May 28, 2013

354 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 354

പ്രബുദ്ധാ: സ്മ: പ്രഹൃഷ്ടാ: സ്മ: പ്രവിഷ്ടാ: സ്മ: സ്വമാസ്പദം
സ്ഥിതാ: സ്മോ ജ്ഞാതവിജ്ഞേയാ ഭവന്തോ ഹ്യാപരാ ഇവ         (6/28/7)

വസിഷ്ഠന്‍ പറഞ്ഞു: അപ്പോള്‍ ഞാന്‍ ഭുശുണ്ടനോടു പറഞ്ഞു —ഭഗവന്‍, അങ്ങയുടെ കഥ അത്യദ്ഭുതകരമായിരിക്കുന്നു. അങ്ങയെ കാണാന്‍ സാധിക്കുന്നവര്‍ അനുഗൃഹീതരായി. അങ്ങ് മറ്റൊരു സൃഷ്ടാവെന്നപോലെയാണ് വിരാജിക്കുന്നത്. വളരെ വിരളമായേ അങ്ങയെപ്പോലുള്ള ഒരാളെ കണ്ടുകിട്ടുകയുള്ളു. അങ്ങയുടെ ദര്‍ശനത്താല്‍ എന്റെ ജന്മവും പുണ്യമാര്‍ജ്ജിച്ചു. അങ്ങേയ്ക്കെന്നെന്നും നിയതിയുടെ അനുഗൃഹാശിസ്സുകള്‍ ഉണ്ടാകട്ടെ. എനിക്കിപ്പോള്‍ വിട തന്നാലും.

രാമാ, ഇത് കേട്ട ഭുശുണ്ടന്‍ എന്നെ പൂജിച്ച് ബഹുമാനിച്ചു.  ഞാന്‍ തടുത്തിട്ടും എന്റെകൂടെ കുറേദൂരം കൂട്ടുവന്നും എന്റെ കൈകളില്‍ മുറുകെപ്പിടിച്ച് സൗഹൃദം കാട്ടിയും എന്നെ യാത്രയാക്കി. എനിക്കുപോലും ആ സുഹൃത്തിനെ പിരിയാന്‍ വിഷമമായിരുന്നു. ഉത്തമസൌഹൃദങ്ങള്‍ അങ്ങിനെയാണല്ലോ. ഞാന്‍ പറഞ്ഞത് കൃതയുഗത്തില്‍ നടന്ന കാര്യമാണ്. ഇപ്പോള്‍ ത്രേതായുഗമാണല്ലോ. ഇതാണ് രാമാ കാകഭുശുണ്ടന്റെ കഥ. നിനക്കും പ്രാണായാമം പരിശീലിച്ച് അദ്ദേഹത്തെപ്പോലെ ചിരകാലം ജീവിക്കാന്‍ കഴിയും.

രാമന്‍ ചോദിച്ചു: അങ്ങയുടെ വചനങ്ങളാകുന്ന പ്രകാശരശ്മികള്‍ എന്റെയുള്ളിലെ ഇരുട്ടിനെ അകറ്റിക്കളഞ്ഞിരിക്കുന്നു. “അതിനാല്‍ത്തന്നെ ഞങ്ങളെല്ലാം ആത്മീയമായി ഉണര്‍ന്നിരിക്കുന്നു. ഞങ്ങള്‍ അതീവസന്തുഷ്ടരാണിപ്പോൾ . അറിയാന്‍ യോഗ്യമായ, എല്ലാവരും അറിയേണ്ടതായ  പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതിനാല്‍ ഞങ്ങള്‍ ആത്മാവില്‍ വിലയിച്ച് അങ്ങയുടെതന്നെ പ്രതിരൂപങ്ങളെന്നമട്ടില്‍ നിലകൊള്ളുകയാണ്.”

അങ്ങ് വിവരിച്ച അനുഭൂതിദായകമായ ഭുശുണ്ടചരിതത്തില്‍ മൂന്നുതൂണുകളും ഒന്‍പതു വാതിലുകളും ഉള്ള ഒരു ദേഹത്തെപ്പറ്റി പറഞ്ഞുവല്ലോ. അതെങ്ങിനെയാണ് ആദ്യമായുണ്ടായത്? എങ്ങിനെയാണത്‌ നിലനില്‍ക്കുന്നത്? ആരാണതില്‍ അധിവസിക്കുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, ഈ പറഞ്ഞ ദേഹത്തെ ആരും ഉണ്ടാക്കിയിട്ടില്ല. കാരണം അതൊരു മായക്കാഴ്ചമാത്രമാണ്. വസ്തുക്കളെ രണ്ടായി കാണുന്ന നേത്രരോഗി രണ്ടു ചന്ദ്രന്മാരെ ആകാശത്തു കാണുമ്പോലെയൊരു കാഴ്ച മാത്രമാണിത്‌ . ചന്ദ്രന്‍ ഒന്നേയുള്ളൂ, എന്നാല്‍ പ്രകാശത്തിന്റെ ഒരു മായാലീലയാണ് രണ്ടാമത്തെ ചന്ദ്രന്‍. . ഭൌതീകശരീരം എന്നൊരു ചിന്ത മനസ്സില്‍ ഉള്ളപ്പോള്‍ മാത്രമേ ദേഹം നിലനില്‍ക്കുന്നുള്ളു. അത് സത്യമല്ല. എന്നാല്‍ ശരീരമെന്ന ധാരണയുള്ളിടത്തോളം കാലം അത് ദൃശ്യമായിക്കൊണ്ടേയിരിക്കും. 

സ്വപ്‌നങ്ങള്‍ സ്വപ്നാവസ്ഥയില്‍ സത്യമാണല്ലോ. മറ്റുള്ള അവസ്ഥകളില്‍ അവ അസത്യമാണെന്ന് നമുക്കറിയാം. അതുപോലെയാണ് ദേഹവും. അനുഭവസമയത്ത് മാത്രമേ അത് സത്തായുളളു. സത്യമെന്നു തോന്നുമെന്കിലും വാസ്തവത്തില്‍ അത് വെറും ഭ്രമക്കാഴ്ച മാത്രമാണ്. മാംസാസ്ഥിസംഘാതമായ ദേഹം എന്ന നിലയില്‍ മാത്രമേ ‘ഞാന്‍ ഈ ദേഹമാണ്’ എന്ന ധാരണയ്ക്ക് സാംഗത്യമുളളു. അത് പൂര്‍വ്വാര്‍ജ്ജിതമായ മനോപാധികളുടെ സൃഷ്ടിയാണ്. വെറും മായ. ഈ മായയെ ഉപേക്ഷിക്കൂ.


നിന്റെ ചിന്താശക്തികൊണ്ട് ആയിരക്കണക്കിന് ദേഹങ്ങളെ നീ ഉണ്ടാക്കിയിട്ടുണ്ട്. നീ ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും ഒരു ദേഹത്തെ അനുഭവിക്കുന്നുണ്ട്. അതെവിടെയാണ് ഉണ്ടായിനിലകൊള്ളുന്നത്? ദിവാസ്വപ്നം കാണുമ്പോള്‍ നീ സ്വര്‍ഗ്ഗത്തിലാണെന്നും മറ്റും സങ്കല്‍പ്പിക്കുന്നു. ആ ദേഹം എവിടെയാണ്? അതെല്ലാം കഴിഞ്ഞ് നീ വിവിധതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പലവിധത്തിലുള്ള വേഷങ്ങള്‍ ആടിത്തീര്‍ക്കുന്നു. ഇതെല്ലാം ചെയ്യുന്ന ശരീരവും എവിടെയാണ് സ്ഥിതിചെയ്യുന്നത്? നീ നിന്റെ സുഹൃത്തുക്കളുമായി ഉല്ലസിച്ചു രസിക്കുകയും സ്വയം മറക്കുകയും ചെയ്യുമ്പോള്‍ ആ ശരീരം എവിടെയാണ്? അതാണ്‌ രാമാ ഞാന്‍ പറഞ്ഞത്‌, ശരീരം മനസ്സിന്റെ സൃഷ്ടിയാണെന്ന്. അതിനാല്‍ ശരീരത്തെ സത്തെന്നും അല്ലെന്നും കണക്കാക്കാം. അതിന്റെ പ്രവര്‍ത്തനം മനസിന്റെ വരുതിയിലായതിനാല്‍ അത് മനസ്സില്‍നിന്നും വിഭിന്നമല്ല എന്ന് പറയാം. 

May 26, 2013

353 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 353


ന ഭൂതം ന ഭവിഷ്യം ച ചിന്തയാമി കദാചന
ദൃഷ്ടിമാലംബ്യ തിഷ്ഠാമി വര്‍ത്തമാനാമിഹാത്മനാ (6/26/8)

ഭുശുണ്ടന്‍ തുടര്‍ന്നു: ഞാനിപ്പോള്‍ പറഞ്ഞ പ്രാണായാമസാധനകള്‍ കൃത്യമായി അനുഷ്ടിച്ചതുമൂലം മേരുപര്‍വ്വതം ഇളകിയാല്‍പ്പോലും എന്നില്‍ യാതൊരിളക്കവും ഉണ്ടാവാത്ത രീതിയില്‍ ഞാന്‍ നിര്‍മലനായിത്തീര്‍ന്നു. ഞാന്‍ നാടക്കുകയാണെങ്കിലും നില്‍ക്കുകയാണെങ്കിലും ജാഗ്രദ്‌സ്വപ്നസുഷുപ്തി അവസരങ്ങളിലും ഒന്നും സര്‍വ്വഭൂതസമതാഭാവത്തിലുള്ള എന്റെ ഈ സമാധിസ്ഥിതിക്ക് മാറ്റമൊന്നുമില്ല. അത് നഷ്ടമായിപ്പോവുന്നില്ല. ഈ ലോകത്തും എന്റെ ചുറ്റുപാടുകളിലും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായാലും ഞാന്‍ ആത്മാഭിമുഖമായി എന്റെ ധ്യാനം തുടരുന്നു. ഞാന്‍ ആത്മാവില്‍ അഭിരമിക്കുന്നു. കഴിഞ്ഞ യുഗപ്രളയം മുതല്‍ ഞാന്‍ ഇങ്ങിനെ ജീവിച്ചു.  

“എന്റെ ധ്യാനം ഭൂതത്തിലോ ഭാവിയിലോ അല്ല. അത് വര്‍ത്തമാനത്തെ മാത്രം ലക്ഷ്യമാക്കുന്നു.” ഫലങ്ങളെപ്പറ്റി യാതൊരാശങ്കകളും ഇല്ലാതെ ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെ ഉചിതമായി ചെയ്യുന്നു. ഭാവാഭാവങ്ങളെന്ന ചിന്തകളാല്‍ ബന്ധിതനാകാതെ, വിഷയങ്ങള്‍ക്ക്‌ അഭികാമ്യം, അനഭികാമ്യം എന്നീ വിഭജനങ്ങളില്ലാതെ ഞാന്‍ ആത്മാവില്‍ നിലകൊള്ളുന്നു. അതുകൊണ്ട് ഞാന്‍ ആരോഗ്യവാനും സന്തോഷവാനുമാണ്. രോഗങ്ങള്‍ ഒന്നും എന്നെ ബാധിക്കുന്നില്ല.  

പ്രാണാപാനന്മാരുടെ സംഗമക്ഷണത്തിലാണല്ലോ ആത്മസത്യം വെളിപ്പെടുന്നത്. ‘എനിക്കിത് കിട്ടി, എനിക്കിത് കൂടി കിട്ടുവാനുണ്ട്’ എന്നിത്യാദി ധാരണകള്‍ എന്നിലില്ല. ഞാന്‍ എന്നെയോ, മറ്റാരെയുമോ, എന്തിനെയെങ്കിലുമോ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്നില്ല. നന്മയെന്നു വിവക്ഷിക്കുന്നവയുടെ ലാഭത്തില്‍ ഞാന്‍ സന്തോഷിക്കുകയോ തിന്മയുടെ പ്രകടനത്തില്‍ വിഷാദിക്കുകയോ ചെയ്യുന്നില്ല. അതാണെന്റെ ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും രഹസ്യം. ജീവിക്കുവാനുള്ള ആഗ്രഹം പോലും ഉപേക്ഷിച്ച് പരമമായ സംന്യാസമാണ് ഞാന്‍ അനുഷ്ഠിക്കുന്നത്. അതിനാല്‍ എന്റെ മനസ്സ്‌ യാതൊന്നിനായും ആഗ്രഹിക്കുന്നില്ല. അതിനാല്‍ത്തതന്നെ അത് പരമപ്രശാന്തമാണ്.

ഒരു തടിക്കഷണം, ഒരു സുന്ദരതരുണി,ഒരു  മാമല, പുല്‍ക്കൊടി, മഞ്ഞുകട്ട, ആകാശം എന്നുവേണ്ട ഏതവസ്ഥയിലുമുള്ള എല്ലാറ്റിന്റെയും അടിസ്ഥാനമായ ആ പരബ്രഹ്മത്തെത്തന്നെയാണ് ഞാന്‍ സ്വായത്തമാക്കിയിരിക്കുന്നത് !. 

‘ഞാനിനി എന്തുചെയ്യും?, നാളെ രാവിലെ എനിക്കെന്തു കിട്ടും?’ തുടങ്ങിയ ചിന്തകള്‍ എന്നിലില്ല. ജരാനരകളെപ്പറ്റി എനിക്ക് ആശങ്കകളില്ല. ഞാന്‍ ആനന്ദത്തിനായി ദാഹിക്കുന്നില്ല. ‘എന്റേത്, നിന്റേത്’, എന്ന ചിന്ത ഒന്നിനെക്കുറിച്ചും എനിക്കില്ല. എല്ലായിടത്തുമുള്ള, എല്ലാകാലത്തുമുള്ള എല്ലാമെല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ലെന്നു ഞാനറിയുന്നു.

ഐശ്വര്യമോ അനൈശ്വര്യമോ എനിക്കുണ്ടാവുമ്പോള്‍ ഞാനവയെ, എന്റെ രണ്ടു കൈകളെന്നപോലെ ഒരേപോലെ കാണുന്നു. അഹംഭാവത്തിന്റെയോ  ആഗ്രഹങ്ങളുടെയോ കറപുരളാത്തവയാണെന്റെ കര്‍മ്മങ്ങള്‍ .  ഞാന്‍ അതുകൊണ്ട് അധികാരവും പ്രബലതയും ഉള്ളപ്പോള്‍ മതിമറക്കുകയോ പരിക്ഷീണനാവുമ്പോള്‍ വിവശനായി ഭിക്ഷാംദേഹിയാവുകയോ ചെയ്യുന്നില്ല. ആശകളും പ്രത്യാശകളും എന്നെ തീണ്ടാന്‍കൂടി ഞാന്‍ അനുവദിക്കില്ല. ഒരു വസ്തു പഴയതും പിഞ്ഞിക്കീറിയതുമാണെങ്കിലും ഞാനവയെ നോക്കുന്നത് നവീനമായ കണ്ണോടെയാണ്. മറ്റുള്ളവരുടെ സന്തോഷവും സന്താപവും ഞാന്‍ പങ്കുവെക്കുന്നുണ്ടെങ്കിലും, ഞാന്‍ എല്ലാവര്‍ക്കും സുഹൃത്താണെങ്കിലും ഞാന്‍ ആരുടെയും വരുതിയിലല്ല. എനിക്കാരും സ്വന്തമായില്ല താനും.

ഞാന്‍ തന്നെയാണീ ലോകമെന്നും അതിലെ പ്രവര്‍ത്തനങ്ങളെന്നും അതിലെ മേധാശക്തിയെന്നും എനിക്ക് വ്യക്തമായറിയാം. അതാണെന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം . 

May 20, 2013

352 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 352

യത്ര പ്രാണോ ഹ്യപാനേന പ്രാണേനാപാന ഏവ ച
നിഗീര്‍ണൌ ബഹിരന്തശ്ച ദേശകാലൌ ച പശ്യ തൌ (6/25/57)

ഭുശുണ്ടന്‍ തുടര്‍ന്നു: ദേഹത്തില്‍ നിന്നും പന്ത്രണ്ടുവിരല്‍ ദൂരെ അപാനന്‍ ഉയരുന്നിടത്തേയ്ക്ക് പ്രാണനെ ഉഛ്വസിച്ചശേഷം കുംഭകം (ശ്വാസം അടക്കല്‍ ) അഭ്യസിക്കുന്നവനെ ദുഃഖങ്ങള്‍ തീണ്ടുകയില്ല. അകത്തേയ്ക്ക് വലിച്ചെടുത്ത ശ്വാസം പുറത്തേയ്ക്ക് ഉഛ്വസിക്കാനുള്ള ആവേഗം ഉണ്ടാവുന്ന കൃത്യമായ ആ ‘ഇടം’ ദര്‍ശിക്കാന്‍ സാധിക്കുന്നവനു പുനര്‍ജന്മങ്ങളില്ല.

പ്രാണാപാനന്മാര്‍ ചലനം അവസാനിപ്പിക്കുന്ന ഇടം ദര്‍ശിച്ച് ആ പ്രശാന്തതയില്‍ അഭിരമിക്കുന്നവനെ വിഷാദം ബാധിക്കുകയില്ല.

പ്രാണനെ അപാനന്‍ ദഹിപ്പിക്കുന്ന കൃത്യമായ ആ ക്ഷണം-മാത്രയെ ശ്രദ്ധയോടെ നിരീക്ഷണം നടത്തുന്ന സാധകന്റെ മനസ്സ് വീണ്ടും ഉയരുകയില്ല.  

“ശരീരത്തിന് പുറത്തും അകത്തും പ്രാണനെ അപാനന്‍ ദഹിപ്പിക്കുന്ന ആ ക്ഷണത്തെ  ശ്രദ്ധയോടെ അഭിവീക്ഷിക്കുക” എന്തുകൊണ്ടെന്നാല്‍ ആ മാത്രയില്‍ കൃത്യമായും പ്രാണന്‍ ചലനം അവസാനിപ്പിച്ചു എങ്കിലും അപാനന്‍ ചലനം ആരംഭിച്ചിട്ടുമില്ല. അതാണ് ജ്ഞാനികള്‍ അതീവ സുപ്രധാനമെന്നു കണക്കാക്കുന്ന ആയാസരഹിതമായ കുംഭകം എന്ന അവസ്ഥ. നിര്‍മലമായ അനന്താവബോധമാണത്. ഈ ആത്മാവസ്ഥയെ പ്രാപിച്ചവന് ദുഖിക്കേണ്ടിവരുന്നില്ല. 

പ്രാണന്റെയും അപാനന്റെയും ഇടയ്ക്ക് നിലകൊള്ളുന്ന അന്തര്യാമിയെ, പ്രാണനിലുള്ള അനന്താവബോധമെന്ന ആത്മാവിനെ, ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെയും അപാനന്റെയും ഇടയ്ക്ക് നിലകൊള്ളുന്ന അന്തര്യാമിയെ, അപാനനിലുള്ള അനന്താവബോധമെന്ന ആത്മാവിനെ, ഞാന്‍ ധ്യാനിക്കുന്നു.

പ്രാണാപാനന്മാരുടെ ചലനം നിലച്ച് പ്രശാന്തമായ ആ ഇടവേളയെ ഞാന്‍ ധ്യാനിക്കുന്നു.
അനന്താവബോധമായി ജ്ഞാനികള്‍ പറയുന്ന അതിനെ ഞാന്‍ ധ്യാനിക്കുന്നു. 

പ്രാണന്റെ പ്രാണനായ ആ ബോധത്തെ, ദേഹത്തിന്റെ നിലനില്‍പ്പിനാധാരമായ ആ ജീവന്റെ ജീവനെ ഞാന്‍ ധ്യാനിക്കുന്നു. മനസ്സിന്റെ മനസ്സും മേധാശക്തിയുടെ മേധാശക്തിയുമാണത്.
അഹംകാരത്തിന്റെ സത്തയാണത്. 

എല്ലാ വിഷയങ്ങള്‍ക്കും ആധാരമായ, എല്ലാത്തിന്റെയും എല്ലാമെല്ലാമായ, ശാശ്വതമായ ആ ബോധതലത്തെ ഞാന്‍ ധ്യാനിക്കുന്നു. 

സര്‍വ്വമാലിന്യങ്ങളും ഇല്ലാതാക്കി ഏറ്റവും ഉന്നതമായ പവിത്രതയെ പ്രദാനം ചെയ്യുന്ന ആ അവബോധത്തെ ഞാന്‍ ധ്യാനിക്കുന്നു.

പ്രാണന്റെ സഞ്ചാരമവസാനിച്ച്, എന്നാല്‍ അപാനന്‍ ഉയരും മുന്‍പ്‌ ശരീരത്തിന് പുറത്തു നാസാഗ്രത്ത് നിലകൊള്ളുന്ന ആ ബോധത്തെ ഞാനിതാ നമസ്കരിക്കുന്നു.

പ്രാണാപാനന്മാരിലെ ആര്‍ജ്ജവസ്രോതസ്സായ, ഇന്ദ്രിയങ്ങളെ സചേതനമാക്കുന്ന, അവയിലെ ചൈതന്യസത്തായ അവബോധത്തെ ഞാന്‍ നമസ്കരിക്കുന്നു.

പ്രാണായാമത്തിന്റെ എകലക്ഷ്യമായ, പ്രാണനെ പ്രവര്‍ത്തനനിരതമാക്കുന്ന, എല്ലാ കാരണങ്ങള്‍ക്കും കാരണമായ, ആന്തരകുംഭകത്തിന്റെയും ബാഹ്യകുംഭകത്തിന്റെയും സത്തയായ അനന്താവബോധത്തെ ഞാന്‍ നമസ്കരിക്കുന്നു.

ഞാനാ പരമപുരുഷനില്‍ അഭയം തേടുന്നു.

May 19, 2013

351 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 351


ബാഹ്യേ തമസി സംക്ഷീണേ ലോകാലോക: പ്രജായതെ
ഹാര്‍ദേ തു തമസി ക്ഷീണേ സ്വാലോകോ ജായതേ മുനേ (6/25/44)

ഭുശുണ്ടന്‍ തുടര്‍ന്നു: ഒരുവന്റെ ഹൃദയവും മനസ്സും പ്രാണാപാനന്‍മാരുടെ നിയന്ത്രണം മൂലം നിര്‍മലമായിക്കഴിഞ്ഞാല്‍ അവന് എല്ലാ വിഭ്രമങ്ങളില്‍ നിന്നും മോചനമായി. എന്തെന്തു കര്‍മ്മങ്ങളില്‍ വ്യാപരിച്ചാലും അയാളുടെ ഉള്ളുണര്‍ന്നിരിക്കുന്നതുകൊണ്ട്‌ അയാള്‍ ആത്മാവില്‍ അഭിരമിച്ചവന്‍ തന്നെയാണ്.

പ്രാണന്‍ ഉയര്‍ന്നുവന്ന് ഹൃദയപത്മത്തിന്റെ പന്ത്രണ്ടുവിരല്‍ അകലത്ത് ദേഹബാഹ്യമായി അവസാനിക്കുന്നു. അപാനന്‍ ദ്വാദശാന്തത്തില്‍ ഉയര്‍ന്നുവന്ന് ഹൃദയപത്മത്തില്‍ എത്തി നിലയ്ക്കുന്നു. പ്രാണന്‍ നിലയ്ക്കുമ്പോള്‍ അപാനന്‍ ഉയരുന്നു. പ്രാണന്‍ ഉയര്‍ന്നുതാഴ്‌ന്നു നിരന്തരം കത്തുന്ന ദീപനാളം പോലെയാണ്; എന്നാല്‍ അപാനന്‍ ഹൃദയപത്മത്തിലേയ്ക്ക്- അതായത് താഴേയ്ക്കൊഴുകുന്ന ജലംപോലെയാണ്.

അപാനന്‍ ശരീരത്തെ ബാഹ്യമായി സംരക്ഷിക്കുന്ന ചന്ദ്രനാണ്. പ്രാണനോ ശരീരത്തിന്റെ ആന്തരീകപ്രവര്‍ത്തനങ്ങളെ ചടുലമാക്കുന്ന സൂര്യന്‍ , അല്ലെങ്കില്‍ അഗ്നിയാണ്. പ്രാണന്‍ ഹൃദയാകാശത്തില്‍ എല്ലാനിമിഷവും താപമുണ്ടാക്കുന്നു. ആ ചൂട് മുഖത്തിനു മുന്നിലുള്ള ഇടത്തെയും ചൂടുള്ളതാക്കുന്നു. അപാനന്‍ മുഖത്തിനുമുന്നിലുള്ള സ്ഥലത്തെയും ഹൃദയാകാശത്തെയും സംപുഷ്ടമാക്കുന്നു.

പ്രാണാപാനന്‍മാരുടെ സംഗമത്തില്‍ എത്താന്‍ കഴിയുന്ന സാധകന് ഇനി ദുഖങ്ങളില്ല. അയാള്‍ക്ക്‌ പുനര്‍ജന്മങ്ങളുമില്ല. വാസ്തവത്തില്‍ പ്രാണന്‍ തന്നെയാണ് തന്റെ തീവ്രമായ താപമുപേക്ഷിച്ച് അപാനന്‍ ആയി മാറുന്നത്.   

വീണ്ടും അതേ പ്രാണന്‍ ചാന്ദ്രശീതളിമയെ ഉപേക്ഷിച്ച് തന്റെ സ്വരൂപസ്വഭാവമായ സൂര്യതാപം സ്വാംശീകരിച്ച് ശുദ്ധീകരണപ്രക്രിയ പുനരാരംഭിക്കുന്നു. പ്രാണന്‍ തന്റെ സൂര്യപ്രകൃതിയെ ഉപേക്ഷിച്ച് ചാന്ദ്രപ്രകൃതി സ്വീകരിക്കുംവരെ ജ്ഞാനികള്‍ പ്രാണോപാസന ചെയ്യുന്നു. സ്വഹൃദയത്തില്‍ സൂര്യന്റെ ഉദയാസ്തമയങ്ങളും ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും സംബന്ധിച്ച സത്യത്തെ ആരറിയുന്നുവോ അയാള്‍ക്ക്‌ ജനിമൃതികളില്ല. ഹൃദയപത്മത്തില്‍ ഭഗവാനായി സൂര്യനെ കാണുന്നവന്‍ സത്യത്തെ അറിയുന്നു. 

പരിപൂര്‍ണ്ണതയെ പ്രാപിക്കുന്നതിനായി ബാഹ്യമായ അന്ധകാരത്തെ നിരോധിക്കുകയോ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. ഹൃദയത്തിലെ ആന്ധ്യം നീക്കാന്‍ പരിശ്രമിച്ചാല്‍ മതി. “ബാഹ്യമായുള്ള ഇരുട്ടകന്നാല്‍ ലോകത്തെ ദര്‍ശിക്കാനാവും. എന്നാല്‍ ഉള്ളിലെ അജ്ഞാനമാകുന്ന ആന്ധ്യമകന്നാല്‍ ആത്മജ്ഞാനത്തിന്റെ ഉദയമായി.” പ്രാണാപാനന്മാരുടെ നിയന്ത്രണത്തിലൂടെ, അവയെക്കുറിച്ചുള്ള അറിവിലൂടെ, മുക്തിയെ പ്രാപിക്കാം. 

അപാനന്‍ അവസാനിക്കുന്ന ഹൃത്തടത്തിലാണ് പ്രാണന്‍ ഉദിക്കുന്നത്. പ്രാണന്‍ ജനിക്കുമ്പോള്‍ അപാനന്റെ അന്ത്യമായി. അതുപോലെ അപാനന്റെ ജനനം പ്രാണന്റെ അവസാനമാണ്.

പ്രാണന്റെ ചലനം അവസാനിപ്പിച്ച് അപാനന്‍ ഉയരാന്‍ തുടങ്ങുന്ന സമയമാണ് ഒരുവന്‍ ബാഹ്യമായ കുംഭകത്തെ അനുഭവിക്കുന്നത്. അതില്‍ അടിയുറച്ചവന് ദുഖങ്ങളില്ല.

അപാനന്റെ ചലനം നിലയ്ക്കുകയും പ്രാണന്‍ അല്പം ഉയരാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ഒരുവന്‍ ആന്തരകുംഭകം അനുഭവിക്കുന്നു. അതില്‍ അടിയുറച്ചവനും ദുഖങ്ങളില്ല. 

May 18, 2013

350 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 350


യത്കരോതി യദശ്നാതി ബുദ്ധ്യൈവാലമനുസ്മരന്‍
കുംഭകാദീന്നര: സ്വാന്തസ്തത്ര കര്‍ത്താ ന കിംചന (6/25/22)

ഭുശുണ്ടന്‍ തുടര്‍ന്നു: പ്രാണവായു ശരീരത്തിനകത്തും പുറത്തും അനുസ്യൂതം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തിന്റെ മേല്‍ഭാഗത്തെ പ്രവര്‍ത്തനക്ഷമമാക്കുന്നത് പ്രാണന്‍... അതുപോലെയാണ് അപാനനും. എന്നാല്‍ അത് ശരീരത്തിന്റെ താഴെയുള്ള പകുതിയെയാണ് ചലനോന്‍മുഖമാക്കുന്നത്.

പ്രാണവായുവിന്റെ നിയന്ത്രണത്തെക്കുറിച്ച് – പ്രാണായാമത്തെക്കുറിച്ച് ഇനി ശ്രദ്ധിച്ചുകേട്ടാലും. ജാഗ്രദിലും ദീര്‍ഘനിദ്രയിലും പ്രാണായാമം നമുക്ക് ഗുണം ചെയ്യും. പ്രാണവായു ഹൃദയപദ്മത്തില്‍ നിന്നും അനായാസമായി പുറത്തേക്ക് ഉഛ്വസിക്കുന്നതിനു രേചകം എന്ന് പറയും. ഹൃദയപദ്മത്തില്‍ നിന്നും പന്ത്രണ്ടു വിരല്‍ ദൂരം താഴെയുള്ള പ്രാണസ്രോതസ്സുമായി ബന്ധപ്പെടുമ്പോള്‍ അത് ‘പൂരകം’ ആണ്. അതായത്‌ ശ്വാസമകത്തേക്കെടുക്കലാണ്.  അപാനവായു ചലിക്കാതിരിക്കുകയും പ്രാണവായു മുകളിലേയ്ക്ക് ഉയരാതിരിക്കുകയും ചെയ്യുമ്പോള്‍ അതിന് കുംഭകം എന്ന് പറയുന്നു. കുടത്തിലടച്ചുവച്ച വായുപോലെ അചലമായ അവസ്ഥയാണല്ലോ അത്.  

രേചക, കുംഭക പൂരകങ്ങള്‍ക്ക് മൂന്നു കേന്ദ്രസ്ഥാനങ്ങളുണ്ട്. ഒന്ന്, മൂക്കിന്റെ തുമ്പത്ത്, ശരീരത്തിന് വെളിയിലാണത് ; രണ്ട്, നെറ്റിത്തടത്തിനു മുന്നിലോ മുകളിലോ ആയി പന്ത്രണ്ടുവിരല്‍ അകലത്ത്. (ദ്വാദശാംഗുലം); മൂന്ന്‍, ഹൃദയപദ്മം എന്നറിയപ്പെടുന്ന പ്രാണസ്രോതസ്സില്‍ . പ്രാണന്റെ അനായാസവും നൈസര്‍ഗ്ഗികവുമായ ചലനത്തെ എപ്പോഴും സസൂക്ഷ്മം ശ്രവിച്ചറിയുക എന്നത് വളരെ പ്രധാനമാണ്.  

പ്രാണവായു ഒരാളുടെ ശരീരത്തില്‍ നിന്നും പന്ത്രണ്ടുവിരല്‍ ദൂരം ഉയരേയ്ക്ക് പോകുന്നതാണ് രേചകം. അവിടെ സാങ്കല്‍പ്പികമായ ഒരു കുടത്തിലെന്നവണ്ണം പ്രാണന്‍ ദ്വാദശാന്തത്തില്‍ നില്‍ക്കുന്നതാണ് ബാഹ്യകുംഭകം. പുറത്തേയ്ക്കുള്ള വായു മൂക്കിന്‍തുമ്പത്ത് കൂടി പുറത്തുപോകുന്നതും രേചകം തന്നെ. അത് ദ്വാദശാന്തം വരെ എത്തുമ്പോള്‍ അത് ബാഹ്യ രേചകമായി. പ്രാണന്റെ ചലനം ശരീരത്തിന് വെളിയില്‍ത്തന്നെ നിലയ്ക്കുകയും അപാനന്‍ ഉയരാതിരിക്കുകയും ചെയ്യുമ്പോള്‍ അത് ബാഹ്യകുംഭകമായി. എന്നാല്‍ പ്രാണന്‍ ഉയരാതെ, അപാനന്‍ ഉള്ളിലേയ്ക്ക് ഒഴുകുകയാണെങ്കില്‍ അത് ആന്തരകുംഭകമാണ്. അപാനന്‍ ദ്വാദശാന്തത്തില്‍ ഉയര്‍ന്നുവന്ന് ആന്തരീകമായി വ്യാപരിക്കുമ്പോള്‍ അത് അന്തരപൂരകമെന്നറിയപ്പെടുന്നു. ഈ കുംഭകങ്ങളെ ശരിയായി അറിഞ്ഞവന് പുനര്‍ജന്മങ്ങളില്ല.

ഇരിക്കുമ്പോഴും നടക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴുമെല്ലാം പ്രാണവായു സദാ സഞ്ചാരത്തിലാണല്ലോ. എന്നാല്‍ ഇപ്പറഞ്ഞ പ്രാണായാമങ്ങള്‍ അതിനെ നിയന്ത്രിച്ച് ക്രമീകരിക്കുന്നു. “കുംഭകങ്ങളെക്കുറിച്ചു ശരിയായ അറിവുറച്ച, പ്രാണായാമനിരതനായ ഒരുവന്‍ എന്തുചെയ്താലും എന്ത് ആഹരിച്ചാലും അയാള്‍ ആ കര്‍മ്മങ്ങളുടെ കര്‍ത്താവല്ല.” കുറച്ചു ദിനങ്ങള്‍കൊണ്ട് അയാള്‍ പരമപദത്തെ പ്രാപിക്കുന്നു. ഈ കുംഭകങ്ങള്‍ അഭ്യസിക്കുന്നയാളെ ബാഹ്യമായ ആകര്‍ഷണങ്ങള്‍ സ്വാധീനിക്കുകയില്ല. ഈ ദര്‍ശനത്തില്‍ അടിയുറച്ചയാള്‍ കര്‍മ്മനിരതനായിരുന്നാലും അല്ലെങ്കിലും അയാള്‍ ഒന്നിനാലും ബന്ധിക്കപ്പെടുന്നില്ല. നേടാന്‍ യോഗ്യമായ എല്ലാം അയാള്‍ നേടിക്കഴിഞ്ഞിരിക്കുന്നു.

·     കുറിപ്പ്: ദ്വാദശാന്തം എന്നത് ദേഹത്തിന്റെ കാന്തികവലയത്തെ പ്രതിപാദിക്കുന്നു. ശരീരത്തിനു ചുറ്റും പന്ത്രണ്ടുവിരല്‍ അകലത്തിലുള്ള കാന്തവലയം അപാന-പ്രാണന്മാരുടെ സംഘാതമാണെന്ന് ജ്ഞാനികള്‍ പറയുന്നു.

May 14, 2013

349 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 349


ശരീരപുരപാലസ്യ മനസോ രഥചക്രയോ:
അഹങ്കാരനൃപസ്യാസ്യ പ്രശസ്യേഷ്ടതുരംഗയോ: (6/24/34)

ഭുശുണ്ടന്‍ തുടര്‍ന്നു: എല്ലാത്തിലും വെച്ചും ഉത്തമമായ ദര്‍ശനം അനന്തമായ അവബോധത്തിന്റേത്  മാത്രമാണ്. ആത്മാവിനെ ധ്യാനിക്കുന്നതുകൊണ്ട് തന്നെ ദു:ഖനിവൃത്തിയായി. ലോകമെന്ന ഈ സുദീര്‍ഘമായ സ്വപ്നത്തിനു അന്ത്യമുണ്ടാക്കാന്‍ അത് മതി. മനസ്സിനെ നിര്‍മലമാക്കി, എല്ലാവിധ ദുഖങ്ങളെയും ദൌര്‍ഭാഗ്യങ്ങളെയും അത് ഇല്ലാതാക്കുന്നു. ഈ ആത്മധ്യാനമെന്നത് മനസ്സിന്റെ പരിധിയിലുള്ള കാര്യമല്ല. അങ്ങയെപ്പോലുള്ളവര്‍ക്കിത് എളുപ്പമാണ്. എന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് ദുഷ്കരവുമാണത്. എന്നാല്‍ ഈ ആത്മധ്യാനത്തിനുസഹായകമായ ചില ഉത്തമ സഖാക്കളുണ്ട്. ഉദാഹരണത്തിന് – പ്രാണായാമം. ഐശ്വര്യദായകവും ദുഖവിനാശകരവുമാണ് പ്രാണായാമസാധന.

ഞാനീ സാധനയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. പ്രാണായാമം മൂലമാണ് എനിക്ക് ദീര്‍ഘായുസ്സും ആത്മജ്ഞാനവും ലഭിച്ചത്. അതെങ്ങിനെയെന്നു ഞാന്‍ പറയാം. മൂന്നു നാഡികള്‍ (തൂണുകള്‍ ) താങ്ങി നിര്‍ത്തുന്ന ഈ ദേഹത്തെ നോക്കിയാലും. ഒന്‍പതു വാതിലുകളാണതിലുള്ളത്. എട്ടു സഖിമാരുള്ള (പൂര്യഷ്ടകം തന്നെയാണത്. അഹംഭാവമാണതിനു കാവല്‍ നില്‍ക്കുന്നത്‌.. മൂലധാതുക്കള്‍ അതിന്റെ ബന്ധുക്കളാണ് . ദേഹത്തിന്റെ നടുക്കായി ഇഡയും, പിംഗളയും (നാഡികൾ) സ്ഥിതിചെയ്യുന്നു. താമരപോലെ, എല്ലും മാംസവും കൊണ്ടുണ്ടാക്കിയ മൂന്നു ചക്രങ്ങളുണ്ട് അവിടെ. പ്രാണവായു ഈ ചക്രങ്ങളില്‍ വീശുമ്പോള്‍ ഈ താമരയുടെ ഇതളുകള്‍ കമ്പനം ചെയ്യാന്‍ തുടങ്ങുന്നു. ആ താമരയിതളുകള്‍ വിടരുമ്പോള്‍ പ്രാണവായു വികസ്വരമാവുന്നു. നാഡികള്‍ താഴേയ്ക്കും മുകളിലേയ്ക്കും പ്രസരിക്കുന്നു. മഹര്‍ഷിമാര്‍ ഈ പ്രാണവായുവിനെ അവയുടെ പ്രവര്‍ത്തനഭേദമനുസരിച്ച് പ്രാണ,അപാന,സമാന തുടങ്ങിയ പല നാമങ്ങളിട്ടു വിളിക്കുന്നു.

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ചൈതന്യം ഹൃദയകമലത്തില്‍ നിന്നും ആര്‍ജ്ജിക്കുന്നതാണ്. ഹൃദയകമലത്തില്‍ കമ്പനം കൊള്ളുന്ന ചൈതന്യമാണ് പ്രാണന്‍. . കണ്ണിനു കാണാനും ത്വക്കിനു സ്പര്‍ശനം അറിയാനും, വായ്ക്കു സംസാരത്തിനും ഭക്ഷണത്തിനു ദഹിക്കുവാനും എന്നുവേണ്ട എല്ലാ ശാരീരികധര്‍മ്മങ്ങള്‍ക്കും ദേഹത്തെ പര്യാപ്തമാക്കുന്നത് പ്രാണനാണ്. ദേഹത്തിന്റെ മദ്ധ്യത്തില്‍ നിന്നും മുകളിലേക്കുള്ള പ്രവര്‍ത്തങ്ങള്‍ക്കുതകുന്നതു പ്രാണനും താഴെക്കുള്ളതിനു അപാനനും ആണ്. 

ഞാന്‍ അവരിലേറെ ഭക്തിവിശ്വാസത്തോടെയാണ് കഴിയുന്നത്. ഹൃദയത്തില്‍ പ്രാണനും അപാനനും ക്ഷീണമെന്തെന്നറിയാത്ത സൂര്യചന്ദ്രന്മാരെപ്പോലെ പ്രകാശിച്ചു നില്‍ക്കുന്നു. “അവ ദേഹമെന്ന നഗരത്തിന്റെ കാവലാളായ മനസ്സെന്ന രഥത്തിന്റെ ചക്രങ്ങള്‍ പോലെയാണ്; അഹംഭാവത്തിന്റെ പ്രിയപ്പെട്ട കുതിരകളെപ്പോലെയാണ്.” അവയോടുള്ള നിരന്തരഭക്തിയോടെ ഞാന്‍ ദീര്‍ഘനിദ്രയിലെന്നമട്ടില്‍ അഖണ്ഡമായ ബോധത്തില്‍ അഭിരമിച്ച് കഴിയുന്നു. പ്രാണനെയും അപാനനെയും ഉപാസിക്കുന്നവര്‍ക്ക് ഇഹലോകത്തിലെ ജനനമരണ ആവര്‍ത്തനങ്ങള്‍ക്ക് വശംവദരാവേണ്ടിവരുന്നില്ല. 

May 6, 2013

348 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 348


അന്ധീകൃതഹൃദാകാശാ: കാമകോപ വികാരജാ:
ചിന്താ ന പരിഹംസന്തി ചിത്തം യസ്യ സമാഹിതം (6/23/46)

വസിഷ്ഠന്‍ ചോദിച്ചു: അല്ലയോ ഭുശുണ്ടാ, അങ്ങയുടെ ശരീരം മരണത്തിനു വശംവദമാവാതെ എങ്ങിനെ ഇത്രകാലം നിലനിന്നു?

ഭുശുണ്ടന്‍ മറുപടിയായിപ്പറഞ്ഞു: അങ്ങേയ്ക്കിതെന്നല്ല എല്ലാത്തിന്റെയും ഉത്തരങ്ങള്‍ അറിയാംഎങ്കിലും ശിഷ്യന്റെ സംഭാഷണചാതുര്യം വര്‍ദ്ധിപ്പിക്കാനായി ഇങ്ങിനെ ഓരോന്ന് ചോദിക്കുകയാണ്. ഏതായാലും ഞാന്‍ പറയാം. കാരണം ഗുരുക്കന്മാരെയും മഹര്‍ഷിമാരെയും പൂജിക്കുന്നതിനു തുല്യമാണ് അവരെ അനുസരിക്കുക എന്നത്. 

രാഗദ്വേഷങ്ങളും തെറ്റിദ്ധാരണകളും, മനോപാധികളും ഇല്ലാത്തവരെ കൊല്ലാന്‍ മരണത്തിന് യാതൊരാഗ്രഹവുമില്ല. മനോരോഗങ്ങള്‍ക്കു വശംവദമല്ലാത്തവരെ മരണത്തിന് വേണ്ട. അതുപോലെ ആശകളും പ്രത്യാശകളും വെച്ച് പൊറുപ്പിക്കാത്തവരെയും, അതുമൂലമുള്ള ആശങ്കകളാല്‍ വലയാത്തവരെയും, ലോഭാദികളില്ലാത്തവരെയും മരണം തിരിഞ്ഞു നോക്കില്ല. ശരീരമനസ്സുകളില്‍ കോപാഗ്നിയും വെറുപ്പും എരിഞ്ഞു പുകയാത്തവരും കാമത്തിന്റെ പ്രലോഭനങ്ങളാല്‍ കശക്കിയെറിയപ്പെടാത്തവരെയും  മരണം തീണ്ടുകയില്ല. മനസ്സ് മാര്‍ക്കടനെപ്പോലെ അശാന്തമാക്കാതെ പരബ്രഹ്മത്തില്‍ ശുദ്ധാവബോധമായി നിലകൊള്ളുന്നയാളെ മരണത്തിന് വേണ്ട. പരമപ്രശാന്തതയില്‍ അഭിരമിക്കുന്നവനെ ഈ പറഞ്ഞ ദുഷ്ടപ്രഭൃതികള്‍ സമീപിക്കുകപോലുമില്ല. അവരുടെ ശരീരമനസ്സുകളില്‍ രോഗപീഢകള്‍ ഉണ്ടാവുകയുമില്ല. ദീര്‍ഘനിദ്രയില്‍ അങ്ങിനെയുള്ള മുക്തപുരുഷന്റെ അവബോധം ക്ഷയിക്കുകയോ ജാഗ്രദില്‍ അത് പുഷ്ടി പ്രാപിക്കുകയോ ചെയ്യുന്നില്ല.

“മനസ്സും ഹൃദയവും പരമപ്രശാന്തതയില്‍ അഭിരമിക്കുന്ന ഒരുവനെ കാമാക്രോധാദികളില്‍ നിന്നു ജനിക്കുന്ന ദുഷ്ടപ്രവണതകള്‍ സ്പര്‍ശിക്കുകപോലുമില്ല.” അയാള്‍ ഒന്നും നേടാനായി ആഗ്രഹിക്കുകയോ അനിച്ഛാപൂര്‍വ്വം വന്നുചേര്‍ന്നതിനെ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. ഒന്നും വേണ്ടെന്നുവയ്ക്കുകയോ എന്തെങ്കിലും സ്വരുക്കൂട്ടി വയ്ക്കുകയോ ചെയ്യുന്നില്ല. അയാള്‍ ഉചിതമായ കര്‍മ്മങ്ങളില്‍ എപ്പോഴും ആമഗ്നനാണ്. ദുഷ്ടശക്തികള്‍ അയാളെ ബാധിക്കുകയില്ല. എന്നാല്‍ ആനന്ദവും സന്തോഷവും മറ്റു സദ്ഗുണങ്ങളും അയാളിലേയ്ക്ക് താനേ ഒഴുകിയെത്തും. അതിനാല്‍ മഹാമുനേ, ശാശ്വതവും നാശരഹിതവുമായ ആത്മാവിലാണ് നാം സുദൃഢമായി ഉറച്ചിരിക്കേണ്ടത്. അവിദ്യ തീണ്ടാത്തതും യാതൊന്നിന്റെയും കുറവുകള്‍ ഇല്ലാത്തതുമായ പരംപൊരുളാണത്. 

ദ്വന്ദത-വൈവിദ്ധ്യത എന്ന ദുര്‍ഭൂതത്തെ ഇല്ലാതാക്കി ഒരേ ഒരു സത്യത്തില്‍ ഹൃദയമുറപ്പിക്കുക. ആദിമദ്ധ്യാന്തം മധുരതരമായത് അത് മാത്രമാണ്. ദേവതമാരുമായോ, അസുരന്മാരുമായോ, യക്ഷകിന്നരഗാന്ധര്‍വ്വന്‍മാരുമായോ ഉള്ള സഹവാസമോ അപ്സരസ്സുകളുമായുള്ള കേളികളോ ശാശ്വതമായ സന്തോഷത്തെ നല്‍കുകയില്ല. സ്വര്‍ഗ്ഗനരകങ്ങളിലോ ഭൂമിയിലോ ഈ സൃഷ്ടികളിലെവിടെയും ശാശ്വതമായ നന്മ ലഭ്യമല്ല. എല്ലാ പ്രവര്‍ത്തനങ്ങളും ശാരീരികവും മാനസീകവുമായ പരിമിതികളാല്‍ അസന്തുഷ്ടിയേകുന്നവയാണ്. അവയിലും ശാശ്വതമായ നന്മയില്ല. ഇന്ദ്രിയകര്‍മ്മങ്ങള്‍ എല്ലാം അവയുടെ തുടക്കം, ഒടുക്കം എന്നീ പരിമിതികള്‍ കൊണ്ട് കളങ്കിതമാകയാല്‍ ശാശ്വതമായ നന്മ അവയിലുമില്ല. 
   
ലോകത്തിന്റെ മുഴുവന്‍ അധീശസ്ഥാനമോ,ദേവേന്ദ്രപദവിയോ, വേദശാസ്ത്രങ്ങളിലെ നിപുണതയോ, മറ്റുള്ളവര്‍ക്കായി ചെയ്യുന്ന സേവനങ്ങളോ, കഥാകഥനമോ കഥാശ്രവണമോ, ദീര്‍ഘയുസ്സോ, മരണമോ, സ്വര്‍ഗ്ഗമോ, നരകമോ ഒന്നും മഹത്വമാർജ്ജിച്ചവരുടെ മനോനിലയ്ക്ക് തുല്യമാവുകയില്ല.         

May 5, 2013

347 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 347

അകാര്‍ദേത്രദൃക്ഷസംചാരാന്‍മേര്‍വാദിസ്ഥാനകാ ദിശ:
സംസ്ഥാനമന്യഥാ തസ്മിന്‍സ്ഥിതേ യാന്തി ദിശോന്യഥാ (6/22/46)

ഭുശുണ്ടന്‍ തുടര്‍ന്നു: ഇക്കഴിഞ്ഞയുഗത്തിലെയും അതിന് മുന്‍പ് വളരെ പണ്ടുണ്ടായതുമായ പലതും ഞാനോര്‍ക്കുന്നു. അങ്ങയേയും, ഗൌരീദേവിയേയും, ഹിരണ്യാക്ഷന്‍ മുതലായ അസുരന്മാരെയും, സിബി തുടങ്ങിയ ചക്രവര്‍ത്തിമാരെയും നേരത്തേ എനിക്കറിയാം. മഹര്‍ഷേ, അങ്ങയുടെ വസിഷ്ഠനായുള്ള ഈ ജന്മം എട്ടാമത്തെതാണ്. നാം തമ്മിലിപ്പോള്‍ കാണുന്നതും എട്ടാമതാണ്. ഒരിക്കല്‍ അങ്ങ് ആകാശത്തില്‍ നിന്നുണ്ടായി. മറ്റൊരിക്കല്‍ ജലത്തില്‍ നിന്നും, പിന്നെ കാറ്റില്‍ നിന്നും, പിന്നെ പര്‍വ്വതത്തില്‍ നിന്നും അഗ്നിയില്‍ നിന്നും അങ്ങ് ജനിച്ചു. ഈ സൃഷ്ടിചക്രത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അതേപടി കഴിഞ്ഞ മൂന്നു വട്ടവും നടക്കുകയുണ്ടായി. എന്നാല്‍ ഞാന്‍ അങ്ങിനെയുള്ള പത്തു സൃഷ്ടിചക്രങ്ങള്‍ ഓര്‍ക്കുന്നു.*
  
എല്ലാ യുഗത്തിലും സത്യവും വേദശാസ്ത്രവും പ്രചരിപ്പിക്കുവാന്‍ മഹര്‍ഷിമാര്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ പുരാണകഥകളെ  ക്രോഡീകരിച്ചെഴുതാന്‍ വ്യാസന്മാരും ഉണ്ടായിരുന്നു. വാല്‍മീകിമഹര്‍ഷി ഓരോ തവണയും രാമായണം എഴുതി. മാത്രമല്ല, ശ്രീരാമന് അങ്ങ് നല്‍കിയ ഉപദേശങ്ങള്‍ സമാഹരിച്ച് ആത്മനിഷ്യന്തിയായ ഒരു ഗ്രന്ഥവും വാല്‍മീകി ഓരോരോ യുഗത്തിലും എഴുതുകയുണ്ടായി. അതില്‍ ആദ്യം ഒരു ലക്ഷം ശ്ലോകങ്ങള്‍ ഉണ്ടായിരുന്നു. ഈ യുഗത്തില്‍ വാല്‍മീകി അതെഴുതുന്നത് പന്ത്രണ്ടാം തവണയാണ്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടായിരുന്നു. ‘ഭാരതം’ എന്നാണതിന്റെ പേര്. പക്ഷെ അത് ആര്‍ക്കുമിപ്പോള്‍ അറിയില്ല.

അസുര നിഗ്രഹത്തിനായി ഭഗവാന്‍ വിഷ്ണു വീണ്ടും വീണ്ടും ജന്മമെടുക്കും. ഈ യുഗത്തില്‍ത്തന്നെ രാമനായി അദ്ദേഹം പതിനൊന്നാമത്തെ അവതാരമെടുക്കുന്നതാണ്. കൃഷ്ണനായി ഭഗവാന്‍ പതിനാറാമത്തെ തവണ ജന്മമെടുക്കാന്‍ പോകുന്നു. എന്നാല്‍ ഇതെല്ലാം വെറും മായക്കാഴ്ച്ചകളാണെന്നു തിരിച്ചറിയുക. ലോകം തന്നെ സത്യമല്ലല്ലോ. ഭ്രമാത്മകമനസ്സിനേ അത് ഉണ്മയാണെന്ന് തോന്നൂ. സമുദ്രോപരി കാണപ്പെടുന്ന അലകളെപ്പോലെ കണ്ണടച്ചു തുറക്കുന്ന നേരത്തില്‍ ഉണ്ടായി മറയുന്ന മായക്കാഴ്ചയാണ് ലോകം.

ചില യുഗങ്ങളില്‍ മൂന്നു ലോകങ്ങളും വളരെ സമാനസ്വഭാവമുള്ളവയാണ്. മറ്റു യുഗങ്ങളില്‍ അവ തുലോം വ്യത്യസ്ഥമത്രേ. ഈ ആപേക്ഷികവ്യതിയാനങ്ങള്‍ മൂലം ഓരോരോ യുഗങ്ങളിലും എനിക്ക് വെവ്വേറെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സേവകരെയും കിട്ടിയിട്ടുണ്ട്. വെവ്വേറെ കൂടുകളും എനിക്ക് ലഭ്യമായി. ചിലപ്പോള്‍ ഹിമാലയ സാനുക്കളിലും മറ്റുചിലപ്പോള്‍ മലയപര്‍വ്വതത്തിലും ഞാന്‍ കൂടുണ്ടാക്കി. എന്നാല്‍ ആര്‍ജ്ജിതവാസനകളുടെ പ്രഭാവം കൊണ്ട് ഞാനീ മരത്തിലും കൂടുണ്ടാക്കി വസിച്ചുവരുന്നു.

യുഗംതോറും, ദിക്കും ദിശകളും മാറിക്കൊണ്ടിരിക്കുന്നു. ബ്രഹ്മാവിന്റെ രാത്രികള്‍പോലും മാറുന്നു. എപ്പോഴും ഉണര്‍ന്നിരിക്കുന്നതിനാല്‍ ഈ മാറ്റങ്ങളെക്കുറിച്ചുള്ള സത്യം എനിക്കുമാത്രമേ അറിയാവൂ. “ധ്രുവങ്ങളുടെയും  സൂര്യചന്ദ്രന്മാരുടെയും സ്ഥാനങ്ങള്‍ , നക്ഷത്രങ്ങളുടെ ചലനം, എന്നിവയെ അനുസരിച്ചാണ് വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക്‌ ഇത്യാദി  ദിക്കുകള്‍ നിശ്ചയിക്കപ്പെടുന്നത്.”

എന്നാല്‍ ഈ ലോകം സത്തോ അസത്തോ അല്ല എന്നെനിക്കറിയാം. വിശ്വാവബോധത്തിലെ ചൈതന്യത്തിന്റെ ചലനം മാത്രമാണ് സത്തായുള്ളത്. ഈ ചലനം ഭ്രമാത്മകമായ അവിദ്യകാരണം സൃഷ്ടികളായി ഉണ്ടായി മറയുന്നപോലെയുള്ള ഒരു പ്രതീതി ജനിപ്പിക്കുകയാണ്. അതേ ഭ്രമം തന്നെയാണ് ബന്ധുത്വം, കടമകള്‍ മുതലായ എല്ലാ ചിന്താക്കുഴപ്പങ്ങളെയും സൃഷ്ടിക്കുന്നതും. ചില യുഗങ്ങളില്‍ മകന്‍ അച്ഛനെപ്പോലെ പെരുമാറുന്നു; സുഹൃത്ത്‌ ശത്രുവാകുന്നു; പുരുഷന്‍ സ്ത്രീകളെപ്പോലെയും ചിലപ്പോള്‍ കലിയുഗത്തില്‍ മനുഷ്യര്‍ സുവര്‍ണ്ണയുഗത്തിലെന്നപോലെയും പെരുമാറുന്നു. മറ്റുചിലപ്പോള്‍ മറിച്ചും സംഭവിക്കുന്നു.

*കുറിപ്പ്:ലോകത്തിലെ പ്രധാന സംഭവങ്ങളുടെ വലിയൊരു പരമ്പര ഓരോ സൃഷ്ടിചക്രത്തിലും ആവര്‍ത്തിക്കുന്നത് ഇവിടെ പ്രതിപാദിക്കപ്പെടുന്നു. എന്നാല്‍ അവയില്‍ ചില സംഭവങ്ങള്‍ അതേപടി ആവര്‍ത്തിച്ചതായി പറയാത്തത് കാകഭുശുണ്ടന്‍ അവയെ വീക്ഷിച്ചതില്‍ ഉള്ള വ്യത്യാസങ്ങള്‍ കൊണ്ട് മാത്രമാണ്. ആ വിവരണത്തിലെ  ചില സംഭവങ്ങള്‍ ഉദാഹരണത്തിനായി ഇവിടെ എടുത്തു പറയുകയാണ്‌.) എന്നേയുള്ളു.

May 4, 2013

346 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 346


ദൃഷ്ടാനേകവിധാനല്‍പസര്‍ഗസംഗഗമാഗമ:
കിം കിം സ്മരസി കല്യാണ ചിത്രമസ്മിജ്ജഗത്‌ക്രമേ (6/21/27)

വസിഷ്ഠന്‍ ചോദിച്ചു: അങ്ങയുടെ ദീര്‍ഘായുസ്സ്‌ കാണുമ്പോള്‍ അങ്ങ് പൂര്‍ണ്ണമുക്തിയെ പ്രാപിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അങ്ങ് ജ്ഞാനിയും ധീരനായൊരു യോഗിവര്യനുമാണെന്നും ഞാനറിയുന്നു. ഈ ലോകചക്രത്തിലും ഇതിനു മുന്‍പുള്ള മറ്റു ലോകചക്രങ്ങളിലും നടന്നതും  അങ്ങേയ്ക്കോര്‍മ്മയുള്ളതുമായ  അസാധാരണ സംഭവങ്ങളെപ്പറ്റി ദയവായി പറഞ്ഞുതന്നാലും.

ഭുശുണ്ടന്‍ പറഞ്ഞു: ഞാനോര്‍ക്കുന്നു, പണ്ട് ഭൂമിയില്‍ യാതൊന്നും ഇല്ലാതിരുന്ന ഒരു കാലം. മരങ്ങളോ ചെടികളോ പർവ്വതങ്ങളോ പോലും ഉണ്ടായിരുന്നില്ല. പതിനോരായിരം കൊല്ലം ഭൂമിയെ ദ്രവശില (ലാവ) മൂടിക്കിടന്നിരുന്നു. അപ്പോള്‍ ധ്രുവങ്ങള്‍ക്ക് കീഴില്‍ രാത്രിയോ പകലോ ഒന്നും ഉണ്ടായിരുന്നില്ല. കാരണം സൂര്യചന്ദ്രന്മാര്‍ ബാക്കിയുള്ള ഭൂമിയെ പ്രകാശമാനമാക്കാക്കിയിരുന്നില്ല. ധൃവപ്രദേശത്തിന്റെ പകുതി മാത്രമേ പ്രകാശിച്ചിരുന്നുളളു. അപ്പോള്‍ അസുരന്മാരാണ് ഭൂമിയെ ഭരിച്ചിരുന്നത്. അതിശക്തരും, ഐശ്വര്യസമൃദ്ധിയുളളവരുമായിരുന്നുവെങ്കിലും മായാഭ്രമങ്ങള്‍ക്കടിമകളായിരുന്നു അവർ . ഭൂമി അവര്‍ക്കൊരു കളിസ്ഥലമായിരുന്നു.

ധ്രുവപ്രദേശങ്ങളൊഴികെ എല്ലാടവും ജലം നിറഞ്ഞിരുന്നു. പിന്നീട് കുറെയേറെക്കാലം ധ്രുവപ്രദേശമൊഴിച്ചെല്ലാടവും കാടുനിറഞ്ഞു കിടന്നു. പിന്നീട് വന്‍ പര്‍വ്വതങ്ങള്‍ ഉണ്ടായി. എന്നാല്‍ അവയിലൊന്നും മനുഷ്യവാസം ഉണ്ടായില്ല. അസുരന്മാരുടെ ശവശരീരം കൊണ്ട് ഒരു പതിനായിരം കൊല്ലം ഭൂമി മൂടപ്പെട്ടിരുന്നു. ആകാശത്ത്‌ അലസഗമനം നടത്തിയിരുന്ന ദേവന്മാര്‍ അപ്പോള്‍ ഭയം മൂലം ആ ഭാഗത്തേയ്ക്ക് വരാതായി. ഭൂമി ഒറ്റയൊരു വന്‍പര്‍വ്വതംപോലെ ആയിത്തീര്‍ന്നിരുന്നു. എനിക്കങ്ങിനെ പല കാര്യങ്ങളും കഥകളും ഓര്‍മ്മയിലുണ്ട്. എങ്കിലും അവയില്‍ ചിലത് മാത്രം ഞാന്‍ പറഞ്ഞു തരാം. 

എന്റെ ജീവിതത്തില്‍ ഞാന്‍ പല മനുക്കളെയും കണ്ടു. മനുഷ്യവംശത്തിന്റെ ആദിപിതാവാണ് മനു. ഒരുകാലത്ത് ഒരു വിശ്വാണ്ഡം മാത്രമേ ഉണ്ടായിരുന്നുള്ളു. ദേവന്മാരും അസുരന്മാരും ഒന്നും ഇല്ലായിരുന്നു. എന്നാല്‍ മറ്റൊരുകാലത്ത് ഭൂമി നിറയെ അസന്മാര്‍ഗ്ഗികളായ, മദിച്ചുകുടിച്ചു മദോന്മത്തരായ ബ്രാഹ്മണരും, ദൈവനിഷേധികളായ ശൂദ്രന്മാരും, വേശ്യാസ്ത്രീകളും നിറഞ്ഞിരുന്നു. ഭൂമിയാകെ കാടുനിറഞ്ഞിരുന്ന ഒരു യുഗത്തെപ്പറ്റിയും സമുദ്രമെന്ന സങ്കല്‍പ്പം പോലും അന്യമായിരുന്ന മറ്റൊരു യുഗവും എന്റെ ഓര്‍മ്മയിലുണ്ട്. മനുഷ്യവര്‍ഗ്ഗം പൊടുന്നനെ സൃഷ്ടിക്കപ്പെട്ട ആ നവയുഗവും എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു കാണാം.  

മറ്റൊരു യുഗത്തിൽ , പര്‍വ്വതങ്ങളും മലകളും ഇല്ലാതിരുന്ന കാലം, ദേവതമാര്‍ ആകാശത്തു വസിച്ചിരുന്നു. ദേവന്മാരോ ഋഷികളോ ഇല്ലാതെ ലോകം മുഴുവന്‍ ഇരുള്‍ മൂടിയിരുന്ന മറ്റൊരു യുഗവും ഞാനോര്‍ക്കുന്നു.

ആദ്യം സൃഷ്ടിയെപ്പറ്റി ഒരു സങ്കല്‍പ്പം ധാരണയായി വിശ്വത്തില്‍ ഉടലെടുത്തു. പിന്നീട് വെളിച്ചവും വിശ്വത്തിന്റെ വിഭജനവും ഉണ്ടായി. അതേത്തുടര്‍ന്നു  ഓരോന്നോരോന്നായി വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ ഉണ്ടായി. നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടായി. ഒരുയുഗത്തില്‍ ഭഗവാന്‍ വിഷ്ണുവാണ് സൃഷ്ടി ചെയ്തത്. മറ്റൊരു യുഗത്തില്‍ ബ്രഹ്മാവ്. ഇനിയുമൊരു യുഗത്തില്‍ പരമശിവന്‍ സൃഷ്ടാവായി. 

May 2, 2013

345 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 345


ബ്രഹ്മാന്നിയതിരേഷാ ഹി ദുര്‍ലംഘ്യാ പരമേശ്വരീ
മയേദൃശേന വൈ ഭാവ്യം ഭാവ്യമന്യൈസ്തു താദൃശൈ: (6/21/23)

ഭുശുണ്ടന്‍ തുടര്‍ന്നു: വരപ്രദായിനിയായ ഈ വൃക്ഷത്തെ ഉലയ്ക്കാന്‍  പ്രകൃതിക്ഷോഭങ്ങള്‍ക്കോ, ജീവികള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ സൃഷ്ടിക്കുന്ന വിപത്തുകള്‍ക്കോ ഒന്നും സാധിക്കുകയില്ല. രാക്ഷസന്മാര്‍ ഭൂമിയില്‍ നാശംവിതച്ചു നടന്നപ്പോഴും ആ അവസരങ്ങളില്‍ ഭഗവാന്‍ അവതരിച്ച് ഭൂമിയെ അവരുടെ പിടിയില്‍ നിന്നും രക്ഷിച്ചപ്പോഴും ഒക്കെ ഈ മരം അചഞ്ചലമായി നിലകൊണ്ടിരുന്നു. വിശ്വപ്രളയത്തിന്റെ സമയത്തുണ്ടായ തീയോ ജലപ്രളയമോ ഒന്നും ഈ മരത്തെ ഇളക്കിയില്ല.  അതിനാല്‍ ഈ മരത്തിലെ ജീവികള്‍ എല്ലാ ദുരിതങ്ങളേയും അതിജീവിച്ചു. അശുദ്ധമായ ഇടങ്ങളില്‍ നിവസിക്കുന്നവര്‍ക്കാണ് ദുര്യോഗങ്ങള്‍ ഉണ്ടാവുക.

വസിഷ്ഠന്‍ ചോദിച്ചു: എങ്കിലും അണ്ഡകഠാഹത്തിലെ ജീവന്റെ തരികൂടി ഇല്ലാതായ പ്രളയശേഷവും അങ്ങെങ്ങിനെയാണ് ജീവന്‍ നിലനിര്‍ത്തിയത്‌?

ഭുശുണ്ടന്‍ പറഞ്ഞു: പ്രളയത്തിന്റെ ആ സമയത്ത്‌ ഞാന്‍ ഈ കൂട് ഉപേക്ഷിച്ച് പോവും. നന്ദിയില്ലാത്ത മനുഷ്യന്‍ തന്റെ സുഹൃത്തിനെപ്പോലും ചിലപ്പോള്‍  ഉപേക്ഷിക്കുമല്ലൊ. എന്നിട്ട് ഞാന്‍ എല്ലാ മാനസീകോപാധികളെയും ചിന്തകളേയും അവസാനിപ്പിച്ച് വിശ്വാകാശത്തില്‍ വിലീനനാവും. 

വിശ്വത്തിലെ പന്ത്രണ്ടു സൂര്യന്മാര്‍ ചേര്‍ന്ന് ലോകസൃഷ്ടിക്കുമേല്‍ അസഹനീയമായ ചൂടു വര്‍ഷിക്കുമ്പോള്‍ ഞാന്‍ ‘വാരുണീധാരണം’ എന്ന യോഗം അഭ്യസിച്ച് താപപീഢകളില്‍ നിന്നും രക്ഷനേടും. ജലത്തിന്റെ അധിദേവതയായ വരുണനെ പ്രീതിപ്പെടുത്തുന്ന ധ്യാനമാര്‍ഗ്ഗമാണ് വാരുണീധാരണം. 

കാറ്റ് അതിശക്തമായി മേരുപര്‍വ്വതത്തെപ്പോലും ഇളക്കിമറിക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ‘പാര്‍വ്വതീ ധാരണം’ എന്ന ധ്യാനസപര്യയില്‍ ഏര്‍പ്പെടും. പര്‍വ്വതം അങ്ങിനെ എന്നില്‍ സംപ്രീതയാവുന്നു.  

വിശ്വം മുഴുവന്‍ ജലപ്രളയം ബാധിക്കുമ്പോള്‍ ഞാന്‍ ‘വായുധാരണം’ എന്നാ ധ്യാനത്തിലൂടെ സുരക്ഷപ്രാപിക്കുന്നു. എന്നിട്ട് അടുത്ത വിശ്വചക്രമാരംഭിക്കുന്നതുവരെ ഞാന്‍ ദീര്‍ഘനിദ്രയെ പുല്‍കുന്നു. പുതിയ സൃഷ്ടാവ് തന്റെ കര്‍മ്മങ്ങള്‍ സമാരംഭിക്കുമ്പോള്‍ ഞാനും ഈ മരത്തില്‍ എന്റെ കൂട്ടിലെ താമസം പുനരാരംഭിക്കുന്നു.

വസിഷ്ഠന്‍ ചോദിച്ചു: എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് അങ്ങ് ചെയ്യുന്നതുപോലെ ചെയ്യാന്‍ കഴിയാത്തത്?

ഭുശുണ്ടന്‍ പറഞ്ഞു: “മഹര്‍ഷേ, പരമപുരുഷന്റെ ഇച്ഛയെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ല. അവിടുത്തെ ഇച്ഛയാണ് ഞാനീവിധത്തിലും മറ്റുള്ളവര്‍ അവരവരുടെ രീതിയിലും കഴിയുക എന്നത്.” ആര്‍ക്കും എന്തൊക്കെയാണ് ഭാവിയില്‍ നടക്കാന്‍ പോവുന്നതെന്ന് അറിയാന്‍ സാധിക്കുകയില്ല. ഓരോ ജീവികളുടെയും പ്രകൃതിക്കനുസരിച്ച് ആവശ്യമായ കാര്യങ്ങള്‍ സംഭവിക്കുന്നു. അതുകൊണ്ട് എന്നിലുള്ള ചിന്താശക്തി അല്ലെങ്കില്‍ ധ്യാനശക്തി കൊണ്ട് എല്ലാ ലോകചക്രത്തിലും ഈ മരം ഇവ്വിധം കാണപ്പെടുന്നു എന്നേ പറയാനാവൂ.