May 4, 2013

346 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 346


ദൃഷ്ടാനേകവിധാനല്‍പസര്‍ഗസംഗഗമാഗമ:
കിം കിം സ്മരസി കല്യാണ ചിത്രമസ്മിജ്ജഗത്‌ക്രമേ (6/21/27)

വസിഷ്ഠന്‍ ചോദിച്ചു: അങ്ങയുടെ ദീര്‍ഘായുസ്സ്‌ കാണുമ്പോള്‍ അങ്ങ് പൂര്‍ണ്ണമുക്തിയെ പ്രാപിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങ് ജ്ഞാനിയും ധീരനായൊരു യോഗിവര്യനുമാണെന്നും ഞാനറിയുന്നു. ഈ ലോകചക്രത്തിലും ഇതിനു മുന്‍പുള്ള മറ്റു ലോകചക്രങ്ങളിലും നടന്നതും  അങ്ങേയ്ക്കോര്‍മ്മയുള്ളതുമായ  അസാധാരണ സംഭവങ്ങളെപ്പറ്റി ദയവായി പറഞ്ഞുതന്നാലും.

ഭുശുണ്ടന്‍ പറഞ്ഞു: ഞാനോര്‍ക്കുന്നു, പണ്ട് ഭൂമിയില്‍ യാതൊന്നും ഇല്ലാതിരുന്ന ഒരു കാലം. മരങ്ങളോ ചെടികളോ പർവ്വതങ്ങളോ പോലും ഉണ്ടായിരുന്നില്ല. പതിനോരായിരം കൊല്ലം ഭൂമിയെ ദ്രവശില (ലാവ) മൂടിക്കിടന്നിരുന്നു. അപ്പോള്‍ ധ്രുവങ്ങള്‍ക്ക് കീഴില്‍ രാത്രിയോ പകലോ ഒന്നും ഉണ്ടായിരുന്നില്ല. കാരണം സൂര്യചന്ദ്രന്മാര്‍ ബാക്കിയുള്ള ഭൂമിയെ പ്രകാശമാനമാക്കാക്കിയിരുന്നില്ല. ധൃവപ്രദേശത്തിന്റെ പകുതി മാത്രമേ പ്രകാശിച്ചിരുന്നുളളു. അപ്പോള്‍ അസുരന്മാരാണ് ഭൂമിയെ ഭരിച്ചിരുന്നത്. അതിശക്തരും, ഐശ്വര്യസമൃദ്ധിയുളളവരുമായിരുന്നുവെങ്കിലും മായാഭ്രമങ്ങള്‍ക്കടിമകളായിരുന്നു അവർ . ഭൂമി അവര്‍ക്കൊരു കളിസ്ഥലമായിരുന്നു.

ധ്രുവപ്രദേശങ്ങളൊഴികെ എല്ലാടവും ജലം നിറഞ്ഞിരുന്നു. പിന്നീട് കുറെയേറെക്കാലം ധ്രുവപ്രദേശമൊഴിച്ചെല്ലാടവും കാടുനിറഞ്ഞു കിടന്നു. പിന്നീട് വന്‍ പര്‍വ്വതങ്ങള്‍ ഉണ്ടായി. എന്നാല്‍ അവയിലൊന്നും മനുഷ്യവാസം ഉണ്ടായില്ല. അസുരന്മാരുടെ ശവശരീരം കൊണ്ട് ഒരു പതിനായിരം കൊല്ലം ഭൂമി മൂടപ്പെട്ടിരുന്നു. ആകാശത്ത്‌ അലസഗമനം നടത്തിയിരുന്ന ദേവന്മാര്‍ അപ്പോള്‍ ഭയം മൂലം ആ ഭാഗത്തേയ്ക്ക് വരാതായി. ഭൂമി ഒറ്റയൊരു വന്‍പര്‍വ്വതംപോലെ ആയിത്തീര്‍ന്നിരുന്നു. എനിക്കങ്ങിനെ പല കാര്യങ്ങളും കഥകളും ഓര്‍മ്മയിലുണ്ട്. എങ്കിലും അവയില്‍ ചിലത് മാത്രം ഞാന്‍ പറഞ്ഞു തരാം. 

എന്റെ ജീവിതത്തില്‍ ഞാന്‍ പല മനുക്കളെയും കണ്ടു. മനുഷ്യവംശത്തിന്റെ ആദിപിതാവാണ് മനു. ഒരുകാലത്ത് ഒരു വിശ്വാണ്ഡം മാത്രമേ ഉണ്ടായിരുന്നുള്ളു. ദേവന്മാരും അസുരന്മാരും ഒന്നും ഇല്ലായിരുന്നു. എന്നാല്‍ മറ്റൊരുകാലത്ത് ഭൂമി നിറയെ അസന്മാര്‍ഗ്ഗികളായ, മദിച്ചുകുടിച്ചു മദോന്മത്തരായ ബ്രാഹ്മണരും, ദൈവനിഷേധികളായ ശൂദ്രന്മാരും, വേശ്യാസ്ത്രീകളും നിറഞ്ഞിരുന്നു. ഭൂമിയാകെ കാടുനിറഞ്ഞിരുന്ന ഒരു യുഗത്തെപ്പറ്റിയും സമുദ്രമെന്ന സങ്കല്‍പ്പം പോലും അന്യമായിരുന്ന മറ്റൊരു യുഗവും എന്റെ ഓര്‍മ്മയിലുണ്ട്. മനുഷ്യവര്‍ഗ്ഗം പൊടുന്നനെ സൃഷ്ടിക്കപ്പെട്ട ആ നവയുഗവും എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു കാണാം.  

മറ്റൊരു യുഗത്തിൽ , പര്‍വ്വതങ്ങളും മലകളും ഇല്ലാതിരുന്ന കാലം, ദേവതമാര്‍ ആകാശത്തു വസിച്ചിരുന്നു. ദേവന്മാരോ ഋഷികളോ ഇല്ലാതെ ലോകം മുഴുവന്‍ ഇരുള്‍ മൂടിയിരുന്ന മറ്റൊരു യുഗവും ഞാനോര്‍ക്കുന്നു.

ആദ്യം സൃഷ്ടിയെപ്പറ്റി ഒരു സങ്കല്‍പ്പം ധാരണയായി വിശ്വത്തില്‍ ഉടലെടുത്തു. പിന്നീട് വെളിച്ചവും വിശ്വത്തിന്റെ വിഭജനവും ഉണ്ടായി. അതേത്തുടര്‍ന്നു  ഓരോന്നോരോന്നായി വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ ഉണ്ടായി. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടായി. ഒരുയുഗത്തില്‍ ഭഗവാന്‍ വിഷ്ണുവാണ് സൃഷ്ടി ചെയ്തത്. മറ്റൊരു യുഗത്തില്‍ ബ്രഹ്മാവ്. ഇനിയുമൊരു യുഗത്തില്‍ പരമശിവന്‍ സൃഷ്ടാവായി. 

No comments:

Post a Comment

Note: Only a member of this blog may post a comment.