യത്രാസ്തി വാസനാബീജം
തത്സുഷുപ്തം ന സിദ്ധയേ
നിര്‍ബീജാ വാസനാ യത്ര തത്തുര്യം
സിദ്ധിദം സ്മൃതം (6/10/20)
വസിഷ്ഠന്‍ തുടര്‍ന്നു:
ഹൃദയത്തില്‍ പരിമിതികളും മാനസീകോപാധികളും സൂക്ഷ്മമായൊരു ബീജം പോലെ ബാക്കിയുണ്ടെങ്കില്‍
അത് ദീര്‍ഘസുഷുപ്തിയില്‍ത്തന്നെയാണെന്ന് കണക്കാക്കാം. പ്രശാന്തതയുടെ അനുഭവം ആര്‍ജ്ജിച്ചാലും
മനസ്സ് സ്വരൂപത്തില്‍ അഭിരമിച്ചുവെന്നു തോന്നിയാലും ആ ബീജം പുനര്‍ജന്മത്തിന്
വഴിതെളിക്കും. അത് ജഡാവസ്ഥയുടെ ഒരു തലം തന്നെയാണ്. അത് അസന്തുഷ്ടിയുടെ
സ്രോതസ്സുമാണ്. കല്ല്, മുതലായ ചൈതന്യമറ്റ സ്ഥാവരജഡവസ്തുക്കളുടെ അവസ്ഥ അതാണ്. അവ
സ്വപരിമിതികളില്‍ (വാസനകൾ ) നിന്നും സ്വതന്ത്രമല്ല. ഒരു വിത്ത് മുളപൊട്ടി ചെടി
വളര്‍ന്നു വലുതായി പൂത്ത് തളിര്‍ക്കാനുള്ള സാദ്ധ്യത വിത്തില്‍
ലീനമായുണ്ടല്ലോ. വിത്തില്‍ പൂക്കള്‍
എന്നപോലെ, ചെളിമണ്ണില്‍ കുടമെന്നപോലെ വാസനകള്‍ ജഡാവസ്ഥയിലും വസ്തുക്കളിൽ മറഞ്ഞിരിക്കുന്നു.
“സ്വപരിമിതി, ഉപാധി, പ്രവണത,
എന്നെല്ലാം അറിയപ്പെടുന്ന വാസനയുടെ വിത്തുകള്‍ ഉള്ളപ്പോള്‍ അത് ദീര്‍ഘസുഷുപ്തിയുടെ
അവസ്ഥയാണ്. അത് പരിപൂര്‍ണ്ണതയല്ല. എല്ലാ വാസനകളും ഇല്ലാതായി വാസനകളുടെ സാദ്ധ്യതകള്‍
പോലും അവസാനിച്ച് നിര്‍മനമായിരിക്കുന്ന തലമാണ് ജാഗ്രദ്,സ്വപ്ന,സുഷുപ്തി അവസ്ഥകള്‍ക്കു
മൂന്നിനും അതീതമായ നാലാമത്തെ അതീന്ദ്രിയാവസ്ഥ.” അത് പരിപൂര്‍ണ്ണതയെ ആനയിക്കുന്നു.
വാസനകള്‍ ,
അഗ്നി, കടം, ശത്രുക്കള്‍ , സുഹൃത്തുക്കള്‍ , പശ, വെറുപ്പ്, വിഷം എന്നിവ
പരിശ്രമത്തിലൂടെ മാറ്റിക്കളഞ്ഞിട്ടും അല്പമെങ്കിലും അവശേഷിക്കുകയാണെങ്കില്‍ അത് തീരെ
ഇല്ലാതാക്കുക ക്ലേശകരമാണ്. എല്ലാ വാസനകളെയും പൂര്‍ണ്ണമായും നീക്കിക്കളഞ്ഞാല്‍പ്പിന്നെ
സാധകന്‍ തന്റെ സ്വരൂപമായ ശുദ്ധഭാവത്തില്‍ പ്രതിഷ്ഠിതനാവും. അങ്ങിനെയുള്ള ഒരുവന്‍
ജീവനോടെയിരിക്കുന്നുവെങ്കിലും അല്ലെങ്കിലും അയാളെ ദുഃഖങ്ങള്‍ ബാധിക്കുകയില്ല.
ചലനരഹിതമായ
സ്ഥാവരവസ്തുക്കളില്‍ കുടികൊള്ളുന്ന ചിത്ശക്തി, അതായത് ചൈതന്യം, ബോധം,
ലീനവാസനയായാണ് നിലകൊള്ളുന്നത്. ഈ ചിത്ശക്തിയാണ് ആ വസ്തുവിന്റെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത്.
അതാണ് ഓരോ വസ്തുക്കളുടെയും തന്മാത്രകളില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാനമായ നൈസര്‍ഗ്ഗീകഗുണങ്ങള്‍ . ഈ ചിത്ശക്തിയെ (വാസനയെ) ആത്മശക്തിയായി, ആത്മചൈതന്യമായി, അനന്താവബോധമായി
സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രത്യക്ഷലോകമെന്ന ഭ്രമദൃശ്യം ഉണ്ടാവും.
എന്നാല്‍ ആ വാസനയെ സത്യമായി, അനന്താവബോധമായി സാക്ഷാത്ക്കരിക്കുവാന്‍ സാധിച്ചാല്‍പ്പിന്നെ
എല്ലാ ദുഖങ്ങള്‍ക്കും അന്ത്യമായി.
ഈ
സത്യാവസ്ഥയെ കാണാന്‍ കഴിയാത്തതാണ് അവിദ്യ, അല്ലെങ്കില്‍ അജ്ഞാനം. ഈ അവിദ്യയാണ്
പ്രത്യക്ഷലോകത്തിനു നിദാനമായിരിക്കുന്നത്. മറ്റെല്ലാ ധാരണകള്‍ക്കും കാരണമാവുന്നത്
ലോകമെന്ന ‘അജ്ഞാനം’ ആണല്ലോ. ആദ്യമായുണ്ടാവുന്ന ചിന്താശകലം പോലും ദീര്‍ഘസുഷുപ്തിയെ
ശല്യപ്പെടുത്തി നിദ്രയ്ക്കു ഭംഗം വരുത്തും. അതുപോലെ അജ്ഞാനത്തെ നീക്കി
ഇല്ലാതാക്കുവാന്‍ സത്യത്തിലേയ്ക്കുള്ള അന്ത:പ്രജ്ഞയുടെ ചെറിയൊരുണര്‍വ്വിനുപോലും
സാധിക്കും. ഇരുട്ടിലേയ്ക്ക് വിളക്കുമായി കടന്നുചെല്ലുന്നതോടെ ഇരുട്ടില്ലാതാവുന്നു.
അന്വേഷണത്തിന്റെ വിളക്കാണ് അജ്ഞാനത്തിന്റെ ഇരുട്ടിനെ നീക്കുന്നത്.
രക്താസ്ഥിമാംസ
സഞ്ചയമായ ഈ ദേഹത്തില്‍ കുടികൊള്ളുന്ന ‘ഞാന്‍’ ആരാണ്? എന്ന അന്വേഷണം
ആരംഭിക്കുന്നതോടെ അവിദ്യ അവസാനിക്കുന്നു. തുടക്കമുള്ള എല്ലാറ്റിനും അവസാനമുണ്ട്.
ആരംഭമുള്ള എല്ലാറ്റിനെയും മാറ്റി നിര്‍ത്തിയാല്‍ ശേഷിക്കുന്നത് സത്യം മാത്രം.
അതാണ് അവിദ്യയുടെ അവസാനം. അതിനെ എന്തെങ്കിലും വസ്തു ആയോ ഒന്നുമല്ലാത്ത 'അവസ്തു'വായോ
കണക്കാക്കാം. അജ്ഞാനം ഇല്ലാതാവുമ്പോള്‍ ഇതിനെയാണ് നാം പ്രാപിക്കുന്നത്.
ഒരാള്‍ക്ക്
രുചിക്കുന്ന മധുരരസം മറൊരാള്‍ക്ക് അനുഭവവേദ്യമല്ല. മറ്റൊരാള്‍ അവിദ്യ
അവസാനിച്ചതിനെപ്പറ്റി പറയുന്നത് കേട്ടതുകൊണ്ട് നീ പ്രബുദ്ധതയെ പ്രാപിക്കുകയില്ല.
ഒരോരുത്തരും അത് സ്വയം സാക്ഷാത്കരിക്കേണ്ടതുണ്ട്.
ചുരുക്കത്തില്‍
അവിദ്യ എന്നത് ‘ബ്രഹ്മേതരമായി, വിശ്വാവബോധമല്ലാതെയുള്ള മറ്റേതോ ഒരു സത്ത ഉണ്ട് എന്ന
വിശ്വാസമാണ്.’ എന്നാല്‍ എല്ലാമെല്ലാം ബ്രഹ്മം മാത്രമാണ് എന്ന അറിവുണരുമ്പോഴാണ് അവിദ്യ
ഇല്ലാതാവുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.