Apr 17, 2013

335 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 335


മനോബുദ്ധിരഹങ്കാരസ്തന്മാത്രാണീന്ദ്രിയാണി ച
ബ്രഹ്മൈവ സര്‍വം നാനാത്മ സുഖം ദുഃഖം ന വിധ്യതെ (6/11/43)

വസിഷ്ഠന്‍ തുടര്‍ന്നു: ലോകത്തിലെ എല്ലാ വസ്തുക്കളും ബ്രഹ്മം മാത്രമാണ്. ‘ഞാന്‍’ ബ്രഹ്മമാകുന്നു.

വികാരം, നിര്‍വികാരം, ആസക്തി, അനാസക്തി എന്നിവയെല്ലാം വെറും ധാരണകള്‍ മാത്രമാണ്. ദേഹം ബ്രഹ്മമാണ്. മരണവും ബ്രഹ്മം. സങ്കല്‍പ്പത്തിലുള്ള പാമ്പും ശരിയ്ക്കുമുള്ള കയറും ഒന്നാണെന്ന് അറിഞ്ഞാല്‍പ്പിന്നെ ദുഖമെവിടെ? അതുപോലെ ദേഹവും അതനുഭവിക്കുന്ന സുഖവും ബ്രഹ്മമാണ്. അപ്പോള്‍പ്പിന്നെ ശരീരസുഖത്തിന് കാരണമായിരിക്കുന്നതെന്താണ്?

ശാന്തമായ സമുദ്രോപരി കാണപ്പെടുന്ന അലകള്‍ അശാന്തമാണെങ്കിലും അത് ജലം തന്നെയാണല്ലോ. പ്രത്യക്ഷലോകമായി ബ്രഹ്മം അശാന്തമായിരിക്കുന്നുവെങ്കിലും അതിന്റെ സ്വരൂപം നഷ്ടമാവുന്നില്ല. അതിനാല്‍ ‘ഞാന്‍’, ‘നീ’ എന്നിത്യാദി വൈവിദ്ധ്യങ്ങള്‍ക്ക് യാതൊരു സാദ്ധ്യതയും ഇല്ല.   

ജലത്തിലെ ഓളങ്ങള്‍ നിലയ്ക്കുമ്പോള്‍ മൂല്യവത്തായ ഒന്നും ഇല്ലാതാവുന്നില്ല. മരണമെന്ന ബ്രഹ്മം ദേഹമെന്ന ബ്രഹ്മത്തെ ഏറ്റെടുക്കുമ്പോള്‍ ഒന്നും നഷ്ടമാവുന്നില്ല. ജലത്തിനെന്നപോലെ ബ്രഹ്മത്തിനും പ്രശാന്തമായിരിക്കാനും കലുഷമായി ഇളകാനും കഴിയുന്നു. അതാണ്‌ പ്രകൃതിനിയമം. ‘ഇത് ജീവാത്മാവ്’, ‘ഇത് ജഡം’, എനിങ്ങിനെ വിഭജിക്കുന്നത് അജ്ഞാനം മൂലമുള്ള വിഭ്രാന്തിയാണ്. ജ്ഞാനിക്ക് അത്തരം ധാരണകളില്ല.

അജ്ഞാനിക്ക് ലോകം മുഴുവനും ശോകഗ്രസ്ഥമാണ്. ജ്ഞാനിക്ക് അതേലോകം ആനന്ദസ്രോതസ്സുമാണ്. അന്ധന് ലോകം മുഴുവന്‍ ഇരുട്ടാണ്. നല്ല കാഴ്ചശക്തിയുള്ളവന് ലോകം പ്രകാശമയമാണ്. ബ്രഹ്മം എല്ലാടവും വ്യാപരിച്ചിരിക്കുമ്പോള്‍ മരണമെവിടെ? ജീവനെവിടെ? കടലലകള്‍ ജനിക്കുന്നും മരിക്കുന്നുമുണ്ടോ? അതുപോലെയാണ് ലോകത്തിലെ സൃഷ്ടികള്‍ .

‘ഇതുണ്ട്’, ‘ഇതില്ല’, എന്നിങ്ങിനെയുള്ള വിഭ്രമാത്മകധാരണകള്‍ ആത്മാവില്‍ ഉയരുന്നതിനു പ്രത്യേക കാരണങ്ങളോ ഉദ്ദേശങ്ങളോ ഇല്ല. സ്ഫടികക്കഷണം വിവിധ നിറങ്ങളില്‍ പ്രകാശം പ്രതിബിംബിപ്പിക്കുന്നത് നിയതമായ യാതൊരുദ്ദേശവും ഇല്ലാതെയാണല്ലോ. അതതിന്റെ സ്വഭാവമാണ്. പ്രകൃതിയാണ്.

ബോധമണ്ഡലത്തിലേയ്ക്ക് അനേകം വൈവിദ്ധ്യതകളെ വിക്ഷേപിക്കുന്ന ചൈതന്യം സജീവമായി ലോകമെന്ന നാമരൂപ സംഘാതമായി കാണപ്പെടുമ്പോഴും ആത്മാവ് മാറ്റമൊന്നുമില്ലാതെ നിലകൊള്ളുന്നു. ‘വ്യക്തി’, ‘ദേഹം’ മുതലായി സ്വതന്ത്രരൂപത്തില്‍ ലോകത്ത് യാതൊന്നും ഇല്ല. ശരീരമായും ധാരണകളായും, വിഷയപ്രതീതികളായും, നാശമുള്ളതായും ഇല്ലാത്തതായും, ചിന്തകളായും വികാരങ്ങളായും, അവയുടെ അര്‍ത്ഥതലങ്ങളായും ഉള്ള സകലതും ബ്രഹ്മമാണ്. അനന്താവബോധമാണ്.

അജ്ഞാനം മൂലം ഒരുവന്റെ വിഭ്രമാത്മകമായ കണ്ണില്‍ മാത്രമേ ദ്വന്ദത നിലനില്‍ക്കുന്നുള്ളു. “മനസ്സ്‌, ബുദ്ധി, അഹങ്കാരം, വിശ്വത്തിന്റെ മൂലഘടകങ്ങളായ പഞ്ചഭൂതങ്ങള്‍ , ഇന്ദ്രിയങ്ങള്‍ , വൈവിദ്ധ്യമാര്‍ന്ന പ്രതിഭാസങ്ങള്‍ , എന്നിവയെല്ലാം ബ്രഹ്മമാണ്. സുഖദുഃഖങ്ങള്‍ വെറും മായക്കാഴ്ചയാണ്.” അവ അര്‍ത്ഥമില്ലാത്ത വെറും വാക്കുകള്‍ മാത്രം. മലമുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഒരു ശബ്ദം അനേകം തവണ മാറ്റൊലിക്കൊളളുന്നതുപോലെ, ബോധം സ്വയമേവ അനവധി അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ‘ഇത് ഞാന്‍’, ‘ഇതെന്റെ മനസ്സ്’, തുടങ്ങിയ ധാരണകളില്‍ മുഴുകുന്നു. സ്വപ്നത്തില്‍ പലതു കാണുന്നവനെപ്പോലെ ഒരേയൊരു അനന്താവബോധം ആത്മാവില്‍ വൈവിദ്ധ്യതയെ ദര്‍ശിക്കുന്നു.  

No comments:

Post a Comment

Note: Only a member of this blog may post a comment.