Apr 11, 2013

329 യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 329


യാ: സംപദോ യദുത സംതതമാപദശ്ച
യദ്ബാല്യയൌവനജരാമരണോപതാപാ:
യന്മജ്ജനം ച സുഖദുഃഖപരമ്പരാഭി
രജ്ഞാനതീവ്രതിമിരസ്യ വിഭൂതയസ്താ: (6/7/47)

വസിഷ്ഠന്‍ തുടര്‍ന്നു: മരങ്ങള്‍ തണുപ്പും കാറ്റും ചൂടും സഹിച്ച് ദുരിതമയമായ ഒരേ നില്‍പ്പ് തുടരുന്നു. എന്നാല്‍ അപ്പോഴും അവ പൂക്കളും പഴങ്ങളും മറ്റുള്ളവർക്കായി കരുതി വയ്ക്കുന്നു. ലോകമെന്ന താമരമൊട്ടില്‍ കുടുങ്ങിയിരിക്കുന്ന ഈച്ചകളെപ്പോലെ അസ്വാസ്ഥ്യരായി ജീവികള്‍ മൂളി മൂളി കഴിച്ചു കൂട്ടുന്നു. ഈ വിശ്വം മുഴുവനും കലിയുടെ ഭിക്ഷാപാത്രമെന്നപോലെ സഹജമായ ചലനങ്ങളാലും കര്‍മ്മങ്ങളാലും സദാ തിരക്കില്‍ത്തന്നെയാണ്. കലി ഈ ഭിക്ഷാപാത്രത്തില്‍ ജീവികളെ നിറച്ചു വീണ്ടുംവീണ്ടും തന്റെ നാഥനായ കാലനുമുന്നില്‍ സമര്‍പ്പിച്ചുകൊണ്ടിരിക്കുന്നു.   

ഈ വിശ്വമൊരു വൃദ്ധയാണ്. അജ്ഞാനമാകുന്ന അന്ധകാരമാണവളുടെ തലമുടി. സൂര്യചന്ദ്രന്മാര്‍ അവളുടെ വിശ്രാന്തിയെന്തെന്നറിയാത്ത കണ്ണുകളാണ്. അകത്തും പുറത്തുമായി വിരാജിക്കുന്ന ദേവതകളും, ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരും പര്‍വ്വതങ്ങളും, എന്നുവേണ്ട എല്ലാം അവളുടെ പ്രകൃതിയാണ്. ബ്രഹ്മത്തെക്കുറിച്ചുള്ള സൂക്ഷ്മരഹസ്യത്തിന്റെ അറ അവളുടെ നെഞ്ചിലാണുള്ളത്. ബോധചൈതന്യം, അല്ലെങ്കില്‍ ഊര്‍ജ്ജമാണ് അവളുടെ അമ്മ. മേഘപടലങ്ങള്‍പോലെ പെട്ടെന്ന് കലുഷമാകുന്നതും ഒരിടത്തും ഉറച്ചു നില്‍ക്കാത്തതുമാണ് അവളുടെ സ്വഭാവം. നക്ഷത്രങ്ങള്‍ അവളുടെ പല്ലുകളാണ്. ഉദയാസ്തമയങ്ങളാണ് അവളുടെ ചുണ്ടുകള്‍ .  അവളുടെ കൈപ്പത്തി താമരപ്പൂവാണ്. അകാശമാണവളുടെ വായ.  അവൾ പവിഴമണികൾ കോര്‍ത്തണിയുന്ന  കണ്ഠാഭരണമാണ് ഏഴു കടലുകള്‍. നീലാകാശത്തിന്റെ ഉടയാടയാണ്  അവളണിഞ്ഞിരിക്കുന്നത്. ധ്രുവം അവളുടെ നാഭിയാണ്. കാടുകള്‍ അവളുടെ ദേഹരോമങ്ങളാണ്.

ഈ വൃദ്ധ ആവര്‍ത്തിച്ചു ജനിച്ചു മരിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നത് ബോധപ്രകാശത്തിലാണ്. ഇതില്‍ ബ്രഹ്മാവിന്റെ കണ്ണിമവെട്ടുന്ന നേരം കൊണ്ട് ദേവതകള്‍ സൃഷ്ടിക്കപ്പെടുന്നു. ബ്രഹ്മാവൊന്നു കണ്ണടയ്ക്കുമ്പോള്‍ അനേകം ജീവികള്‍ ഇല്ലാതാവുന്നു. ആ പരമബോധത്തില്‍ രുദ്രന്മാരുണ്ടായി അവര്‍ അനേകായിരം കാലചക്രങ്ങള്‍ തുടങ്ങി ഞൊടിയിടയില്‍ അവസാനിപ്പിക്കുന്നു. എന്നാല്‍ ഈ രുദ്രനെയും ഞൊടിയിടയില്‍ സൃഷ്ടിച്ചു സംഹരിക്കുന്ന ദേവതകളും ബോധത്തില്‍ ഉണ്ടാകുന്നുണ്ട്. തീര്‍ച്ചയായും ഇത്തരം  പ്രത്യക്ഷ മൂര്‍ത്തീകരണങ്ങള്‍ അനന്തമാണ്.

അനന്തവിഹായസ്സില്‍ , അനന്താവബോധത്തിനു നടത്തിയെടുക്കാന്‍ കഴിയാത്തതായി എന്തുണ്ട്? എന്നാല്‍ പ്രത്യക്ഷമായി കാണപ്പെടുന്ന ഇതെല്ലാം അവിദ്യയുടെ പരിധിയില്‍ വരുന്ന സങ്കല്‍പം മാത്രമാണെന്ന് ജ്ഞാനിക്കറിയാം.

“എല്ലാ ഐശ്വര്യങ്ങളും ദുരിതങ്ങളും, ബാല്യം, യൌവനം, വാര്‍ദ്ധക്യം, മരണം, ദുഃഖങ്ങള്‍ , സന്തോഷ സന്താപങ്ങള്‍ , എന്നുവേണ്ട എല്ലാം സാന്ദ്രഘനമാർന്ന അവിദ്യാന്ധകാരത്തിന്റെ സന്തതികള്‍ തന്നെയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.