ബാഹ്യേ തമസി സംക്ഷീണേ ലോകാലോക:
പ്രജായതെ
ഹാര്‍ദേ തു തമസി ക്ഷീണേ സ്വാലോകോ
ജായതേ മുനേ (6/25/44)
ഭുശുണ്ടന്‍ തുടര്‍ന്നു:
ഒരുവന്റെ ഹൃദയവും മനസ്സും പ്രാണാപാനന്‍മാരുടെ നിയന്ത്രണം മൂലം നിര്‍മലമായിക്കഴിഞ്ഞാല്‍
അവന് എല്ലാ വിഭ്രമങ്ങളില്‍ നിന്നും മോചനമായി. എന്തെന്തു കര്‍മ്മങ്ങളില്‍
വ്യാപരിച്ചാലും അയാളുടെ ഉള്ളുണര്‍ന്നിരിക്കുന്നതുകൊണ്ട് അയാള്‍ ആത്മാവില്‍
അഭിരമിച്ചവന്‍ തന്നെയാണ്.
പ്രാണന്‍ ഉയര്‍ന്നുവന്ന്
ഹൃദയപത്മത്തിന്റെ പന്ത്രണ്ടുവിരല്‍ അകലത്ത് ദേഹബാഹ്യമായി അവസാനിക്കുന്നു. അപാനന്‍
ദ്വാദശാന്തത്തില്‍ ഉയര്‍ന്നുവന്ന് ഹൃദയപത്മത്തില്‍ എത്തി നിലയ്ക്കുന്നു. പ്രാണന്‍ നിലയ്ക്കുമ്പോള്‍
അപാനന്‍ ഉയരുന്നു. പ്രാണന്‍ ഉയര്‍ന്നുതാഴ്‌ന്നു നിരന്തരം കത്തുന്ന ദീപനാളം പോലെയാണ്; എന്നാല്‍
അപാനന്‍ ഹൃദയപത്മത്തിലേയ്ക്ക്- അതായത് താഴേയ്ക്കൊഴുകുന്ന ജലംപോലെയാണ്.
അപാനന്‍ ശരീരത്തെ
ബാഹ്യമായി സംരക്ഷിക്കുന്ന ചന്ദ്രനാണ്. പ്രാണനോ ശരീരത്തിന്റെ ആന്തരീകപ്രവര്‍ത്തനങ്ങളെ
ചടുലമാക്കുന്ന സൂര്യന്‍ , അല്ലെങ്കില്‍ അഗ്നിയാണ്. പ്രാണന്‍ ഹൃദയാകാശത്തില്‍
എല്ലാനിമിഷവും താപമുണ്ടാക്കുന്നു. ആ ചൂട് മുഖത്തിനു മുന്നിലുള്ള ഇടത്തെയും
ചൂടുള്ളതാക്കുന്നു. അപാനന്‍ മുഖത്തിനുമുന്നിലുള്ള സ്ഥലത്തെയും ഹൃദയാകാശത്തെയും
സംപുഷ്ടമാക്കുന്നു.
പ്രാണാപാനന്‍മാരുടെ സംഗമത്തില്‍
എത്താന്‍ കഴിയുന്ന സാധകന് ഇനി ദുഖങ്ങളില്ല. അയാള്‍ക്ക് പുനര്‍ജന്മങ്ങളുമില്ല.
വാസ്തവത്തില്‍ പ്രാണന്‍ തന്നെയാണ് തന്റെ തീവ്രമായ താപമുപേക്ഷിച്ച് അപാനന്‍ ആയി
മാറുന്നത്.
വീണ്ടും അതേ പ്രാണന്‍
ചാന്ദ്രശീതളിമയെ ഉപേക്ഷിച്ച് തന്റെ സ്വരൂപസ്വഭാവമായ സൂര്യതാപം സ്വാംശീകരിച്ച്
ശുദ്ധീകരണപ്രക്രിയ പുനരാരംഭിക്കുന്നു. പ്രാണന്‍ തന്റെ സൂര്യപ്രകൃതിയെ ഉപേക്ഷിച്ച്
ചാന്ദ്രപ്രകൃതി സ്വീകരിക്കുംവരെ ജ്ഞാനികള്‍ പ്രാണോപാസന ചെയ്യുന്നു. സ്വഹൃദയത്തില്‍
സൂര്യന്റെ ഉദയാസ്തമയങ്ങളും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും സംബന്ധിച്ച സത്യത്തെ
ആരറിയുന്നുവോ അയാള്‍ക്ക് ജനിമൃതികളില്ല. ഹൃദയപത്മത്തില്‍ ഭഗവാനായി സൂര്യനെ
കാണുന്നവന്‍ സത്യത്തെ അറിയുന്നു.
പരിപൂര്‍ണ്ണതയെ
പ്രാപിക്കുന്നതിനായി ബാഹ്യമായ അന്ധകാരത്തെ നിരോധിക്കുകയോ സ്വീകരിക്കുകയോ
ചെയ്യേണ്ടതില്ല. ഹൃദയത്തിലെ ആന്ധ്യം നീക്കാന്‍ പരിശ്രമിച്ചാല്‍ മതി. “ബാഹ്യമായുള്ള
ഇരുട്ടകന്നാല്‍ ലോകത്തെ ദര്‍ശിക്കാനാവും. എന്നാല്‍ ഉള്ളിലെ അജ്ഞാനമാകുന്ന
ആന്ധ്യമകന്നാല്‍ ആത്മജ്ഞാനത്തിന്റെ ഉദയമായി.” പ്രാണാപാനന്മാരുടെ
നിയന്ത്രണത്തിലൂടെ, അവയെക്കുറിച്ചുള്ള അറിവിലൂടെ, മുക്തിയെ പ്രാപിക്കാം.
അപാനന്‍ അവസാനിക്കുന്ന
ഹൃത്തടത്തിലാണ് പ്രാണന്‍ ഉദിക്കുന്നത്. പ്രാണന്‍ ജനിക്കുമ്പോള്‍ അപാനന്റെ
അന്ത്യമായി. അതുപോലെ അപാനന്റെ ജനനം പ്രാണന്റെ അവസാനമാണ്.
പ്രാണന്റെ ചലനം അവസാനിപ്പിച്ച്
അപാനന്‍ ഉയരാന്‍ തുടങ്ങുന്ന സമയമാണ് ഒരുവന്‍ ബാഹ്യമായ കുംഭകത്തെ അനുഭവിക്കുന്നത്.
അതില്‍ അടിയുറച്ചവന് ദുഖങ്ങളില്ല.
അപാനന്റെ ചലനം നിലയ്ക്കുകയും
പ്രാണന്‍ അല്പം ഉയരാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ഒരുവന്‍ ആന്തരകുംഭകം അനുഭവിക്കുന്നു.
അതില്‍ അടിയുറച്ചവനും ദുഖങ്ങളില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.