May 28, 2013

354 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 354

പ്രബുദ്ധാ: സ്മ: പ്രഹൃഷ്ടാ: സ്മ: പ്രവിഷ്ടാ: സ്മ: സ്വമാസ്പദം
സ്ഥിതാ: സ്മോ ജ്ഞാതവിജ്ഞേയാ ഭവന്തോ ഹ്യാപരാ ഇവ         (6/28/7)

വസിഷ്ഠന്‍ പറഞ്ഞു: അപ്പോള്‍ ഞാന്‍ ഭുശുണ്ടനോടു പറഞ്ഞു —ഭഗവന്‍, അങ്ങയുടെ കഥ അത്യദ്ഭുതകരമായിരിക്കുന്നു. അങ്ങയെ കാണാന്‍ സാധിക്കുന്നവര്‍ അനുഗൃഹീതരായി. അങ്ങ് മറ്റൊരു സൃഷ്ടാവെന്നപോലെയാണ് വിരാജിക്കുന്നത്. വളരെ വിരളമായേ അങ്ങയെപ്പോലുള്ള ഒരാളെ കണ്ടുകിട്ടുകയുള്ളു. അങ്ങയുടെ ദര്‍ശനത്താല്‍ എന്റെ ജന്മവും പുണ്യമാര്‍ജ്ജിച്ചു. അങ്ങേയ്ക്കെന്നെന്നും നിയതിയുടെ അനുഗൃഹാശിസ്സുകള്‍ ഉണ്ടാകട്ടെ. എനിക്കിപ്പോള്‍ വിട തന്നാലും.

രാമാ, ഇത് കേട്ട ഭുശുണ്ടന്‍ എന്നെ പൂജിച്ച് ബഹുമാനിച്ചു.  ഞാന്‍ തടുത്തിട്ടും എന്റെകൂടെ കുറേദൂരം കൂട്ടുവന്നും എന്റെ കൈകളില്‍ മുറുകെപ്പിടിച്ച് സൗഹൃദം കാട്ടിയും എന്നെ യാത്രയാക്കി. എനിക്കുപോലും ആ സുഹൃത്തിനെ പിരിയാന്‍ വിഷമമായിരുന്നു. ഉത്തമസൌഹൃദങ്ങള്‍ അങ്ങിനെയാണല്ലോ. ഞാന്‍ പറഞ്ഞത് കൃതയുഗത്തില്‍ നടന്ന കാര്യമാണ്. ഇപ്പോള്‍ ത്രേതായുഗമാണല്ലോ. ഇതാണ് രാമാ കാകഭുശുണ്ടന്റെ കഥ. നിനക്കും പ്രാണായാമം പരിശീലിച്ച് അദ്ദേഹത്തെപ്പോലെ ചിരകാലം ജീവിക്കാന്‍ കഴിയും.

രാമന്‍ ചോദിച്ചു: അങ്ങയുടെ വചനങ്ങളാകുന്ന പ്രകാശരശ്മികള്‍ എന്റെയുള്ളിലെ ഇരുട്ടിനെ അകറ്റിക്കളഞ്ഞിരിക്കുന്നു. “അതിനാല്‍ത്തന്നെ ഞങ്ങളെല്ലാം ആത്മീയമായി ഉണര്‍ന്നിരിക്കുന്നു. ഞങ്ങള്‍ അതീവസന്തുഷ്ടരാണിപ്പോൾ . അറിയാന്‍ യോഗ്യമായ, എല്ലാവരും അറിയേണ്ടതായ  പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിനാല്‍ ഞങ്ങള്‍ ആത്മാവില്‍ വിലയിച്ച് അങ്ങയുടെതന്നെ പ്രതിരൂപങ്ങളെന്നമട്ടില്‍ നിലകൊള്ളുകയാണ്.”

അങ്ങ് വിവരിച്ച അനുഭൂതിദായകമായ ഭുശുണ്ടചരിതത്തില്‍ മൂന്നുതൂണുകളും ഒന്‍പതു വാതിലുകളും ഉള്ള ഒരു ദേഹത്തെപ്പറ്റി പറഞ്ഞുവല്ലോ. അതെങ്ങിനെയാണ് ആദ്യമായുണ്ടായത്? എങ്ങിനെയാണത്‌ നിലനില്‍ക്കുന്നത്? ആരാണതില്‍ അധിവസിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഈ പറഞ്ഞ ദേഹത്തെ ആരും ഉണ്ടാക്കിയിട്ടില്ല. കാരണം അതൊരു മായക്കാഴ്ചമാത്രമാണ്. വസ്തുക്കളെ രണ്ടായി കാണുന്ന നേത്രരോഗി രണ്ടു ചന്ദ്രന്മാരെ ആകാശത്തു കാണുമ്പോലെയൊരു കാഴ്ച മാത്രമാണിത്‌ . ചന്ദ്രന്‍ ഒന്നേയുള്ളൂ, എന്നാല്‍ പ്രകാശത്തിന്റെ ഒരു മായാലീലയാണ് രണ്ടാമത്തെ ചന്ദ്രന്‍. . ഭൌതീകശരീരം എന്നൊരു ചിന്ത മനസ്സില്‍ ഉള്ളപ്പോള്‍ മാത്രമേ ദേഹം നിലനില്‍ക്കുന്നുള്ളു. അത് സത്യമല്ല. എന്നാല്‍ ശരീരമെന്ന ധാരണയുള്ളിടത്തോളം കാലം അത് ദൃശ്യമായിക്കൊണ്ടേയിരിക്കും. 

സ്വപ്‌നങ്ങള്‍ സ്വപ്നാവസ്ഥയില്‍ സത്യമാണല്ലോ. മറ്റുള്ള അവസ്ഥകളില്‍ അവ അസത്യമാണെന്ന് നമുക്കറിയാം. അതുപോലെയാണ് ദേഹവും. അനുഭവസമയത്ത് മാത്രമേ അത് സത്തായുളളു. സത്യമെന്നു തോന്നുമെന്കിലും വാസ്തവത്തില്‍ അത് വെറും ഭ്രമക്കാഴ്ച മാത്രമാണ്. മാംസാസ്ഥിസംഘാതമായ ദേഹം എന്ന നിലയില്‍ മാത്രമേ ‘ഞാന്‍ ഈ ദേഹമാണ്’ എന്ന ധാരണയ്ക്ക് സാംഗത്യമുളളു. അത് പൂര്‍വ്വാര്‍ജ്ജിതമായ മനോപാധികളുടെ സൃഷ്ടിയാണ്. വെറും മായ. ഈ മായയെ ഉപേക്ഷിക്കൂ.


നിന്റെ ചിന്താശക്തികൊണ്ട് ആയിരക്കണക്കിന് ദേഹങ്ങളെ നീ ഉണ്ടാക്കിയിട്ടുണ്ട്. നീ ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും ഒരു ദേഹത്തെ അനുഭവിക്കുന്നുണ്ട്. അതെവിടെയാണ് ഉണ്ടായിനിലകൊള്ളുന്നത്? ദിവാസ്വപ്നം കാണുമ്പോള്‍ നീ സ്വര്‍ഗ്ഗത്തിലാണെന്നും മറ്റും സങ്കല്‍പ്പിക്കുന്നു. ആ ദേഹം എവിടെയാണ്? അതെല്ലാം കഴിഞ്ഞ് നീ വിവിധതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പലവിധത്തിലുള്ള വേഷങ്ങള്‍ ആടിത്തീര്‍ക്കുന്നു. ഇതെല്ലാം ചെയ്യുന്ന ശരീരവും എവിടെയാണ് സ്ഥിതിചെയ്യുന്നത്? നീ നിന്റെ സുഹൃത്തുക്കളുമായി ഉല്ലസിച്ചു രസിക്കുകയും സ്വയം മറക്കുകയും ചെയ്യുമ്പോള്‍ ആ ശരീരം എവിടെയാണ്? അതാണ്‌ രാമാ ഞാന്‍ പറഞ്ഞത്‌, ശരീരം മനസ്സിന്റെ സൃഷ്ടിയാണെന്ന്. അതിനാല്‍ ശരീരത്തെ സത്തെന്നും അല്ലെന്നും കണക്കാക്കാം. അതിന്റെ പ്രവര്‍ത്തനം മനസിന്റെ വരുതിയിലായതിനാല്‍ അത് മനസ്സില്‍നിന്നും വിഭിന്നമല്ല എന്ന് പറയാം. 

No comments:

Post a Comment

Note: Only a member of this blog may post a comment.