പുന:പുനരിദം രാമ പ്രബോധാര്‍ത്ഥം
മയോച്യതേ
അഭ്യാസേന വിനാ സാധോ നാഭ്യുദേത്യാത്മഭാവനാ
(6/11/1)
വസിഷ്ഠന്‍ തുടര്‍ന്നു:
“രാമാ, നിന്റെ ആത്മോല്‍ക്കര്‍ഷത്തിനായി ഞാനിത് ആവര്‍ത്തിച്ചു പറയുകയാണ് . ഇങ്ങിനെ
ആവര്‍ത്തിച്ചു പറഞ്ഞുറപ്പിച്ചാലല്ലാതെ, ആവര്‍ത്തിച്ചഭ്യസിക്കുന്ന സാധനകള്‍ കൂടാതെ
നിന്നില്‍
ആത്മസാക്ഷാത്കാരമുണ്ടാവുകയില്ല.”
ദേഹത്തിനകത്തും
പുറത്തുമായി അനേകായിരം ജന്മങ്ങളിലൂടെ പ്രകടിപ്പിച്ചും ഇന്ദ്രിയങ്ങളിലൂടെ
അനുഭവിച്ചും ഈ അവിദ്യയെന്ന അജ്ഞാനം നമ്മില്‍ ഘനസാന്ദ്രമായിത്തീര്‍ന്നിരിക്കുന്നു.
എന്നാല്‍ ആത്മജ്ഞാനമോ, അത് ഇന്ദ്രിയാനുഭാവങ്ങളുമായി ബന്ധമേതുമില്ലാത്തതാണ്.
അതുണ്ടാവുന്നത് പഞ്ചേന്ദ്രിയങ്ങളും ആറാമിന്ദ്രിയമായ മനസ്സും അടങ്ങുമ്പോഴാണ്. രാമാ,
അറിയേണ്ടതറിഞ്ഞ ശേഷം ഇഹലോക ജീവിതത്തില്‍ അഭിരമിച്ച ജനകമഹാരാജാവിനെപ്പോലെ,
ആത്മജ്ഞാനം സിദ്ധിച്ചശേഷം നീയും ജീവിതം നയിക്കൂ. ജനകന്റെ കാര്യത്തില്‍ അദ്ദേഹം
പ്രവര്‍ത്തനനിരതനായിരിക്കുമ്പോഴും അല്ലെങ്കിലും, ഉണര്‍ന്നിരിക്കുമ്പോഴും
അല്ലെങ്കിലും സത്യത്തിന്റെ നേരറിവ് അദ്ദേഹത്തില്‍ സദാ
പ്രോജ്വലിക്കുന്നുണ്ടായിരുന്നു.
ഭഗവാന്‍
വിഷ്ണു ഇഹലോകത്തില്‍ അവതാരങ്ങളെടുക്കുന്നത് ആത്മജ്ഞാനത്തിന്റെ മൂര്‍ത്തരൂപങ്ങളായിട്ടാണ്.
അതുപോലെ തന്നെയാണ് പരമശിവനും ബ്രഹ്മാവും. അവരെല്ലാം ആത്മജ്ഞാനത്തില്‍ രൂഢമൂലരാണ്.
രാമാ, നീയും അതുപോലെയാവൂ.
രാമന്‍
ചോദിച്ചു: ഭഗവാനേ, ഈ മഹാത്മാക്കളെല്ലാം സുദൃഢമായി അഭിരമിക്കുന്ന ഈ
ആത്മജ്ഞാനത്തിന്റെ സ്വരൂപം എന്താണ്? എന്താണതിന്റെ പ്രകൃതി?
വസിഷ്ഠന്‍
പറഞ്ഞു: രാമാ, നിനക്കിത് നേരത്തെതന്നെ അറിയാവുന്നതാണ്. എങ്കിലും ഒന്നുകൂടി
വ്യക്തമാക്കാന്‍വേണ്ടി നീയിതു ചോദിക്കുന്നതാണെന്ന് ഞാനറിയുന്നു. എന്തൊക്കെയുണ്ടോ?
എന്തൊക്കെ ഈ മായാലോകമായി കാണപ്പെടുന്നോ അതെല്ലാം ബ്രഹ്മം, അല്ലെങ്കില്‍
അനന്താവബോധം മാത്രമാണ്.
ബോധം
ബ്രഹ്മം. ലോകം ബ്രഹ്മം. പഞ്ചഭൂതങ്ങള്‍ ബ്രഹ്മം. ഞാനും എന്റെ ശത്രുവും ബ്രഹ്മം.
എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ബ്രഹ്മം. ഭൂതഭാവിവര്‍ത്തമാനങ്ങളാകുന്ന
മൂന്നു കാലങ്ങളും ബ്രഹ്മം തന്നെ. കാരണം എല്ലാമെല്ലാം വേരുറപ്പിച്ചിരിക്കുന്നത്
ബ്രഹ്മത്തിലാണല്ലോ.
സമുദ്രം
കൂടുതല്‍ വ്യാപരിച്ചിരിക്കുന്നതായി തോന്നുന്നത് അതിലെ അലകള്‍ കാരണമാണ്. അതുപോലെ
ബ്രഹ്മത്തിനു അനന്തമായ വ്യാപ്തിയുള്ളതായി തോന്നുന്നത് അനന്തവൈവിദ്ധ്യമാര്‍ന്ന
വസ്തുക്കള്‍ ഉള്ളതിനാലാണ്. ബ്രഹ്മം ബ്രഹ്മത്തെ അറിയുന്നു. ബ്രഹ്മം ബ്രഹ്മത്തെ
അനുഭവിച്ചും ആസ്വദിച്ചും അറിയുന്നു. ബ്രഹ്മത്തിന്റെ പ്രാഭവംകൊണ്ട് ബ്രഹ്മത്താല്‍
ബ്രഹ്മം മൂര്‍ത്തീകരിക്കുന്നു.
ബ്രഹ്മമായ എന്നെ വിഷമിപ്പിക്കുന്ന ശത്രുവും ബ്രഹ്മം
തന്നെയെങ്കില്‍ ആര്‍ക്ക് മറ്റൊരാളെ എന്ത് ചെയ്യാനാവും? ആകര്‍ഷണവികര്‍ഷണങ്ങള്‍ ,
ഇഷ്ടാനിഷ്ടങ്ങള്‍ , എന്നിവയെല്ലാം മനസ്സിന്റെ സങ്കല്പങ്ങള്‍ മാത്രമാണ്. ചിന്തകളുടെ
അഭാവത്തില്‍ അവയെല്ലാം നശിക്കുന്നു. അപ്പോള്‍പ്പിന്നെ അവയെങ്ങിനെയാണ് പര്‍വ്വതീകരിച്ചു
പ്രകടമാവുന്നത്?
ബ്രഹ്മത്തില്‍ത്തന്നെ
ബ്രഹ്മമായി ചരിക്കുമ്പോള്‍ , എല്ലാറ്റിലും ബ്രഹ്മം മാത്രമാണെന്നറിവുറച്ചാല്‍പ്പിന്നെ
എന്താണ് സുഖം ? എന്താണ് ദുഃഖം? ബ്രഹ്മം ബ്രഹ്മത്തില്‍ സംപ്രീതമത്രേ. അതില്‍ സ്വയം
രൂഢമൂലവുമാണ്. ‘ഞാന്‍’, ‘മറ്റുള്ളവര്‍ ’ എന്നിങ്ങനെ രണ്ടു സത്തകള്‍ ഇല്ല. എല്ലാം
ഒരേയോരുണ്‍മ മാത്രം.
No comments:
Post a Comment
Note: Only a member of this blog may post a comment.