ്പരവൈരം എന്ന പ്രശ്നം അവ തമ്മിലപ്പോള്‍ ഉദിച്ചിട്ടേയില്ല. ഒരെയോരനന്തബ്രഹ്മം ഇവയിലെല്ലാം പ്രോജ്വലിക്കുന്നു. സൃഷ്ടി എന്നൊരു കേവല ശബ്ദത്താല്‍ ഇതറിയപ്പെട്ടുവെന്നു മാത്രം.

അതായത് ഈ അഹേതുകസൃഷ്ടി ബ്രഹ്മം തന്നെയാകുന്നു. ഭാഗങ്ങള്‍ ഇല്ലെങ്കിലും ഭാഗങ്ങള്‍ ഉള്ളതുപോലെ ബ്രഹ്മം കാണപ്പെടുന്നു. വൈവിദ്ധ്യമില്ലെങ്കിലും ഉള്ളതുപോലെ തോന്നുന്നു. രൂപങ്ങളില്ലെങ്കിലും ഉള്ള പ്രതീതിയാണ്.

ശുദ്ധ ബോധമായതിനാല്‍  അത് പലപല രൂപങ്ങളില്‍ ചരങ്ങളും അചരങ്ങളുമായി കാണപ്പെടുന്നു. ദേവതകളായും മാമുനിമാരായും അത് ഒരു ലോകക്രമത്തെ ഉണ്ടാക്കി പരിപാലിക്കുന്നു. അതിനായുള്ള നിയമങ്ങളും തത്വങ്ങളും നടപ്പിലാക്കുന്നു. അസ്തിത്വം അനസ്തിത്വം, സ്ഥൂലം, സൂക്ഷ്മം, എന്നീ വിരുദ്ധാശയങ്ങളൊന്നും സര്‍വ്വവ്യാപിയായ ബോധത്തെ ബാധിക്കുന്നില്ല. 

എന്നാല്‍ ഈയൊരു സൃഷ്ടിതലത്തിനപ്പുറം കാരണങ്ങളില്ലാതെ കാര്യങ്ങള്‍ ഉണ്ടാവുന്നില്ല. ഒരേയൊരാളിന്റെ രണ്ടു കൈകള്‍ പരസ്പരം നിയന്ത്രിക്കുന്നതുപോലെ ലോകക്രമവും അതിന്റെ ദേവതയായ ബ്രഹ്മവും  വര്‍ത്തിക്കുന്നു. സൃഷ്ടിയുടെ സമാരംഭത്തിനു കാരണമായി യാതൊരുവിധ ഇച്ഛകളും മാനസീകവ്യാപാരങ്ങളും ഇല്ല. എന്നാല്‍ നിയതിയെന്ന ലോകക്രമം ബ്രഹ്മത്തിലാണ്. നിയതിയില്ലാതെ ബ്രഹ്മമില്ല. അതിനാല്‍ സൃഷ്ടിയുടെ കാരണം അതുണ്ടാക്കുന്നവനുമായി ബന്ധപ്പെട്ടുമാത്രമിരിക്കുന്നു. ആ സൃഷ്ടി നിലനില്‍ക്കുന്നിടത്തോളം മാത്രമേ ആ ബന്ധുതയും നിലനില്‍ക്കുന്നുള്ളു.

“ബ്രഹ്മം സൃഷ്ടിയായി പ്രഭാസിക്കുന്നത് കാരണരഹിതമായിട്ടാണെന്ന് അജ്ഞാനി ചിന്തിക്കുന്നു. അതേ അജ്ഞാനിതന്നെയാണ് കാര്യ-കാരണ കെട്ടുപാടുകളില്‍ പെട്ടുഴറി കാര്യത്തിനൊരു കാരണം കൂടിയേ തീരൂ എന്ന് അസന്നിഗ്ദ്ധമായി വിശ്വസിച്ച് മോഹഭ്രമത്തിന് വശംവദമാവുന്നത്.

തെങ്ങോലയില്‍ കാക്ക വന്നിരിക്കുമ്പോള്‍ മൂത്ത് പാകമായ തേങ്ങ ഞെട്ടടര്‍ന്നു വീഴുന്നു. നിയതിയാണ്‌ ‘ഇതിതാണ്’, ‘അതതാണ്’ എന്നെല്ലാം നിര്‍ണ്ണയിക്കുന്നത്.