യത്കരോതി യദശ്നാതി
ബുദ്ധ്യൈവാലമനുസ്മരന്‍
കുംഭകാദീന്നര: സ്വാന്തസ്തത്ര
കര്‍ത്താ ന കിംചന (6/25/22)
ഭുശുണ്ടന്‍ തുടര്‍ന്നു:
പ്രാണവായു ശരീരത്തിനകത്തും പുറത്തും അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
ശരീരത്തിന്റെ മേല്‍ഭാഗത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത് പ്രാണന്‍... അതുപോലെയാണ്
അപാനനും. എന്നാല്‍ അത് ശരീരത്തിന്റെ താഴെയുള്ള പകുതിയെയാണ് ചലനോന്‍മുഖമാക്കുന്നത്.
പ്രാണവായുവിന്റെ
നിയന്ത്രണത്തെക്കുറിച്ച് – പ്രാണായാമത്തെക്കുറിച്ച് ഇനി ശ്രദ്ധിച്ചുകേട്ടാലും.
ജാഗ്രദിലും ദീര്‍ഘനിദ്രയിലും പ്രാണായാമം നമുക്ക് ഗുണം ചെയ്യും. പ്രാണവായു
ഹൃദയപദ്മത്തില്‍ നിന്നും അനായാസമായി പുറത്തേക്ക് ഉഛ്വസിക്കുന്നതിനു രേചകം എന്ന്
പറയും. ഹൃദയപദ്മത്തില്‍ നിന്നും പന്ത്രണ്ടു വിരല്‍ ദൂരം താഴെയുള്ള
പ്രാണസ്രോതസ്സുമായി ബന്ധപ്പെടുമ്പോള്‍ അത് ‘പൂരകം’ ആണ്. അതായത് ശ്വാസമകത്തേക്കെടുക്കലാണ്. അപാനവായു ചലിക്കാതിരിക്കുകയും പ്രാണവായു
മുകളിലേയ്ക്ക് ഉയരാതിരിക്കുകയും ചെയ്യുമ്പോള്‍ അതിന് കുംഭകം എന്ന് പറയുന്നു.
കുടത്തിലടച്ചുവച്ച വായുപോലെ അചലമായ അവസ്ഥയാണല്ലോ അത്.
രേചക, കുംഭക പൂരകങ്ങള്‍ക്ക്
മൂന്നു കേന്ദ്രസ്ഥാനങ്ങളുണ്ട്. ഒന്ന്, മൂക്കിന്റെ തുമ്പത്ത്, ശരീരത്തിന് വെളിയിലാണത് ;
രണ്ട്, നെറ്റിത്തടത്തിനു മുന്നിലോ മുകളിലോ ആയി പന്ത്രണ്ടുവിരല്‍ അകലത്ത്. (ദ്വാദശാംഗുലം); മൂന്ന്‍, ഹൃദയപദ്മം എന്നറിയപ്പെടുന്ന പ്രാണസ്രോതസ്സില്‍ . പ്രാണന്റെ അനായാസവും നൈസര്‍ഗ്ഗികവുമായ ചലനത്തെ എപ്പോഴും സസൂക്ഷ്മം ശ്രവിച്ചറിയുക എന്നത് വളരെ പ്രധാനമാണ്.
പ്രാണവായു ഒരാളുടെ ശരീരത്തില്‍
നിന്നും പന്ത്രണ്ടുവിരല്‍ ദൂരം ഉയരേയ്ക്ക് പോകുന്നതാണ് രേചകം. അവിടെ സാങ്കല്‍പ്പികമായ
ഒരു കുടത്തിലെന്നവണ്ണം പ്രാണന്‍ ദ്വാദശാന്തത്തില്‍ നില്‍ക്കുന്നതാണ് ബാഹ്യകുംഭകം.
പുറത്തേയ്ക്കുള്ള വായു മൂക്കിന്‍തുമ്പത്ത് കൂടി പുറത്തുപോകുന്നതും രേചകം തന്നെ.
അത് ദ്വാദശാന്തം വരെ എത്തുമ്പോള്‍ അത് ബാഹ്യ രേചകമായി. പ്രാണന്റെ ചലനം ശരീരത്തിന്
വെളിയില്‍ത്തന്നെ നിലയ്ക്കുകയും അപാനന്‍ ഉയരാതിരിക്കുകയും ചെയ്യുമ്പോള്‍ അത്
ബാഹ്യകുംഭകമായി. എന്നാല്‍ പ്രാണന്‍ ഉയരാതെ, അപാനന്‍ ഉള്ളിലേയ്ക്ക്
ഒഴുകുകയാണെങ്കില്‍ അത് ആന്തരകുംഭകമാണ്. അപാനന്‍ ദ്വാദശാന്തത്തില്‍ ഉയര്‍ന്നുവന്ന്
ആന്തരീകമായി വ്യാപരിക്കുമ്പോള്‍ അത് അന്തരപൂരകമെന്നറിയപ്പെടുന്നു. ഈ കുംഭകങ്ങളെ
ശരിയായി അറിഞ്ഞവന് പുനര്‍ജന്മങ്ങളില്ല.
ഇരിക്കുമ്പോഴും നടക്കുമ്പോഴും
ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴുമെല്ലാം പ്രാണവായു സദാ സഞ്ചാരത്തിലാണല്ലോ.
എന്നാല്‍ ഇപ്പറഞ്ഞ പ്രാണായാമങ്ങള്‍ അതിനെ നിയന്ത്രിച്ച് ക്രമീകരിക്കുന്നു.
“കുംഭകങ്ങളെക്കുറിച്ചു ശരിയായ അറിവുറച്ച, പ്രാണായാമനിരതനായ ഒരുവന്‍ എന്തുചെയ്താലും
എന്ത് ആഹരിച്ചാലും അയാള്‍ ആ കര്‍മ്മങ്ങളുടെ കര്‍ത്താവല്ല.” കുറച്ചു ദിനങ്ങള്‍കൊണ്ട്
അയാള്‍ പരമപദത്തെ പ്രാപിക്കുന്നു. ഈ കുംഭകങ്ങള്‍ അഭ്യസിക്കുന്നയാളെ ബാഹ്യമായ ആകര്‍ഷണങ്ങള്‍
സ്വാധീനിക്കുകയില്ല. ഈ ദര്‍ശനത്തില്‍ അടിയുറച്ചയാള്‍ കര്‍മ്മനിരതനായിരുന്നാലും
അല്ലെങ്കിലും അയാള്‍ ഒന്നിനാലും ബന്ധിക്കപ്പെടുന്നില്ല. നേടാന്‍ യോഗ്യമായ എല്ലാം
അയാള്‍ നേടിക്കഴിഞ്ഞിരിക്കുന്നു.
· കുറിപ്പ്: ദ്വാദശാന്തം എന്നത് ദേഹത്തിന്റെ കാന്തികവലയത്തെ പ്രതിപാദിക്കുന്നു.
ശരീരത്തിനു ചുറ്റും പന്ത്രണ്ടുവിരല്‍ അകലത്തിലുള്ള കാന്തവലയം അപാന-പ്രാണന്മാരുടെ
സംഘാതമാണെന്ന് ജ്ഞാനികള്‍ പറയുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.